Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 07

2970

മുഹര്‍റം 06

ഹിജാബ് വേഷം മാത്രമല്ല

അബ്ബാസ് മഹ്മൂദ് അഖ്ഖാദ്

സ്ത്രീകളുടെ ഹിജാബ് ഇസ്‌ലാമിന്റെ സൃഷ്ടിയാണെന്ന ധാരണ പാശ്ചാത്യരില്‍ നിലനില്‍ക്കുന്നുണ്ട്. അറേബ്യയില്‍ മുഹമ്മദ് നബിയുടെ ആഗമനത്തിനു മുമ്പ് അതുണ്ടായിരുന്നില്ല എന്ന പ്രചാരണവും നടക്കുന്നു. ഹിജാബണിഞ്ഞ വനിത എന്നാല്‍ മുസ്‌ലിം വനിത എന്നാണര്‍ഥമെന്നു പോലും മനസ്സിലാക്കപ്പെടുന്നു.  ഇസ്‌ലാമിക ഖിലാഫത്ത് ദീര്‍ഘകാലം നിലനിന്നതുകൊണ്ടാവണം ഹിജാബെന്നു കേള്‍ക്കുമ്പോള്‍ പലര്‍ക്കും തുര്‍ക്കി വനിതകളെയാണ് ഓര്‍മവരുന്നത്.

മുസ്‌ലിംകളല്ലാത്തവരില്‍ നിലനില്‍ക്കുന്ന പല തെറ്റിദ്ധാരണകളില്‍ ഒന്നു മാത്രമാണിത്. വസ്തുത എന്തെന്നറിയാന്‍ കൂടുതലൊന്നും മിനക്കെടേണ്ടതില്ല. ബൈബ്ള്‍ പഴയ നിയമവും പുതിയ നിയമവും പരിശോധിച്ചാല്‍ മതി.

ഇബ്‌റാഹീം നബിയുടെ കാലം മുതല്‍  അബ്‌റാനികള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നതാണ് ഹിജാബ് സമ്പ്രദായം. ക്രിസ്തു ഉള്‍പ്പെടെയുള്ള എല്ലാ നബിമാരുടെയും കാലത്ത് ഹിജാബുണ്ടായിരുന്നു. പഴയ നിയമത്തിലും പുതിയ നിയമത്തിലും മാത്രമല്ല, മറ്റു ഗ്രന്ഥങ്ങളിലും ഇതേക്കുറിച്ച പരാമര്‍ശങ്ങളുണ്ട്.

പഴയ നിയമത്തില്‍നിന്ന്: ''സായാഹ്നത്തില്‍ ഇസ്ഹാഖ് ധ്യാനിക്കാന്‍ വയലിലേക്ക് പോയി. അയാള്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ ഒട്ടകങ്ങള്‍ വരുന്നതു കണ്ടു. റിബേക്ക ദൃഷ്ടി ഉയര്‍ത്തി നോക്കി. ഇസ്ഹാഖിനെ കണ്ടപ്പോള്‍ അവള്‍ ഒട്ടകത്തിന്റെ പുറത്തു നിന്ന് ഇറങ്ങി. അവള്‍ (റിബേക്ക) ദാസനോട് ചോദിച്ചു: വയലിലൂടെ നമുക്ക് അഭിമുഖമായി വരുന്ന ആ മനുഷ്യന്‍ ആരാണ്? ദാസന്‍ പറഞ്ഞു: എന്റെ യജമാനന്‍. അപ്പോള്‍ അവള്‍ മൂടുപടം എടുത്തണിഞ്ഞു'' (ഉല്‍പത്തി 24:63-67).

