Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 28

2973

1438 മുഹര്‍റം 27

മികച്ച ആയുധമണിയുന്നവര്‍

എസ്സെംകെ

മെക്‌സിക്കോയിലെ ആദിവാസി നേതാവ് മാര്‍ക്കോസുമായി ലോകപ്രശസ്ത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കോസ് നടത്തിയ സംഭാഷണത്തിനിടയില്‍ ചോദിച്ചു: ''ഇത്തരത്തിലുള്ള എല്ലാ തിരക്കുകളില്‍നിന്നും നിങ്ങള്‍ വായിക്കാനുള്ള സമയം കണ്ടെത്താറുണ്ടോ?''

ആദിവാസി നേതാവ് മാര്‍ക്കോസ് പറഞ്ഞു: ''ഉവ്വ്. ഇല്ലെങ്കില്‍ ഞങ്ങളെന്തു ചെയ്യും? പഴയ സൈനികര്‍ ഒഴിവുസമയത്ത് ആയുധങ്ങള്‍ തുടച്ചു വൃത്തിയാക്കുകയും വെടിമരുന്ന് ശേഖരിച്ചുവെക്കുകയും ചെയ്യുമായിരുന്നു. ഞങ്ങളുടെ ആയുധം വാക്കുകളാണ്. ആ ആയുധപ്പുര ഞങ്ങള്‍ക്ക് ഏതു നിമിഷവും ആവശ്യമായി വരാം.''

ഇസ്‌ലാമിക പ്രവര്‍ത്തകര്‍ എപ്പോഴും ഓര്‍ത്തുവെക്കേണ്ട വാക്കുകളാണിത്. നമ്മുടെ മൂലധനം ആദര്‍ശമാണ്. അതിനെ സംരക്ഷിക്കുകയും വികസിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്ന ആയുധം വാക്കുകളാണ്. അക്ഷരങ്ങള്‍ക്ക് മറ്റേത് ആയുധത്തേക്കാളും മൂര്‍ച്ചയുണ്ട്, ശക്തിയുണ്ട്. ആയുധം ശരീരത്തില്‍ തുളച്ചുകയറി അതിനെ ശവമാക്കുന്നു. വാക്കുകള്‍ ശരീരത്തിലും മനസ്സിലും പ്രവേശിച്ച് രണ്ടിനെയും കീഴ്‌പ്പെടുത്തുന്നു. ആയുധം മരിപ്പിക്കുന്നു. വാക്കുകള്‍ ജീവിപ്പിക്കുന്നു. ആയുധം ജീവനെയും ജീവിതത്തെയും നശിപ്പിച്ച് ഇല്ലാതാക്കുന്നു. അക്ഷരങ്ങള്‍ രണ്ടിനെയും കീഴ്‌പ്പെടുത്തി സ്വന്തമാക്കുന്നു. ശത്രുവെ മിത്രമാക്കുന്നു. അകന്നവനെ അടുപ്പിക്കുന്നു.

വിജ്ഞാനം വെളിച്ചമാണ്. അത് ജീവിതത്തിന് തെളിച്ചമേകുന്നു. മനസ്സിന് വികാസം നല്‍കുന്നു. എങ്ങും പ്രകാശം പരത്തുന്നു. നേര്‍വഴി അറിയാന്‍ ഏവര്‍ക്കും അതനിവാര്യമാണ്. അറിവിനെ അവഗണിച്ചവര്‍ എന്നും എവിടെയും പിന്നാക്കം പോയിട്ടുണ്ട്. വിജ്ഞാനത്തിന്റെ വെളിച്ചം ഉപയോഗിച്ചവര്‍ ഉന്നതിയിലേക്ക് ഉയരുകയും പുരോഗതി പ്രാപിക്കുകയുമാണുണ്ടായത്. ഇന്നോളമുള്ള ചരിത്രം ഇതിനു സാക്ഷിയാണ്. ഇന്നും വന്‍ശക്തികള്‍ ലോകത്തിന്റെ നേതാക്കളും ജേതാക്കളുമായി വിലസുന്നത് അറിവിന്റെ തിണ്ണബലത്തിലാണ്.

