Prabodhanm Weekly

Pages

Search

2016 ഒക്ടോബര്‍ 14

2971

1438 മുഹറം 13

കൃഷി നിലനില്‍പ്പിന്റെ രാഷ്ട്രീയം കൂടിയാണ്

ഡോ. നിഷാദ് പുതുക്കോട്

മൂന്നു വര്‍ഷത്തിലൊരിക്കല്‍ അന്താരാഷ്ട്രതലത്തില്‍ നടത്തപ്പെടുന്ന സുപ്രധാന പരിപാടിയാണ് ഒര്‍ഗാനിക് വേള്‍ഡ് കോണ്‍ഗ്രസ്(Organic World Congress). 2017 നവംബറില്‍ നടക്കുന്ന 19-ാം കോണ്‍ഗ്രസിന്റെ വേദി ന്യൂദല്‍ഹിയാണ്. അതില്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ ഇന്ത്യയിലെ സംഘാടകരായ 'ഒര്‍ഗാനിക് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ'യുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്ന് തലക്കെട്ടുകളിലാണ് വിഷയങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒന്നാമത്തെ തലക്കെട്ട് വിത്തിനങ്ങളെ സംബന്ധിച്ചുള്ളതാണ്. നാടന്‍ വിത്തിനങ്ങളും അവയുടെ വൈവിധ്യങ്ങളും സംരക്ഷിക്കുന്നതിനും തിരിച്ചുകൊണ്ടുവരുന്നതിനുമുള്ള പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുക. മണ്ണിന്റെ ആരോഗ്യവും ഫലഭൂയിഷ്ഠതയും തിരിച്ചുകൊണ്ടുവരാന്‍ ആവശ്യമായ സംരക്ഷണപ്രവര്‍ത്തനങ്ങളാണ് രണ്ടാമത്തേത്. പരിസ്ഥിതിസൗഹൃദ കാര്‍ഷിക പ്രവര്‍ത്തനങ്ങളും അതിനാവശ്യമായ വ്യത്യസ്ത ആവിഷ്‌കാരങ്ങളുമാണ് മൂന്നാമത്തെ തലക്കെട്ടിനു കീഴില്‍ അവതരിപ്പിക്കപ്പെടുക. അതായത്, അന്താരാഷ്ട്ര കാര്‍ഷിക സമ്മേളനങ്ങള്‍ ഇന്ന് ചര്‍ച്ചചെയ്യുന്നത് നാടന്‍ വിത്തുകളെക്കുറിച്ചും പച്ചില വളങ്ങള്‍, ചിതല്‍, മണ്ണിര തുടങ്ങിയവയെക്കുറിച്ചും ഏറെ പുരാതനമെന്ന് പറയാവുന്ന  'Zero Budget'  കൃഷിരീതിയെ കുറിച്ചുമൊക്കെയാണ്. 

കാര്‍ഷിക വിജ്ഞാനങ്ങള്‍ പ്രകൃതിയിലേക്കും പരിസ്ഥിതിയിലേക്കും മടങ്ങുന്നത് സ്വാഭാവിക പരിണാമമായി വേണം മനസ്സിലാക്കാന്‍. കീടനാശിനികളും രാസവളങ്ങളും സൃഷ്ടിച്ച വിഷലിപ്തമായ ജീവിത സാഹചര്യങ്ങള്‍ മാത്രമല്ല ഈ മടക്കത്തിന്റെ കാരണം. പ്രകൃതിയുടെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ മാനദണ്ഡമാക്കാതെ വികസിപ്പിച്ചെടുത്ത പലതരം കൃഷിരീതികളും മണ്ണ്‌സംരക്ഷണ പ്രവര്‍ത്തനങ്ങളും അശാസ്ത്രീയമാണ് എന്ന തിരിച്ചറിവില്‍നിന്ന് കൂടിയാണ് ഈ മടക്കം. 

