Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 07

2970

മുഹര്‍റം 06

ഒളിക്യാമറയുമായി ഇറങ്ങിയത് സത്യം തുറന്നുപറയാന്‍

റാനാ അയ്യൂബ്/ സിദ്ധാര്‍ഥ് വരദരാജന്‍

2016-ല്‍ പുറത്തിറങ്ങിയ ഗുജറാത്ത് ഫയല്‍സ്: അനാട്ടമി ഓഫ് എ കവറപ്പ് എന്ന പുസ്തകത്തിന്റെ രചയിതാവും തെഹല്‍കയിലെ മുന്‍ പത്രപ്രവര്‍ത്തകയുമാണ് റാനാ അയ്യൂബ്. ഗുജറാത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍, 2002-ല്‍ അരങ്ങേറിയ വംശഹത്യയടക്കം പല പ്രമാദ സംഭവങ്ങളുമായും ബന്ധമുള്ള അവിടത്തെ പ്രധാന പോലീസ് ഉദ്യോഗസ്ഥരുമായും മറ്റ് പ്രമുഖരുമായും നടത്തിയ സംഭാഷണങ്ങളാണ് ശ്രദ്ധേയമായ ഈ പുസ്തകത്തിനാധാരം. ഗുജറാത്തിനെ കുറിച്ച് ഡോക്യുമെന്ററി എടുക്കാന്‍ അമേരിക്കയില്‍നിന്ന് വന്ന മൈഥിലി ത്യാഗി എന്ന ചലച്ചിത്ര വിദ്യാര്‍ഥിയെന്ന പേരിലാണ് സംഘ്പരിവാര്‍ നേതാക്കളെയും ഉന്നതോദ്യോഗസ്ഥരെയും സന്ദര്‍ശിച്ച് അവര്‍ സംഭാഷണങ്ങള്‍ നടത്തിയത്. ഇവയില്‍  മിക്കതും ഒളിക്യാമറയില്‍ പകര്‍ത്തി 2011-ല്‍ തന്റെ അന്വേഷണങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഈ സംഭാഷണങ്ങളും റെക്കോഡുകളും അടിസ്ഥാനമാക്കി റാനാ അയ്യൂബ് പിന്നീട് പുസ്തകമാക്കി സ്വയം പ്രസിദ്ധീകരിക്കുകയായിരുന്നു. 

പുസ്തകത്തിന്റെ പ്രചാരണത്തിനായി ഇന്ത്യയിലുടനീളം സഞ്ചരിക്കുന്ന റാനാ അയ്യൂബ് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ ക്ഷണം സ്വീകരിച്ച് ഈയിടെ കേരളത്തിലും എത്തി. കോഴിക്കോട്ട് പുസ്തകത്തിന്റെ പ്രകാശന ചടങ്ങും നടന്നു. മറ്റു ചില പരിപാടികളിലും അവര്‍ പങ്കെടുത്തു. ജീവന്‍ പണയപ്പെടുത്തിയുള്ള സാഹസികതയിലാണ് റാനാ അയ്യൂബ് ഏര്‍പ്പെട്ടിരിക്കുന്നത്. ഒരു പുസ്തകത്തിന്റെ പ്രചാരണം എന്നതിനപ്പുറം ഫാഷിസത്തിനെതിരായ ധീരമായ പോരാട്ടമാണിത്.  പ്രതീക്ഷാ ബുക്‌സ് കോഴിക്കോട് ഈ പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ്. ദി വയര്‍ വെബ്‌സൈറ്റിനു വേണ്ടി അതിന്റെ സ്ഥാപകരിലൊരാളായ സിദ്ധാര്‍ഥ് വരദരാജന്‍ നടത്തിയ അഭിമുഖം ഫേസ്ബുക്ക് ലൈവിലാണ് ആദ്യം വന്നത്. അഭിമുഖത്തില്‍ ഉന്നയിക്കപ്പെട്ട പല ചോദ്യങ്ങളും പ്രേക്ഷകരില്‍നിന്നുള്ളതാണ്. പ്രസ്തുത അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍: 

2002-ലെ കലാപങ്ങളും അനവധി വ്യാജ എറ്റുമുട്ടലുകളും ഗുജറാത്തില്‍ അരങ്ങേറിയ സമയത്ത് പ്രധാന പദവികള്‍ വഹിച്ച പല പ്രമുഖരുമായും പോലീസ് ഉദ്യോഗസ്ഥരുമായും മൈഥിലി ത്യാഗി എന്ന ഡോക്യുമെന്ററി നിര്‍മാതാവ് എന്ന പേരില്‍ താങ്കള്‍ നടത്തുകയും രഹസ്യമായി ക്യാമറയില്‍ പകര്‍ത്തുകയും ചെയ്ത സംഭാഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ആധാരം. താങ്കള്‍ അവരുടെ വിശ്വാസമാര്‍ജിക്കുകയും അവരുമായി നീണ്ട സംഭാഷണങ്ങള്‍ നടത്തുകയും അത് റെക്കോര്‍ഡ് ചെയ്ത് ഈ പകര്‍പ്പുകളില്‍ നിന്ന് ഒരു പുസ്തകം സൃഷ്ടിച്ചെടുക്കുകയുമായിരുന്നു. എന്താണ് അവയില്‍ അടങ്ങിയിരിക്കുന്നത്?  അവിടെ നടന്ന കുറ്റകൃത്യങ്ങളില്‍ ഭരണകൂടത്തിന്റെ പങ്ക് വെളിവാക്കുന്ന യഥാര്‍ഥ തെളിവുകളാണോ ഈ ടേപ്പുകള്‍? അതോ നീതിയില്‍ താല്‍പര്യമുള്ള ഒരു ഭരണകൂടം നിര്‍ബന്ധമായും അന്വേഷിക്കേണ്ട ചില കാര്യങ്ങളിലേക്ക് വിരല്‍ചൂണ്ടുക മാത്രമാണോ ചെയ്യുന്നത്? പുസ്തകത്തിന്റെ കേന്ദ്ര ആശയത്തെ താങ്കള്‍ എങ്ങനെയാണ് വിശേഷിപ്പിക്കുന്നത്?

2002-ലെ കലാപസമയത്ത് പോലീസ് കമ്മീഷണറായിരുന്ന പി.സി പാണ്ഡെ പറയുന്ന ഒരു കാര്യമുണ്ട്: 'അവര്‍ ഞങ്ങളെ മൂന്നു പ്രാവശ്യം ഒതുക്കി, ഞങ്ങള്‍ അവര്‍ക്ക് ഒരു പ്രാവശ്യം കൊടുത്തു. മനസ്സിന് ഒരു സമാധാനമുണ്ട്.' 

 

ആരാണ് 'അവര്‍'? 

മുസ്‌ലിംകള്‍. ഈയൊരു മാനസികാവസ്ഥയിലാണ് ഗുജറാത്തിലെ പല ഉദ്യോഗസ്ഥരും. കലാപത്തിന്റെ സമയത്ത് മാത്രമല്ല, എല്ലായ്‌പ്പോഴും അങ്ങനെയാണ്. അതായത്, ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലുകള്‍ അരങ്ങേറുമ്പോഴൊക്കെ ഡി.ജി വെന്‍സാരയെപ്പോലുള്ള നാലോ അഞ്ചോ എ.ടി.എസ് (ആന്റി ടെററിസം സ്‌ക്വാഡ്) ഉദ്യോഗസ്ഥര്‍ ആ മൃതദേഹങ്ങള്‍ മുന്നില്‍ വെച്ച് പത്രസമ്മേളനം വിളിച്ചിട്ട് പറയും; 'നരേന്ദ്ര മോദിയും ജിഹാദികളുടെ ഭീഷണിയിലാണ്.' എഫ്.ഐ.ആറുകളിലും കുറ്റപത്രങ്ങളിലുമൊക്കെ പ്രചരിപ്പിച്ചിരുന്നത് ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങളാണ്. ഞാന്‍ എന്റെ ഒളിക്യാമറ ഓപറേഷന്‍ തുടങ്ങിയപ്പോള്‍ ജി.എല്‍ സിങ്കള്‍-അവരും പിന്നീട് എ.ടി.എസ് തലവനായ രാജീവ് പ്രിയദര്‍ശിയും ദലിതുകളാണ്-എന്നോട് ഒരു കാര്യം പറഞ്ഞു; 'അവര്‍ ഞങ്ങളെ ഉപയോഗിച്ച് പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഞങ്ങളെ ഉപയോഗിച്ച് വ്യാജ ഏറ്റുമുട്ടലുകളും മറ്റും നടത്തി പിന്നീട് ഞങ്ങള്‍ക്ക് ആവശ്യം വന്നപ്പോള്‍ അവര്‍ കൂടെ നിന്നില്ല.' വെന്‍സാര ഇപ്പോള്‍ ജയിലില്‍നിന്ന് പുറത്തുവന്നിട്ടുണ്ട്. അയാളെ ചിലപ്പോള്‍ പഴയ പദവിയില്‍തന്നെ തിരിച്ചെടുത്തേക്കാം. അദ്ദേഹം പക്ഷേ, ഇപ്പോള്‍ സര്‍വീസിലില്ല എന്നത് സത്യമാണ്. ശിക്ഷയില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചു എന്ന് കോടതി തന്നെ പറഞ്ഞിട്ടും പി.സി പാണ്ഡെ ഇപ്പോള്‍ ഡി.ഐ.ജിയാണ്. രാജീവ് പ്രിയദര്‍ശി എന്നോട് പറഞ്ഞത് നോക്കൂ; ''ഞാന്‍ എ.ടി.എസ് തലവനായിരുന്നപ്പോള്‍ അഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ എന്നെ വിളിച്ചിട്ട് അപ്പോള്‍ ജയിലിലായിരുന്ന ഒരാളെ കൊന്നുകളയാന്‍ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ട് എന്നോട് പിന്നീട് ചോദിക്കും, 'നിങ്ങള്‍ക്ക് അത് ചെയ്താലെന്താ?' ഇതൊന്നും വെറും കേട്ടുകേള്‍വി എന്നു പറഞ്ഞ് തള്ളിക്കളയാനാവില്ല. എ.ടി.എസ് തലവനാണ് ഇതൊക്കെ നമ്മളോട് പറയുന്നത്.''

