Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 21

2972

1438 മുഹര്‍റം 20

സിറിയയില്‍ നടക്കുന്നത് സുന്നീ വംശീയ ഉന്മൂലനം

അബ്ദുര്‍റഹ്മാന്‍ ആദൃശ്ശേരി

സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദിനെ താഴെയിറക്കാന്‍ ജനകീയ പ്രതിപക്ഷം നടത്തുന്ന പോരാട്ടം വിജയം കാണാതെ അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍, ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം രക്തപ്പുഴയൊഴുകുന്ന കാഴ്ചക്കാണ് ആ രാജ്യം സാക്ഷിയായികൊണ്ടിരിക്കുന്നത്. ഭീകരമായ മനുഷ്യക്കുരുതി കശാപ്പുകാരുടെ ആസൂത്രണമികവ് കൊണ്ടും മാധ്യമ തമസ്‌കരണങ്ങള്‍ കൊണ്ടും ആഗോള-ദേശീയ തലങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ഉണ്ടായില്ലെന്നത് അത്യന്തം ഭീതിജനകമാണ.് സുന്നീ സമൂഹങ്ങള്‍ക്കെതിരെ വളരെ ആസൂത്രിതമായ ഉന്മൂലന ശ്രമങ്ങളാണ് സിറിയയിലും ഇറാഖിലും നടന്നുകൊണ്ടിരിക്കുന്നത്.

ഹിജ്‌റ നാലാം നൂറ്റാണ്ടില്‍ തീവ്ര ശീഈ വിഭാഗമായ ഖറാമിത്വകള്‍ അറേബ്യയിലും ഫാത്വിമികള്‍ ആഫ്രിക്കയിലും പതിനഞ്ചാം നൂറ്റാണ്ടില്‍ സ്വഫവികള്‍ ഇറാനിലും ഇറാഖിലും സമാനമായ സുന്നീ വംശീയ ഉന്മൂലനങ്ങള്‍ നടത്തിയത് ചരിത്രഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. ഫാത്വിമീ ഭരണകൂട സ്ഥാപകന്‍ ഉസൈദുല്ല അല്‍ മഹ്ദി തന്നെ ഈ പാരമ്പര്യം പേറുന്ന വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ പൂര്‍വികന്‍ മൈമൂന്‍ അല്‍ ഖദ്ദാഹിന്റെ ചരിത്രവും തഥൈവ. കുരിശുയുദ്ധ വേളയില്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ രഹസ്യനീക്കങ്ങള്‍ ശത്രുസൈന്യത്തിന് ചോര്‍ത്തിക്കൊടുക്കുന്ന ദൗത്യമായിരുന്നു ഫാത്വിമികള്‍ നിര്‍വഹിച്ചിരുന്നത്. ബഗ്ദാദ് തരിപ്പണമാക്കിയ ഹുലാകു ഖാനെ അങ്ങോട്ട് വിളിച്ചുവരുത്തിയതും 20 ലക്ഷത്തോളം മുസ്‌ലിംകളെ കശാപ്പ് ചെയ്യാന്‍ സൗകര്യം ചെയ്തുകൊടുത്തതും അവസാന അബ്ബാസീ ഖലീഫയായിരുന്ന മുഅ്തസിമിന്റെ പ്രധാനമന്ത്രിയും ശീഈ വിശ്വാസിയുമായിരുന്ന ഇബ്‌നുല്‍ അല്‍ഖമിയായിരുന്നു. ഇതെല്ലാം ആധികാരിക ചരിത്രഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കപ്പെട്ട കാര്യങ്ങളാണ്. 

