Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 21

2972

1438 മുഹര്‍റം 20

മതേതര വ്യവഹാരത്തിന്റെ മൗദൂദീഹിംസ

കെ.ടി ഹുസൈന്‍

കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിക്കുകയും മരിക്കുകയും ചെയ്ത സാമൂഹിക ചിന്തകനാണ് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി. ബോധപൂര്‍വമാണ് മതപണ്ഡിതന്‍ എന്ന് പ്രയോഗിക്കാത്തത്. കാരണം, ഒരു മതപണ്ഡിതന്റെ പരിധിക്കപ്പുറമുള്ള വ്യവഹാര മണ്ഡലത്തിലാണ് മൗദൂദിയുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും വ്യാപരിച്ചിരുന്നത്. മുതലാളിത്തത്തിന് വാഷിംഗ്ടണിലും സോഷ്യലിസത്തിന് മോസ്‌കോയിലും ഗതികിട്ടാതാവുമെന്നും ഹിന്ദുത്വ ദേശീയത ആന്തരിക വൈരുധ്യങ്ങളാല്‍ ശിഥിലമാകുമെന്നും അവയുടെ പ്രഭാവകാലത്ത് ദീര്‍ഘദര്‍ശനം ചെയ്യാന്‍ കേവലം ഒരു മതപണ്ഡിതന് ഒരിക്കലും കഴിയില്ലല്ലോ. അതിനാല്‍ മൗദൂദിയുടെ സമകാലികരായ മഹാ പണ്ഡിതന്മാരെല്ലാം വിസ്മൃതിയില്‍ ലയിച്ചുപോയിട്ടും മൗദൂദി ഇപ്പോഴും ചര്‍ച്ചയില്‍ സജീവമായി നില്‍ക്കുന്നു. എന്തിനേറെ ഏറ്റവും പുതിയ തലമുറയുടെ കാമ്പസ് രാഷ്ട്രീയത്തില്‍ പോലും മൗദൂദി ചര്‍ച്ച ചെയ്യപ്പെടുകയാണ്. മൗദൂദിയെ പോലെ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റൊരാള്‍ ഇന്ത്യയില്‍ അംബേദ്കറാണ്. സാര്‍വദേശീയതലത്തില്‍ ഇപ്പോഴും അങ്ങനെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരാള്‍ കാള്‍ മാര്‍ക്‌സ് തന്നെ.

ഇവര്‍ മാത്രം ഇങ്ങനെ ചര്‍ച്ച ചെയ്യപ്പെടാന്‍ എന്തായിരിക്കും കാരണം? ഇവര്‍ക്കു മുമ്പും പിമ്പും ജീവിച്ചവരോ സമകാലികരോ ആയ   മഹാന്മാരും പ്രതിഭകളും വേറെയുമുണ്ടല്ലോ ധാരാളം. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി മഹാന്‍ തന്നെയാണ്. അദ്ദേഹത്തെക്കുറിച്ച് ഇന്ത്യക്കകത്തും പുറത്തുമുള്ളവര്‍ ഇപ്പോഴും സംസാരിക്കുകയും വായിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, ഒരു കൗതുകം എന്ന നിലയിലാണ് ആ വ്യക്തിത്വം ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ  ജീവിതവും പ്രവര്‍ത്തനങ്ങളുമെല്ലാം ഇന്ന് ആളുകളില്‍  കൗതുകമാണ് ജനിപ്പിക്കുന്നത്. അല്ലാതെ ഇന്ന് അദ്ദേഹത്തിന്റെ ജീവിതമോ പ്രവര്‍ത്തനമോ ആരെങ്കിലും മാതൃകയാക്കുന്നില്ല. അതിനേക്കാളെല്ലാം ഗാന്ധിജി നേരിട്ട ദുരന്തം പുരോഗമന പക്ഷത്തിനും പ്രതിലോമ പക്ഷത്തിനും ഒരുപോലെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യാവുന്ന ഒരു വിഗ്രഹമായി അദ്ദേഹം മാറിയെന്നതാണ്. എന്തിനേറെ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തവന്റെ പിന്‍ഗാമികള്‍ക്ക് വരെ ഗാന്ധി ഇന്ന് ആരാധ്യനാണ്. പറഞ്ഞുവന്നത് മാര്‍ക്‌സും അംബേദ്കറും മൗദൂദിയും വ്യത്യസ്ത തലങ്ങളില്‍നിന്ന് കൊണ്ടാണെങ്കിലും സാമൂഹികമാറ്റത്തിന് വളരെ റാഡിക്കലായ ഒരു ഐഡിയോളജി മുന്നോട്ടുവെച്ചപ്പോള്‍ ഗാന്ധിജി ചെയ്തത് താല്‍ക്കാലിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാനായി ഇന്ത്യന്‍ സാമൂഹിക ജീവിതത്തില്‍ അനിവാര്യമായും നടക്കേണ്ട സാമൂഹികമാറ്റത്തെ തന്റെ മാസ്മരിക വ്യക്തിപ്രഭാവം കൊണ്ട് തടഞ്ഞുനിര്‍ത്തുകയായിരുന്നു എന്നാണ്. ഗാന്ധി വിഗ്രഹമാകാനും മറ്റു മൂന്ന് പേര്‍ പല തരത്തില്‍ ചര്‍ച്ച ചെയ്യപ്പെടാനുമുള്ള കാരണവും മറ്റൊന്നല്ല. സ്വാതന്ത്ര്യ സമരകാലത്ത് നിലനിന്ന ഗാന്ധി-അംബേദ്കര്‍ സംഘര്‍ഷത്തിന്റെ അടിവേര് കിടക്കുന്നത് ഇവിടെയാണ്. സാമ്പത്തികമായും സാമൂഹികമായും സംസ്‌കാരികമായും സഹസ്രാബ്ദങ്ങളായി  ഇവിടെ നിലനില്‍ക്കുന്ന ശ്രേണീവല്‍കൃതമായ അധികാര വ്യവഹാരത്തിന് യാതൊരു പോറലുമേല്‍ക്കാതെ ബ്രിട്ടീഷുകാരില്‍നിന്ന് രാഷ്ട്രീയാധികാരം കൂടി പിടിച്ചെടുത്ത് അവരിലേക്ക് കൈ മാറുകയായിരുന്നു ഗാന്ധിജി. അംബേദ്കറുടെ ലക്ഷ്യം പ്രതിലോമപരമായ ആ അധീശത്വ വ്യവഹാരത്തെ പൊളിക്കുകയായിരുന്നു. അപ്പോള്‍ പ്രതിലോമ പക്ഷത്തിനും ഗാന്ധി  സ്വീകാര്യനായി മാറുന്നതില്‍ അത്ഭുതമൊന്നുമില്ല

