Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 07

2970

മുഹര്‍റം 06

അവസാനശ്വാസം വരെ കര്‍മഗോദയില്‍ നിറഞ്ഞുനിന്ന വി.പി.ഒ നാസര്‍

സി.പി ഹബീബുര്‍റഹ്മാന്‍

ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല വി.പി.ഒ നാസറിന്റെ വിയോഗം. സൗമ്യമായ പുഞ്ചിരിയോടെ നമ്മിലൊരാളായി അദ്ദേഹമിപ്പോഴുമുള്ളതായി അനുഭവപ്പെടുന്നു. അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി കടന്നുപോകുന്നവരുടെ നന്മകള്‍ പ്രകീര്‍ത്തിക്കപ്പെടുക സ്വാഭാവികമാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു സാധാരണ പ്രവര്‍ത്തകന്‍ ഇത്രയധികം പ്രകീര്‍ത്തിക്കപ്പെടുന്നത് അപൂര്‍വമാണ്. കഥയായും കവിതയായും ഹൃദയങ്ങളില്‍ നിന്നൊഴുകിയ സങ്കടകീര്‍ത്തനങ്ങളായും ആ സഹോദരനോടുള്ള കടപ്പാട് പറഞ്ഞറിയിക്കാനാവാതെ മുറിഞ്ഞ വാക്കുകളായിരുന്നു ഏറെയും. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും നേതാക്കളും നാട്ടുകാരും ബന്ധുക്കളും തുടങ്ങി എല്ലാവരും പറഞ്ഞുവെച്ചത് ഒരേ കാര്യം; സ്‌നേഹമുള്ള, എപ്പോഴും പുഞ്ചിരിയോടെ സമീപിക്കുന്ന, സൗഹൃദം നിലനിര്‍ത്തിയ, സങ്കടങ്ങള്‍ കേള്‍ക്കുന്ന, ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളെക്കുറിച്ച് നിരന്തര ബോധ്യമുള്ള, പ്രയാസങ്ങളും വേദനയും പുറത്തുകാണിക്കാത്ത, മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നതില്‍ അതീവ ശ്രദ്ധാലുവായ, ലളിത ജീവിതം നയിച്ച ഒരു നല്ല മനുഷ്യന്‍...

ഓര്‍മവെച്ച നാള്‍ മുതല്‍ മരണം വരെ ഇസ്‌ലാമിക പ്രസ്ഥാനത്തോട് ചേര്‍ന്നുനിന്ന് വിയര്‍പ്പൊഴുക്കാന്‍ സാധിച്ചുഎന്നതുതന്നെയാണ് വി.പി.ഒയുടെ മഹാഭാഗ്യം. എസ്.ഐ.ഒ പ്രാദേശിക പ്രസിഡന്റ്, ഏരിയാ പ്രസിഡന്റ്, ജില്ലാ സമിതിയംഗം, സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ്, ജില്ലാ സമിതിയംഗം, സംസ്ഥാന അസി. സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡന്റ് തുടങ്ങി വിവിധ ഉത്തരവാദിത്തങ്ങളാണ് പ്രസ്ഥാനത്തില്‍ അദ്ദേഹം നിര്‍വഹിച്ചിരുന്നത്. അതിനു പുറമെ താനൂര്‍ ഇസ്‌ലാമിക് ട്രസ്റ്റിന്റെയും കെ.പുരം തണല്‍ സേവന വേദിയുടെയും ചെയര്‍മാനും വെല്‍ഫെയര്‍ പാര്‍ട്ടി താനൂര്‍ മണ്ഡലം സെക്രട്ടറിയുമായിരുന്നു. 

പത്തുവര്‍ഷത്തോളം മക്കയില്‍ ആരോഗ്യ മേഖലയില്‍ ജോലിചെയ്ത അദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയ ശേഷം 13 വര്‍ഷത്തോളം കേരള ഹജ്ജ് ഗ്രൂപ്പിന്റെ ഓഫീസ് ചുമതല വഹിച്ചു. ഈ കാലയളവില്‍ നൂറുകണക്കിന് വ്യക്തികളെ ഹജ്ജ്-ഉംറ കര്‍മം ചെയ്യിക്കുന്നതില്‍ വി.പി.ഒ നാസര്‍ സാഹിബ് നേതൃപരമായ പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ കൂടെ ഹജ്ജ്-ഉംറ കര്‍മം നിര്‍വഹിച്ച ഓരോരുത്തരിലും നിറപുഞ്ചിരികളോടെ ആ സൗമ്യമുഖം മായാതെ നിറഞ്ഞുനില്‍ക്കും.

