Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 07

2970

മുഹര്‍റം 06

ഭീകരവാദം മുല്ലപ്പൂ വിപ്ലവത്തിന്റെ ഉല്‍പന്നമല്ല

ശൈഖ് റാശിദുല്‍ ഗന്നൂശി/ മുഹമ്മദ് സാലിം റാശിദ്

അറബ് നാടുകളില്‍ ഭരണകൂടവുമായുള്ള സമൂഹത്തിന്റെ ബന്ധം വളര്‍ന്നുവന്നത് ദേശീയ സ്വാതന്ത്ര്യത്തിനു ശേഷമാണ്. അങ്ങനെ ശക്തിയിലും സ്വാധീനത്തിലും സമൂഹത്തേക്കാള്‍ വലുതായി ഭരണകൂടം. സമൂഹം ദുര്‍ബലമായിത്തീര്‍ന്നു. ഇതിനെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? 

ഇതിനാണ് ഏകാധിപത്യമെന്ന് പറയുന്നത്; ദുര്‍ബലമായ സമൂഹവും ശക്തമായ രാഷ്ട്രവും. യഥാര്‍ഥത്തില്‍ രാഷ്ട്രം ശക്തമാണെന്ന് തോന്നുകയാണ്. ആത്യന്തികമായി ദുര്‍ബലമാണത്. കാരണം സമൂഹം ശക്തമാവുമ്പോഴാണ് രാഷ്ട്രം ശക്തമാകുന്നത്. അതുകൊണ്ടാണ് ശിശിരത്തില്‍ ഇലകൊഴിയും പോലെ സോവിയറ്റ് യൂനിയന്‍ തകര്‍ന്നുപോയത് (ദുര്‍ബലമായ സമൂഹത്തിലെ കരുത്തന്‍ രാഷ്ട്രത്തിന്റെ മാതൃകയായിരുന്നു അത്). അറബ് ലോകത്തിലെ ഏകാധിപത്യഭരണകൂടങ്ങളുടെ സ്ഥിതിയും ഇതുതന്നെ. സദ്ദാം ഹുസൈന്റെ ഏകാധിപത്യത്തിനെതിരെ ആക്രമണമുണ്ടായപ്പോള്‍ മൂന്ന് ആഴ്ചകള്‍ക്കപ്പുറം അതിന് പിടിച്ചുനില്‍ക്കാനായില്ല. അതേസമയം ജനാധിപത്യസംവിധാനങ്ങള്‍ക്ക് ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞതായി നമുക്ക് കാണാം. ചര്‍ച്ചിലിന്റെ ജനാധിപത്യം പോലെ. അത് ഫാഷിസത്തെ ചെറുത്ത് പരാജയപ്പെടുത്തി. ശക്തമായ ഭരണകൂടത്തിന്റെ മാതൃകയായ ഫാഷിസം ശക്തമായ ഘടനയും മികച്ച ആയുധങ്ങളുമുണ്ടായിട്ടും പൂര്‍ണമായും തകര്‍ന്നടിഞ്ഞു. ജനാധിപത്യ വ്യവസ്ഥകള്‍ ദുര്‍ബലമല്ല, മറിച്ച് അതിന് തേറ്റകളുണ്ട്. അമ്പരപ്പിക്കുംവിധം ആയുധങ്ങളും സെന്‍ട്രല്‍ ബാങ്കും 3 ദശലക്ഷം ജനസംഖ്യയുള്ള മൂസ്വുല്‍ പോലുള്ള ഒരു നഗരം കൈവശമുണ്ടായിട്ടും 'ദാഇശി'ന്റെ മുമ്പില്‍ അംബാര്‍ മേഖലകള്‍ തകര്‍ന്നടിഞ്ഞു. അതേസമയം ലിബിയന്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ദക്ഷിണ തുനീഷ്യയിലെ ബിന്‍ ഖിര്‍ദാന്‍ എന്ന ഒരു കൊച്ചുപ്രദേശം ലിബിയന്‍ പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ച തുനീഷ്യക്കാരും അല്ലാത്തവരുമായൊരു യുവസംഘം തുനീഷ്യയുടെ അധികാരത്തില്‍നിന്ന് പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അമ്പേ പരാജയപ്പെടുകയാണ് ചെയ്തത്. കാരണം അവിടത്തെ ജനസമൂഹവും സര്‍ക്കാറും തമ്മില്‍ കെട്ടുറപ്പുള്ള ബന്ധമുണ്ടായിരുന്നു. അവഗണിക്കപ്പെട്ട ഒരു മേഖലയെന്ന നിലയില്‍ അവിടത്തെ നിവാസികള്‍ക്ക് സര്‍ക്കാറിനോടു രോഷവും പ്രതിഷേധവുമുണ്ടായിരുന്നു എന്നത് ശരിതന്നെ. അതിനാല്‍ എളുപ്പം വിഴുങ്ങാന്‍ പറ്റിയ അപ്പമാണിതെന്നായിരുന്നു സായുധ തീവ്രവാദികള്‍ കരുതിയിരുന്നത്. അവിടെ സ്വന്തം പതാക നാട്ടി ഒരു സ്വതന്ത്രമേഖലയായി പ്രഖ്യാപിക്കാന്‍ പാകമായിത്തീര്‍ന്നിട്ടുണ്ടെന്നായിരുന്നു അവരുടെ ധാരണ. പക്ഷേ, ജനം ഭരണകൂടത്തോടൊപ്പമാണുനിന്നത്. അക്രമകാരികളെ നേരിട്ട അവര്‍ വീടുകളില്‍ ഒളിച്ചുപാര്‍ക്കുന്ന ഭീകരന്മാരെ പിടികൂടി സുരക്ഷാ സേനക്ക് കൈമാറി. ഐ.എസിന്റെ പദ്ധതി അതോടെ പൊളിഞ്ഞു പാളീസായി. ശരിയാണ്, അവര്‍ ഞങ്ങള്‍ക്കെതിരെ കനത്ത ആക്രമണം നടത്തിയിരുന്നു. മിന്നലാക്രമണം നടത്തി ഒളിച്ചോടുക എന്നതായിരുന്നു അവരുടെ തന്ത്രം. ഏത് രാജ്യത്തും സംഭവിക്കാവുന്നതാണത്. 

 

തുനീഷ്യയിലെ ഐ.എസിന്റെ പിന്നില്‍ ആരാണ്? 

