Prabodhanm Weekly

Pages

Search

2016 നവംബര്‍ 04

2974

1438 സഫര്‍ 04

മാനവരാശിയുടെ ഐക്യനിര

കെ.ടി അബ്ദുര്‍റഹീം

ഇസ്‌ലാമിക ആദര്‍ശത്തിന്റെ അടിത്തറ വിശ്വാസമാണ്. അതായത് ഈമാന്‍. അതിലേറ്റവും പരമപ്രധാനമായത് പ്രപഞ്ചസൃഷ്ടാവായ, ലോകരക്ഷിതാവും നിയന്താവുമായ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം. അതിനു തൊട്ടുചേര്‍ന്നുള്ളത് ക്ഷണികമായ ഭൗതിക ജീവിതം അവസാനിച്ചാലുള്ള അനശ്വരവും അനന്തവുമായ പരലോക ജീവിതത്തിലുള്ള വിശ്വാസമാണ്. ഈ രണ്ട് നെടുംതൂണുകളില്‍ മനുഷ്യനെ പൂര്‍ണമായും പിടിച്ചുനിര്‍ത്താനാവശ്യമായ ഘടകങ്ങളാണ് മറ്റെല്ലാ വിശ്വാസങ്ങളും. പ്രവാചകന്മാരിലും നിയമസംഹിതകളിലും അല്ലാഹുവിനു മാത്രമറിയുന്ന അവന്റെ മലക്കുകളിലും അവന്‍ നിശ്ചയിച്ചിട്ടുള്ള വിധിനിയന്ത്രണ കാര്യങ്ങളിലുമെല്ലാമുള്ള വിശ്വാസങ്ങള്‍ ഈ അടിത്തറയുടെ വിശദാംശങ്ങളില്‍പെട്ടതാണ്. അപ്പോഴും അല്ലാഹുവിലും മരണാനന്തര കാര്യങ്ങളിലുമുള്ള വിശ്വാസമാണ് മനുഷ്യജീവിതത്തെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. ഇവയിലൊന്നിന്റെ അഭാവത്തില്‍ മറ്റെന്തിലൊക്കെ വിശ്വസിച്ചാലും അതിന്റെ സദ്ഫലങ്ങള്‍ മനുഷ്യന്റെ കര്‍മജീവിതത്തില്‍ ഉണ്ടാവുകയില്ല. മനുഷ്യ പ്രവൃത്തികളുടെ ഫലം ഏറ്റുവാങ്ങാനുള്ള മറ്റൊരു ലോകത്തെക്കുറിച്ച ദൃഢവിശ്വാസത്തിന്റെ അഭാവത്തില്‍ ദൈവവിശ്വാസം നിഷ്പ്രഭവും നിഷ്പ്രയോജനകരവുമായിത്തീരുന്നു. എന്നു മാത്രമല്ല അത് വിപരീത ഫലങ്ങള്‍തന്നെ സൃഷ്ടിക്കുന്ന അവസ്ഥയും വന്നുചേരാം. 

ഒരു വിശ്വാസിയുടെ ജീവിതത്തിന്റെ കര്‍മഫലം തനിക്കും തന്നെപ്പോലുള്ള ജീവജാലങ്ങള്‍ക്കും ഗുണകരമാവേണ്ടതാണ്. ഗുണം ചെയ്യുന്നില്ലെങ്കില്‍ പോലും ദോഷകരമല്ലെന്ന് ഉറപ്പുവരുത്തണം. ഒരു നല്ല മനുഷ്യന്റെ മിനിമം യോഗ്യത അവന്‍ മറ്റാര്‍ക്കും ദോഷം ചെയ്യില്ലെന്നതാണ്. പിന്നീടതിന്റെ വളര്‍ച്ചയാണ് മറ്റു മനുഷ്യര്‍ക്കും സൃഷ്ടിജാലങ്ങള്‍ക്കുമെല്ലാം ഗുണം ചെയ്യുകയെന്നത്. എന്നുവെച്ചാല്‍ നന്നേച്ചുരുങ്ങിയത് ഒരാള്‍ നല്ലവനാണെങ്കില്‍ ഉപകാരമൊന്നുമുണ്ടായില്ലെങ്കിലും അവനില്‍നിന്ന് മറ്റൊരാള്‍ക്ക് ഉപദ്രവമൊന്നുമുണ്ടാവാന്‍ പാടില്ലാത്തതാണ്. 