ഔദ്യോഗിക ജോലികളോടൊപ്പം തന്നെ സേവന പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. പ്രദേശത്തെ വിവിധ സേവന വേദികള്‍ക്ക് നേതൃത്വം നല്‍കുന്നതിലും ഗുണഭോക്താക്കളുടെ സാഹചര്യം മനസ്സിലാക്കി വിലയിരുത്തുന്നതിലും ഫീല്‍ഡില്‍ സന്ദര്‍ശനം നടത്തി ആവശ്യമായ സഹായമെത്തിക്കുന്നതിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു.

താനൂരിലെ തീരപ്രദേശങ്ങളില്‍ സേവന-സമാധാന പ്രവര്‍ത്തനങ്ങളിലും സ്തുത്യര്‍ഹമായ പങ്കാണ് അദ്ദേഹം വഹിച്ചത്. വറുതി കാലങ്ങളില്‍ തൊഴിലാളി കുടുംബങ്ങള്‍ക്ക് ഭക്ഷണവും മറ്റു സഹായങ്ങളും എത്തിക്കുന്നതിലും ജാഗ്രത പുലര്‍ത്തി.  

മികച്ച സംഘാടകനും പ്രഭാഷകനുമായ വി.പി.ഒ നാസര്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പളളികളില്‍ ഖുത്വ്ബ നിര്‍വഹിച്ചിട്ടുണ്ട്. താനൂര്‍-താനാളൂര്‍ പഞ്ചായത്തുകളിലെ നിരവധി ജനകീയ കൂട്ടായ്മകളില്‍ സജീവമായിരുന്ന അദ്ദേഹം അവസാനമായി താനൂരിലെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും മുന്‍പന്തിയിലുണ്ടണ്ടായിരുന്നു. ഉണ്യാലിലെ ലീഗ്-സി.പി.എം  സംഘര്‍ഷത്തിനു ശേഷം സമാധാന ശ്രമങ്ങള്‍ക്ക് ഇരുപാര്‍ട്ടികളിലെയും നേതാക്കളെയും പോലീസ് ഉദ്യോഗസ്ഥരെയും സബ് കലക്ടറെയും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തുന്നതിനും അദ്ദേഹം മുന്‍കൈയെടുത്തു. താനൂരില്‍ പൊതു വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി സമാധാന കമ്മറ്റി രൂപീകരിക്കാനും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സാധിച്ചു.

പ്രസ്ഥാനത്തിന്റെ എല്ലാ പ്രവര്‍ത്തന മേഖലകളിലും പങ്കാളിത്തം വഹിക്കാന്‍ വി.പി.ഒ നാസര്‍ പരിശ്രമിച്ചിട്ടുണ്ട്. തനിമ, എച്ച്.ആര്‍.ഡി, പാരന്റിംഗ് ട്രെയ്‌നിംഗ് തുടങ്ങിയ മേഖലകളിലും  അദ്ദേഹം സജീവമായിരുന്നു. ഗുരുതരമായ രോഗം ബാധിച്ചപ്പോള്‍ അതിന്റെ പേരില്‍ വിശ്രമ ജീവിതം നയിക്കാനല്ല ആ കര്‍മയോഗി തീരുമാനിച്ചത്. ജീവിത കാലയളവ് അല്ലാഹുവിന്റെ തീരുമാനമായതിനാല്‍ അവസാന നിമിഷം വരെ കര്‍മഭൂമിയില്‍ സജീവമാവണമെന്ന അദ്ദേഹത്തിന്റെ ദൃഢനിശ്ചയം മാതൃകാപരമാണ്. രോഗബാധിതനായി കടുത്ത പ്രയാസങ്ങളിലൂടെ കടന്നുപോകുമ്പോഴും ഹൈദരാബാദില്‍ നടന്ന ജമാഅത്ത് അംഗങ്ങളുടെ സമ്മേളനത്തിനെത്തുകയും ആവേശപൂര്‍വം പങ്കെടുക്കുകയും ചെയ്തു. തന്റെ പ്രയാസങ്ങളും ശാരീരിക വിഷമതകളും മറ്റാരെയും അറിയിക്കാതെ എല്ലാ പ്രവര്‍ത്തനങ്ങളിലും എല്ലാവരുടെയും കൂടെ ധീരമായി മുന്നേറാന്‍ അദ്ദേഹത്തിനു സാധിച്ചു. പ്രസ്ഥാനത്തിനകത്തും നാട്ടുകാരിലും കുടുംബത്തിലും തൊഴില്‍ മേഖലയിലും ഏവര്‍ക്കും പ്രിയപ്പെട്ടവനാകാന്‍ സാധിച്ചുവെന്നതാണ് പ്രിയപ്പെട്ട വി.പി.ഒയുടെ വിജയം. ഭാര്യയും ഏഴും അഞ്ചും വയസ്സുള്ള  രണ്ട് ആണ്‍മക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. 

