Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

ഖബ്‌റിടവുമായി ബന്ധപ്പെട്ട അനാചാരങ്ങള്‍

പി.കെ ജമാല്‍

അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പിടിയില്‍ അമര്‍ന്നിരിക്കുകയാണ് ലോക മുസ്‌ലിം ജനസാമാന്യത്തില്‍ വലിയൊരു വിഭാഗം. പള്ളികള്‍ ഖബ്‌റുകളായും ഖബ്‌റുകള്‍ പള്ളികളായും രൂപാന്തരം പ്രാപിച്ച ഭൂഭാഗങ്ങളില്‍ അജ്ഞതയും അനാചാരവുമാണ് കൊടികുത്തിവാഴുന്നത്. വിശ്വാസം ദുര്‍ബലമാവുകയും തൗഹീദ് ക്ഷയിക്കുകയും ചെയ്ത സാഹചര്യത്തില്‍ അനാചാരങ്ങള്‍ തഴച്ചുവളരുകയും മരിച്ചുപോയ മഹാത്മാക്കളെ മധ്യവര്‍ത്തികളാക്കിയും അല്ലാതെയും വിളിച്ചു പ്രാര്‍ഥിക്കുന്ന പ്രവണതക്ക് ആക്കം കൂടുകയും ചെയ്തു. പള്ളികള്‍ സര്‍വ ബിദ്അത്തുകളുടെയും കേന്ദ്രമാക്കിത്തീര്‍ത്തു. പള്ളികള്‍ക്ക് പ്രസക്തി നഷ്ടപ്പെടുകയും മരിച്ചുപോയ മഹാന്മാരുടെ ശവകുടീരങ്ങള്‍ക്ക് മാഹാത്മ്യം കൂടുകയും ചെയ്തു. ഖബ്‌റുകളുടെ മേല്‍ വിളക്ക് കത്തിച്ചും അലങ്കാരപ്പണികള്‍ ചെയ്ത് അവക്ക് മോടി കൂട്ടിയും ഭക്തജനങ്ങളെ ആകര്‍ഷിക്കാന്‍ അവ കേന്ദ്രീകരിച്ച് ഉറൂസുകളും ഉത്സവങ്ങളും ആണ്ടു നേര്‍ച്ചകളും വഴിപാടുകളും സിയാറത്ത് ടൂറുകളും ആരാധനയുടെ ഭാഗമെന്നോണം നടത്തിയും പണ്ഡിതന്മാരും അറിവാളന്മാരുമെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം സമാന്യ ജനങ്ങളുടെ ഭയഭക്തി വികാരങ്ങള്‍ ചൂഷണം ചെയ്ത് ജീവിച്ചുപോരുന്നു. 

ഖബ്‌റുകള്‍ ആരാധനാ കേന്ദ്രമായ പള്ളികള്‍ ആക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നബി(സ)യുടെ വാക്കുകള്‍ പത്‌നി ആഇശ(റ) ഉദ്ധരിക്കുന്നു: വഫാത്തിലേക്ക് നയിച്ച രോഗശയ്യയില്‍ നബി(സ) പറഞ്ഞു: ''തങ്ങളിലെ പ്രവാചകന്മാരുടെ ഖബ്‌റുകള്‍ മസ്ജിദുകളാക്കിത്തീര്‍ത്ത ജൂതന്മാരെയും ക്രിസ്ത്യാനികളെയും അല്ലാഹു ശപിച്ചിരിക്കുന്നു.'' ആഇശ(റ) പറയുകയാണ്: അങ്ങനെ അല്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ഖബ്ര്‍ പ്രത്യേകം എടുത്തു കാട്ടുമായിരുന്നു. തന്റെ ഖബ്ര്‍ ഒരു ആരാധനാ കേന്ദ്രമാക്കുന്നത് നബി(സ) ഭയപ്പെട്ടിരുന്നു. ഹാഫിള് ഇബ്‌നു ഹജര്‍(റ) വിശദീകരിക്കുന്നു: ''ഈ രോഗം തന്റെ മരണത്തിന്റെ മുന്നോടിയാണെന്ന് ധരിച്ച നബി(സ), പൂര്‍വഗാമികള്‍ ചെയ്തപോലെ തന്റെ ഖബ്ര്‍ മഹത്ത്വവത്കരിക്കപ്പെട്ടേക്കുമോ എന്ന ഭയത്താലാണ് ജൂതന്മാരെയും ക്രൈസ്തവരെയും പരാമര്‍ശിച്ച് ഈ പ്രസ്താവന നടത്തിയത്.'' പള്ളികള്‍ക്ക് അവയുടെ ദൗത്യം വിനഷ്ടമായിത്തീരുന്ന സാഹചര്യത്തില്‍ ശവകുടീരങ്ങള്‍ക്കായിരിക്കും പ്രസക്തിയും പ്രാധാന്യവും കൈവരുന്നത്.