ആരാണ് മുസ്‌ലിം, ആരാണ് മുഅ്മിന്‍ എന്നീ ചോദ്യങ്ങള്‍ ഇവിടെയാണ് ഉയര്‍ന്നുവരുന്നത്. മറ്റു മനുഷ്യര്‍ക്കൊക്കെ അഭയം നല്‍കുന്നതാരാണോ അവരാണ് മുഅ്മിനുകള്‍. സ്വന്തം കര്‍മജീവിതംകൊണ്ട് മറ്റുള്ളവരെ ഉപദ്രവിക്കാത്തതാരാണോ അവരാണ് മുസ്‌ലിംകള്‍. മനുഷ്യര്‍ക്ക് ഉപദ്രവമേല്‍പ്പിക്കാതെ അവര്‍ക്ക് ഉപകാരം ചെയ്യുന്നൊരാളായിത്തീരണമെങ്കില്‍ അവന്റെ വിശ്വാസത്തില്‍, താന്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് ദൈവത്തിനു മുന്നില്‍ മറുപടി പറയേണ്ടിവരുമെന്ന ബോധം നിലനിര്‍ത്തുന്ന പരലോകവിശ്വാസം കൂടി അനിവാര്യമാണ്. പിന്നെ ബാക്കിയുള്ള കാര്യങ്ങളിലും വിശ്വാസമുണ്ടായിരിക്കണം. ബഹുവിശ്വാസമുള്‍ക്കൊള്ളുന്നവരാണ് ലോകത്ത് നിലവിലുള്ള മുഴുവന്‍ വിശ്വാസികളും. 'മതവിശ്വാസികള്‍' എന്നാണ് മനസ്സിലാക്കേണ്ട വിധം പറയേണ്ടതെങ്കിലും അങ്ങനെ പറയാന്‍ പാടില്ലെന്ന് ഞാനാശങ്കിക്കുന്നു. നമുക്കറിയാത്ത, നമുക്ക് വിവരമില്ലാത്ത, നമുക്ക് പരിചിതമല്ലാത്ത ഒരു സംഗതിയാണ് മതം എന്നു പറയുന്നത്. ലോകത്ത് ജനങ്ങളെ ഭരിച്ചുകൊണ്ടിരുന്നവര്‍ക്ക് മനുഷ്യരെ തട്ടിക്കളിക്കാന്‍ വേണ്ടി ഉണ്ടാക്കിവിട്ടിട്ടുള്ള ഒന്നായിരുന്നു പലപ്പോഴും മതം. ദൈവം നല്‍കിയത് അതല്ല. ദൈവം നല്‍കിയത് 'ദീന്‍' ആണ്. ആരാധനാലയങ്ങളില്‍ കെട്ടിക്കുടുക്കിട്ടിട്ട് ചലനാത്മക മേഖലകളില്‍നിന്നെല്ലാം മനുഷ്യനെ അടര്‍ത്തിയെടുത്ത് അവിടങ്ങളില്‍ സ്വതന്ത്രമായി വിഹരിക്കാന്‍ ഭരണാധികാരികള്‍ ദീനിനെ മതമാക്കി മാറ്റുകയായിരുന്നു. 

ഇസ്‌ലാം മുഅ്മിനുകള്‍ മാത്രം അംഗീകരിച്ച ദീന്‍ അല്ല. പൂര്‍വികമായ പ്രവാചകന്മാരുടെ അനുയായികള്‍ അംഗീകരിച്ച ദീനും അതുതന്നെയാണ്. അപ്പോള്‍ ലോകത്ത് ഒരു ദീനേയുള്ളൂ എന്നു വരുന്നു. ആ ദീനിന് പടച്ചവന്‍ നല്‍കിയ പേരാണ് 'ഇസ്‌ലാം'. മറ്റാരും കൊടുത്തതല്ലാത്ത പേര്. അതുകൊണ്ടുതന്നെ അത് പടച്ചവന്റെ മാത്രം ദീനാണ്. അതുകൊണ്ടുതന്നെയാണ് അല്ലാഹു പറഞ്ഞത്; 'അല്ലാഹുവിങ്കല്‍ ഇസ്‌ലാം മാത്രമാണ് ദീനായിട്ടുള്ളത്.' അല്ലാഹുവില്‍നിന്ന് അതേയുള്ളൂ; അല്ലാഹുവിലേക്കുമതേയുള്ളൂ. അല്ലാഹുവില്‍നിന്ന് വന്നതു മാത്രമേ അല്ലാഹു സ്വീകരിക്കുകയും ചെയ്യുകയുള്ളൂ. മറ്റൊരു ദീന്‍ അവനില്‍നിന്ന് വന്നിട്ടേയില്ല. അപ്പോള്‍ എന്താണ് ദീന്‍? ദീന്‍ എന്നു പറഞ്ഞാല്‍ മനസ്സിലാകുമെന്നതുകൊണ്ടാണ് ആ പദം തന്നെ ഞാനുപയോഗിക്കുന്നത്. ജനങ്ങള്‍ക്കു മുന്നില്‍ പരിഭാഷ പറയേണ്ടതില്ലാത്ത അറബി പദങ്ങളിലൊന്നാണ് ദീന്‍. ഇബാദത്തും സമാനമായൊരു പദമാണ്. പരിഭാഷപ്പെടുത്തുമ്പോള്‍ അതിലടങ്ങേണ്ടതൊക്കെ അതിലുണ്ടാവണം. പുറത്തുപോകേണ്ടതൊക്കെ പുറത്തുപോയിരിക്കുകയും വേണം. നിര്‍വചനത്തിനും പരിഭാഷക്കുമെല്ലാം ബാധകമായ നിയമമാണിത്. അങ്ങനെ വരുമ്പോള്‍ മതം എന്നത് ദീനിന്റെ പരിഭാഷയല്ല. മതം എന്നാല്‍ ഭാഷയില്‍ അഭിപ്രായം എന്നാണര്‍ഥം. അഭിപ്രായം എന്നര്‍ഥം പറയാവുന്ന പദം ദീനിന് സമമാവുകയില്ല ഒരിക്കലും. 