വേറൊരു രീതിയിലും പ്രതലത്തിലും നിന്ന് സയ്യിദ് മൗദൂദിയും ഈ അധീശ വ്യവഹാരത്തെ പൊളിക്കുന്ന റാഡിക്കല്‍ ചിന്തകളാണ് മുന്നോട്ടുവെച്ചത്. അംബേദ്കര്‍ ആധുനികതയുടെ ലിബറല്‍ ആശയങ്ങളാണ് സാമൂഹിക മാറ്റത്തിന് ആയുധമാക്കിയതെങ്കില്‍ മൗദൂദി ആയുധമാക്കിയത് ആധുനികത അപരവല്‍ക്കരിച്ച മതത്തിന്റെ വിമോചന മൂല്യങ്ങളാണെന്ന വ്യത്യാസമേയുള്ളൂ. പക്ഷേ ഈ വ്യത്യാസം അത്ര ലളിതമല്ല. കാരണം അംബേദ്കര്‍ വിമോചനമായി കണ്ട ആധുനികതയുടെ മതേതര ലിബറല്‍ മൂല്യങ്ങള്‍ പാരതന്ത്ര്യത്തിന്റെ അനേകം കാണാച്ചരടുകളാല്‍ മനുഷ്യനെ വരിഞ്ഞുമുറുക്കുകയാണെന്നും അംബേദ്കറിനെ പോലുള്ളവര്‍ ഏതൊരു അധീശ വ്യവഹാരത്തെയാണോ ശിഥിലമാക്കാന്‍ ആഗ്രഹിക്കുന്നത് അതിനെ കൂടുതല്‍ ഉറപ്പുള്ളതും ഹിംസാത്മകവുമാക്കുകയാണ് മതേതര ലിബറല്‍ മൂല്യങ്ങള്‍  ചെയ്യുന്നത് എന്നുമുള്ള വിമര്‍ശനത്തോടെയാണ് മൗദൂദി തന്റെ വിമോചനാശയങ്ങള്‍ മുന്നോട്ടുവെച്ചത്. അപ്പോള്‍ ആധുനികതയുടെ ഭക്തന്മാര്‍ക്ക് മൗദൂദി സ്വീകാര്യനായിത്തീരാത്തതില്‍ അത്ഭുതമില്ല. അവര്‍ക്ക് അദ്ദേഹത്തെ വിമര്‍ശിക്കാനും സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഈ തരത്തിലുള്ള ഒരു വിമര്‍ശനമല്ല മൗദൂദിക്കെതിരെ മതേതര പൊതുമണ്ഡലത്തില്‍ ഇപ്പോള്‍ നടക്കുന്നത്. ഒരുതരം പിശാചുവേട്ടയാണ് നടന്നുകൊിരിക്കുന്നത്. മതേതര ആധുനികത എന്നത് എത്ര മാത്രം വ്യാവഹാരികമായ ഹിംസയാണെന്ന് പ്രത്യക്ഷരം തെളിയിക്കുന്നതാണ് മൗദൂദിക്കെതിരെ നടക്കുന്ന ഈ പിശാചുവേട്ട. തങ്ങള്‍ കടന്നുവന്ന വഴികള്‍ മറക്കുക  മാത്രമല്ല തങ്ങളുടെ നിലനില്‍പ്പിനുള്ള ന്യായം പോലും ഈ പിശാചുവേട്ടയിലൂടെ ആധുനിക മതേതരത്വം നഷ്ടപ്പെടുത്തുകയാണ്. കാരണം അഭിപ്രായസ്വാതന്ത്ര്യമാണല്ലോ മതേതര ജനാധിപത്യത്തിന്റെ മുഖമുദ്ര. ഈ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുകയും യുക്തിബോധത്തെ തടവിലിട്ട് നിരുപാധിക അനുസരണം മനുഷ്യനില്‍നിന്ന് തേടുകയും ചെയ്യുന്നുവെന്നായിരുന്നുവല്ലോ  മതത്തിനെതിരായ മതേതര ആധുനികതയുടെ  പ്രധാന വിമര്‍ശനം. ആധുനികതയുടെ അടിത്തറകളായ മതേതരത്വം, ജനാധിപത്യം, ദേശീയത എന്നിവ വിമര്‍ശനാതീതമാണെന്നും അതിനെ വല്ലവരും വിമര്‍ശിച്ചാല്‍ വേട്ടയാടപ്പെടേണ്ടവരാണെന്നും അതിന്റെ വക്താക്കള്‍ കരുതുന്നുവെങ്കില്‍ പിന്നെ, അതുയര്‍ത്തിപ്പിടിക്കുന്നുവെന്നവകാശപ്പെടുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനും സഹിഷ്ണുതക്കും എന്തു പ്രസക്തി!