 

പ്രിയദര്‍ശി പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നില്ലേ?

അതേ. പക്ഷേ ആ സമയത്ത് അദ്ദേഹം സര്‍വീസില്‍നിന്ന് വിരമിച്ചിരുന്നതേ ഉള്ളൂ. അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്ന് എനിക്ക് ആ സമയത്ത് തോന്നിയിരുന്നതേ ഇല്ല. അതിനടുത്ത വര്‍ഷം അഛന്‍ സര്‍ക്കാരില്‍നിന്ന് നേരിട്ടിരുന്ന സമ്മര്‍ദം താങ്ങാന്‍ കഴിയാതെ ജി.എല്‍ സിങ്കളിന്റെ മകന്‍ ആത്മഹത്യ ചെയ്തു. ഞാന്‍ സിങ്കളിനെ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു; 'എന്റെ കുടുംബം ഭയങ്കര സമ്മര്‍ദത്തിലാണ്. എന്റെ മനസ്സാക്ഷിക്ക് നിരക്കാത്ത കാര്യങ്ങളാണ് ഞാനിപ്പോള്‍ ചെയ്യുന്നത്.' പിന്നീട് ഇശ്‌റത്ത് ജഹാന്‍ കേസിന്റെ അന്വേഷണം നടക്കുന്ന സമയത്ത് ഇതേ സിങ്കളാണ് ആഭ്യന്തര സെക്രട്ടറിയും തുശാര്‍ മെഹ്തയുമൊക്കെ തമ്മിലുള്ള ഒരു സംഭാഷണം ഒളിക്യാമറയില്‍ പകര്‍ത്തി സി.ബി.ഐക്ക് നല്‍കിയത്. അന്വേഷണത്തെ വഴിമുട്ടിക്കുന്നതിനെ പറ്റിയൊക്കെ അതില്‍ അവര്‍ സംസാരിക്കുന്നുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍ സി.ബി.ഐ അവരുടെ കുറ്റപത്രങ്ങളില്‍ പറഞ്ഞ പല വിഷയങ്ങളും ശരിവെക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ ഈ ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് ജി.എല്‍ റായിഗള്‍. 2002 കലാപത്തിന്റെ സമയത്ത് അദ്ദേഹം ഇന്റലിജന്‍സ് മേധാവിയായിരുന്നു. അദ്ദേഹവുമായി ഞാന്‍ പലതവണ സംഭാഷണത്തിലേര്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങളെ പറ്റി അധികമൊന്നും അറിയാത്ത ഒരു പാവമായിട്ടായിരുന്നു ഞാന്‍ അഭിനയിക്കുന്നതെങ്കിലും ഭാഗ്യത്തിന് ആ സമയത്ത് പത്രങ്ങളില്‍ മുഴുവനും അറസ്റ്റുകളെപ്പറ്റിയും സൊഹ്‌റാബുദ്ദീന്‍, ഇശ്‌റത്ത് ജഹാന്‍ കേസുകളെപ്പറ്റിയുമുള്ള വാര്‍ത്തകളായിരുന്നു. താന്‍ വളരെയധികം പ്രയാസമനുഭവിക്കുന്നുണ്ട് എന്ന് റായിഗള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. 'മനസ്സാക്ഷിയെ വ്രണപ്പെടുത്തുന്ന കാര്യങ്ങളാണ് അവര്‍ എന്നോട് ചെയ്യാന്‍ പറഞ്ഞത്. അലിവില്ലാത്തവരാണ് അമിത് ഷായും നരേന്ദ്ര മോദിയും. എന്റെ മനസ്സാക്ഷിക്ക് നിരക്കാത്ത പല കാര്യങ്ങളും ചെയ്യാന്‍ അവര്‍ എന്നോട് ആവശ്യപ്പെടും. അതുകൊണ്ടാണ് സൊഹ്‌റാബുദ്ദീന്‍ കേസിന്റെ അന്വേഷണ സമയത്ത് ഞാന്‍ സ്ഥലംമാറ്റം ആവശ്യപ്പെട്ടത്. ഞാനുള്ളപ്പോള്‍ വരെ അന്വേഷണം ശരിയായ ദിശയിലായിരുന്നു. പക്ഷേ, എനിക്ക് പകരം വേറെയാളുകള്‍ കടന്നുവന്ന നിമിഷം മുതല്‍ അന്വേഷണത്തിന്റെ ദിശ തെറ്റി.' റായിഗര്‍ പറയുകയുണ്ടണ്ടായി. 2002 കലാപത്തിന്റെ സമയത്ത് ഗുജറാത്തിന്റെ ആഭ്യന്തര സെക്രട്ടറിയായിരുന്ന അശോക് നാരായണാണ് മറ്റൊരു വ്യക്തി. പല പ്രധാന പദവികളും വഹിച്ച ആളാണ് അദ്ദേഹം. നരേന്ദ്ര മോദി പല കാര്യങ്ങളും പറഞ്ഞു എന്നാരോപിക്കപ്പെടുന്ന മീറ്റിംഗില്‍ അശോക് നാരായണനും ഉണ്ടായിരുന്നു. ആ മീറ്റിംഗില്‍ പറഞ്ഞ കാര്യങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

 

സഞ്ജീവ് ഭട്ടും മറ്റും പങ്കെടുത്തു എന്നു പറയപ്പെടുന്ന ഫെബ്രുവരി 27 രാത്രി നടന്ന കൂടിക്കാഴ്ചയെ പറ്റിയാണോ താങ്കള്‍ പറയുന്നത്?

സഞ്ജീവ് ഭട്ട് അവിടെയുണ്ടായിരുന്നു എന്ന് ആര്‍ക്കും സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. അദ്ദേഹം കൊടുത്തു എന്നു പറയുന്ന തെളിവുകളെ പറ്റിയും എനിക്ക് ആ സമയത്തുതന്നെ സംശയങ്ങള്‍ ഉണ്ടായിരുന്നു. ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ സഞ്ജീവ് ഭട്ടിനെ എതിര്‍ത്ത് പറയുന്നതാണെങ്കില്‍ സാരമില്ല. പക്ഷേ ഷായുടെയും മോദിയുടെയും പങ്കിന്റെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമില്ലാത്ത 10 ഉദ്യോഗസ്ഥര്‍ക്കും സഞ്ജീവ് ഭട്ടിന്റെ കാര്യത്തില്‍ തെറ്റാന്‍ വഴിയില്ല. പുസ്തകത്തിലെ ചില നരച്ച മേഖലകളില്‍ പെട്ടതാണ് ഇത്. ഈ വിഷയത്തില്‍ ഞാന്‍ ഒരു പ്രത്യേക നിലപാട് സ്വീകരിക്കുന്നില്ല. വസ്തുതകളെ അതേപടി വിവരിക്കുക മാത്രമാണ് ചെയ്യുന്നത്.

നമുക്ക് ഒരു നിമിഷം ഒന്ന് പിറകോട്ട് പോകാം. ഒളിക്യാമറ ഉപയോഗിച്ച് സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന ഒരു രീതിയാണല്ലോ താങ്കള്‍ സ്വീകരിച്ചത്. ഇത് അടിസ്ഥാനപരമായി ചില ധാര്‍മിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കാരണം, നിങ്ങള്‍ ആളുകളുടെ വിശ്വാസം നേടിയെടുക്കുകയും അവരെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ശരിയായ ഉദ്ദേശ്യം താങ്കള്‍ വെളിപ്പെടുത്തുന്നില്ല. സാധാരണ നിലക്കുള്ള ഒരു മാധ്യമപ്രവര്‍ത്തന രീതിയായിട്ടല്ല ഒളിക്യാമറ ഓപറേഷനുകള്‍ കണക്കാക്കപ്പെടുന്നത്. എന്തുകൊണ്ടാണ് താങ്കള്‍ ഈയൊരു വഴി തെരഞ്ഞെടുത്തത്?

