Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

കേരളീയ പണ്ഡിതന്മാരുടെ സവിശേഷ നിലപാടുകള്‍

അബൂ നസീഫ്

കേരള മുസ്‌ലിംകളില്‍ ഭൂരിപക്ഷവും കര്‍മശാസ്ത്ര വിഷയങ്ങളില്‍ ശാഫിഈ മദ്ഹബ് പിന്തുടരുന്നവരാണെന്ന് പറയുന്നു. പക്ഷേ, പലപ്പോഴും യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് അതിനു വിപരീതമാണ്. മദ്ഹബീ വീക്ഷണത്തില്‍ ഫത്‌വകള്‍ നല്‍കുന്നതിനും, മുന്‍ഗണനകള്‍ ക്രമീകരിക്കുന്നതിനും വ്യക്തമായ നിയമങ്ങളും നിബന്ധനകളുമുണ്ട്. എന്നാല്‍ നിലനില്‍ക്കുന്ന ആചാരങ്ങളെ ന്യായീകരിക്കാനും അതിന് ഇസ്‌ലാമിന്റെ മുഖം നല്‍കാനുമാണ് കേരളത്തിലെ ശാഫിഈ പണ്ഡിതന്മാരില്‍ ചിലര്‍ ശ്രമിക്കാറുള്ളത്. ശാഫിഈ ധാരയില്‍ നിലകൊള്ളുന്നവരെന്ന് അവകാശപ്പെടുന്ന കേരളത്തിലെ ചില പണ്ഡിതന്മാര്‍, ശാഫിഈ മദ്ഹബിനു തന്നെ വിരുദ്ധമായ നിലപാടെടുത്തപ്പോള്‍, അതിനെതിരെ ഒരു പറ്റം ശാഫിഈ പണ്ഡിതര്‍ രംഗത്തുവരികയുണ്ടായി. അവരുടെ  ഏതാനും ഫത്‌വകള്‍ പരിചയപ്പെടുത്തുകയാണിവിടെ. 

 

ചാവടിയന്തരം

ഇര്‍ശാദുല്‍ ആമ്മ എന്ന പേരില്‍ കേരളീയ ശാഫിഈ പണ്ഡിതന്‍ കരിമ്പനക്കല്‍ പോക്കര്‍ മുസ്‌ലിയാര്‍ എഴുതി പ്രസിദ്ധീകരിച്ച കൃതി ചാവടിയന്തിരം, കണ്ണോക്ക്, നാല്‍പതാണ്ട് തുടങ്ങിയ അനാചാരങ്ങളെ ഇസ്‌ലാമിക വിരുദ്ധമെന്ന് വിശേഷിപ്പിച്ച് തള്ളിക്കളയുന്നു. ഹൈന്ദവ ആചാരങ്ങളുടെ സ്വാധീനമാണ് ഇവക്ക് പിറകിലെന്നും ഈ ലഘുകൃതിയില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. സയ്യിദ് അഹ്മദ് ദഹ്‌ലാന്‍ അടക്കമുള്ള ആധുനികരുടെയും പൗരാണികരുടെയും ധാരാളം വാചകങ്ങള്‍ (ഇബാറത്) അദ്ദേഹം എടുത്തുചേര്‍ത്തിട്ടുണ്ട്. 

'സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ'യുടെ സ്ഥാപകനും പ്രസിഡന്റുമായ കെ.കെ സദഖതുല്ല മൗലവിയുടെ പിതാവും പ്രമുഖ പണ്ഡിതനുമാണ് കരിമ്പനക്കല്‍ പോക്കര്‍ മുസ്‌ല്യാര്‍. അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരനും ഗുരുനാഥനുമാണ് കരിമ്പനക്കല്‍ കുഞ്ഞിപ്പോക്കു മുസ്‌ലിയാര്‍. അദ്ദേഹത്തിന്റെ പാണ്ഡിത്യവും കഴിവുകളും അവര്‍ തുറന്ന് അംഗീകരിക്കുകയും അപദാനങ്ങള്‍ വാഴ്ത്തുകയും ചെയ്തിട്ടുണ്ട്. ''താന്‍ സത്യമാണെന്ന് ഗ്രഹിച്ചതു തുറന്നു പ്രഖ്യാപിക്കുക, അതിനു വേണ്ടി ധീരധീരം നിലകൊള്ളുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം'' എന്നാണ് കുഞ്ഞിപ്പോക്കു മുസ്‌ലിയാരെക്കുറിച്ച് എഴുതിയിട്ടുള്ളത് (താജുല്‍ ഉലമാ ശൈഖുനാ കെ.കെ സദഖത്തുല്ല മൗലവി, പേജ് 33, 34). 

