Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 21

2972

1438 മുഹര്‍റം 20

ചരിത്രത്തിന്റെ ഭാരം ( ഉര്‍ദുഗാന്റെ ജീവിത കഥ-1 )

അശ്‌റഫ് കീഴുപറമ്പ്

'യൂറോപ്പിലെ രോഗി'അതു പറയുമ്പോള്‍ റഷ്യയിലെ സാര്‍ ചക്രവര്‍ത്തി നിക്കളസിന്റെ മുഖത്ത് പുഛവും പരിഹാസവും. ആറു നൂറ്റാണ്ടിനു ശേഷമാണെങ്കിലും തങ്ങളെ അടക്കിവാണ ഒരു വന്‍ ശക്തിയുടെ തകര്‍ച്ച നല്‍കിയ ആഹ്ലാദവും ആ വാക്കുകളിലുണ്ടായിരുന്നു. 1844-ല്‍ തുര്‍ക്കിയെ 'യൂറോപ്പിലെ രോഗി' എന്ന് നിക്കളസ് വിശേഷിപ്പിക്കുമ്പോള്‍, പാശ്ചാത്യരുടെ ശാസ്ത്രവും സാങ്കേതിക വിദ്യയും കടമെടുത്ത് കുത്തഴിഞ്ഞു കിടക്കുന്ന തന്റെ സാമ്രാജ്യത്തെ നേരെയാക്കാനാവുമോ എന്ന പരീക്ഷണത്തിലായിരുന്നു ഉസ്മാനിയാ ഭരണാധികാരി. പക്ഷേ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. ഉസ്മാനിയാ സാമ്രാജ്യത്തിന്റെ ഓരോരോ ഭാഗങ്ങള്‍ അടുത്തടുത്ത പതിറ്റാണ്ടുകളിലായി തകര്‍ന്നുവീണു. 1923-ല്‍ പതനം പൂര്‍ത്തിയായി. ഉസ്മാനിയാ സാമ്രാജ്യം ചരിത്രത്തിന്റെ ഭാഗമായി. 

ഉസ്മാനികള്‍ പിന്‍വാങ്ങിയെങ്കിലും തുര്‍ക്കികള്‍ ബാക്കിയായി. ആരാണ് തുര്‍ക്കികള്‍? തുര്‍ക്കി ദേശത്ത് അധിവസിക്കുന്നവര്‍. തുര്‍ക്കിയും ഇസ്തംബൂളുമൊക്കെ നാഗരികതയുടെ കളിത്തൊട്ടിലായിരുന്ന ദേശങ്ങള്‍. പുരാതന കാലം മുതലെ ഇവിടെ ജനവാസമുണ്ട്. ആ ചരിത്രം ഒരുപക്ഷേ ആറ് ലക്ഷം വര്‍ഷം വരെ പിറകോട്ടുനീളും. ഗുഹാവാസികളായ മനുഷ്യര്‍ ഇവിടെ ജീവിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്. ബി.സി രണ്ടായിരത്തോടെ കിഴക്കുനിന്നും വടക്കുനിന്നും അനാത്തോലിയയിലേക്ക് ഗോത്രങ്ങളുടെ കുടിയേറ്റമുണ്ടായി. അന്നൊക്കെ തുര്‍ക്കി ദേശം അനാത്തോലി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആ ഗോത്രവര്‍ഗങ്ങളില്‍ ഹിറ്റികള്‍ക്ക് ലക്ഷണമൊത്ത ഒരു നാഗരികത വികസിപ്പിച്ചെടുക്കാന്‍ സൗഭാഗ്യമുണ്ടായി. ഹറ്റൂസയായിരുന്നു അവരുടെ തലസ്ഥാനം. ഇന്നത്തെ അങ്കാറയില്‍നിന്ന് അത്രയൊന്നും വിദൂരത്തായിരുന്നില്ല ഹറ്റൂസ. ബി.സി 1200 കഴിഞ്ഞപ്പോഴേക്കും അന്നത്തെ വന്‍ശക്തികളിലൊന്നായ ഈജിപ്ഷ്യന്‍ സാമ്രാജ്യം ഹിറ്റികള്‍ക്കെതിരെ പടനീക്കം നടത്തി. ഹിറ്റി രാഷ്ട്രം പലതായി ചിതറി. അടുത്തത് ഗ്രീക്ക് അധിനിവേശകരുടെ ഊഴമായിരുന്നു. ബി.സി ആയിരാമാണ്ടില്‍ അവര്‍ അനാത്തൊലി തീരദേശ ഗ്രാമങ്ങളെ പ്രബല നഗരങ്ങളാക്കി വളര്‍ത്തിക്കൊണ്ടുവന്നു. ബി.സി ആറാം നൂറ്റാണ്ടിലാണ് പേര്‍ഷ്യക്കാരുടെ വരവ്. അവര്‍ ഏജിയന്‍ കടല്‍ (Aegean Sea) വരെയുള്ള ഭാഗങ്ങള്‍ കൈയേറി. ബി.സി നാലാം നൂറ്റാണ്ടില്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി പേര്‍ഷ്യക്കാരെ ഓടിച്ച് ഏജിയന്‍ തീരദേശങ്ങളില്‍ ഗ്രീക്ക് ആധിപത്യം അരക്കിട്ടുറപ്പിച്ചു. 

