Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

ആചാരങ്ങളും അനാചാരങ്ങളും

എം.പി.എ ഖാദര്‍ കരുവമ്പൊയില്‍

മദ്ഹബുകളെയും മതാചാരങ്ങളെയും സംബന്ധിച്ച ചര്‍ച്ച മദ്ഹബ് പിന്തുടരുന്നവരുടെ ഇജ്തിഹാദീ വീക്ഷണത്തില്‍നിന്നാണ് ആരംഭിക്കേണ്ടത്. മദ്ഹബിന്റെ ഇമാമുകളായ നാല് പണ്ഡിതന്മാര്‍ക്കു ശേഷം ഒരാള്‍ക്കും 'ഇജ്തിഹാദ് (ഗവേഷണം) പാടില്ലെന്നാണ് യാഥാസ്ഥിതികരുടെ നിലപാട്. തഖ്‌ലീദ് എന്ന ആശയം ഉടലെടുത്തത് ഈ അടിസ്ഥാനത്തിലാണ്. ''നാലാം നൂറ്റാണ്ടിനു ശേഷം ഖിയാസ് നിശ്ചലമായിരിക്കയാല്‍ അതിന്നു ശേഷം ഒരാള്‍ക്കും ഇജ്തിഹാദ് ചെയ്യാവതല്ല'' (റദ്ദുല്‍ മുഖ്താല്‍ 551-1, മുസ്‌ലിംകളും ശരീഅത്ത് നിയമങ്ങളും, പേജ് 30, എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍). ഇബ്‌നുസ്വലാഹിനെയും നവവിയെയും ഉദ്ധരിച്ച് ഈ പുസ്തകത്തില്‍ വീണ്ടുമെഴുതുന്നു: ''ദീര്‍ഘിച്ച മൂന്ന് നൂറ്റാണ്ടുകളിലേറെയായി സ്വതന്ത്രമായ മുജ്തഹിദുകള്‍ ഉണ്ടായിട്ടേയില്ല.'' (ഫതാവല്‍ കുബ്‌റാ, 302-4, അതേ പുസ്തകം, പേജ് 30).

നാല് ഇമാമുമാര്‍ക്ക് ശേഷവും ഇസ്‌ലാമില്‍ പണ്ഡിതന്മാരുണ്ടായിട്ടുണ്ട്; ഇന്നും ഉണ്ട്. പുതുതായി ഉണ്ടാകുന്ന വിഷയങ്ങളില്‍ ഗവേഷണം നടത്തി പരിഹാരം കണ്ടെത്താന്‍ അവര്‍ ബാധ്യസ്ഥരുമാണ്. ഇജ്തിഹാദിന്റെ കവാടം അടഞ്ഞുവെന്ന് പറയുന്ന, തഖ്‌ലീദ് ആശയക്കാരായ പണ്ഡിതന്മാര്‍ തന്നെയും പില്‍ക്കാലത്ത് പല വിഷയങ്ങൡും സ്വയം ഗവേഷണം നടത്തി പുതിയ വാദഗതികള്‍ മുന്നോട്ടു വെച്ചവരാണ്. അതിന് ഇജ്തിഹാദെന്ന് പറയാതെ അറബിയില്‍ മറ്റു പല പേരുകളും പറയുന്നുവെന്ന് മാത്രം. എന്ത് പേര് പറഞ്ഞാലും ഇജ്തിഹാദ് അതല്ലാതായി മാറുകയില്ലല്ലോ? റംലി, ഹൈതമി, സുയൂത്വി, ഫത്ഹുല്‍ മുഈനിന്റെ കര്‍ത്താവ് പൊന്നാനിയിലെ സൈനുദ്ദീന്‍ മഖ്ദൂം തുടങ്ങി ശാഫിഈ മദ്ഹബിലെ പില്‍ക്കാല പണ്ഡിതരെല്ലാം മേല്‍ പറഞ്ഞതു പോലുള്ള ഇജ്തിഹാദ് നടത്തിയിട്ടുണ്ട്. ഇവരുടെ ഗ്രന്ഥങ്ങളിലെല്ലാം നബി(സ)യുടെ സുന്നത്തിനും സ്വഹാബത്തിന്റെ നിലപാടിനും മദ്ഹബിന്റെ ഇമാമുമാരുടെ അഭിപ്രായങ്ങള്‍ക്കും വിരുദ്ധമായ പല സമീപനങ്ങളും കാണാം. ഇജ്തിഹാദിന്റെ വാതില്‍ കൊട്ടിയടച്ചുവെന്ന് വാദിക്കുന്ന കേരളത്തിലെ വിഭാഗങ്ങള്‍ തന്നെ അവരുടെ മുന്‍ഗാമികളില്‍നിന്ന് വ്യത്യസ്തമായി ഖുര്‍ആനില്‍നിന്നും ഹദീസുകളില്‍നിന്നും ഇജ്തിഹാദ് ചെയ്ത് ഒരുപാട് അന്ധവിശ്വാസ-അനാചാരങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കാന്‍ പുതിയതായി ഖുര്‍ആന്‍ സൂക്തങ്ങള്‍ കണ്ടെത്തിയതും നബിയുടെ ജന്മദിനാഘോഷത്തിന് തെളിവായി ആയത്തുകള്‍ ഉദ്ധരിച്ച് പുസ്തകമിറക്കിയതും ഇതിന്റെ തെളിവാണ്. മുന്‍കാല മുഫസ്സിറുകളാരും തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് ആയത്തും ഹദീസും തെളിവായി ഉദ്ധരിച്ചിരുന്നില്ല. പില്‍ക്കാലത്ത് ശാഫിഈ മദ്ഹബിലെ ചിലര്‍ ഗവേഷണം ചെയ്തു കണ്ടെത്തിയ പല മസ്അലകളും ശാഫിഈ ഇമാമിന്റെ പേരിലേക്കാണ് ഇവര്‍ ചേര്‍ക്കുന്നത്. ഇതിന്ന് ഇമാമുമായോ അദ്ദേഹത്തിന്റെ ചിന്തകളുമായോ യാതൊരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ഥ്യം. 

