Prabodhanm Weekly

Pages

Search

2016 ഒക്ടോബര്‍ 14

2971

1438 മുഹറം 13

ഒരു ഏകാധിപതിയുടെ മരണമുണര്‍ത്തുന്ന ചിന്തകള്‍

ഹുസൈന്‍ കടന്നമണ്ണ

മരിച്ചവരെ പഴിക്കുന്നതും ശപിക്കുന്നതും മനുഷ്യത്വവിരുദ്ധമാണെന്ന കാര്യത്തില്‍ ഏവരും യോജിക്കുന്നു. എന്നാല്‍ ജനജീവിതത്തിലും രാഷ്ട്രചരിത്രത്തിലും നിര്‍ണായക ഭാഗധേയം നിര്‍വഹിക്കുകയും അനുപമ സ്വാധീനം ചെലുത്തുകയും ചെയ്തവര്‍ മരണമടഞ്ഞ ശേഷവും അവരുടെ പൊതുചെയ്തികളെ വിലയിരുത്തി അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പ്രകാശിപ്പിക്കാമെന്ന പക്ഷക്കാരേറെയുണ്ട്. അവരുടെ പക്ഷം ചേര്‍ന്ന് പറയട്ടെ, കഴിഞ്ഞ ആഴ്ചകളില്‍ വായിക്കാന്‍ കഴിഞ്ഞ ഒന്നാന്തരം ചിന്തോദ്ദീപക നര്‍മം ഒരു വ്യക്തിയുടെ മരണവുമായി ബന്ധപ്പെട്ടതായിരുന്നു! ഉസ്‌ബെകിസ്താന്‍ പ്രസിഡന്റ് ഇസ്‌ലാം കരീമോവിന്റെ മരണവാര്‍ത്ത പുറത്തുവന്നപ്പോള്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക വക്താവ് അതില്‍ സംശയം പ്രകടിപ്പിച്ചത്രെ; കാരണം പുറത്തുവന്ന വാര്‍ത്താകുറിപ്പില്‍ പ്രസിഡന്റിന്റെ ഒപ്പില്ല! 

ഔദ്യോഗിക വക്താവിനെ കുറ്റം പറയാനാവില്ല. കാരണം മരണപ്പെട്ട പ്രസിഡന്റ് കഴിഞ്ഞ 27 വര്‍ഷമായി ഉസ്‌ബെകിസ്താന്‍ എന്ന രാജ്യത്തിന്റെ പ്രതീകമായും അവിടത്തെ മുഖ്യവാര്‍ത്തകളുടെ സ്രോതസ്സായും നിലകൊള്ളുകയായിരുന്നു. സാധാരണക്കാരായ ഉസ്‌ബെകിസ്താനികള്‍ പ്രസിഡന്റിന്റെ വാക്കുകള്‍ മാത്രം വിശ്വസിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. അദ്ദേഹത്തിന്റെ കൈയൊപ്പ് പതിയാത്ത വാര്‍ത്തയെന്താണെങ്കിലും അവര്‍ അവിശ്വസിച്ചു. തന്റെ വിശ്വസ്തര്‍ക്കും ഔദ്യോഗിക മീഡിയക്കും പ്രസിഡന്റ് ഇസ്‌ലാം കരീമോവ് ''ഉസ്‌ബെകിസ്താന് കൈവന്ന വരദാനമായിരുന്നു. രാജ്യത്തിന്റെ ഒരേയൊരു നേതാവും തത്ത്വചിന്തകനുമായിരുന്നു. അദ്ദേഹത്തിലൂടെ രാജ്യം പുതുജന്മം കൊണ്ടു. സ്ഥിരതയിലേക്കും പുരോഗതിയിലേക്കും കുതിച്ചു.. അങ്ങനെ ഏഷ്യന്‍ രാജ്യങ്ങളുടെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചു..!'' 