എന്നാല്‍, കരിമ്പനക്കല്‍ കുഞ്ഞിപ്പോക്കു മുസ്‌ലിയാരുടെ ഇര്‍ശാദുല്‍ ആമ്മ എന്ന കൃതിയിലുള്ളത് ഒറ്റപ്പെട്ട അഭിപ്രായങ്ങളാണെന്ന് വരുത്തി അതിനെ ലഘൂകരിക്കാന്‍ ചിലര്‍  ശ്രമിക്കാറുണ്ട്. അത് വസ്തുതാ വിരുദ്ധമാണ്. ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത് സദഖതുല്ല മൗലവിയുടെ പിതാവും കുഞ്ഞിപ്പോക്കു മുസ്‌ലിയാരുടെ സഹോദരനുമായ പോക്കര്‍ മുസ്‌ലിയാരാണ്. അഭിനന്ദനമെഴുതി ഒപ്പിട്ടവര്‍ തിരൂരങ്ങാടി ചാലിലകത്ത് അലീഹസന്‍ മൗലിയാര്‍, മൂന്നൂര് പടിഞ്ഞാറെ പീടിയക്കല്‍ കുഞ്ഞിമ്മു മൗലിയാര്‍ തങ്ങള്‍, കാരാറ്റില്‍ കുഞ്ഞിപ്പരി മൗലിയാര്‍, കോഡൂര്‍ മങ്കരതൊടുകയില്‍ മമ്മു മൗലിയാര്‍ തുടങ്ങിയ സമകാലികരായ പണ്ഡിതന്മാരാണ്. 

പോക്കര്‍ മൗലിയാരുടെ ആമുഖ വിവരണമിങ്ങനെ: ''നമ്മുടെ ഈ മലയാളത്തിലും മറ്റും മരിച്ചാല്‍ കഞ്ചണ്ണീര്-മറമാടിയ ചോറ്, കണ്ണോക്ക് ഓതിക്കുക, നാല്‍പത് ആണ്ട് ഇങ്ങനെ പേരുള്ള അടിയന്തരങ്ങള്‍ കഴിച്ചുവരുന്നത് എല്ലാം ശറഇല്‍ വിരോധിക്കപ്പെട്ട ബിദ്അത്താണെന്ന് ഫുഖഹാക്കന്മാരുടെ കിതാബുകളില്‍ പറഞ്ഞിട്ടുള്ളതിനെ പൂഴ്ത്തിവെച്ച് അവകള്‍ സുന്നത്താണെന്നും മറ്റും കാണിച്ചു ചില ഇബാറതുകളെ  കറ്റുകെട്ടി ഉണ്ടാക്കിയും പൊരുള്‍ മറിച്ചും പൊന്നാനി മഖ്ദൂമെന്ന് പറയുന്ന ചെറിയ പുതിയകത്ത് മുഹമ്മദ് ബാവ മൗലിയാര്‍ തങ്ങള്‍ കൊടുത്തിട്ടുള്ള ജവാബുകള്‍ക്ക് എന്റെ ജ്യേഷ്ഠന്‍ കോഡൂര്‍ വടക്കമണ്ണ ഖാസി കരിമ്പനക്കല്‍ കുഞ്ഞിപ്പോക്കു മൗലിയാര്‍ തങ്ങള്‍, അതുകളിലുള്ള ചതികളേയും മറ്റും വെളിച്ചമാക്കി എഴുതിയിട്ടുള്ള റദ്ദുല്‍ ജവാബാതില്‍ മുദില്ല (വഴിതെറ്റിക്കുന്ന ഉത്തരങ്ങളെ റദ്ദ് ചെയ്യല്‍) ....''

 

ജനാസ കൊണ്ടുപോകുമ്പോള്‍ ദിക്‌റ് ഏത്? 

കൊടികുത്ത് നേര്‍ച്ചയും മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ഉച്ചത്തില്‍ ദിക്ര്‍ ചൊല്ലുകയും ഖുര്‍ആന്‍ പാരായണം നടത്തുകയും ചെയ്യുന്നതും ശരിയല്ലെന്ന് ഫത്‌വ നല്‍കിയ പണ്ഡിതനാണ് കാടേരി മുഹമ്മദ് മുസ്‌ലിയാര്‍. ശാഫിഈ മദ്ഹബ് പിന്തുടര്‍ന്നിരുന്ന അദ്ദേഹം, ശാഫിഈ മദ്ഹബുകാര്‍ എന്ന് അവകാശപ്പെടുന്നവരുടെ അനാചാരങ്ങളെയും അവയെ പിന്തുണക്കുന്ന പണ്ഡിതന്മാരുടെ നിലപാടുകളെയും എതിര്‍ത്ത് ഫത്‌വ നല്‍കുകയുണ്ടായി. ഹിജ്‌റ 1372/1952 സെപ്റ്റംബറിലെ അല്‍ബയാനില്‍ (പുസ്തകം മൂന്ന്, ലക്കം ഒന്ന്, മുഖപ്രസംഗം) അദ്ദേഹം എഴുതി: 