 

മണ്ണിന്റെ ജീവനും ജീവിതവും 

ജീവജാലങ്ങള്‍ക്ക് വിശപ്പും ദാഹവും ശരീരശാസ്ത്രപരമായ (Physiological) ആവശ്യങ്ങളുടെ മുന്നറിയിപ്പ് മാത്രമല്ല, വൈകാരിക അനുഭവം കൂടിയാണ്. അതുകൊണ്ടാണ് ക്യാപ്‌സൂളിലൂടെയോ ഇഞ്ചക്ഷനിലൂടെയോ പരിഹരിക്കാവുന്ന പോഷകാവശ്യങ്ങള്‍ ഇത്ര വിപുലമായ ഭക്ഷണക്രമത്തിലൂടെ നാം പൂര്‍ത്തീകരിക്കുന്നത്. പോഷകങ്ങള്‍ മാത്രമല്ല, ഭക്ഷണം ആസ്വദിക്കുന്നതിലൂടെ ലഭിക്കുന്ന ആനന്ദവും സംതൃപ്തിയും കൂടിയാണ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നത്. ജീവജാലങ്ങളിലെ ഈ പ്രതിഭാസം മണ്ണിനും ബാധകമാണ്. സസ്യവളര്‍ച്ചക്കാവശ്യമായ പതിനഞ്ചോളം വരുന്ന പ്രധാന മൂലകങ്ങള്‍ മണ്ണ് സ്വരൂപിക്കുന്നത്, നമ്മുടെ വായിലൂടെയുള്ള ചവച്ചരക്കലുകള്‍ക്ക് (Chewing) സമാനമായ വിഘടന പ്രവര്‍ത്തനങ്ങളിലൂടെയും (Decomposition) ദഹന പ്രവര്‍ത്തനങ്ങള്‍ക്ക് (Digestion)  സമാനമായ ആഗിരണ പ്രവര്‍ത്തനങ്ങളിലൂടെയും (Absorption) ആണ്. പദാര്‍ഥങ്ങളുടെ വിഘടന പ്രവര്‍ത്തനങ്ങള്‍ (Decomposition) നടത്തുന്ന അന്തരീക്ഷത്തില്‍നിന്ന് നൈട്രജന്‍ മൂലകങ്ങളെ ആഗിരണം ചെയ്യുന്ന ബാക്ടീരിയകള്‍ (Nitrogen fixers), മണ്ണിലുള്ള ഫോസ്ഫറസ്, പൊട്ടാസ്യം മൂലകങ്ങളെ സസ്യങ്ങള്‍ക്ക് ലഭ്യമാക്കുന്ന സൂക്ഷ്മ ജീവികള്‍ (Phosphate, Solubilizes and Potassium Mobilizers) തുടങ്ങി മണ്ണിലുള്ള ജീവന്റെ വിപുലമായ ശൃംഖല നമ്മുടെ ദഹനേന്ദ്രിയങ്ങള്‍ക്ക് സമാനമായ പങ്ക് വഹിക്കുന്നു. വസ്തുത ഇങ്ങനെയായിരിക്കെ 'ഹരിത'മെന്ന് പറയപ്പെടുന്ന വിപ്ലവാനന്തരം ലോകം മുഴുവന്‍ മണ്ണിനെ പരിപാലിക്കുന്നത് അതിന്റെ സ്വാഭാവിക ഭക്ഷണത്തിനു പകരം പോഷകങ്ങളുടെ ക്യാപ്‌സൂളുകളും ഇഞ്ചക്ഷനുകളും നല്‍കിക്കൊണ്ടാണ്. ചുരുക്കിപ്പറഞ്ഞാല്‍ 46 ശതമാനം നൈട്രജന്‍ അടങ്ങിയിട്ടുള്ള യൂറിയയും 24 ശതമാനത്തിലധികം ഫോസ്ഫറസ് അടങ്ങിയിട്ടുള്ള സൂപ്പര്‍ ഫോസ്‌ഫേറ്റുകളും അടക്കമുള്ള വ്യത്യസ്ത തരം വളപ്രയോഗങ്ങളിലൂടെ നാം മണ്ണിന്റെ ആസ്വാദനശേഷിയെ നിഷേധിക്കുകയും നശിപ്പിക്കുകയുമാണ്. ആവശ്യങ്ങള്‍ അറിഞ്ഞ് ഭക്ഷണം കഴിക്കുന്നത് വികാരപരമായ സംവേദനക്ഷമതയാണെന്നിരിക്കെ  (Emotional Sensitivity) ക്യാപ്‌സൂള്‍ പോഷകങ്ങള്‍ നിരന്തരമായി നല്‍കുന്നതിലൂടെ മണ്ണിന്റെ പ്രസ്തുത ശേഷി നാമാവശേഷമാക്കപ്പെടുകയാണ്. 

