Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 21

2972

1438 മുഹര്‍റം 20

തീവ്രതയിലേക്ക് നയിക്കുന്നത് കാര്‍ക്കശ്യങ്ങള്‍

പി.കെ ജമാല്‍

മതശാസനകള്‍ പാലിച്ച് നിഷ്ഠയോടെ ജീവിക്കുന്ന വ്യക്തിയെ തീവ്രവാദിയെന്ന് വിളിക്കാമോ? കര്‍മശാസ്ത്രസരണിയില്‍ തനിക്ക് സ്വീകാര്യമായത് ഉള്‍ക്കൊണ്ടും താന്‍ യോഗ്യരായി ഗണിക്കുന്ന പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ക്ക് കാതോര്‍ത്തും മതപ്രതിബദ്ധത പുലര്‍ത്തി ജീവിക്കുന്നവരെ തീവ്രവാദത്തിന്റെ ചാപ്പകുത്തി വെറുക്കപ്പെട്ടവരായി അകറ്റിനിര്‍ത്തുന്നത് വിവേകമല്ല. വിശ്വാസത്തെ സംബന്ധിച്ച വിലയിരുത്തലില്‍ ഓരോ വ്യക്തിയും ജീവിച്ചുവളരുന്ന സാഹചര്യത്തിന്റെ സ്വാധീനം കാണാം. അത്രയൊന്നും പ്രതിബദ്ധത പുലര്‍ത്താത്ത ജീവിത സാഹചര്യത്തില്‍നിന്ന് വരുന്ന വ്യക്തി, മതനിഷ്ഠയില്‍ കണിശത പുലര്‍ത്തുന്ന വ്യക്തിയെ തീവ്രവാദിയായി ഗണിക്കും. നേരെ മറിച്ചും സംഭവിക്കാറുണ്ട്. മതനിഷ്ഠ പുലര്‍ത്തുന്ന വീട്ടില്‍ വളര്‍ന്ന വ്യക്തി, അത്രയൊന്നും കണിശത പുലര്‍ത്താത്ത വീട്ടിലെ വ്യക്തിയെ വിശ്വാസിയായി പോലും ഗണിക്കാന്‍ കൂട്ടാക്കുകയില്ല. സുന്നത്ത് നോമ്പനുഷ്ഠിക്കുകയോ തഹജ്ജുദ് നമസ്‌കരിക്കുകയോ ചെയ്യാത്ത യുവാവിനെ കുറിച്ച് അയാള്‍ക്ക് ആലോചിക്കാന്‍ പോലും കഴിയില്ല. ഓരോ തലമുറയും ഈ വിധത്തില്‍ അപരരെ വിലയിരുത്താറുണ്ട്. 