''ജനാസ കൊണ്ടുപോകുമ്പോള്‍ യാതൊന്നുകൊണ്ടും ശബ്ദം ഉയര്‍ത്തല്‍ കറാഹത്താണ്. അത് ദിക്‌റ് കൊണ്ടാണെങ്കിലും (വലൗ ബിദ്ദിക്‌രി) ഖുര്‍ആന്‍ കൊണ്ടാണെങ്കിലും സ്വഹാബത്തിനാലും മറ്റു സലഫീങ്ങളാലും അറിയപ്പെട്ട സുന്നത്തിന് വിരുദ്ധമായതുകൊണ്ടാണ് ഇങ്ങനെ ദിക്‌റ് കൊണ്ടും ഖുര്‍ആന്‍ കൊണ്ടും ശബ്ദം ഉയര്‍ത്തല്‍ കറാഹത്താണെന്ന് എല്ലാ ഫിഖ്ഹിന്റെ കിതാബുകളിലും പറഞ്ഞിട്ടുള്ളത്...'' അവസാന ഭാഗത്ത് അദ്ദേഹം പറയുന്നു: ''ഇവിടെ സലഫിന്റെ നടപടിയും സുന്നത്തും വ്യക്തമായി രേഖപ്പെട്ടിരിക്കുകയും അപ്രകാരം ആചരിക്കുന്നതിനും നടക്കുന്നതിനും യാതൊരു തടസ്സമോ, ബുദ്ധിമുട്ടോ നേരിടാതിരിക്കുകയും ചെയ്യുമ്പോള്‍, ആ സുന്നത്തിന്റെ എതിരിലുള്ള അഭിപ്രായത്തെ അതിനോട് സംയോജിപ്പിക്കാന്‍ പാടുള്ളതല്ല. ഒന്നോ രണ്ടോ ആള്‍ ശബ്ദം ഉയര്‍ത്തല്‍ നല്ലതാണെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍, പത്തോ നൂറോ ആളുകള്‍ കറാഹത്താണെന്നും പറഞ്ഞിട്ടുണ്ട്. തുഹ്ഫ, നിഹായ, മുഗ്‌നി എന്നുവേണ്ട ഫിഖ്ഹിന്റെ കിതാബുകള്‍ എല്ലാം അതിനെ സ്ഥിരീകരിച്ചിട്ടുള്ളതാണ്.'' 

ഈ ലേഖനമെഴുതിയ കാരണത്താല്‍ അബുല്‍കമാല്‍ കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ക്ക് 'സമസ്ത'യില്‍ നിന്നും പുറത്ത് പോരേണ്ടിവന്നു. യഥാര്‍ഥ  ശാഫിഈ മദ്ഹബ് അനുസരിച്ച് നിലപാട് എടുത്തതിന്റെ പേരില്‍ ഒരു ശാഫിഈ പണ്ഡിതനെ, അതേ മദ്ഹബ് പിന്തുടരുന്ന പണ്ഡിത സംഘടന തള്ളിപ്പറയുന്നു! അപ്പോള്‍ യഥാര്‍ഥ ശാഫിഈ ധാര പിന്തുടരുന്നത് ആരാണ്! തുടര്‍ന്ന് അല്‍ ഫതാവാ ഫീ റഫ്‌ളിസ്സൗത്തി മഅല്‍ ജനാസ (മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ശബ്ദം ഉയര്‍ത്തുന്നതിനെ നിരാകരിക്കുന്ന ഫത്‌വ) എന്ന പേരില്‍ ഒരു ഗ്രന്ഥം അദ്ദേഹം പ്രസിദ്ധീകരിച്ചു. അതില്‍ ശാഫിഈ മദ്ഹബിലെ പ്രധാന കൃതികളിലെ ഉദ്ധരണികളും പ്രമുഖ പണ്ഡിതന്മാരുടെ ഫത്‌വകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ആ ഗ്രന്ഥത്തിന്റെ മുഖവുരയില്‍ അദ്ദേഹം എഴുതുന്നു: 