''കുറേക്കാലം കഴിഞ്ഞപ്പോള്‍ യഹൂദായുടെ ഭാര്യ ശൂവായുടെ പുത്രി മരിച്ചു. വിലാപ കാലം കഴിഞ്ഞപ്പോള്‍ അയാള്‍ സുഹൃത്തും അദുല്ലാ മിയനുമായ ഹീറായുടെ കൂടെ തിമ്‌നായില്‍ ആടുകളുടെ രോമം കത്രിക്കുന്നവരുടെ അടുക്കലേക്കു പോയി. 'നിന്റെ ഭര്‍തൃപിതാവായ യഹൂദാ ആടുകളുടെ രോമം കത്രിക്കാന്‍ തിമ്‌നായിലേക്ക് പോകുന്നു' എന്നു കേട്ടപ്പോള്‍ താമാര്‍ വൈധവ്യ വസ്ത്രങ്ങള്‍ എടുത്തുമാറ്റി മൂടുപടം ധരിച്ച് ആകെ പുതച്ചുമൂടി തിമ്‌നായിലേക്ക് പോകുന്ന വഴിയുടെ അരികിലുള്ള എനയീം പട്ടണത്തിന്റെ കവാടത്തില്‍ ഇരുന്നു'' (ഉല്‍പത്തി 38:12-19).

മുഹമ്മദ് നബിയുടെ ആഗമനത്തിനു മുമ്പെ ഹിജാബ് നിലവിലുണ്ടായിരുന്നുവെന്നും അന്യരുടെ മുമ്പില്‍ ഹിജാബ് ധരിക്കുന്നത് അന്നത്തെ പൊതുരീതിയായിരുന്നുവെന്നും സാരം.

മതേതര ഗ്രന്ഥങ്ങളിലും ഇതുതന്നെയാണ് കാണാന്‍ കഴിയുക. വീടുകള്‍ക്കു പുറത്തും വഴികളിലും അങ്ങാടികളിലും സ്ത്രീകള്‍ ഹിജാബ് പാലിച്ചിരുന്നു. യവനര്‍ തങ്ങളുടെ സ്ത്രീകളോട് വീടുകളില്‍ അടങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. റോമക്കാര്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്തിരുന്നുവെങ്കിലും ബി.സി ഇരുനൂറിനു മുമ്പുവരെ, സ്ത്രീകള്‍ അലങ്കാര ഭൂഷകളണിഞ്ഞ് വഴികളില്‍ പ്രത്യക്ഷപ്പെടുന്നത് വിലക്കിയിരുന്നു. വീടുകളില്‍ പോലും കൂടുതല്‍ ചമഞ്ഞൊരുങ്ങി നില്‍ക്കുന്നത് വിലക്കുന്ന 'ഘലഃ ഛുുശമ' എന്ന നിയമം നടപ്പില്‍ വരുത്തി. പഴയ കാലത്ത് സ്ത്രീകളോടുള്ള സമീപനം രണ്ട് തരത്തിലായിരുന്നു. ആരെങ്കിലും ദുരുപയോഗപ്പെടുത്തുമോ എന്ന് ഭയന്ന് അവരെ തടങ്കലിലെന്നോണം വീടുകളില്‍ പാര്‍പ്പിച്ചു. ചിലര്‍ അവരെ നിസ്സാരമായി കണ്ട് യഥേഷ്ടം തുറന്നുവിട്ടു. 

മുഹമ്മദ് നബി(സ)യുടെ ആഗമനകാലത്ത് പരമ്പരാഗത സംസ്‌കാരത്തിന്റെ നിരര്‍ഥകമായ അനുകരണം, ശേഷിപ്പ് എന്ന നിലയേ 'ഹിജാബി'ന് ഉണ്ടായിരുന്നുള്ളൂ. അത് വേണോ വേണ്ടയോ എന്ന് വ്യക്തികള്‍ക്ക് തീരുമാനിക്കാം. സാമൂഹികമായ പ്രതിരോധം, അഴിഞ്ഞാട്ട വിരുദ്ധത, കുഴപ്പങ്ങള്‍ തടുക്കുക പോലുള്ള കാര്യങ്ങളാകാം അതുകൊണ്ട് ഉദ്ദേശിച്ചിരിക്കുക. ഇസ്‌ലാം അര്‍ഥശൂന്യമായ എല്ലാ അനുകരണങ്ങളെയും നിരര്‍ഥകമായ ശേഷിപ്പുകളെയും എന്ന പോലെ ഹിജാബിനെയും കൈകാര്യം ചെയ്തു. സമൂഹ നന്മക്ക് ഉതകുംവിധം അതിനെ മാറ്റിയെടുത്തു. സ്ത്രീകള്‍ തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യം ഇല്ലാതെയാക്കി. 'ഹിജാബ്' എന്നത് പുരുഷനും സ്ത്രീക്കും അഭികാമ്യമായ സംസ്‌കാരമായി പരിചയപ്പെടുത്തി. മറയേണ്ട ഭാഗങ്ങളുടെ വ്യത്യാസം പരിഗണിച്ചും ജീവിതത്തിലെ ബാധ്യതകള്‍ക്കനുസൃതമായും സ്ത്രീ-പുരുഷന്മാരുടെ വേഷവിധാനങ്ങള്‍ പരിഷ്‌കരിച്ചു.