അയല്‍രാഷ്ട്രങ്ങളിലും മുസ്‌ലിം ലോകത്ത് പൊതുവെയും നുഴഞ്ഞുകയറി ആ സമൂഹങ്ങളെ എങ്ങനെയും ശീഈവല്‍ക്കരിക്കാനുള്ള നീക്കമായിരുന്നു '90-കളില്‍ ഇറാന്‍ പുറത്തിറക്കിയ '50 വര്‍ഷ പദ്ധതി.' ഇതിന് രാഷ്ട്രീയചരിത്രസാമൂഹിക സാംസ്‌കാരിക മാനങ്ങളാണുണ്ടായിരുന്നതെങ്കില്‍, 2005 ല്‍ പുറത്തിറക്കിയ 'രഹസ്യ മാധ്യമ പദ്ധതി' മാധ്യമങ്ങളില്‍ നുഴഞ്ഞുകയറി എങ്ങനെ ലോകതലത്തില്‍ ഇറാന്‍ അനുകൂല അഭിപ്രായ രൂപവത്കരണം നടത്താം എന്ന് പ്രതിപാദിച്ചുകൊണ്ടുള്ളതായിരുന്നു. 2005ല്‍ ഇറാഖിലെ ദേശീയ സഖ്യ സേന തടവിലാക്കിയ ഒരു ഇറാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ പക്കല്‍നിന്നാണ് പ്രസ്തുത രേഖ കണ്ടെടുക്കപ്പെട്ടത്. സദ്ദാമിന്റെ പതനത്തിനു ശേഷം ഇറാന്‍ പിന്തുണയുള്ള മിലീഷ്യയും അമേരിക്കന്‍ അധികൃതരും എങ്ങനെ സഹകരിച്ചുപ്രവര്‍ത്തിച്ചുവെന്ന് പ്രസ്തുത രേഖ വിശദീകരിക്കുന്നുണ്ട്. മേഖലയില്‍ ശീഈവല്‍ക്കരണത്തിന് ആക്കംകൂട്ടാന്‍ സഹകരിക്കേണ്ട വ്യക്തിത്വങ്ങളും സംഘടനകളും ഏതൊക്കയാണന്നു വരെ രേഖയില്‍ വെളിപ്പെടുത്തുന്നുണ്ട.് 

ലോകം ഇതിനുമുമ്പ് പലതരം വംശീയ ഉന്മൂലനങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. അമേരിക്ക ജപ്പാനിലും മറ്റും നടത്തിയ അണു ബോംബ് വര്‍ഷങ്ങള്‍, ഇസ്രയേല്‍ ഫലസ്ത്വീനികള്‍ക്കെതിരില്‍ തുടരുന്ന അതിക്രമങ്ങള്‍, ബോസ്‌നിയയിലെ വംശീയ ഉന്മൂലനങ്ങള്‍ തുടങ്ങിയവ. ബശ്ശാറിന്റെ പിതാവ് ഹാഫിസുല്‍ അസദ് 1980-82 വര്‍ഷങ്ങളില്‍ തദ്മൂര്‍, ഹിംസ്, ഹുമാ തുടങ്ങിയ പ്രദേശങ്ങളില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ ഉന്മൂലന നീക്കങ്ങളില്‍ ഏകദേശം 35000 സിറിയക്കാര്‍ കൊല്ലപ്പെടുകയുണ്ടായി. ഖുമൈനിയുടെ വിപ്ലവം ഇറാനില്‍ വിജയിച്ചതിനു ശേഷം ഇറാനിലെ സുന്നീസമൂഹം, വിശിഷ്യാ അഹ്‌വാസ് പ്രവിശ്യയിലെ അറബ് വംശജര്‍ വംശീയ ഉന്മൂലനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. ആ സമൂഹം അനുഭവിക്കുന്ന അറ്റമില്ലാത്ത യാതനകളുടെ കഥകള്‍ അവരിലെ പ്രവാസികള്‍ നടത്തുന്ന  സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷത്തിലധികമായി സിറിയയിലെ സുന്നീസമൂഹം മേല്‍പറഞ്ഞ മുഴുവന്‍ വംശീയ ഉന്മൂലനങ്ങളെയും കവച്ചുവെക്കുന്ന ഉന്മൂലനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. മാധ്യമ ലോകത്തെ ഇറാനിയന്‍ സ്വാധീനം കാരണം ലോകം ഈ ദാരുണ സംഭവത്തെ വേണ്ടപോലെ  ശ്രദ്ധിക്കുന്നില്ലന്നത് അത്യന്തം വേദനാജനകമാണ്.