മതത്തിനെതിരായ ആധുനികതയുടെ ശക്തമായ വിമര്‍ശനത്തില്‍ മതം തകര്‍ന്നുപോയോ? ഇല്ല എന്നല്ലേ മതങ്ങളുടെ അനുഭവം. അതിലൂടെ സ്വയം വിമര്‍ശനത്തിന് തയാറായ മതങ്ങള്‍ നവീകരിക്കപ്പെടുകയും ജനാധിപത്യപരമാവുകയുമല്ലേ ചെയ്തത്? ക്രിസ്തുമതത്തിലെ മതനവീകരണ പ്രസ്ഥാനങ്ങളെല്ലാം  പറഞ്ഞുതരുന്ന ചരിത്രം അതല്ലേ? എല്ലാ മതങ്ങളും ആധുനികതയുമായുള്ള അഭിമുഖീകരണത്തെ തുടര്‍ന്ന് ഇത്തരം മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇസ്‌ലാമും ഇതിന്നപവാദമല്ല. എന്നിട്ടും ആധുനികത മാത്രം ആരും വിമര്‍ശിക്കാന്‍ പാടില്ലാത്ത വിശുദ്ധ പശുവായിരിക്കണമെന്ന് ശഠിക്കുന്നതിന്റെ ചേതോവികാരമെന്താണ്? യഥാര്‍ഥത്തില്‍  മതങ്ങള്‍ ചെയ്തതുപോലെ അകത്തുനിന്നും പുറത്തുനിന്നുമുള്ള വിമര്‍ശനങ്ങളെ നല്ല മനസ്സോടെ സ്വീകരിച്ച് സ്വയം നവീകരണത്തിന് തയാറാവുകയല്ലേ ആധുനികത ചെയ്യേണ്ടത്? അത്തരം സ്വയം നവീകരണത്തിന് ഉതകുന്ന വിമര്‍ശനങ്ങള്‍ മാത്രമേ ആധുനികതയുടെ അടിത്തറകളായ മതേതരത്വത്തിനും ദേശീയതക്കും ജനാധിപത്യത്തിനുമെതിരെ സയ്യിദ് മൗദൂദി ഉന്നയിച്ചിട്ടുള്ളൂ. അല്ലാതെ  അത് മുഴുവന്‍ അപ്പാടെ പൊളിച്ചടുക്കണമെന്ന് അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. അത് തിരിയണമെങ്കില്‍ അദ്ദേഹത്തിന്റെ ഏതെങ്കിലും പുസ്തകത്തില്‍നിന്നുള്ള ചില വരികള്‍  അപ്പുറവും ഇപ്പുറവും വിട്ടുകളഞ്ഞ് ഉദ്ധരിച്ചാല്‍ മതിയാവുകയില്ല. പുകമറ സൃഷ്ടിക്കാന്‍ മാത്രമേ അതുതകൂ. മൗദൂദിയുടെ പുസ്തകങ്ങള്‍ മുഴുവനായി വായിക്കുകയും അത് രചിക്കപ്പെട്ട പശ്ചാത്തലം മനസ്സിലാക്കുകയും അദ്ദേഹത്തിന്റെയും അദ്ദേഹം നേതൃത്വം നല്‍കിയ പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്താല്‍ മാത്രമേ മൗദൂദിയുടെ ആധുനികതാവിമര്‍ശനത്തിന്റെ യാഥാര്‍ഥ്യവും പ്രസക്തിയും മനസ്സിലാവുകയുള്ളൂ. ഇതിനുള്ള ശേഷിയോ നിലവാരമോ ഇല്ലാത്തവര്‍ പിശാചുവേട്ട നടത്തി സായൂജ്യമടയും. ഇത് ഒരുതരം ആത്മരതിയാണ്. ഇത് എന്‍.പി മുഹമ്മദ് പണ്ട് പറഞ്ഞ 'മുസ്‌ലിയാരിസ'മാണ്. മതത്തിനകത്തെ പുരോഗമനപക്ഷം ഉയര്‍ത്തുന്ന വാദങ്ങള്‍ക്ക് യുക്തിക്ക് നിരക്കുന്ന യാതൊരു മറുവാദവും അവതരിപ്പിക്കാതെ  പ്രകോപനപരമായ  ചില കസര്‍ത്തുകളിലൂടെ അവരെ മലര്‍ത്തിയടിച്ചുവെന്ന് ധരിച്ച് മതത്തിന്റെ ആളുകള്‍ സ്വയം ആത്മരതി കൊള്ളുന്നതിനെയാണ് എന്‍.പി 'മുസ്‌ലിയാരിസം' എന്ന് വിശേഷിപ്പിച്ചത്. അതേ മുസ്‌ലിയാരിസത്തിന്റെ ആത്മരതിയാണിപ്പോള്‍ ചില മതേതര അസഹിഷ്ണുക്കള്‍  മൗദൂദീവേട്ടയിലൂടെ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

മതേതര ജനാധിപത്യത്തെയും ദേശീയതയെയും വിമര്‍ശനാത്മകമായി സമീപിച്ച മുസ്‌ലിംപക്ഷത്തെ ആദ്യത്തെയാളല്ല മൗദൂദി. അല്ലാമാ ഇഖ്ബാല്‍, മുഹമ്മദ് അബ്ദു, റശീദ് രിദാ തുടങ്ങിയവരെല്ലാം അത് ചെയ്തിട്ടുണ്ട്. മതേതരത്വത്തെ മതപരിവര്‍ത്തനമെന്ന് വിശേഷിപ്പിച്ചവര്‍ പോലുമുണ്ട്. 'മതപരിവര്‍ത്തനമുണ്ട്, പക്ഷേ അബൂബക്‌റില്ല' എന്ന് അബുല്‍ ഹസന്‍ അലി നദ്‌വി എഴുതിയത് മുസ്‌ലിംകളുടെ വിശ്വാസത്തിന് മതേതരത്വം ഉയര്‍ത്തിയ ഭീഷണിയെക്കുറിച്ചാണ്. മതമില്ലാത്ത രാഷ്ട്രീയം ചെങ്കിസ്ഖാനിസമാണെന്ന് പറഞ്ഞത് അല്ലാമാ ഇഖ്ബാലാണ്. പാശ്ചാത്യരുടെ മതേതര രാഷ്ട്രീയത്തെ അനറബി പിശാച് എന്നാണ് മുഹമ്മദ് അബ്ദു വിശേഷിപ്പിച്ചത്. 