''എന്നാല്‍ പ്രിയപ്പെട്ട മുസ്‌ലിം സഹോദരന്മാരേ, ഇന്ന് ചില മുസ്‌ലിമീങ്ങള്‍ ആചരിച്ചുകൊണ്ടിരിക്കുന്ന കൊടിക്കുത്ത് നേര്‍ച്ച, ജനാസയോട് കൂടി ശബ്ദമുയര്‍ത്തല്‍ മുതലായവകളെ സംബന്ധിച്ച് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആദര്‍ശാടിസ്ഥാനത്തില്‍ മഹാന്മാരായ ഉലമാക്കന്മാര്‍ രേഖപ്പെടുത്തീട്ടുള്ളതിനെ 'അല്‍ ബയാന്‍' പത്രത്തില്‍ പത്രാധിപരെന്ന നിലക്ക് ഞാന്‍ രേഖപ്പെടുത്തിയപ്പോള്‍ അത് സുന്നത്ത് ജമാഅത്തിന് യോജിക്കാത്തതാണെന്ന് ചില സ്വാര്‍ഥമോഹികള്‍ ഹോട്ടലുകളിലും സ്റ്റേജുകളിലും തട്ടിമൂളിച്ചു സമുദായ മധ്യത്തില്‍ ഒച്ചപ്പാടും നാശങ്ങളും ഉണ്ടാക്കിത്തീര്‍ത്തു.''

''സത്യം തുറന്നു പറയുമ്പോള്‍ അസത്യം കൊണ്ട് മുതലെടുക്കുന്നവര്‍ക്ക് വേദനിക്കുന്നത് സര്‍വസാധാരണമാണല്ലോ!  എന്റെ ലേഖനം കണ്ടപ്പോള്‍ ഈ കരിഞ്ചന്തക്കാര്‍ എന്നെ ചീത്ത പറയുവാനും അവഹേളിക്കുവാനും തുടങ്ങി. എങ്കിലും ചെരിപ്പിനൊത്തു കാല്‍ മുറിക്കാന്‍ തയ്യാറില്ലെന്ന് ഞാന്‍ തീരുമാനിച്ചു. 10.12.52-ല്‍ വാളക്കുളത്ത് വെച്ചു കൂടിയ 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ'യുടെ മുശാവറ യോഗത്തില്‍ പങ്കെടുത്തിരുന്ന ചുരുക്കം ചില വ്യക്തികള്‍ പ്രസ്തുത ലേഖനങ്ങളെക്കുറിച്ച് വിമര്‍ശിക്കുകയും അവ സുന്നത്ത് ജമാഅത്തിന് നിരക്കാത്തതാണെന്നുള്ള അവരുടെ അഭിപ്രായത്തെ 'സമസ്ത ജംഇയ്യത്തി'ന്റെ സര്‍വ സമ്മതാഭിപ്രായമായി പരസ്യപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ജംഇയ്യത്തിലെ പ്രമുഖാംഗങ്ങളെല്ലാം തന്നെ ആ അഭിപ്രായത്തോട് യോജിക്കാത്തവരാണെന്നും അവരുടെ പരസ്യം അടിസ്ഥാനരഹിതമാണെന്നും ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ള തെളിവുകള്‍ മൂലം മാന്യ വായനക്കാര്‍ക്ക് ഗ്രഹിക്കാവുന്നതാണ്.  

കാലം മാറിയപ്പോള്‍ മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ പരമാവധി ഉറക്കെ മുദ്രാവാക്യം വിളിപോലെ തഹ്‌ലീല്‍ ചെല്ലുന്നതാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. വിരോധാഭാസമെന്നല്ലാതെ മറ്റെന്തുപറയാന്‍!'' 

1906-ല്‍ മലപ്പുറം ഇരുമ്പുഴിയില്‍ ജനിച്ച കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ വെല്ലൂര്‍ ബാഖിയാത്തില്‍നിന്ന് എം.എഫ്.ബി ബിരുദം നേടി. സമസ്ത മുശാവറ അംഗവും അല്‍ബയാന്‍ പത്രാധിപരുമായിരുന്നു. 1984 ല്‍ മരണപ്പെട്ടു. 