'പുണ്യാളന്മാരുടെ സുകൃതങ്ങള്‍ അല്ലാഹുവുമായി അടുപ്പം സിദ്ധിച്ചവരുടെ പാപകര്‍മങ്ങളായി' (ഹസനാത്തുല്‍ അബ്‌റാറി സയ്യിആത്തുല്‍ മുഖര്‍റബീന്‍) കണക്കുകുട്ടുന്ന ഒരു മനോനിലയുണ്ട്. അനസുബ്‌നു മാലിക് (റ) തന്റെ സമകാലീനരായ താബിഉകളോട് ഗതകാല സ്മരണകള്‍ അയവിറക്കി: ''നിങ്ങളിന്ന് പല കര്‍മങ്ങളും ചെയ്യുന്നുണ്ട്. നിങ്ങളുടെ കണ്ണില്‍ അവ രോമത്തേക്കാള്‍ നിസ്സാരമാണ്. പക്ഷേ നബി(സ)യുടെ കാലഘട്ടത്തില്‍ വന്‍കുറ്റമായാണ് ഞങ്ങള്‍ അവയെ ഗണിച്ചിരുന്നത്'' (ബുഖാരി). താബിഉകളുടെ കാലത്തെ മൂല്യശോഷണത്തില്‍ പരിതപിക്കുന്ന അനസുബ്‌നു മാലികിനെ ഇവിടെ നമുക്ക് കുറ്റം പറയാന്‍ പറ്റില്ല. താബിഉകളെയും പഴി പറയാന്‍ നമ്മുടെ ചരിത്രബോധം അനുവദിക്കില്ല. ലബീദുബ്‌നു റബീഅയുടെ കവിതാശകലം ഉദ്ധരിക്കുമായിരുന്നു പ്രവാചക പത്‌നി ആഇശ(റ): ''ഞാന്‍ തണല്‍ തേടിയ തലമുറയൊക്കെ പോയിമറഞ്ഞു. ചൊറിപിടിച്ച ഒട്ടകം കണക്കെയുള്ള തലമുറയില്‍ ഞാന്‍ ബാക്കിയായി.'' ആഇശ തുടര്‍ന്നുപറയും: ''ലബീദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ. ലബീദെങ്ങാനും നമ്മുടെ ഈ കാലത്താണ് ജിവിച്ചതെങ്കില്‍ എന്തായിരിക്കും പറയുക?'' ആഇശ(റ)യുടെ സഹോദരീപുത്രന്‍ ഉര്‍വത്തുബ്‌നു സുബൈര്‍ (റ) ആഇശക്കു ശേഷം ഒരുപാട് കാലം ജീവിച്ചു. അദ്ദേഹം പരിതപിച്ചിരുന്നത് ഇങ്ങനെ: ''ലബീദിനെയും ആഇശയെയും അല്ലാഹു അനുഗ്രഹിക്കട്ടെ. അവര്‍ ഇരുവരും നമ്മുടെ ഈ കാലഘട്ടത്തിലാണ് ജീവിച്ചതെങ്കില്‍ എന്താണ് കഥ!'' ചുരുക്കത്തില്‍, മതാധിഷ്ഠിത ജീവിതത്തെ തീവ്രതയായി മുദ്രകുത്തുന്നതില്‍ അര്‍ഥമില്ലെന്നും ഓരോ തലമുറയും തങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നത് ഉള്ളില്‍ തട്ടിയ മതാവബോധത്തിന്റെ തെളിവായാണ് ഗണിക്കേണ്ടതെന്നും മനസ്സിലാക്കണം. 

മുസ്‌ലിം സമൂഹത്തിലെ പാശ്ചാത്യവല്‍കൃതരും പടിഞ്ഞാറിന്റെ സംസ്‌കാരത്തില്‍ അപ്രമാദിത്വം കാണുന്നവരും ഇസ്‌ലാമിക ചിഹ്നങ്ങളെ മഹത്വവത്കരിച്ചു ജീവിക്കുന്ന വിഭാഗത്തെ തീവ്രവാദികളെന്ന് ആരോപിക്കുന്നതിലും യുക്തിയില്ല. ആഹാരം, വസ്ത്രധാരണം, വേഷവിധാനം തുടങ്ങിയവയില്‍ ഇസ്‌ലാമിക ചിട്ടകളും മര്യാദകളും മുറുകെപ്പിടിക്കുന്നവര്‍ അവരുടെ കാഴ്ചയില്‍ തീവ്രമതാഭിമുഖ്യം പുലര്‍ത്തുന്നവരാണ്. താടിവളര്‍ത്തുന്ന യുവാക്കളെയും ഹിജാബ് ധരിക്കുന്ന യുവതികളയും തീവ്രവാദികളായി മാറ്റിനിര്‍ത്താന്‍ അവര്‍ക്ക് മടിയില്ല. സമൂഹത്തിലും രാജ്യത്തും ഇസ്‌ലാമിക ശരീഅത്തിന്റെ പ്രയോഗവല്‍ക്കരണത്തിന് ശബ്ദിക്കുന്നവര്‍ അവര്‍ക്ക് തീവ്രവാദികളാണ്. വ്യക്തിയിലും സമൂഹത്തിലും കുടുംബത്തിലും രാജ്യത്തും ഇസ്‌ലാമിന്റെ സംസ്ഥാപനമെന്ന സ്വപ്‌നം ജീവിതത്തിലെ മധുരാഭിലാഷമായി കൊണ്ടുനടക്കുന്നവരും അവരുടെ ദൃഷ്ടിയില്‍ മതതീവ്രവാദികളാണ്. തങ്ങള്‍ വിശ്വസിക്കുകയും നിലകൊള്ളുകയും ചെയ്യുന്ന ആദര്‍ശത്തിന്റെയും ജീവിത രീതിയുടെയും പ്രബോധനവും പ്രചാരണവും ജീവിതവ്രതമായി സ്വീകരിച്ചവര്‍ അവര്‍ക്ക് അസ്പൃശ്യരായ തീവ്രവാദികളാണ്. 