മസീഞ്ഞോണെ പോലുള്ള ക്രൈസ്തവ ദൈവശാസ്ത്രകാരന്മാരും ആദ്യകാലത്തുതന്നെ മതേതരത്വത്തിനെതിരെ  പരോക്ഷ മതപരിവര്‍ത്തനം എന്ന വിമര്‍ശം ഉന്നയിച്ചിരുന്നു. യാതൊന്നും ഉല്‍പാദിപ്പിക്കാത്ത മച്ചിയെന്നും എന്തിനും ഉപയോഗിക്കാവുന്ന വേശ്യയെന്നും ജനാധിപത്യത്തെ ആക്ഷേപിച്ചത് മൗദൂദിയല്ല, സാക്ഷാല്‍ മഹാത്മാ ഗാന്ധിയാണ്. യാതൊരു മൂല്യങ്ങളുടെയും പിന്‍ബലമോ പ്രചോദനമോ ഇല്ലാത്ത മതേതര ജനാധിപത്യത്തെയാണ് വ്യത്യസ്ത രീതിയില്‍ അവരെല്ലാം വിമര്‍ശിച്ചത്. അത്രയേ മൗദൂദിയും ചെയ്തുള്ളൂ. മധ്യകാലത്ത് യൂറോപ്പില്‍ ഭീകരത വിതച്ച തിയോക്രസിക്കും മൂല്യരഹിതമായ മതേതര ജനാധിപത്യത്തിനും ബദലായി തിയോ ഡെമോക്രസി  എന്ന പരികല്‍പന മുന്നോട്ടുവെച്ചതിലൂടെ മതേതര ജനാധിപത്യത്തിന് മൂല്യാധിഷ്ഠിതമായി സ്വയം നവീകരണത്തിനുള്ള തന്റെ നിര്‍ദേശം അവതരിപ്പിക്കുകയാണ് മൗദൂദി ചെയ്തത്. അതിനെ കുറിച്ച് ചര്‍ച്ച പോലും ചെയ്യാതെ അതിനെ പൈശാചികവും വിധ്വംസനാത്മകവുമായ ചിന്തയെന്ന് മുദ്രകുത്തുന്നത് മതേതര അസഹിഷ്ണുത മാത്രമല്ല വ്യാവഹാരികമായ ഹിംസ കൂടിയാണ്. ഈ വ്യാവഹാരിക ഹിംസ മറ്റു മതങ്ങള്‍ക്കൊന്നും നേരെയില്ല, ഇസ്‌ലാമിനോട് മാത്രമാണെന്നാണ് പോസ്റ്റ് കൊളോണിയല്‍ പഠനങ്ങള്‍ പുറത്തുകൊണ്ടുവന്നത്. അതായത് ആധുനികത മതങ്ങളെയല്ല, ഇസ്‌ലാമിനെ മാത്രമാണ് അപരവല്‍ക്കരിച്ചത്  എന്നാണ് ആ പഠനങ്ങള്‍ സോദാഹരണം ചൂണ്ടിക്കാട്ടുന്നത്. നവോത്ഥാനാനന്തരം ചര്‍ച്ചുമായി രാഷ്ട്രീയാധികാരത്തിന്റെ  കാര്യത്തില്‍ ഒത്തുതീര്‍പ്പിലെത്തിയ യൂറോപ്പിലെ ദേശരാഷ്ട്രങ്ങളില്‍ നടപ്പിലാക്കിയ മതേതരത്വം ഭൂരിപക്ഷ മതാധികാര മതേതരത്വമായിരുന്നുവെന്നതാണ് സത്യം. അതുകൊണ്ടാണ് നവോത്ഥാനാനന്തര യൂറോപ്യന്‍ ദേശരാഷ്ട്രങ്ങളില്‍ മുസ്‌ലിംകളും ജൂതന്മാരും വംശീയ വിദ്വേഷത്തിന് ഇരയായത്. ജൂതന്മാരുടെ പ്രശ്‌നം  അവര്‍ക്ക് മാത്രമായി അറബികളുടെ മണ്ണില്‍ ഒരു രാഷ്ട്രം സൃഷ്ടിച്ചുകൊടുത്ത് എന്നെന്നേക്കുമായി അവര്‍ പരിഹരിച്ചു. അതോടെ ഇസ്‌ലാമും മുസ്‌ലിംകളും മാത്രമായി അവരുടെ വംശീയതയുടെ ഇരകള്‍. കൊട്ടിഘോഷിക്കുന്ന അവരുടെ മതേതര ജനാധിപത്യത്തില്‍ പര്‍ദ നിരോധിക്കപ്പെടുന്നതും, ഹോളോകോസ്റ്റിനെതിരെ സംസാരിക്കുന്നത് നിയമവിരുദ്ധമാവുമ്പോള്‍ തന്നെ പ്രവാചകനിന്ദ അനുവദനീയമാകുന്നതും അതുകൊണ്ടാണ്. അതിനാല്‍ ഇസ്‌ലാമോഫോബിയയുടെ വേരുകള്‍ നാം കണ്ടെത്തേണ്ടത് പുരോഗമനമുഖം ചാര്‍ത്തപ്പെട്ട ഈ മതേതര ആധുനികതയില്‍തന്നെയാണ്.

എന്നാല്‍ മുസ്‌ലിം രാജ്യങ്ങളില്‍ ഈ മതേതരത്വം നേര്‍വിപരീത ദിശയിലാണ് ചലിച്ചത്. അതായത് യൂറോപ്യന്‍ നാടുകളില്‍ മതേതരത്വം ഭൂരിപക്ഷ മതാധികാരത്തിന് കീഴടങ്ങിയപ്പോള്‍ മുസ്‌ലിംനാടുകളില്‍ മതേതരത്വം അവിടത്തെ ഭൂരിപക്ഷ മതമായ ഇസ്‌ലാമിനെതിരെ അക്രമാസക്തമായി പ്രവര്‍ത്തിക്കുകയായിരുന്നു. പടിഞ്ഞാറിന്റെ ഒത്താശയോടെ ജനാധിപത്യത്തെ തന്നെ കശാപ്പുചെയ്തുകൊണ്ടാണ് ഈ അക്രമാസക്ത മതേതരത്വം അവിടങ്ങളില്‍ അരങ്ങുതകര്‍ത്തത്. ഈ മതേതരത്വവുമായി ഏറ്റുമുട്ടി  തുര്‍ക്കിക്കും തുനീഷ്യക്കുമൊക്കെ തങ്ങളുടെ ഇസ്‌ലാമിക സ്വത്വം തിരിച്ചുപിടിക്കാന്‍ പതിറ്റാണ്ടുകള്‍ കാത്തുനില്‍ക്കേണ്ടിവന്നു. ഇപ്പോഴും പല മുസ്‌ലിം രാജ്യങ്ങള്‍ക്കും അതിന് സാധിച്ചിട്ടില്ല. മുസ്‌ലിം മമാലിക് മേം മഗ്‌രിബിയത്ത് ഔര്‍ ഇസ്‌ലാം കി കശ്മകശ് (മുസ്‌ലിം രാജ്യങ്ങളില്‍ പാശ്ചാത്യ-ഇസ്‌ലാം വടംവലി) എന്ന ലഘു പുസ്തകത്തില്‍ മൗലാനാ അലി മിയാന്‍ മതേതരത്വവുമായുള്ള ഇസ്‌ലാമിസ്റ്റുകളുടെ ഈ പോരാട്ടത്തെ വ്യക്തമായി വരച്ചുകാണിച്ചിട്ടുണ്ട്. 