അതു ഏതായാലും വിപ്ലവത്തിന്റെ സൃഷ്ടിയല്ല; ഏകാധിപത്യത്തിന്റെ അനന്തരഫലമാണ്. 'ബിന്‍ അലി യുഗ'ത്തിന്റെ സംഭാവനയായാണ് അതിനെ പരിഗണിക്കേണ്ടത്. മുന്‍ ഭരണകൂടത്തിന്റെ കാലത്ത് തീവ്രവാദചിന്തകളാല്‍ സ്വാധീനിക്കപ്പെട്ട യുവാക്കളും സര്‍ക്കാറും തമ്മില്‍ നിരവധി ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടായിരുന്നു. അവരില്‍ 3000-ത്തോളം പേര്‍ തടവിലായിരുന്നു. വിപ്ലവം നടന്നതോടെ അവരൊക്കെ മോചിതരായി. ജയില്‍കവാടങ്ങള്‍ തുറക്കപ്പെട്ടതോടെ അവരൊക്കെയും മസ്ജിദുകളിലാണ് അടിഞ്ഞുകൂടിയത്. നാട്ടില്‍ വ്യാപിച്ച അവര്‍ പല പള്ളികളുടെ നിയന്ത്രണം പിടിയിലൊതുക്കി. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നെറ്റ്‌വര്‍ക്കുകളുണ്ടാക്കി. വിപ്ലവാനന്തരം സംജാതമായ അരാജകത്വവും രാജ്യത്തിന്റെ ബലഹീനതയും ചൂഷണം ചെയ്യുകയായിരുന്നു അവര്‍. കാരണം വിപ്ലവത്തിനു മുമ്പ് രാഷ്ട്രം ശക്തമാണെന്ന ഒരു തോന്നലുണ്ടായിരുന്നു. ഭീതി വിതച്ചുകൊണ്ടായിരുന്നു അത് അധികാരം വാണിരുന്നത്. വിപ്ലവത്തോടെ അതൊക്കെ തകര്‍ന്നു. ഭീതിക്ക് പകരം നിയമവാഴ്ചയുടെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥാപിതത്വം വീണ്ടെടുക്കാന്‍ സമയം ആവശ്യമായിരുന്നു. കുറേകൂടി സമയം തേടുന്ന പരിവര്‍ത്തനഘട്ടമായിരുന്നു അത്. 

ഈ തീവ്രവാദചിന്ത വികസിച്ചുകൊണ്ടിരിക്കുന്നത്, അനുഭവപരിചയം പരിമിതമാണെങ്കിലും രാജ്യം ജാഗ്രതയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. അടിച്ചമര്‍ത്തലിനു പകരം സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ വ്യവസ്ഥിതി പുനര്‍നിര്‍മിക്കുകയും ഭരണഘടനക്ക് രൂപം നല്‍കുകയും ചെയ്യുന്ന തിരക്കിലായിരുന്നു അപ്പോള്‍ രാജ്യം. എങ്കിലും തീവ്രവാദത്തിന്റെ അപകടത്തെ സര്‍ക്കാര്‍ അവഗണിച്ചില്ല. ഏതാണ്ട് രണ്ട് കൊല്ലത്തിനു ശേഷം ഗവണ്‍മെന്റ് അതിനെതിരെ ഉണര്‍ന്നുപ്രവര്‍ത്തിച്ചു. പ്രചാരണത്തിന്റെ ഘട്ടം പിന്നിട്ട തീവ്രവാദികള്‍ പ്രവര്‍ത്തനഘട്ടത്തില്‍ പ്രവേശിച്ച് രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടങ്ങിയതോടെ സര്‍ക്കാറും നടപടികളാരംഭിച്ചു. അന്ന് ഭരണം 'അന്നഹ്ദ' യുടെ നേതൃത്വത്തിലായിരുന്നു. സര്‍ക്കാര്‍ അവരെ ഭീകരസംഘടനയായി കണക്കാക്കി അവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. അവരുടെ രണ്ടാം വാര്‍ഷിക സമ്മേളനം ചേരുന്നത് തടഞ്ഞു. 

അതിനാല്‍ ഭീകരവാദം തുനീഷ്യയില്‍ വിപ്ലവത്തിന്റെ ഉല്‍പന്നമല്ല. മേഖലയില്‍ നിലനിന്നിരുന്ന അപര തിരസ്‌കാരചിന്തയുടെ നീള്‍ച്ചയും ഏകാധിപത്യകാലഘട്ടത്തിന്റെ സംഭാവനയുമാണത്. പ്രത്യേകിച്ച് സ്വാതന്ത്ര്യാനന്തര ഭരണകൂടം തുനീഷ്യന്‍ മിതവാദ മതസ്ഥാപനങ്ങളെ പ്രാന്തവല്‍കരിച്ചതിന്റെ ഫലം. ലോകത്തിലെ ഏറ്റവും പുരാതന സര്‍വകലാശാലയായ സൈത്തൂന അടച്ചുപൂട്ടപ്പെട്ടത് ഈ ഏകാധിപത്യപശ്ചാത്തലത്തിലാണ്. കേവലം ഒരു പള്ളി മാത്രമാണ് ഇന്നത്. ഇന്നവിടെ സര്‍വകലാശാലയില്ല. രാജ്യം സ്വാതന്ത്ര്യം നേടുന്ന കാലത്ത് 27000 വിദ്യാര്‍ഥികള്‍ പഠിച്ചുകൊണ്ടിരുന്ന സര്‍വകലാശാലയായിരുന്നു സൈത്തൂന. രാജ്യത്തങ്ങോളമിങ്ങോളം അതിന്റെ കീഴില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ടായിരുന്നു. അള്‍ജീരിയയിലുമുണ്ടായിരുന്നു അതിന്റെ കീഴില്‍ രണ്ടു സ്ഥാപനങ്ങള്‍. തുനീഷ്യയിലെ മതനിയമത്തിന്റെ ആധാരമായ മാലികീ സരണിയുടെ ശോഭ ആഫ്രിക്കയിലെങ്ങും പ്രസരിച്ചിരുന്നത് അവിടെനിന്നായിരുന്നു. 

തുനീഷ്യയില്‍ ഒരു ശൂന്യത സംജാതമായി. ആ ശൂന്യതയാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന് ജന്മം നല്‍കിയത്. സെക്യുലര്‍ തീവ്രതക്കെതിരെയുള്ള പ്രതിപ്രവര്‍ത്തനമെന്ന ഒരുതരം തീവ്രത അതിനെയും ബാധിച്ചു. പക്ഷേ, തുനീഷ്യന്‍ സാഹചര്യവും കാലഘട്ടവുമായി അത് പൊരുത്തപ്പെടാന്‍ അധികകാലം വേണ്ടിവന്നില്ല. 1981-ല്‍ രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കാന്‍ അപേക്ഷ നല്‍കി സമൂഹവുമായി താദാത്മ്യപ്പെട്ടുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ അത് സന്തുലിതത്വം വീണ്ടെടുത്തു. പക്ഷേ, ഭരണകൂടം അതിനെ അടിച്ചമര്‍ത്തുകയായിരുന്നു. 

തുനീഷ്യയില്‍ വിടവിന്റെ ഒരു അവസ്ഥാവിശേഷമുണ്ടായിരുന്നു. അതു തുനീഷ്യന്‍ സമൂഹത്തെ യഥാര്‍ഥത്തില്‍ തന്നെ പുറത്തുനിന്ന് കാറ്റടിച്ചുവീശുന്ന ചെരിഞ്ഞ ഒരു ഭൂപ്രദേശമാക്കി മാറ്റി. പുറത്തുനിന്നുള്ള സ്വാധീനങ്ങള്‍ക്ക് അത് വിധേയമായി. മിതവാദ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അഭാവത്തില്‍, തുനീഷ്യന്‍ മതാധാര കേന്ദ്രത്തിന്റെ അഭാവത്തില്‍ അല്‍ഖാഇദയുടെയും ഐ.എസിന്റെയും സ്വാധീനങ്ങള്‍  ആ വിടവിലേക്ക് കടന്നുവരാന്‍ തുടങ്ങി. മിതവാദ ഇസ്‌ലാമിക പ്രസ്ഥാനം തന്നെ ഭീമമാംതോതിലുള്ള അക്രമപ്രവര്‍ത്തനങ്ങളിലൂടെ അകറ്റിനിര്‍ത്തപ്പെട്ടു. 