പിന്നെ റോമക്കാര്‍ വന്ന് മെഡിറ്ററേനിയന്‍ മേഖലയൊന്നാകെ കൈപ്പിടിയിലൊതുക്കി. അതില്‍ അനാത്തൊലിയും പെട്ടു. നാഗരിക വളര്‍ച്ചയുടെ കാലമായിരുന്നു അത്. ഒട്ടേറെ ക്ഷേത്രങ്ങള്‍, സ്തൂപങ്ങള്‍, കമാനാകൃതിയുള്ള എടുപ്പുകള്‍, ദ്വീപ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങള്‍.. പിന്നെ റോമന്‍ സാമ്രാജ്യം നെടുകെ പിളര്‍ന്നപ്പോള്‍ ലാറ്റിന്‍ സംസാരിക്കുന്ന പടിഞ്ഞാറന്‍ ഭാഗത്തിന്റെ ആസ്ഥാനം റോമും, ഗ്രീക്ക് സംസാരിക്കുന്ന കിഴക്കന്‍ ഭാഗത്തിന്റെ ആസ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിളും ആയിത്തീര്‍ന്നു. ബോസ്ഫറസ് കടലിന് ചാരെയാണ് കോണ്‍സ്റ്റാന്റിനോപ്പ്ള്‍. കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയാണ് നഗരത്തിന് ആ പേര് നല്‍കിയത്. പിന്നീടത് ക്രൈസ്തവതയുടെ ആസ്ഥാന നഗരമായി മാറുകയായിരുന്നു. തെക്കന്‍ യൂറോപ്പ്, മധ്യപൗരസ്ത്യം, വടക്കനാഫ്രിക്ക എന്നിവിടങ്ങളിലേക്ക് വ്യാപിച്ച ഒരു സാമ്രാജ്യത്തിന്റെ ആസ്ഥാനം. 

സല്‍ജൂഖികള്‍ എന്നൊരു വിഭാഗമുണ്ട്. മധ്യേഷ്യയില്‍നിന്നുള്ള നാടോടികള്‍. അവരില്‍ അധികപേരും ക്രൈസ്തവ വിശ്വാസികള്‍. കോണ്‍സ്റ്റാന്റിനോപ്പ്ള്‍ ആസ്ഥാനമായുള്ള ബൈസന്റയിന്‍ സാമ്രാജ്യം തകര്‍ച്ച നേരിടുന്ന കാലം. അപ്പോഴേക്കും അറേബ്യയിലും പരിസരങ്ങളിലും ഇസ്‌ലാം അതിവേഗം പ്രചരിച്ചുകഴിഞ്ഞിരുന്നു. ബൈസന്റിയന്‍ സാമ്രാജ്യത്തിന്റെ തെക്ക് ഭാഗത്താണ് അറേബ്യന്‍ ഉപദ്വീപ്. സല്‍ജൂഖികളിലേക്കും ഇസ്‌ലാമിന്റെ പ്രചാരം നീണ്ടു. ക്രൈസ്തവതയേക്കാള്‍ അവര്‍ക്ക് ആകര്‍ഷണീയമായി തോന്നിയത് ഇസ്‌ലാമാണ്. അതവരുടെ ജീവിത വീക്ഷണത്തെയൊന്നാകെ മാറ്റിപ്പണിതു. 

