Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 28

2973

1438 മുഹര്‍റം 27

ജൈവകൃഷി പ്രചാരണത്തിന്റെ മറവില്‍ ശാസ്ത്ര സത്യങ്ങള്‍ നിരാകരിക്കരുത്

പി.എ ശംസുദ്ദീന്‍ അരുക്കുറ്റി

കൃഷിയെക്കുറിച്ച് പ്രബോധനത്തില്‍ വന്ന ലേഖനങ്ങള്‍, പ്രത്യേകിച്ച് 'കാര്‍ഷിക സംസ്‌കാരത്തിന് ഇസ്‌ലാമിന്റെ സംഭാവനകള്‍' പഠനാര്‍ഹവും കാലികപ്രസക്തവുമാണ്. വളപ്രയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇബ്‌നു ഹജ്ജാജ് പറഞ്ഞ കാര്യം ശാസ്ത്രീയവും പ്രായോഗികവുമായി തെളിയിക്കപ്പെട്ടതാണ്. 'മണ്ണിനു വളം ലഭിച്ചില്ലെങ്കില്‍ അതിന്റെ ശക്തി ചോരും. വളം കൂടിയാല്‍ ചെടികള്‍ കരിഞ്ഞുപോകും. കാലം കഴിയുന്നതനുസരിച്ച് മണ്ണിന്റെ ഗുണം കുറയും. അത് പരിഹരിക്കാന്‍ വളം ചേര്‍ക്കണം' എന്ന ഇബ്‌നു ഹജ്ജാജിന്റെ പരാമര്‍ശങ്ങള്‍ പലരുടെയും സംശയങ്ങള്‍ക്കുള്ള ഉത്തരമാണ്. 

'ഈ പറമ്പില്‍നിന്ന് എത്രയോ വിളവ് ലഭിച്ചിരുന്നു. ഇപ്പോള്‍ കാര്യമായി ഒന്നും കിട്ടുന്നില്ല. കൃഷി ഒരു പാഴ്‌വേലയായി മാറുന്നു'-ഇങ്ങനെ പരാതി പറയുന്നവര്‍ ഏറെ. ഒരേ സ്ഥലത്തുതന്നെ വര്‍ഷങ്ങള്‍ തുടര്‍ച്ചയായി കൃഷിചെയ്യുമ്പോള്‍ മണ്ണിലെ സ്വാഭാവിക വളങ്ങളില്‍ കുറവുവരുന്നു. വിവിധ പോഷകങ്ങള്‍ സസ്യങ്ങള്‍ വലിച്ചെടുത്ത് അവയുടെ വളര്‍ച്ചയിലും വിളവുല്‍പാദനത്തിലും പ്രയോജനപ്പെടുത്തി വിളവിലൂടെ നമുക്ക് തിരികെ ലഭ്യമാക്കുന്നു. അപ്പോള്‍ മണ്ണിലുണ്ടായിരുന്ന സസ്യവളര്‍ച്ചക്കാവശ്യമായ സസ്യപോഷകങ്ങള്‍ ഇല്ലാതാവുന്നു. പിന്നീടത്  വിളവുല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ കുറവ് പരിഹരിക്കാനാണ് വളപ്രയോഗം നടത്തുന്നത്. ജൈവവളങ്ങളില്‍ സസ്യവളര്‍ച്ചക്കാവശ്യമായ പോഷകങ്ങള്‍ വളറെ കുറഞ്ഞ അളവിലേ അടങ്ങിയിട്ടൂള്ളൂ (ഉദാഹരണം ചാണകത്തില്‍ അര ശതമാനം നൈട്രജന്‍). എന്നാല്‍ രാസവളങ്ങളില്‍ സസ്യപോഷകങ്ങള്‍ വര്‍ധിച്ച തോതില്‍ അടങ്ങിയിട്ടുണ്ട് (ഉദാഹരണം യൂറിയയില്‍ 46 ശതമാനം നൈട്രജന്‍). അതുകൊണ്ടാണ് രാസവളങ്ങള്‍ കൃഷിയിടങ്ങളില്‍ പ്രയോഗിക്കുന്നത്. എന്നാല്‍ മണ്ണിന്റെ ഉല്‍പാദനക്ഷമത നിലനിര്‍ത്താന്‍ ജൈവവളങ്ങളും കൃഷിയില്‍ അത്യന്താപേക്ഷിതമാണ്. 