 

മതപരമായ വിഷയങ്ങളിലെ ആധികാരികാവലംബം എന്ന വിഷയത്തിലേക്കു തന്നെ മടങ്ങാം. ഈ ആധികാരികാവലംബം എന്ന വിഷയത്തില്‍ എന്തെങ്കിലും വികസനം നിങ്ങളുടെ പദ്ധതിയിലുണ്ടോ? 

ഉദാഹരണത്തിന് തുനീഷ്യയെയും മഗ്‌രിബ് മേഖലയിലെ ഇതരനാടുകളെയും താരതമ്യം ചെയ്താല്‍ ഒരു വ്യത്യാസം കാണാന്‍ സാധിക്കും. ഇതര മഗ്‌രിബ് ദേശങ്ങള്‍ ഒന്നോ രണ്ടോ ഭീകരാക്രമണങ്ങള്‍ക്ക് മാത്രമേ ഇരയായിട്ടുള്ളൂ. ഭീകരതയെയും തീവ്രവാദ ചിന്തകളെയും പ്രതിരോധിക്കുന്നതില്‍ ഈ നാടുകളിലെ ഭരണകൂടങ്ങള്‍ മതസ്ഥാപനങ്ങള്‍ക്ക് പ്രധാന റോള്‍ നല്‍കി എന്നതാണ് അതിന് കാരണം. അതേസമയം ഖേദകരമെന്നു പറയട്ടെ, ഭീകരതയെ വെല്ലുവിളിക്കുന്നതില്‍ മതപരമായ സംഭാവനകള്‍ക്ക് തുനീഷ്യ ഇടം നല്‍കിയില്ല. ഇതേവരെ ഭീകരതക്കെതിരെ സ്വീകരിച്ച നടപടി സുരക്ഷാപരമായ പോലീസ് നടപടികള്‍ മാത്രമായിരുന്നു. ഭീകരതയുടെ പശ്ചാത്തലമാകട്ടെ, അതേസമയം മതപരമാണെന്നോര്‍ക്കുക. അതിനാല്‍ ഈ ഖവാരിജുകളെ (റിബലുകള്‍) നേരിടാനാവശ്യമായിട്ടുള്ളത് മതപണ്ഡിതന്മാരാണ്; പ്രാമാണികരെന്ന് അവര്‍ക്ക് ബോധ്യമാകുന്ന, മതപരമായി അടിയുറപ്പുള്ള ധൈഷണിക ബലത്തോടെ അവരെ നേരിടാന്‍ കെല്‍പ്പുറ്റ പണ്ഡിതന്മാര്‍. 

അതിനാല്‍ മതപരമായ ആധികാരിക കേന്ദ്രത്തിന്റെ നിയമപരവും വൈജ്ഞാനികവുമായ തുനീഷ്യന്‍ 'സ്‌കൂളി'ന്റെ വീണ്ടെടുപ്പ് അനിവാര്യമായിരിക്കുന്നു. തുനീഷ്യക്ക് അതിന്റേതായ ഒരു മതപൈതൃകമുണ്ട്. അബൂസൈദ് ഖൈറുവാനിയുടെ, ഇബ്‌നു അറഫയുടെ, മാസിനിയുടെ, ഇബ്‌നു ആശൂറിന്റെ ചിന്താപദ്ധതികള്‍ പോലെ. ഈ 'സ്‌കൂള്‍' നാം പുനരുജ്ജീവിപ്പിക്കേണ്ടിയിരിക്കുന്നു. അത് നവീകരിക്കേണ്ടിയിരിക്കുന്നു. ശക്തമായ ഒരു പണ്ഡിത വിഭാഗത്തിന്റെ സൃഷ്ടിക്കായി വൈജ്ഞാനികമായൊരു ആലംബം വീണ്ടെടുക്കേണ്ടതുണ്ട്. 

സൈത്തൂന മസ്ജിദന്നകത്തുനിന്ന് അല്ലാമ ശൈഖ് ത്വാഹിര്‍ ബിന്‍ ആശുര്‍ നയിച്ച ഒരു പരിഷ്‌കരണ സംരംഭമുണ്ടായിരുന്നു. സ്വാതന്ത്ര്യപ്രാപ്തിയോടെ അതു റദ്ദ് ചെയ്യപ്പെട്ടു. സൈത്തൂന ചട്ടക്കൂടിലൂടെ തുനീഷ്യക്ക് ആധുനികതയിലേക്ക് കടന്നുവരാനുള്ള ഒരു സാധ്യതയുണ്ടായിരുന്നു. പക്ഷേ, ഭൂതകാലത്തിനു മുഴുവനുമെതിരെയുള്ള ഒരു വിപ്ലവമായിട്ടാണു പരിഷ്‌കരണം രംഗപ്രവേശം ചെയ്തത്. രാജ്യം ഇപ്പോള്‍ അതിന്റെ മതപൈതൃകം വീണ്ടെടുക്കേണ്ടിയിരിക്കുന്നു. ഏതെങ്കിലുമൊരു രാഷ്ട്രീയ ധാരയുടെ ദൗത്യത്തില്‍നിന്ന് അകലം പാലിച്ചുകൊണ്ടുവേണം ഇത് വീണ്ടെടുക്കാന്‍. ഭരണകൂടം അഥവാ രാജ്യമാണ് ഈ ദൗത്യമേറ്റെടുക്കേണ്ടത്. കാരണം ഭരണഘടനപ്രകാരം മതത്തിന്റെ പരിപാലകനാണ് രാഷ്ട്രം. 

രാജ്യത്ത് 7000-ത്തോളം മസ്ജിദുകളുണ്ടെങ്കിലും മതവിജ്ഞാനീയങ്ങളില്‍ നിഷ്ണാതരായ ഇമാമുമാരുടെ എണ്ണം 7 ശതമാനം മാത്രമാണ്. വളരെ പരിമിതമാണ് സൈത്തൂന സര്‍വകലാശാലയുടെ സാധ്യതകള്‍. പ്രാപ്തരായ പണ്ഡിതന്മാരെയും ഇമാമുമാരെയും വാര്‍ത്തെടുക്കാനുള്ള ഒരു വിദ്യാഭ്യാസപദ്ധതിയുടെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും തീവ്രവാദ ചിന്തകള്‍ക്കുമെതിരെ പടനയിക്കാനും ഇസ്‌ലാമിനെ സംബന്ധിച്ച ശരിയായ ധാരണയുടെ പ്രചാരണത്തിനും അപ്പോഴേ സാധിക്കൂ. 

 

ഇപ്പോള്‍ പ്രസ്ഥാനത്തിനകത്തുണ്ടായ ഈ പുതിയ വികാസം, രാഷ്ട്രീയ പരിപാടിയില്‍നിന്ന് പ്രബോധനമുഖത്തെ വേര്‍പ്പെടുത്തുക എന്ന പ്രക്രിയ അണികളെ ബോധ്യപ്പെടുത്താന്‍ നിങ്ങള്‍ എങ്ങനെ ശ്രമിക്കും? അതൊരു സെക്യുലര്‍ നിലപാടല്ലെന്ന് പാര്‍ട്ടിക്കകത്തെ സാധാരണ പ്രവര്‍ത്തകരെയും വിവിധതലങ്ങളെയും ബോധ്യപ്പെടുത്താനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ എന്താണ്? 