പതിനൊന്നാം നൂറ്റാണ്ടിന്റെ പകുതിയായപ്പോഴേക്കും സല്‍ജൂഖികള്‍ക്ക് അവരുടേതായ ഒരു രാഷ്ട്രം രൂപപ്പെട്ടുവന്നു. ഏറക്കുറെ മധ്യേഷ്യ മുഴുവനായി വ്യാപിച്ചുകിടക്കുന്ന ഒരു രാഷ്ട്രം (സല്‍ജൂഖികളാണ് പിന്നീട് തുര്‍ക്കികള്‍ എന്നറിയപ്പെട്ടത്). 1055-ലാണ് സല്‍ജൂഖികളുടെ ചരിത്രത്തിലെ വിധിനിര്‍ണായകമായ ആ സംഭവം. അവരുടെ സുല്‍ത്താന്‍ ത്വഗ്‌റല്‍ ബേ, ഖിലാഫത്തിന്റെ ആസ്ഥാനമായ ബഗ്ദാദ് പിടിച്ചു. സല്‍ജൂഖികളുടെ അപ്രതിരോധ്യമായ മുന്നേറ്റം ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെയും ഉറക്കം കെടുത്തി. കിഴക്കന്‍ അനാത്തൊലി പ്രതിരോധിക്കാനായി അണിനിരന്ന ബൈസന്റിയന്‍ സൈന്യത്തെ, അമ്പരപ്പിക്കുന്ന ചലനവേഗതയും കൃത്യതയുമുള്ള സല്‍ജൂഖികള്‍ എളുപ്പം മറികടന്നു. വിശാലമായ അനാത്തൊലി പീഠഭൂമി അവര്‍ക്ക് സ്വന്തമായി. ക്രൈസ്തവ ലോകത്തിന്റെ ആസ്ഥാനമായ കോണ്‍സ്റ്റന്റിനോപ്പ്ള്‍ ഏതു നിമിഷവും കീഴടക്കപ്പെടാമെന്ന നില വന്നു. 

കുരിശുപടകളെ വിളിക്കുകയല്ലാതെ ബൈസാന്റിയന്‍ ചക്രവര്‍ത്തിക്ക് മറ്റു മാര്‍ഗമുണ്ടായിരുന്നില്ല. കുരിശുപോരാളികള്‍ ഒരു നൂറ്റാണ്ട് കാലത്തിലധികം സെല്‍ജൂഖികളെ തടഞ്ഞുനിര്‍ത്തി. അപ്പോഴേക്കും അവര്‍ സിറിയന്‍ സല്‍ജൂക്ക്, ഇറാഖി സല്‍ജൂഖ്, അനാത്തോലിയന്‍ സല്‍ജൂഖ് എന്നിങ്ങനെ പലതായി പിരിഞ്ഞിരുന്നു. കേന്ദ്രഭരണം ഇല്ലായിരുന്നെങ്കിലും കഠിനാധ്വാനത്തിലൂടെയും പുതിയ വ്യാപാര മാര്‍ഗങ്ങള്‍ വെട്ടിത്തെളിച്ചും സല്‍ജൂഖികള്‍ തങ്ങളുടെ അധികാരവും സ്വാധീനവും നിലനിര്‍ത്തി. 