78 വര്‍ഷത്തെ ജീവിതത്തിനു ശേഷം സെപ്റ്റംബര്‍ രണ്ടിനു വെള്ളിയാഴ്ച മരണം കീഴടക്കിയ ഇസ്‌ലാം കരീമോവിന്റെ കഥ പഠനാര്‍ഹമായൊരു മാതൃകയാണ്. സൂക്ഷ്മമായി നോക്കിയാല്‍ ഏകാധിപതികളുടെയെല്ലാം ചരിത്രങ്ങള്‍ തമ്മില്‍ ഏറെ സമാനതകള്‍ കാണാം. അധികാരകാലത്തുടനീളം അഹങ്കരിക്കുകയും മറ്റുള്ളവരെയെല്ലാം ഇരുട്ടിലാക്കി എല്ലാ വെളിച്ചവും തങ്ങളില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്നവരാണ് ഏകാധിപതികള്‍. അവര്‍ ചിലപ്പോള്‍ പ്രതിസ്വരങ്ങളെ മുഴുവന്‍ ഉന്മൂലനം ചെയ്യുന്നു. മറ്റു ചിലപ്പോള്‍ യഥാര്‍ഥ പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്ത് കൃത്രിമ പ്രതിപക്ഷത്തെ സൃഷ്ടിക്കുന്നു. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന പ്രതിപക്ഷം ആ ഏകാധിപതികളുടെ തന്നെ മടിത്തട്ടില്‍ അവരുടെ പരിലാളനയേറ്റു ജീവിക്കുന്നു. അതുവഴി ജനങ്ങളുടെ വിമര്‍ശാഭിനിവേശത്തെ തൃപ്തിപ്പെടുത്താം. ഒപ്പം യഥാര്‍ഥ പ്രതിപക്ഷത്തിന്റെ ഉയിര്‍പ്പ് മുടക്കുകയുമാവാം. ഏതൊരു ഏകാധിപതിയും മോഹിക്കുന്ന ഇരട്ടലക്ഷ്യം! 

ഏകാധിപത്യവും ഭരണനൈപുണിയും പങ്കുവെക്കുന്ന പൊതുഗുണങ്ങള്‍ രണ്ടിനെയും വേര്‍തിരിച്ചു മനസ്സിലാക്കുന്നതില്‍ പ്രയാസം സൃഷ്ടിക്കുന്നു. വിശദീകരിക്കാം: ഭരണാധികാരി സൂക്ഷ്മദൃക്കായിരിക്കണം, അയാള്‍ക്ക് ഇഛാശക്തി വേണം, തന്റേടം വേണം, ആര്‍ജവം വേണം, വ്യക്തിപ്രഭാവം വേണം, പക്വത വേണം, ജ്ഞാനിയായിരിക്കണം, തീരുമാനശേഷി വേണം, കരുത്തു വേണം. ഇതിലൊന്നും ആര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. എന്നാല്‍, ഈ ഗുണങ്ങള്‍ തന്നെയാണ് അധികാരിയെ ഏകാധിപത്യത്തിലേക്കു നയിക്കുന്നതും. 

മേല്‍ഗുണങ്ങള്‍ ഭരണാധികാരിയെ ഏകാധിപത്യത്തിലേക്ക് എത്തിക്കാതെ മൂക്കുകയറിട്ടു നിര്‍ത്തണമെങ്കില്‍ വേറെ ചില ഗുണങ്ങളനിവാര്യം: സ്‌നേഹം, ആത്മാര്‍ഥത, കൂടിയാലോചനാമനസ്സ്, അധികാര വികേന്ദ്രീകരണ തല്‍പ്പരത, പരശ്രവണ സന്നദ്ധത, ലാളിത്യം, സുതാര്യത. ഒപ്പം ഇപ്പറഞ്ഞ ഇരുപാതി ഗുണങ്ങളെ മുഴുവന്‍ അടക്കിഭരിക്കുന്ന ദൈവഭക്തിയും. 

മേല്‍പ്പറഞ്ഞ ഇരുപാതി ഗുണങ്ങളും അചഞ്ചലമായ ദൈവഭക്തിയും ചേര്‍ന്നുണ്ടായ സവിശേഷ രസതന്ത്രമാണ് അബൂബക്‌റിനെയും ഉമറിനെയും പോലുള്ള മാതൃകാ ഭരണാധികാരികളെ സൃഷ്ടിച്ചത്. അവര്‍ ഏകാധിപതികളല്ലാതിരുന്നതുകൊണ്ടാണ് ചരിത്രം അവരെ വാഴ്ത്തുന്നതും. 