 

സ്വുബ്ഹിലെ ഖുനൂത്ത്

ശാഫിഈ ഇമാമും മദ്ഹബീ പക്ഷപാതികളും ഇടയുന്ന ഒരു വിഷയമാണ് സ്വുബ്ഹിലെ ഖുനൂത്ത്. ഖുര്‍ആനില്‍ ഈ ഖുനൂത്തിനെപ്പറ്റി യാതൊരു പരാമര്‍ശവുമില്ല. സ്വഹീഹായ ഹദീസുകളിലും ഇതേ സംബന്ധിച്ച് പറയുന്നില്ല.  എന്നിട്ടും, വിശുദ്ധ ഖുര്‍ആനില്‍നിന്ന് ഖുനൂത്തിന് തെളിവുണ്ടാക്കാന്‍ ഒരു ആയത്ത് ഉദ്ധരിക്കുന്നു. അല്‍ബഖറയിലെ 238-ാം വാക്യമാണ് ദുര്‍വ്യാഖ്യാനം ചെയ്യുന്നത്. ''വഖൂമൂ ലില്ലാഹി ഖാനിത്തീന്‍'-നിങ്ങള്‍ ഖുനൂത്ത് നിര്‍വഹിക്കുന്നവരായി അല്ലാഹുവിന് വേണ്ടി നിസ്‌കരിക്കുക'' (സുന്നീ ആദര്‍ശം, പേജ് 73).

സ്വുബ്ഹ് നമസ്‌കാരത്തില്‍ പ്രത്യേകമായോ മറ്റേതെങ്കിലും നമസ്‌കാരത്തിലോ ഖുനൂത്ത് ഓതുക എന്ന ഒരാശയം തന്നെ മേല്‍ സൂക്തത്തില്‍ ഇല്ല. ഇമാം ശാഫിഈ അനുയായികളുടെ ഇത്തരം നിലപാടുകളെ നിരാകരിക്കുകയാണ് ചെയ്യുന്നത്. മേല്‍ സൂക്തത്തിലെ 'ഖാനിത്തീന്‍' എന്ന പരാമര്‍ശത്തിന് ഇമാം ശാഫിഈ തന്റെ അല്‍ ഉമ്മില്‍ നല്‍കുന്ന വിശദീകരണം കാണുക: ''ഖാനിത്തീന്‍ എന്നാല്‍ കീഴ്‌വണങ്ങുന്നവരായി  എന്നാണ്'' (അല്‍ ഉമ്മ് 1/139).

സ്വുബ്ഹ് നമസ്‌കാരത്തില്‍ ഖുനൂത്ത് നിര്‍വഹിക്കാത്തവരെ പുത്തന്‍ വാദികളായി മുദ്രകുത്തുന്ന അനുയായികള്‍ക്ക് ഇമാം ശാഫിഈ തന്നെ ഖുനൂത്ത് ഉപേക്ഷിച്ച് സ്വുബ്ഹ് നമസ്‌കരിച്ച മാതൃക പാഠമാകേണ്ടതാണ്. നബി(സ)യുടെയും സ്വഹാബത്തിന്റെയും സ്വുബ്ഹ് നമസ്‌കാരത്തില്‍ ഖുനൂത്തില്ലെന്ന് മനസ്സിലാക്കി, അതില്ലാതെ സ്വുബ്ഹ് നമസ്‌കരിച്ച ഇമാം അബൂഹനീഫയെ ആദരിച്ച് ഖുനൂത്ത് വെടിഞ്ഞ വിശാല മനസ്‌കനാണ് ഇമാം ശാഫിഈ. ''ഇമാം അബൂഹനീഫയുടെ സാന്നിധ്യത്തില്‍ വെച്ചുള്ള ഇമാം ശാഫിഈയുടെ ഇജ്തിഹാദ് ഇമാം അബൂഹനീഫയുടെ വീക്ഷണത്തോട് യോജിച്ചുവന്നത് നിമിത്തം ഖുനൂത്ത് ഉപേക്ഷിച്ചു'' (സുന്നി അഫ്കാര്‍, 2007 ജനുവരി 31). ഇവിടെ അബൂഹനീഫയുടെ വീക്ഷണമാണ് നബി(സ)യുടെ സുന്നത്തിനോട് യോജിച്ചതെന്ന് മനസ്സിലാക്കി സ്വുബ്ഹ് നമസ്‌കാരത്തിലെ ഖുനൂത്ത് ഒഴിവാക്കുന്നവരെ വിമര്‍ശിക്കുന്നവരുടെ പക്കല്‍ സ്വന്തം ഇജ്തിഹാദല്ലാതെ മദ്ഹബിന്റെ ഇമാമുകളില്‍ നിന്നുള്ള തെളിവുകളൊന്നും തന്നെയില്ല. 