അതുകൊണ്ട് ഞാന്‍ പറയുന്നു, ലോകത്തിന്ന് നിലവിലുളള സര്‍വ അമ്പിയാ മുര്‍സലീങ്ങളുടെയും അനുയായികളുടെയും ദീനിന്റെ പേര്‍ ഇസ്‌ലാം എന്നാണ്. ആ ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസ കാര്യങ്ങളില്‍ ലോകത്തുള്ള ഒരു ദീനിലും അഭിപ്രായ വ്യത്യാസമുണ്ടായിട്ടില്ല. ആരാധനാ കാര്യങ്ങളിലും അടിസ്ഥാന കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടായിട്ടില്ല. ശാഖാപരമായ കാര്യങ്ങളില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസമുണ്ടായിട്ടുള്ളത്. നമുക്കെല്ലാവര്‍ക്കുമറിയുന്നതാണ് എല്ലാ നബിമാര്‍ക്കും പടച്ചവന്‍ നിര്‍ബന്ധമാക്കിയ പ്രാര്‍ഥനകളുണ്ടെന്നത്. നമ്മള്‍ ആരാധനയെന്ന് പറയുന്ന നമസ്‌കാരം, മുഹമ്മദ് നബിയുടെ അനുയായികള്‍ക്കുണ്ട്-സ്വലാത്ത്. മുമ്പ് ഈസാ പ്രവാചകന്റെ അനുയായികള്‍ക്കുമുണ്ടായിരുന്നു അത്. കഴിഞ്ഞുപോയ എല്ലാ നബിമാര്‍ക്കുമുണ്ടായിരുന്നു അതെന്ന് ഖുര്‍ആന്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. ആ നമസ്‌കാരത്തിലൊക്കെ സുജൂദും (സാഷ്ടാംഗം) റുകൂഉം (ഓഛാനം) ഉണ്ടായിരുന്നു. അതുപോലെ നബിമാരെക്കുറിച്ചു പറഞ്ഞേടത്തെല്ലാം റുകൂഉം സുജൂദുമുണ്ട്. ഖുര്‍ആന്‍ സ്വലാത്ത് എന്നേ പരാമര്‍ശിച്ചിട്ടുള്ളൂവെങ്കിലും അതിന്റെ രൂപം മുഹമ്മദ് നബി കാണിച്ചുതന്നതാണ്. അതില്‍ റുകൂഉം സുജൂദും ഇഅ്തിദാലും അത്തഹിയ്യാത്തുമെല്ലാമുണ്ട്. അതൊക്കെ മുന്‍കാല പ്രവാചകന്മാര്‍ക്കുമുണ്ടായിരുന്നിരിക്കാം. അതിലെ പദപ്രയോഗങ്ങളിലോ വാചകങ്ങളിലോ വ്യത്യാസമുണ്ടാവാമെന്നു മാത്രം. അടിസ്ഥാനപരമായി ഇതെല്ലാമൊന്നാണെന്നര്‍ഥം. ഇബ്‌റാഹീം നബിയുടെ നമസ്‌കാരവും മുഹമ്മദ് നബിയുടെ നമസ്‌കാരവുമൊക്കെ ഫലത്തില്‍ ഒന്നുതന്നെയാണ്. നമ്മളംഗീകരിക്കുന്ന തരത്തില്‍ അഞ്ചു നേരത്തെ നമസ്‌കാരം അവര്‍ക്കൊക്കെയുമുണ്ടായിരുന്നോ എന്നത് നമുക്കജ്ഞാതമാണ്. രണ്ടു നേരം നമസ്‌കരിച്ചിരുന്നു എന്ന് ഖുര്‍ആനില്‍ പലരെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്. 'വെളുപ്പിനും വൈകുന്നേരവും നിങ്ങളല്ലാഹുവോട് പ്രാര്‍ഥിക്കൂ' എന്ന് ഖുര്‍ആനിലാഹ്വാനമുണ്ട്. എല്ലാ പ്രവാചകന്മാര്‍ക്കുമുണ്ടായിരുന്നു സ്വലാത്ത് എന്നതിന്റെ മികച്ച ഉദാഹരണമാണ് ഇബ്‌റാഹീം നബിയെയും ഇസ്മാഈല്‍ നബിയെയും പരിചയപ്പെടുത്തുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍. വിജനമായ ഈ പ്രദേശത്ത് ഞാനെന്റെ ഭാര്യയെയും മക്കളെയും കൊണ്ടുവന്നു താമസിപ്പിച്ചത് നമസ്‌കാരം നിലനിര്‍ത്താനാണെന്നാണ് ഇബ്‌റാഹീം നബി പറയുന്നത്. ഇസ്മാഈല്‍ നബിയെ പരിചയപ്പെടുത്തുന്നേടത്തും നമസ്‌കാരവും സകാത്തും പരാമര്‍ശിക്കുന്നു. ഈസാ നബി ശിശുവായിരിക്കുമ്പോള്‍ സംസാരപ്രായമെത്തും മുമ്പ് മൊഴിഞ്ഞ മൂന്നു നാലു വാചകങ്ങളില്‍ ഒന്ന് നമസ്‌കാരമാണ്. 