സല്‍ജൂഖികളുടെ ചരിത്രത്തിലെ മറ്റൊരു നിര്‍ണായക വര്‍ഷമാണ് 1290. ഉസ്മാന്‍ എന്ന സല്‍ജൂഖ് പോരാളി ഉസ്മാന്‍ലി രാജവംശം സ്ഥാപിച്ച വര്‍ഷമാണത്. അതാണ് പില്‍ക്കാലത്ത് ഉസ്മാനിയാ സാമ്രാജ്യ (Ottoman Empire) മായി വികസിച്ചത്. ചുറ്റുമുള്ള പ്രദേശങ്ങളൊക്കെ ഉസ്മാനികള്‍ കൈയടക്കിയതോടെ ബൈസാന്റിയന്‍ സാമ്രാജ്യം കോണ്‍സ്റ്റാന്റിനോപ്പിളില്‍ മാത്രമായി ചുരുങ്ങി. 1453-ല്‍ ഉസ്മാനിയാ ചക്രവര്‍ത്തി മുഹമ്മദ് രണ്ടാമന്‍ കോണ്‍സ്റ്റാന്റിനോപ്പ്ള്‍ വളഞ്ഞു. ഒടുവിലത്തെ ബൈസാന്റിയന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റയ്ന്‍ പതിനൊന്നാമന് തന്റെ തലസ്ഥാന നഗരി സംരക്ഷിക്കാന്‍ ബാക്കിയായത് ഏഴായിരം സൈനികര്‍ മാത്രം. നഗരത്തെ പ്രതിരോധിച്ചിരുന്ന കോട്ടകള്‍ തകര്‍ത്തതോടെ നഗരം എളുപ്പം കീഴടങ്ങി. 

കോണ്‍സ്റ്റാന്റിനോപ്പഌണ് ഇസ്തംബൂള്‍ എന്ന പുതുപേര് സ്വീകരിച്ച് ഉസ്മാനിയാ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിത്തീര്‍ന്നത്. മക്ക, ജറുസലം, ദമസ്‌കസ്, കൈറോ, തൂനിസ്, ബ്ഗദാദ്.. ഇങ്ങനെ അക്കാലത്തെ പൗരസ്ത്യ നഗരങ്ങള്‍ ഒന്നൊന്നായി ഉസ്മാനികള്‍ക്ക് കീഴിലായി. 1529-ലെ വിയന്ന ഉപരോധത്തോടെ ഉസ്മാനികള്‍ യൂറോപ്പിലേക്കും കടന്നു. ഗ്രീസ്, റഷ്യ, പോളണ്ട്, ആസ്ട്രിയ, സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ യൂറോപ്യന്‍ ശക്തികളോടൊക്കെ ഉസ്മാനികള്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഈ പോരാട്ടങ്ങള്‍ കാലക്രമത്തില്‍ ഉസ്മാനികളെ സാമ്പത്തികമായി തളര്‍ത്തി. നവോത്ഥാനത്തിനും ജ്ഞാനോദയത്തിനും ശേഷം യൂറോപ്യര്‍ പല നിലകളില്‍ മികവ് നേടി മുന്നോട്ടു കുതിച്ചപ്പോള്‍ ശിഥിലമായിക്കൊണ്ടിരുന്ന ഉസ്മാനിയാ സാമ്രാജ്യത്തിന് ആ മേഖലകളിലൊന്നും ശ്രദ്ധയൂന്നാന്‍ പറ്റിയില്ല. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞാടുക കൂടി ചെയ്തപ്പോള്‍ ചിത്രം പൂര്‍ത്തിയായി. ഒന്നാം ലോക യുദ്ധത്തില്‍ തോറ്റമ്പിയതോടെ കൊളോണിയല്‍ ശക്തികള്‍ ഉസ്മാനീ പ്രദേശങ്ങള്‍ ഓഹരിവെച്ചെടുത്തു. ഇന്നത്തെ തുര്‍ക്കിയും ഓഹരിവെക്കാനായി അവര്‍ പടപ്പുറപ്പാട് നടത്തിയിരുന്നു. പക്ഷേ, 1915-ലെ ഗാലിപോലി യുദ്ധത്തില്‍ റഷ്യന്‍, ബ്രിട്ടീഷ്, ഗ്രീക്ക് സംയുക്ത സേനയെ തോല്‍പ്പിക്കാനായതുകൊണ്ടു മാത്രമാണ് തുര്‍ക്കി ഒരു രാഷ്ട്രമായി നിലനിന്നത്. ജീര്‍ണിച്ചുകഴിഞ്ഞിരുന്ന ഉസ്മാനിയാ ഖിലാഫത്തിനെ 1923-ല്‍ മുസ്ത്വഫാ കമാല്‍ അത്താതുര്‍ക്ക് നിഷ്‌കാസനം ചെയ്തതോടെ ആധുനിക തുര്‍ക്കി റിപ്പബ്ലിക്കിന് സമാരംഭം കുറിക്കപ്പെട്ടു. 