 

കൂട്ടുപ്രാര്‍ഥന

നമസ്‌കാരാനന്തരം കൂട്ടുപ്രാര്‍ഥനയില്‍ പങ്കെടുക്കാത്തവരെ മുബ്തദിഉകളായി മുദ്ര കുത്തുന്ന പ്രവണതയും കണ്ടുവരുന്നു. ഇവിടെയും ശാഫിഈ ഇമാം മദ്ഹബുകാരോട് വിയോജിക്കുകയാണ്. നമസ്‌കാരാനന്തരം ദിക്‌റും ദുആയും ഇമാം അടക്കം എല്ലാവരും പതുക്കെ ചൊല്ലണമെന്ന നബി(സ)യുടെ സുന്നത്താണ് ശാഫിഈ ഇമാം പഠിപ്പിച്ചത്. അതായത് മറ്റുള്ളവര്‍ കേള്‍ക്കുന്ന വിധം ദിക്‌റുകളിലും ദുആകളിലും ശബ്ദം ഉയര്‍ത്താന്‍ പാടില്ലെന്ന സുന്നത്ത്. ശബ്ദം ഉയര്‍ത്താന്‍ അനുമതി നല്‍കിയതാകട്ടെ മഅ്മൂമുകളെ ദിക്‌റും ദുആയും പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഇമാമിന് മാത്രമാണ്; അതും അവര്‍ പഠിക്കുവോളം മാത്രം. എന്നാല്‍, ഇന്ന് നമ്മുടെ നാട്ടിലെ മദ്ഹബുകാര്‍ ചെയ്യുന്നത് ഇതാണോ? അവര്‍ മഅ്മൂമുകളെ ദിക്‌റും ദുആയും പഠിപ്പിക്കാന്‍ വേണ്ടിയല്ല, നമസ്‌കാരാനന്തരം ഇമാമിന്റെ നേതൃത്വത്തില്‍ കൂട്ടൂപ്രാര്‍ഥന സുന്നത്താണ് എന്ന നിലക്കല്ലേ ഉറക്കെ ചൊല്ലുന്നത്? ആമീന്‍ ചൊല്ലിച്ചുകൊണ്ടുള്ള ദുആ സുന്നത്തെന്ന നിലക്കല്ലേ? ഇക്കാര്യത്തില്‍ ഇമാമിന്റെ ചര്യ എന്താണ്? 

ശാഫിഈ ഇമാമിന്റെ നിലപാട് വിശദീകരിച്ചുകൊണ്ട് ഫത്ഹുല്‍മുഈന്‍ പരിഭാഷയിലെഴുതുന്നു: ''ഹസ്രത്ത് ശാഫിഈ അദ്ദേഹത്തിന്റെ ഉമ്മ് എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു. 'നിസ്‌കാരത്തില്‍ നിന്ന് സലാം വീട്ടിയാല്‍ ഇമാമും മഅ്മൂമൂം പതിഞ്ഞ സ്വരത്തില്‍ (ശബ്ദമുയര്‍ത്താതെ) അല്ലാഹുവിന്റെ നാമത്തെ കീര്‍ത്തിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യണമെന്ന് ഞാന്‍ അഭിപ്രായപ്പെടുന്നു. പക്ഷേ, മറ്റുള്ളവര്‍ ഇമാമില്‍നിന്ന് പഠിക്കുവാന്‍ ആഗ്രഹിക്കുന്ന പക്ഷം അവര്‍ പഠിക്കുവോളം ഇമാം ശബ്ദമുയര്‍ത്തി ചൊല്ലുകയും പഠിച്ചു കഴിഞ്ഞാല്‍ ശബ്ദം താഴ്ത്തി ചൊല്ലുകയും വേണം. കാരണം, പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: 'നബിയേ, തങ്ങളുടെ നമസ്‌കാരത്തില്‍ (പ്രാര്‍ഥനയില്‍) ശബ്ദമുയര്‍ത്തുകയോ, നിശ്ശബ്ദത പുലര്‍ത്തുകയോ വേണ്ട.' ഈ ആയത്തിലെ സ്വലാത്ത് എന്ന പദത്തിന് പ്രാര്‍ഥന (ദുആ) എന്നാണര്‍ഥം. അല്ലാഹു ഏറ്റവും അറിയുന്നവനാകുന്നു. മറ്റുള്ളവര്‍ കേള്‍ക്കത്തക്ക വിധത്തില്‍ ശബ്ദമുയര്‍ത്തരുതെന്നും അവരവരുടെ ശരീരം കേള്‍ക്കാത്ത നിലയില്‍ രഹസ്യമാക്കരുതെന്നും ആണ് അല്ലാഹു തആലാ പ്രസ്തുത വാക്യം കൊണ്ട് വിവക്ഷിക്കുന്നത്'' (ഫത്ഹുല്‍ മുഈന്‍ മലയാള പരിഭാഷ, പേജ് 1/108, പരിഭാഷകന്‍ പി.കെ കുഞ്ഞുമുസ്‌ലിയാര്‍, സെക്രട്ടറി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്).