 

മഖാമുകളിലേക്കുള്ള നേര്‍ച്ചവരുമാനങ്ങള്‍

കേരളത്തിലെ ശാഫിഈ പണ്ഡിതന്മാരെ രണ്ടു ചേരിയിലാക്കി വിവാദം സൃഷ്ടിച്ച മറ്റൊരു വിഷയം മഖാമുകളില്‍ ലഭിക്കുന്ന വരുമാനം എങ്ങനെ വിനിയോഗിക്കണം എന്നതായിരുന്നു. അതു സംബന്ധമായി 1971 ഏപ്രില്‍ 16-ലെ ചന്ദ്രികയില്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ ചോദ്യത്തിനു മറുപടിയായി ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരുടേതായി ഒരു ഫത്‌വ അറബി ഉദ്ധരണികള്‍ സഹിതം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ 'സമസ്ത'യുടെ മുന്‍പ്രസിഡന്റ് കെ.കെ സഖദതുല്ല മൗലവിയും അതേകാലത്ത് പ്രസിഡന്റായിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരും ചേര്‍ന്ന് സംയുക്ത ഫത്‌വ പുറപ്പെടുവിച്ചു. 30.4.71- ലെ മലയാള മനോരമയില്‍ അത് പ്രസിദ്ധീകരിച്ചു. പതിവായി നടന്നുവരുന്ന പുണ്യകര്‍മങ്ങള്‍ക്കാണ് മഖാമിലെ വരുമാനം ഉപയോഗിക്കേണ്ടതെന്നും, മഖാമിന്റെ അഹ്‌ലുകാരാണത് എടുക്കുന്നതെങ്കില്‍ അവര്‍ക്കാണത് കൊടുക്കേണ്ടതെന്നുമാണ് ഇവരുടെ നിലപാട്. പള്ളിനിര്‍മാണം പോലെ മുസ്‌ലിംകളുടെ പൊതു ആവശ്യങ്ങള്‍ക്കാണ് മഖാമിലെ വരുമാനം ഉപയോഗിക്കേണ്ടത് എന്നായിരുന്നു അവരുടെ നിലപാട്. ഇങ്ങനെ, ഒരേ വിഷയത്തില്‍ ശാഫിഈ പണ്ഡിതര്‍ വിരുദ്ധ നിലപാടുകളെടുത്തു.

 

സകാത്തിന്റെ സംഘടിത വിതരണം

1952 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച അല്‍ബയാന്‍ അറബി മലയാള മാസികയില്‍ പി.എ അബ്ദുല്ല മൗലവി (മട്ടന്നൂര്‍) എഴുതുന്നു: ''നബി(സ)യുടെയും ഖുലഫാഉല്‍ ഇസ്‌ലാമിന്റെയും കാലങ്ങളില്‍ വിളവുകളും സ്വത്തുക്കളും പരിശോധിച്ച് സകാത്തു കണക്കാക്കുവാനും അത് വസൂലാക്കുവാനും ഉദ്യോഗസ്ഥന്മാരെ നിയമിക്കുകയും പിരിഞ്ഞു കിട്ടുന്ന സംഖ്യ ബൈത്തുല്‍ മാലില്‍ (പൊതു ഭണ്ഡാരത്തില്‍) ശേഖരിക്കുകയും അതിന്റെ അവകാശികള്‍ക്ക് നിയമാനുസൃതം വീതിച്ചു കൊടുക്കുകയുമായിരുന്നു പതിവ്. എന്നാല്‍ ഇന്ന് നമുക്ക് അങ്ങനെയുള്ള ഇസ്‌ലാമിയ ഹുകൂമത്ത് (ഇസ്‌ലാമിക ഭരണം) ഇല്ലെങ്കിലും ഓരോ ദേശക്കാരും യോജിച്ചുകൊണ്ട് മുഖ്‌ലിസുകളായ ഉലമാക്കളും വിശ്വസ്തരായ പൗരന്മാരും അടങ്ങിയ ഒരു ജംഇയ്യത്ത് (കമ്മിറ്റി) രൂപീകരിച്ച് ഇസ്‌ലാം നിര്‍ദേശിക്കുന്ന അതേ രൂപത്തില്‍ അവകാശികള്‍ക്ക് വിതരണം ചെയ്യുന്നതായാല്‍ അത് വളരെ പ്രയോജനകരമായിരിക്കുന്നതാണ്.'' 