തഹ്ദീറുസ്സാജിദി മിന്‍ ഇത്തിഖാദില്‍ ഖുബൂരി മസാജിദ എന്ന കൃതിയില്‍ ലോക പ്രശസ്ത മുഹദ്ദിസ് ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി വിശദീകരിക്കുന്നതിങ്ങനെ: ''ഖബ്‌റുകള്‍ മസ്ജിദുകളാക്കിത്തീര്‍ക്കുക എന്നതിന് മൂന്ന് അര്‍ഥങ്ങളുണ്ട്. ഒന്ന്, ഖബ്‌റുകളിന്മേല്‍ സുജൂദ് ചെയ്തുകൊണ്ട് അവയുടെ മേലുള്ള നമസ്‌കാരം. രണ്ട്, അവയുടെ നേരെ തിരിഞ്ഞ് സുജൂദ് ചെയ്യുക. നമസ്‌കാരവും പ്രാര്‍ഥനയുമായി അവയെ അഭിമുഖീകരിക്കുക. മൂന്ന്, ഖബ്‌റുകളിന്മേല്‍ പള്ളി പണിത് അവയില്‍ നമസ്‌കരിക്കുക.

ഇബ്‌നു ഹജറുല്‍ ഹൈതമി(റ) പറയുന്നു: ''ഖബ്‌റുകള്‍ പള്ളികളാക്കുക എന്നുവെച്ചാല്‍ വിവക്ഷ അതിന്മേലോ അതിലേക്ക് തിരിഞ്ഞോ നടത്തുന്ന നമസ്‌കാരം എന്നാകുന്നു.'' ബൈദാവി(റ): ''ജൂതന്മാര്‍ തങ്ങളിലെ പ്രവാചകന്മാരെ മഹത്ത്വവത്കരിക്കാന്‍ ഉദ്ദേശിച്ച് അവരുടെ ഖബ്‌റുകളിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കുകയും സുജൂദ് നിര്‍വഹിക്കുകയും ചെയ്യുമായിരുന്നു. അവര്‍ അവയെ ആരാധിക്കുന്ന ബിംബങ്ങളാക്കി. അവര്‍ക്ക് ദൈവശാപം ഭവിക്കട്ടെ. മുസ്‌ലിംകളെ ഇത്തരം ആരാധനകളില്‍നിന്നും അനുഷ്ഠാനങ്ങളില്‍നിന്നും തടയുകയായിരുന്നു നബി(സ).''

കൊടും കുറ്റമായി ഖബ്‌റാരാധനയെ കാണുന്ന ശാഫിഈ മദ്ഹബിലെ പ്രശസ്ത ഫഖീഹ് ഇമാം ഇബ്‌നു ഹജറുല്‍ ഹൈതമി ഇങ്ങനെ രേഖപ്പെടുത്തുന്നു: ''മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ഏഴാമത്തെയും എട്ടാമത്തെയും ഒമ്പതാമത്തെയും കൊടും പാപം ഖബ്‌റുകളെ പള്ളികളാക്കലും ഖബ്‌റുകളുടെ മേല്‍ വിളക്ക് കത്തിക്കലും അതിനെ വിഗ്രഹമാക്കലും അതിനെ പ്രദക്ഷിണം വെക്കലും അതിനെ ചുംബിക്കലും അതിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കലുമാകുന്നു. നാലു ഇമാമുകളും ഏകകണ്ഠമായി ഇത് ഹറാമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്'' (അസ്സവാജിറു അന്‍ ഇഖ്തിറാഫില്‍ കബാഇര്‍ 1/120).