ഡോ. നിഷാദിന്റെ 'കൃഷി: നിലനില്‍പ്പിന്റെ രാഷ്ട്രീയം' എന്ന ലേഖനത്തിലെ ചില പ്രയോഗങ്ങള്‍ തെറ്റിദ്ധാരണാജനകവും അശാസ്ത്രീയവുമാണ്. 'കീടനാശിനികളും രാസവളങ്ങളും സൃഷ്ടിച്ച വിഷലിപ്തമായ ജീവിതസാഹചര്യങ്ങള്‍' എന്ന പ്രയോഗം ശരിയല്ല. ജൈവകൃഷിയുടെ പ്രചാരകരുടെയും അവരുടെ വാദങ്ങള്‍ അതേപടി ഏറ്റുപറയുന്ന ചില മാധ്യമങ്ങളുടെയും സ്ഥിരം പ്രയോഗമാണ് ഡോ. നിഷാദിന്റേതും. ഇവിടെ കീടിനാശിനികളെയും രാസവളങ്ങളെയും വെവ്വേറെ തന്നെ കാണണം. കീടനാശിനികളെ കീടങ്ങളെ ഉന്മൂലനം ചെയ്യുന്ന നശീകരണ വസ്തുവായും രാസവളങ്ങളെ സസ്യവളര്‍ച്ചക്കും വികാസത്തിനും വിളവുല്‍പാദനത്തിനും അത്യന്താപേക്ഷിതമായ വിവിധ സസ്യപോഷകങ്ങള്‍ പ്രദാനം ചെയ്യുന്ന ആഹാരവസ്തുവായും തന്നെ കാണണം. അമിതാഹാരം മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും അജീര്‍ണവും മറ്റു പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതുപോലെ, അമിത രാസവളപ്രയോഗം പരിസ്ഥിതി മലിനീകരണവും സസ്യങ്ങളുടെ അമിത തഴച്ചുവളരലിനും കരിയലിനും മറ്റും കാരണമാവും. 

ജൈവകൃഷി പ്രചരിപ്പിക്കുന്നതിന്റെ മറവില്‍ ശാസ്ത്രീയ സത്യങ്ങള്‍ നിരാകരിക്കുന്നതും സമൂഹത്തില്‍ അനാവശ്യഭീതി സൃഷ്ടിക്കുന്നതും ശരിയല്ല. 

 

 

നമസ്‌കാര സമയമായെന്ന് അറിയാന്‍ 
എത്ര ബാങ്ക് കേള്‍ക്കണം?

 

പള്ളികളിലെ ബാങ്ക് വിളി സംബന്ധമായ ചര്‍ച്ചയ്ക്ക് ചില അനുബന്ധങ്ങള്‍: പല ഗ്രാമപ്രദേശങ്ങളിലും സ്വുബ്ഹിന് അഞ്ചു-പത്തു പള്ളികളിലെ ബാങ്ക് കൃത്യമായി കേള്‍ക്കാന്‍ കഴിയും. അതില്‍ ചിലതൊക്കെ അഞ്ചും  പത്തും മിനിറ്റ് വ്യത്യാസത്തിലായിരിക്കും. 

ബാങ്ക് ഏകീകരണത്തില്‍ പൂച്ചക്കാര് മണികെട്ടും എന്നതാണ് പ്രധാനം. അടുത്തടുത്ത പള്ളികളില്‍ ബാങ്ക് കൊടുക്കുന്നത് വ്യത്യസ്ത സമയങ്ങളിലാവാന്‍ കാരണം ഓരോ പള്ളിയും ഭരിക്കുന്ന സംഘടനയുടെ പത്രമോ  അവര്‍ നടത്തുന്ന സ്ഥാപനമോ ഇറക്കുന്ന കലണ്ടറില്‍ ചേര്‍ത്ത നമസ്‌കാരസമയം വ്യത്യസ്തമാണ് എന്നതാണ്. ചിലപ്പോഴെങ്കിലും സമയവ്യത്യാസം സ്വാഭാവികം. എന്നാല്‍ പല പള്ളി നടത്തിപ്പുകാരുടെയും വിചാരം ഈ സമയങ്ങള്‍ തങ്ങളുടെ സംഘടനക്ക് പടച്ചവന്‍ നേരിട്ട് ഇറക്കിക്കൊടുത്തതിനാല്‍ അതാണ്/അത് മാത്രമാണ് ശരി എന്നാണ്! ആ സമയക്രമം പാലിക്കുന്നതില്‍ അവര്‍ കണിശക്കാരായിരിക്കും. അമുസ്‌ലിംകള്‍ പോലും പങ്കെടുക്കുന്ന പല സമൂഹ നോമ്പുതുറകളില്‍ പോലും, അടുത്ത് കേള്‍ക്കുന്ന ബാങ്കിന് നോമ്പ് തുറക്കാതെ, തന്റെ മതപാര്‍ട്ടിയുടെ പള്ളിയില്‍നിന്നുള്ള ബാങ്ക് വിളിക്കാന്‍ കാത്തിരിക്കുന്നത് എത്രമാത്രം അരോചകമാണ്! നമസ്‌കാരത്തില്‍ കണിശത പുലര്‍ത്തുന്നവര്‍ക്ക് നമസ്‌കാര സമയമായെന്ന് അറിയാന്‍ എത്ര ബാങ്ക് കേള്‍ക്കണം? ബാങ്കിന് ജവാബ് (മറുപടി) നല്‍കാന്‍, അതിന്റെ പ്രതിഫലം പറ്റാന്‍ കൃത്യമായ ഒരു ബാങ്കോ ഒരേസമയം  വ്യത്യസ്ത രൂപത്തില്‍ കൊടുക്കുന്ന ഒരുപാട് ബാങ്കുകളോ കൂടുതല്‍ ഉചിതം?