ആദ്യം ഒരു കാര്യം പറയട്ടെ. എവിഡന്‍സ് ആക്ട് പ്രകാരം ഫോറന്‍സിക് പരിശോധനക്കു ശേഷം ഒളിക്യാമറ ദൃശ്യങ്ങള്‍ ഇപ്പോള്‍ കോടതിയില്‍ സ്വീകാര്യമാണ്. അങ്ങനെയാണെങ്കില്‍ തന്നെയും എന്നെ സംബന്ധിച്ചേടത്തോളം ഇത് അവസാനത്തെ വഴിയാണ്. പല മാധ്യമപ്രവര്‍ത്തകരും മടി കാരണമാണ് ഒളിക്യാമറാ ഓപറേഷനുകളെ ആശ്രയിക്കുന്നത്. അതായത് ഒരു പണിയും ഇല്ലെങ്കില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉപയോഗിച്ച് ഒളിക്യമറാ ഓപറേഷന്‍ നടത്തുക. ഞാന്‍ ഇങ്ങനെയൊരു ഓപറേഷന്‍ നടത്തിയതിന്റെ സാഹചര്യം ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. 2010-ലെ എന്റെ അന്വേഷണം അമിത് ഷായെ ജയിലിലേക്കയച്ചു. ഞാന്‍ ഗുജറാത്തില്‍നിന്ന് ഗുജറാത്തിനെ പറ്റി എഴുതുകയായിരുന്നുവെങ്കിലും ഒരു കാര്യം ഞാന്‍ മനസ്സിലാക്കി. അമിത് ഷായുടെ കാര്യത്തില്‍ തെളിവുകള്‍ തന്ന പല ഉദ്യോഗസ്ഥരും സംസാരിക്കാന്‍ വിമുഖത കാണിക്കുകയായിരുന്നു.

 

ഇത് ഇശ്‌റത്ത് ജഹാന്‍ കേസുമായി ബന്ധപ്പെട്ടാണോ?

അല്ല, സൊഹ്‌റാബുദ്ദീന്‍ കേസുമായി. അമിത് ഷാ ജയിലിലായതിനു ശേഷം പലരും സംസാരിക്കാന്‍ തുടങ്ങി. സൊഹ്‌റാബുദ്ദീനെക്കുറിച്ച് മാത്രമല്ല. ഞാന്‍ അന്വേഷിച്ചുകൊണ്ടിരുന്ന മറ്റൊരു പ്രമാദമായ കേസ് ഹരേണ്‍ പാണ്ഡ്യയുടെ കൊലപാതകത്തെക്കുറിച്ചായിരുന്നു. അന്വേഷണത്തില്‍ പല അപാകതകളുമുണ്ടെന്ന് പാണ്ഡ്യയുടെ അഛനും ഭാര്യയും ആരോപിച്ചിരുന്നു. മോദി മുഖ്യമന്ത്രിയായിരിക്കുവോളം കാലം ഭയം കാരണം നാനാവതി കമ്മീഷനു മുമ്പാകെ പോലും വായ തുറക്കാതിരുന്ന ഉദ്യോഗസ്ഥരെക്കൊണ്ട് സംസാരിപ്പിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഞാന്‍ മനസ്സിലാക്കി. നാനാവതി കമ്മീഷനോട് പോലും സംസാരിക്കാത്ത അവര്‍ സദാസമയവും ഒളിക്യാമറയുമായി നടക്കുന്ന തെഹല്‍കാ റിപ്പോര്‍ട്ടറോട് എങ്ങനെ സംസാരിക്കും?  രേഖകള്‍ കൈയില്‍ കിട്ടാന്‍ ആവുന്ന വഴികളൊക്കെ ഞാന്‍ നോക്കി. കോള്‍ റെക്കോര്‍ഡ്‌സ്, സിങ്കള്‍ നടത്തിയ ഒളിക്യാമറാ ഓപറേഷന്റെ ദൃശ്യങ്ങള്‍.. പക്ഷേ, എന്നിട്ടും അന്വേഷിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ബാക്കിയുണ്ടായിരുന്നു.

 

അപ്പോള്‍ പൊതുതാല്‍പര്യം കണക്കിലെടുത്താണോ താങ്കള്‍ പ്രവര്‍ത്തിച്ചത്?

അതേ. എന്റെ ഊഹം ശരിയാണെങ്കില്‍ ഞാന്‍ ആദ്യമായി ഒരു ഒളിക്യാമറാ ഓപറേഷന്‍ നടത്തിയത് ഹരേണ്‍ പാണ്ഡ്യ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെയായിരുന്നു. അതിനെക്കുറിച്ച് ഞാനെന്റെ നിരീക്ഷകരായ തരുണും (തേജ്പാല്‍) ശോമക്കും (ചൗധരി) മെസ്സേജ് അയച്ചപ്പോള്‍ അവരതിനെക്കുറിച്ച് 'വളരെ നന്നായിട്ടുണ്ട്, ഇത് രാജ്യത്ത് കോളിളക്കം സൃഷ്ടിക്കും' എന്നൊക്കെ പറഞ്ഞു. 'വൈബ്രന്റ് ഗുജറാത്തി'നെ ചുറ്റിപ്പറ്റിയുള്ള പല കെട്ടുകഥകളും പൊളിക്കാന്‍ ഈ രീതികൊണ്ട് സാധിക്കുമെന്ന് ഇതെനിക്ക് പ്രതീക്ഷ നല്‍കി. 

 

മോദി പ്രധാനമന്ത്രിയായതിനു ശേഷം ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ കാരണമെന്താണ്?

ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ 2012 മുതല്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, അതിന് തയാറായ ആരെയും കിട്ടിയില്ല. എനിക്ക് ഒരു പ്രസാധക കമ്പനിയുമായി കരാറുണ്ടായിരുന്നെങ്കിലും മോദി പ്രധാനമന്ത്രിയാവാനുള്ള സാധ്യത തെളിഞ്ഞുവന്നപ്പോള്‍ 2014 ജനുവരിയില്‍ അവര്‍ കരാര്‍ അവസാനിപ്പിച്ചു. ഇവര്‍ എന്റെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു എന്ന് കേട്ടറിഞ്ഞ പല രാഷ്ട്രീയ പാര്‍ട്ടികളും 2014 ഏപ്രിലില്‍ എന്റെയടുത്തുവന്നിരുന്നു. പക്ഷേ, തെരഞ്ഞെടുപ്പ് തലക്കു മുകളില്‍ നില്‍ക്കുമ്പോള്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഞാന്‍ തയാറല്ല എന്ന് ഞാനവരോട് പറഞ്ഞു. കാരണം, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെച്ചിട്ടല്ല ഞാനിത് ചെയ്തത്. അതുപോലെ അവരെന്നെ എ.എ.പിക്കാരിയെന്ന് വിളിക്കുന്നതുകൊണ്ട് പിന്നീട് ദല്‍ഹി തെരഞ്ഞെടുപ്പിന്റെ സമയത്തും ഞാന്‍ ഇത് പ്രസിദ്ധീകരിച്ചില്ല. ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ സമയത്തും ഇതു തന്നെ ഞാന്‍ ചെയ്തു. പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് എല്ലാ തെരഞ്ഞെടുപ്പുകളും തീര്‍ന്നുകിട്ടാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു.

 

അതായത് താങ്കള്‍ ഈ പുസ്തകം 2014-നും എത്രയോ മുമ്പ് എഴുതിത്തീര്‍ത്തിരുന്നു, സാധിച്ചിരുന്നെങ്കില്‍ 2012-ലോ 2013-ലോ പുറത്തിറങ്ങുമായിരുന്നു എന്നാണോ പറഞ്ഞു വരുന്നത്?

തീര്‍ച്ചയായും.

മറ്റു പ്രസാധകര്‍ക്ക് തൊടാന്‍ മടിയായതുകൊണ്ടാണോ താങ്കള്‍ സ്വയം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്?

എന്റെ പുസ്തകം നിരസിച്ച ആദ്യത്തെ പ്രസാധകന്‍ എന്നോട് ഒരിക്കല്‍ ഒരു മെയിലില്‍ പറഞ്ഞു; ഈ പുസ്തകം പ്രസിദ്ധീകരിച്ചാല്‍ അവര്‍ വേറെ വല്ല വഴിയോ തൊഴിലോ നോക്കേണ്ടിവരുമെന്ന്. കാരണം, മോദി അവരുടെ ഓഫീസ് അടപ്പിക്കും, അതു തന്നെ. ഇത് എന്നോട് ഒരു സുഹൃദ് സംഭാഷണം എന്ന രീതിയില്‍ പറഞ്ഞതാണ്. അതേപോലെ വേറൊരു പ്രസാധകന്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ എന്നോട് പറഞ്ഞു, സ്വയം പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ല, അവര്‍ പ്രസിദ്ധീകരിക്കുമെന്ന്. പക്ഷേ, അവര്‍ ഒരു മൂന്നു മാസത്തോളം അതവരുടെ കൈയില്‍ തന്നെ വെച്ചു. ഓരോ കാരണം പറഞ്ഞ് പല തവണ എന്നോട് സമയം നീട്ടിക്കൊടുക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. ഇതെവിടെ ചെന്നവസാനിക്കുമെന്ന് എനിക്കപ്പോള്‍ തന്നെ ഏകദേശം പിടികിട്ടിയിരുന്നു. 