 

കെ.വി.ഒ അബ്ദുര്‍റഹ്മാന്‍

 

2016 സെപ്റ്റംബര്‍ ഒന്നിന് വിടപറഞ്ഞ കെ.വി.ഒ അബ്ദുര്‍റഹ്മാന്‍ (78) ഒരു പ്രസ്ഥാനം തന്നെയായിരുന്നു. കെ.വി.ഒ പറവണ്ണ എന്ന മൂന്നക്ഷരം പറഞ്ഞാല്‍ എല്ലാവര്‍ക്കും ആളെ മനസ്സിലാകും. അറിവിന്റെ നിറകുടമായിരുന്നു അദ്ദേഹം. 

മതപരമായ അറിവുകള്‍ നേടാനും ഗവേഷണങ്ങള്‍ നടത്താനുമാണ് ജീവിതകാലം അദ്ദേഹം ചെലവഴിച്ചത്. അദ്ദേഹത്തെ അറിയുന്നവര്‍ മതപണ്ഡിതന്മാരുടെ ഗണത്തില്‍തന്നെ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നു. 

ഏകദേശം നൂറു കൊല്ലം മുമ്പ് സ്ഥാപിച്ച പറവണ്ണ ബോയ്‌സ് സ്‌കൂളിലെ ഓത്തുപള്ളി, മദ്‌റസത്തുല്‍ ബനാത്ത്, അലിയില്ലം മദ്‌റസ, പച്ചാട്ടിരി യു.പി സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളിലെ പ്രാഥമിക പഠനത്തിനു ശേഷം പറവണ്ണ മദ്‌റസത്തുന്നൂരിയ്യ, ശാന്തപുരം ഇസ്‌ലാമിയ കോളേജ് എന്നീ സ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്തി. പഠനത്തിനു ശേഷം പൂന, മധുര, മദ്രാസ് എന്നിവിടങ്ങളില്‍ ഹോട്ടല്‍ ജോലിചെയ്തു. ബാംഗ്ലൂരില്‍ രണ്ടു വര്‍ഷം മലയാളി കുടുംബങ്ങളിലെ കുട്ടികളെ അറബിയും മലയാളവും പഠിപ്പിച്ചു. ഇക്കാലത്ത് 'കര്‍ണാടക മലയാളി' എന്ന സായാഹ്ന ദിനപത്രത്തില്‍ ലേഖനങ്ങളും കുറിപ്പുകളുമെഴുതിയിരുന്നു. 

നാട്ടില്‍ തിരിച്ചെത്തിയ ശേഷം മേപ്പയൂര്‍, കുറിശ്ശാംകുളം, പുന്നയൂര്‍, പറവണ്ണ, തിരുനാവായ, കുറ്റുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മദ്‌റസാധ്യാപകനായി ജോലി നോക്കി. ചേകന്നൂര്‍ മൗലവിയുടെ നിരീക്ഷണം മാസികയുടെ സ്‌റ്റേറ്റ് ഓര്‍ഗനൈസറായി പ്രവര്‍ത്തിച്ചു. വിവിധ പത്രങ്ങളിലും മാസികകളിലും ധാരാളം ലേഖനങ്ങളും കുറിപ്പുകളുമെഴുതി. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ഇസ്‌ലാമിക വിജ്ഞാന കോശം അഞ്ചാം വാല്യത്തില്‍ 'ഇസ്‌ലാം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റി' എന്ന ലേഖനം അദ്ദേഹത്തിന്റേതായിട്ടുണ്ട്. മൂന്ന് പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നിരീക്ഷണം, സല്‍സബീല്‍, അല്‍ ഇസ്‌ലാഹ് തുടങ്ങിയ മാസികകളില്‍ ലേഖനങ്ങളെഴുതി. ശബാബ്, പ്രബോധനം വാരികകളില്‍ കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. വിവിധ പള്ളികളില്‍ ഖുത്വ്ബ നടത്തിയിരുന്നു. 