അധികാരസ്ഥാനത്തിരിക്കുന്ന ഒരാളില്‍ ഇഛാശക്തി മുതല്‍ ധീരത വരെയുള്ള ഗുണങ്ങള്‍ തീവ്രമായ അളവില്‍ കേന്ദ്രീകരിക്കപ്പെടുകയും സ്‌നേഹം മുതല്‍ സുതാര്യത വരെയുള്ള ഗുണങ്ങള്‍ തീരെയില്ലാതിരിക്കുകയും ദൈവഭക്തി പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്നതോടെ അയാള്‍ ഏകാധിപത്യഭാവം പ്രകടിപ്പിച്ചുതുടങ്ങുന്നു. ഏകാധിപതിക്കു മൂക്കുകയറിടുന്ന ഭരണഘടനയും ജുഡീഷ്യറിയുള്‍പ്പെടെയുള്ള ഭരണഘടനാധിഷ്ഠിത സ്ഥാപനങ്ങളും സ്വതന്ത്ര വാര്‍ത്താമാധ്യമങ്ങളും ഇല്ലാത്തിടത്ത് അയാള്‍ കൂടുതല്‍ ക്രൗര്യം കാണിക്കുന്നു. അവ ഉള്ളിടത്താവട്ടെ അവയിലെ പഴുതുകളുപയോഗിച്ച് തന്നിഷ്ടം പ്രവര്‍ത്തിക്കുന്നു. വ്യാഖ്യാനത്തിനു വഴങ്ങുന്ന വകുപ്പുകളെ ദുരുപയോഗം ചെയ്ത് കാര്യം സാധിക്കുന്നു. വഴങ്ങാത്തവരെ പൂതി-ഭീതികള്‍ വിതച്ച് ഒതുക്കുന്നു.          

നമുക്ക് ഇസ്‌ലാം കരീമോവിലേക്കു മടങ്ങാം. 1938-ല്‍ സമര്‍ഖന്ദിലാണ് അദ്ദേഹത്തിന്റെ ജനനം. പൂര്‍ണ നാമം ഇസ്‌ലാം അബ്ദുല്‍ഗനി കരീം. സോവിയറ്റ് യുഗത്തില്‍ ഇസ്‌ലാം അബ്ദുല്‍ ഗനിയോവ് കരീമോവ് എന്നായി പേര്. അനാഥാലയത്തിലൂടെ പഠിച്ചുവളര്‍ന്ന കരീമോവ് 22-ാം വയസ്സില്‍ ഏഷ്യന്‍ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇപ്പോഴത്തെ താഷ്‌കെന്റ് സ്റ്റേറ്റ് ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ഏഴു വര്‍ഷത്തിനു ശേഷം താഷ്‌കെന്റ് സ്റ്റേറ്റ് യൂനിവേഴ്‌സിറ്റി ഓഫ് എക്കണോമിക്‌സില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. പഠനകാലത്തുതന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1989-ല്‍, സോവിയറ്റ് യൂനിയന്റെ അവസാനകാലത്ത്, സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉസ്‌ബെകിസ്താന്‍ ഘടകത്തിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 

രണ്ടു വര്‍ഷം കഴിഞ്ഞ് 1991-ല്‍ സോവിയറ്റ് യൂനിയന്‍ പൊട്ടിച്ചിതറിയപ്പോള്‍ കിര്‍ഗിസ്താനു പിറകെ രാജ്യത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് വേറിട്ടുപോരുകയും ഉസ്‌ബെകിസ്താന്‍ റിപ്പബ്ലിക്കിന്റെ പ്രഥമ പ്രസിഡന്റാവുകയും ചെയ്തു. അപ്പോള്‍ കമ്യൂണിസ്റ്റ് കുപ്പായം അഴിച്ചുവെച്ച് ലിബറല്‍ ഡെമോക്രാറ്റിന്റെ വേഷമിട്ടു. സാര്‍വദേശീയത ഉപേക്ഷിച്ച് ദേശീയതയെയും വംശീയതയെയും വരിച്ചു. 