ഞാന്‍ ഇപ്പോള്‍ ഒരു സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ്. ഒരു സംഘടനയുടെയും ഭാഗമല്ല. ഇതൊരു തരത്തില്‍ അനുഗ്രഹമാണ്. കാരണം, എന്റെ ബാധ്യതകള്‍ വളരെയധികം കുറഞ്ഞു. എന്നെ സംബന്ധിച്ചേടത്തോളം പ്രധാനപ്പെട്ട കാര്യം ഇതെങ്ങനെയെങ്കിലും പുറത്തെത്തിക്കുക എന്നതാണ്. 2011 മുതല്‍ ഈ പ്രധാനപ്പെട്ട തെളിവുകള്‍ എന്റെ കൈയിലുണ്ട്. അത് അധികകാലം വെച്ചിരിക്കുന്നത് ശരിയല്ല എന്നെനിക്ക് തോന്നി. അതുകൊണ്ട് സ്വയം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു.

 

ഞങ്ങളുടെ ഒരു കാണിയുടെ ചോദ്യമാണ്: 'താങ്കളുടെ പുസ്തകം വളരെ താല്‍പര്യത്തോടെയാണ് ഞാന്‍ വായിച്ചത്. പക്ഷേ, നിങ്ങളെ പിന്തുണക്കുന്നവര്‍ നിങ്ങള്‍ക്കെതിരെ മാധ്യമങ്ങളില്‍ വരുന്ന പരിഹാസത്തിന്റെ കയ്പും രുചിക്കേണ്ടി വരുമെന്ന് ഞാന്‍ മനസ്സിലാക്കി. ഇത്രയും നല്ല ഒരു കൃതി ഇങ്ങനെ അവഹേളിക്കപ്പെടുന്നത് കാണുമ്പോള്‍ വിഷമം തോന്നുന്നു.' ഇത്തരം ട്രോളുകളെ താങ്കള്‍ മുഴുവനായും അവഗണിക്കാറാണോ പതിവ്? അതോ ചിലപ്പോഴൊക്കെ തിരിച്ച് ഉത്തരം പറയാന്‍ തോന്നാറുണ്ടോ?

ഒരളവു കഴിഞ്ഞാല്‍ ഇതൊക്കെ എനിക്ക് തമാശയായിട്ടാണ് തോന്നാറ്. ഇതൊക്കെ എവിടെ നിന്നാണ് വരുന്നതെന്ന് എനിക്ക് കൃത്യമായിട്ടറിയാം. പണം വാങ്ങി ട്രോളുകള്‍ പ്രചരിപ്പിക്കുന്ന സിന്‍ഡിക്കേറ്റ് തന്നെയുണ്ട്. അതവരുടെ ജോലിയാണ്. ഞാന്‍ അവര്‍ക്ക് ഒരു പ്രാധാന്യവും കൊടുക്കാറില്ല.  പുസ്തകം ഇതിനെക്കുറിച്ചല്ല. ഇതൊരു സെന്‍സിറ്റിവ് പുസ്തകമാണെന്ന് എനിക്കറിയാം. അതുകൊണ്ടു തന്നെ എതിര്‍ക്കാന്‍ പലരുമുണ്ടാവും. ഈ പരിഹാസമൊക്കെ അതിന്റെ ഒരു ഭാഗം മാത്രമാണ്.

 

വൃത്തിയുള്ള, സുഖിപ്പിക്കുന്ന തരത്തിലുള്ള ഒരു ആഖ്യാനമല്ല ഈ പുസ്തകത്തിലുള്ളത്. ഉദാഹരണത്തിന്, മായാ കോട്‌നാനിയുമായുള്ള നിങ്ങളുടെ അഭിമുഖം ഞാന്‍ വായിച്ചു. ഈയൊരു സാഹചര്യത്തില്‍ ഒരു തരം വി.ഐ.പി എന്നു തന്നെ വേണമെങ്കില്‍ അവരെ വിശേഷിപ്പിക്കാം. നരോദപാട്യ കൂട്ടക്കൊലപാതകങ്ങളില്‍ പങ്കുള്ളതായി കോടതി കണ്ടെത്തിയ ബി.ജെ.പി പ്രവര്‍ത്തക. പക്ഷേ, നിങ്ങളുടെ പുസ്തകത്തില്‍ അവര്‍ പറയുന്നത് അവര്‍ ബലിയാടാക്കപ്പെട്ടുവെന്നാണ്. അവര്‍ തെറ്റുകാരിയാണെന്ന് വിശ്വസിക്കുന്ന പലരും ഇത്തരം ഭാഗങ്ങള്‍ അസ്വസ്ഥതയോടെയാവും വായിക്കുക. അതേപോലെ, ആഭ്യന്തര സെക്രട്ടറിയായിരുന്ന അശോക് നാരായണെക്കുറിച്ചുള്ള അധ്യായം ഫെബ്രുവരി 27-ന് രാത്രി അദ്ദേഹം ആ മീറ്റിംഗില്‍ ഉണ്ടായിരുന്നു എന്ന് ഒരു രീതിയില്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും സഞ്ജീവ് ഭട്ട് അവിടെയുണ്ടായിരുന്നില്ല എന്നദ്ദേഹം പറയുന്നുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍ നരേന്ദ്ര മോദിയെ കുറ്റക്കാരനെന്ന് കാണിക്കാന്‍ ചില പ്രത്യേക വ്യക്തികളെ ചൂണ്ടിക്കാണിച്ച് ശീലിച്ച മോദിയുടെ വിമര്‍ശകരില്‍ പലര്‍ക്കും ഈ പുസ്തകം വൃത്തിയുള്ള ഒരു പരിഹാരം നല്‍കുന്നില്ല. ചില കാര്യങ്ങള്‍ നിങ്ങള്‍ എന്തിനാണ് ഉള്‍ക്കൊള്ളിച്ചതെന്ന് പലരും ആശ്ചര്യപ്പെട്ടിട്ടുണ്ടാവും. പക്ഷേ, സത്യം എപ്പോഴും സങ്കീര്‍ണമാണല്ലോ. 

തീര്‍ച്ചയായും. ഗുജറാത്തിന്റെ സത്യം അത്യധികം സങ്കീര്‍ണമാണെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഒന്നാമതായി, അതില്‍ പലതും എന്‍.ജി.ഒകളും രാഷ്ട്രീയ പാര്‍ട്ടികളും സ്വന്തം കാര്യങ്ങള്‍ക്കു വേണ്ടി വളച്ചൊടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സത്യം ഇങ്ങനെ ചില നരച്ച ഭാഗങ്ങളിലാണ് നില്‍ക്കുന്നതെന്ന് നാം ഓര്‍ക്കണം. ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകള്‍ പറയുന്ന കഥകള്‍ അധികവും ഞാന്‍ വിശ്വസിക്കാറില്ല. എല്ലാവരും മോശമാണെന്നല്ല, പക്ഷേ ചിലരെങ്കിലും അവരുടെ സ്വന്തം വ്യാഖ്യാനം ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നതാണ് സത്യം. അതുപോലെ, ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഞ്ജീവ് ഭട്ടിനെ പറ്റി അങ്ങനെ എഴുതിയതിനെക്കുറിച്ച് എന്നെ ചോദ്യം ചെയ്തിട്ടുണ്ട്. ഈ പുസ്തകം കോണ്‍ഗ്രസിനെക്കുറിച്ചല്ല എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. അത് സത്യത്തെക്കുറിച്ചാണ്. അതുകൊണ്ടു തന്നെ സത്യത്തിന്റെ എല്ലാ വശങ്ങളും, എല്ലാ ടേപ്പുകളും ഞാന്‍ പരസ്യപ്പെടുത്തേണ്ടതുണ്ട്. അത് ചിലപ്പോള്‍ നിങ്ങളുടെ ആഖ്യാനത്തെ ശക്തിപ്പെടുത്തുകയോ ശക്തിപ്പെടുത്താതിരിക്കുകയോ ചെയ്യാം. പക്ഷേ അത് എന്നെ ബാധിക്കുന്ന പ്രശ്‌നമല്ല. ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ ആ ടേപ്പുകളിലുള്ള മുഴുവന്‍ കാര്യങ്ങളും ഞാന്‍ ലോകത്തിനു മുന്നില്‍ തുറന്നുകാണിച്ചു. ഇനി പ്രവര്‍ത്തിക്കേണ്ടത് അന്വേഷണ ഏജന്‍സികളാണ്. സുപ്രീം കോടതി നിയമിച്ച സി.ബി.ഐ, അല്ലെങ്കില്‍ സുപ്രീം കോടതി നിയമിച്ച എസ്.ഐ.ടി, അതുമല്ലെങ്കില്‍ രാഘവന്‍ എസ്.ഐ.ടി ഈ ടേപ്പുകള്‍ പരിശോധിക്കുക തന്നെ വേണം.

 

രാഘവന്‍ എസ്.ഐ.ടി ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും മിസ്സിസ് ജാഫ്‌രിയുടെ അപ്പീല്‍ തീരുമാനമാവാത്തതു കൊണ്ട് വിഷയം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള അന്വേഷണ ഏജന്‍സി നിങ്ങളെ ഇതുവരെ സമീപിച്ചിട്ടുണ്ടോ?