 

സ്വൂഫി ചിന്തകളുടെ സ്വാധീനം

തസ്വവ്വുഫ് ചിന്തകള്‍ക്ക് സ്വാധീനവും മേല്‍ക്കോയ്മയും ലഭിച്ചിരുന്നു ഉസ്മാനിയാ കാലഘട്ടത്തില്‍. ഇസ്‌ലാമിന് മുമ്പ് അറബികളില്‍ പ്രചാരത്തിലിരുന്ന ഔലിയാ പൂജ, ശവകുടീര പൂജ തുടങ്ങിയ അനാചാരങ്ങള്‍ അക്കാലത്ത് ശക്തമായ സ്വാധീനം ചെലുത്തി. തസ്വവ്വുഫ് ഒരു പുതിയ മതത്തിന്റെ രൂപം കൈവരിച്ചതോടെ ശരീഅത്ത്, ഹഖീഖത്ത് എന്നീ രണ്ട് പരികല്‍പനകള്‍ ഉണ്ടായിത്തീര്‍ന്നു. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ അനുഷ്ഠാനങ്ങളുടെ ആചരണം ശരീഅത്തായി ഗണിച്ചപ്പോള്‍ സ്വൂഫി ഔലിയാക്കന്മാരെ മഹത്ത്വവത്കരിക്കുക, അവരുടെ ശഫാഅത്ത്-കറാമത്താദികളില്‍ വിശ്വസിക്കുക, നബി(സ)യെയും പ്രമുഖ സ്വഹാബിവര്യന്മാരെയും സുന്നി ഇമാമുകളെയും മഹത്ത്വവത്കരിക്കുക തുടങ്ങിയ സ്വൂഫി അഖീദകള്‍ 'ഹഖീഖത്തി'ന്റെ അര്‍ഥവിവക്ഷയില്‍ വന്നു. കാലക്രമേണ ഔലിയാക്കളുടെ പട്ടിക നീളുകയും അവരുടെ ഖബ്‌റിടങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും വഴിപാടുകളും നേര്‍ച്ചകളും നടന്നുവരുകയും ചെയ്തു. അനുഷ്ഠാനങ്ങള്‍ ആചരിച്ചുപോന്ന ഈ വിഭാഗം തങ്ങളുടെ വിശ്വാസത്തില്‍ കലര്‍ന്ന ശിര്‍ക്കിന്റെയും ജാഹിലിയ്യത്തിന്റെയും അംശങ്ങള്‍ സ്വൂഫീ ജീവിതരീതിയാണെന്ന് ധരിക്കുകയോ യഥാര്‍ഥ സത്യം വിസ്മരിക്കുകയോ ചെയ്തു.

ഖബ്‌റാരാധന, മരിച്ചവരോട് സഹായം തേടുക, അവരോട് പ്രാര്‍ഥിക്കുക, അവര്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ സാധിക്കുമെന്ന് വിശ്വസിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഖുര്‍ആന്‍ കഠിനമായി വിലക്കിയതും അവക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതുമാണ്. തസ്വവ്വുഫിന്റെ വ്യാപനത്തിന് മുമ്പേ തന്നെ അലി(റ)യെയും അദ്ദേഹത്തിന്റെ സന്തതികളെയും മഹത്ത്വവത്കരിക്കുന്ന പ്രവൃത്തികള്‍ ശീഈ വിഭാഗം തുടങ്ങിവെച്ചിരുന്നു. ശീഈ പള്ളികളിലും ഹുസൈനിയ്യകളിലും ഇമാമുമാരുടെ മഖ്ബറകള്‍ സ്ഥാപിക്കുന്ന പ്രവണതയുണ്ട്. അബ്ബാസീ കാലഘട്ടത്തില്‍ ഖബ്‌റാരാധനക്ക് പ്രചാരം നേടിക്കൊടുത്ത സ്വൂഫീ ചിന്താഗതിക്കാര്‍ അടിമ രാജവംശത്തിന്റെ ഘട്ടമായപ്പോള്‍ തഴച്ചുവളരുകയും സ്വൂഫീചിന്തകളെ സുന്നത്തുമായി കൂട്ടിക്കലര്‍ത്തുകയും ചെയ്തു. പിന്നീട് വന്ന ഉസ്മാനിയാ കാലഘട്ടത്തെ ധാര്‍മികമായി പിന്നോട്ടടിപ്പിച്ചതില്‍ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ഠിതമായ സ്വൂഫീ ചിന്തകള്‍ക്ക് വലിയ പങ്കുണ്ട്. യൂറോപ്പ് വൈജ്ഞാനിക രംഗത്ത് കുതിച്ചോട്ടം നടത്തിക്കൊണ്ടിരുന്ന ചരിത്രസന്ധിയില്‍ ബൗദ്ധിക ഗവേഷണ യത്‌നങ്ങള്‍ക്ക് വേണ്ടത്ര വില കല്‍പിക്കാതിരുന്ന മംലൂക്കി-ഉസ്മാനീ ഭരണകൂടങ്ങള്‍ ശവകുടീരങ്ങള്‍ക്കും മഖ്ബറകള്‍ക്കും അമിത പ്രചാരം നല്‍കുകയായിരുന്നു.