നോമ്പിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നതു പോലെ നിങ്ങള്‍ക്കും നിര്‍ബന്ധമാക്കിയിരിക്കുന്നുവെന്നാണ്. ഹജ്ജിന്റെ കാര്യവും അതുപോലെത്തന്നെ. ഇബ്‌റാഹീം നബിയുടെ കാലം മുതലിങ്ങോട്ട്, അതിനു മുമ്പുണ്ടായിരുന്നോ ഇല്ലേയെന്നത് ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ അവിടുന്നിങ്ങോട്ട് ഹജ്ജുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാം. ഇസ്‌ലാമിലെ സുപ്രധാനമായ ആരാധനാ കാര്യങ്ങളിലുള്ള ശാഖാപരമായ അഭിപ്രായ വ്യത്യാസങ്ങളിരിക്കെത്തന്നെ ലോകം അംഗീകരിച്ചുപോന്ന മുഴുവന്‍ മതവിശ്വാസികളിലും ഇതൊക്കെ നിലനിന്നിരുന്നു. ഖുര്‍ആനിന്റെ അവതരണ കാലത്ത് അത് കേട്ടുകൊണ്ടിരുന്ന ജനതക്ക് മനസ്സിലാകുന്ന വിഭാഗങ്ങളെയാണ് ഖുര്‍ആന്‍ പരാമര്‍ശിച്ചത്. ചിരപുരാതന സംസ്‌കാരങ്ങളുള്‍ക്കൊള്ളുന്ന ഇന്ത്യാ-ചൈനാ മേഖലകളില്‍ ലക്ഷക്കണക്കിന് പ്രവാചകന്മാര്‍ വന്നുപോയിട്ടുണ്ടാവാം. പറഞ്ഞുവരുന്നതിന്റെ ചുരുക്കമിതാണ്-ഈ വിശ്വാസികളുടെ ഒന്നടങ്കമുള്ള ഐക്യമാണ് ലോകത്തുണ്ടാവേണ്ടത്. വിശ്വാസിയുടെ സവിശേഷമായ ഗുണം ആവര്‍ത്തിക്കട്ടെ, നന്നേച്ചുരുങ്ങിയത് മറ്റൊരാളെയും ഉപദ്രവിക്കയില്ലെന്നതാണത്. അപ്പോള്‍ അവനില്‍നിന്നുണ്ടാവാന്‍ സാധ്യതയുള്ളത് ഉപകാരമല്ലാതെ മറ്റെന്താണ്? ഇനി ഉപകാരം ചെയ്യാന്‍ മനസ്സില്ലെങ്കില്‍ പോലും ഉപദ്രവമേല്‍ക്കേണ്ടിവരില്ല. 

മനുഷ്യര്‍ക്ക് അഭയമുണ്ടാകുന്നത് ആരെക്കൊണ്ടാണോ അവരാണ് മുഅ്മിനുകള്‍. മനുഷ്യര്‍ക്ക് നിര്‍ഭയമായി ജീവിക്കാന്‍ പറ്റുന്ന അവസ്ഥ ആദ്യമുണ്ടാവുക മുഅ്മിനുകളുടെ ഇടയിലായിരിക്കും-വിശ്വാസികള്‍ക്കിടയില്‍. നാം തുടങ്ങിവെച്ചതതാണ്-വിശ്വാസമെന്നു പറയുമ്പോള്‍ അതിന്റെ കടിഞ്ഞാണ്‍ മരണാനന്തര ജീവിതത്തിലുള്ള വിശ്വാസത്തിലാണ്. ഞാനാര്‍ക്കെങ്കിലും ഉപദ്രവം ചെയ്താല്‍ മായ്ക്കപ്പെടാത്തൊരു രേഖയില്‍ ദൈവം തമ്പുരാന്‍ സൂക്ഷിക്കുമെന്നും പിന്നീടൊരിക്കല്‍ അതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്നുമുളള വിശ്വാസമാണത്. അതുകൊണ്ട് ഒരു തെറ്റ് ജനസമക്ഷം മാത്രമല്ല ഗൂഢമായ സ്വകാര്യതയിലും പാടില്ലാത്തതാണെന്ന് വരുന്നു. ആരും കാണുന്നില്ലെങ്കിലും അവന്‍ കാണുമല്ലോ എന്ന ആത്മബോധമാണത്. അതാണ് ഉമറിന്റെ കാലത്തെ പെണ്‍കുട്ടിയുടെ കഥ വിളിച്ചുപറയുന്നത്. പാതിരാക്ക് പാലില്‍ വെള്ളം ചേര്‍ത്താല്‍ ആരും കാണില്ലെന്ന് പറയുന്ന ഉമ്മയോട് മകള്‍ക്ക് പറയാനുള്ളത്, ആര് കണ്ടില്ലെങ്കിലും അല്ലാഹു കാണില്ലേ എന്നാണ്. ആളുകള്‍ കാണില്ല, ഉമര്‍ കാണില്ല, പക്ഷേ ദൈവം കാണുമല്ലോ? അല്ലാഹു കാണുമെന്നതിനാല്‍ അരുതെന്ന്, നമുക്ക് ചെയ്യാന്‍ പാടില്ലെന്ന് ചിന്തിക്കുന്ന പെണ്‍കുട്ടിയുടെ, അങ്ങനെ വിൡച്ചുപറയുന്ന പെണ്‍കുട്ടികളുടെ സമൂഹമാണ് നമുക്ക് വേണ്ടത്. 