ഇതുവരെ ഒരു അന്വേഷണ ഏജന്‍സിയും എന്നെ സമീപിച്ചിട്ടില്ല. സത്യത്തില്‍ അവര്‍ എന്നെയോ തെഹല്‍കയുടെ പുതിയ ഭാരവാഹികളെയോ സമീപിക്കണമെന്നാണ് എന്റെ ആഗ്രഹം. എന്റെ കൈയില്‍ ഒരു കോപ്പിയുണ്ടെങ്കിലും മാസ്റ്റര്‍ ടേപ്പുകള്‍ തെഹല്‍കയുടെ കൈയിലാണ്. ഞങ്ങളെയല്ലെങ്കില്‍ എന്റെ അന്വേഷണത്തിന് വഴികാണിച്ച തെഹല്‍കയിലെ പഴയ പത്രാധിപരെയെങ്കിലും അവര്‍ക്ക് സമീപിക്കാവുന്നതാണ്. എന്നാലേ ഗുജറാത്തിലെവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് ഈ രാജ്യത്തുള്ളവര്‍ അറിയൂ. ഇതൊരു കോണ്‍ഗ്രസ്, ബി.ജെ.പി, എ.എ.പി അല്ലെങ്കില്‍ ഇടതുപക്ഷ യുദ്ധമായി മാറേണ്ട വിഷയമല്ല. ഗുജറാത്തിലെ വേദനയനുഭവിക്കുന്നവര്‍ക്ക് നീതി ലഭിക്കണം.

 

താങ്കളെ പോലുള്ള ഒരു അന്വേഷണാത്മക പത്രപ്രവര്‍ത്തക നിരന്തരം നേരിടേണ്ടിവരുന്ന ചില അപകടങ്ങള്‍ എന്തൊക്കെയാണ്? ആളുകള്‍ അറിയാതെ അവരുടെ സംഭാഷണങ്ങള്‍ പകര്‍ത്തിയെടുക്കുമ്പോള്‍ പിടിക്കപ്പെടാന്‍ ഒരുപാട് സാധ്യതകളുണ്ട്. എപ്പോഴെങ്കിലും പിടിക്കപ്പെടാന്‍ പോയിട്ടുണ്ടോ?

മൈഥിലി ത്യാഗി എന്ന കഥാപാത്രം ചെയ്യുന്നതിന്റെ ഭാഗമായി എനിക്ക് ഗുജറാത്തിലെ പല പോലീസ് ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കേണ്ടി വന്നിട്ടുണ്ട്. അവരുമായി നിരന്തരം ഇടപഴകേണ്ടി വന്നിട്ടുണ്ട്. അതില്‍ ഉഷാ റാഡാ എന്ന് പേരുള്ള ഒരു പോലീസ് ഉദ്യോഗസ്ഥ എന്നെ സിനിമ കാണിക്കാനൊക്കെ കൊണ്ടുപോയിട്ടുണ്ട്. ഒരു തവണ ഞങ്ങള്‍ 'നോവണ്‍ കില്‍ഡ് ജെസിക്ക' എന്ന ഒരു ചിത്രം കാണാന്‍ പോയി.  ആ ചിത്രം ഒരു തെഹല്‍ക അന്വേഷണത്തെ പറ്റിയാണ്. തൊട്ടപ്പുറത്തിരിക്കുന്ന എന്നോട് അവര്‍ പറയുകയാണ്, 'എന്നെങ്കിലും ഞാന്‍ ഒരു തെഹല്‍ക റിപ്പോര്‍ട്ടറെ കണ്ടാല്‍ കരണക്കുറ്റി നോക്കിയടിക്കും.' മറ്റൊരു തവണ ഞങ്ങള്‍ സിനിമ കാണാന്‍ പോയപ്പോള്‍ ഞാന്‍ ഒളിക്യാമറ ഘടിപ്പിച്ച കുര്‍ത്ത ഇട്ടിരിക്കുകയായിരുന്നു. തിയേറ്ററിനു മുന്നിലെ മെറ്റല്‍ ഡിറ്റക്ടര്‍ എന്നെ അപ്പോള്‍ തന്നെ പിടിക്കുമായിരുന്നു. പക്ഷേ, ഉഷാ മാഡം സുരക്ഷാ പരിശോധന നേരിടേണ്ടെന്ന് അവിടത്തെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതുകൊണ്ട് രക്ഷപ്പെട്ടു. അങ്ങനെ ഒരുപാട് മുഹൂര്‍ത്തങ്ങളുണ്ടായിട്ടുണ്ട്. ഒരു അനാഥമായ ബംഗ്ലാവിലാണ് ഒരു മാസത്തോളം ഞാന്‍ നിന്നത്. അവിടെ എനിക്കാകെ കൂട്ട് ഒരു പട്ടിയും എല്ലാ വൈകുന്നേരവും പുറത്തേക്കിറങ്ങി നോക്കുന്ന ഒരു സര്‍പ്പവും മാത്രം. 

ഭയം എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. എവിടെയും പിഴക്കാം. എന്റെ ലെന്‍സ് താഴെ വീഴാം, ഒരു ഗുജറാത്ത് റിപ്പോര്‍ട്ടര്‍ ആയിരുന്ന എന്നെ ആരെങ്കിലും തിരിച്ചറിയാം, അല്ലെങ്കില്‍ ആര്‍ക്കെങ്കിലും ഞാനെന്താണെന്ന് മനസ്സിലാവാം... അതിനു മുമ്പ് ഒരിക്കലും ഉറക്കഗുളിക കഴിച്ചിട്ടില്ലാത്ത എനിക്ക് ഉറക്കഗുളിക ഒരു ശീലമായി. 

 

ടേപ്പിലുള്ള ആളുകളെ അടുത്തറിഞ്ഞ ശേഷം ഓപറേഷന്‍ തുടര്‍ന്നുപോകാന്‍ വിഷമമുണ്ടായിരുന്നോ? 

എന്റെ മനസ്സാക്ഷിയെ ഒരുപാട് വേദനിപ്പിച്ച ഒരു കാര്യമാണിത്. ഒന്നു രണ്ടു തവണ ഞാനെന്റെ അമ്മയെ വിളിച്ചപ്പോള്‍ ഇക്കാര്യം പറഞ്ഞ് കരച്ചിലിന്റെ വക്കോളം എത്തിയിട്ടുണ്ട്. ഞാന്‍ ചെയ്യുന്നത് ധാര്‍മികമായി തെറ്റാണ്, ഇവര്‍ എന്നെ വിശ്വസിക്കുന്നു, എന്നെ അവരുടെ മകളെന്ന് വിളിക്കുന്നു, എനിക്ക് സുഖമില്ലാത്തപ്പോള്‍ എന്നെ ശുശ്രൂഷിക്കുന്നു എന്നൊക്കെ ഞാന്‍ എന്റെ അമ്മയോട് പറഞ്ഞു. അപ്പോള്‍ ഇതല്ലാതെ എനിക്ക് വേറെ വഴിയില്ലെന്ന് അമ്മ എന്നെ ഓര്‍മിപ്പിച്ചു, 'ഇത് നീ നിനക്ക് വേണ്ടിയോ അവര്‍ക്ക് വേണ്ടിയോ ചെയ്യുന്നതല്ല, ജനങ്ങള്‍ക്കു വേണ്ടി ചെയ്യുന്നതാണ്. ഇത് നിന്റെ ജോലിയാണ്' എന്ന് അമ്മ എന്നോട് പറഞ്ഞു. എല്ലാ ദിവസവും ഇക്കാര്യങ്ങള്‍ ഓര്‍ത്ത് ഞാന്‍ വിഷമിക്കാറുണ്ട്. അശോക് നാരായണിന്റെ ഭാര്യക്ക് എന്നോട് വലിയ സ്‌നേഹമായിരുന്നു. അവര്‍ ദിവസവും ഞാന്‍ വരുന്നത് കാത്തിരിക്കും. എനിക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം വിളമ്പും. അതേപോലെ, എനിക്ക് നല്ല തലവേദന പിടിപെട്ട ഒരു ദിവസം മായാ കോട്‌നാനി എന്റെ തല എണ്ണയിട്ട് തടവി തന്നിട്ടുണ്ട്. ഇതൊക്കെ ഓര്‍ക്കുമ്പോള്‍ നല്ല മാനസികപ്രയാസം തോന്നാറുണ്ട്. ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ മറ്റൊരു മാധ്യമപ്രവര്‍ത്തകയും ഇങ്ങനെയൊരു ദുരിതത്തിലൂടെ കടന്നുപോകാന്‍ ഞാന്‍ ആഗ്രഹിക്കില്ല. 

 

നാനാവതി കമ്മീഷനു മുമ്പാകെ പോലും സംസാരിക്കാന്‍ മടിച്ചിരുന്നവരാണ് പല പോലീസ് ഉദ്യോഗസ്ഥരും എന്ന് താങ്കള്‍ തന്നെ പറഞ്ഞല്ലോ. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് യഥാര്‍ഥ തെളിവുകള്‍ കിട്ടിയാല്‍ തന്നെയും അതുകൊണ്ട് അവസാനം ഒരു പ്രയോജനവുമുണ്ടാകില്ല എന്ന തോന്നല്‍ ഉണ്ടായിക്കാണില്ലേ? എന്നിട്ടും എന്തുകൊണ്ടാണ് നിങ്ങള്‍ അന്വേഷണവുമായി മുന്നോട്ടുപോയത്?