അവിടുന്നിങ്ങോട്ട് പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. രാജ്യത്തെ സകല കവലകളിലും ചുമരുകളിലും ഒരേയൊരു നാമം, ഒരേയൊരു ചിത്രം! ഇസ്‌ലാം കരീമോവ്! ഉസ്‌ബെകിസ്താനിലെ ഒരിക്കലും തകരാത്ത, തളരാത്ത നേതാവായി അദ്ദേഹം വാഴ്ത്തപ്പെട്ടു, കരീമോവ്-ഉസ്‌ബെകോവ്!! അരികുപറ്റി ആനന്ദിക്കുന്ന അനുയായികള്‍ ആര്‍ത്തുവിളിച്ചു. 'എല്ലാം ഞാന്‍, എല്ലാം എന്നിലൂടെ' എന്ന് കരീമോവ് പറയുക മാത്രമല്ല പ്രവൃത്തിയിലൂടെ കാണിക്കുകയും ചെയ്തു. ചരിത്രത്തിന്റെ പുരാതനവും ആധുനികവുമായ വിവിധ സന്ധികളില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങള്‍ അത്തരത്തിലുള്ളതായിരുന്നുവല്ലോ; പടച്ചോന്‍ താന്‍ തന്നെയെന്ന് ഫറവോന്‍! 'അയാം ദ സ്റ്റേറ്റെ'ന്ന് ഫ്രാന്‍സിലെ ലൂയി പതിനാലാമന്‍. ഇന്ത്യയെന്നാല്‍ ഇന്ദിരയെന്ന് കോണ്‍ഗ്രസുകാര്‍. അല്‍ അസദ് ഇലല്‍ അബദ് -ബശ്ശാറുല്‍ അസദ് എക്കാലത്തേക്കും എന്ന് സിറിയയിലെ ബഅ്‌സ് പാര്‍ട്ടിക്കാര്‍. താന്‍ ആഫ്രിക്കയിലെ രാജാധിരാജനെന്ന് ലിബിയയിലെ ഖദ്ദാഫി. താനില്ലെങ്കില്‍ ഈജിപ്തുകാര്‍ക്കു രക്ഷയില്ലെന്ന് ഹുസ്‌നി മുബാറക്... 

'ഒരിക്കലും തളരാത്ത' കരീമോവ് പട്ടാളത്തിന്റെ പിന്‍ബലത്തോടെ ഇടവേളകളില്‍ പടംപൊഴിച്ച് നവചൈതന്യം നേടിക്കൊണ്ടിരുന്നു. 1995-ല്‍ അദ്ദേഹത്തിന്റെ ഭരണസംവിധാനങ്ങള്‍ ഒത്തുപിടിച്ച് സംഘടിപ്പിച്ച ഹിതപരിശോധന 'അനുകൂല'മായതിനെ തുടര്‍ന്ന് 'വിസ്മയാവഹമായ സിദ്ധികളുള്ള' നേതാവിന്റെ അധികാരം 2000-ാമാണ്ടുവരെ നീട്ടിക്കൊടുത്തു. പിന്നീട് മൂന്നു തവണ നടന്ന തെരഞ്ഞെടുപ്പുകളിലും അദ്ദേഹം തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും ഒടുവിലത്തേത് 2015 മാര്‍ച്ചിലായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ പാശ്ചാത്യദൃഷ്ടിയില്‍ പൊടിയിട്ട് ജനാധിപത്യമുണ്ടെന്ന് വരുത്താനായി 'പ്രതിപക്ഷ'ത്തിന് ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ അനുമതിയേകി. 'പ്രതിപക്ഷ' സ്ഥാനാര്‍ഥിയുടെ പേര് അബ്ദുല്‍ ഹാഫിസ് ജലാലോവ് എന്നായിരുന്നു. മുന്‍നിശ്ചിത തിരക്കഥ പ്രകാരം പ്രതിപക്ഷസ്ഥാനാര്‍ഥി മഹാ ഭൂരിപക്ഷത്തിനു പരാജയപ്പെട്ടു. 91 ശതമാനം വോട്ടോടെ കരീമോവ് 'വന്‍വിജയം' നേടി. തീര്‍ന്നില്ല വിശേഷം, എതിര്‍ സ്ഥാനാര്‍ഥി ജലാലോവും കരീമോവിനു തന്നെയാണ് വോട്ടു ചെയ്തത്! ജനാധിപത്യതത്ത്വങ്ങളെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി മാത്രമാണ് താന്‍ മത്സരിച്ചതെന്നും മത്സരം ചൂടുപിടിച്ചപ്പോള്‍ കരീമോവിനേക്കാള്‍ മികച്ച സ്ഥാനാര്‍ഥിയില്ലെന്ന് ബോധ്യപ്പെട്ടെന്നും അങ്ങനെയാണ് അദ്ദേഹത്തിന് വോട്ടു ചെയ്തതെന്നുമാണ് ഫലം പുറത്തുവന്നശേഷം ജലാലോവ് അഭിമാനപൂര്‍വം പ്രതികരിച്ചത്. 