പാതിരാവുകളിലും അകത്തളങ്ങളിലും അന്യായം പ്രവര്‍ത്തിക്കുന്നവരോട് ഈ ഇരുട്ടിലും അല്ലാഹു കാണുകില്ലേ ഇത് എന്ന് ചോദിക്കുന്ന കുറേ കുട്ടികളെ, അങ്ങനെ ചോദിക്കുന്ന സമൂഹത്തെ, ആ സമൂഹങ്ങള്‍ കൂട്ടുചേര്‍ന്ന് രൂപപ്പെടുന്ന ലോകത്തെ-അതാണ് നമുക്ക് നിര്‍മിക്കാനുള്ളത്. അവിടെയാണ് വിശ്വാസത്തിന്റെ പ്രാധാന്യം. ആരെയും ഉപദ്രവിക്കാത്ത മനുഷ്യരെ സൃഷ്ടിക്കാന്‍, ഹൃദയത്തില്‍ വിശ്വാസം നട്ടുവളര്‍ത്തുകയല്ലാതെ മറ്റൊരു മാര്‍ഗം നമ്മുടെ മുന്നിലില്ല. അതുകൊണ്ട് മാനവരാശിയിലെ മഹാഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ മുന്നോട്ടുവരട്ടെ. ദൈവികദര്‍ശനത്തില്‍ വിശ്വാസമര്‍പ്പിക്കുകയും പടച്ചതമ്പുരാന്റെ നിയമ സംഹിതയാണ് ഞങ്ങളുടെ കൈയിലുള്ളതെന്ന് അംഗീകരിക്കുകയും ചെയ്യുന്നവര്‍, ആ നിയമസംഹിതകളിലെ ആരെയും ഉപദ്രവിക്കാന്‍ പാടില്ല എന്ന നിയമത്തെ മുന്‍നിര്‍ത്തി ആ നിയമം അംഗീകരിച്ച് ജീവിക്കുന്ന  ഒരു സമൂഹത്തെ സൃഷ്ടിച്ച്, മനുഷ്യനിര്‍മിതമായ ഇസങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ബദലായി ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കട്ടെ. അതേതെങ്കിലുമൊരു പ്രവാചകന്റെ അനുയായികളെയോ ഏതെങ്കിലുമൊരു പ്രവാചകന്റെ മാത്രം നിയമങ്ങളെയോ ആ പ്രവാചകന്റെ സമുദായമെന്ന് പറയുന്നവരെയോ നിലനിര്‍ത്താന്‍ വേണ്ടിയുള്ളതല്ലൊരിക്കലും. 

മുഹമ്മദ് നബിയുടെ അനുയായികള്‍ മാത്രമേ ഈ ഭൂമിയില്‍ നിലനില്‍ക്കാന്‍ പാടുള്ളൂ എന്ന് മുഅ്മിനുകള്‍ കരുതാന്‍ പാടില്ലാത്തതുപോലെ, ഈസാ നബിയുടെ അനുയായികള്‍ എന്നവകാശപ്പെടുന്നവര്‍ മാത്രമേ ഭൂമുഖത്ത് പാടുള്ളൂവെന്ന ചിന്തയും പാടില്ലാത്തതാണ്. ഹിന്ദു ദര്‍ശനം അംഗീകരിക്കുന്നവര്‍ മാത്രമേ ഇവിടെ ജീവിക്കാന്‍ പാടുളളൂ എന്ന ദുര്‍വാശിയും സമാന രീതിയില്‍ പാടില്ലാത്തതാണ്. മതങ്ങള്‍ക്കുള്ളിലെ അവാന്തര വിഭാഗങ്ങളും തങ്ങള്‍ മാത്രമേ നിലനില്‍ക്കാന്‍ പാടുള്ളൂവെന്ന മനഃസ്ഥിതി ആദ്യമേ ഉപേക്ഷിക്കണം. എല്ലാവര്‍ക്കും വേണ്ടി ഈ ഭൂമി പടച്ചതമ്പുരാന്‍ സൗകര്യപ്പെടുത്തിക്കൊടുത്തതാണ്. ഈ ഭൂമിയിലെ ഖലീഫയായി മനുഷ്യനെ നിശ്ചയിക്കുമ്പോള്‍ മാലാഖമാരെപ്പോലെയവര്‍ തെറ്റുകുറ്റങ്ങള്‍ ചെയ്യാത്തവരായി ജീവിക്കണമെന്നല്ല ദൈവം തീരുമാനിച്ചത്. അവരെ ഭൂമിയിലേക്ക് സ്വതന്ത്രരാക്കി വിടുകയായിരുന്നു. ഈ ജനത്തെ മുഴുവന്‍ നിയന്ത്രിച്ച് ഒറ്റ സമൂഹമാക്കാന്‍ കഴിയുമായിരുന്നിട്ടും ദൈവമങ്ങനെ ഉദ്ദേശിച്ചതേയില്ല. 