അറബ്‌വസന്തത്തെ തുടര്‍ന്ന് നിലനില്‍പ്പ് പരുങ്ങലിലായ ബശ്ശാറിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തു വന്നപ്പോള്‍, അള്‍ട്രാ സെക്യുലര്‍ ബഅ്‌സ് സോഷ്യലിസ്റ്റായിട്ടും ശീഈ വിഭാഗക്കാരനായ ഇയാളെ എന്ത് വിലകൊടുത്തും താങ്ങിനിര്‍ത്താന്‍ ഇറാന്‍ മുന്നോട്ടുവരികയായിരുന്നു. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ഇറാന്‍, ഇറാഖ്, ലബനാന്‍, യമന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍നിന്നുള്ള പതിനായിരക്കണക്കിന് ശീഈ മിലീഷ്യകളെ സിറിയയില്‍ ബശ്ശാറിന്റെ രക്ഷക്കായി അണിനിരത്തുകയും ചെയ്തു. ഇറാന്‍ ദേശീയ സുരക്ഷാ വിഭാഗത്തിലെ ആയിരക്കണക്കിന് സൈനികര്‍ക്കു പുറമെ ഹിസ്ബുല്ലയുടെ സൈനികരും ബശ്ശാറിനു വേണ്ടി സുന്നീമേഖലകളെ തരിപ്പണമാക്കുന്നതില്‍ മുമ്പിലുണ്ട്. ഫൈലഖുല്‍ ഖുദ്‌സ്, ഫൈലഖുല്‍ ബദ്ര്‍ (ഇറാന്‍), അന്‍സാറുല്ലാ (യമന്‍), ലിവാഅുല്‍ ഹംദ,് സറായാ അല്‍ഖുറാസാനി, ലിവാഉ അസദുല്ല, ലിവാഉല്‍ ഇമാം അലി, ലിവാഉല്‍ ഇമാം ഹുസൈന്‍ (ഇറാഖ്), ലിവാഉ ഫാതിമിയ്യൂന്‍ (അഫ്ഗാനിസ്താന്‍), ജെയ്ശുല്‍ ഇമാം മഹ്ദി, അബുല്‍ ഫദ്ല്‍, സറായ, അസ്സഹ്‌റ, അസാഇസ് അഹ്‌ലില്‍ ഹഖ് തുടങ്ങിയ അനേകം ശീഈ സായുധ സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി സിറിയയില്‍ തമ്പടിച്ച് നിസ്സഹായരായ സുന്നീ സമൂഹങ്ങളെ വംശീയ ഉന്മൂലനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നു.

ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ക്രൂരകൃത്യങ്ങളാണ് സിറിയയില്‍ നടക്കുന്നത്. വംശഹത്യയുടെ വിവിധ ദൃശ്യങ്ങള്‍ പകര്‍ത്തിയ നാല്‍പ്പത്തിഅയ്യായിരം ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ആല്‍ബം ഒരു പത്രപ്രവര്‍ത്തകന്‍ ഈയിടെ പ്രസിദ്ധീകരിക്കുകയുണ്ടായി. ജീവനോടെ തൊലിയുരിക്കുക, ആസിഡില്‍ മുക്കുക, വാളുകള്‍ കൊണ്ട് ഊര്‍ന്ന് കൊല്ലുക, മൃതശരീരങ്ങളില്‍ വാള്‍ത്തലപ്പ് കൊണ്ട് യാ ഹുസൈന്‍ എന്നെഴുതുക പോലുള്ള ക്രൂരകൃത്യങ്ങളാണ് അതില്‍ കാണാനാവുക. ഇറാന്റെ നേതൃത്വത്തില്‍ ശീഈശക്തികള്‍ മുഴുവന്‍ ഒന്നിച്ചു പോരാടിയിട്ടും നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് ഇറാന്‍ റഷ്യയുടെ സഹായം തേടിയത്. സിറിയയിലെ കലാപങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഇറാന്‍ ദേശീയ സുരക്ഷാ വിഭാഗത്തിലെ ജനറല്‍ ഖാസിം സുലൈമാനിയാണ.് റഷ്യ ആകാശത്തുനിന്ന് തീമഴ വര്‍ഷിക്കുമ്പോള്‍ ശീഈ ഭീകരസംഘങ്ങള്‍ ബശ്ശാറിന്റെ സൈനികര്‍ക്കൊപ്പം പാവപ്പെട്ട പൗരന്മാരെ വെടിവെച്ചും രാസപ്രയോഗം നടത്തിയും കൊന്നുതീര്‍ക്കുന്നു. അമ്പതില്‍പരം മുസ്‌ലിം രാജ്യങ്ങള്‍ ലോകത്തുണ്ടായിട്ടും അവരും ആഗോള സമൂഹവും ഈ ജനതയുടെ ആര്‍ത്തനാദങ്ങള്‍ കേട്ടില്ലെന്ന് നടിക്കുന്നു. ഇപ്പോഴത്തെ നില തുടരുകയാണെങ്കില്‍ ഇസ്‌ലാമിക ചരിത്രത്തിന് തുല്യതയില്ലാത്ത സംഭാവനകള്‍ നല്‍കിയ ഈ പ്രദേശം ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടാന്‍ അധികകാലം വേണ്ടിവരില്ല. ബശ്ശാറിന്റെ നിലനില്‍പ്പ് ഇറാന്റെയും ഇസ്രയേലിന്റെയും മാത്രമല്ല അമേരിക്കയുടെയും റഷ്യയുടെയും കൂടി താല്‍പര്യമാണ്. പശ്ചിമേഷ്യയില്‍ പ്രവിശാലമായ ജൂതസാമ്രാജ്യം സ്ഥാപിതമാകാന്‍ സുന്നീ സമൂഹത്തിന്റെ തകര്‍ച്ച അനിവാര്യമാണ്. ബഹുദൈവത്വ സങ്കല്‍പങ്ങള്‍ പേറുന്ന ശീഈസം അതിന് തടസ്സമാകുമെന്ന് അവര്‍ കരുതുന്നില്ല. തെഹ്‌റാനില്‍ മുപ്പത് ശതമാനത്തോളം വരുന്ന സുന്നികള്‍ക്ക് ഒരു ജുമാമസ്ജിദ് പോലുമില്ല, എന്നാല്‍ ഒരു ശതമാനം വരുന്ന ജൂതന്മാര്‍ക്ക് 25 സിനഗോഗുകളുണ്ട്.  ഡോ. യൂസുഫുല്‍ ഖറദാവി ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ മുന്‍ ഇറാനിയന്‍ പ്രസിഡന്റ് ഹാശിമി റഫ്‌സഞ്ചാനിയോട് പറഞ്ഞതാണിത്.

