Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 28

2973

1438 മുഹര്‍റം 27

പരവക്കല്‍ മുഹമ്മദ് ശരീഫ്

പി. കുഞ്ഞിമുഹമ്മദ് മൗലവി വളാഞ്ചേരി

വളാഞ്ചേരിയിലെ ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു പരവക്കല്‍ മുഹമ്മദ് ശരീഫ് എന്ന ചെറിപ്പ (82). പ്രസ്ഥാനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പിന്തുണയും സഹായവും നല്‍കിയ പരവക്കല്‍ കുടുംബത്തിലെ പഴയ തലമുറയില്‍ അവശേഷിച്ച കണ്ണിയായിരുന്നു അദ്ദേഹം. 

വളാഞ്ചേരി അങ്ങാടിയിലെ നിറസാന്നിധ്യമായിരുന്നു മുഹമ്മദ് ശരീഫ്. ജമാഅത്തെ ഇസ്‌ലാമി പ്രഥമ അമീര്‍ ഹാജി വി.പി മുഹമ്മദലി സാഹിബ് പ്രവര്‍ത്തനങ്ങള്‍ വളാഞ്ചേരിയിലേക്ക് മാറ്റിയതു മുതല്‍ ബീഡിത്തെറുപ്പുകാരനായ ചെറിപ്പയും അതില്‍ ആകൃഷ്ടനായി. ഹാജി സാഹിബ് നടത്തിവന്നിരുന്ന ജംഇയ്യത്തുല്‍ മുസ്തര്‍ശിദീന്‍ ക്ലാസ്സുകളില്‍, പിതൃവ്യന്‍ ജമാഅത്ത് അംഗമായിരുന്ന കുഞ്ഞഹമ്മദ് മൊല്ലയുടെ ശ്രമഫലമായി വിദ്യാര്‍ഥിയായിരിക്കെത്തന്നെ പങ്കെടുത്തു; വൈജ്ഞാനിക ശേഷി നേടി. ഇസ്‌ലാം വിമര്‍ശകരെ നേരിടാന്‍ അദ്ദേഹം സമര്‍ഥനായിരുന്നു. പള്ളി ദര്‍സിലോ ഇസ്‌ലാമിക സ്ഥാപനങ്ങളിലോ പഠിക്കാത്ത അദ്ദേഹം യാഥാസ്ഥിതികരുമായും ബുദ്ധിജീവികളുമായും സംവദിക്കുന്നതില്‍ കഴിവ് പ്രകടിപ്പിച്ചു. പതി അബ്ദുല്‍ഖാദര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഒരുപറ്റമാളുകള്‍ പ്രസ്ഥാനത്തെ മുളയിലേ നുള്ളിക്കളയാന്‍ ശ്രമിച്ചപ്പോള്‍ അതിനെ നേരിടാന്‍ മുന്നോട്ടുവന്ന യുവപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു മുഹമ്മദ് ചെറിപ്പ. 

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മേല്‍നോട്ടത്തിലുള്ള  'മസ്ജിദുര്‍റഹ്മ'യുടെ നിര്‍മാണത്തിലും പരിപാലനത്തിലും അദ്ദേഹം അക്ഷീണം പങ്കാളിയായി. സത്യസന്ധനായ വ്യാപാരിയായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇടപാടുകളില്‍ അദ്ദേഹം സ്വീകരിച്ച നല്ല മാതൃക ജനങ്ങളെ ആകര്‍ഷിച്ചു. 

പ്രസ്ഥാന ബന്ധുക്കള്‍ക്ക് എപ്പോഴും ഒത്തുകൂടാനുള്ള വേദിയായിരുന്നു അദ്ദേഹത്തിന്റെ വീട്. ജമാഅത്തിന്റെ ആരംഭകാലം മുതല്‍ ഇവിടെ വെച്ചായിരുന്നു വനിതാ ക്ലാസുകള്‍ നടന്നിരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഈ വീടിന്റെ തൊട്ടടുത്തായിരുന്നു വളാഞ്ചേരി പോലീസ് സ്റ്റേഷന്‍. പ്രസ്ഥാന നിരോധത്തെ തുടര്‍ന്ന് അറസ്റ്റ് വരിച്ച് ലോക്കപ്പില്‍ കഴിഞ്ഞിരുന്ന പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തിന്റെ വീട്ടില്‍നിന്നാണ് ആവശ്യമായ സഹായങ്ങള്‍ ലഭിച്ചത്. ഭാര്യയും രണ്ട് ആണ്‍മക്കളും ആറ് പെണ്‍മക്കളുമുണ്ട്. 