ഞാന്‍ അന്വേഷണം ആരംഭിക്കുന്നതിന്റെ തൊട്ടു മുമ്പ് സുപ്രീംകോടതി നിയമിച്ച സി.ബി.ഐ സംഘം അവരുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അമിത് ഷായെ ജയിലിലേക്കയച്ചു എന്നത് എനിക്ക് പ്രതീക്ഷക്ക് വക നല്‍കിയിരുന്നു. ഞാന്‍ യഥാര്‍ഥ തെളിവുകള്‍ നല്‍കിയാല്‍ സി.ബി.ഐ അതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് എനിക്ക് തോന്നി. ഞാന്‍ 2011-ല്‍ അന്വേഷണം അവസാനിപ്പിച്ച് തിരിച്ചുവന്നപ്പോള്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയായിരുന്നു. ആ സമയത്ത് ഞാന്‍ ഇത് അവതരിപ്പിച്ചിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഇത് തെളിവിന്റെ ഭാഗമായേനെ. 

 

ടേപ്പിലുള്ള ചില ആളുകളെങ്കിലും അവരുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് പാപങ്ങള്‍ കഴുകിക്കളയാന്‍ ശ്രമിക്കുകയായിരുന്നു എന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? 

അങ്ങനെ ചിലപ്പോള്‍ തോന്നിയേക്കാം. പക്ഷേ, അവര്‍ ടേപ്പില്‍ പറഞ്ഞ കാര്യങ്ങളും നാനാവതി കമ്മീഷനു മുന്നില്‍ പറഞ്ഞ കാര്യങ്ങളും താരതമ്യം ചെയ്തു നോക്കുമ്പോള്‍ അവര്‍ക്ക് സത്യം തുറന്നുസമ്മതിക്കാനുള്ള നട്ടെല്ലില്ല എന്ന് മനസ്സിലാകും. ഇതുതന്നെയാണ് ഞാനെന്റെ പുസ്തകത്തിലും പറയാന്‍ ശ്രമിക്കുന്നത്. ഈ ആളുകളെയാണ് അന്വേഷണം വിശ്വസിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ഹരേണ്‍ പാണ്ഡ്യ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സത്യം അറിയാമായിരുന്നു. അദ്ദേഹമാണ് എഫ്.ഐ.ആര്‍ എഴുതിയത്. പാണ്ഡ്യയെ കൊന്നയാള്‍ തങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നു എന്നദ്ദേഹം പറയുന്നുമുണ്ട്. എന്നാല്‍ അത് പൊതുജനങ്ങളോട് എന്തുകൊണ്ട് പറഞ്ഞുകൂടാ? അയാള്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്നെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഇദ്ദേഹം സി.ബി.ഐയോട് സംസാരിക്കണമായിരുന്നു. ഇവരൊക്കെ എന്തുകൊണ്ടാണ് വായടക്കിപ്പിടിച്ചിരുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. തെറ്റുകള്‍ കഴുകിക്കളയാന്‍ ശ്രമിച്ചതിലൂടെ അവര്‍ സ്വന്തം പാപങ്ങള്‍ ഏറ്റുപറഞ്ഞതേയുള്ളൂ. കാരണം എന്നോടും അന്വേഷണ കമ്മീഷനുകളോടും ഇവര്‍ വ്യത്യസ്ത കാര്യങ്ങളാണ് പറഞ്ഞത്. അവരും അവരെക്കുറിച്ചുള്ള സത്യവും ഇപ്പോള്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കപ്പെട്ടിരിക്കുകയാണ്.

 

മൈഥിലി ത്യാഗി എന്ന വേഷം ചെയ്യുമ്പോള്‍ തികച്ചും അതില്‍ ലയിച്ചുപോകാന്‍ താങ്കള്‍ക്ക് സാധിച്ചിരുന്നോ? ഒരു മുസ്‌ലിം സ്ത്രീ എന്ന താങ്കളുടെ ഐഡന്റിറ്റി അമര്‍ത്തിവെക്കാന്‍ ബുദ്ധിമുട്ടായിരുന്നോ?

(ചിരിച്ചുകൊണ്ട്) അശോക് നാരായണ്‍ ചില സമയത്ത് ഉര്‍ദു ഈരടികള്‍ പാടാറുണ്ടായിരുന്നു. അപ്പോഴൊക്കെ വേറൊരു ഈരടി കൊണ്ട് മറുപടി പറയാന്‍ എന്റെ നാവ് തരിക്കും. പക്ഷേ, ഒന്നും മനസ്സിലാവാത്തതുപോലെ അഭിനയിക്കും. 

 

മാത്രമല്ല, അതില്‍ ചില ആളുകളെങ്കിലും മുസ്‌ലിംകളെക്കുറിച്ച് മോശമായ പല കാര്യങ്ങളും പറയാറുണ്ടാവും. അതു കേട്ട് പ്രകോപിതയാവാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടോ?

ചിലതൊക്കെ കേട്ട് എന്റെ മുഖം തുടുക്കാറുണ്ടെങ്കിലും എന്റെയുള്ളില്‍ ഞാന്‍ പൂര്‍ണമായി മൈഥിലി ത്യാഗി ആയതിനാല്‍ എനിക്കതൊന്നും ഒരു പ്രശ്‌നമായി തോന്നിയില്ല. നരേന്ദ്ര മോദിയെ ആരാധിക്കുന്ന ഒരു ഡോക്യുമെന്ററി നിര്‍മാതാവായിട്ടു തന്നെയാണ് ആ എട്ടു മാസങ്ങള്‍ ഞാന്‍ ജീവിച്ചത്. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പ് ടേപ്പുകള്‍ ഡിസ്‌കിലേക്ക് മാറ്റുമ്പോള്‍ മാത്രമാണ് റാനാ അയ്യൂബ് എന്ന വ്യക്തി ചിത്രത്തിലേക്ക് കടന്നുവന്നത്. 

 

നിങ്ങളുടെ ഓപറേഷനിലൂടെ അന്വേഷണവിധേയരായ ആളുകള്‍ തന്നെയാണ് ഇപ്പോള്‍ കേന്ദ്രത്തില്‍ അധികാരത്തിലുള്ളത്. ഇതുകാരണം ശാരീരികമായോ നിയമപരമായോ ഏതെങ്കിലും തരത്തിലുള്ള ഭീഷണികള്‍ നിങ്ങള്‍ക്ക് നേരിടേണ്ടിവന്നിട്ടുണ്ടോ?

ഓപറേഷന്‍ ആരംഭിക്കുന്നതിനു മുമ്പ് ഞാന്‍ എന്റെ അഭിഭാഷകയായ സുഹൃത്തിനോട് സംസാരിച്ചിരുന്നു. അവര്‍ പറഞ്ഞു, 'അവര്‍ നിനക്കെതിരെ ഗുവാഹത്തിയില്‍നിന്നും പശ്ചിമ ബംഗാളില്‍നിന്നുമൊക്കെ കേസ് കൊടുത്തേക്കാം. അതിന്റെ പേരില്‍ നീ നാടുനീളെ ഓടേണ്ടിവരും. (ഇതു ബാധിച്ച) എല്ലാ പോലീസ് ഉദ്യോഗസ്ഥരും നിനക്കെതിരെ മാനനഷ്ടത്തിനും ക്രിമിനല്‍ അതിക്രമത്തിനും കേസ് കൊടുത്തേക്കാം. നീ എത്രയെന്നുവെച്ചാണ് കേസ് വാദിക്കാന്‍ പോവുക? അവര്‍ നിന്നെ ശാരീരികമായി ഉപദ്രവിക്കില്ലായിരിക്കാം, പക്ഷേ മാനസികമായി നിനക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും.' പക്ഷേ, ഇക്കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ എനിക്കനുഭവിക്കാന്‍ സാധിക്കുന്ന മാനസിക സംഘര്‍ഷങ്ങളൊക്കെ ഞാനനുഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാനെന്തും നേരിടാന്‍ ഒരുക്കമാണ്. കാരണം സത്യം എന്റെ പക്ഷത്താണ്. 

 

അന്വേഷണ ഏജന്‍സികള്‍ നിങ്ങളെ സമീപിക്കാന്‍ കാത്തുനില്‍ക്കുകയാണ് എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഈ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് നിങ്ങളുടെ ടേപ്പുകളിലൂടെ കുരുക്കിലാക്കപ്പെടാന്‍ പോകുന്ന വ്യക്തികളുടെ കീഴെയാണ്. അതുകൊണ്ട് അതിന് കാത്തുനില്‍ക്കാതെ ടേപ്പുകള്‍ പരസ്യപ്പെടുത്തിക്കൂടേ? അങ്ങനെ ചെയ്താല്‍ ചിലപ്പോള്‍ ഈ തെളിവുകള്‍ കോടതിയുടെ ശ്രദ്ധയില്‍ പെട്ടെങ്കിലോ?