ഔലിയാക്കന്മാരുടെ കറാമത്തുകളും അമാനുഷിക സിദ്ധികളും ഉദ്‌ഘോഷിക്കുന്ന കള്ളക്കഥകള്‍ക്ക് ഉസ്മാനിയാ കാലഘട്ടത്തില്‍ പ്രചുരപ്രചാരം കിട്ടി. തനിക്കും തന്റെ ഗുരുവര്യന്മാരായ ഔലിയാക്കള്‍ക്കും കൈവന്ന കറാമത്തുകള്‍ ചൂണ്ടിക്കാട്ടി ശഅ്‌റാനിയെ പോലുള്ളവര്‍ നിരവധി കൃതികള്‍ പുറത്തിറക്കി. ല ത്വാഇഫുല്‍ മിനന്‍ പോലുള്ള രചനകളില്‍, ദേശ-കാലാതിവര്‍ത്തിയായ തങ്ങളുടെ സിദ്ധിവിശേഷങ്ങളാല്‍ ഭൂമിക്കടിയിലൂടെയും ആകാശത്തിന്റെയും മേഘങ്ങളുടെയും മുകളിലൂടെയും കണ്ണിമ പൂട്ടിത്തുറക്കുന്ന വേഗതയില്‍ സഞ്ചരിക്കാനാവുമെന്നും അവര്‍ അവകാശപ്പെട്ടു. സാധാരണ ജനങ്ങളെ അത്ഭുത സ്തബ്ധരാക്കുന്ന കെട്ടുകഥകളായി മതപാഠങ്ങളുടെ പൊരുള്‍.

 

ഇന്നത്തെ അനാചാരങ്ങളെവിടെ? മദ്ഹബ് എവിടെ?

ഖബ്ര്‍ കെട്ടി ഉയര്‍ത്തല്‍, കുമ്മായം പൂശല്‍, അലങ്കരിക്കല്‍, തൊടലും മുത്തലും, ജാറം നേര്‍ച്ചകള്‍, ചന്ദനത്തിരി-വിളക്ക് കത്തിക്കല്‍ തുടങ്ങി സിയാറത്തിന്റെ പേരില്‍ നടക്കുന്ന ഖബ്ര്‍ കേന്ദ്രിത ചടങ്ങുകളെ ശാഫിഈ മദ്ഹബ് എങ്ങനെ കാണുന്നു?

ഖബ്‌റുകള്‍ ഭൂമിയുടെ വിതാനത്തില്‍ നിന്ന് ഒരു ചാണ്‍ മാത്രമേ ഉയര്‍ത്താവൂ. അതില്‍ കൂടുതല്‍ ഉയര്‍ത്തുന്നതും അലങ്കരിക്കുന്നതും തേപ്പു നടത്തുന്നതും ഖുബ്ബ പണിയുന്നതും എഴുതുന്നതും പ്രദക്ഷിണം ചെയ്യുന്നതും തൊടുന്നതും ചുംബിക്കുന്നതും ഇസ്‌ലാം ശക്തിയായി നിരോധിച്ചിട്ടുണ്ട്. ശാഫിഈ മദ്ഹബിലെ ആധികാരിക ശബ്ദമായ ഇമാം നവവി തന്റെ വിഖ്യാതമായ ശറഹുല്‍ മുഹദ്ദബില്‍ രേഖപ്പെടുത്തുന്നു: ''കര്‍മശാസ്ത്ര പണ്ഡിതന്മാരില്‍പെട്ട ഇമാം അബുല്‍ ഹസന്‍ അല്‍സഅ്ഫറാനി അല്‍ജനാഇസ്  എന്ന തന്റെ ഗ്രന്ഥത്തില്‍ എഴുതുന്നു. ഖബ്ര്‍ കൈകൊണ്ട് തൊട്ടുമുത്തുകയോ ചുംബിക്കുകയോ ചെയ്യാന്‍ പാടില്ല. ഇതാണ് നബിചര്യ. ഇന്ന് സാധാരണ ജനങ്ങള്‍ ചെയ്യുന്നപോലെ ഖബ്ര്‍ തൊട്ടു മുത്തലും ചുംബിക്കലും ശര്‍ഇല്‍ വര്‍ജ്യമായ ബിദ്അത്തില്‍ പെട്ടതാകുന്നു. ഇത് നിര്‍ബന്ധമായി വര്‍ജിക്കണം. ചെയ്യുന്നവരെ തടയണം. സലാം പറയാന്‍ ഉദ്ദേശിച്ചാല്‍ മയ്യിത്തിന്റെ മുഖത്തിന്റെ നേരെ നില്‍ക്കണം. പ്രാര്‍ഥിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടെ നിന്ന് തെറ്റി ഖിബ്‌ലക്ക് അഭിമുഖമായി നിന്ന് പ്രാര്‍ഥിക്കണം'' (ശറഹുല്‍ മുഹദ്ദബ് 5/311). ''ഖബ്ര്‍ ഒരു ചാണില്‍ അധികം ഉയര്‍ത്തുന്നതും അതിന്മേല്‍ തേപ്പ് നടത്തുന്നതും അതിന്മേല്‍ എഴുതുന്നതും വെറുക്കപ്പെട്ടതാണ്'' (മിന്‍ഹാജുത്ത്വാലിബീന്‍, പേജ് 29).