അറബ് മേഖലയെ വംശീയാടിസ്ഥാനത്തില്‍ വിഭജിച്ച് പരസ്പരം പോരടിക്കുന്ന കൊച്ചുരാജ്യങ്ങള്‍ സൃഷ്ടിക്കുക എന്നത് പാശ്ചാത്യശക്തികള്‍ സൈക്‌സ്-പീക്കോ ഉടമ്പടിയിലൂടെ 1916 ല്‍ തീരുമാനിച്ച കാര്യമാണ്. സി.ഐ.എ ബാനറില്‍ പ്രവര്‍ത്തിക്കുന്ന സയണിസ്റ്റ് സംഘടനയായ റാന്‍ഡ് ഫൗഷേന്‍ 2007-ല്‍ പുറത്തിറക്കിയ പ്രവര്‍ത്തന റിപ്പോര്‍ട്ടിലും ഇക്കാര്യം ഊന്നിപ്പറയുന്നു. മുസ്‌ലികളെ 'റാഡിക്കല്‍', 'മോഡറേറ്റ്', 'സെക്യുലര്‍' എന്നീ മൂന്ന് വിഭാഗങ്ങളായി വിഭജിച്ച് 'മോഡറേറ്റ്' മുസ്‌ലിംകളെ സംഘടിപ്പിക്കുകയും അവരെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യാന്‍ പ്രസ്തുത റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഈയിടെ ചെച്‌നിയയില്‍ അന്താരാഷ്ട്ര 'അഹ്‌ലുസ്സുന്ന' സമ്മേളനം നടന്നത്. അറബ്‌ലോകത്ത് ഈ പദ്ധതിയുടെ സൂത്രധാരന്‍ യമനിലെ അല്‍ജിഫ്‌രി എന്ന 'സൂഫി' പണ്ഡിതനാണ്. ഗുലനും അലി ജുംഅയും ശൗഖി അല്ലാമും ത്വാഹിറുല്‍ ഖാദിരിയും കിച്ചേചവിയും നാളിമുല്‍ ഹഖാനിയും താബാ ഫൗണ്ടേഷനും ഖിദ്മ മൂവ്‌മെന്റുമെല്ലാം ഇതിന്റെ നടത്തിപ്പുകാര്‍ മാത്രമാണ്. ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ഷിമോണ്‍ പെരസ് തന്റെ ആത്മകഥയില്‍ മേഖലയിലെ ശീഈ ഇസ്‌ലാമിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറയുന്നതായി കാണാം. 

പ്രസിദ്ധ കുവൈത്തീചിന്തകനും രാഷ്ട്രീയവിശാരദനുമായ അബ്ദുല്ല നഫീസിയെ പോലുള്ളവര്‍ ഇറാന്‍ വിതക്കുന്ന അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഗൗരവപ്പെട്ട ഒരു നീക്കവും ഉണ്ടായില്ല. മുസ്‌ലിം സമൂഹത്തെ ശീഈവല്‍ക്കരിക്കുന്ന പദ്ധതിയിലെ ഒരിനമായിരുന്നു സുന്നീ-ശീഈ സഹകരണവേദികള്‍. 'തഖ്‌രീബുല്‍ മദാഹിബില്‍ ഇസ്‌ലാമിയ' എന്ന പേരില്‍ അറിയപ്പെട്ട ഇത്തരമൊരു വേദിയാണ് ഈജിപ്തില്‍ ശീഈ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. ഡോ. യൂസുഫുല്‍ ഖറദാവി വരെ 30 വര്‍ഷത്തോളം ഇതിന്റെ പിന്നിലെ ദുഷ്ടലാക്കറിയാതെ ഇതിനോട് സഹകരിച്ചു. ഇപ്പോള്‍ എല്ലാം തിരിച്ചറിഞ്ഞ് പുറത്തെ ശത്രുക്കളേക്കാള്‍ ഇസ്‌ലാമിന് അപകടം വരുത്തുന്നത് ശീഈകളാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ശീഈകളുടെ തനിനിറം തിരിച്ചറിയുന്നതില്‍ തനിക്ക് തെറ്റു പറ്റിയെന്നും  സുന്നീ-ശീഈ ഐക്യത്തിനു വേണ്ടി ചെലവഴിച്ച 30 വര്‍ഷങ്ങള്‍ വെറുതെയായിപ്പോയെന്നും അദ്ദേഹം പരിതപിക്കുകയുണ്ടായി. മുമ്പ് ഇതേ കെണിയില്‍ സിറിയന്‍ പണ്ഡിതനും ബ്രദര്‍ഹുഡ് നേതാവുമായിരുന്ന ഡോ. മുസ്ത്വഫ സ്സ്വിബാഈ അകപ്പെട്ടിരുന്നു. സത്യം തിരിച്ചറിഞ്ഞപ്പോള്‍ അവരുടെ തനിനിറം തുറന്നെഴുതാന്‍ അദ്ദേഹം മുന്നോട്ടുവന്നു. 