ഇന്നുള്ള അനുയായികള്‍ക്ക് പരിചയമില്ലെങ്കിലും മറ്റുള്ളവരെ കേള്‍പ്പിക്കാതെ നമസ്‌കാരാനന്തരം ഇമാം ദിക്‌റും ദുആയും നിര്‍വഹിക്കുക എന്ന സുന്നത്ത് ശാഫിഈ മദ്ഹബുകാരുടെ പുസ്തകങ്ങളില്‍ തന്നെയുണ്ട്. പൊന്നാനി സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഫത്ഹുല്‍ മുഈനില്‍ പറയുന്നത് കാണുക: ''നിസ്‌കാരം അവസാനിച്ച ഉടനെ ദിക്ര്‍, ദുആ എന്നിവ നിശ്ശബ്ദമായി ചൊല്ലല്‍ സുന്നത്താകുന്നു. ഇമാമായാലും മഅ്മൂമായാലും, ഒറ്റക്ക് നിസ്‌കരിക്കുന്നവനായാലും സ്വയം (അവനവന്‍) കേള്‍ക്കത്തക്ക ശബ്ദത്തില്‍ മാത്രം ചൊല്ലുക എന്നതാണ് സുന്നത്ത്.'' (ഫത്ഹുല്‍മുഈന്‍ മലയാള പരിഭാഷ 1/108, പരിഭാഷകന്‍: പി.കെ കുഞ്ഞുമുസ്‌ലിയാര്‍, അവതാരിക: കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍). 

 

ജുമുഅയുടെ രണ്ടാം ബാങ്ക്

ശാഫിഈ പള്ളികളില്‍ ജുമുഅക്ക് രണ്ട് ബാങ്കുണ്ട്. നബി(സ)യും സ്വഹാബത്തുമടങ്ങുന്ന സലഫുസ്സ്വാലിഹുകളൊന്നും പള്ളിയില്‍ ജുമുഅക്ക് മുമ്പ് രണ്ട് ബാങ്ക് വിളിച്ചതായി കാണുകയില്ല. ഇമാം ശാഫിഈ  ഇക്കാര്യത്തിലും മദ്ഹബുകാര്‍ക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.  ഖുത്വ്ബക്ക് തൊട്ടുമുമ്പുള്ളതല്ലാത്ത ബാങ്കിനെ വിലയിരുത്തിക്കൊണ്ട് ഇമാം ശാഫിഈ പറയുന്നു: ''രണ്ടാം ബാങ്ക് ഏത് കാലത്തുണ്ടായതായാലും ശരി, എനിക്കിഷ്ടമുള്ളത് റസൂലിന്റെ(സ) കാലത്തുള്ള അവസ്ഥയാണ്.'' (അല്‍ഉമ്മ് 1/297). നബി(സ)യുടെയും അബൂബക്ര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍ (റ), അലി (റ) എന്നിവരുടെയും കാലങ്ങളിലെല്ലാം പള്ളിയില്‍ വെച്ച് നടപ്പുണ്ടായിരുന്നത് ഖത്വീബ് മിമ്പറില്‍ കയറിയാലുള്ള ഒറ്റ ബാങ്ക് മാത്രമായിരുന്നു. ഉസ്മാന്റെ(റ) കാലത്തും പള്ളിയില്‍ വെച്ച് രണ്ട് ബാങ്ക് വിളിക്കുന്ന സമ്പ്രദായമുണ്ടായിരുന്നില്ല. മദ്ഹബിന്റെ പേരില്‍ പില്‍ക്കാലത്ത് എഴുതപ്പെട്ട ഗന്ഥമാണല്ലോ ഫത്ഹുല്‍ മുഈന്‍. അതില്‍ പോലും രണ്ട് ബാങ്ക് സംവിധാനത്തെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. നബി(സ)യുടെയും സ്വഹാബത്തിന്റെയും കാലത്തെ പോലെ ഖത്വീബ് മിമ്പറില്‍ കയറിയാലുള്ള ബാങ്കാണ് ഫത്ഹുല്‍ മുഈന്‍ പ്രോത്സാഹിപ്പിക്കുന്നത്: ''ഖത്വീബ് മിമ്പറിന്മേല്‍ ആഗതനാവുന്നതിന് മുമ്പ് ബാങ്ക് വിളിക്കുന്ന പതിവ് ഹസ്രത്ത് ഉസ്മാനാ(റ)ണ് ഉണ്ടാക്കിയത്. ആ പതിവ് ഉണ്ടാക്കാനുള്ള കാരണം ജനങ്ങള്‍ വര്‍ധിച്ചു എന്നുള്ളതാണ്. ആ ബാങ്കു കേട്ടാലേ ജനങ്ങള്‍ സന്നിഹിതരാവുകയുള്ളൂ എന്ന് കണ്ടെങ്കിലേ അത് സുന്നത്തുള്ളൂ. അല്ലെങ്കില്‍ നബി(സ)യെ അനുകരിക്കുക എന്ന ഉദ്ദേശ്യത്തില്‍ രണ്ടാമത്തെ ബാങ്ക് മാത്രം വിളിച്ചാല്‍ മതിയാവുന്നതാണ്. ഉത്തമവും അതുതന്നെ.'' (ഫത്ഹുല്‍ മുഈന്‍ മലയാള പരിഭാഷ, പേജ് 1/126, പരിഭാഷകന്‍ പി.കെ കുഞ്ഞുബാവ മുസ്‌ലിയാര്‍, അ്‌വതാരിക കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, ജന.സെക്രട്ടറി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്). ഉസ്മാനും(റ) ഇന്നത്തെ പോലെ പള്ളിയില്‍ വെച്ച് രണ്ട് ബാങ്ക് വിളിക്കുന്ന സമ്പ്രദായം നടപ്പാക്കിയിട്ടില്ലെന്ന് പറഞ്ഞല്ലോ. അങ്ങാടിയില്‍ വെച്ചു കൊടുത്ത താല്‍ക്കാലിക ബാങ്കിനെ പില്‍ക്കാലത്ത് പള്ളിയിലേക്ക് കൊണ്ടുവരികയാണുണ്ടായത്.