അബുല്‍ ഹയ്യാജ് നിവേദനം: അലി(റ) എന്നോടു പറഞ്ഞു: ''നബി(സ) എന്നെ നിയോഗിച്ച അതേ കാര്യങ്ങള്‍ക്കു വേണ്ടി നിന്നെ ഞാന്‍ നിയോഗിക്കുകയാണ്. നീ ഒരു പ്രതിമയും നശിപ്പിക്കാതെ വിടരുത്. ഉയര്‍ത്തപ്പെട്ട ഒരു ഖബ്‌റും നിരപ്പാക്കാതെയും വിടരുത്'' (സ്വഹീഹ് മുസ്‌ലിം). ഈ ഹദീസിന്റെ വ്യാഖ്യാനമായി ഇമാം നവവി എഴുതുന്നു: ''ഖബ്ര്‍ ഭൂമിയില്‍ നിന്നും കൂടുതലായി ഉയര്‍ത്തരുതെന്നും മുകള്‍ഭാഗം കൂനയാക്കാന്‍ പാടില്ലെന്നും ഈ ഹദീസിലുണ്ട്. ഏകദേശം ഒരു ചാണ്‍ ഉയര്‍ത്തുകയും മുകള്‍ ഭാഗം പരത്തുകയും വേണം. ഇതാണ് ഇമാം ശാഫിഈ(റ)യുടെയും അദ്ദേഹത്തിന്റെ അനുയായികളുടെയും അഭിപ്രായം'' (ശറഹു മുസ്‌ലിം 4/42).

''ഖബ്ര്‍ നിരപ്പാക്കാന്‍ നബി(സ) കല്‍പിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്'' (മുസ്‌ലിം) എന്ന ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി(റ) എഴുതുന്നു: ''ഈ ഹദീസില്‍ ഖബ്‌റിന്മേല്‍ എന്തെങ്കിലും നിര്‍മിക്കലും ഖബ്‌റിന്മേല്‍ കുമ്മായം തേക്കലും കറാഹത്താണെന്നും അതിന്മേല്‍ ഇരിക്കല്‍ ഹറാമാണെന്നുമുണ്ട്. ഇത് ഇമാം ശാഫിഈയുടെയും ഭൂരിപക്ഷ മുസ്‌ലിം പണ്ഡിതന്മാരുടെയും മദ്ഹബാണ്. അല്‍ ഉമ്മില്‍ ഇമാം ശാഫിഈ പറഞ്ഞു: 'മക്കയിലെ ഇമാമുമാര്‍ ഖബ്‌റിന്മേല്‍ നിര്‍മിക്കപ്പെട്ടവയെല്ലാംപൊളിച്ചുകളയാന്‍ കല്‍പിക്കുന്നത് ഞാന്‍ കണ്ടിട്ടിട്ടുണ്ട്.' ഖബ്‌റിന്മേല്‍ നിര്‍മിക്കപ്പെട്ടവയെല്ലാം പൊളിച്ചുകളയണം എന്ന് ഇമാം ശാഫിഈ പറഞ്ഞതിന് നബി(സ)യുടെ വചനം തെളിവാകുന്നു. ഉയര്‍ത്തപ്പെട്ട ഖബ്‌റുകളെല്ലാം നീ നിരപ്പാക്കണം'' (ശറഹുല്‍ മുഹദ്ദബ് 4/43).