കണ്ടറിയാതിരുന്ന മുസ്‌ലിം വേദികളും രാഷ്ട്രങ്ങളും കൊണ്ടറിഞ്ഞപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുന്ന കാഴ്ചയാണിപ്പോള്‍. മുമ്പ് ബഹ്‌റൈനിലും കുവൈത്തിലും ഇറാനില്‍നിന്ന് കുടിയേറിയവര്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ പൗരത്വം പതിച്ചുനല്‍കിയപ്പോള്‍ ദശകങ്ങള്‍ക്കകം അവര്‍ ആ നാട്ടിലെ ജനസംഖ്യാനുപാതത്തെ തകിടം മറിച്ചത് അറബികള്‍ക്ക് പാഠമായില്ല. കുവൈത്തിലെ അല്‍മുജ്തമഅ് വാരിക കഴിഞ്ഞ അഞ്ചു വര്‍ഷമായി മേഖലയിലെ ഇറാന്‍ പദ്ധതികളും ശീഈവല്‍ക്കരണശ്രമങ്ങളും തുറന്നെഴുതിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതില്‍ ഒന്ന് പോലും മലയാളത്തില്‍ വെളിച്ചം കണ്ടില്ല. 

ഹമാസിന് നാമമാത്രമായ സഹായം നല്‍കി അത് പെരുപ്പിച്ചു കാണിച്ച് ഇറാന്‍ ഫലസ്ത്വീനികള്‍ക്കൊപ്പമാണെന്ന്  പ്രചരിപ്പിച്ച് ഫലസ്ത്വീന്‍ പോരാളികള്‍ക്കിടയില്‍ ശീഈ ആശയപ്രചാരണം നടത്തിയപ്പോള്‍, ഹമാസ് നേതാവും പണ്ഡിതനുമായ ഡോ. സ്വാലിഹ് റഖബ് ശീഈസത്തെ തുറന്നുകാട്ടി പുസ്തകമെഴുതാന്‍ നിര്‍ബന്ധിതനായി. ഹിസ്ബുല്ലയുടെ പ്രാഗ്‌രൂപമായ ഹിസ്ബുല്‍ അയന്‍ ആയിരക്കണക്കിന് ഫലസ്ത്വീന്‍ അഭയാര്‍ഥികളെ കശാപ്പു ചെയ്തത് ഫലസ്ത്വീന്‍ പോരാട്ടചരിത്രത്തില്‍ മായാതെ കിടക്കുന്നുണ്ട്. 

ഇപ്പോള്‍ 'തഖിയ'(മൂടിവെക്കല്‍)യുടെ കാലം കഴിഞ്ഞു. കാര്യങ്ങള്‍ വെട്ടിത്തുറന്നുപറയാന്‍ തുടങ്ങിയിരിക്കുന്നു. ഇറാന്‍ മൂന്ന് അറബ് രാജ്യങ്ങളുടെ മേല്‍ ആധിപത്യമുറപ്പിച്ചുവെന്നാണ് അഹ്മദി നജാദ് ഗവണ്‍മെന്റിലെ രഹസ്യാന്വേഷണ വിഭാഗം മന്ത്രിയായിരുന്ന ഹൈദര്‍ മുസ്‌ലിഹി മാസങ്ങള്‍ക്കു മുമ്പ് പ്രസ്താവിച്ചത്. തങ്ങളുടെ സ്വപ്ന പദ്ധതിയായ വിശാല പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം ബഗ്ദാദായിരിക്കുമെന്ന് പറഞ്ഞത് പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അലി യൂഹുസിയാണ്. അഫ്ഗാനിസ്താനും സിറിയയും ലബനാനും ഇറാഖും തങ്ങള്‍ക്ക് കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞെങ്കില്‍ മേഖലയിലെ മറ്റു രാഷ്ട്രങ്ങളും തങ്ങളുടെ കീഴില്‍ വരാന്‍ അധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ ഉപാധ്യക്ഷന്‍ കേണല്‍ ഇസ്മാഈല്‍ കാസാനി പരസ്യമായി പ്രഖ്യാപിച്ചത്. ഇറാന്റെ ആധിപത്യത്തില്‍ വന്ന നാലാമത്തെ അറബ് തലസ്ഥാനമാണ് സ്വന്‍ആ എന്നായിരുന്നു ഖാംനഈയുടെ വലംകൈയും തെഹ്‌റാന്‍ മേയറുമായ അലി രിദാ സാകാനി പാര്‍ലമെന്റിനെ അഭിമുഖീകരിച്ച് പറഞ്ഞത്. ഇറാന്‍ വിപ്ലവം വിജയിക്കുന്നതിനു മുമ്പ് മേഖലയിലെ അമേരിക്കന്‍ അച്ചുതണ്ടിനെ രൂപപ്പെടുത്തിയിരുന്നത് സുഊദി ഇസ്‌ലാമും തുര്‍ക്കിയുടെ മതേതരത്വവുമായിരുന്നുവെങ്കില്‍ ഇന്ന് മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ ഇറാന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലൊന്നാകെ 'നമ്മുടെ നയതന്ത്ര താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ മാത്രം നാമിന്ന് ശക്തി സംഭരിച്ചിക്കുന്നു' എന്നാണ് അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞത്. 

