Prabodhanm Weekly

Pages

Search

2016 ഒക്ടോബര്‍ 14

2971

1438 മുഹറം 13

ഹൃദയബന്ധങ്ങള്‍ തേടി ജമാഅത്തെ ഇസ്‌ലാമി ദേശീയ കാമ്പയിന്‍

മഹ്ബൂബ് ത്വാഹാ

വര്‍ഗീയതക്കും വിഭാഗീയതക്കുമെതിരെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ തലത്തില്‍ സംഘടിപ്പിച്ച 'സമാധാനം, മാനവികത' ദേശീയ കാമ്പയിന്‍ രാജ്യത്തുടനീളം ശ്രദ്ധേയമായ ചലനങ്ങളാണുണ്ടണ്ടാക്കിയത്. വ്യത്യസ്ത മത- സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തികളുടെ സംഗമ വേദിയാവുകയായിരുന്നു കാമ്പയിന്റെ ഭാഗമായി നടന്ന മിക്ക പരിപാടികളും. കലാ-സാഹിത്യ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും പൊതുജനങ്ങളും കാമ്പയിന്‍ സന്ദേശം ഏറ്റെടുക്കുകയായിരുന്നു. 

ന്യൂദല്‍ഹിയില്‍ നടന്ന കാമ്പയിന്‍ ഉദ്ഘാടനവേദിയില്‍ പ്രമുഖ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ രാം പുനിയാനി, 'ഗോ രക്ഷ' ഹിന്ദു വര്‍ഗീയതയുടെ ആയുധമായി പരിണമിച്ചിരിക്കുന്നുവെന്ന് പറഞ്ഞു. ഭരണഘടനയുടെ ആത്മാവിനെ വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് ആള്‍ ഇന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജോണ്‍ ദയാല്‍ സംസാരിച്ചത്. ഗുജറാത്ത് കലാപത്തിനു ശേഷം ഇന്ത്യന്‍ സമൂഹത്തില്‍ വിഭാഗീയത അതിരൂക്ഷമാണെന്ന് മഗ്‌സസെ അവാര്‍ഡ് ജേതാവും സോഷ്യല്‍ ആക്ടിവിസ്റ്റുമായ സന്ദീപ് പാണ്ഡെ അഭിപ്രായപ്പെട്ടു. ഹിന്ദുക്കളും മുസ്‌ലിംകളും ഇടപഴകിയുള്ള ജീവിതം കുറഞ്ഞുവരുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 

കാമ്പയിന്റെ ഭാഗമായി ദല്‍ഹിയില്‍ സംഘടിപ്പിച്ച മാധ്യമ പ്രതിനിധികളുടെ സംഗമം വ്യത്യസ്തമായ അനുഭവമാണ് പകര്‍ന്നത്. 'സാമൂഹിക സൗഹാര്‍ദം ശക്തിപ്പെടുത്തുന്നതില്‍ മീഡിയയുടെ പങ്ക്' എന്ന തലക്കെട്ടിലായിരുന്നു ചര്‍ച്ച. മാധ്യമങ്ങള്‍ സ്വയം നിയന്ത്രണത്തിന് തയാറാകണമെന്നും സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. 

സമൂഹത്തില്‍നിന്ന് കേട്ടതും കണ്ടതുമായ കാര്യങ്ങള്‍ അതേപോലെ അവതരിപ്പിക്കുകയാണ് മീഡിയ ചെയ്യേണ്ടതെന്നും എന്നാല്‍ ഇന്ന് രാഷ്ട്രത്തിന്റെ ഐക്യത്തിനും സൗഹാര്‍ദത്തിനും അപകടം വരുത്തുന്ന രീതിയിലാണ് പല വാര്‍ത്താവതരണങ്ങളെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചൗള അഭിപ്രായപ്പെട്ടു. 