ഇന്ത്യയിലും സ്വാതന്ത്ര്യസമരകാലത്തുതന്നെ മതേതര ജനാധിപത്യം ഭൂരിപക്ഷ മതാധികാരത്തിന് കീഴ്‌പ്പെടുന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണിച്ചുതുടങ്ങിയിരുന്നു. കൊളോണിയല്‍ ഭരണത്തിന്റെ അടിച്ചമര്‍ത്തലും അവഗണനയും കാരണം അവികസിതമായി കിടന്ന മുസ്‌ലിം ഭൂരിപക്ഷമുള്ള പൂര്‍വ ബംഗാളിനെ വികസനത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബംഗാള്‍ ഗവര്‍ണര്‍ കഴ്‌സണ്‍ പ്രഭു ബംഗാള്‍ വിഭജനം നടത്തിയപ്പോള്‍ അതിനെതിരെ ദേശീയതയെ ഉദ്ദീപിപ്പിച്ച് കോണ്‍ഗ്രസ് വന്‍ പ്രക്ഷോഭത്തിലൂടെ വിഭജനത്തെ റദ്ദ് ചെയ്യിച്ചതും  മുപ്പതുകളില്‍ നടന്ന പ്രവിശ്യാ തെരഞ്ഞെടുപ്പുകളില്‍ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ചിട്ടും മുസ്‌ലിം ലീഗിനെ കൂടെ ഭരിക്കാന്‍ അനുവദിക്കാത്ത കോണ്‍ഗ്രസ് സമീപനവും ഇന്ത്യയിലെ  മതേതര ജനാധിപത്യവും ഭൂരിപക്ഷ മതാധികാരത്തിന് കീഴടങ്ങുമെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മതേതര ജനാധിപത്യത്തിനും ദേശീയതക്കുമെതിരായ മൗദൂദിയുടെ വിമര്‍ശനമുണ്ടായത്. ആ പശ്ചാത്തലം മുമ്പിലുള്ള ആരും മൗദൂദിയുടെ വിമര്‍ശനം അര ശതമാനം പോലും കൂടിപ്പോയി എന്ന് പറയില്ല. അറബ് വസന്താനന്തരം മാത്രം തുനീഷ്യക്ക് സാധിച്ചുവെന്ന് ഗന്നൂശി അവകാശപ്പെടുന്ന ഇസ്‌ലാമിക സ്വത്വത്തിന്റെ വീണ്ടെടുപ്പ് അമ്പതുകളുടെ ആദ്യത്തില്‍തന്നെ ഒരു നിയമ നിര്‍മാണത്തിലൂടെ പാകിസ്താനില്‍ മൗദൂദി സാധിച്ചെടുത്തത് ആധുനികതക്കെതിരായി മൗദൂദി നേടിയ സൈദ്ധാന്തിക വിജയമായിരുന്നു

പരമത വിദ്വേഷവും അയല്‍നാടിനോടുള്ള യുദ്ധോത്സുകതയും കൊണ്ട് വളര്‍ത്തിയെടുത്ത ഉന്മാദ ദേശീയതയുടെ സഹായത്തോടെ വംശഹത്യയുടെ സൂത്രധാരന്മാര്‍ക്കുപോലും എണ്ണപ്പെരുപ്പത്തിലൂടെ അധികാരത്തില്‍ വരാനാകുമെന്നും തങ്ങളുടെ ഫാഷിസ്റ്റ് നടപടികള്‍ ധൈര്യപൂര്‍വം നടപ്പില്‍വരുത്താനാകുമെന്നും സമകാലിക ഇന്ത്യ തെളിയിച്ചതോടെ ജനാധിപത്യം ഒരു വിമര്‍ശനവും പാടില്ലാത്ത വിശുദ്ധ പശുവാണെന്ന ധാരണ തിരുമന്മാര്‍ക്ക് മാത്രമേ ഉണ്ടാകൂ. ഏക സിവില്‍കോഡിലൂടെ രാജ്യത്തിന്റെ സാംസ്‌കാരികവൈവിധ്യം ഇല്ലാതാക്കാനുള്ള നടപടികള്‍ക്ക് ഭരണകൂടം ആശ്രയിക്കുന്നതും എണ്ണപ്പെരുപ്പത്തെയാണ്. ജനാധിപത്യം എല്ലാ രാജ്യങ്ങളിലും കോര്‍പ്പറേറ്റുകള്‍ക്കു മുമ്പില്‍ അടിയറ വെക്കപ്പെട്ടത് ഇതിനെല്ലാറ്റിനും മീതെയാണ്. രാജ്യത്തിന്റെ മതനിരപേക്ഷതയുടെ കാര്യം അതിലും ദയനീയമാണ്. കരിനിയമങ്ങള്‍ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ വേട്ടയാടിയും മതപ്രബോധനസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടും ഭൂരിപക്ഷത്തിന്റെ സംസ്‌കാരം എല്ലാവരിലും അടിച്ചേല്‍പിച്ചും നമ്മുടെ കൊട്ടിഘോഷിക്കപ്പെട്ട മതേതരത്വം ഭൂരിപക്ഷ മതാധികാരത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചക്കാണ് വര്‍ത്തമാന ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. അതിനാല്‍ മൗദൂദിയുടെ വിമര്‍ശനത്തിന് ഇപ്പോഴും യാതൊരു പ്രസക്തിയും നഷ്ടപ്പെട്ടിട്ടില്ല. അത് കൂടുകയേ ചെയ്തിട്ടുള്ളൂ. ലിബറല്‍ ജനാധിപത്യം സോഷ്യലിസത്തിനു മേല്‍ വിജയം വരിച്ചതോടെ ചരിത്രം അവസാനിച്ചുവെന്ന് കരുതുന്ന ഫൂക്കുയാമയുടെ അനുയായികള്‍ക്ക് മാത്രമേ ഇത്തരം വിമര്‍ശനം ചതുര്‍ഥിയായി തോന്നുകയുള്ളൂ.