* * *

വൈരുധ്യത്തോളമെത്തുന്ന വൈവിധ്യങ്ങളുടെ നാട് എന്നാണ് തുര്‍ക്കിയെ പറ്റി പറയാറുള്ളത്. ഏഷ്യയുടെ ഒരു മൂലയിലാണ് തുര്‍ക്കി എന്ന ഉപദ്വീപിന്റെ കിടപ്പ്. അതിന്റെ വലിയൊരു ഭാഗം ഭൂപ്രദേശവും ഏഷ്യന്‍ വന്‍കരയിലാണ്. ഭൂപടത്തില്‍ ഒരു വിരല്‍ വലുപ്പത്തിലുള്ള ഭാഗം-ഭൂവിസ്തൃതിയുടെ മൂന്ന് ശതമാനം-യൂറോപ്പിലാണ്. ബോസ്ഫറസ് ഉള്‍ക്കടലിന്റെ ചാരത്തുള്ള ഇസ്തംബൂള്‍ നഗരമൊക്കെ യൂറോപ്യന്‍ അംശത്തിലാണ് പെടുക. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും മൂല്യസംഹിതകള്‍ തമ്മിലുള്ള സംഘര്‍ഷം ഇസ്തംബൂളിനോളം മറ്റൊരു തുര്‍ക്കി നഗരത്തിലും അനുഭവപ്പെടാത്തതിന് കാരണം ഭൂമിശാസ്ത്രപരമായ ഈ കിടപ്പ് തന്നെയാവണം. നഗരജീവിതത്തിന്റെ സംഘര്‍ഷഭരിതമായ ഈ അടിയൊഴുക്കുകള്‍ ഒര്‍ഹാന്‍ പാമുക്കിന്റെ 'ഇസ്തംബൂളി'ല്‍ നമുക്ക് വായിക്കാം. സെക്യുലരിസ്റ്റുകള്‍, കമ്യൂണിസ്റ്റുകള്‍, ദേശീയവാദികള്‍, ഇസ്‌ലാമിസ്റ്റുകള്‍ ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് പാമുക്കിന്റെ പല നോവലുകളുടെയും പ്രമേയം. ഇസ്‌ലാമിസ്റ്റുകള്‍/ സെക്യുലരിസ്റ്റുകള്‍ എന്ന ദ്വന്ദ്വത്തിലേക്ക് അതിനെ ചുരുക്കാറുണ്ടെങ്കിലും മതേതര ചേരിയിലെ തമ്മില്‍പോര് ആ വിഭജനത്തെ അപ്രസക്തമാക്കുംവിധം വളരെ രൂക്ഷമാണ്. 