ലോകത്തുള്ള മനുഷ്യരെല്ലാം ചേര്‍ന്ന് എന്തുകൊണ്ട് ഒരു ഉമ്മത്തായില്ല? അല്ലാഹുവിനത് അസാധ്യമായതുകൊണ്ടല്ല, അവനത് ഉദ്ദേശിച്ചില്ലെന്നതാണ് കാര്യം. മനുഷ്യന് കണ്ണ് സൃഷ്ടിച്ചുകൊടുത്തത് ദൈവമാണെന്നിരിക്കെ, കണ്ണിന് കാണുകയെന്ന കൃത്യം നിശ്ചയിച്ചുകൊടുത്ത ദൈവത്തിന്, നല്ലതു മാത്രമേ കാണാനാവൂ എന്നൊരു സംവിധാനം കൂടി നിശ്ചയിക്കാമായിരുന്നില്ലേ? നല്ലതല്ലാത്തൊന്നിലേക്ക് നോക്കിയാല്‍ കാണാനാവാത്ത തരം ക്രമീകരണം നടത്താമായിരുന്നില്ലേ? നടക്കാനുള്ള കഴിവും സ്വാതന്ത്ര്യവും നല്‍കിയ കാലിന് നല്ല മാര്‍ഗത്തില്‍ മാത്രമേ നടക്കാനാവുകയുള്ളൂവെന്നും ചീത്ത മാര്‍ഗത്തിലേക്ക് നീങ്ങുമ്പോള്‍ തളര്‍ന്ന് നിശ്ചലമായിപ്പോകുമെന്നൊരു സംവിധാനം ദൈവത്തിന് സജ്ജീകരിക്കാമായിരുന്നു. പക്ഷേ സര്‍വശക്തനായ ദൈവം അങ്ങനെ ചെയ്തില്ല. സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാന്‍ തക്കവിധം വിശേഷബുദ്ധിയോടു കൂടി മനുഷ്യനെ ദൈവം ഭൂമിയിലേക്കയക്കുകയായിരുന്നു. അപ്പോള്‍ ദൈവം മനുഷ്യനെ ഉണര്‍ത്തിയ ഒരു കാര്യം ഇതാണ്-മഹിതമായ ഒരു ജീവിതദര്‍ശനം ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ വെക്കുകയാണ്. നിങ്ങള്‍ക്കത് അംഗീകരിക്കുകയോ തിരസ്‌കരിക്കുകയോ ആവാം. ആ ദര്‍ശനം മനസ്സിലാക്കാനുള്ള പ്രത്യേക അവയവങ്ങള്‍ സഹിതം ഒരു പരീക്ഷണാര്‍ഥം സൃഷ്ടിക്കപ്പെട്ടവരാണ് നിങ്ങളെന്ന് ധരിച്ചോളൂ. മാതാപിതാക്കളുടെ മിശ്രിതമായ രേതസ്സില്‍നിന്നാണ് നിങ്ങളുടെ സൃഷ്ടി നടന്നത്. അതിനു ശേഷം കാര്യങ്ങള്‍ കണ്ടറിഞ്ഞ് മനസ്സിലാക്കാന്‍ പാകത്തില്‍ കണ്ണും കാതും ബുദ്ധിയും നല്‍കി. നല്ലതും ചീത്തയും വേര്‍തിരിച്ചു മനസ്സിലാക്കാനുതകുന്ന അവയവങ്ങളോടു കൂടി സൃഷ്ടിക്കപ്പെട്ട നിങ്ങളുടെ മുന്നില്‍ വഴി-ഹിദായത്ത്-നാമിതാ തുറന്നുവെച്ചിരിക്കുന്നു. ആ കാണിച്ചുതന്ന വഴിയിലൂടെ നിര്‍ഭയം മുന്നോട്ടു പോകാം. ആ വഴി തള്ളിക്കളഞ്ഞ് ഇഷ്ടമുള്ള വേറെ വഴികള്‍ തെരഞ്ഞെടുക്കുകയുമാവാം. 

'മനുഷ്യന്‍' എന്ന അധ്യായത്തില്‍ ദൈവം മനുഷ്യനെക്കുറിച്ച് നടത്തുന്ന ഒരു പരാമര്‍ശം, 'എന്താണ് എന്ന് വിവരിക്കാന്‍ കഴിയാത്ത ഒരു കാലഘട്ടം മനുഷ്യനില്‍ കടന്നുപോയിട്ടുണ്ട്' എന്നാണ്. ഏറെ ചിന്തനീയമാണത്. അങ്ങനെയൊരു കാലം എല്ലാ മനുഷ്യനും കഴിഞ്ഞുപോയിട്ടുണ്ട്. ധാരാളം വിവരിക്കാതെ ആര്‍ക്കുമത് മനസ്സിലാവും. പിന്നെക്കാണുന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന ഖുര്‍ആന്റെ പ്രയോഗമാണ്; 'ഒരു പരീക്ഷണത്തിന് വിധേയമാകത്തക്ക നിലയില്‍ സമ്മിശ്രമായ രേതസ്സില്‍നിന്ന് മനുഷ്യനെ നാം സൃഷ്ടിച്ചു.' ആലോചനാമൃതമാണത്. 'ആ മനുഷ്യനെ നാം കേള്‍ക്കുന്നവനും കാണുന്നവനുമാക്കി മാറ്റി.' 'ആ മനുഷ്യന് നാം വഴി കാണിച്ചുകൊടുത്തു.' ഒപ്പം ഒന്നുകൂടി ചെയ്തു. ആ മാര്‍ഗമംഗീകരിച്ചുകൊണ്ട് നന്ദിയുള്ളവനായി ജീവിക്കാനും അത് തള്ളിക്കളഞ്ഞ് നന്ദികെട്ടവനായി ജീവിക്കാനും അവന് സ്വാതന്ത്ര്യം നല്‍കി. അതുകൊണ്ട് മനുഷ്യന്‍ സ്വതന്ത്രനാണ്. മാര്‍ഗമേതും സ്വീകരിക്കാനുള്ള പരമമായ സ്വാതന്ത്ര്യം നല്‍കിയാണ് മനുഷ്യനെ ഭൂമിയിലേക്ക് വിട്ടതെന്ന് ചുരുക്കം. അതുകൊണ്ടുതന്നെ തന്റെ മാര്‍ഗം മനുഷ്യരുടെ മേല്‍ അടിച്ചേല്‍പിക്കുകയെന്നൊരു ബാധ്യതയേ ദൈവം ഏറ്റെടുത്തിട്ടില്ല. അതു തെരഞ്ഞെടുക്കേണ്ടത് മനുഷ്യനാണ്. 