തീവ്രവാദത്തിന്റെയും കര്‍ക്കശ സമീപനത്തിന്റെയും അടയാളമായി നാം ചൂണ്ടിക്കാട്ടുന്ന പ്രവണതകള്‍ പലതിനും, പരതിയാല്‍ പില്‍ക്കാല മതഗ്രന്ഥങ്ങളില്‍ തെളിവുകള്‍ കാണാം. ഈ തെളിവുകളുടെ അക്ഷരങ്ങളില്‍നിന്ന് പുറത്തുകടക്കാനാവാത്തവിധം ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച അജ്ഞത അവരെ അന്ധരും ബധിരരുമാക്കിത്തീര്‍ത്തിരിക്കുന്നു എന്നതാണ് സത്യം. ഗാനം, മ്യൂസിക്, ചിത്രം, ഫോട്ടോ, സംഗീതോപകരണങ്ങള്‍ തുടങ്ങി പലതിലും ഹറാം ഫത്‌വ ഇറക്കുന്നവര്‍, മറുവിഭാഗത്തിന്റെ തെളിവുകള്‍ പരിശോധിക്കാന്‍ പോലും മുതിരാത്തവരാണ്. അല്ലെങ്കില്‍ തങ്ങളുടെ വശമുള്ള തെളിവുകളുടെ ആധികാരികതയില്‍ കണ്ണടച്ചു വിശ്വസിക്കുന്നവരാണ്. 

എന്താണ് തീവ്രവാദം? ഒരാളെ തീവ്രവാദിയായി മുദ്രകുത്തുക എളുപ്പമാണ്. പക്ഷേ അയാള്‍ ആ വിളിപ്പേരിന് അര്‍ഹനാണോ എന്ന് പരിശോധിക്കേണ്ടത് നമ്മുടെ നീതിബോധത്തിന്റെ താല്‍പര്യമാണ്. 

 