'അന്നഹ്ദ' ഒരു സെക്യുലര്‍ പാര്‍ട്ടിയല്ലെന്നത് തീര്‍ച്ചയാണ്. ഇസ്‌ലാമിനെ ആധാരമാക്കുന്ന, എന്നാല്‍ അതിനെ കുത്തകയാക്കുകയോ അതിന്റെ ആധികാരിക വക്താവാണെന്നവകാശപ്പെടുകയോ ചെയ്യാത്ത ഒരു ദേശീയ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയാണ് അന്നഹ്ദ. ഞങ്ങളുടെ പാര്‍ട്ടിചട്ടങ്ങളിലും സാഹിത്യങ്ങളിലുമെല്ലാം വ്യക്തമാണത്. ഞങ്ങള്‍ സംഘടിപ്പിച്ച ദേശീയ കോണ്‍ഫറന്‍സിന്റെ പ്രധാന കാര്യപരിപാടികളില്‍നിന്നൊക്കെ നിങ്ങള്‍ക്ക് അത് മനസ്സിലാക്കാവുന്നതാണ്. പരമാവധി എണ്ണം അംഗങ്ങളുമായി മാത്രമല്ല സുഹൃത്തുക്കളുമായി പോലും ആഴത്തിലുള്ള ആഭ്യന്തര ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ നടന്നിട്ടുണ്ട്. പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തുകൊണ്ട് ഈ കാര്യപരിപാടികള്‍ 400-ഓളം പ്രാദേശിക കണ്‍വെന്‍ഷനുകളിലും ചര്‍ച്ചചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷത്തോളം നീണ്ടു ഈ പ്രക്രിയ. ഈ ചര്‍ച്ചയില്‍നിന്ന് ഈ വിഷയകമായി ഒരു യോജിപ്പ് അഥവാ സമവായം ഉരുത്തിരിഞ്ഞുവന്നു. അങ്ങനെയാണ് 1200-ഓളം കണ്‍വെന്‍ഷനുകള്‍ സംഗമിച്ച ജനറല്‍ കോണ്‍ഫറന്‍സില്‍ വെച്ച് ഏഴിന പരിപാടിക്ക് അംഗീകാരം നല്‍കുന്നത്. ഏതാണ്ട് ഐകകണ്‌ഠ്യേന എന്ന് പറയാവുന്ന വിധം ജനറല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത 80 ശതമാനവും ഇതംഗീകരിക്കുകയുണ്ടായി. 

 

2011 മുതല്‍ നമ്മള്‍ വിപ്ലവപരമ്പരകള്‍ക്ക് സാക്ഷ്യം വഹിച്ചുപോരുകയാണ്. സ്ഥിതിഗതികളുമായി പൊരുത്തപ്പെടുന്നതില്‍ ഈ വിപ്ലവങ്ങളുടെ കരുത്തില്‍ ഏറ്റക്കുറവുകളുണ്ട്. അതേസയമം തന്നെ പ്രതിവിപ്ലവങ്ങളെയും അവക്ക് നേരിടേണ്ടിവന്നു. അറബ്-ഇസ്‌ലാമിക ലോകത്ത് ഇരുവശത്തുനിന്നും അവ വലിയ ആഘാതം സൃഷ്ടിക്കുകയുണ്ടായി. സമൂഹങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും വലിയ തകര്‍ച്ചകള്‍ നേരിട്ടു. ഈ മാറ്റങ്ങളുടെ വെളിച്ചത്തില്‍ താങ്കളുടെ പ്രതീക്ഷകള്‍ എന്തൊക്കെയാണ്? 

എന്തൊക്കെയായാലും തുനീഷ്യയില്‍നിന്നാണ് അറബ് വസന്തവിപ്ലവങ്ങളുടെ ആദ്യതീപ്പൊരി ഉണ്ടായത്. അതേസമയം തുനീഷ്യയില്‍ അത് സുരക്ഷിതമായി നിലനിന്നു. ആ തീപ്പൊരി മേഖലയെ പുതിയൊരു ഘട്ടത്തിലെത്തിച്ചു എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. തുനീഷ്യയെ മാത്രമല്ല അറബ് മേഖലയെ ആസകലം തന്നെ. ആ തീപ്പൊരി ചില നാടുകളില്‍ തീര്‍ത്തും കെട്ടടങ്ങി എന്നും പൂര്‍വോപരി സ്ഥിതിഗതികള്‍ വഷളായിത്തീര്‍ന്നിരിക്കുന്നു എന്നുമാണ് തോന്നുക. അത് പ്രത്യക്ഷത്തില്‍ മാത്രം തോന്നുന്നതാണ്. യഥാര്‍ഥത്തില്‍ ആ തീപ്പൊരി ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നുണ്ട്. വ്യത്യസ്ത രൂപങ്ങളില്‍ അതിന്റെ പ്രതിഫലനങ്ങള്‍ പ്രകടമാകുന്നുമുണ്ട്. ഏതായാലും കഴിഞ്ഞ കാലത്തിലേക്ക് ഇനി മടക്കമില്ല. ഈജിപ്തില്‍ സ്ഥിതി കഴിഞ്ഞ കാലത്തേക്കാള്‍ വഷളാണെന്നാണ് തോന്നുക. എന്നാലും മുബാറക് യുഗത്തിലേക്കുള്ള മടക്കം ഒരു വിദൂരസ്വപ്‌നം മാത്രമാണ്. ഇപ്പോഴത്തെ അവസ്ഥ വിപ്ലവപൂര്‍വ അവസ്ഥയെ അപേക്ഷിച്ച് വ്യത്യസ്തമാണ്. 

വിപ്ലവത്തിന് മുമ്പ് ബുദ്ധിജീവികളുടെ ചെറിയൊരു ഗ്രൂപ്പായ 'കിഫായ' പ്രസ്ഥാനമുണ്ടായി. അതിന്റെ പുറപ്പാട് അസാധാരണമായ വലിയൊരു സംഭവമായിരുന്നു. അതേസമയം, ഇന്ന് അടിച്ചമര്‍ത്തലുകളുണ്ടായിട്ടും ഗ്രാമാന്തരങ്ങളിലും പട്ടണങ്ങളിലും യൂനിവേഴ്‌സിറ്റികളിലും പ്രകടനങ്ങളില്ലാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല. പുതുതായി ചിലതൊക്കെ സംഭവിച്ചുകഴിഞ്ഞിരിക്കുന്നുവെന്നാണ് അതിനര്‍ഥം. ജനം സ്വതന്ത്രരായിരിക്കുന്നു. ഭയത്തിന്റെ ഭിത്തി അവര്‍ തകര്‍ത്തിരിക്കുന്നു. ഏകാധിപത്യത്തോടുള്ള ഭയം അപ്രത്യക്ഷമായിരിക്കുന്നു. അതുകൊണ്ടാണ് ഭരണകൂടം കൂടുതല്‍ ഹിംസാത്മകമാകുന്നത്. കാരണം ഭരണകൂടം ഭയത്തിലാണ്. ജനം അവരുടെ ആത്മവിശ്വാസം വീണ്ടെടുത്തിരിക്കുന്നു. 