പാകിസ്താന്‍, കശ്മീര്‍ പോലുള്ള വിഷയങ്ങളില്‍ ഒരേതരം വാര്‍ത്തകളും അഭിപ്രായങ്ങളും പുറത്തുവിടാന്‍ മീഡിയാ രംഗത്തുള്ളവര്‍ ബോധപൂര്‍വ ശ്രമം നടത്തുന്നുവെന്ന് ഹിന്ദുസ്താന്‍ ടൈംസ് പൊളിറ്റിക്കല്‍ എഡിറ്റര്‍ വിനോദ് ശര്‍മ പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും വാര്‍ത്തകള്‍ക്ക് ലഭിക്കുന്ന കുറഞ്ഞ ഇടത്തെപ്പറ്റിയായിരുന്നു രാജ്യസഭാ ടി.വിയിലെ അമൃതാ റായിയുടെ സംസാരം. മാധ്യമങ്ങള്‍ പ്രത്യയശാസ്ത്ര ലോബിയിംഗില്‍ കുടുങ്ങിപ്പോയിരിക്കുകയാണെന്നും എതിര്‍ചേരിയിലുള്ളവരെ വികസനവിരോധികളും ദേശീയതയെ എതിര്‍ക്കുന്നവരുമായി  ചിത്രീകരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ വിഭാഗീയതയും ഭിന്നിപ്പും പ്രചരിപ്പിക്കുന്നതില്‍ ചില മാധ്യമങ്ങള്‍ മത്സരിക്കുകയും അത്തരം ചിന്താഗതികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് അഫ്കാറെ മില്ലി ഉര്‍ദു മാസികയുടെ എഡിറ്റര്‍ എസ്.ക്യു.ആര്‍ ഇല്‍യാസ് അഭിപ്രായപ്പെട്ടു. വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും മീഡിയയെ നിയന്ത്രിക്കുന്നതില്‍ വലിയ പങ്കും ഉത്തരവാദിത്തവും നിര്‍വഹിക്കാനുണ്ടെന്ന് മീഡിയാ സംഗമത്തില്‍ അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ മുഹമ്മദ് സലീം എഞ്ചിനീയര്‍ അഭിപ്രായപ്പെട്ടു. 

ദേശീയ കാമ്പയിനിലൂടെ സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരുമായി സഹവസിക്കാനും വാര്‍ഡ് തലം വരെ കാമ്പയിന്‍ സന്ദേശമെത്തിക്കാനും കഴിഞ്ഞു. വര്‍ഗീയതയെ ചെറുക്കാനും സാമൂഹിക സൗഹാര്‍ദം ഊട്ടിയുറപ്പിക്കാനുമുള്ള വഴിതേടലായിരുന്നു ഓരോ പരിപാടിയും. 

ഗുജറാത്തിലെ വഡോദരയില്‍ ഗായത്രി പരിവാര്‍ കേന്ദ്രം കാമ്പയിന്റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ സന്ദര്‍ശിച്ചു. പ്രതീക്ഷാനിര്‍ഭരമായിരുന്നു സന്ദര്‍ശനം. ഗായത്രി പരിവാര്‍ കേന്ദ്രം നേതാക്കളായ സുരേഷ് ബാഷ, മഹേന്ദ്ര പട്ടേല്‍ തുടങ്ങിയവര്‍ കാമ്പയിന് എല്ലാവിധ ആശംസകളും നേര്‍ന്നു. 