തീവ്രവാദം ഉടലെടുക്കുന്നത്

ഒന്ന്, തന്റെ അഭിപ്രായങ്ങളില്‍ കടുംപിടിത്തം കൈക്കൊള്ളുന്നതോടൊപ്പം മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് നിലനില്‍ക്കാനുള്ള അര്‍ഹത പോലും ഇല്ലെന്ന് ഒരാള്‍ ധരിച്ചുവശായാല്‍ തീവ്രവാദത്തിന്റെ ലക്ഷണം അയാളില്‍ കണ്ടുതുടങ്ങി എന്ന് മനസ്സിലാക്കണം. തന്റെ ധാരണകള്‍ എന്തുവന്നാലും തിരുത്തുകയില്ല എന്ന ശാഠ്യത്തോടെ പ്രമാണങ്ങളുടെ അക്ഷരങ്ങളില്‍ അഭിരമിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍. പൊതുതാല്‍പര്യമോ ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളോ ജീവിക്കുന്ന സാഹചര്യങ്ങളോ മുന്നില്‍വെച്ച് പ്രമാണങ്ങളെ കാണുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ടെന്ന സത്യം അംഗീകരിക്കാന്‍ അവര്‍ കൂട്ടാക്കില്ല. മറ്റുള്ളവരുമായി സൃഷ്ടിപരമായ സംവാദത്തിലും ചര്‍ച്ചകളിലും ഏര്‍പ്പെട്ട് ശരിയായ നിലപാടുകളില്‍ എത്തണമെന്ന ചിന്ത പോലും അവരുടെ മനസ്സിലൂടെ കടന്നുപോകില്ല. ഇമാം ശാഫിഈയുടെ ഒരു വിശ്രുത വചനമുണ്ട്: ''എന്റെ അഭിപ്രായം ശരി തന്നെ. പക്ഷേ അത് തെറ്റാവാനുള്ള സാധ്യതയുണ്ട്. അപരന്റെ അഭിപ്രായം തെറ്റാണ്. പക്ഷേ അത് ശരിയാവാനുള്ള സാധ്യത തള്ളിക്കൂടാ.'' ശാഫിഈയുടെ ഈ പ്രസ്താവന അദ്ദേഹത്തിന്റെ വിശാലചിന്തയുടെയും സഹിഷ്ണുതാ ബോധത്തിന്റെയും മികച്ച തെളിവാണ്. 

തന്റെ അഭിപ്രായത്തിന്റെ വരുതിയില്‍ വരാത്തവരെ അപഹസിക്കാനും കഴിയുമെങ്കില്‍ അവരെ ഇസ്‌ലാമിന്റെ വേലിക്കു പുറത്ത് നിര്‍ത്താനും ധൃഷ്ടരാവുന്ന ഈ വിഭാഗത്തെക്കുറിച്ച് ചിന്താ ഭീകരതയുടെ ആള്‍രൂപങ്ങള്‍ എന്നു പറയേണ്ടിവരും. 

രണ്ട്, ലാളിത്യത്തിന്റെയും എളുപ്പത്തിന്റെയും രീതി സ്വീകരിക്കാന്‍ തുറന്ന അനുമതി ഉണ്ടെന്നിരിക്കിലും കാര്‍ക്കശ്യത്തിന്റെ അയവില്ലാത്ത വഴി തേടിപോകുന്ന പ്രവണതയുണ്ട് ചിലര്‍ക്ക്. അല്ലാഹു നല്‍കിയ ഇളവുകളും സൗകര്യങ്ങള്‍ പോലും സ്വയം നിരാകരിച്ച്, മറ്റുള്ളവരെയും തന്റെ രീതിയിലേക്ക് നിര്‍ബന്ധിച്ചുകൊണ്ടുവരുന്ന സമീപനം തീവ്രവാദത്തിന്റെ അടയാളമായി കണക്കാക്കാം. ''നിങ്ങള്‍ എളുപ്പമാണ് ഉണ്ടാക്കേണ്ടത്. ഞെരുക്കവും പ്രയാസവും ഉണ്ടാക്കരുത്.'' ഇത് നബിയുടെ നിര്‍ദേശമാണ്. പ്രവാചകന്‍ തുടര്‍ന്നു: ''നിങ്ങള്‍ ജനങ്ങള്‍ക്ക് സന്തോഷം നല്‍കണം. അവരെ വെറുപ്പിക്കരുത്.'' ''തന്റെ ദാസന്‍ താന്‍ നല്‍കിയ ഇളവുകള്‍ സ്വീകരിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു. തന്നോടുള്ള അനുസരണക്കേട് അവന്‍ വെറുക്കുന്നതുപോലെത്തന്നെ.'' ''അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്, നിങ്ങള്‍ക്ക് ഞെരുക്കം അവന്‍ ആഗ്രഹിക്കുന്നില്ല'' (അല്‍ബഖറ 158). 