 

എ.ബി ഖാദര്‍ ഹാജി

 

ബംഗളൂരു മലയാളികളുടെ കൂട്ടായ്മകളില്‍ സുസ്‌മേരവദനനായി എന്നും മുന്നിലുണ്ടായിരുന്ന എ.ബി ഖാദര്‍ ഹാജി ബംഗളൂരുവിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി  നിറസാന്നിധ്യമായിരുന്നു. വര്‍ഷങ്ങളായി ബംഗളൂരു എം.എം.എയുടെ ജനറല്‍ സെക്രട്ടറിയായും കെ.എം.സി.സിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം.

ഒരു അനാഥ മയ്യിത്ത് സംസ്‌കരണവുമായി ബന്ധപ്പെട്ട് 1934-ല്‍ ഒത്തുകൂടിയ ഏതാനും വ്യക്തികളുടെ ചിന്തയില്‍നിന്നാണ് ബാംഗളൂര്‍ മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ (എം.എം.എ) രൂപപ്പെടുന്നത്. 1972 മുതല്‍ ഒരു സാധാരണ പ്രവര്‍ത്തകനായി സംഘടനയില്‍ അണിചേര്‍ന്ന തൃക്കരിപ്പൂര്‍ സ്വദേശിയായ എ.ബി ഖാദര്‍ ഹാജി 1982 മുതല്‍ ജനറല്‍ സെക്രട്ടറിയായി ചുമതല വഹിച്ചുവന്നു. 

 ബംഗളൂരുവില്‍ ചികിത്സക്കും മറ്റുമായി എത്തുന്ന അശരണരും രോഗികളുമായ മലയാളികളുടെ പരാധീനതകള്‍ക്ക് പരിഹാരമെന്ന നിലക്ക് എല്ലാ വിഭാഗം ജനങ്ങളുമായി സഹകരിച്ചുകൊണ്ട് നിംഹാന്‍സ് പരിസരത്ത് ഒരഭയ കേന്ദ്രം പടുത്തുയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. 

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക വഴി സര്‍വരുടെയും ആദരം പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ചെന്നൈയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ വെള്ളപ്പൊക്ക ദുരിതങ്ങളിലും, ബംഗളൂരുവിലും പരിസരങ്ങളിലും സംഭവിച്ച നിരവധി വാഹനാപകടങ്ങളിലും തീവണ്ടി ദുരന്തങ്ങളിലുമെല്ലാം കാരുണ്യത്തിന്റെ ഹസ്തവുമായി അദ്ദേഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും സാന്നിധ്യമുണ്ടായിരുന്നു.

കക്ഷിരാഷ്ട്രീയത്തിനും സംഘടനാ പരിഗണനകള്‍ക്കും അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു ഖാദര്‍ ഹാജി. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ബംഗളൂരു കേന്ദ്രമായി ഹിറ ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ഹിറ വെല്‍ഫെയര്‍ അസോസിയേഷന്റെ സേവന പ്രവര്‍ത്തനങ്ങളെ താല്‍പര്യപൂര്‍വം വീക്ഷിക്കുകയും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്ത എ.ബി പ്രസ്ഥാനത്തിന്റെ റമദാന്‍ സംഗമം പോലുള്ള പരിപാടികളില്‍ താല്‍പര്യപൂര്‍വം സംബന്ധിച്ചിരുന്നു. ബംഗളൂരുവിലെ നിരവധി  മലയാളി കൂട്ടായ്മകളിലെ സ്ഥിരം ക്ഷണിതാവും അവയുടെ ഉറ്റമിത്രവുമായിരുന്നു അദ്ദേഹം. 

കെ. മൂസ, ബംഗളൂരു


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 17-18
എ.വൈ.ആര്‍