 

മാറ്റത്തിന്റെ പ്രസവവേദനയിലാണ് മേഖല. എപ്പോഴാണ് അത് ഫലപ്രാപ്തിയിലെത്തുക?

വിപ്ലവങ്ങളുടെ ഗതി എപ്പോഴും ഒരേ രേഖയില്‍ മുന്നോട്ടുപോയിക്കൊള്ളണമെന്നില്ല. അത് ചഞ്ചലിതമാണ്. മതാത്മക വിശുദ്ധ വ്യവസ്ഥയില്‍നിന്ന് ജനാധിപത്യവ്യവസ്ഥയിലേക്ക് മാറാന്‍ ഫ്രഞ്ച് വിപ്ലവം ഒരു നൂറ്റാണ്ടുതന്നെ എടുക്കുകയുണ്ടായി. അമേരിക്കക്ക് ആഭ്യന്തര യുദ്ധത്തില്‍ ദശലക്ഷങ്ങളെ ബലികൊടുക്കേണ്ടിവന്നു. ഇംഗ്ലണ്ടിലെ വിപ്ലവം ദശകങ്ങളെടുത്താണ് പൂര്‍ത്തിയായത്. സ്‌പെയിനിലെയും പോര്‍ച്ചുഗലിലെയും കിഴക്കന്‍ യൂറോപ്പിലെയുമെല്ലാം വിപ്ലവങ്ങളുടെ സ്ഥിതിയും ഭിന്നമല്ല. തുനീഷ്യന്‍ വിപ്ലവവും ഇതര അറബ് വിപ്ലവങ്ങളും തമ്മിലുള്ള അന്തരം വസ്തുനിഷ്ഠമാണ്. കാരണം, വ്യത്യസ്തമാണ് രണ്ടിടത്തെയും അവസ്ഥകള്‍. ഈജിപ്തില്‍ സൈന്യത്തിന്റെ റോള്‍ അവഗണിച്ചുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമല്ല. രാജ്യം തന്നെ സൈന്യത്തിന്റേതാണ്. പട്ടാളമാണ് അതുണ്ടാക്കിയത്. സിറിയയിലും ഇറാഖിലുമാണെങ്കില്‍ വിഭാഗീയതയുടെ പങ്ക് വളരെ വലുതാണ്. തുനീഷ്യയും സിറിയയും തമ്മിലുള്ള അന്തരം അതാണ്. തുനീഷ്യന്‍ ജനത വിശ്വാസപരമായും ഭാഷാപരമായും മതപരമായും ഐകരൂപ്യമുള്ളവരാണ്. അതുകൊണ്ടാണ് വിപ്ലവം നടന്നപ്പോള്‍ ആരെയും വിശ്വാസത്തിലെടുക്കാന്‍ കഴിയാത്തവിധം ബിന്‍അലിക്ക് ഒറ്റപ്പെട്ടതായി തോന്നിയത്. സിറിയയിലെ അസദിനാകട്ടെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ട്. സ്ഥിതിഗതികള്‍ വ്യത്യസ്തമായതുകൊാണ് ചില വിപ്ലവങ്ങള്‍ വിജയിച്ചപ്പോള്‍ മറ്റ് ചിലത് പരാജയപ്പെട്ടത് എന്ന് പറയാന്‍ പറ്റില്ല. സംഭവലോകത്ത് നടക്കും മുമ്പ് മനസ്സുകളിലാണ് മാറ്റം നടക്കേണ്ടത്. 

മാറ്റത്തിനു വേണ്ടിയുള്ള ത്യാഗങ്ങളും മാറ്റത്തിനെടുക്കുന്ന കാലതാമസവും സ്ഥിതിഗതികളുടെ സങ്കീര്‍ണതകള്‍ക്കനുസൃതം സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള യുക്തി ദീക്ഷയുമൊക്കെ വ്യത്യസ്തമായിരിക്കും. 

സിറിയയില്‍ സ്വീകരിച്ച അക്രമാസക്ത സമീപനം വിവേകത്തിന് നിരക്കുന്നതായിരുന്നില്ല. പ്രതിപക്ഷത്തെ ഹിംസയിലേക്ക് വലിച്ചിഴക്കുന്നതില്‍ ഭരണകൂടം വിജയിച്ചു. ഹിംസക്ക് കൊടുക്കുന്ന വിലയേക്കാള്‍ കുറവായിരിക്കും സമാധാനപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ നല്‍കേണ്ടിവരുന്ന വില. പോരാട്ടം നിയന്ത്രിക്കുക എന്ന കല, കുറഞ്ഞ വില നല്‍കുന്നതിലും അത് ലഘൂകരിക്കുന്നതിലുമാണധിഷ്ഠിതം. പ്രക്ഷോഭം ദേശീയമാനമുള്ളതായിരിക്കണം. മതപരമോ വീഭാഗീയമോ ആയ മാനമുള്ളതായിരിക്കരുത്. അല്ലാത്തപക്ഷം ഭരണകൂടത്തിന് എളുപ്പം മുതലെടുക്കാന്‍ സാധിക്കും. ന്യൂനപക്ഷങ്ങളെയും ബഹുസ്വരതയെയും സംരക്ഷിക്കുന്ന ഭരണകൂടവും ന്യൂനപക്ഷങ്ങളെ നിര്‍മൂലനം ചെയ്യുന്ന ബദല്‍വ്യവസ്ഥയും തമ്മിലാണ് പോരാട്ടമെന്ന പ്രതീതി സൃഷ്ടിക്കപ്പെടരുത്. ഈജിപ്തിനെ സംബന്ധിച്ചേടത്തോളം സൈന്യത്തെയോ ഇഖ്‌വാനെയോ ലിബറലുകളെയോ അവഗണിക്കുന്ന ഒരു രാഷ്ട്രീയ സമവാക്യവും വിജയിക്കുകയില്ല. അതു ഏകാധിപത്യത്തിന്നനുകൂലമായി ഭവിക്കുകയേയുളളൂ. 

ശക്തികളെ അളക്കാന്‍ അറിയുക എന്ന കലയാണ് രാഷ്ട്രീയം. അത് അളന്നു മനസ്സിലാക്കി അതിന്റെ ചട്ടക്കൂടിന് പാകമായ വിധമായിരിക്കണം അതില്‍ നിങ്ങളുടെ രാഷ്ട്രീയം ഇറക്കിവെക്കുക. ശക്തികളെ അളന്നു തൂക്കുന്നതിലുള്ള ഏത് അബദ്ധവും വന്‍ ദുരന്തത്തിനിടയാക്കും. ദൈവം ആരുടെമേലും കഴിവിന്നതീതമായത് കെട്ടിയേല്‍പ്പിക്കുന്നില്ല. മതപണ്ഡിതന്മാരല്ല ഈ കഴിവ് നിര്‍ണയിക്കേണ്ടവര്‍. കാരണം, ഹലാലിന്റെയും ഹറാമിന്റെയും വിഷയമല്ല അത്. ജീവിക്കുന്ന സംഭവലോകത്തെ കുറിച്ച് വിവരമുള്ളവര്‍ വേണം അത് വായിച്ചെടുക്കുക. രാഷ്ട്രീയ ശക്തികളെ തുലനം ചെയ്യാന്‍ രാഷ്ട്രീയ വിദഗ്ധര്‍, സ്ട്രാറ്റജിയിലും നിയമത്തിലും സാമ്പത്തിക കാര്യങ്ങളിലും രാഷ്ട്രാന്തരീയ ബന്ധങ്ങളിലും പരിണിതപ്രജ്ഞരായവര്‍-ഇവര്‍ക്കൊക്കെ പറഞ്ഞിട്ടുള്ളതാണ് ഈ പ്രവൃത്തി. 