സ്വകാര്യജീവിതത്തില്‍ പോലും കഠിനവും കര്‍ക്കശവുമായ നിലപാടുകളെ പ്രോത്സാഹിപ്പിക്കാത്ത ഇസ്‌ലാം ഒരു വ്യക്തിയോ വ്യക്തികളുടെ കൂട്ടായ്മയോ ഒരു സമൂഹത്തെ തങ്ങളുടെ ഇത്തരം സമീപനങ്ങളിലേക്ക് നിര്‍ബന്ധിച്ച് നയിക്കുന്നത് എങ്ങനെ പൊറുക്കും! പ്രവാചകന്റെ ദൗത്യമായി അല്ലാഹു ചൂണ്ടിക്കാട്ടിയതിങ്ങനെ: ''നല്ലവയെയെല്ലാം നിങ്ങള്‍ക്ക് അനുവദനീയമാക്കിത്തരുന്ന, ചീത്തയായതെല്ലാം നിങ്ങള്‍ക്ക് നിഷിദ്ധമെന്ന് വിധിക്കുന്ന, നിങ്ങളുടെ മേല്‍ വന്നുപതിച്ചിട്ടുള്ള ഭാരങ്ങളും ചങ്ങലക്കെട്ടുകളുമെല്ലാം ഇറക്കിവെക്കുന്ന പ്രവാചകന്‍...'' (അല്‍അഅ്‌റാഫ് 156). 

അബ്ദുല്ലാഹിബ്‌നു മസ്ഊദ് അനുസ്മരിക്കുന്നു. ഒരാള്‍ വന്ന് നബിയോട് പരാതിപ്പെട്ടു: ''അല്ലാഹുവിന്റെ ദൂതരേ! ഇന്ന വ്യക്തി ദീര്‍ഘമായി ഓതുന്നത് സഹിക്കവയ്യാഞ്ഞിട്ടാണ് ഞാന്‍ പ്രഭാതനമസ്‌കാരത്തിന് വൈകി ചെല്ലുന്നത്.'' ആ ദിവസം നബി ക്രുദ്ധനായ പോലെ നബിയെ ഒരിക്കലും ദേഷ്യത്തോടെ താന്‍ കണ്ടിട്ടില്ലെന്ന് ഇബ്‌നു മസ്ഊദ് ഓര്‍ക്കുന്നു. തുടര്‍ന്ന് നബി പറഞ്ഞു: ''ജനങ്ങളേ, നിങ്ങളിലുണ്ട് ആളുകളെ വെറുപ്പിക്കുന്നവര്‍. ആരെങ്കിലും ജനങ്ങള്‍ക്ക് ഇമാമായി നമസ്‌കരിക്കുകയാണെങ്കില്‍ അയാള്‍ ചുരുക്കട്ടെ, ലഘൂകരിക്കട്ടെ. കാരണം ദുര്‍ബലരും മുതിര്‍ന്നവരും മറ്റാവശ്യങ്ങള്‍ക്ക് പോവേണ്ടവരും എല്ലാം ഉണ്ടാവും പിറകില്‍.'' ജനങ്ങള്‍ക്ക് ഇമാം നിന്നപ്പോള്‍ ദീര്‍ഘമായി നമസ്‌കരിച്ച മുആദിനോട് മൂന്നു വട്ടമാണ് ചോദിച്ചത്: ''മുആദേ, കുഴപ്പമുണ്ടാക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണോ നിങ്ങള്‍?'' അനസുബ്‌നു മാലിക് വീണ്ടും. റസൂല്‍ പറഞ്ഞു: ''ദീര്‍ഘമായി നമസ്‌കരിക്കണമെന്നുദ്ദേശിച്ചാണ് ഞാന്‍ നമസ്‌കാരത്തില്‍ പ്രവേശിക്കുക. അപ്പോഴായിരിക്കും കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നത്. കുഞ്ഞിന്റെ കരച്ചില്‍ ഉമ്മയുടെ ഹൃദയത്തില്‍ ഉണ്ടാക്കുന്ന പ്രയാസമോര്‍ത്ത് ഞാന്‍ നമസ്‌കാരം വേഗം തീര്‍ക്കും'' (ബുഖാരി). 