കര്‍ണാടകയില്‍ വളരെ വിപുലമായാണ് കാമ്പയിന്‍ പരിപാടികള്‍ നടന്നത്. ബംഗളൂരുവിലെ ചരിത്രപ്രധാനമായ ഫ്രീഡം പാര്‍ക്കിലാണ് സംസ്ഥാന തല ഉദ്ഘാടനം നടന്നത്. 'നമ്മുടെ രാജ്യം നമ്മുടെ ഹൃദയത്തിന്റെ ഭാഗമാണ്. രാജ്യത്തെ 90 ശതമാനത്തിലേറെ ജനങ്ങളും സമാധാനവും സ്‌നേഹവും ആഗ്രഹിക്കുന്നവരാണ്. ചെറിയൊരു വിഭാഗം വിദ്വേഷം പ്രചരിപ്പിക്കുന്നു്. ഇതിനെ തടയാന്‍ നമുക്ക് കഴിയണം. എല്ലാ വിഭാഗം മനുഷ്യരെയും ഒരുമിച്ചുനിര്‍ത്തി മാനവികതയുടെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്നുനല്‍കാനാണ് ജമാഅത്ത് ശ്രമിക്കുന്നത്. ഈ മാര്‍ഗത്തില്‍ പ്രസ്ഥാനം തനിച്ചാണെങ്കില്‍ പോലും രാജ്യത്തുടനീളം സത്യത്തിനു വേണ്ടി നിലകൊള്ളും. ദൈവദൂതന്മാര്‍ പലപ്പോഴും ഒറ്റപ്പെട്ടുപോയിട്ടുണ്ട്' - ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച മുഹമ്മദ് സലീം എഞ്ചിനീയര്‍ പറഞ്ഞു. ബാസവ സമിതി പ്രസിഡന്റ് അരവിന്ദ് ജാട്ടി, കര്‍ണാടക റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. വസുന്ധര ഭൂപതി, ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന വൈസ് പ്രസിഡന്റ് മൗലാനാ സൈനുല്‍ ആബിദീന്‍, മംഗളൂര്‍-ഗോവ യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സ്‌ലര്‍ പ്രഫ. ശൈഖ് അലി, കര്‍ണാടക അമീറെ ശരീഅത്ത് മൗലാനാ മുഫ്തി അശ്‌റഫ് അലി, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ അത്വാഉല്ലാ ശരീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

കാമ്പയിന്റെ ഭാഗമായി ഇദാറെ അദബെ ഇസ്‌ലാമി ബംഗളൂരുവില്‍ സംഘടിപ്പിച്ച കവി സമ്മേളനം വേറിട്ട പരിപാടിയായിരുന്നു. സാമൂഹിക സൗഹൃദം ഊട്ടിയുറപ്പിക്കുന്നതില്‍ കലാ-സാഹിത്യ മേഖലകളിലുള്ളവര്‍ക്ക് ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കവിസംഗമം അഭിപ്രായപ്പെട്ടു. 

നാഗനൂരു രുദ്രാക്ഷ മഠത്തിലെ ശ്രീ സിദ്ധാരാം സ്വാമിജി അധ്യക്ഷനായ പതിമൂന്നംഗ സമിതിയാണ് കല്‍ബുര്‍ഗി മേഖലയിലെ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഉദ്ഘാടന സമ്മേളനത്തില്‍ ബിഷപ്പ് റവ. പീറ്റര്‍ മക്കാഡോ, മുഫ്തി അബ്ദുല്‍ അസീസ് ഖാസിമി, എഴുത്തുകാരനും കന്നട സാഹിത്യ പരിഷത്ത് ബല്‍ഗാം ജില്ലാ പ്രസിഡന്റുമായ ബസവരാജ് ജഗ്ജംബി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശമോതി നിരവധി സ്ഥലങ്ങളില്‍ വിദ്യാര്‍ഥി റാലികള്‍ നടന്നു. 

'മാനവികതയെ ആദരിക്കുക, സമാധാനം സംരക്ഷിക്കുക' എന്ന തലക്കെട്ടില്‍ കല്‍ബുര്‍ഗിയില്‍ സിമ്പോസിയം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി മൗലാനാ വലിയ്യുല്ലാ സഈദി, ബംഗളൂരു ബലിമഠ് സന്‍സ്ഥാനിലെ ശ്രീശ്രീ ശിവാനുഭാവ ശിവരുദ്ര സ്വാമി, ഡോ. ശാഹ് മുഹമ്മദ് അഫ്‌സലുദ്ദീന്‍ ജുനൈദി തുടങ്ങി വിവിധ മത-സമുദായ നേതാക്കള്‍ പങ്കെടുത്തു. ദലിത് കുടുംബങ്ങള്‍ കൂടുതല്‍ താമസിക്കുന്ന ഫുല്ല ബൗഡിയില്‍ സംഘടിപ്പിച്ച സമ്മേളനം സമകാലിക ദലിത് ഉണര്‍വുകളുടെ പശ്ചാത്തലത്തില്‍ ശ്രദ്ധേയമായി. 