ശക്തിസന്തുലനമെന്നത് ഗണത്തെ മാത്രം ആശ്രയിച്ചുനില്‍ക്കുന്നതല്ല. പലപ്പോഴും നാം ചെന്നുവീഴാറുള്ള ഒരു അബദ്ധമാണിത്. ശക്തിസന്തുലനത്തിന്റെ വിവിധമാനങ്ങള്‍ നമ്മുടെ കണക്കുകൂട്ടലുകളില്‍ വരാറില്ല. സ്ഥിതിഗതികളെ കുറിച്ചുള്ള തെറ്റായ കണക്കുകൂട്ടലുകളുടെ ഫലമായാണ് മിക്ക രാഷ്ട്രീയ അബദ്ധങ്ങളും സംഭവിക്കാറുള്ളത്. സ്ഥിതിഗതികളുടെ കണക്കുകൂട്ടല്‍ വളരെ പ്രധാനമാണ്. വൈദ്യത്തില്‍ രോഗനിര്‍ണയം ഔഷധപ്രയോഗത്തിന്റെ മുഖ്യചുവടുവെപ്പാണെന്നതു പോലെ. അതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളെന്ന നിലയില്‍ നാം വളര്‍ത്തിയെടുക്കേണ്ട അറിവുകള്‍ സ്ഥിതിഗതികളെ ശരിയായി വിലയിരുത്താന്‍ സഹായകമായ അറിവുകളത്രെ. കാര്യങ്ങള്‍ വെക്കേണ്ടിടത്ത് വെക്കുക എന്ന ജ്ഞാനവിവേകം. 

ഞങ്ങളും ഇപ്പറഞ്ഞ അബദ്ധത്തില്‍ ആപതിച്ചിട്ടുണ്ട്. 2011-ല്‍ ഭരണമേറ്റെടുത്തപ്പോള്‍ സംഭവിച്ചതതാണ്. കഴിവുകളെ കവച്ചുവെച്ചുകൊണ്ടുള്ള ഒരു സാഹസമായിരുന്നു അത്. ഭരണനേതൃത്വവും വലിയ മന്ത്രാലയവകുപ്പുകളും ഏറ്റെടുക്കാന്‍ മാത്രമുള്ള കഴിവുകള്‍ അന്ന് അന്നഹ്ദക്കുണ്ടാരുന്നില്ല. അതൊരു ആവേശത്തിനുപുറത്ത് സംഭവിച്ചതാണ്. എന്നാല്‍ വളരെ വേഗംതന്നെ സമതുലനം വീണ്ടെടുക്കപ്പെട്ടു. ഞങ്ങള്‍ അന്ന് പിന്‍വാങ്ങിയിരുന്നില്ലെങ്കില്‍ മേല്‍പ്പുര അപ്പാടെ ഞങ്ങളുടെ തലക്കുമുകളില്‍ നിപതിച്ചിട്ടുണ്ടാകുമായിരുന്നു. പരിചയത്തിന്റെ അഭാവത്തില്‍ ഭരണം നിലനിര്‍ത്താന്‍ സാധ്യമായിരുന്നില്ല. നിലവിലെ ശക്തിസന്തുലനത്തിന്റെ അടിസ്ഥാനത്തില്‍ നേതൃത്വമായിരുന്നില്ല, പങ്കാളിത്തമായിരുന്നു ഞങ്ങള്‍ക്കഭികാമ്യം. 

അങ്ങനെ ഞങ്ങളുടെ പിന്‍വാങ്ങലിലൂടെ വിപ്ലവവും ജനാധിപത്യവും നാടും അന്നഹ്ദയുമൊക്കെ രക്ഷപ്പെട്ടു. 'അന്നഹ്ദയേക്കാള്‍ ഞങ്ങള്‍ക്ക് വലുത് രാജ്യമാണെ'ന്നായിരുന്നു അന്ന് ഞങ്ങള്‍ ഉയര്‍ത്തിയ മുദ്രാവാക്യം. രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ മുന്‍ഗണന രാജ്യത്തിന് എന്ന് പ്രസിഡന്റ് അല്‍ബാജി പറഞ്ഞ പോലെ. അക്കാലത്ത് ഞങ്ങള്‍ ഭരണം ഉപേക്ഷിച്ചത് ജനാധിപത്യത്തിലേക്കുള്ള തുനീഷ്യയുടെ നീക്കത്തിന് പരിരക്ഷയായി. തുനീഷ്യ അരാജകത്വത്തിലേക്കോ ഏകാധിപത്യത്തിലേക്കോ നീങ്ങാതിരിക്കാന്‍ അതു കാരണമായി. ഞങ്ങള്‍ ചില തത്ത്വങ്ങള്‍ മുറുകെപ്പിടിച്ചു. തുനീഷ്യയുടെ വിജയത്തിന് അത് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നാണു ഞങ്ങള്‍ കരുതുന്നത്. ഭിന്നതകള്‍ പരിഹരിക്കാന്‍ എല്ലാ കക്ഷികള്‍ക്കുമിടയില്‍ സംവാദം സംഘടിപ്പിക്കുക എന്നത് ഈ തത്ത്വങ്ങളില്‍പെടുന്നു. അകറ്റിനിര്‍ത്തുന്നതും സൈദ്ധാന്തിക ധ്രുവീകരണവും ഇതുവഴി മാറ്റിവെക്കപ്പെട്ടു. ദേശീയോദ്ഗ്രഥനത്തിനും നവജാത ജനാധിപത്യത്തിന്റെ സുരക്ഷിതത്വത്തിനുമുള്ള ഏകവഴി എന്ന നിലയില്‍ പരസ്പരം യോജിക്കുക എന്ന തത്വത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. 

 

ഈജിപ്തിലെ സംഭവവികാസങ്ങള്‍ക്ക് ചിലര്‍ ഇഖ്‌വാനെയാണ് കുറ്റപ്പെടുത്തുന്നത്. എന്താണ് നിങ്ങളുടെ അഭിപ്രായം? ഈ വിഷയത്തില്‍ താങ്കള്‍ക്ക് എന്തെങ്കിലും ഉപദേശം നല്‍കാനുണ്ടോ?