''പുരുഷന്മാര്‍ തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തണം, ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കണം; സത്യവിശ്വാസിനികള്‍ തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തണം, ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കണം' (അന്നൂര്‍ 30) എന്ന സൂക്തം ഹിജാബ് നിര്‍ദേശം സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും ബാധകമാണെന്ന് വ്യക്തമാക്കുന്നു. ഇന്നയിന്ന ആളുകളുടെ മുന്നില്‍ മാത്രമേ സ്ത്രീകള്‍ തങ്ങളുടെ ബാഹ്യസൗന്ദര്യം പ്രകടിപ്പിക്കാവൂ എന്ന് ഖുര്‍ആന്‍ (അന്നൂര്‍ 31) പറയുമ്പോള്‍ അതിന്റെ മറ്റൊരര്‍ഥം അവരല്ലാത്ത പുരുഷന്മാരുടെ മുന്നില്‍ പ്രകടിപ്പിക്കരുത് എന്നു മാത്രമല്ല, ആ പുരുഷന്മാര്‍ അവരുടെ നേരെ ദൃഷ്ടികള്‍ അയക്കരുതെന്നു കൂടിയാണ്. അഥവാ, പുരുഷന്മാര്‍ 'ഹിജാബ്' പാലിക്കണമെന്ന് സാരം. വിശാലാര്‍ഥത്തില്‍ ഹിജാബ് എന്നാല്‍ കേവലം വേഷം മാത്രമല്ല, അത് ദ്വിമാനമുള്ള ആശയമാണ്. പുരുഷന്മാര്‍ പൗരുഷത്തിന് യോജിക്കാത്ത സൗന്ദര്യവത്കരണം നടത്തരുതെന്ന പോലെ, സ്ത്രീകളും സ്‌ത്രൈണതക്ക് യോജിക്കാത്ത അലങ്കാരങ്ങള്‍ അണിയരുതെന്നാണ് മറ്റൊരു ഖുര്‍ആനിക നിര്‍ദേശം (അല്‍ അഹ്‌സാബ് 33).

അപ്പോള്‍ ഹിജാബ് എന്ന ആശയം വിശദീകരണം ആവശ്യമില്ലാതെത്തന്നെ വ്യക്തമാണ്. അതിന്റെ വിവക്ഷ സ്ത്രീകളെ മറക്കുള്ളില്‍ നിര്‍ത്തുക എന്നോ വീട്ടുതടങ്കലിലാക്കുക എന്നോ അല്ല. സ്ത്രീകള്‍ക്ക് അനുവദനീയമായ ജോലികള്‍ ചെയ്യാന്‍ അവസരം നല്‍കാതെ അവരെ തടവിലിടുകയാണെങ്കില്‍, പുറത്തിറങ്ങാന്‍ അവരെ അനുവദിക്കുന്നില്ലെങ്കില്‍, പുരുഷന്മാര്‍ കണ്ണുകള്‍ താഴ്ത്തണം എന്ന ഖുര്‍ആനിക നിര്‍ദേശത്തിന് എന്ത് പ്രസക്തി? നബി(സ)യുടെ കാലത്ത് പുരുഷന്മാരുടെ കൂടെ യുദ്ധത്തിനു പുറപ്പെടുന്നതിനോ പള്ളികളില്‍ പൊതു പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്നതിനോ കച്ചവടങ്ങള്‍ നടത്തുന്നതിനോ സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്ക് തങ്ങളുടേതായ താല്‍പര്യങ്ങള്‍ക്കു വേണ്ടി അനുയോജ്യമായ ജോലികള്‍ ചെയ്യാം. അതിന് ഹിജാബ് തടസ്സമല്ല. പുരുഷന് പുരുഷന്റേതായ നീക്കുപോക്കുകള്‍ പോലെ തന്നെയാണിതും.