ജാറങ്ങള്‍ കെട്ടിപ്പൊക്കുന്നതും കൊടികുത്ത്, ദീപം തെളിക്കല്‍ തുടങ്ങി മരിച്ചവരോടുള്ള ആദരവും ബഹുമാനവും പ്രകടിപ്പിക്കാന്‍ നടത്തുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇമാം ശാഫിഈ(റ) ഗുരുതര കുറ്റമായാണ് കണ്ടത്. ''ഖബ്ര്‍ ഭൂമിയുടെ ഉപരിഭാഗത്തുനിന്ന് ഒരു ചാണ്‍ ഉയര്‍ത്തപ്പെടുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. അതിന്മേല്‍ എന്തെങ്കിലും നിര്‍മിക്കപ്പെടാതിരിക്കാനും കുമ്മായം ഇടാതിരിക്കാനും ഞാന്‍ ഇഷ്ടപ്പെടുന്നു'' (അല്‍ ഉമ്മ് 1/246). ശാഫിഈ മദ്ഹബിലെ പ്രസിദ്ധ പണ്ഡിതനായ ഇബ്‌നു ഹജറുല്‍ ഹൈതമി(റ) ഇതു സംബന്ധമായ ഹദീസുകള്‍ വിവരിച്ച് സമാഹരിക്കുന്നത് ഇങ്ങനെ: ''ജാറങ്ങളും ഖബ്‌റിന്മേല്‍ നിര്‍മിക്കപ്പെട്ട ഖുബ്ബകളും പൊളിച്ചുമാറ്റാന്‍ അമാന്തിക്കരുത്. കാരണം ഇത് (നബി(സ)യുടെ കാലത്തുണ്ടായിരുന്ന) മസ്ജിദു ളിറാറിനേക്കാള്‍ ഏറ്റവും അപകടകരമാണ്. ഉയര്‍ത്തപ്പെട്ട ഖബ്‌റുകള്‍ പൊളിച്ചുനീക്കാന്‍ നബി(സ) കല്‍പിച്ചിട്ടുണ്ട്. അതുപോലെ ഖബ്‌റിന്മേല്‍ സ്ഥാപിച്ച എല്ലാ വിളക്കുകളും തൊങ്ങലുകളും നീക്കിക്കളയുന്നത് നിര്‍ബന്ധമാണ്. ഇവ വഖ്ഫ് ചെയ്യുന്നതും നേര്‍ച്ചയാക്കുന്നതും അനുവദനീയമല്ല'' (അസ്സവാജിര്‍ 1/121).

നബി(സ) അനുവാദം നല്‍കിയ ഖബ്ര്‍ സിയാറത്തിന്റെ മറവില്‍ നാടെങ്ങും നടക്കുന്ന അനാചാരങ്ങള്‍ക്ക് ഇസ്‌ലാമികമായി ഒരു സാധുതയുമില്ല. ഇമാം ശാഫിഈ(റ)യുടെ അനുയായികള്‍ എന്ന് അവകാശപ്പെടുന്നവര്‍ ഖബ്ര്‍ സിയാറത്തിന്റെ യഥാര്‍ഥ ലക്ഷ്യം അട്ടിമറിച്ചത് എങ്ങനെയെന്ന് കാണുക. ''സിയാറത്ത് വിവിധങ്ങളായ അഭിലാഷങ്ങള്‍ പൂവണിയാനും കഷ്ടതകള്‍ പരിഹൃതമാവാനും സങ്കടവാര്‍ത്തകള്‍ ബോധിപ്പിക്കാനും ആത്മനിര്‍വൃതി വരുത്താനും ആകുന്നു'' (സുന്നിവോയ്‌സ് 1980, നവംബര്‍ 21).