ഈജിപ്തിനും ഈജിപ്ഷ്യന്‍ ജനതക്കും മുഴുവന്‍ നന്മ മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഈജിപ്തിന്റെ ശക്തിയാണ് അറബ് ലോകത്തിന്റെ ശക്തി. ഈജിപ്ത് ദുര്‍ബലമാകുമ്പോള്‍ അറബ് ലോകവും ദുര്‍ബലമാകും. അതിനാലാണ് ഈജിപ്തില്‍ നടന്നതിനെ ചൊല്ലി ആ രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ വേദനിക്കുന്നത്. വിപുലമായ ഒത്തുതീര്‍പ്പുകളുടെയും അനുരഞ്ജനത്തിന്റെയും വഴികള്‍ തേടുക എന്നതല്ലാത്ത മറ്റൊരു പരിഹാരവും ഞാന്‍ കാണുന്നില്ല. ഇപ്പോഴതിന് സാധ്യമല്ലെങ്കില്‍ വരുംനാളുകളില്‍ അതിനുള്ള അവസരം സജ്ജമാകും. ഈജിപ്ഷ്യന്‍ ജനതയുടെ യഥാര്‍ഥ ഘടനകളെ അവഗണിച്ചു അതിന് മുകളിലൂടെ ചാടിക്കടക്കാം എന്ന് കരുതുന്നത് ആരായാലും അവരുടെ കണക്കുകൂട്ടലുകള്‍ പിഴക്കുകയേയുള്ളൂ. സൈന്യത്തെ കവച്ചുവെച്ച് ചാടിക്കടക്കുക അസാധ്യമാണ്. അതിനാല്‍ 'പട്ടാളഭരണം മുര്‍ദാബാദ്' എന്ന മുദ്രാവാക്യം മുഴക്കി സൈന്യത്തെ പ്രകോപിപ്പിക്കുന്നത് അഭികാമ്യമായിരിക്കില്ല. അതൊരു തെറ്റായ മുദ്രാവാക്യമാണ്. കാരണം സൈന്യത്തെ അകറ്റിനിര്‍ത്തുന്നതിലാണ് അത് പരിഹാരം കാണുന്നത്. ഈജിപ്തില്‍ സൈന്യത്തെ മാറ്റിനിര്‍ത്താന്‍ സാധ്യമല്ല. സൈന്യവും കൂടി ഭാഗമാകുന്ന പരിഹാരം മാത്രമേ വിജയിക്കാന്‍ പോകുന്നുള്ളൂ. അതുപോലെത്തന്നെയാണു ഇഖ്‌വാനെ ഭൂമി വിഴുങ്ങിക്കൊള്ളുമെന്ന് കരുതുന്നതും. അതൊരു മിഥ്യാ സങ്കല്‍പം മാത്രമാണ്. ഈജിപ്തിലെ പിരമിഡുകള്‍ പോലെ ആ രാജ്യത്തിന്റെ അവിഭാജ്യഭാഗമാണു ഇഖ്‌വാന്‍. ഇഖ്‌വാനെ കൂടാതെ ഈജിപ്തിനെ സങ്കല്‍പിക്കാന്‍ തന്നെ കഴിയുകയില്ല. 

ഇതുപോലെത്തന്നെയാണ് ഈജിപ്തിലെ കോപ്റ്റുകളുടെ വിഷയവും. ഈജിപ്തിലെ ശക്തരും സ്വാധീനവുമുള്ളതുമായ ലിബറല്‍ ബുദ്ധിജീവികളെപോലെ തന്നെ ഈജിപ്ഷ്യന്‍ യാഥാര്‍ഥ്യങ്ങളില്‍ ഒരു യാഥാര്‍ഥ്യമാണ് കോപ്റ്റിക് ക്രിസ്ത്യാനികള്‍. ഇഖ്‌വാന്‍, സൈന്യം, കോപ്റ്ററുകള്‍ എന്നീ മൂന്ന് യാഥാര്‍ഥ്യങ്ങളെ ഏതെങ്കിലും ഒന്നില്‍മാത്രം ചുരുട്ടിക്കെട്ടുന്നത് ഈജിപ്തിലെ രക്തച്ചൊരിച്ചില്‍ ഇനിയും തുടരാനേ സഹായിക്കൂ. അതിനാല്‍ ഈജിപ്തിലെ ഉറച്ച യാഥാര്‍ഥ്യങ്ങളെ കണക്കിലെടുക്കുകയും എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തുകൊണ്ടുള്ള ഒരു പരിഹാരത്തെപ്പറ്റിയാണ് ചിന്തിക്കേണ്ടത്. എല്ലാ വിഭാഗങ്ങളും പ്രശ്‌നത്തിന്റെ ഭാഗമാകുന്നതിനു പകരം പരിഹാരത്തിന്റെ ഭാഗമായിരിക്കണം. 

 

ഇറാന്‍ ഇടപെടലുകളെക്കുറിച്ച് എന്താണഭിപ്രായം? താങ്കളുടെ കണക്കു കൂട്ടലില്‍ അത് ഇനിയും തുടരുമോ? 

ഇറാന്റെ രാഷ്ട്രീയ നയം വികസനമോഹ പ്രവണതയുള്ളതാണെന്ന ഒരു തോന്നല്‍, ഖേദകരമെന്നു പറയട്ടെ, മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. ഈ തോന്നല്‍ ആഴത്തില്‍ വേരു പിടിച്ചാല്‍, ഈ നയം തുടര്‍ന്നാല്‍ അത് വിനയായിത്തീരും. മേഖലയിലെ നാടുകള്‍ക്ക് മാത്രമല്ല ഇറാനുതന്നെയും അത് അപകടം വരുത്തിവെക്കും. കാരണം വിഭാഗീയതയെ പരിപോഷിപ്പിക്കുന്നതാണത്. മേഖലയെ കീഴടക്കാന്‍ ഇറാന് സാധിക്കുകയില്ല. കാരണം ബഹുസ്വരമാണത്. സുന്നികള്‍ക്ക് ഭൂരിപക്ഷമുള്ള മേഖലയാണത്. ഈ യാഥാര്‍ഥ്യങ്ങളെ ചാടിക്കടക്കുക ക്ഷിപ്രസാധ്യമല്ല. 

മേഖലയില്‍ ഒരു സന്തുലിതാവസ്ഥ സൃഷ്ടിച്ചെടുക്കുകയാണാവശ്യം. കാരണം, ഏതെങ്കിലും ഒരു കക്ഷിക്ക് തനിയെ മേഖലയില്‍ അധീശത്വം സ്ഥാപിക്കുക അസാധ്യമാണെന്ന് അത് ബോധ്യപ്പെടുത്തും. സുഊദി അറേബ്യയും ഈജിപ്തും തുര്‍ക്കിയും ഒന്നിച്ചുചേരാന്‍ സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമത്തിന് വിജയിക്കാനായാല്‍ ഈ സന്തുലനം സാധിച്ചേക്കാം. എല്ലാവരുടെയും നന്മക്ക് വേണ്ടിയുള്ളതായിരിക്കും അത്. സുന്നികളുടെയും ശീഈകളുടെയും നന്മയെ ലാക്കാക്കിയായിരിക്കണം ഈ പദ്ധതി. കാരണം വികസനം സാമ്രാജ്യങ്ങളെ ഇല്ലായ്മ ചെയ്യും. അത് സുന്നികള്‍ക്കും ശീഈകള്‍ക്കും ഒരുപോലെ പ്രയോജകീഭവിക്കും. കാരണം വംശീയ യുദ്ധത്തിന് അത് അറുതിവരുത്തും. 