'വീടുകളില്‍ അടങ്ങിയൊതുങ്ങിക്കഴിയണ'മെന്നത് നബിപത്‌നിമാര്‍ക്കുള്ള നിര്‍ദേശമാണ്. ''പ്രവാചകപത്‌നിമാരേ, നിങ്ങള്‍ മറ്റു സ്ത്രീകളില്‍ ഒരാളെ പോലുമല്ല'' (അല്‍അഹ്‌സാബ് 32). പല ആവശ്യങ്ങള്‍ക്കായി നബിയെ കാണാന്‍ വന്നിരുന്ന സ്വഹാബിമാര്‍, തന്റെ ഭാര്യമാരുള്ള വീടുകളില്‍ സമ്മതമില്ലാതെ കടന്നുവന്നിരുന്ന പശ്ചാത്തലത്തിലാണ് മേല്‍ സൂക്തം അവതരിച്ചത്. അത് ഒരേസമയം നബി പത്‌നിമാര്‍ക്കെന്നപോലെ, പ്രവാചക ഭവനത്തിലെത്തുന്ന പുരുഷന്മാര്‍ക്കുമുള്ള നിര്‍ദേശം കൂടിയായിരുന്നു. അതേ അധ്യായത്തിലെ 53-ാം സൂക്തം അത് വ്യക്തമാക്കുന്നുണ്ട്: ''സത്യവിശ്വാസികളേ, ഭക്ഷണത്തിന് (നിങ്ങളെ ക്ഷണിക്കുകയും) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നുചെല്ലരുത്. അത് (ഭക്ഷണം) പാകമാകുന്നത് നിങ്ങള്‍ നോക്കി ഇരിക്കുന്നവരാവരുത്. പക്ഷേ, നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്നുചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞുപോവുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞു രസിച്ചിരിക്കുന്നവരാവുകയും അരുത്. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് (അത് പറയാന്‍) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട് (നബിയുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരോട് മറയുടെ പിന്നില്‍നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്. അല്ലാഹുവിന്റെ ദൂതന് ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് പാടില്ല. അദ്ദേഹത്തിനു ശേഷം ഒരിക്കലും അദ്ദേഹത്തിന്റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൗരവമുള്ള കാര്യമാകുന്നു''

വീടിനു പുറത്ത് സ്ത്രീകള്‍ ഹിജാബ് പാലിക്കണമെന്ന പോലെ, വീടിനകത്ത് സന്ദര്‍ശകരായ പുരുഷന്മാരും സമാനമായ നിഷ്ഠ പുലര്‍ത്തണമെന്ന് സാരം. ഇസ്‌ലാമിലെ ഹിജാബ് എന്നാല്‍ തടവോ നിന്ദ്യതയോ സ്ത്രീ സ്വാതന്ത്ര്യ നിഷേധമോ അല്ല. പ്രത്യുത, സ്ത്രീ പുരുഷന്മാരുടെ മാന്യതയും പാതിവ്രത്യവും കാത്തുസംരക്ഷിക്കാനുള്ള സുരക്ഷാ സംവിധാനമാണ്. ഒരു മതവും നിയമസംഹിതയും അഴിഞ്ഞാടാന്‍ ആളുകളെ അനുവദിക്കുന്നില്ല. പുരാതന റോമക്കാര്‍ അഴിഞ്ഞാട്ടം നിരോധിച്ചത് അതുകൊണ്ടാണ്.