ഭാര്യ: ഫാത്വിമ (കല്‍പ്പകഞ്ചേരി). മക്കള്‍: ജമീല, ഉമ്മുകുല്‍സു, അബൂബക്കര്‍, ഖൈറുന്നിസ. മരുമക്കള്‍: അബ്ദുസ്സലാം (പറപ്പൂര്‍), മെഹറുന്നിസ. സഹോദരങ്ങള്‍: മുഹമ്മദ്, ഉമ്മര്‍ഷ, പരേതരായ അലി, ആഇശ. 

 

സി.എം.സി അബ്ദുല്‍ഖാദര്‍, പറവണ്ണ 

 

മുഹമ്മദ് മുനീര്‍ 

 

പന്നിയങ്കരയിലെ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായിരുന്നു പള്ളിമാലില്‍ മുഹമ്മദ് മുനീര്‍ (45). നല്ലൊരു പാട്ടുകാരനായിരുന്ന മുനീര്‍ ഖുര്‍ആന്‍ വളരെ മനോഹരമായി ഓതുമായിരുന്നു. മിക്ക വര്‍ഷവും റമദാന്‍ അവസാന പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. രോഗബാധിതനായിരുന്നതിനാല്‍ ഇത്തവണ അതിനു സാധിക്കാതെ വന്നതിന്റെ വിഷമം പങ്കുവെച്ചിരുന്നു. നാലിനും എട്ടിനും ഇടയില്‍ പ്രായമുള്ള മൂന്ന് കുട്ടികളുണ്ട്. ലിങ്ക് റോഡിലെ ഫിനിക്‌സ് ലാംഗ്വേജ് ഇന്‍സ്റ്റിറ്റിയൂട്ട് ഉടമയായിരുന്നു മുനീര്‍. പരേതരായ പള്ളിമാലില്‍ സൈനുദ്ദീന്‍ ഹാജിയുടെയും ഫാത്വിമയുടെയും മകനാണ്. ഭാര്യ: തൗഹീദ. മക്കള്‍: ഹാശിം ബിന്‍ മുഹമ്മദ്, ഫാത്വിമ ബനൂല്‍, ഖദീജ കാമില. 

 

ബശീര്‍ ആദൃശ്ശേരി

 

കെ.എം.കെ ഹാജി

 

കടന്നമണ്ണ വേരുംപുലാക്കല്‍ ജമാഅത്ത് ഘടകത്തിലെ പ്രവര്‍ത്തകനായിരുന്നു കെ.എം.കെ ഹാജി എന്ന കുഞ്ഞിമുഹമ്മദ് ഹാജി. പ്രദേശത്ത് ഹല്‍ഖ നിലവില്‍വരുന്നതിനു മുമ്പുതന്നെ പ്രസ്ഥാനത്തോട് അടുപ്പം കാണിച്ചിരുന്ന അദ്ദേഹം 1978-ല്‍ ഹല്‍ഖാ രൂപീകരണത്തോടെ പ്രവര്‍ത്തനത്തില്‍ സജീവമായി. പ്രസ്ഥാന പ്രവര്‍ത്തകനാകുന്നതിനു മുമ്പുതന്നെ സാമൂഹിക-രാഷ്ട്രീയ-ദീനീ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു. ആദ്യകാലത്ത് മുസ്‌ലിം ലീഗുകാരനായിരുന്നു. വേരുംപുലാക്കല്‍ ജുമാമസ്ജിദ്, തഅ്‌ലീമുസ്സിബ്‌യാന്‍ മദ്‌റസ കമ്മിറ്റികളില്‍ അംഗമായിരുന്നു. തര്‍ക്കപരിഹാരം, വിവാഹം തുടങ്ങിയ വിഷയങ്ങളില്‍ നാട്ടുകാര്‍ക്ക് ഒരാശ്രയമായിരുന്നു. കെ.എം.കെ എന്‍.സി.ടി എജുക്കേഷ്‌നല്‍ കോംപ്ലക്‌സിനു നേതൃത്വം നല്‍കുന്ന നാഷ്‌നല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് മെമ്പറായിരുന്നു. ട്രസ്റ്റ് രൂപീകരണത്തിലും സ്ഥാപന നടത്തിപ്പിലും അദ്ദേഹം സജീവ പങ്കുവഹിച്ചു. 

വി. അബ്ദു 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 4-6
എ.വൈ.ആര്‍