 

ധര്‍മസ്ഥാപനങ്ങളും സകാത്തും

കേരളത്തിലെ പ്രഗത്ഭ ശാഫിഈ പണ്ഡിതനും നിരവധി പണ്ഡിതന്മാരുടെ ഗുരുവര്യനുമായ വൈത്തല അഹ്മദ്കുട്ടി മുസ്‌ലിയാരുടെ 23-3-1955-ല്‍ പ്രസിദ്ധീകരിച്ച ഫത്‌വയില്‍ അഞ്ചു വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. 1) സകാത്ത് യതീംഖാനകള്‍ക്ക് കൊടുത്താല്‍ മതിയാകും. 2) പുതുമുസ്‌ലിംകളെ സംരക്ഷിക്കുന്ന മഊനത്തുല്‍ ഇസ്‌ലാം,  തര്‍ബിയത്തുല്‍ ഇസ്‌ലാം മുതലായ സ്ഥാപനങ്ങളിലേക്ക് സകാത്ത് കൊടുത്താല്‍ അത് മതിയാകും. 3) സകാത്ത് ദായകന്റെ രാജ്യം വിട്ട് ഇതര രാജ്യങ്ങളിലേക്ക് സകാത്ത് അയക്കാന്‍ പാടുണ്ടോ ഇല്ലയോ? (പാടുണ്ടെന്ന് വിശദീകരണത്തില്‍ സമര്‍ഥിക്കുന്നു). 4) ഇതര രാജ്യക്കാര്‍ സകാത്ത് കൊടുക്കുന്ന സമയത്ത് ആ രാജ്യത്ത് ഉണ്ടായിരുന്നാല്‍ അവര്‍ക്ക് സകാത്ത് കൊടുത്താലും വീടും. 5) ഇമാം മാലികിന്റെ മദ്ഹബില്‍ ഏഴാമത്തെ കൂട്ടരായ സബീലുല്ലാഹി (ജിഹാദ് ചെയ്യുന്നവര്‍) ആരെല്ലാമാണ്? മത വിദ്യാര്‍ഥികള്‍ക്ക് സകാത്ത് നല്‍കാമെന്ന് ഇതിന്റെ വിശദീകരണത്തില്‍ പറയുന്നു. നിരവധി ഗ്രന്ഥങ്ങളിലെ ഉദ്ധരണികള്‍ വെച്ചാണ് വൈത്തല അഹ്മദ് കുട്ടി മുസ്‌ലിയാര്‍ ഇത് സമര്‍ഥിച്ചിട്ടുള്ളത്. കേരളത്തിലെ ഒരു വിഭാഗം ശാഫിഈ പണ്ഡിതരും ചില മതസംഘടനകളും പുലര്‍ത്തിവരുന്ന നിലപാടിന് വിരുദ്ധമാണ് വൈത്തലയുടെ സമീപനം. 

 

ബറാഅത്ത് നോമ്പ്: കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ ഫത്‌വ

ചോദ്യം: ബറാഅത്തിന് പ്രത്യേക നോമ്പ് സുന്നത്താണെന്ന് തൃക്കരിപ്പൂരിലെ ഒരു മുസ്‌ലിയാര്‍ വാദിക്കുന്നു. മറ്റൊരു മുസ്‌ലിയാര്‍ സുന്നത്തില്ല എന്നും വാദിക്കുന്നു. ഈ വിഷയത്തില്‍ ശാഫിഈ മദ്ഹബിന്റെ ബലപ്പെട്ട അഭിപ്രായവും തീരുമാനവും വിവരിച്ച് എഴുതിത്തരുവാന്‍ വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു. 

എന്ന്, ടി.കെ മൊയ്തു മുസ്‌ലിയാര്‍ 1.10.'78

 

ശൈഖുനായുടെ മറുപടി: 

''മേല്‍പ്പറഞ്ഞ ഇബാറത്ത് കൊണ്ട് ബറാഅത്തിന്റെ നോമ്പ് അയ്യാമുല്‍ ബീളില്‍പെട്ടതായ നിലക്ക് സുന്നത്താണെന്നല്ലാതെ സ്വന്തം ബറാഅത്തിന്റെ നോമ്പായ നിലക്ക് സുന്നത്തില്ലെന്ന് സ്ഥിരപ്പെട്ടു. എന്നാല്‍ ഇബ്‌നുമാജ (റ)ന്റെ സുന്നത്താണെന്നുള്ള ഹദീസ് ളഈഫാണ്. 

കണ്ണിയത് അഹ്മദ് മുസ്‌ലിയാര്‍, ഒപ്പ് 1.10.78

പ്രസിഡന്റ് കേരള ജംഇയ്യത്തുല്‍ ഉലമ

(ശൈഖുനാ കണ്ണിയത്ത് സ്മരണിക)

ഇപ്പോള്‍ കേരളത്തിലെ ചില ശാഫിഈ പാഠപുസ്തകങ്ങളില്‍ പോലും സുന്നത്തു നോമ്പുകളുടെ കൂടെ ബറാഅത്ത് നോമ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ശാഫിഈ പണ്ഡിതനായ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, മദ്ഹബനുസരിച്ചു തന്നെ ബറാഅത്ത് നോമ്പ് സുന്നത്തല്ല എന്ന് ഫത്‌വ നല്‍കിയിരുന്നു. 