ഇത്രയും സിദ്ധാന്തത്തിന്റെ കാര്യം. പ്രായോഗിക രംഗത്ത് മൗദൂദിയെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും പോലെ  ജനാധിപത്യത്തെ  മാനിക്കുകയും ജനാധിപത്യത്തിനു വേണ്ടി പോരാടുകയും ചെയ്ത വേറൊരു വിഭാഗം മതരംഗത്തോ മതേതര മേഖലയിലോ ഇല്ല എന്നത് ഒരു പച്ച പരമാര്‍ഥമാണ്. ഇപ്പോഴും  മത സംഘടനകളില്‍  നേതാവിനെ തെരഞ്ഞെടുക്കുന്നതിലും കാര്യങ്ങള്‍ തീരുമാനിക്കുന്നതിലും യാതൊരു ജനാധിപത്യവുമില്ല എന്നതാണ് വാസ്തവം. ആജീവനാന്തം നേതാവായ വ്യക്തിയുടെ തിരുവായ്ക്ക് എതിര്‍വായ് ഇല്ലാത്ത അവസ്ഥയാണ് അത്തരം പാര്‍ട്ടികളില്‍. എന്നാല്‍, മൗദൂദി താന്‍ രൂപം  കൊടുത്ത പ്രസ്ഥാനത്തിന്റെ അധ്യക്ഷനായതു പോലും അംഗങ്ങള്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തപ്പോള്‍ മാത്രമാണ്. ഒരോ ടേം കഴിയുമ്പോഴും അദ്ദേഹം വീണ്ടും അധ്യക്ഷനായത് ഭൂരിപക്ഷം അദ്ദേഹത്തിന് വോട്ട് ചെയ്തതുകൊണ്ടു മാത്രമാണ്. എന്നിട്ടും അദ്ദേഹം ആജീവനാന്ത അധ്യക്ഷനായില്ല. ഒരു ഘട്ടത്തില്‍ സ്ഥാനമൊഴിഞ്ഞ് തന്റെ കീഴില്‍ ദീര്‍ഘകാലം സെക്രട്ടറിയായിരുന്ന വ്യക്തിയുടെ നേതൃത്വത്തിനു കീഴില്‍ അനുസരണയുള്ള അനുയായിയായി പ്രവര്‍ത്തിച്ചുകൊണ്ടാണ് അദ്ദേഹം മരണമടയുന്നത്. ഏതെങ്കിലും മത സംഘടനക്ക് ഇപ്പോഴും സ്വപ്നം കാണാന്‍ കഴിയുമോ ഈ ജനാധിപത്യ പ്രതിബദ്ധത? സൈദ്ധാന്തികമായി ജനാധിപത്യവിരുദ്ധനായ ഒരാള്‍ക്കെങ്ങനെയാണ് പ്രായോഗിക രംഗത്ത് ഇത്രമാത്രം ജനാധിപത്യത്തോട് പ്രതിബദ്ധത പുലര്‍ത്താനാവുക?

പാകിസ്താനില്‍ ജനാധിപത്യത്തിന്റെ സംരക്ഷണത്തിനും  പുനഃസ്ഥാപനത്തിനും  മൗദൂദി നടത്തിയ പോരാട്ടം ചരിത്രത്തിന്റെ ഭാഗമാണ്. അതിന് പാകിസ്താനിലെ മത പാര്‍ട്ടികളുമായും മതേതര പാര്‍ട്ടികളുമായും പല വിട്ടുവീഴ്ചകളും ചെയ്ത് അദ്ദേഹം ധാരണയിലെത്തി. അയ്യൂബ് ഖാന്‍ എന്ന പട്ടാള ഏകാധിപതിയെ താഴെയിറക്കാനായി ബീഗം ഫാത്വിമ ജിന്നയെ അദ്ദേഹം പിന്തുണച്ചു. മതപണ്ഡിതന്മാര്‍ അതിന്റെ പേരില്‍ അദ്ദേഹത്തെ വിമര്‍ശിച്ചതിന് കൈയും കണക്കുമില്ല. ബംഗ്ലാദേശിലും ജനാധിപത്യത്തിന്റെ പുനഃസ്ഥാപനത്തിനു വേണ്ടി ഇന്ന് ജമാഅത്തിനെ വേട്ടയാടുന്ന ശൈഖ് ഹസീനയോട് പോലും ജമാഅത്ത് സഹകരിച്ചിരുന്നു. അതിനാല്‍ ജമാഅത്തിനെയും മൗദൂദിയെയും ജനാധിപത്യം പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല എന്നാണ് ഒട്ടും ധാര്‍ഷ്ട്യമില്ലാതെ ജനാധിപത്യത്തെ കുടുംബാധിപത്യത്തിനും ആത്മീയ നേതാവിന്റെ കാല്‍ക്കീഴിലും മസില്‍ പവറിനും അടിയറ വെച്ച എല്ലാവരോടും പറയാനുള്ളത്.