25 വര്‍ഷത്തെ ഭരണത്തിനിടയില്‍ കരീമോവ് എല്ലാ കാര്‍ഡുകളുമിറക്കി കളിച്ചു. സോവിയറ്റ് യുഗത്തില്‍ 'തൊഴിലാളി വര്‍ഗത്തിന്റെ പടത്തലവന്‍'. സോവിയറ്റ് യൂനിയന്റെ പതനത്തിനുശേഷം ഇസ്‌ലാമിക വേഷം ധരിച്ച ദേശീയനായകന്‍. എല്ലാ ഹിതപരിശോധനകളിലും 'വമ്പിച്ച' മാര്‍ജിനോടെ ജയിക്കുന്ന ജനാധിപത്യവിശ്വാസി. 2001 സെപ്റ്റംബര്‍ 11-നു ശേഷം തീവ്രവാദവിരുദ്ധ തേരാളി. 2005-ല്‍ ഭരണകൂടത്തിനെതിരെ പ്രതിസ്വരമുയര്‍ത്തിയ ഏഴായിരം പേരെ കൊന്നൊടുക്കിയ 'അന്‍ഡിജാന്‍ കൂട്ടക്കൊല'യിലൂടെ രാജ്യത്തെ ഇസ്‌ലാമിക തീവ്രവാദത്തില്‍നിന്ന് കാത്ത രക്ഷകന്‍. തീവ്രവാദത്തിനെതിരെയുള്ള ലോകയുദ്ധത്തില്‍ പങ്കുവഹിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് അമേരിക്കക്കു സൈനിക താവളമനുവദിച്ച കൂറുള്ള സുഹ്യത്ത്. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്ത് സ്ഥിരതയുണ്ടാക്കിയ രാഷ്ട്രനായകന്‍.. 

'സ്ഥിരത' കൈവരിക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷത്തെ മുഴുവന്‍ ഉന്മൂലനം ചെയ്തു. അങ്ങനെ രാജ്യം രാഷ്ട്രീയ പ്രവര്‍ത്തനമോ പ്രതിപക്ഷമോ ഇല്ലാത്ത ഉസ്‌ബെകിസ്താനായി. ഇസ്‌ലാമിക ചരിത്രത്തിന്റെ അമൂല്യസ്മൃതികളുറങ്ങുന്ന ഉസ്‌ബെകിസ്താന്റെ മണ്ണില്‍ പ്രബോധന - രാഷ്ട്രീയ - ജീവകാരുണ്യമേഖലകളില്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക സംഘടനകളും പാര്‍ട്ടികളും സജീവമായിരുന്നു. പക്ഷേ എല്ലാറ്റിനെയും കരീമോവ് അടിച്ചമര്‍ത്തി. സ്വാതന്ത്ര്യം നിഷേധിച്ചു. ബംഗ്ലാദേശില്‍ നടക്കുന്നതുപോലെ നേതാക്കന്മാരെ ഓരോരുത്തരെയായി തൂക്കിലേറ്റി. പള്ളികളും മതസ്ഥാപനങ്ങളും നിര്‍മിക്കാന്‍ അനുമതിയില്ല. ഉള്ളവയെ നിര്‍ജീവമാക്കി. ഇപ്പോള്‍ മരണാനന്തരം ഭരണകൂടം ചരിത്രപ്രസിദ്ധമായ താഷ്‌കെന്റ് പള്ളിക്ക് കരീമോവിന്റെ പേരിടാനുള്ള ഒരുക്കത്തിലാണ്! 

ഒന്നാന്തരം ഏകാധിപതിയായി ചരിത്രം കരീമോവിനെ രേഖപ്പെടുത്തുമെങ്കിലും ഒരു കാര്യത്തില്‍ അയാളെ സമ്മതിക്കണം. സാധാരണ കുടുംബത്തില്‍ പിറന്ന്, മാതാപിതാക്കളുടെ സ്‌നേഹം ലഭിക്കാതെ അനാഥാലയത്തില്‍ വളര്‍ന്നിട്ടും കഠിനാധ്വാനത്തിലൂടെ പഠനം പൂര്‍ത്തിയാക്കി ഉദ്യോഗതലത്തിലും അധികാരശ്രേണിയിലും ഉയരങ്ങളിലെത്തിയെന്നുള്ളത് അംഗീകരിക്കപ്പെടേണ്ടതുതന്നെ. അദ്ദേഹത്തിന്റെ പിതാവ് ജൂതവേരുകളുള്ളയാളായിരുന്നെന്നും ചരിത്രം പറയുന്നു. 