ഫ്രാന്‍സിനേക്കാളും ജര്‍മനിയേക്കാളും വലുപ്പമുണ്ട് തുര്‍ക്കിക്ക്. യൂറോപ്പില്‍ റഷ്യക്ക് മാത്രമേ തുര്‍ക്കിയേക്കാള്‍ ഭൂവിസ്തൃതിയുള്ളൂ. ഭൂവിസ്തൃതിയുടെ വലിയൊരു പങ്കും അനാത്തോലിയന്‍ പീഠഭൂമി കവര്‍ന്നെടുക്കുന്നു. കുന്നുകള്‍ നിറഞ്ഞ വരണ്ട ഭൂമിയാണിത്. അതിന്റെ മൂന്നു വശവും കടലിലേക്ക് തള്ളിനില്‍ക്കുന്ന പരുക്കന്‍ പര്‍വത ശൃംഖലകള്‍. തുര്‍ക്കിയുടെ തീരദേശം നാലായിരം മൈല്‍ നീളത്തിലാണ്. വടക്ക് കരിങ്കടല്‍, അത് കഴിഞ്ഞാല്‍ റഷ്യ. പടിഞ്ഞാറ് ഏജിയന്‍ കടല്‍. നൂറുകണക്കിന് ഗ്രീക്ക് ദ്വീപുകള്‍ ഈ കടലിലാണ്. തെക്കു ഭാഗത്ത് മെഡിറ്ററേനിയന്‍ സമുദ്രം. കപ്പല്‍ വഴി ഏതു ദിക്കില്‍നിന്നും ഇങ്ങോട്ടെത്താം; പല നൂറ്റാണ്ടുകളിലായി എത്രയോ ജനവിഭാഗങ്ങള്‍ അങ്ങനെ എത്തിയിട്ടുണ്ട്. തുര്‍ക്കികള്‍ മംഗോള്‍ വംശജരായ മുസ്‌ലിംകളാണെങ്കിലും, യൂറോപ്യന്‍ മൂല്യങ്ങളുമായുള്ള ഉപദ്വീപിന്റെ ഇടപഴക്കവും സാമൂഹിക ജീവിതത്തെ വലിയൊരളവില്‍ സ്വാധീനിച്ചിട്ടുണ്ട്. മധ്യയുഗത്തില്‍ ക്രിസ്ത്യന്‍ ഭരണാധികാരികള്‍ നൂറ്റാണ്ടുകളോളം ഈ പ്രദേശം ഭരിച്ചിട്ടുമുണ്ട്. അവരുടെ ആസ്ഥാനം പോലും ഇസ്തംബൂള്‍ എന്ന കോണ്‍സ്റ്റാന്റിനോപ്പ്ള്‍ ആയിരുന്നല്ലോ. ആധുനിക ബള്‍ഗേറിയയുടെയും ഗ്രീസിന്റെയും തുര്‍ക്കിയുടെയും അതിര്‍ത്തികള്‍ സംഗമിക്കുന്ന ഭൂപ്രദേശത്തിന് മുമ്പ് ത്രെയ്‌സ് (Thrace) എന്നാണ് പറഞ്ഞിരുന്നത്. ഉസ്മാനികള്‍ യൂറോപ്പിലേക്ക് കടന്നതും യൂറോപ്യന്‍ സ്വാധീനം ഇങ്ങോട്ട് വന്നതുമെല്ലാം ത്രെയ്‌സ് വഴിക്കാണ്. 

ത്രെയ്‌സ് മേഖലയിലാണ് ഇരു ഭൂഖണ്ഡങ്ങളിലായി പരന്നുകിടക്കുന്ന ലോകത്തെ ഒരേയൊരു നഗരം-ഇസ്തംബൂള്‍. ചരിത്രമുറങ്ങുന്ന കൊട്ടാരങ്ങളുടെയും മസ്ജിദുകളുടെയും നഗരം. ബോസ്ഫറസ് ഉള്‍ക്കടലിന്റെ തീരപ്രദേശങ്ങളെ സന്ദര്‍ശകരുടെ പറുദീസയാക്കുന്ന ആ പഴയ നിര്‍മിതികളില്‍ തലയെടുപ്പുള്ളത് തോപ്പ്കാപ്പി കൊട്ടാരത്തിനു തന്നെയാണ്. ആറ് നൂറ്റാണ്ടോളം ഉസ്മാനീ ചക്രവര്‍ത്തിമാര്‍ ലോക ഗതിവിഗതികള്‍ നിയന്ത്രിച്ച ഭരണസിരാകേന്ദ്രം. 