ഇനി ഹിംസയെയും  സായുധ പ്രവര്‍ത്തനങ്ങളെയും  കുറിച്ച് കൂടി അല്‍പം. ഇത് രണ്ടും തത്ത്വത്തിലും പ്രയോഗത്തിലും തീരെ അംഗീകരിക്കാത്തവരോ ചെയ്യാത്തവരോ അല്ല ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന ഹിംസയെയും സായുധ പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്നതും അതിന്റെ ഭാരം മൗദൂദിയുടെ തലയില്‍ കെട്ടിവെക്കുന്നതും. ഒരുകാലത്ത് കേരളത്തില്‍ വ്യവസ്ഥക്കെതിരെ സായുധ ഹിംസക്ക്  നേതൃത്വം നല്‍കിയ നക്‌സലൈറ്റ് നേതാക്കളുടെ ഗൃഹാതുര സ്മരണകള്‍ ആഘോഷിക്കാത്ത ഏത് പ്രസിദ്ധീകരണമാണ് മലയാളത്തിലുള്ളത്! മാവോയും ചെ ഗുവേരയും ഇന്നും വീരനായകന്മാരായി കൊണ്ടാടപ്പെടുന്നുണ്ട്. ഇതിഹാസത്തിലെ മര്യാദാ പുരുഷോത്തമനായ രാമന്റെ കൈയില്‍ വരെ അമ്പും വില്ലും നല്‍കി മറ്റു മതക്കാരുടെ പള്ളി തവിടുപൊടിയാക്കിയവരും  ഇന്ത്യയിലുടനീളം വര്‍ഗീയ കലാപങ്ങളും വംശഹത്യകളും നടത്തിയവരും ഇസ്‌ലാമിന്റെ  പേരിലുള്ള ഹിംസയെ പൈശാചികവല്‍ക്കരിക്കുന്നവരുടെ മുന്‍നിരയില്‍ തന്നെയുണ്ട്! അതുപോലെ രാഷ്ട്രീയ കൊലപാതകങ്ങളെ ജനാധിപത്യത്തിലെ ഒരംഗീകൃത കലാപരിപാടി തന്നെയാക്കിയവരാണ്  മിക്കവാറും എല്ലാ രാഷ്ട്രീയ സംഘടനകളും. അതിനാല്‍ ഹിംസയുടെ പേരില്‍ ഇസ്‌ലാമിനെ പൈശാചികവല്‍ക്കരിക്കുന്നവര്‍ അത് ചെയ്യുന്നത് ഹിംസയോട് എന്തെങ്കിലും വെറുപ്പോ വിയോജിപ്പോ ഉണ്ടായതുകൊണ്ടല്ല. മറിച്ച് ഇസ്‌ലാമിനെ അപരവല്‍ക്കരിക്കുന്ന ആധുനികതയുടെ പ്രത്യയശാസ്ത്രപരിസരം അവരെ സ്വാധീനിച്ചതുകൊണ്ടുമാത്രമാണ്. സമാധാനപരമാകട്ടെ, സായുധമാകട്ടെ സാമൂഹികമാറ്റത്തിന് ഇസ്‌ലാമിനെ ഉപകരണമാക്കുന്ന ആരും ആധുനികതയുടെ കണ്ണില്‍ തീവ്രവാദികളോ തീവ്രവാദത്തിന് പ്രത്യയശാസ്തപരിസരം ഒരുക്കുന്നവരോ ആണ്. അതിനാല്‍ മൗദൂദിയുടെ ഗ്രന്ഥം വായിച്ചിട്ട് തീവ്രവാദിയായ ആരെയെങ്കിലും ചൂണ്ടിക്കാട്ടാന്‍ ആവശ്യപ്പെട്ടതുകൊണ്ടോ ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അനുയായികളില്‍ ആരുടെയെങ്കിലും  പേരില്‍ ഒരു പെറ്റി കേസെങ്കിലും ചുമത്തിയിട്ടുണ്ടോ എന്ന് വെല്ലുവിളിച്ചതുകൊണ്ടോ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ഇന്നത്തെ അവസ്ഥയില്‍ പെറ്റി കേസല്ല, യു.എ.പിഎ തന്നെ ആര്‍ക്കെതിരെയും ചുമത്താവുന്നതാണ്. ഇസ്‌ലാമിനെ പൈശാചികവല്‍ക്കരിക്കുന്ന ആധുനികതയുടെ വ്യാവഹാരിക ഹിംസയെ ജ്ഞാനശാസ്ത്രപരമായ ബദല്‍ വ്യവഹാരങ്ങള്‍ കൊണ്ട് ചെറുത്തുതോല്‍പിക്കുകയും ഒപ്പം എല്ലാ അക്രമങ്ങള്‍ക്കെതിരെയും ജീവിതം കൊണ്ട് സാക്ഷ്യം വഹിക്കുകയും ചെയ്തുകൊണ്ടേ ഈ പ്രതിസന്ധിയെ നമുക്ക് മറികടക്കാനാകൂ. 

ഈ തിരിച്ചറിവില്‍നിന്നുകൊണ്ട് ഹിംസക്കും സായുധ വിപ്ലവത്തിനും എതിരെയുള്ള മൗദൂദിയുടെ സുചിന്തിതമായ നിലപാട് നേരത്തേയും ഉദ്ധരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഉത്തരാധുനിക വിമര്‍ശകനായ സിയാവുദ്ദീന്‍ സര്‍ദാറിന്റെ വാക്കുകളിലൂടെ തന്നെ വ്യക്തമാക്കുകയാണ്.

'സായുധ മാര്‍ഗത്തിലൂടെ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാനാകുമെന്ന് താങ്കള്‍ കരുതുന്നുവോ' എന്ന സര്‍ദാറിന്റെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഒരു നിമിഷം പോലും ആലോചിക്കാതെ മൗദൂദിയുടെ മറുപടി. തുടര്‍ന്ന് അത് അദ്ദേഹം ഇപ്രകാരം വിശദീകരിച്ചു:

''സായുധ കലാപത്തിലൂടെ ഒരിസ്‌ലാമിക രാഷ്ട്രം സ്ഥാപിച്ചുവെന്ന് കരുതുക. ഒരിക്കലും ആ രാഷ്ട്രത്തെ മുന്നോട്ടു കൊണ്ടുപോകാനോ ഇസ്‌ലാമികമായി അതിന്റെ കാര്യങ്ങള്‍ കൈയാളാനോ കഴിയില്ല. ഇസ്‌ലാം വിഭാവനം ചെയ്യുന്ന ധാര്‍മികമാറ്റത്തിന് അവിടെയുള്ള പൗരന്മാര്‍ ഒട്ടും പാകമായിട്ടുണ്ടാവില്ല എന്നതാണ് അതിന്റെ ലളിതമായ കാരണങ്ങള്‍. അധികാരത്തിലെത്തുന്ന ആര്‍ക്കും ഉപയോഗിക്കാവുന്ന ഉപകരണമാണല്ലോ ആയുധം. രാഷ്ട്രത്തിനെതിരെ പ്രതിവിപ്ലകാരികള്‍ക്കും അതേ ആയുധം പ്രയോഗിക്കാമല്ലോ. മാത്രമല്ല സായുധ കലാപം നടത്തണമെങ്കില്‍ നിങ്ങളുടെ പ്രസ്ഥാനത്തെ രഹസ്യ സ്വഭാവത്തില്‍ പുനഃസംഘടിപ്പിച്ചേ തീരൂ. വിമര്‍ശനവും തുറന്ന ചര്‍ച്ചയും രഹസ്യ സംഘടനകള്‍ ഒരിക്കലും പൊറുപ്പിക്കുകയില്ല. ചതി, കളവ്, വ്യാജ ഇടപാടുകള്‍, വിശ്വാസ വഞ്ചന, രക്തച്ചൊരിച്ചില്‍ തുടങ്ങിയവ രഹസ്യ സംഘടനകള്‍ക്ക് കൂടിയേ തീരൂ. ഇതെല്ലാം ഇസ്‌ലാം കര്‍ശനമായി വിലക്കിയതാണ്. മറ്റൊന്ന് തോക്കിന്‍കുഴലിലൂടെ നേടിയ വിപ്ലവം തോക്കിന്‍കുഴലിലൂടെ മാത്രമേ നിലനിര്‍ത്താനാകൂ എന്നതാണ്'' (സ്വര്‍ഗം തേടി നിരാശയോടെ - സിയാവുദ്ദീന്‍ സര്‍ദാര്‍).

അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ ഖിലാഫത്തിനെ മൗദൂദിയുമായി ചേര്‍ത്തുപറയുന്നതും തികഞ്ഞ അനീതിയാണ്. ഇസ്‌ലാമിക രാഷ്ട്രീയത്തെ കുറിച്ച് മൗദൂദി നിരന്തരം സംസാരിച്ചിരുന്നു. പക്ഷേ ഖിലാഫത്തിന്റെ പുനഃസ്ഥാപനത്തെക്കുറിച്ച് അദ്ദേഹം എവിടെയും സംസാരിച്ചിട്ടില്ല. ദേശരാഷ്ട്രം ഒരു യാഥാര്‍ഥ്യമായിക്കഴിഞ്ഞതിനു ശേഷം രാജ്യാതിര്‍ത്തികളില്ലാത്ത ഖിലാഫത്ത് അപ്രായോഗികവും അപ്രസക്തവുമാണെന്ന് മോഡേണ്‍ സെന്‍സുള്ള മൗദൂദിക്ക് നല്ല പോലെ അറിയാമായിരുന്നു. ഇന്ത്യയില്‍ നടന്ന ഖിലാഫത്ത് മൂവ്‌മെന്റിനെ പോലും മൗദൂദി പിന്തുണച്ചത് പൂര്‍ണമായ മനഃസംത്യപ്തിയോടെയല്ല. ആ കാലത്ത് താന്‍ അനുഭവിച്ച മനഃസംഘര്‍ഷം അദ്ദേഹം തുറന്നെഴുതിയിട്ടുണ്ട്. ഉസ്മാനീ ഖിലാഫത്തിനെ കുറിച്ച് പഠിച്ചപ്പോള്‍ അത് നിലനില്‍ക്കാന്‍ ഒരു ന്യായവുവില്ലാത്ത പൊള്ളയായ ഒന്നായിരുന്നുവെന്ന് അദ്ദേഹത്തിന് ബോധ്യമായിരുന്നു. അതിനാല്‍ അത് സംരക്ഷിക്കാന്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ രംഗത്തിറങ്ങുന്നത് പാഴ്‌വേലയാണെന്നും അദ്ദേഹം മനസ്സിലാക്കി. പക്ഷേ അദ്ദേഹത്തെ  അന്തഃസംഘര്‍ഷത്തിലാക്കിയ കാര്യം അത് സാമ്രാജ്യത്വവിരുദ്ധമാണെന്നതും തനിക്ക് വല്ലാതെ മതിപ്പുള്ള, ഇസ്‌ലാമിനോട് പ്രതിബദ്ധതയും ആത്മാര്‍ഥതയുമുള്ള മത പണ്ഡിതന്മാരുടെ കൈയിലാണ് അതിന്റെ നേതൃത്വമുള്ളത് എന്നതുമാണ്. അതിനാല്‍ അതിനെ പിന്തുണക്കാതിരിക്കാന്‍ തനിക്ക് കഴിയുമായിരുന്നില്ല എന്നാണ് പില്‍ക്കാലത്ത് അദ്ദേഹം തുറന്നെഴുതിയത്. ഖിലാഫത്ത് മൂവ്‌മെന്റിനോട് അക്കാലത്ത് മതിപ്പില്ലാത്ത മറ്റൊരു മുസ്‌ലിം നേതാവ് മുഹമ്മദലി ജിന്നയായിരുന്നു. ഇന്ത്യയില്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടായിരുന്ന ദലിത്-മുസ്‌ലിം ബഹുജന്‍ രാഷ്ട്രീയത്തെ കാലേക്കൂട്ടി തടയാന്‍ മഹാത്മാ ഗാന്ധി ഒരേസമയം ഖിലാഫത്തിനെയും രാമരാജ്യത്തെയും തന്ത്രപരമായി ഉപയോഗിക്കുകയായിരുന്നുവെന്ന ജി. അലോഷ്യസിനെ പോലുള്ളവരുടെ പഠനങ്ങള്‍ ഖിലാഫത്ത് മൂവ്‌മെന്റിനെ തന്നെ പുനര്‍വായന തേടുന്ന ഒന്നാക്കി മാറ്റുന്നുണ്ട്.

ഏതായിരുന്നാലും രാജ്യാതിര്‍ത്തികളുള്ള ദേശരാഷ്ട്രങ്ങള്‍ക്കകത്ത് ഇസ്‌ലാമിന്റെ സാമൂഹിക-രാഷ്ട്രീയ നിയമങ്ങള്‍ ജനാധിപത്യപരമായി നടപ്പാക്കാനാണ് മൗദൂദി ആഗ്രഹിച്ചിരുന്നത് എന്ന കാര്യം വ്യക്തമാണ്. ഖിലാഫത്തും രാജ വാഴ്ചയും എന്ന തന്റെ ഗ്രന്ഥത്തില്‍ ഖിലാഫത്തുര്‍റാശിദയുടെ സവിശേഷതയായി അദ്ദേഹം എണ്ണുന്ന അഭിപ്രായസ്വാതന്ത്ര്യം, സ്വജനപക്ഷപാതമില്ലായ്മ, കൂടിയാലോചന, ജുഡീഷ്യറിയുടെ സ്വതന്ത്രമായ നില, പൊതുമുതല്‍ ഉപയോഗപ്പെടുത്തുന്ന കാര്യത്തിലുള്ള സൂക്ഷ്മത എന്നീ കാര്യങ്ങള്‍  ആധുനിക ജനാധിപത്യത്തിലും ഉട്ടോപ്യയായേ ആര്‍ക്കും തോന്നൂ.മതേതരത്വം, ജനാധിപത്യം, ദേശീയത്വം എന്ന കൃതിയില്‍ അദ്ദേഹം  തന്നെ പറയുന്നതുപോലെ ഏതൊരു ആധുനിക ജനാധിപത്യവാദിയേക്കാളും ജനാധിപത്യവാദിയായിരുന്നു മൗദൂദിയെന്ന് തെളിയിക്കാന്‍ ഖിലാഫത്തും രാജവാഴ്ചയും എന്ന അദ്ദേഹത്തിന്റെ ഒറ്റ കൃതിതന്നെ മതി. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 14-16
എ.വൈ.ആര്‍

ഹദീസ്‌

ഗുണകാംക്ഷയുെട തലങ്ങള്‍
എം.എസ്.എ റസാഖ്‌