ഒരു പ്രദേശത്തു തന്നെ തുടരെത്തുടരെ ബാങ്ക് കൊടുക്കുന്നത് പൊതുപരിപാടി നടത്തുന്നവര്‍ക്കും മറ്റും ബാങ്കിന് വേണ്ടി പരിപാടി നിര്‍ത്തിവെക്കുന്നതിലും, ബാങ്കിന് ജവാബ് കൊടുക്കുന്നതിലുമൊക്കെ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. തങ്ങളുടെ പള്ളികള്‍ വെവ്വേറെയായതിനാല്‍, അത് അണികളെ ബോധ്യപ്പെടുത്താന്‍ തല്‍ക്കാലം ബാങ്കിലെങ്കിലും ഒരു വ്യത്യാസം കിടക്കട്ടെ എന്ന് കരുതി കരുതിക്കൂട്ടി വ്യത്യസ്തസമയം പാലിക്കുകയാണോ എന്ന് തോന്നിപ്പോകും പലപ്പോഴും. ഓരോ വര്‍ഷവും കലണ്ടറിറക്കുമ്പോള്‍ സമുദായനേതൃത്വം അതിനൊരു ഏകീകൃതരൂപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. ഏകീകൃത സമയം വരുമ്പോള്‍  ഒരു പള്ളിയില്‍ മാത്രം ബാങ്ക് വിളിക്കുക എന്നത് പ്രായോഗികമാക്കാന്‍ കഴിയും. ഒരു പള്ളിയില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചും മറ്റു പള്ളികളില്‍ അതില്ലാതെയും, ലൗഡ് സ്പീക്കര്‍  മഹല്ലിലെ തറവാട്ടു പള്ളിക്കു വിട്ടു കൊടുത്തും, അല്ലെങ്കില്‍ മാസാമാസം മാറിമാറി എല്ലാ പള്ളികളെയും ഏല്‍പിച്ചും പല രീതികള്‍ പരീക്ഷിക്കാവുന്നതാണ്.

മുമ്പ് കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന ഡോ. പി.ബി സലീം, കോഴിക്കോട് നഗരത്തില്‍ പലയിടങ്ങളിലായി നടന്നിരുന്ന ഈദ് ഗാഹുകള്‍ പ്രത്യേക കാരണങ്ങളാല്‍ ഏകീകരിക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിരുന്നു. വ്യത്യസ്ത ഈദ് ഗാഹുകള്‍ നടത്തിയിരുന്ന മുജാഹിദ് വിഭാഗങ്ങളും ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരും ഒരുമിച്ചിരുന്ന് നഗരത്തില്‍ ഒരു പൊതു ഈദ്ഗാഹിന് തുടക്കം കുറിച്ചു. ഒരു സ്ഥലത്ത് ഊഴമനുസരിച്ച് ഓരോ വിഭാഗവും അവരവരുടെ ഇമാമുമാരെ ഓരോ പെരുന്നാളിനും നിശ്ചയിച്ച് സംയുക്ത ഈദ് ഗാഹുകള്‍ നടത്തിവരുന്നു. 

ബാങ്കില്‍ മാത്രമല്ല ഒരേ പ്രദേശത്തെ വ്യത്യസ്ത പള്ളികളില്‍ നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങളിലും വേണം ഏകീകരണം. മുജാഹിദ് വിഭാഗങ്ങളും ജമാഅത്തും, അല്ലെങ്കില്‍ ഇ.കെ/എ.പി/ദക്ഷിണ വിഭാഗങ്ങളും രൂപത്തിലോ ഭാവത്തിലോ, ചൊല്ലുന്ന പ്രാര്‍ഥനകളിലോ ഒന്നും ഒരു വ്യത്യാസവുമില്ലാതെ ഓരോ അങ്ങാടിയിലും ഓരോ അയ്യഞ്ച് അല്ലെങ്കില്‍ പത്തു മീറ്റര്‍ അകലത്തില്‍ വെവ്വേറെ പള്ളികളില്‍ രണ്ടും മൂന്നും സ്വഫ് ആളുകളെവെച്ച് ജമാഅത്ത് നമസ്‌കാരം നടത്തുന്നു. സാധ്യമാകുന്നത്ര വിഭാഗങ്ങള്‍ ഒരുമിച്ച് ഒരു പള്ളിയില്‍ ജമാഅത്ത് നടത്തുകയാണെങ്കില്‍ കറന്റ്, വെള്ളം തുടങ്ങി ഒരുപാട് അനാവശ്യ ചെലവുകള്‍ ഒഴിവാക്കാം. ഊര്‍ജവും ലാഭിക്കാന്‍ കഴിയും. ഇതിനായി ഓരോ ആഴ്ച ഓരോ പള്ളി തെരഞ്ഞെടുത്ത് ഷെഡ്യൂള്‍ തയാറാക്കാവുന്നതുമാണ്. 