രാജ്യത്ത് സമാധാനവും സൗഹാര്‍ദവും സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കലക്ടര്‍ വഴി രാഷ്ട്രപതിക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു. വര്‍ഗീയ ധ്രുവീകരണം തടയാനുള്ള ഏഴിന കര്‍മപദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ജമാഅത്തെ ഇസ്‌ലാമി കല്‍ബുര്‍ഗി വനിതാ വിഭാഗവും ജി.ഐ.ഒയും സംയുക്തമായി ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യവലയങ്ങള്‍ തീര്‍ത്തു. വിമന്‍സ് വിംഗ് ഓര്‍ഗനൈസര്‍ നിഖാത് ഫാത്വിമ ഉള്‍പ്പെടെയുള്ള വനിതകളാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. 

ഉഡുപ്പിയിലെ സംവേദന വേദി പ്രവര്‍ത്തകര്‍ ഒരുക്കിയ തെരുവുനാടകം പ്രേക്ഷകരെ ആകര്‍ഷിക്കുന്നതായിരുന്നു. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവെച്ച് നടക്കുന്ന രാഷ്ട്രീയകളികള്‍ തുറന്നുകാട്ടുന്നതും വിവിധ മതസമുദായങ്ങള്‍ക്കിടയില്‍ സ്‌നേഹ-സാഹോദര്യ സന്ദേശം പകരുന്നതുമായ നാടകം സംസ്ഥാനത്തുടനീളം അവതരിപ്പിക്കുകയുണ്ടായി. 

കര്‍ണാടകയില്‍ ജാതിമതഭേദമന്യേ പ്രാദേശിക തലങ്ങളില്‍ 'സദ്ഭാവനാ മഞ്ച്' കമ്മിറ്റികളുണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രതിമാസ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും  സൗഹാര്‍ദ പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യും.

എല്ലാ സംസ്ഥാനങ്ങളില്‍നിന്നും ആശാവഹമായ പ്രതികരണമാണ് കാമ്പയിന് ലഭിച്ചത്. വ്യത്യസ്ത മത-സാമൂഹിക സംഘടനകളുടെ നേതാക്കളും വക്താക്കളും മാധ്യമ പ്രവര്‍ത്തകരുമെല്ലാം കാമ്പയിനെ പിന്തുണക്കുകയുണ്ടായി. കാമ്പയിന്‍ പരിപാടികളില്‍ സ്ത്രീകളുടെയും യുവാക്കളുടെയും കുട്ടികളുടെയും ആവേശകരമായ പങ്കാളിത്തമുണ്ടണ്ടായിരുന്നു. 'ദേശ ഭക്തി'യുടെ മറവില്‍ രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന പകയും വിദ്വേഷവും സൗഹാര്‍ദ കൂട്ടായ്മകള്‍ കൊണ്ട് നേരിടാമെന്ന് വിളിച്ചുപറഞ്ഞു ഓരോ പ്രചാരണ പരിപാടിയും. വിദ്യാര്‍ഥി റാലികള്‍, തെരുവുനാടകങ്ങള്‍, എക്‌സിബിഷന്‍, ചര്‍ച്ചാസംഗമങ്ങള്‍ തുടങ്ങി വ്യത്യസ്ത പരിപാടികളാണ് 20 സോണുകളിലായി ദേശീയതലത്തില്‍ നടന്നത്. 15 കോടിയോളം ജനങ്ങള്‍ക്ക് കാമ്പയിന്‍ സന്ദേശമെത്തിക്കാന്‍ കഴിഞ്ഞു. 700-ഓളം പത്രസമ്മേളനങ്ങളാണ് കാമ്പയിന്‍ വിശദീകരിക്കാനായി നടന്നത്. നൂറോളം റാലികള്‍ രാജ്യത്തുടനീളം നടന്നു. 135 പേര്‍ക്ക് സദ്ഭാവനാ അവാര്‍ഡ് നല്‍കി. 7 ലക്ഷത്തോളം പുസ്തകങ്ങള്‍ വിതരണം ചെയ്തു. 2016 ആഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 4 വരെയായിരുന്നു ദേശീയ തലത്തില്‍ 'സമാധാനം, മാനവികത' കാമ്പയിന്‍. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 7-10
എ.വൈ.ആര്‍