സുന്നത്തുകളും ഐഛിക കര്‍മങ്ങളും ഫര്‍ളുകളാണെന്ന ഭാവേന ജനങ്ങളെ വിമര്‍ശിക്കുകയും വിചാരണ നടത്തുകയും ചെയ്യുന്നതും ഇസ്‌ലാം അനുവദിക്കാത്ത കാഠിന്യം തന്നെയാണ്. കറാഹത്തായ കാര്യങ്ങള്‍ ഹറാമായും സുന്നത്തായ കാര്യങ്ങള്‍ ഫര്‍ളായും ഗണിച്ച് ജനങ്ങളുടെ മുഖത്തേക്കും കാലുകളിലേക്കും നോക്കി ചോദ്യശരങ്ങള്‍ എയ്യുന്നവരും കണ്ണുരുട്ടുന്നവരും ഇസ്‌ലാമിന്റെ സന്തുലിത സമീപനത്തെ അട്ടിമറിക്കുന്ന കര്‍ക്കശവാദികളാണ്. ഇവരുടെ സമീപനങ്ങള്‍ പുതുതലമുറയില്‍ തീര്‍ച്ചയായും ഇസ്‌ലാമിനോട് ആകര്‍ഷണമല്ല, വികര്‍ഷണമാണുണ്ടാക്കുക. നബിവചനങ്ങളുടെ ഊന്നലുകളും മുന്‍ഗണനാക്രമങ്ങളും അട്ടിമറിക്കുന്ന ഈ വിഭാഗം ഒരു പ്രത്യേക 'കള്‍ട്ടി'നെ പ്രോത്സാഹിപ്പിക്കുന്നു. ഈ കെട്ടകാലത്ത് നിര്‍ബന്ധ കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും കൊടിയ കുറ്റകൃത്യങ്ങള്‍ വര്‍ജിക്കുകയും വിശിഷ്ട സ്വഭാവ മൂല്യങ്ങള്‍ മുറുകെ പിടിക്കുകയും ചെയ്യുന്നവര്‍ ഇസ്‌ലാമിന്റെ അണികളില്‍പെട്ടവര്‍ തന്നെയാണെന്ന് അംഗീകരിക്കാന്‍ നാം തയാറാവണം. അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള കൂറുകൊണ്ടാണല്ലോ അയാള്‍ ഈ വിധം ജീവിക്കുന്നത്. ചെറിയ ചെറിയ വീഴ്ചകള്‍ ഉണ്ടെന്നാലും അവയെ കവച്ചുവെക്കുന്ന നന്മകള്‍ അയാളില്‍ ഉണ്ടല്ലോ. അഞ്ച് നേരത്തെ നമസ്‌കാരവും നോമ്പും ജുമുഅയും എല്ലാം നിഷ്ഠയോടെ കൊണ്ടുനടക്കുന്ന സാമാന്യ ജനത്തിന്റെ വീഴ്ചകളും കുറ്റങ്ങളും അല്ലാഹു പൊറുക്കുമെന്ന് വിശ്വസിക്കാനാണ് തെളിവുകള്‍. ''തീര്‍ച്ചയായും സല്‍ക്കര്‍മങ്ങള്‍ ചീത്ത കൃത്യങ്ങളെ പോക്കിക്കളയുന്നു'' (ഹൂദ് 114). 