കരീമോവിനു ഒരു മകനുണ്ട്. പേര് പീറ്റര്‍. മൂന്നു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം വിവാഹമോചനം ചെയ്ത ആദ്യഭാര്യ നതാലിയ പെട്രോവ്‌നയിലാണ് പീറ്റര്‍ ജനിച്ചത്. പിന്നീട് വിവാഹം ചെയ്ത തത്യാനയില്‍ രണ്ടു പെണ്‍മക്കളുമുണ്ട്. മകന്‍ പീറ്ററുമായി നേരത്തേ അകന്നിട്ടില്ലായിരുന്നെങ്കില്‍ ഉസ്‌ബെകിസ്താന് ഒരു യുവ ഭരണാധികാരിയെ കിട്ടിയേനെ! അതിനു വല്ല ഭരണഘടനാ തടസ്സങ്ങളുമുണ്ടായിരുന്നെങ്കില്‍ സിറിയയില്‍ ഹാഫിസുല്‍ അസദിന്റെ മരണശേഷം ഭരണഘടന ഭേദഗതി ചെയ്ത് ബശ്ശാറുല്‍ അസദിനെ വാഴിച്ചത് മാതൃകയാക്കുമായിരുന്നു.

എല്ലാം തന്നില്‍ കേന്ദ്രീകരിച്ച കരീമോവിന്റെ കീഴില്‍ ഒരു വൈസ് പ്രസിഡന്റിനുപോലും ഇടമില്ലായിരുന്നുവെന്നു മാത്രമല്ല ആരെയും ആ നിലക്കു വളരാന്‍ അദ്ദേഹം അനുവദിച്ചില്ല. അദ്ദേഹത്തിന്റെ രോഗവിവരം പുറത്താരും അറിഞ്ഞില്ല. അതിനാല്‍തന്നെ ഇനി ഡിസംബര്‍ നാലിനു നടക്കുന്ന തെരഞ്ഞെടുപ്പിലൂടെയേ പുതിയ പ്രസിഡന്റ് ഉണ്ടാവുകയുള്ളൂ. അതുവരെ പ്രധാനമന്ത്രി ശൗക്കത്ത് മീര്‍സായോവ് പ്രസിഡന്റിന്റെ ചുമതലകള്‍ നിര്‍വഹിക്കും. കരീമോവിന്റെ അരുമശിഷ്യനായി അടവുകള്‍ പഠിച്ചു വളര്‍ന്ന ശൗക്കത്തിന്റെ കീഴില്‍ നടക്കുന്ന ഒരു തെരഞ്ഞെടുപ്പ് പതിവ് പ്രഹസനമാകാതിരിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. പ്രസിഡന്റ് കരീമോവ് തുടങ്ങിവെച്ച സാമൂഹിക- രാഷ്ട്രീയ - സാമ്പത്തിക 'പരിഷ്‌കാരങ്ങള്‍' തുടരും എന്ന് അദ്ദേഹം പ്രഖ്യാപിച്ച  സ്ഥിതിക്കു വിശേഷിച്ചും! 

മധ്യേഷ്യന്‍ മുസ്‌ലിം രാജ്യങ്ങളില്‍ ഒന്നുപോലും ഏകാധിപത്യമുക്തമായില്ലെന്നത് കഷ്ടം തന്നെ. സോവിയറ്റ് യൂനിയനില്‍നിന്ന് സ്വാതന്ത്ര്യം നേടിയവയില്‍ മുസ്‌ലിം രാജ്യങ്ങളൊഴികെ എല്ലാം ജനാധിപത്യപാത തെരഞ്ഞെടുത്തു. മുസ്‌ലിം രാജ്യങ്ങളിലാവട്ടെ പഴയ കമ്യൂണിസ്റ്റ് താപ്പാനകള്‍ വേഷം മാറി കസേരയില്‍ അടയിരുന്നു. എന്നാണ് ഇതിനൊക്കെയൊരു മാറ്റമുണ്ടാവുക?! 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 7-10
എ.വൈ.ആര്‍