2011 മുതല്‍ ഞാന്‍ എന്റെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ രാജ്യത്തെ ഒരുവിധം എല്ലാ മാധ്യമ സ്ഥാപനങ്ങളെയും സമീപിച്ചിട്ടുണ്ട്. പക്ഷേ അവരൊക്കെ എന്നെ നിരസിച്ചു. ഇപ്പോള്‍ പുസ്തകം പുറത്തുവന്ന സ്ഥിതിക്ക് ഇനിയുള്ള എന്റെ എല്ലാ നീക്കവും ശ്രദ്ധിച്ചുവേണം. യൂട്യൂബിലോ മറ്റോ ഈ ടേപ്പുകള്‍ പ്രചരിപ്പിക്കുന്നതിനു മുമ്പ് എനിക്കതിന്റെ നിയമപരമായ എല്ലാ വശങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. എന്തു പറഞ്ഞാലും തെഹല്‍കക്കാണ് ആ ടേപ്പുകളുടെ മേല്‍ കൂടുതല്‍ അധികാരമുള്ളത്. തെഹല്‍ക അവ പ്രസിദ്ധീകരിക്കാനോ കൈമാറാനോ വിസമ്മതിച്ചാല്‍ മാത്രമേ ഞാന്‍ എന്റെ ഹാര്‍ഡ് ഡിസ്‌ക് നല്‍കൂ. ഞാന്‍ ഒരു സംഘടനയുടെയും ഭാഗമല്ലാത്തതിനാല്‍ ഇത്തരമൊരു കാര്യത്തിനു വേണ്ട നിയമപരമായ സഹായമോ എന്നെ പ്രതിനിധീകരിക്കാന്‍ ഒരു അഭിഭാഷകനോ ഇല്ല എന്ന കാര്യം മനസ്സിലാക്കണം. 

 

മൂന്നു സ്ഥലങ്ങളില്‍ നിങ്ങള്‍ ആശിഷ് ഖേതാന്‍ ചില ചെറുകിട ഗുണ്ടകളുമായി മാത്രമാണ് സംസാരിച്ചതെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ സംഭാവനയെ കുറച്ചുകാണിക്കാന്‍ ശ്രമിച്ചിട്ടുണ്ടല്ലോ എന്നാണ് ഒരു കാണിയുടെ സംശയം.

ഞാന്‍ എന്റെയും ആശിഷിന്റെയും രചനകളെ ഒന്ന് താരതമ്യം ചെയ്യാന്‍ മാത്രമാണ് ശ്രമിച്ചത്. തികച്ചും വര്‍ഗീയവാദികളായ ചില ആളുകളോടാണ് ആശിഷ് സംസാരിച്ചത്. ഞാന്‍ സംസാരിച്ചത് പ്രധാനപ്പെട്ട പല പദവികളിലുമിരുന്ന ഉദ്യോഗസ്ഥരോടും നയതന്ത്രജ്ഞരോടുമാണ്. ഇവരുടെയടുത്തുനിന്ന് വിവരങ്ങള്‍ ചോര്‍ത്തുകയെന്നത് കുറച്ചുകൂടി പ്രയാസമുള്ള കാര്യമാണ്. അങ്ങനെ താരതമ്യപ്പെടുത്താന്‍ മാത്രമാണ് ഞാന്‍ ശ്രമിച്ചത്. ആര്‍ക്കെതിരെയും വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഞാന്‍ എന്റെ പുസ്തകത്തില്‍ ശ്രമിച്ചിട്ടില്ല.

 

ഭരണകൂടത്തിനെതിരെ നന്നായി അന്വേഷിച്ചെഴുതിയ വിമര്‍ശനങ്ങള്‍ അപകടം ക്ഷണിച്ചുവരുത്താതെ അവതരിപ്പിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ സ്ഥലമുണ്ടെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ? നിങ്ങള്‍ തോറ്റു പിന്മാറിയില്ലെങ്കിലും സമ്മര്‍ദത്തിനു വഴങ്ങി അങ്ങനെ ചെയ്ത ഒരുപാടു പേരുണ്ടാവും. ഇത്തരത്തിലുള്ള സമ്മര്‍ദം ഇപ്പോള്‍ കൂടിവരുന്നുണ്ടോ?

ഉണ്ട്. എന്റെ കൂടെ ജോലി ചെയ്തിരുന്ന പലര്‍ക്കും ഇത്തരത്തിലുള്ള സമ്മര്‍ദം നേരിടേണ്ടിവന്നിട്ടുണ്ട്. അത് സര്‍വസാധാരണമായി മാറിയിരിക്കുകയാണ്. ഞാന്‍ ഒരു സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ്. ബാധ്യതകള്‍ കുറവാണ്. അതുകൊണ്ടുതന്നെ എന്റെ ജോലി എനിക്ക് തുടര്‍ന്നുപോകാന്‍ പറ്റുന്നുണ്ട്. പക്ഷേ അത് എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. ദി വയര്‍, ദി കാരവന്‍, സ്‌ക്രോള്‍ പോലെയുള്ള മാധ്യമങ്ങള്‍ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കാനും സത്യം പുറത്തുകൊണ്ടുവരാനും സഹായിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. ഇതുപോലുള്ള കാര്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ വളരെക്കുറച്ചുപേരേ തയാറാവൂ.


ഏതെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വിഷയം ഏറ്റെടുക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയോടെയല്ല ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഒരു പാര്‍ട്ടിയുടെയും ഭാഗമാകാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. കോടതിയുടെ ഇടപെടല്‍ മാത്രമാണ് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ സഹായം എനിക്ക് വേണ്ട. ഇത്രയും കാലം ഇവരൊന്നും ഉണ്ടായിരുന്നില്ലല്ലോ. അധികാരത്തിലുണ്ടായിട്ടും അവര്‍ ഒന്നും ചെയ്തില്ല. ഈ സമയത്ത് അവര്‍ക്ക് ചെയ്യാനാവുന്ന ഒരേയൊരു കാര്യം അനീതിക്കെതിരെ ശബ്ദമുയര്‍ത്തുക എന്നതു മാത്രമാണ്. പക്ഷേ, സത്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് ഞാനധികമൊന്നും പ്രതീക്ഷിക്കുന്നില്ല.

 

1984-ലെ കൂട്ടക്കൊലക്കു ശിക്ഷിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ 2002 കലാപത്തിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നു കാണിച്ച് കലാപത്തിലെ ഇരകള്‍ക്ക് കുറച്ചുകൂടി നീതി ലഭിച്ചിട്ടുണ്ട് എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവരുണ്ട്. ഇതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?

അങ്ങനെ രണ്ടണ്ടു കൂട്ടക്കൊലപാതകങ്ങളെ താരതമ്യം ചെയ്യുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ, രണ്ടിലും ഭരണകൂടത്തിന് പങ്കുണ്ടായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ പുസ്തകത്തിന് ആമുഖം എഴുതിയ ജസ്റ്റിസ് ശ്രീകൃഷ്ണ എന്നോട് പറഞ്ഞിട്ടുണ്ട്; എന്റെ പകര്‍പ്പുകളിലും പുസ്തകത്തിലും കണ്ട കാര്യങ്ങളും മഹാരാഷ്ട്രയില്‍ അദ്ദേഹം കണ്ട കാര്യങ്ങളും തമ്മിലുള്ള സാമ്യമാണ് അദ്ദേഹം പുസ്തകത്തിന് ആമുഖമെഴുതാന്‍ ഒരു കാരണമായതെന്ന്. രണ്ടിലും കുറ്റവാളികളും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം തെളിഞ്ഞുകാണാം. രണ്ടു കേസിലും നിര്‍ഭാഗ്യവശാല്‍ ഇതുവരെ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല.

 

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചിന്താഗതിയെക്കുറിച്ച് ഭയപ്പെടുത്തുന്ന പല കാര്യങ്ങളും താങ്കളുടെ പുസ്തകത്തില്‍ തുറന്നുകാട്ടുന്നുണ്ട്. ഉദാഹരണത്തിന് മുസ്‌ലിംകള്‍ക്കെതിരെയുള്ള അവരുടെ മുന്‍വിധികള്‍. ഇന്ത്യയിലെ വര്‍ഗീയതയുടെ ചരിത്രം എന്നത് മുസ്‌ലിംകള്‍ ഹിന്ദുക്കളെ ആക്രമിക്കുന്നതിന്റെ ചരിത്രമാണെന്ന് അവരില്‍ പലരും വിശ്വസിക്കുന്നു. അവര്‍ സാഹചര്യങ്ങളെ നേരിടുന്ന രീതിയെയും ഇത് സ്വാധീനിക്കുന്നുണ്ടാകാം.