അല്ലാഹുവിന്റെ വിവരണാതീതമായ വിട്ടുവീഴ്ചയെക്കുറിച്ച് ആലോചിക്കേണ്ടതിവിടെയാണ്. ആരാണ് നാവിനെ സൃഷ്ടിച്ചതും അതിന് സംസാരശേഷി നല്‍കിയതും-അല്ലാഹു. ആ നാവുകൊണ്ട് അതിനെ സൃഷ്ടിച്ച ദൈവത്തെത്തന്നെ എതിര്‍ത്ത് സംസാരിക്കാനുള്ള അവകാശവും അനുവാദവും മനുഷ്യന് നല്‍കിയിരിക്കുന്നു ദൈവം. ആ നാവെന്തുകൊണ്ട് തളര്‍ന്നുപോവുന്നില്ല? എന്തുകൊണ്ട് ദൈവമതിനെ തളര്‍ത്തുന്നില്ല? ദൈവത്തെ എതിര്‍ക്കുക മാത്രമല്ല, ജനങ്ങളുടെ വന്‍ സദസ്സുകള്‍ വിളിച്ചുകൂട്ടി ദീര്‍ഘദീര്‍ഘമായി അങ്ങനെയൊരു ദൈവമില്ലെന്ന് വിളിച്ചുപറയാനുള്ള കഴിവുപോലും നാവിന് കനിഞ്ഞേകിയ പടച്ചതമ്പുരാന്റെ വിശാലതയും വിട്ടുവീഴ്ചയും ശ്രദ്ധിക്കുക. അല്ലാഹുവിന് ആ വിശാലതയുണ്ടെങ്കില്‍ എന്തിനു മനുഷ്യാ നീ സ്വന്തം പക്ഷം മാത്രം നിലനില്‍ക്കണമെന്നാഗ്രഹിച്ച് പക്ഷപാതിയായി മാറുന്നു! ഞങ്ങള്‍ മാത്രം എന്നുമെന്നും നിലനില്‍ക്കണമെന്നും മറ്റുള്ളവരൊക്കെ നശിച്ചുപോകണമെന്നും പറയുന്ന ഈ പക്ഷപാതമനസ്സ് എവിടെനിന്നാണ് നീ നേടിയെടുത്തത്? നിന്നെപ്പടച്ച നിന്റെ ദൈവത്തിനതില്ലല്ലോ? ദൈവമാര്‍ഗം നിനക്കു വിവരിച്ചുതന്ന പ്രവാചകന്മാര്‍ക്കതില്ലല്ലോ? 

ആ പ്രവാചകന്മാര്‍ നല്ല മാര്‍ഗത്തില്‍ മനുഷ്യരെത്തിച്ചേരാന്‍ ഒട്ടേറെ കഠിനാധ്വാനം നടത്തിയിട്ടുണ്ട്. പക്ഷേ അവരൊരിക്കലും ശാഠ്യപൂര്‍വം ആരുടെയും പിന്നാലെ ചെന്നിട്ടില്ല. പ്രവാചകന്മാരുടെ ദുഃഖം വളരെ വലുതായിരുന്നു: 'പകല്‍ ഞാനവരെ വിളിച്ചിട്ടുണ്ട്. പാതിരാവിലവരെ വിളിച്ചിട്ടുണ്ട്. ഒറ്റക്കും കൂട്ടായും വിളിച്ചിട്ടുണ്ട്. പടച്ചവനേ അവര്‍ എനിക്കൊപ്പം വന്നില്ല. വരാത്തതിലല്ല എന്റെ പരാതി. ഈ മനുഷ്യര്‍ പോകുന്നത് നരകത്തിലേക്കാണല്ലോ എന്നതാണെന്റെ ദുഃഖം. നിന്റെ കഠിനമായ ശിക്ഷയനുഭവിക്കാന്‍ പോവുകയാണല്ലോ ഇവരെന്നതാണ് എന്നെ അസ്വസ്ഥനാക്കുന്നത്.' 