''നിങ്ങളോട് നിരോധിക്കപ്പെടുന്ന വന്‍കുറ്റങ്ങള്‍ വര്‍ജിക്കുകയാണെങ്കില്‍ നിങ്ങളുടെ ദുഷ്‌കൃത്യങ്ങള്‍ക്ക് നാം പരിഹാരമുണ്ടാകും. അന്തസ്സാര്‍ന്ന ഇടങ്ങളില്‍ നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യും'' (അന്നിസാഅ് 31). കാര്‍ക്കശ്യത്തിന്റെയും ശാഠ്യത്തിന്റെയും വഴിതേടി പോകുന്നവര്‍, ഇസ്‌ലാമിന്റെ മുഖമുദ്രയായ ലാളിത്യത്തിന്റെയും മിതത്വത്തിന്റെയും മാര്‍ഗത്തില്‍നിന്ന് ജനങ്ങളെ അകറ്റുകയും ദൈവിക മതത്തിന് അനഭിലഷണീയമായ ഭാഷ്യങ്ങള്‍ രചിക്കുകയുമാണ്. 

മൂന്ന്, ഓരോ രാജ്യത്തിന്റെയും സമൂഹത്തിന്റെയും പ്രത്യേകതകള്‍ മനസ്സിലാക്കി വേണം പ്രബോധന പ്രവര്‍ത്തനങ്ങളിലെ മുന്‍ഗണനാക്രമങ്ങള്‍ നിശ്ചയിക്കുന്നത്. മണ്ണറിഞ്ഞ് വിത്തിടുന്ന ശൈലിയാണ് പ്രവാചകന്‍ പ്രോത്സാഹിപ്പിച്ചത്. മുആദിനെ യമനിലേക്കയച്ചപ്പോള്‍ നബി നല്‍കിയ ഉപദേശം ഇവിടെ പ്രസക്തമാണ്: ''താങ്കള്‍ പോകുന്നത് വേദക്കാരായ ഒരു വിഭാഗത്തിലേക്കാണ്. അവരെ താങ്കള്‍ ക്ഷണിക്കേണ്ടത് അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നുമുള്ള സാക്ഷ്യവചനത്തിലേക്കാണ്. അത് അവര്‍ അംഗീകരിച്ചാല്‍ രാവിലും പകലിലുമായി അഞ്ച് നേരങ്ങളിലെ നമസ്‌കാരം അല്ലാഹു നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് അവരെ അറിയിക്കുക. അത് അവര്‍ സ്വീകരിച്ചാല്‍ അവരിലെ സമ്പന്നരില്‍നിന്ന് എടുത്ത് അവരിലെ ദരിദ്രര്‍ക്ക് കൊടുക്കുന്ന ദാനധര്‍മങ്ങള്‍ അല്ലാഹു അവര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് അവരെ അറിയിക്കുക...'' (ബുഖാരി, മുസ്‌ലിം). പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പുലര്‍ത്തേണ്ട അവധാനതയും മനഃശാസ്ത്രപരമായ സമീപനവുമാണ് മുഖ്യമെന്ന് നബിയുടെ ഈ നിര്‍ദേശം വ്യക്തമാക്കിത്തരുന്നു. ഇത്തരം നിര്‍ദേശങ്ങള്‍ അട്ടിമറിക്കപ്പെടുകയും ഓരോരുത്തരും തങ്ങള്‍ക്ക് ഹിതകരമായ രീതികള്‍ അവലംബിക്കുകയും ചെയ്യുമ്പോള്‍ തീവ്രവാദത്തിന് മണ്ണൊരുങ്ങുന്നു. അനുചിതമായ കാര്‍ക്കശ്യമനോഭാവമാണ് ചികിത്സിക്കപ്പെടേണ്ടത്. 