എന്തു കാരണം പറഞ്ഞാലും ഒരു നാട്ടില്‍ ഒരേ സ്ഥലത്തുനിന്ന് ഒരുപാട് ബാങ്ക് സമുദായത്തിന്റെ ശൈഥില്യത്തെയാണ് വിളിച്ചുപറയുന്നത്, മേന്മയെ അല്ല. ഒരുമിച്ചു നമസ്‌കരിക്കണമെന്ന് മാത്രമല്ല സ്വഫില്‍ വിടവുണ്ടാവരുതെന്നു പോലും കല്‍പ്പിക്കപ്പെട്ട, അത് നമസ്‌കാരത്തിനുമുമ്പ്  ഇമാമിനോട് ഉണര്‍ത്താന്‍ പഠിപ്പിക്കപ്പെട്ട സമുദായം സംഘടനകളായി പിരിഞ്ഞ് അടുത്തടുത്ത് പള്ളിയുണ്ടാക്കി, ഒരു വള്ളിക്കോ പുള്ളിക്കോ വ്യത്യാസമില്ലാതെ വേറിട്ട് ബാങ്ക് കൊടുത്തും, വിരലിലെണ്ണാവുന്ന ആളുകളെ കൂട്ടി വെവ്വേറെ 'സംഘടിത' നമസ്‌കാരങ്ങള്‍ നടത്തിയും മത്സരിക്കുന്നത് എത്രത്തോളം ഉചിതമാണ്!  

 

അബ്ദുല്‍കബീര്‍ മുണ്ടുമുഴി 

 

 

കണ്ണു നനയിച്ച കവിത

 

ഞങ്ങളുടെ കടയില്‍ വന്ന പഴയ ആഴ്ചപ്പതിപ്പുകളുടെ കെട്ട് പരതുമ്പോള്‍ 2016 മാര്‍ച്ച് 18 ലക്കം പ്രബോധനത്തിലെ അബൂബക്കര്‍ മുള്ളുങ്ങലിന്റെ 'ചോറുണ്ണുന്ന നാള്‍' എന്ന കവിത കണ്ണില്‍പെട്ടു. ആ കോപ്പി വീട്ടില്‍ കൊണ്ടുപോയി അഛനും അമ്മക്കും വായിച്ചു കേള്‍പ്പിച്ചപ്പോള്‍ അവരുടെ രണ്ടുപേരുടെയും കണ്ണുകള്‍ നനയുന്നത് ഞാന്‍ കണ്ടു.  

അമ്പതു വര്‍ഷം മുമ്പുള്ള സാഹചര്യം ആ എട്ടു വരിക്കുള്ളില്‍ നിറഞ്ഞിരിപ്പുണ്ട്. പണത്തിന്റെയും ഭക്ഷണത്തിന്റെയും ക്ഷാമം അനുഭവിച്ചിട്ടില്ലാത്ത പുതുതലമുറക്ക് സമര്‍പ്പിക്കേണ്ട ആ കവിത പ്രസിദ്ധീകരിച്ചതിന് നന്ദി. 

 

ചാത്തന്‍കുട്ടി പാപ്പാടിന്‍, കൊണ്ടോട്ടി 

 

 

ആ വരികള്‍ വേണ്ടിയിരുന്നില്ല 

 

വാല്യം 73 ലക്കം 19 ലെ അശ്‌റഫ് കാവില്‍ എഴുതിയ 'ബംഗാളി' കവിതയില്‍ അറബി പയ്യന്മാരെ പരാമര്‍ശിക്കുന്ന വരികള്‍ വേണ്ടിയിരുന്നില്ല. അറബികള്‍ പൊതുവെ നല്ലവരാണ്. അതുകൊണ്ടാണ് ലോകം അവിടേക്ക് ഒഴുകിയെത്തുന്നത്. വിദേശികളുടെ പുരോഗതിയെയും  വളര്‍ച്ചയെയും നിറഞ്ഞ ഹൃദയത്തോടെ നോക്കിക്കാണുന്നവരാണവര്‍. ആലങ്കാരികമായി പോലും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നു.  

 

അസ്ഹര്‍ സാലിം, തോളിക്കുഴി  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 17-18
എ.വൈ.ആര്‍