പുസ്തകങ്ങളാണ് അറിവിന്റെ അക്ഷയനിധി. മുന്‍ഗാമികളുടെ വിജ്ഞാനത്തിന്റെ വന്‍ശേഖരം പിന്മുറക്കാര്‍ക്ക് പകര്‍ന്നുകിട്ടുന്നത് അവയിലൂടെയാണ്. മനുഷ്യന്‍ മരിക്കും. എന്നാല്‍ അവന്‍ രചിച്ച മഹദ് ഗ്രന്ഥങ്ങള്‍ക്ക് മരണമില്ല. അത് തലമുറകളിലൂടെ നിലനില്‍ക്കും. മരണമടഞ്ഞവര്‍ മറമാടപ്പെടും. അവരുടെ ശരീരസാന്നിധ്യം അതോടെ ഇല്ലാതാകും. എന്നാല്‍ അവരുടെ മനസ്സ് തലമുറകള്‍ക്ക് വായിച്ചറിയാം. നാം നല്ല പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ അവയുടെ രചയിതാക്കളെ അനുഭവിച്ചറിയുന്നു. അവര്‍ നാമുമായി സംവദിക്കുന്നു. നമുക്ക് ശിക്ഷണം നല്‍കുന്നു. വഴികാണിച്ചുതരുന്നു. നമ്മുടെ ചിന്തയെ പ്രബുദ്ധമാക്കുന്നു. നല്ല പുസ്തകങ്ങള്‍ എപ്പോഴും നമ്മുടെ നല്ല ഗുണകാംക്ഷികളും മാര്‍ഗദര്‍ശകരുമായിരിക്കും.

അത്തരം പുസ്തകങ്ങള്‍ നമ്മെ കാലയവനികക്കുള്ളില്‍ പോയിമറഞ്ഞ മഹാന്മാരുമായി ബന്ധിപ്പിക്കുന്നു. അവയുടെ രചയിതാക്കളായ മഹാ പ്രതിഭകളുമായി നമ്മെ കൂട്ടിയിണക്കുന്നു. അവയിലൂടെ നമുക്ക് കാലം കണ്ട മഹാ ചിന്തകരുടെയും പുണ്യ പുരുഷന്മാരുടെയും കരുത്തുറ്റ പണ്ഡിതന്മാരുടെയും ആത്മഭാഷണം കേള്‍ക്കാന്‍ കഴിയുന്നു.

പുസ്തകങ്ങളിലൂടെ അവയുടെ രചയിതാക്കളായ ഏതു വിപ്ലവകാരിക്കും നമ്മുടെ കിടപ്പറയിലേക്കും സ്വീകരണ മുറിയിലേക്കും കടന്നുവരാം. ഒരു ഭരണകൂടത്തിനും അതിന്റെ മര്‍ദനോപാധികള്‍ക്കും അവരെ തടഞ്ഞുനിര്‍ത്താനാവില്ല. മണ്‍മറഞ്ഞുപോയ മഹദ് വ്യക്തികള്‍ക്കും ജീവിച്ചിരിക്കുന്ന മഹാ പണ്ഡിതന്മാര്‍ക്കും നമ്മുടെ മുമ്പിലെത്തി നമ്മുടെ ഗുരുനാഥന്മാരായി മാറാം. നല്ല ഗ്രന്ഥങ്ങളുടെ വായനയിലൂടെ ലോകം കണ്ട മഹാന്മാരായ ചിന്തകന്മാരുടെയും നവോത്ഥാന നായകരുടെയും പണ്ഡിതന്മാരുടെയും പ്രതിഭാശാലികളുടെയും വിപ്ലവകാരികളുടെയും ശിഷ്യരായി മാറാന്‍ കഴിയുന്നവരാണ് മഹാ ഭാഗ്യവാന്മാര്‍. ആശയസമരങ്ങളുടെയും ആദര്‍ശപോരാട്ടങ്ങളുടെയും മേഖലയില്‍ മികച്ച ആയുധമണിയുന്നവരും അവര്‍തന്നെ. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 17-18
എ.വൈ.ആര്‍