ഐ.എസും ബശ്ശാറും തമ്മിലാണ് സിറിയയില്‍ പോരാട്ടം നടക്കുന്നതെന്നും ഐ.എസ് വിരുദ്ധ പോരാട്ടത്തെ സഹായിക്കാനാണ് ഇറാനും റഷ്യയും ഇടപെടുന്നതെന്നുമാണ് ശുദ്ധമനസ്‌കരായ പലരും ധരിച്ചുവശായിരിക്കുന്നത്. അലപ്പോയില്‍ തമ്പടിച്ച ഇറാഖിലെ ശീഈ പോരാളികള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി ഐ.എസില്‍ നുഴഞ്ഞുകയറിയതായി ലണ്ടനിലെ ടൈംസ് പത്രം റിപ്പോര്‍ട്ടു ചെയ്തിരുന്നു. പ്രസ്തുത പരിപാടിക്ക് നേതൃത്വം നല്‍കിയത് ഇറാനിലെ പ്രമുഖ സൈനിക ഉദ്യോഗസ്ഥരായ കേണല്‍ അലി മംലൂകും ലെഫ്. ഹൈദര്‍ ഹൈദറുമായിരുന്നെന്ന് ടൈംസ് റിപ്പോര്‍ട്ടര്‍ വെളിപ്പെടുത്തുകയുണ്ടായി.

ഇറാനോ റഷ്യയോ ഇതുവരെ ഐ.എസുമായി ഏറ്റുമുട്ടിയിട്ടില്ല. ഇവരെല്ലാവരും ഒന്നിച്ച് സിറിയയിലെ സുന്നീ കേന്ദ്രങ്ങളാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഹലബും ഹുമായും ഹിംസും ഇവര്‍ ചുടലക്കളമാക്കിയ സുന്നീമേഖലകളാണ്. ഇന്ന് ലോകത്ത് ഐ.എസ് ഭീഷണിയില്ലാത്ത രണ്ട് രാഷ്ട്രങ്ങള്‍ ഇറാനും ഇസ്രയേലുമാണ്. തങ്ങള്‍ ഒരിക്കലും ഇറാനെ ആക്രമിക്കില്ലെന്നും  സുഊദിയെ തകര്‍ക്കുമെന്നും ഐ.എസ് തലവന്‍ ബഗ്ദാദിയുടെ പ്രഖ്യാപനം അല്‍ജസീറ പുറത്തുവിട്ടിരുന്നു.

യാസീന്‍ സൂരി, മുഹ്‌സിന്‍ സുദൈലി, സൈഫുല്‍ അദ്ന്‍, സുലൈമാന്‍ അബുല്‍ഗൈസ് സര്‍ഖാവി തുടങ്ങിയ പരശ്ശതം അല്‍ഖാഇദ ഭീകരര്‍ക്ക് ഇറാന്‍ പരിശീലനം നല്‍കിയതിനും, മേഖലയിലെ ഇറാന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ചാവേറുകളായി അവരെ ഉപയോഗിച്ചതിനും തെളിവുകളുണ്ട്. ന്യൂയോര്‍ക്ക് മുതല്‍ ജക്കാര്‍ത്ത വരെ സ്‌ഫോടനങ്ങള്‍ നടത്താന്‍ കെല്‍പ്പുള്ള ഭീകരര്‍ക്ക് ഇറാനില്‍ ഒരു ചെറിയ പടക്കം പൊട്ടിക്കാന്‍ പോലും കഴിയാത്തതിന്റെ പിന്നിലെ രഹസ്യമെന്താവും?

സിറിയന്‍ വപ്ലവത്തെ അടിച്ചമര്‍ത്താന്‍ ബശ്ശാറിന് കഴിയാതെ വന്നപ്പോള്‍ വിപ്ലവത്തെ വികൃതമായി ചിത്രീകരിക്കാന്‍ ഇറാനാണ് സിറിയന്‍ മണ്ണില്‍ ഐ.എസിന്റെ വിത്തിട്ടതെന്ന് സിറിയയുടെ മുന്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹലീം ഖദ്ദാം വെളിപ്പെടുത്തുകയുണ്ടായി. അലപ്പോയിലെ ഐ.എസ് താവളങ്ങളില്‍നിന്ന് ഇറാന്‍ പാസ്‌പോര്‍ട്ടും സിം കാര്‍ഡുകളും ലഭിച്ചതും അറബി മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. റഖയിലെ സൂഫി മഖാമുകളും ക്രിസ്ത്യന്‍ ചര്‍ച്ചുകളും തകര്‍ത്ത ഐ.എസ് ഭീകരര്‍ ശീഈ മഖാമുകള്‍ക്കും പുണ്യകേന്ദ്രങ്ങള്‍ക്കും യാതൊരു പോറലുമേല്‍പ്പിച്ചില്ല എന്ന വാര്‍ത്തയും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. സിറിയന്‍ ജനസംഖ്യയുടെ തൊണ്ണൂറ് ശതമാനം വരുന്ന സുന്നികളെ പത്ത് ശതമാനം വരുന്ന നുസൈരി(അലവി ശീഈകള്‍)കളാണ് പട്ടാളശക്തികൊണ്ട് അടക്കി ഭരിച്ചുകൊണ്ടിരിക്കുന്നത്. സിറിയന്‍ പട്ടാളത്തില്‍ സുന്നീ വിഭാഗത്തില്‍പെട്ടവരെ വിരലിലെണ്ണാം!

ജീവനും കൊണ്ടോടിയ സിറിയന്‍ അഭയാര്‍ഥികള്‍ ഒരു കോടിയില്‍പരം. ഇവരില്‍ ശീഈ വിഭാഗത്തില്‍പെട്ട ഒരാള്‍ പോലുമില്ലെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട്. നിരായുധരും നിസ്സഹായരുമായ സുന്നീ വിഭാഗത്തെയാണ്, ബശ്ശാറും ഇറാനും റഷ്യയും ഐ.എസും ഒന്നിച്ച് ആക്രമിച്ചു നശിപ്പിക്കുന്നത്. അയ്യായിരത്തില്‍പരം സുന്നീ മസ്ജിദുകള്‍ ബോംബാക്രമണത്തില്‍ തകര്‍ക്കപ്പെട്ടു, സ്വഹാബികളുടേതടക്കം ഖബ്‌റുകളും അമൂല്യമായ ചരിത്ര ശേഷിപ്പുകളും തരിപ്പണമായി. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 14-16
എ.വൈ.ആര്‍

ഹദീസ്‌

ഗുണകാംക്ഷയുെട തലങ്ങള്‍
എം.എസ്.എ റസാഖ്‌