Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 28

2973

1438 മുഹര്‍റം 27

കയ്പും മധുരവും നിറഞ്ഞ നമ്മുടെ ഓര്‍മകള്‍

ജാസിമുല്‍ മുത്വവ്വ

നമുക്കോരോരുത്തര്‍ക്കുമുണ്ട് നിരവധി ഓര്‍മകള്‍. ജീവിതനിമിഷങ്ങള്‍ക്ക് വലിയ മൂല്യമുണ്ട്. അവ ഓര്‍മകളായിത്തീരുമ്പോഴാണ് നമുക്ക് അവയുടെ വില മനസ്സിലാവുക. ജീവിക്കുന്ന നിമിഷങ്ങള്‍ തികച്ചും സാധാരണമാണെന്ന് നമുക്ക് തോന്നാം. കുറേക്കാലം കഴിഞ്ഞ് ആ നിമിഷങ്ങളെ കുറിച്ചോര്‍ക്കുമ്പോഴാണ് അവയുടെ ആഹ്‌ളാദമൂല്യം നമുക്ക് മനസ്സിലാവുക. നമ്മുടെ കുട്ടിക്കാലത്തുള്ള ഫോട്ടോകള്‍ കണ്ടെന്നിരിക്കട്ടെ, ആ കാലത്തെ സന്തോഷം വീണ്ടെുക്കുകയായി നമ്മുടെ മനസ്സ്. ആ ചെറുപ്പകാലത്ത് അങ്ങനെയൊരു സന്തോഷം തോന്നിയില്ലല്ലോ എന്നോര്‍ക്കും അപ്പോള്‍ നാം. തനിച്ചിരുന്ന് പഴയകാല ഓര്‍മകളിലൂടെ നീന്തിത്തുടിച്ച് ആഹ്‌ളാദചിത്തരാവുന്ന പലരെയും ഞാന്‍ കണ്ടിട്ടുണ്ട്. 

മധുരമായ ഓര്‍മകളാണെങ്കില്‍ അവ മനസ്സിന് ആനന്ദവും അനുഭൂതിയും ഉളവാക്കും. കയ്പുറ്റവയാണ് അവയെങ്കില്‍ മനസ്സില്‍ അശാന്തിയും അസ്വസ്ഥതയുമാണ് സൃഷ്ടിക്കുക. നാം ജീവിക്കുന്ന ഓരോ നിമിഷത്തിലെയും സംഭവങ്ങള്‍-മധുരതരമായാലും കയ്പുറ്റതായാലും - മസ്തിഷ്‌കം അതിന്റെ സംഭരണിയില്‍ സൂക്ഷിച്ചുവെക്കുന്നുണ്ട്. ഈ ഓര്‍മകളെ മസ്തിഷ്‌കം വീണ്ടെടുക്കുകയും ഗതകാലങ്ങളിലേക്ക് നമ്മെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുമ്പോള്‍ നമ്മുടെ വിചിത്രമോ പുതുമയാര്‍ന്നതോ, ജീവിതത്തില്‍ വല്ലപ്പോഴും സംഭവിച്ചിരിക്കാവുന്നതോ ആയ കാര്യങ്ങളിലൂടെ നാം സഞ്ചരിക്കുന്നു. ഓരോ സംഭവത്തിന്റെയും പിറകില്‍ കേള്‍വി, കാഴ്ച, സ്പര്‍ശം, മണം തുടങ്ങി വിവിധ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അനേകം സംഭവങ്ങള്‍ ഓര്‍മകളില്‍ തെളിഞ്ഞുവരും. 

ചില ഓര്‍മകള്‍ അപൂര്‍വമായേ നമുക്ക് മറക്കാനൊക്കൂ. ഉദാഹരണമായി യൂനിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങ്, സമ്മാന ലബ്ധി, പുരസ്‌കാരം, പ്രിയപ്പെട്ടവരുടെ മരണം, വേദനാജനകമായ അപകടങ്ങള്‍, വിവാഹത്തിന്റെ ആദ്യദിനങ്ങള്‍, വേര്‍പാട് തുടങ്ങിയവ. ഈ ഓര്‍മകള്‍ മറക്കുക നമുക്ക് ഏറെ പ്രയാസകരമാണ്. ഈ സംഭവങ്ങള്‍ ഓര്‍മകളില്‍ സൂക്ഷിച്ചുവെക്കുന്നതില്‍ നിരവധി ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നതാണ് അതിന് കാരണം.  