നബി(സ) പറഞ്ഞു: ''ഞാന്‍ നിങ്ങള്‍ക്ക് ഖബ്ര്‍ സിയാറത്ത് വിലക്കിയിരുന്നു. ഇനി നിങ്ങള്‍ ഖബ്ര്‍ സിയാറത്ത് നടത്തിക്കൊള്ളൂ.'' തിര്‍മിദിയുടെ മറ്റൊരു റിപ്പോര്‍ട്ടില്‍, 'കാരണം അത് നിങ്ങളെ പരലോകത്തെക്കുറിച്ച് ഓര്‍മിപ്പിക്കും.' ആദ്യം നിരോധിച്ചത് ബഹുദൈവാരാധനാപരമായ അനാചാരങ്ങളിലേക്ക് പുതുതായി ഇസ്‌ലാമിലേക്ക് വന്നവര്‍ വഴുതിപ്പോകുമോ എന്ന ആശങ്ക മൂലമായിരുന്നു. ആശങ്ക നീങ്ങിയപ്പോള്‍ അനുവാദം നല്‍കി. പരലോക സ്മരണയാണ് സന്ദര്‍ശനം മൂലം ഉണ്ടാവേണ്ടതെന്ന് വ്യക്തമായ ലക്ഷ്യനിര്‍ണയവും നടത്തി. എന്നിട്ടും, പുതിയ ലക്ഷ്യങ്ങള്‍ സമുദായത്തിന് നിര്‍ണയിച്ചുകൊടുക്കുന്നവരെക്കുറിച്ച് ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാര്‍ പറയുന്നത് കാണുക. ഇമാം റാസി എഴുതി: ''അവര്‍ വിഗ്രഹങ്ങളെയും പ്രതിമകളെയും പ്രതിഷ്ഠിച്ചിരുന്നത് അവരില്‍ ഉണ്ടായിരുന്ന പ്രവാചകന്മാരുടെയും മഹാന്മാരുടെയും രൂപത്തിലായിരുന്നു. എന്നിട്ടവര്‍ ജല്‍പിക്കും: ഞങ്ങള്‍ ഈ വിഗ്രഹങ്ങള്‍ക്ക് ഇബാദത്തെടുത്താല്‍ വിഗ്രഹത്തെ പ്രതിനിധാനം ചെയ്യുന്ന മഹാന്മാര്‍ അല്ലാഹുവിന്റെ സന്നിധിയില്‍ ഞങ്ങള്‍ക്ക് ശിപാര്‍ശകരായി വരും. ഇക്കാലത്ത് തത്തുല്യമായ പ്രവൃത്തിയിലാണ് അല്ലാഹുവിന്റെ സൃഷ്ടികളില്‍ ധാരാളം ആളുകള്‍ വ്യാപൃതരായിരിക്കുന്നത്. ആ ഖബ്‌റുകളെ ബഹുമാനിച്ചാല്‍ അവയിലുള്ളവര്‍ അല്ലാഹുവിന്റെ അടുക്കല്‍ ശിപാര്‍ശ ചെയ്യുമെന്നാണ് അവരുടെ വിശ്വാസം'' (റാസി, വാള്യം 17-18, പേജ് 60).

ഇമാം ശാഫിഈ വ്യക്തമാക്കി: ''എന്നാല്‍ നിങ്ങള്‍ മയ്യിത്തിന് പാപമോചനത്തിന് പ്രാര്‍ഥിക്കാനും പരലോകം ഓര്‍മിക്കാനും ഹൃദയം ലോലമാവാനും ഖബ്ര്‍ സിയാറത്ത് ചെയ്യുന്നുവെങ്കില്‍ ഞാന്‍ അത് വെറുക്കുന്നില്ല'' (അല്‍ ഉമ്മ് 1/246). ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാരെല്ലാം പ്രയോഗിച്ച വാക്ക് 'തഅ്‌ളീം' എന്നാണ്. ഖബ്‌റിനെ ബഹുമാനിക്കുക. ആരാധനയിലേക്ക് നയിക്കുന്ന എല്ലാ ചിന്തകളും വിചാരങ്ങളും നിരോധത്തിന്റെ പരിധിയില്‍ വന്നു എന്നര്‍ഥം. 'ഞങ്ങള്‍ ബഹുമാനിക്കുന്നേയുള്ളൂ, ആരാധിക്കുന്നില്ല' എന്ന് പറഞ്ഞൊഴിയാനുള്ള പഴുതടയ്ക്കുകയായിരുന്നു മഹാന്മാരായ പണ്ഡിതന്മാര്‍.

 