 

മആശിറ വിളി

വെള്ളിയാഴ്ച ഇമാം ഖുത്വ്ബക്ക് മിമ്പറില്‍ കയറുന്നതിനു മുമ്പ് കേരളത്തിലെ പള്ളികളില്‍ മആശിറ വിളിക്കുന്ന സമ്പ്രദായമുണ്ട്. ഒരു വാളോ വടിയോ കൈയില്‍പിടിച്ച് മുഅദ്ദിനാണ് ഈ വിളി നടത്തുന്നത്. സത്യത്തില്‍ ഖത്വീബ് മിമ്പറില്‍ കയറുന്നതിന് മുമ്പ് ഇങ്ങനെ ഒരു നടപടി പ്രവാചകന്റെയും സ്വഹാബത്തിന്റെയും സുന്നത്തില്‍ കണ്ടെത്തുക സാധ്യമല്ല. പില്‍ക്കാലത്ത് ആരംഭിച്ച സമ്പ്രദായമാണിത്. ഇതും ഇമാം ശാഫിഈയുടെ നിലപാടിന് വിരുദ്ധമാണ്. ഇമാം മിമ്പറില്‍ കയറിയാലുള്ള ബാങ്കല്ലാതെ മറ്റെന്തെങ്കിലും പറയുന്നത് അദ്ദേഹത്തിന്റെ ചര്യയില്‍ കണ്ടെത്തുക സാധ്യമല്ല. 

ഇമാം ശാഫിഈ ഇതു സംബന്ധമായി പറയുന്നത് കാണുക: ''വെള്ളിയാഴ്ച ബാങ്ക്, ഇമാം പള്ളിയില്‍ പ്രവേശിക്കുന്ന സമയത്താവണമെന്ന് ഞാന്‍ ഇഷ്ടപ്പെടുന്നു. ഇമാം ഖുത്വ്ബ നിര്‍വഹിക്കുന്ന സ്ഥാനത്ത് ഇരിക്കുന്നതും ഞാന്‍ ഇഷ്ടപ്പെടുന്നു. അത് മരമോ ഈത്തപ്പനത്തടിയോ മിമ്പറോ ഉയര്‍ന്നുള്ള ഏത് വസ്തുവോ ഭൂമിയോ ആകാം. ഇമാം ഇരുന്നു കഴിഞ്ഞാല്‍ മുഅദ്ദിന്‍ ബാങ്ക് തുടങ്ങുകയും ബാങ്ക് കഴിഞ്ഞാല്‍ ഇമാം നിന്നു പ്രസംഗിക്കുകയും വേണം. ഇതില്‍ കൂടുതല്‍ ഒന്നും വര്‍ധിപ്പിക്കരുത്'' (അല്‍ഉമ്മ് 1/297). 

 