വംശീയ സംഘട്ടനം എല്ലാവര്‍ക്കും നാശം മാത്രമേ വരുത്തിവെക്കൂ. ആര്‍ക്കും അത് ലാഭകരമാവില്ല. അന്യായമായ മേധാവിത്വത്തിന് വേണ്ടിയുള്ള അഭിനിവേശമാണ് പലപ്പോഴും യുദ്ധത്തിന് കാരണമായി ഭവിക്കുന്നത്. അതിനാല്‍ സന്തുലിതത്ത്വം വീണ്ടെടുക്കുക എന്നത് വളരെ പ്രധാനമത്രെ. 

 

ഇറാന്റെ അതിര്‍ത്തി വികസനമോഹത്തെ പ്രതിരോധിക്കുന്നതിനെക്കുറിച്ച് താങ്കളുടെ കാഴ്ചപ്പാട് വിശദീകരിക്കാമോ? 

ഇറാനെ നേരിടുക എന്ന പദ്ധതിയല്ല പ്രസക്തം. യഥാര്‍ഥ പദ്ധതി, മേഖലയുടെ സാമ്പത്തിക വികസനമായിരിക്കണം. മേഖലയിലെ ജനങ്ങള്‍ക്ക് ജീവിതസാഹചര്യം മെച്ചപ്പെടുത്താനും സ്വയം പ്രതിരോധത്തിനുമുള്ള അടിസ്ഥാനങ്ങള്‍ സജ്ജമാക്കിക്കൊടുക്കുന്ന ശാസ്ത്രീയ പുരോഗതിയാണ് പ്രധാനം. സ്വന്തം ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുക്കാനുള്ള പ്രാപ്തി മേഖലയിലെ രാജ്യങ്ങള്‍ക്ക് ഇപ്പോഴില്ല. സ്വയം പ്രതിരോധിക്കാനുള്ള ശക്തിയും ഈ രാജ്യങ്ങള്‍ക്കില്ല. ശൈഥില്യവും, ജീവിത ആരൂഢങ്ങള്‍ അന്വേഷിച്ചുകണ്ടെത്തുന്നതിലും അവയെ സംരക്ഷിക്കുന്നതിലുമുള്ള കഴിവുകേടുമാണ് ഇതിനുകാരണം. ജനങ്ങളുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിച്ചുകൊടുക്കുന്നതില്‍ ഈ രാജ്യങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. പരസ്പര സഹകരണത്തിന്റെയും ഐക്യത്തിന്റെയും ഏകോപനത്തിന്റെയും കൂട്ടായ ആസൂത്രണത്തിന്റെയും അഭാവം മുഴച്ചുനില്‍ക്കുന്നതായി കാണാം. അതു സാധിതമാവണമെങ്കില്‍ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയിലെ തടസ്സങ്ങള്‍ ലഘൂകരിക്കപ്പെടണം. ആളുകളുടെ സഞ്ചാരവും ചിന്തകളുടെ വിനിമയവും വ്യാപാരച്ചരക്കുകളുടെ സുഗമമായ നീക്കവും ഉണ്ടാവണം. കൂട്ടായ സ്ട്രാറ്റജികള്‍ രൂപപ്പെടുത്തി എടുക്കണം. 27 രാജ്യങ്ങളുടെ കൂട്ടായ്മയാണ് യൂറോപ്പ്. എല്ലാ മന്ത്രാലയങ്ങളുടെ മുകളിലും അവയുടെ പതാകകള്‍ പാറിക്കളിക്കുന്നു. എന്നാല്‍ ആര്‍ക്കും ആരുടെ മേലും മേല്‍ക്കോയ്മയില്ല. ഒരു രാജ്യത്തുനിന്ന് നിങ്ങള്‍ മറ്റൊരു രാജ്യത്തേക്ക് പോകുമ്പോള്‍ നിങ്ങള്‍ക്ക് ഒട്ടും അന്യത്വം തോന്നുന്നില്ല. 

 

സെക്യൂലറിസ്റ്റുകളുമായി വിനിമയം സാധ്യമാണോ? 

സെക്യൂലറിസ്റ്റുകളെല്ലാം ഒറ്റ ഗണമാണെന്ന് വിധിയെഴുതുന്നത് അഭികാമ്യമല്ല. ജനാധിപത്യവാദികളായ സെക്യുലരിസ്റ്റുകളുമുണ്ട്. ഉന്മൂലനവാദികളായ സെക്യുലരിസ്റ്റുകളുമുണ്ട്; ജനാധിപത്യവാദികളായ സെക്യുലരിസ്റ്റുകളും തീവ്രവാദികളായ സെക്യൂലരിസ്റ്റുകളും ഉള്ള പോലെതന്നെ. അതിനാല്‍ ജനാധിപത്യവാദികളായ സെക്യുലരിസ്റ്റുകളുമായി സഹവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും. അതേസമയം അപരനെ കാഫിറാക്കുന്ന, അംഗീകരിക്കാത്ത 'തക്ഫീരീ ഇസ്‌ലാമിസ്റ്റു'കളുമായി പൊരുത്തപ്പെടുക ഞങ്ങളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അസാധ്യമാണ്. കാരണം ഞങ്ങളെ വധിക്കാമെന്നാണ് അവരുടെ വിശ്വാസം. 

'അരാഷ്ട്രീയ ഇസ്‌ലാമി'ല്‍നിന്ന് 'രാഷ്ട്രീയ ഇസ്‌ലാമി'നെ വേര്‍തിരിച്ചുകാണിക്കാന്‍ പടിഞ്ഞാറന്‍ അക്കാദമികള്‍ ഇസ്‌ലാമിക പ്രതിഭാസത്തിന് നല്‍കിയ സാങ്കേതിക സംജ്ഞയാണ് 'രാഷ്ട്രീയ ഇസ്‌ലാം' എന്നത്. ഈ സംജ്ഞയെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. സൂക്ഷ്മമമായ സംജ്ഞയല്ല അത്. മധ്യമ നിലപാടുള്ള ഇസ്‌ലാമിക പ്രതിഭാസത്തെ സൂക്ഷ്മമായി വിവരിക്കാന്‍ പര്യാപ്തമല്ല അത്. ജനാധിപത്യവാദികളായ മുസ്‌ലിംകള്‍ എന്ന് സ്വയം വിശേഷിപ്പിക്കാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്. 'രാഷ്ട്രീയ ഇസ്‌ലാം' എന്ന പരികല്‍പനയാകട്ടെ എല്ലാ ഇസ്‌ലാമിക പ്രതിഭാസങ്ങളെയും ഒരേ കുട്ടയില്‍ ഇടുന്നതാണ്. അല്‍ഖാഇദയുടെയും ദാഇശിന്റെയും കൂട്ടത്തില്‍ ചേര്‍ത്തുനിര്‍ത്തുന്ന ഔചിത്യമില്ലാത്ത വിശേഷണമാണത്. അവയില്‍നിന്ന് വേറിട്ടുനിന്നുകൊണ്ട് ഞങ്ങള്‍ ഞങ്ങളെ സ്വയം നിര്‍വചിക്കാന്‍ ആഗ്രഹിക്കുന്നു. 

(അവസാനിച്ചു)

വിവ: വി.എ.കെ


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 4-6
എ.വൈ.ആര്‍