'മനുഷ്യരേ, ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതെങ്ങനെയാണെന്നോ; അപകടം മനസ്സിലാക്കാതെ ആളിക്കത്തുന്ന തീയിലേക്ക് പറന്നടുക്കുന്ന ഈയാം പാറ്റകളെ രക്ഷപ്പെടുത്താന്‍ ഒരു മനുഷ്യന്‍ കഠിനാധ്വാനം ചെയ്യുന്നതു പോലെയാണത്.'-മനുഷ്യസമൂഹത്തെ മുന്‍നിര്‍ത്തി മുഹമ്മദ് നബി പറഞ്ഞതാണിത്. 'നിങ്ങള്‍ പോകുന്നത് ആളിക്കത്തുന്ന തീയിലേക്കാണ്. നിങ്ങളുടെ ചിറകുകളും ശരീരഭാഗങ്ങളുമൊന്നാകെ കരിഞ്ഞുപോകുമ്പോള്‍ നിങ്ങളെയതില്‍നിന്ന് രക്ഷിക്കാനുള്ള നിയോഗത്തിലാണ് ഞാന്‍. മുതുകില്‍ പിടിച്ചുകൊണ്ട് നിങ്ങളെയതില്‍നിന്ന് രക്ഷിക്കാന്‍ ഞാനൊരുമ്പെടുമ്പോള്‍ കുതറിച്ചാടി അതിലേക്ക് തന്നെ പോകുന്നതെന്തേ നിങ്ങള്‍?' പ്രവാചകന്മാരുടെയെല്ലാം അഗാധമായ ദുഃഖമതായിരുന്നു. ആ ദുഃഖത്തിന്റെ ആഴം കണ്ട് ദൈവമവരോട് പറഞ്ഞത് 'നിങ്ങളെന്തിനാണിങ്ങനെ നിങ്ങളെത്തന്നെ നശിപ്പിക്കുന്നത്' എന്നാണ്. 'സത്യസന്ദേശം വിശ്വസിക്കാതെ ജീവിതം പാഴാക്കിക്കളയുന്നവരെയോര്‍ത്ത് ദുഃഖാര്‍ത്തനായി അല്ലയോ പ്രവാചകരേ, താങ്കളെന്തിന് ആത്മപീഡയേല്‍ക്കുന്നു, ദൈവം അങ്ങനെയൊന്ന് ഉദ്ദേശിച്ചിട്ടില്ലാത്ത നിലക്ക്? പടച്ചവന്റെ വിശാലതയിലേക്ക് താങ്കള്‍ മടങ്ങിവരൂ.' ഇതുതന്നെയാണ് സര്‍വപ്രവാചകന്മാരോടും അല്ലാഹു പറഞ്ഞത്. ആ പ്രവാചകന്മാരുടെ സവിശേഷമായ ഗുണം ആര്‍ജിച്ചെടുത്തുകൊണ്ട് ലോകത്തുള്ള മുഴുവന്‍ സത്യവിശ്വാസികളും ഒത്തൊരുമിച്ചുനിന്നുകൊണ്ട് മാനവരാശിക്ക് ഉപദ്രവമില്ലാത്ത ഒരു മനുഷ്യസമൂഹത്തിന്റെ കെട്ടിപ്പടുക്കല്‍ നടത്തണം. മാനവരാശിയുടെ, അതേ മാനവരാശിയിലെ വിശ്വാസികളുടെ ഐക്യം നിലവില്‍വന്നാല്‍ പിന്നെ ലോകത്ത് അക്രമമുണ്ടാവുകയില്ല. കാരണം അവരില്‍നിന്ന് ആദ്യം നിഷ്‌ക്രമിക്കുന്നത് പക്ഷപാതിത്വത്തിന്റെ അഴുക്കാണ്. പക്ഷപാതിത്വമില്ലാതാകുന്നതോടെ അക്രമത്തിന്റെ എല്ലാ സാധ്യതകളും ഇല്ലാതെയാകുന്നു. ഞാന്‍ മറ്റാരേക്കാളും കേമനാണെന്നും നിലനില്‍ക്കാനര്‍ഹന്‍ ഞാനാണെന്നും മറ്റുള്ളവരൊക്കെയും നശിച്ചുപോകട്ടെയെന്നും ധരിക്കുന്ന മനസ്സില്‍നിന്നാണ് പക്ഷപാതിത്വം ഉത്ഭവിക്കുന്നത്. 

സങ്കുചിതവും ആപല്‍ക്കരവുമായ പക്ഷപാത മനഃസ്ഥിതിയെ അല്ലാഹുവോ അല്ലാഹുവിന്റെ പ്രവാചകന്മാരോ ഇഷ്ടപ്പെടുകയില്ല. അങ്ങനെയുള്ള വിശ്വാസികളുടെ കൈകളാല്‍ പക്ഷപാതിത്വമില്ലാത്ത ഒരു സമൂഹത്തിന്റെ നിര്‍മാണം നടക്കുമ്പോള്‍ അവിടെ നമുക്ക് മനുഷ്യരുടെ ഒരു ഐക്യനിര കാണാന്‍ സാധിക്കും. അതാണിനി ലോകത്തിന് മഹത്തായ സംഭാവനകളര്‍പ്പിക്കുന്ന ഐക്യനിര. അതല്ലാത്തവയൊക്കെയും നാമാവശേഷമാവുമെന്നതില്‍ സംശയം വേണ്ട. ആ പ്രക്രിയയില്‍ പങ്കുചേരാന്‍ വിശ്വാസിസമൂഹം സന്നദ്ധമാവണം.  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 19-22
എ.വൈ.ആര്‍