മര്‍മറ കടലിന്റെ തെക്കോട്ട് ചെന്നാല്‍ വ്യവസായ നഗരമായ ബുര്‍സയായി. തുര്‍ക്കിയിലെ നാലാമത്തെ വലിയ നഗരം. ഏജിയന്‍ തീരദേശത്തിന്റെ ഒരറ്റത്താണ് ഇസ്മീര്‍ നഗരം. മുമ്പിത് സ്മിര്‍ന എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. തുര്‍ക്കിയിലെ മൂന്നാമത്തെ വലിയ നഗരം. ഇസ്മീര്‍ കഴിഞ്ഞാല്‍ പിന്നെ ഏജിയന്‍ കടല്‍ മെഡിറ്ററേനിയനുമായി സന്ധിക്കുന്നു.  അറബ് ബന്ധങ്ങളും സ്വാധീനവും സിറിയയിലൂടെ ഇതുവഴിയാണ് വരുന്നത്. വടക്ക് ടോറസ് പര്‍വതനിരകളിലെ കടലിനോട് ചേര്‍ന്ന സുഖവാസ കേന്ദ്രങ്ങളും മറ്റും ടര്‍ക്കിഷ് റിവിയറ എന്ന പേരില്‍ പ്രസിദ്ധം. പിന്നെ അനാത്തോലി പീഠഭൂമിയിലേക്ക് പ്രവേശിക്കുകയായി. ഏഷ്യ മൈനര്‍ എന്ന പേരിലും അറിയപ്പെടുന്നു. അത് തുര്‍ക്കിയുടെ ഹൃദയഭൂമി. ധാന്യ നിലവറ. അവിടത്തെ പ്രധാന നഗരം അങ്കാറ. തുര്‍ക്കിയുടെ തലസ്ഥാനവും രണ്ടാമത്തെ പ്രധാന നഗരവും. പടിഞ്ഞാറോട്ട് ചെല്ലുംതോറും ഉയരക്കൂടുതലുള്ള പര്‍വതങ്ങളായി. മഞ്ഞ് മൂടിക്കിടക്കുന്ന ചരിത്രപ്രസിദ്ധമായ അരാരത്ത് പര്‍വതമെത്തുമ്പോഴേക്കും ഉയരം പതിനേഴായിരം അടിയായിട്ടുണ്ടാവും. ഈ ഭാഗത്താണ് ജോര്‍ജിയ, അര്‍മേനിയ, അസര്‍ബീജാന്‍ പോലുള്ള അയല്‍ക്കാര്‍. 

അരാറത്തിന്റെ തെക്ക് ഇറാനിലേക്കും ഇറാഖിലേക്കുമുള്ള മലമ്പാതകള്‍. കുര്‍ദുകളുടെ ജന്മഭൂമി ഈ കുന്നിന്‍പ്രദേശങ്ങളാണ്. ഇവിടെ നിന്നാണ് അവര്‍ സിറിയയിലേക്കും ഇറാഖിലേക്കും ഇറാനിലേക്കും മലയിറങ്ങിയത്. കുര്‍ദ് പ്രശ്‌നം ഇന്ന് തുര്‍ക്കി ഗവണ്‍മെന്റിന്റെ വഴിത്താരകളില്‍ കീറാമുട്ടിയായി കിടക്കുന്നു. അനാത്തൊലിയുടെ വടക്കന്‍ അറ്റത്ത് പോണ്ടസ് പര്‍വതനിര. അതു കഴിഞ്ഞാല്‍ സമതലവും പിന്നെ കരിങ്കടലുമാണ്. എപ്പോഴും മഴയുള്ള ചതുപ്പു പ്രദേശമായതിനാല്‍ ഇങ്ങോട്ട് അധികം ടൂറിസ്റ്റുകള്‍ വരാറില്ല. മുക്കുവന്മാരും ചെറുകിട കച്ചവടക്കാരും കര്‍ഷകരുമൊക്കെയാണ് ഇവിടത്തെ താമസക്കാര്‍. തീരദേശങ്ങളില്‍ ട്രാബ്‌സന്‍ പോലുളള നഗരങ്ങളുണ്ട്. ട്രാബ്‌സനില്‍നിന്ന് നാല്‍പ്പതോളം മൈല്‍ കിഴക്കോട്ട് പോയാല്‍ മറ്റൊരു തീരദേശ നഗരം-റിസ്. പൈന്‍ മരങ്ങള്‍ നിരന്നു നില്‍ക്കുന്ന പച്ചപ്പാര്‍ന്ന താഴ്‌വരകള്‍ റിസിനെ സുന്ദരമാക്കുന്നു. മൂന്ന് തവണ തുര്‍ക്കി പ്രധാനമന്ത്രിയും പിന്നെ പ്രസിഡന്റുമായിത്തീര്‍ന്ന റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ കുടുംബവേരുകള്‍ റിസിലാണ് എത്തിച്ചേരുക. 