മയ്യിത്തിന് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം

മയ്യിത്തിന് പ്രതിഫലം ലഭിക്കാന്‍വേണ്ടി മറ്റ് ആളുകള്‍ ഖുര്‍ആന്‍ പാരായണം നടത്തുന്ന സമ്പ്രദായം ശാഫിഈ മദ്ഹബ് പിന്‍പറ്റുന്നവരില്‍ വ്യാപകമാണ്. ശാഫിഈ ഇമാം ഇത്തരം ആചാരങ്ങള്‍ നിരാകരിക്കുകയാണ് ചെയ്യുന്നത്. ഇതു സംബന്ധമായി അദ്ദേഹത്തിന്റെ നിലപാട് സൂറഃ അന്നജ്മ് 39-ാം വാക്യം വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്‌നു കസീര്‍ വ്യക്തമാക്കുന്നു: ''ശ്രേഷ്ഠമായ ഈ ആയത്തില്‍നിന്നാണ് ഇമാം ശാഫിഈയും അദ്ദേഹത്തിന്റെ അനുയായികളും മരിച്ചവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്ത്  അതിന്റെ പ്രതിഫലം ദാനം ചെയ്താല്‍ അവര്‍ക്ക് ലഭിക്കുകയില്ല എന്നതിന് തെളിവ് പിടിച്ചിട്ടുള്ളത്. കാരണം, അത് അവരുടെ അധ്വാനത്തിലോ സമ്പാദ്യത്തിലോ പെട്ടതല്ല'' (തഫ്‌സീര്‍ ഇബ്‌നു കസീര്‍ 4/64, 65). നജ്മ് 39-ാം വാക്യത്തില്‍ പറയുന്നത് 'ഓരോ മനുഷ്യനും താന്‍ ചെയ്തതല്ലാതെ ലഭിക്കുകയില്ല' എന്നാണ്. ഫത്ഹുല്‍ മുഈനിലും ഇമാമിന്റെ ഈ നിലപാട് കാണാം. പരേതന് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണത്തെക്കുറിച്ച് ശറഹ് മുസ്‌ലിമില്‍ ഇമാം നവവി ഇങ്ങനെ പറയുന്നു: 'ശാഫിഈ മദ്ഹബിലെ പ്രസിദ്ധമായ വീക്ഷണം അതിന്റെ പ്രതിഫലം പരേതനിലേക്ക് എത്തുകയില്ല എന്നതാണ്'' (ഫത്ഹുല്‍ മുഈന്‍ മലയാള പരിഭാഷ, പേജ് 309, പരിഭാഷകന്‍: എ.കെ അബ്ദുല്ല ഫൈസി കൊട്ടശ്ശേരി). പ്രാര്‍ഥിച്ചാല്‍ പോലും അതിന്റെ കൂലിയല്ല മയ്യിത്തിന് ലഭിക്കുന്നതെന്ന് മദ്ഹബീ ഗ്രന്ഥത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ''പ്രാര്‍ഥന കൊണ്ട് പരേതന് പ്രയോജനം ലഭിക്കുമെന്നതിന്റെ താല്‍പര്യം പ്രാര്‍ഥനക്ക് ഉത്തരം ലഭിച്ചാല്‍ പ്രാര്‍ഥിച്ച കാര്യം മരിച്ചവന്ന് ലഭിക്കുമെന്നാണ്'' (അതേ പുസ്തകം, പേജ് 309).

 

ബറാഅത്ത് നമസ്‌കാരം 

ബറാഅത്ത് രാവില്‍ പ്രത്യേക നൂറ് റക്അത്ത് നമസ്‌കാരം പ്രചരിപ്പിക്കാന്‍ മദ്ഹബിന്റെ ആളുകള്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ചിലരിത് നിര്‍വഹിക്കുന്നുമുണ്ട്: ''ബറാഅത്തു രാവില്‍ നിര്‍വഹിക്കേണ്ടുന്ന ആരാധനകളുടെ പല രൂപങ്ങളും പണ്ഡിതന്മാരും സ്വൂഫിവര്യരും അവരവരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആരെങ്കിലും ബറാഅത്ത് രാവില്‍ നൂറ് റക്അത്ത് നമസ്‌കരിച്ചാല്‍ അവനിലേക്ക് നൂറു മാലാഖമാരെ അല്ലാഹു നിയോഗിക്കുന്നതാണ്'' (സിറാജ്, 2000 നവംബര്‍ 11).  സുന്നത്ത് മാസിക, സത്യധാര എന്നീ ആനുകാലികങ്ങളും ഈ നമസ്‌കാരത്തിന് പ്രചാരണം നല്‍കുന്നുണ്ട്. 

ശാഫിഈ ഇമാമിന് ഇങ്ങനെ ഒരു നമസ്‌കാരം പരിചയമില്ല. അദ്ദേഹത്തിന്റെ ഫത്‌വകളിലും ഗ്രന്ഥങ്ങളിലുമൊന്നും ഇങ്ങനെ ഒരു നമസ്‌കാരത്തെ സംബന്ധിച്ചുള്ള പ്രതിപാദനവുമില്ല. മദ്ഹബിലുള്ളവര്‍ അനാചാരമാക്കി തള്ളിയ നമസ്‌കാരമാണിത്. ''ബറാഅത്ത് രാവില്‍ നൂറ് റക്അത്ത് നിസ്‌കരിക്കുന്ന സമ്പ്രദായം ബിദ്അത്ത് മുന്‍കറത്താണെന്ന് ഇമാം ഖല്‍യൂബിയും (1/216) മറ്റു ഇമാമുകളും വ്യക്തമാക്കിയിട്ടുണ്ട്'' (സുന്നി അഫ്കാര്‍, 2007 ആഗസ്റ്റ് 29). ''ഇഹ്‌യാ ഉലൂമിദ്ദീന്‍, ഖൂതുല്‍ ഖുലൂബ് എന്നീ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട ബറാഅത്ത് രാവിലെ നൂറ് റക്അത്ത് നിസ്‌കാരം ശാഫിഈ മദ്ഹബിലെ പ്രബല ഗ്രന്ഥങ്ങള്‍ സുന്നത്തില്ലെന്ന് വ്യക്തമാക്കിയതും ബിദ്അത്താണെന്ന് ഇമാം നവവി പോലുള്ളവര്‍ പറഞ്ഞിട്ടുള്ളതുമാണ്'' (സുന്നി വോയ്‌സ്, 2006 ഒക്‌ടോബര്‍ 1-15).