നാല്, സൗമ്യവും സരളവും ഹൃദ്യവുമായ സംസാരത്തിനും സമീപനത്തിനും പകരം പരുക്കന്‍ രീതികള്‍ സ്വീകരിക്കുന്ന പ്രവണത മതോന്മാദത്തിന്റെ ലക്ഷണമാണ്. പ്രവാചകന്റെ സൗമ്യഭാവത്തെ വാഴ്ത്തിയ ഖുര്‍ആന്‍ കടുത്ത പ്രതിയോഗികളോടു പോലും സൗമ്യസമീപനം സ്വീകരിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഒരു കഥയുണ്ട്. ഖലീഫ ഹാറൂന്‍ റശീദിനെ ഉപദേശിക്കാന്‍ ചെന്നയാള്‍: ''ഞാന്‍ താങ്കളോട് ചില കാര്യങ്ങള്‍ ഉപദേശിക്കുകയാണ്. എന്റെ വാക്കുകള്‍ അല്‍പം പരുഷമായി പോകും. അത് അങ്ങ് സഹിച്ചേ പറ്റൂ.'' ഹാറൂന്‍ റശീദ്: ''അങ്ങനെ സഹിക്കുമെന്ന് കരുതേണ്ട. നിങ്ങളേക്കാള്‍ ഉത്തമനായ വ്യക്തിയെ എന്നേക്കാള്‍ ചീത്തയായ വ്യക്തിയുടെ അടുത്തേക്കയച്ചപ്പോള്‍ പോലും സൗമ്യമായി സംസാരിക്കാനാണ് അല്ലാഹു നിര്‍ദേശിച്ചത്. മൂസയേക്കാള്‍ ശ്രേഷ്ഠനല്ല താങ്കള്‍. ഫിര്‍ഔനേക്കാള്‍ മോശക്കാരനല്ല ഞാന്‍.'' മതവിഷയങ്ങളില്‍ അവഗാഹമില്ലെന്നിരുന്നാലും എവിടെനിന്നോ കേട്ട ചില ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും വെച്ച് പണ്ഡിതനോടും പാമരനോടും ചെറിയവനോടും വലിയവനോടുമെല്ലാം വാദപ്രതിവാദങ്ങളും ഖണ്ഡനമണ്ഡനങ്ങളും നടത്തി കത്തിക്കയറുന്നവരെ കാണാം. മതതീവ്രത തലക്കു പിടിച്ച ഇക്കൂട്ടര്‍ ഇസ്‌ലാമിനേല്‍പ്പിക്കുന്ന ആഘാതം കനത്തതാണ്. 

അഞ്ച്, ഇനിയും ഒരു വിഭാഗം ദോഷൈകദൃക്കുകളാണ്. ഒരു വ്യക്തിയിലെയും നന്മ കാണാന്‍ കൂട്ടാക്കുകയില്ല ഇവര്‍. മറ്റുള്ളവരെ കുറിച്ച് തെറ്റായ ധാരണകള്‍ പുലര്‍ത്തുകയും അവരെ ഇകഴ്ത്തിക്കാണാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇവരുടെ ദൃഷ്ടിയില്‍ തങ്ങളുടെ വീക്ഷണവും കാഴ്ചപ്പാടും പുലര്‍ത്താത്തവരെല്ലാം ദുര്‍ബല വിശ്വാസികളോ വിവരമില്ലാത്തവരോ ആണ്. ജീവിച്ചിരിക്കുന്നവരെ മാത്രമല്ല മരിച്ചവരെയും വെറുതെ വിടില്ല ഇവര്‍. 

തീവ്രതയുടെയും ഉഗ്രവാദത്തിന്റെയും അടയാളങ്ങളായ ഇത്തരം സ്വഭാവവൈകൃതങ്ങള്‍ വ്യക്തികളിലും സമൂഹത്തിലും ദൃശ്യമാവുമ്പോള്‍ വിവേകമതികളുടെ ഇടപെടല്‍ അനിവാര്യമായിത്തീരും. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 14-16
എ.വൈ.ആര്‍

ഹദീസ്‌

ഗുണകാംക്ഷയുെട തലങ്ങള്‍
എം.എസ്.എ റസാഖ്‌