അഴിഞ്ഞാട്ടത്തിന്റെ ദൂഷ്യഫലം എന്തായിരുന്നുവെന്ന് പഴയ നിയമം യെശയ്യാ 16-26-ല്‍ ഇങ്ങനെ വായിക്കാം: ''സീയോന്‍ പുത്രിമാര്‍ അഹങ്കാരികളാണ്. അവര്‍ തല ഉയര്‍ത്തിപ്പിടിച്ച് തോന്ന്യാസമായി കടാക്ഷങ്ങള്‍ അയച്ച് കുഴഞ്ഞാടി കാല്‍ച്ചിലമ്പൊലിയും മുഴക്കി നടക്കുന്നു. അതുകൊണ്ട് സിയോന്‍ പുത്രിമാരുടെ ശിരസ്സുകള്‍ കര്‍ത്താവ് ചൊറികൊണ്ട് നശിപ്പിക്കും. അവരുടെ ശിരസ്സുകള്‍ നഗ്നമാക്കും. അന്ന് കര്‍ത്താവ് അവരുടെ കാല്‍ച്ചിലമ്പുകളും കിരീടങ്ങളും ചന്ദ്രക്കലകളും പതക്കങ്ങളും വളകളും ഉത്തരീയങ്ങളും ശിരോവസ്ത്രങ്ങളും തോള്‍ വളകളും അരക്കച്ചകളും പരിമളപ്പെട്ടികളും ഏലസ്സുകളും മുദ്ര മോതിരങ്ങളും മൂക്കുത്തികളും ഉത്സവ വസ്ത്രങ്ങളും മേലങ്കികളും മുഴുക്കുപ്പായങ്ങളും കൈസഞ്ചികളും സുതാര്യ വസ്ത്രങ്ങളും ലിനന്‍ വസ്ത്രങ്ങളും തലപ്പാവുകളും മൂടുപടങ്ങളും അവരില്‍നിന്ന് എടുത്തുമാറ്റും. അന്ന് സുഗന്ധത്തിനു പകരം ചീഞ്ഞു നാറ്റമായിരിക്കും; അരപ്പട്ടയുടെ സ്ഥാനത്ത് കയര്‍ ആയിരിക്കും. നല്ല തലമുടി കെട്ടിന്റെ സ്ഥാനത്ത് മൊട്ടത്തലയായിരിക്കും. വിലപ്പെട്ട മേലങ്കിയുടെ സ്ഥാനത്ത് ചാക്ക് ഉടുത്തിരിക്കും; സൗന്ദര്യത്തിന്റെ സ്ഥാനത്ത് നാണക്കേട്. നിന്റെ പുരുഷന്മാര്‍ വാളിന്നിരയാകും. നിന്റെ വീരന്മാര്‍ യുദ്ധത്തില്‍ വീഴും. സിയോന്റെ പടിവാതിലുകള്‍ വിലപിച്ച് കേഴും. അവള്‍ നശിച്ചു നിലത്തു കുത്തിയിരിക്കും.''

അഴിഞ്ഞാട്ടത്തിനു കിട്ടിയ ദാരുണ ശിക്ഷയാണ് മേല്‍ വിവരണത്തില്‍. സൗന്ദര്യത്തെ മാത്രമല്ല, സ്‌ത്രൈണതയുടെ തന്നെ സകല മനോഹാരിതകളെയും ദൈവം നശിപ്പിച്ചതിന്റെ നേര്‍ ചിത്രവും നമുക്കവിടെ കാണാം. 

(അല്‍ മര്‍അത്തു ഫില്‍ ഖുര്‍ആന്‍ എന്ന കൃതിയില്‍നിന്ന്)

വിവ: അബ്ദുല്ലത്വീഫ് കൊടുവള്ളി


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 4-6
എ.വൈ.ആര്‍