വയോജനങ്ങളില്‍ സാധാരണ കണ്ടുവരുന്ന വിഷാദരോഗവും അന്യതാബോധവും ഒറ്റപ്പെടല്‍ ആധിയും ചികിത്സിക്കാന്‍ ഗൃഹാതുര ചിന്തകളെയും ഗതകാല സ്മരണകളെയും ഉപയോഗപ്പെടുത്തുന്ന ഒരു നവീനരീതി തുര്‍ക്കിയിലെ ചാരിറ്റി സൊസൈറ്റി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത്തരം രോഗികള്‍ ജനിച്ച സ്ഥലം കണ്ടെത്തി അവരുടെ സമപ്രായക്കാരും അവരും ഒന്നിച്ചു കളിക്കുകയും വളരുകയും ചെയ്ത സാഹചര്യങ്ങളുടെ പുനഃസൃഷ്ടിയാണ് ഈ സൊസൈറ്റിയുടെ പ്രവര്‍ത്തന മേഖല. തന്റെ ബാല്യകാലം ചെലവഴിച്ച പ്രദേശത്ത് വീണ്ടും അയാള്‍ക്ക് ജീവിക്കാന്‍ പറ്റുന്ന ഒരു ഫഌറ്റ് വാങ്ങിനല്‍കും ഈ സൊസൈറ്റി. ഈ പരീക്ഷണം നടപ്പിലാക്കി നോക്കിയപ്പോള്‍ പല വ്യക്തികളിലും അത്ഭുതകരമായ ഫലങ്ങള്‍ കണ്ടുതുടങ്ങി. അവരുടെ ദുഃഖനിമിഷങ്ങള്‍ സന്തോഷമുഹൂര്‍ത്തങ്ങള്‍ക്ക് വഴിമാറി. തന്റെ കഴിഞ്ഞകാല ഓര്‍മകളോടൊപ്പം സ്വകാര്യ നിമിഷങ്ങള്‍ പങ്കിടാന്‍ അവര്‍ക്കായി എന്നതാണ് അതിലെ രഹസ്യം. 

ഞാന്‍ കേട്ട രസകരമായ ഒരു കഥ. ഒരു സ്ത്രീ എന്നോട് പറഞ്ഞതാണ്. അവര്‍ താന്‍ ഏറെ സ്‌നേഹിച്ച പുരുഷനോടൊപ്പം ദീര്‍ഘകാലം ജീവിച്ചു. പിന്നീട് അവര്‍ക്ക് വേര്‍പിരിയേണ്ടിവന്നു. തങ്ങളുടെ വൈവാഹിക ജീവിതകാലത്തെ മധുരസ്മരണകള്‍ അയവിറക്കുന്നതിലാണ് അവരിപ്പോള്‍ ആനന്ദം കണ്ടെത്തുന്നത്. താന്‍ അദ്ദേഹത്തോടൊപ്പം കഴിച്ചുകൂട്ടിയ സുന്ദരകാലത്തെക്കുറിച്ച ഓര്‍മകള്‍ മധുരസ്മരണകളായി മനസ്സില്‍ ഇരമ്പിവരുമ്പോള്‍ ഏറെ സന്തോഷവതിയാവാറുണ്ടെന്ന് അവര്‍. 