ആസ്വദിച്ച്, ആനന്ദിച്ച് ഭക്ഷണം കഴിച്ച് ജീവിക്കുന്ന നാം, എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര ജീവജാലങ്ങളെ നിരന്തരമായി ഗര്‍ഭം ചുമക്കുകയും പ്രസവിക്കുകയും ചെയ്യുന്ന മണ്ണ് എന്ന പ്രകൃതിയിലെ മാതാവിന് ഇത്തരം അവകാശങ്ങള്‍ നിഷേധിക്കുകയുമാണ്.

 

ബയോസൈക്ലിംഗ് എന്ന അത്ഭുതം 

ജൈവചക്രമാണ് (Bio Cycle) ഭൂമിയുടെ നിലനില്‍പ്പിന്റെ ആധാരശില. വിഘടനമാണ് (Decomposition) ജൈവചക്രത്തിന്റെ അടിസ്ഥാനം. വിഘടനം ജൈവികവും പ്രകൃതിപരവുമാണ്. വിഘടനം ഇല്ലായിരുന്നെങ്കില്‍, അല്ലെങ്കില്‍ അതിന്റെ നിരക്ക് കുറഞ്ഞുപോയിരുന്നെങ്കില്‍ ഭൂമിയില്‍ ഒരിഞ്ചുപോലും ഇന്ന് വാസയോഗ്യമായി അവശേഷിക്കുമായിരുന്നില്ല. രാസസംയുക്തകമായ പോളിമറുകളാണ് പ്രകൃതിയിലെ എല്ലാ ജൈവ/അജൈവ വസ്തുക്കളുടെയും അടിസ്ഥാന ഘടകം (Basic Component). പോളിമറുകളെ വിഘടിപ്പിച്ച് അതിന്റെ ഘടകമൂലകങ്ങളാക്കി മാറ്റുകയും അവ പിന്നീട് വീണ്ടും പോളിമര്‍ ആക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് ബയോ സൈക്ലിംഗ്. താപയാന്ത്രിക ശാസ്ത്രം (Law of Thermodynamics)   പറയുന്നതുപോലെ രാസസംയുക്തകങ്ങളും അവയുടെ വലിയ രൂപങ്ങളായ ജീവജാലങ്ങള്‍ അടക്കമുള്ള സര്‍വ വസ്തുക്കളും പുതുതായ ഉല്‍പാദിപ്പിക്കപ്പെടുകയോ, നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല. മറിച്ച് ഒരു രൂപത്തില്‍നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറ്റപ്പെടുകയാണ്. മണ്ണിന്റെ പദാര്‍ഥങ്ങളെ വിഘടിപ്പിക്കാനുള്ള ശേഷി ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്ന് ചുരുക്കം. മണ്ണിലുള്ള സൂക്ഷ്മ ഷഡ്പദ, കീട ജീവികളടക്കമുള്ള ജീവജാലങ്ങളാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ഇത്തരം സൂക്ഷ്മ-സൂക്ഷ്‌മേതര (Micro-Macro)  ജീവജാലങ്ങളുടെ വൈവിധ്യം വിഘടന പ്രവര്‍ത്തനങ്ങളുടെ മാറ്റുകൂട്ടുന്നു. സുന്ദരവും അതിലേറെ സങ്കീര്‍ണവുമായ ഈ ജീവചക്രം ഒരു കോട്ടവും തട്ടാതെ നിലനില്‍ക്കുന്നത് ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. Journal of Environmental Science and Health-ല്‍ 2010-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം ഒട്ടേറെ കീടനാശിനികള്‍ മണ്ണിലെ സൂക്ഷ്മജീവികളെ ഒന്നടങ്കം നശിപ്പിച്ചുകളയുന്നുണ്ട്. 

മണ്ണിരയടക്കം മണ്ണില്‍ വിഘടന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സൂക്ഷ്മ-സൂക്ഷ്‌മേതര ജീവജാലങ്ങളുടെ അളവിലും വൈവിധ്യങ്ങളിലും കഴിഞ്ഞ കുറേ കാലങ്ങളായി വലിയ കുറവ് സംഭവിക്കുന്നതായി ഒട്ടേറെ പഠനങ്ങള്‍ തെളിയിക്കുന്നു. ഭൂമിയുടെ സന്തുലനാവസ്ഥയെ നേരിട്ട് ബാധിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക വിപ്ലവങ്ങളുടെ പേരിലാണ് നടത്തപ്പെടുന്നത്. 