 

കണ്ണോക്ക്

മരിച്ച് മൂന്നു ദിവസം വരെ മയ്യിത്തിന്റെ കുടുംബങ്ങളെ ആശ്വസിപ്പിക്കുക എന്ന ഒരു സുന്നത്ത് ഇസ്‌ലാമിലുണ്ട്. ഇതിന് തഅ്‌സിയ്യത്ത് എന്നാണ് പറയുക. മൂന്നാം ദിവസം മയ്യിത്തിന്റെ വീട്ടുകാര്‍ പ്രത്യേകം ആളുകളെ ക്ഷണിച്ചുവരുത്തി വീട്ടില്‍ സദ്യ നടത്തുന്ന സമ്പ്രദായമുണ്ട്. ഈ ചടങ്ങിനോട് അനുബന്ധിച്ച് മങ്കൂസ് മൗലിദ് പരായണവും നടത്തുന്നു. 

ശാഫിഈ ഇമാമിന്റെയോ മദ്ഹബിന്റെ മറ്റു ഇമാമുകളുടെയോ ചര്യയില്‍ 'മൂന്ന് കഴിക്കുക' എന്ന പേരിലുള്ള ആചാരം കാണുകയില്ല. ഈ പുത്തന്‍ തഅ്‌സിയ്യത്തിനെ ഒരു പ്രസിദ്ധീകരണം വിലയിരുത്തുന്നത് നോക്കൂ: ''നമ്മുടെ നാടുകളില്‍ പ്രത്യേക രൂപത്തിലാണ് തഅ്‌സിയ്യത്ത് നടത്തപ്പെട്ടു കാണുന്നത്. മരിച്ചതിന്റെ മൂന്നാം ദിവസം പള്ളിയിലെ മുസ്‌ലിയാര്‍, മുഅദ്ദിന്‍, മുതഅല്ലിമുകള്‍, മുഅല്ലിമുകള്‍, കുടുംബ ബന്ധുക്കള്‍, അയല്‍വാസികള്‍ എന്നിവരെ ക്ഷണിച്ചുവരുത്തി മയ്യിത്തിനു വേണ്ടി ദുആ ചെയ്തശേഷം പായസം, മധുര പലഹാരങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നു. ഇതാണ് നമ്മുടെ തഅ്‌സിയ്യത്തിന്റെ ചുരുക്കരൂപം'' (സുന്നി അഫ്കാര്‍, 2000 ഡിസംബര്‍ 13). ''മരണപ്പെട്ടത് മുതല്‍ മറവു ചെയ്യുന്നത് വരെയും അതിനു ശേഷം മൂന്നു ദിവസം തീരുംവരെയും തഅ്‌സിയ്യത്തിന്റെ സമയമാണെന്ന് പറഞ്ഞല്ലോ? എന്നാല്‍ തഅ്‌സിയ്യത്ത് മൂന്നാമത്തെ ദിവസമാക്കി ചുരുക്കുകയാണിവിടെ ചെയ്യുന്നത്. എല്ലാവരും നിശ്ചിത സമയം ഒരുമിച്ചുകൂടണമെന്നത് തഅ്‌സിയ്യത്തിന്റെ നിബന്ധനയുമല്ല. മറിച്ചു ഓരോരുത്തരും തങ്ങളുടെ ഹിതമനുസരിച്ച് നടത്താവുന്നതാണത്. തഅ്‌സിയ്യത്തിന് ആളുകളെ ക്ഷണിച്ചുവരുത്തേണ്ടതില്ല. ആളുകള്‍ സ്വയം പോയി അത് നിര്‍വഹിക്കുകയാണ് വേണ്ടത്. തഅ്‌സിയ്യത്തില്‍ പറയല്‍ സുന്നത്തായ വാക്കുകള്‍ ഇവിടെ ഉപയോഗിക്കാറില്ല. അങ്ങനെ ഇന്നത്തെ തഅ്‌സിയ്യത്ത് (കണ്ണൂക്ക്) മറ്റെന്തോ ചടങ്ങായി മാറിപ്പോവുകയാണ് ചെയ്യുന്നത്'' (അതേ പ്രസിദ്ധീകരണം, 2000 ഡിസംബര്‍ 13). 

 

സ്ത്രീകളും മയ്യിത്ത് നമസ്‌കാരവും

സ്ത്രീകള്‍ക്ക് നമസ്‌കാരത്തിലൂടെ മയ്യിത്തിന് വേണ്ടി പ്രാര്‍ഥിക്കാനുള്ള അവകാശം ഇസ്‌ലാം വകവെച്ചുകൊടുത്തിട്ടുണ്ട്. നബി(സ)യുടെ പത്‌നിമാര്‍ മയ്യിത്ത് നമസ്‌കരിച്ച സംഭവം മുസ്‌ലിമില്‍ കാണാം. ശാഫിഈ ഇമാം നഫീസത്ത് ബീവിയോട് തനിക്ക് മയ്യിത്ത് നമസ്‌കരിക്കാന്‍ വസ്വിയ്യത്ത് ചെയ്തതും അതുപ്രകാരം അവര്‍ ഇമാമിനു വേണ്ടി മയ്യിത്ത് നമസ്‌കരിച്ചതും ശാഫിഈ മദ്ഹബ് ഗ്രന്ഥങ്ങളില്‍ തന്നെയുണ്ട്. സ്വഹാബത്തിന്റെയും ഇമാമിന്റെയും ചര്യക്ക് വിരുദ്ധമായി സ്ത്രീകള്‍ മയ്യിത്ത് നമസ്‌കാരം ഉപേക്ഷിക്കുന്ന രീതിയാണ് ഇന്ന് കണ്ടുവരുന്നത്. ശാഫിഈ മദ്ഹബുകാരില്‍ ഒരു വിഭാഗം, സ്ത്രീകള്‍ മയ്യിത്ത് നമസ്‌കരിക്കുന്നത് അനാചാരമാണെന്നാണ് പറയുന്നത്. ''മയ്യിത്തിന് വേണ്ടി സ്ത്രീകള്‍ നമസ്‌കരിക്കുന്ന പതിവ് മുന്‍കാലങ്ങളിലില്ലാത്തതാണ്. വഹാബികളുടെ രംഗപ്രവേശനത്തോടെയാണ് ഇതൊരു ആചാരമായി തലപൊക്കാന്‍ തുടങ്ങിയത്. പൂര്‍വികരുടെ പാരമ്പര്യമില്ലാത്തതിനാല്‍ ഇതൊരു അനാചാരമാണെന്നും ചെയ്യാന്‍ പാടില്ലാത്തതാണെന്നും സുന്നി പണ്ഡിതന്മാര്‍ നേരത്തെ വ്യക്തമാക്കിയതാണ്'' (സ്ത്രീകള്‍ മയ്യിത്ത് നിസ്‌കരിക്കുകയോ? പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അവതാരിക). 