കാലമേറെ കഴിഞ്ഞാലും നമ്മുടെ പൂര്‍വകാല സ്മൃതികള്‍ നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുകയും നാം അറിയാത്ത വിധം സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. പ്രായമേറെ ചെന്നിട്ടും കച്ചവടം കൈയൊഴിക്കാത്ത പലരെയും എനിക്കറിയാം. താന്‍ കുട്ടിയായിരുന്നപ്പോള്‍ കച്ചവടക്കാരനായ പിതാവിനോടൊപ്പം കടയില്‍ ഇരുന്ന ഓര്‍മകളാണ് ഒറ്റക്കാരണം. നന്നായി പാചകം ചെയ്യാനറിഞ്ഞുകൂടാത്ത ഒരു സ്ത്രീ. കുട്ടിയായിരുന്നപ്പോള്‍ ഉമ്മയോടൊപ്പം അടുക്കളയില്‍ ചെലവിട്ട നാളുകളെ കുറിച്ച ഓര്‍മകള്‍ പാചക കലയില്‍ അവരെ ഒരു വിദഗ്ധയാക്കിത്തീര്‍ത്തു. കുട്ടിക്കാലത്തെ ഓര്‍മകള്‍ നമ്മുടെ സ്മൃതിപഥത്തില്‍ മായാതെ കിടക്കുന്നുണ്ട്. പ്രായമേറെ ചെല്ലുമ്പോള്‍ ഓര്‍മകളുടെ അറകളില്‍നിന്ന് ആവശ്യമായത് നാം ശേഖരിക്കും. ജീവിതത്തില്‍ പ്രയോജനപ്പെടുത്തും. നമ്മുടെ കഴിഞ്ഞകാല ഓര്‍മകളാണ് ചാലകശക്തിയായത് എന്ന് നാം ഓര്‍ത്തെന്നുവരില്ല. മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളോട് ചെയ്യുന്നതൊന്നും വലുതായാലും അവര്‍ മറക്കില്ല. ഓര്‍മകളില്‍ അവ സൂക്ഷിച്ചുവെക്കും. ഓരോ വ്യക്തിയുടെയും ഭൂതകാലത്തിലൂടെ സഞ്ചരിച്ച് ഓര്‍മകള്‍ തപ്പിയെടുത്തു കൊടുത്ത് നിരവധി ദാമ്പത്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഓരോ വ്യക്തിയുടെയും സ്വഭാവം വിശകലനം ചെയ്യാനും ഇതുമൂലം കഴിഞ്ഞിട്ടുണ്ട്. 

നമ്മുടെ മക്കള്‍ക്ക് മധുരോദാരമായ ഓര്‍മകള്‍ ഉണ്ടാക്കാന്‍ നാം കിണഞ്ഞു ശ്രമിക്കുകയും അതിന് പദ്ധതി ആവിഷ്‌കരിക്കുകയും വേണം. അധികമധികമായ ഇടപഴക്കം, കളി, വിനോദം, വിനോദയാത്ര അങ്ങനെ പലതിലൂടെയും നമുക്ക് അവരുടെ ഓര്‍മകളെ സമ്പന്നമാക്കാം. കുഞ്ഞിന് ആരോഗ്യകരമായ ജീവിതം പ്രദാനം ചെയ്യുന്നത് ഗ്രാമീണ ജീവിതമാണ്. പുറത്തെ തുറന്ന അന്തരീക്ഷത്തില്‍ കളിച്ചുതിമിര്‍ക്കാന്‍ അവര്‍ക്കാവുമല്ലോ അവിടെ. ഇന്നത്തെ കുഞ്ഞുങ്ങള്‍ വീട്ടുതടങ്കലിലാണ്. വീട്ടിലെ മുറികളില്‍ തടവുകാരായാണ് അവര്‍ ജീവിക്കുന്നത്. അവരുടെ കളികളും വിനോദങ്ങളുമെല്ലാം ഭവന കേന്ദ്രീകൃതമാണല്ലോ. ഇത് അവരുടെ ഓര്‍മശക്തിയെയും ഓര്‍മകളെയും തകര്‍ക്കുന്നു എന്നതാണ് സത്യം. 

നബി(സ)യുമായി ബന്ധപ്പെട്ട ഒരോര്‍മ. ഖദീജ(റ)യുടെ മരണശേഷം സഹോദരി ഹാല ബിന്‍ത് ഖുവൈലിദിന്റെ ശബ്ദം പുറത്തുകേട്ടതാണ് നബി (സ). അവര്‍ വാതിലില്‍ മുട്ടി അകത്ത് വരാന്‍ നബി(സ)യോട് അനുവാദം ചോദിക്കുന്നു. ആ ശബ്ദം കേട്ടതും തട്ടിപ്പിടഞ്ഞ്  എഴുന്നേറ്റ് സന്തോഷചിത്തനായി പുറത്തേക്ക് വന്നു റസൂല്‍ (സ). കാരണം സഹോദരിയുടെ ശബ്ദം തന്റെ പത്‌നിയായിരുന്ന ഖദീജ ബിന്‍ത് ഖുവൈലിദിനെ കുറിച്ച ഓര്‍മകള്‍ ആ മനസ്സിലേക്ക് കൊണ്ടുവന്നു. അതേ ശബ്ദം. അതേ രൂപം. സുന്ദരസ്മൃതികളാല്‍ സമ്പന്നമാകട്ടെ നിങ്ങളുടെ ഓര്‍മകളുടെ അറകള്‍. 

വിവ: പി.കെ ജമാല്‍ 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 17-18
എ.വൈ.ആര്‍