ഇപ്പോള്‍ എല്ലാവരും ജൈവകൃഷിയെ കുറിച്ച് സംസാരിച്ചുതുടങ്ങിയിരിക്കുന്നു. ആശാവഹമായ മാറ്റങ്ങള്‍ പ്രകടമാണ്. പദാര്‍ഥങ്ങളെ വിഘടിപ്പിക്കാനുള്ള മണ്ണിന്റെ ശേഷി (Decomposition Capacity)  ഉത്തേജിപ്പിക്കുന്നതിനും അതിലൂടെ മണ്ണിന് ഫലഭൂയിഷ്ഠതയും ജൈവ വൈവിധ്യതയും വര്‍ധിപ്പിക്കുന്നതിനുമാവശ്യമായ ശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതമായി നടപ്പിലാക്കേണ്ടതുണ്ട്. മണ്ണും പരിസ്ഥിതിയും പ്രദേശവും മനസ്സിലാക്കിയാണ് പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കേണ്ടത്. Journal of Sustainability-ല്‍ 2009-ല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പ്രകാരം, പുതിയ സാഹചര്യത്തില്‍ മണ്ണിന്റെ വിഘടിപ്പിക്കാനുള്ള ശേഷി തിരിച്ചുകൊണ്ടുവരുന്നതിന് പാരമ്പര്യ കൃഷിരീതിയേക്കാള്‍ അനുയോജ്യം ആധുനിക ഒര്‍ഗാനിക് കൃഷിരീതികളാണെന്ന് തെളിവുസഹിതം വ്യക്തമാക്കുന്നുണ്ട്. അതായത് 'Organic  /പാരമ്പര്യം' എന്നതിനെകുറിച്ചൊക്കെ മണ്ണിന്റെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഇനിയും പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. 

 

വിളയും പരിസ്ഥിതിയും 

സങ്കരയിനം വിള (Hybrid) കളില്‍നിന്ന് ജനിതകമാറ്റം വരുത്തിയ (Genetically modified) വിളകള്‍ വരെയുള്ള കാര്‍ഷിക വികസനത്തിന്റെ ചരിത്രം, അന്താരാഷ്ട്ര കമ്പോള ശക്തികളുടെ വളര്‍ച്ചയുടെ അടയാളങ്ങള്‍ കൂടിയാണ്. വിളവ് കേന്ദ്രീകൃതമാണ് കഴിഞ്ഞ കുറേ കാലത്തെ കാര്‍ഷിക ഗവേഷണങ്ങള്‍; ഇപ്പോഴത് പോഷക (Nutrition)  കേന്ദ്രീകൃതം കൂടിയായി വികസിച്ചിരിക്കുന്നു. ഏതായാലും പരിസ്ഥിതി ഒരു മാനദണ്ഡമാകുന്നില്ല. അതുകൊണ്ടാണ് പുതിയ ഒരു വിള ചുറ്റുപാടിലെ ഇതര വിളകളെയും മറ്റു സസ്യലതാദികളെയും ഷഡ്പദങ്ങള്‍ അടക്കമുള്ള ജീവജാലങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന വിഷയം ഗൗരവത്തില്‍ ചര്‍ച്ചചെയ്യപ്പെടാത്തത്. വിളമാറ്റം (Crop changing/Crop rotation),, ഏക വിള കൃഷി  (Mono crop cultivation)  തുടങ്ങി പരിസ്ഥിതിയെയും മണ്ണിനെയും നേരിട്ട് സ്വാധീനിക്കുന്ന വിഷയങ്ങള്‍ പോലും മുഖവിലക്കെടുക്കാതെയാണ് കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. കേരളത്തില്‍ ഈ വിഷയങ്ങളെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ടെന്നിരിക്കെ പ്രാദേശിക പ്രത്യേകതകളെയും പരിസ്ഥിതിയെയും പരിഗണിക്കുന്ന, ആധുനിക രീതിയിലുള്ള Collective Agriculture Mapping നടപ്പിലാക്കാനുള്ള ഇഛാശക്തിയാണ് നമുക്കുണ്ടാവേണ്ടത്. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 7-10
എ.വൈ.ആര്‍