 

നോട്ടിന്റെ സകാത്ത്

ഈ ആധുനിക ലോകത്ത് എല്ലാവിധ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി ജീവിക്കുകയും അതേസമയം, ഇന്ത്യന്‍ കറന്‍സിക്ക് സകാത്ത് കൊടുക്കേണ്ടതില്ലെന്ന് വാദിക്കുകയും ചെയ്യുന്ന 'സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ' ശാഫിഈ ധാരയിലുള്ള മത സംഘടനയാണ്. അവര്‍ പ്രസിദ്ധീകരിക്കുന്ന ബുല്‍ബുല്‍ ദശവാര്‍ഷിക പതിപ്പില്‍ കറന്‍സിയുടെ സകാത്തിനെക്കുറിച്ചെഴുതുന്നു: ''ബ്രിട്ടീഷിന്ത്യയില്‍ കടലാസ് നോട്ടുകള്‍ ഇറങ്ങിത്തുടങ്ങിയതോടെ തന്നെ ഇവിടെയും ഈ വിവാദം ആരംഭിച്ചു. വടക്കെ മലബാറിലാണ് ഇതാളിക്കത്തിയത്. ലഘുലേഖകളും രിസാലകളും നോട്ടീസുകളും മറു നോട്ടീസുകളുമെല്ലാം ഇതിന്റെ പേരില്‍ പുറത്തിറങ്ങിയിരുന്നു. നാദാപുരം കേന്ദ്രമാക്കിയാണ് ഈ വിവാദം കൊടുമ്പിരികൊണ്ടത്. പ്രശസ്ത പണ്ഡിതനും സുന്നത്ത് ജമാഅത്തിന്റെ വൈരികളുടെ പേടിസ്വപ്നവുമായിരുന്ന മര്‍ഹൂം മേപ്പിലാച്ചേരി മൊയ്തീന്‍ മുസ്‌ലിയാരായിരുന്നു ഈ വിവാദത്തിന്റെ ചുക്കാന്‍പിടിച്ചിരുന്നത്. 'നോട്ടിനു സകാത്തില്ലെന്ന് പറയുന്ന മൊയ്തീന്‍ മുസ്‌ലിയാര്‍' എന്നായിരുന്നു മഹാനര്‍ തന്നെ അപരിചിതര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയിരുന്നത്. ഇങ്ങനെ ചര്‍ച്ചയുണ്ടാക്കുകയായിരുന്നു ഉദ്ദേശ്യം. അറബ് ലോകത്ത് പ്രചാരപ്പെട്ട രണ്ടു വീക്ഷണങ്ങള്‍ തന്നെയായിരുന്നു ഇവിടത്തെ ചര്‍ച്ചയിലുമുയര്‍ന്നത്. പക്ഷേ അറബ് ലോകത്ത് നാല് മദ്ഹബുകാരായ ഉലമാക്കളും അവരവരുടെ മദ്ഹബിന്റെ വീക്ഷണപ്രകാരം വിഷയത്തെ വിലയിരുത്തി ചര്‍ച്ചചെയ്തിരുന്നതിനാല്‍ കുറെക്കൂടി വൈവിധ്യവും കൗതുകവുമുണ്ടായിരുന്നെന്നു മാത്രം. കേരളത്തിലാകട്ടെ ശാഫിഈ മദ്ഹബുകാരായിരുന്നത് കൊണ്ട് അവര്‍ തങ്ങളുടെ മദ്ഹബിന്റെ നിലപാടില്‍ നിന്നുകൊണ്ടായിരുന്നു ചര്‍ച്ച ചെയ്തിരുന്നത്. തുഹ്ഫയുടെ വ്യാഖ്യനമായ ശര്‍വാനിയില്‍ (വാള്യം 4 പേജ് 234) വിവരിച്ചിട്ടുള്ള ഉദ്ധരണിയും ശറഹു ബാഫളിലിന്റെ വ്യാഖ്യാനമായ മൗഹിബത് (വാല്യം 4, പേജ് 29, 30) ഉദ്ധരിച്ചിട്ടുള്ള വീക്ഷണവും ചുറ്റിപ്പറ്റിയായിരുന്നു കേരളത്തിലെ വിവാദം. ഈ വിവാദത്തില്‍ ശര്‍വാനിയുടേയും മൗഹിബത്തിന്റെയും ഇബാറത്തുകളെ സംയോജിപ്പിച്ചുകൊണ്ട് വ്യക്തവും ശക്തവുമായൊരു ഫത്‌വ അക്കാലത്തെ കേരളത്തിലെ കിടയറ്റ മുഫ്തിയായിരുന്ന ശംസുല്‍ ഉലമാ ഖുതുബി അവര്‍കള്‍ക്കുണ്ട്. മഹാനര്‍ വാഴക്കാട് ദാറുല്‍ ഉലൂമില്‍ സ്വദര്‍ മുദര്‍രിസായ കാലയളവിലാണ് ഫത്‌വ. 1930-കളില്‍ ഇതിനുശേഷവും ഒരു പത്തിരുപതു കൊല്ലം തന്നെ ഈ വിവാദം  വടക്കെ മലബാര്‍ കേന്ദ്രമാക്കി ഉലമാക്കള്‍ക്കിടയില്‍ നിലനിന്നുവെന്നു വേണം പറയാന്‍. കാരണം, 1951 മാര്‍ച്ച് 23, 24, 25 തീയതികളിലാണ് 'സമസ്ത' കേരള ജംഇയ്യത്തുല്‍ ഉലമയുടെ 19ാം സമ്മേളനം വടകരയില്‍ വെച്ചുനടന്നത്. അന്നത്തെ 'സമസ്ത'യിലെ പ്രഗത്ഭരും മുഫ്തിമാരുമായിരുന്ന ശൈഖുന കെ.കെ സദഖത്തുല്ല മൗലവി, മൗലാന കണ്ണിയത് അഹ്മദ് മുസ്‌ലിയാര്‍ പോലുളളവരൊന്നും ഹാജറില്ലായിരുന്നെങ്കിലും ആ സമ്മേളനത്തിലും മുശാവറയിലും നോട്ടിന്റെ സകാത്ത് ചര്‍ച്ചാവിഷയമായിരുന്നു. ബഹു: ഇ.കെ പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പറവണ്ണ, പി.എ അബ്ദുല്ല മുസ്‌ലിയാര്‍ മട്ടന്നൂര്‍ എന്നിവരായിരുന്നു സമ്മേളനത്തിന്റെ സൂത്രധാരന്മാര്‍. സമ്മേളനാധ്യക്ഷനായിക്കൊണ്ടുവന്ന മദ്രാസുകാരനായിരുന്ന മൗലവി മുഹമ്മദ് ഹബീബുല്ലയോടും ഉദ്ഘാടകനായിരുന്ന ഖലീലുല്‍ റഹ്മാന്‍ ബീഹാരിയോടും നോട്ടിനു സകാത്തുണ്ടോയെന്നു 'സമസ്ത' പണ്ഡിതന്മാര്‍ ചോദിച്ചതിന് ഉണ്ട് എന്ന് അവര്‍ മറുപടി പറഞ്ഞതായി അന്നത്തെ മുശാവറയുടെ മിനുട്‌സില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട് (ഉദ്ധരണം: സമസ്ത 65-ാം വാര്‍ഷിക സ്മരണിക, പേജ് 54). ബാലിശമായ ഈ സൂത്രപ്പണിതന്നെ ആ ഭാഗത്തു കൊടുമ്പിരിക്കൊണ്ടിരുന്ന അന്നത്തെ വിവാദത്തെ അടിച്ചു ശമിപ്പിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടായിരുന്നു. സമ്മേളനത്തിലെ പതിയുടേയും പി.എയുടെയും പ്രസംഗവും ഈ വിഷയത്തെ അധികരിച്ചായിരുന്നുവെന്നും അവരുടെയൊക്കെ മടങ്ങു മടങ്ങ് വിവരമുള്ള മേപ്പിലാച്ചേരി മൊയ്തീന്‍ മുസ്‌ലിയാരെ ളാല്ലും മുളില്ലും മനുഷ്യക്കോലത്തില്‍ പ്രത്യക്ഷപ്പെട്ട ശൈത്വാനുമായി ചിത്രീകരിച്ചുകൊണ്ടുമായിരുന്നുവെന്നും അനുഭവസ്ഥര്‍ അമര്‍ഷത്തോടെ അനുസ്മരിക്കാറുണ്ട്'' (ബുല്‍ബുല്‍ ദശവാര്‍ഷികപ്പതിപ്പ്. പേജ് 219, 220). കറന്‍സിക്ക് സകാത്തുണ്ടെന്ന വാദം വലിയ പാപമെന്ന രീതിയിലാണ് 'സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമാ' ഇവിടെ അവതരിപ്പിക്കുന്നത്. 


Comments

Other Post