* * *

തുര്‍ക്കി ചരിത്രത്തിലേക്കും സാംസ്‌കാരിക കലര്‍പ്പുകളിലേക്കും അതിന് സഹായകമായ സവിശേഷമായ ഭൂപ്രകൃതിയിലേക്കും സൂചനകള്‍ നല്‍കിക്കൊണ്ടല്ലാതെ ആധുനിക തുര്‍ക്കിയിലെ ഒരു നേതാവിന്റെയോ മതപണ്ഡിതന്റെയോ ജീവിതകഥ പറയാനാവില്ല. ചരിത്രത്തിന്റെ ഭാരം അത്രയേറെ പേറുന്നുണ്ട് ഓരോ തുര്‍ക്കി പൗരനും. ആ ചരിത്രത്തിന്റെ തുടര്‍ച്ചയായോ അതിനോടുള്ള പ്രതികരണമായോ ഒക്കെയാണ് ഓരോ തുര്‍ക്കി നേതാവും രൂപപ്പെടുന്നത്. ഉര്‍ദുഗാനെയും രൂപപ്പെടുത്തുന്നത് ചരിത്രത്തിലെ പലതരം ധാരകളും ചാലകശക്തികളുമാണ്. അദ്ദേഹം ജനിക്കുന്നത് ആധുനിക തുര്‍ക്കി ചരിത്രത്തിലെ ഒരു നിര്‍ണായക മുഹൂര്‍ത്തത്തിലാണ്;  ആയിരത്തി തൊള്ളായിരത്തി അമ്പതുകളില്‍. കൃത്യമായി പറഞ്ഞാല്‍ 1954 ഫെബ്രുവരി 26-ന്. റിസിലെ മതബോധമുള്ള കുടുംബത്തില്‍ പിറന്ന ഉര്‍ദുഗാന്റെ പിതാവ് അഹ്മദ്, രണ്ടാം ലോകയുദ്ധത്തിന്റെ തൊട്ടുമുമ്പ് മെച്ചപ്പെട്ട ജീവിതമാര്‍ഗങ്ങള്‍ അന്വേഷിച്ച് ഇസ്തംബൂളിലേക്ക് കുടിയേറുകയായിരുന്നു. ഇസ്തംബൂളിലെ ബയോഗ്‌ലു ജില്ലയില്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കാസിംപാഷ തെരുവില്‍ അദ്ദേഹത്തിനും കുടുംബത്തിനും താമസിക്കാന്‍ ഇടംകിട്ടി. ഇവിടെ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും നടുക്കാണ് ഉര്‍ദുഗാന്‍ പിറന്നുവീഴുന്നത്.  

(തുടരും)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 14-16
എ.വൈ.ആര്‍

ഹദീസ്‌

ഗുണകാംക്ഷയുെട തലങ്ങള്‍
എം.എസ്.എ റസാഖ്‌