മയ്യിത്ത് നമസ്‌കാര വിഷയത്തില്‍ മദ്ഹബുകാരുടെ നിലപാടിന് വിരുദ്ധമാണ് സ്വഹാബി വനിതകളുടേത്. ആഇശ(റ) ബീവിയില്‍നിന്ന്: ''സഅ്ദുബ്‌നു അബീ വഖാസ് (റ) മരിച്ചപ്പോള്‍ നബി(സ)യുടെ ഭാര്യമാര്‍ അവര്‍ക്ക് മയ്യിത്ത് നിസ്‌കരിക്കാന്‍ അദ്ദേഹത്തെ പള്ളിയിലേക്ക് കൊണ്ടുവരാന്‍ ആളെ പറഞ്ഞയച്ചു. അവരങ്ങനെ ചെയ്യുകയും നബി(സ)യുടെ ഭാര്യമാരുടെ അറക്കരികെ അദ്ദേഹത്തെ വെക്കുകയും അവര്‍ അദ്ദേഹത്തിന് നിസ്‌കരിക്കുകയും ചെയ്തു'' (മുസ്‌ലിം) (അന്ത്യനാളും സമഗ്ര മരണാനന്തര മുറകളും, പേജ് 50, കെ.വി വീരാന്‍കുട്ടി മുസ്‌ലിയാര്‍ ഒഴുകൂര്‍). സ്വഹാബി വനിതകള്‍ നമസ്‌കരിച്ച ഈ നമസ്‌കാരം മറ്റു സ്ത്രീകള്‍ക്ക് പതിവാക്കാന്‍ പാടില്ലാത്ത അനാചാരമാണോ? ശാഫിഈ ഇമാമിന്റെ വസ്വിയ്യത്ത് പ്രകാരം നഫീസത്ത് ബീവി അദ്ദേഹത്തിന് മയ്യിത്ത് നമസ്‌കരിച്ച ചരിത്രം മദ്ഹബുകാര്‍ തന്നെയെഴുതുന്നു: ''ഇമാം ശാഫിഈയുടെ ജനാസയും വഹിച്ച്, അന്ന് അറിയപ്പെട്ടിരുന്ന ശ്മശാനം തുര്‍ബത്തുല്‍ ഔലാദി അബില്‍ ഹക്കീമിലേക്ക് കൊണ്ടുപോവുന്ന വഴിയില്‍ എത്തിയപ്പോള്‍ നഫീസത്ത് ബീവി പുറത്തുവന്നു. മയ്യിത്തു കട്ടില്‍ അവരുടെ വീട്ടിലേക്ക് കടത്താന്‍ കല്‍പ്പിക്കുകയും അവര്‍ അദ്ദേഹത്തിന്റെ മയ്യിത്ത് നിസ്‌കരിക്കുകയും കരുണക്കായി പ്രാര്‍ഥിക്കുകയും ചെയ്തു. പിന്നെയാണ് മറമാടിയത്'' (അതേ പുസ്തകം, പേജ് 50). 

ശാഫിഈ മദ്ഹബിന്റെ പേരില്‍ പ്രചരിച്ച ബിദ്അത്തുകള്‍ തിരിച്ചറിഞ്ഞ് വിപാടനം ചെയ്യാനും മദ്ഹബിന്റെ യഥാര്‍ഥ അധ്യാപനങ്ങള്‍ തുടരാനും ശ്രമിക്കുകയാണ് ഇമാം ശാഫിഈയോട് അദ്ദേഹത്തിന്റെ മദ്ഹബുകാര്‍ ചെയ്യേണ്ട നീതി. 


എം.പി.എ ഖാദര്‍ കരുവമ്പൊയില്‍: കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത കരുവമ്പൊയില്‍ സ്വദേശി. വിചിന്തനം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നു. സ്ത്രീ പള്ളിപ്രവേശം, ഖുത്വ്ബ; മാതൃഭാഷയും സമസ്തയും, നവോത്ഥാന ചരിത്രങ്ങള്‍ തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍: 9745659200


Comments

Other Post