ശീഈ സ്വാധീനം

നമ്മുടെ രാജ്യത്ത് ഇന്ന് പ്രചാരത്തിലുള്ള ഖബ്‌റാനുബന്ധ അനാചാരങ്ങളും പല അന്ധവിശ്വാസങ്ങളും ചില ശീഈ വിഭാഗങ്ങളില്‍നിന്ന് വന്നതാണ്. ശീഈകളിലെ ഇമാമി വിഭാഗം, തങ്ങളുടെ ഇമാമുമാര്‍ അല്ലാഹുവിനും തങ്ങള്‍ക്കുമിടയിലെ മധ്യവര്‍ത്തികളും മധ്യസ്ഥന്മാരുമാണെന്ന് വിശ്വസിക്കുന്നവരാണ്. ബിഹാറുല്‍ അന്‍വാര്‍ (പേജ് 23/97) എന്ന കൃതിയില്‍ അവരുടെ ഇമാമായ മജ്‌ലിസി അത് രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ ഇമാമുമാര്‍ അല്ലാഹുവിന് മാത്രമുള്ള സിദ്ധികളാല്‍ അനുഗൃഹീതരാണെന്നും ആ ഇമാമുമാര്‍ക്ക് ആവശ്യങ്ങള്‍ നിറവേറ്റിത്തരാന്‍ കഴിവുണ്ടെന്നും അവര്‍ വിശ്വസിക്കുന്നു. ബൈറൂത്തിലെ 'ദാറു ഇഹ്‌യാഇത്തുറാസില്‍ അറബി' പ്രസിദ്ധീകരിച്ച ഇമാം മജ്‌ലിസിയുടെ ബിഹാറുല്‍ അന്‍വാറില്‍ ഇങ്ങനെ വായിക്കാം: ''നിങ്ങള്‍ക്ക് അല്ലാഹുവിനോടു വല്ല ആവശ്യവും ഉണര്‍ത്താനുണ്ടെങ്കില്‍ അല്ലാഹുവിന്റെ ബര്‍ക്കത്ത് കൊണ്ട് ഒരു തുണിക്കഷ്ണത്തില്‍ അതെഴുതി ഇമാമുമാരില്‍ ആരുടെയെങ്കിലും ഖബ്‌റില്‍ അത് നിക്ഷേപിക്കുക. അല്ലെങ്കില്‍ ആ തുണിക്കഷ്ണം കെട്ടി മണ്ണ് കുഴച്ച് മുദ്ര വെച്ച് ഒഴുകുന്ന നദിയിലോ ആഴമുള്ള കിണറിലോ ജലാശയത്തിലോ ഇട്ടേക്കുക. സയ്യിദ് അലൈഹിസ്സലാമില്‍ അതെത്തും. അദ്ദേഹം സ്വയം തന്നെ നിങ്ങളുടെ ആവശ്യപൂര്‍ത്തീകരണം ഏറ്റെടുക്കും.'' 

തങ്ങളുടെ ഇമാമുമാരുടെ ഖബ്ര്‍ സന്ദര്‍ശനം ഹജ്ജിനേക്കാള്‍ മഹത്തരമാണെന്ന വിശ്വാസവും അവര്‍ പുലര്‍ത്തുന്നുണ്ട്. ഫുറൂഉല്‍ കാഫിയില്‍ ഇമാം കലീനി രേഖപ്പെടുത്തുന്നു: ''ഹുസൈന്റെ ഖബ്ര്‍ സന്ദര്‍ശിക്കുന്നത് ഇരുപത് ഹജ്ജിന് തുല്യമാണ്. ഇരുപത് ഹജ്ജ്-ഉംറകളേക്കാള്‍ ശ്രേഷ്ഠമാകുന്നു'' (പേജ് 59). ശവകുടീരങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഇറാനില്‍ മഖ്ബറകള്‍ക്കെല്ലാം പ്രത്യേകം നമ്പറുകളുണ്ട്. ഈ നമ്പറുകള്‍ രേഖപ്പെടുത്തി ബാങ്കുകളില്‍ നേര്‍ച്ചത്തുകയും വഴിപാടുകളും അടയ്ക്കാനുള്ള സംവിധാനങ്ങളുമുണ്ട്. തുക നേരിട്ട് മഖ്ബറ അധികൃതര്‍ക്ക് എത്തിക്കൊള്ളും.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആളുകളിലേക്ക് വന്നത് ശീഈ വിഭാഗങ്ങളില്‍നിന്നാണെന്ന് അവരുടെ പ്രമാണങ്ങളിലൂടെയുള്ള മിന്നലോട്ടം ബോധ്യപ്പെടുത്തും. പ്രത്യേകിച്ച് മഹാന്മാരുടെ മഖ്ബറകളുമായി ബന്ധപ്പെട്ട് അനാചാരങ്ങളിലെല്ലാം ശീഈ വിശ്വാസത്തിന്റെ ശക്തമായ സ്വാധീനമുണ്ട്. സുന്നി മദ്ഹബുകളോ സുന്നി ഇമാമുമാരോ അവയെ പിന്തുണക്കുന്നില്ല. 

പി.കെ ജമാല്‍: കോഴിക്കോട് കക്കോടി സ്വദേശി. ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍നിന്ന് ബിരുദം. കൃതികള്‍: ആത്മസംസ്‌കരണത്തിന്റെ രാജപാത, ചരിത്രത്തിന്റെ താരാപഥങ്ങളില്‍, നവോത്ഥാനത്തിന്റെ ശില്‍പികള്‍, സ്വര്‍ഗം പൂക്കുന്ന കുടുംബം(വിവര്‍ത്തനം). ഫോണ്‍: 9447257497.

ഇമെയില്‍:pkjamal@hotmail.com


Comments

Other Post