ഞാന്‍ കണ്ടുമുട്ടിയ പോലീസ് ഉദ്യോഗസ്ഥര്‍ വാദിക്കുന്നത് 'അക്ബറും ബാബറും ഇന്ത്യ അധീനപ്പെടുത്തിയതിനു ശേഷം ഗുജറാത്തില്‍ ഒരുപാട് പുകിലുണ്ടാക്കി. അതിനു പകരമായിട്ടാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചത്'.  ഇങ്ങനെ കലാപത്തിലൂടെ ആളുകള്‍ക്ക് അവരുടെ ശരിയായ സ്ഥാനം കാണിച്ചുകൊടുത്തു എന്നിങ്ങനെയുള്ള വര്‍ഗീയ കാഴ്ചപ്പാടുകള്‍ ഇവര്‍ക്കിടയില്‍ വ്യക്തമായി കാണാം. എന്റെ പുസ്തകം വസ്തുതകളെക്കുറിച്ച് മാത്രമല്ല, ഇത്തരം ചിന്താഗതിയെക്കുറിച്ചുമാണ്.

 

മുകളില്‍നിന്നുള്ള ഉത്തരവ് ഒരിക്കലും രേഖാമൂലം എഴുതിക്കൊടുത്തില്ല, വാക്കാല്‍ പറഞ്ഞില്ല എന്നൊക്കെ താങ്കള്‍ പറഞ്ഞല്ലോ. അപ്പോള്‍ ഐ.പി.സിയും സി.ആര്‍.പി.സിയും ആവശ്യപ്പെടുന്ന തരത്തിലുള്ള തെളിവുകള്‍ ഇത്തരം കൂട്ടക്കൊലകളുടെ കാര്യത്തില്‍ ഒരിക്കലും ലഭിക്കില്ല എന്നാണോ ഇതിനര്‍ഥം?

ആയിരിക്കാം. പക്ഷേ, മറുവശത്ത് മുന്‍ ആഭ്യന്തര സെക്രട്ടറിയായിരുന്ന ഒരു വ്യക്തിയാണ് പലതും വെളിപ്പെടുത്തുന്നത്. ഉദാഹരണത്തിന് കലാപത്തിനിടെ പല മുസ്‌ലിംകളുടെയും ജീവന്‍ രക്ഷിച്ച രാഹുല്‍ ശര്‍മയെ പോലെ ഒരു ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ കുല്‍ദീപ് ശര്‍മയെ പോലുള്ള ഒരു വ്യക്തി. അവര്‍ പിന്നീട് ശിക്ഷിക്കപ്പെടുകയാണുണ്ടായത്. സത്യത്തില്‍ അവര്‍ നല്ല കാര്യങ്ങളാണ് ചെയ്തത്. ആ സമയത്ത് ഡി.ജി ആയിരുന്ന ചക്രബര്‍ത്തി അവരെ സസ്‌പെന്റ് ചെയ്യരുതെന്ന് പറഞ്ഞിരുന്നു. പക്ഷേ, ചെയ്യണമെന്ന് മോദി നിര്‍ബന്ധം പിടിച്ചു. ഇങ്ങനെ അന്വേഷണ കമ്മീഷനു മുന്നില്‍ പലതും വെളിപ്പെടുത്താന്‍ കഴിവുള്ള ഒരുപാട് ശക്തരായ ആളുകളുണ്ടെന്ന ഒരു പ്രതീക്ഷയുണ്ട്. ഒരു പുനരന്വേഷണമുണ്ടെങ്കില്‍ കമ്മീഷനുകള്‍ ഇവരോട് തീര്‍ച്ചയായും സംസാരിക്കണം. 

 

1984-ലെയും 2002-ലെയും കലാപങ്ങള്‍ക്കു പിന്നില്‍ ഭരണകൂടം പ്രവര്‍ത്തിച്ചിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. വ്യക്തമായ തെളിവുകള്‍ കിട്ടിയില്ലെങ്കിലും കലാപത്തിനു ശേഷം സര്‍ക്കാരുകള്‍ പെരുമാറുന്ന രീതി ഒരളവു വരെ അവരുടെ പങ്ക് വെളിവാക്കുന്നുണ്ട്. '84-ല്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയോ 2002 കലാപത്തിനു ശേഷം 10 വര്‍ഷത്തോളം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയോ നീതി ലഭ്യമാക്കാന്‍ ഒന്നും ചെയ്തില്ല എന്നതാണ് സത്യം.

രണ്ടു സംഭവങ്ങളിലും ഇവരൊക്കെ സത്യത്തില്‍നിന്ന് മുഖംതിരിക്കുകയായിരുന്നു. ഞങ്ങള്‍ അവരെ ഒരു പാഠം പഠിപ്പിക്കുകയാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഇതുകൊണ്ട് അവര്‍ക്ക് സാധിച്ചു.

 

ഒഴുക്കിനെതിരെ സഞ്ചരിച്ച ഒരുപാടു പോലീസുകാരുടെ ഔദ്യോഗിക ജീവിതം പെട്ടെന്ന് അവസാനിച്ചത് കൗതുകകരമാണ്. ജി.സി റായിഗര്‍, സിങ്കള്‍, ഗീതാ ജോഹ്‌റി... ശര്‍മയെ ഷീപ്പ് ആന്റ് വൂള്‍ വകുപ്പിലേക്ക് പറഞ്ഞയച്ചതിനെപ്പറ്റി ഒരു സ്ഥലത്ത് നാരായണ്‍ തമാശയായി പറയുന്നുണ്ടെന്ന് തോന്നുന്നു. 

പി.സി പാണ്ഡെ എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്, സര്‍ക്കാരിനെ പിന്തുണച്ചിരുന്നെങ്കില്‍ ശര്‍മക്ക് ആ ഗതി വരില്ലായിരുന്നു എന്ന്. ഇയാള്‍തന്നെയാണ് എനിക്ക് മോദിയുമായി കൂടിക്കാഴ്ച ഏര്‍പ്പാടാക്കിത്തന്നതെന്ന് ഓര്‍ക്കണം. ഇങ്ങനെ സര്‍ക്കാരിനെ അനുസരിച്ച് നടക്കുന്നവര്‍ക്കാണ് സ്വാധീനമുള്ളത്. ഞാന്‍ അശോക് നാരായണിന്റെ വീട്ടിലുള്ള ഒരു ദിവസം മോദിയുടെ ചീഫ് സെക്രട്ടറിയോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോ ആയിരുന്ന കൈലാശനാഥന്‍ വന്നിട്ട് അദ്ദേഹത്തോടു പറഞ്ഞു, 'നിങ്ങള്‍ മോദിജിയോട് അളിയനു വേണ്ടി അഭ്യര്‍ഥിച്ച ഹിമാചലില്‍നിന്നുള്ള ടിക്കറ്റ് ശരിയായിട്ടുണ്ട്.' ഇങ്ങനെ സര്‍ക്കാരില്‍നിന്ന് പാരിതോഷികങ്ങള്‍ കിട്ടുന്നതുകൊണ്ടാവാം ഇവരില്‍ ചിലരെങ്കിലും വായ തുറക്കാത്തതെന്നും ഇത് സൂചിപ്പിക്കുന്നുണ്ട്. കുറേ പേര്‍ക്ക് സര്‍ക്കാര്‍ ഭവനങ്ങള്‍ കിട്ടാറുണ്ട്. വിരമിച്ചുകഴിഞ്ഞിട്ടും അവരെ ദൗത്യങ്ങള്‍ ഏല്‍പിക്കാറുണ്ട്.

 

ഗൗരവതരമായ പല കുറ്റങ്ങളും ചുമത്തപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും പദവിയില്‍ തിരിച്ചെത്തിയതും ഞെട്ടിക്കുന്ന കാര്യമാണ്. 

അതെ. 


മുഖ്യധാരാ മാധ്യമങ്ങള്‍ താങ്കളുടെ പുസ്തകത്തെ അവഗണിച്ചു എന്നത് സത്യമാണോ?

ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന ഒരു റിപ്പോര്‍ട്ടും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഒഴിച്ചുനിര്‍ത്തിയാല്‍ മുഖ്യധാരാ മാധ്യമങ്ങളിലൊന്നും ഇതിനെക്കുറിച്ച് പരാമര്‍ശം വന്നിട്ടില്ല. എനിക്കതില്‍ അത്ഭുതം തോന്നിയിട്ടുണ്ട്. ടി.വി മാധ്യമങ്ങളൊക്കെ ഇങ്ങനെയൊരു സംഭവം നടന്നിട്ടേയില്ല എന്ന മട്ടിലാണ് പെരുമാറുന്നത്. 

 

ഇനിയെങ്ങോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്?

ആളുകള്‍ ഈ പുസ്തകം വായിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്. പക്ഷേ, കഴിഞ്ഞ 5 വര്‍ഷമായി മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ കാണിച്ച താല്‍പര്യക്കുറവും ഞാന്‍ നേരിട്ട സമ്മര്‍ദങ്ങളും എന്നെ ഒരു തരത്തിലുള്ള മരവിപ്പിലാഴ്ത്തിയിരിക്കുകയാണ്. കുറച്ചു ദിവസം ഈ മരവിപ്പ് തുടരുമെന്നാണ് എനിക്കു തോന്നുന്നത്. തല്‍ക്കാലം ഞാന്‍ ഓരോ അടി വെച്ച് മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. 

 

വിവ: സയാന്‍ ആസിഫ്: ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം. മീഡിയാ വണ്ണിലും ടൈംസ് ഓഫ് ഇന്ത്യയുടെ ചെന്നൈ എഡിഷനിലും സബ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 4-6
എ.വൈ.ആര്‍