Prabodhanm Weekly

Pages

Search

2016 ഒക്‌ടോബര്‍ 07

2970

മുഹര്‍റം 06

'മക്കംകാണി'യിലെ ഹജ്ജ്

പുത്തൂര്‍ ഇബ്‌റാഹീം കുട്ടി

മുഖ്താര്‍ ഉദരംപൊയില്‍ എഴുതിയ 'മക്കംകാണിയിലെ ഹജ്ജ്' ഹൃദ്യമായി. ഹജ്ജ് വിവരണങ്ങളില്‍ പുതിയ ഒരനുഭവം. ഹജ്ജ് വേളയോടനുബന്ധിച്ച് നമുക്ക് കാണാന്‍ കഴിയാതെ പോകുന്ന, അനേകം വിശ്വാസികളുടെ മാനസികാവസ്ഥ ലേഖകന്‍ വരച്ചുകാണിക്കുന്നു. അനുകൂലമായ എല്ലാ സൗകര്യങ്ങളും ഒത്തുവന്നിട്ടും ഒരു വിശ്വാസി മനസ്സില്‍ എന്നെന്നും താലോലിച്ചുനടക്കുന്ന ഒരാഗ്രഹം നിര്‍വഹിക്കാന്‍ കഴിയാതെ പോകുന്ന അനേകം മനുഷ്യര്‍ നമുക്കിടയിലുണ്ട്. കോടിക്കണക്കിന് വിശ്വാസികള്‍ മഹത്തായ ആ പുണ്യകര്‍മം നിര്‍വഹിച്ചുകടന്നുപോയി. അനേകമടങ്ങ് ജനകോടികള്‍ ഹജ്ജ് ചെയ്യാന്‍ കഴിയാതെ മരണമടഞ്ഞുപോവുകയും ചെയ്തു. ഇന്ന് ചിലര്‍ ഒന്നിലധികം ഹജ്ജുകള്‍ ചെയ്ത് ദൈവാനുഗ്രഹത്തിന്റെ അനര്‍ഘ നിമിഷങ്ങളില്‍ സായൂജ്യമടയുമ്പോള്‍ തന്നെ അപേക്ഷകരുടെ ആധിക്യം കാരണം കുറേ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയുണ്ട് പലര്‍ക്കും. 

'ആദാമിന്റെ മകന്‍ അബു'വിലെ കഥാപാത്രത്തെ പോലെ ഏതെങ്കിലുമൊരു കാരണത്തിലുടക്കി നഷ്ടമാകുന്ന അവസരം പലര്‍ക്കും പറഞ്ഞറിയിക്കാനാവാത്ത വേദനയായിരിക്കും. ഒരു സ്വപ്‌നം മാത്രമായി മനസ്സില്‍ കൊണ്ടുനടക്കുന്നവരും തന്റെ സാഹചര്യം കാരണം ഒരിക്കലും ഹജ്ജ് നിര്‍വഹിക്കാനാകില്ല എന്ന് ഉറപ്പിച്ചവരുമായവരുടെ മനസ്സ് ഹാജിമാര്‍ക്കൊപ്പമാണ്. പരിശുദ്ധ മക്ക അവരുടെ മനസ്സില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. ഹജ്ജ് നിര്‍വഹിക്കുന്നവരെപ്പോലെ അതില്‍ പങ്കുകൊള്ളാന്‍ കഴിയാത്തവരുടെയും കൂടി സ്വപ്‌നങ്ങളാണ് ഓരോ ഹജ്ജ് വേളയിലും പൂര്‍ത്തീകരിക്കപ്പെടുന്നത്. ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ കഴിയാത്തവന്റെ ഹൃദയത്തിലേക്ക് എത്തിനോക്കാനുള്ള ഒരു പ്രേരണയാണ് മുഖ്താര്‍ നല്‍കുന്നത്.

 

സമൂഹത്തില്‍ നന്മ വിതക്കാനാകണം 
സംഘടനകള്‍ക്ക്

 

ഏതു സംഘടനക്കും അവരുടേതായ ആശയവും നിലപാടും ഉണ്ടാവുക സ്വാഭാവികം. അത്തരം ആശയങ്ങള്‍ അണികളെ പഠിപ്പിക്കുക സംഘടനയുടെ കര്‍ത്തവ്യവുമാണ്. അണികളിലും സമൂഹത്തിലും നന്മയുടെ വിത്തുകള്‍ പാകാനും അതിനനുസരിച്ചുള്ള ഫലം കൊയ്‌തെടുക്കാനുമാണ് സംഘടനകള്‍ ശ്രമിക്കേണ്ടത്. അതിനു പകരം തങ്ങളുടെ നിലപാടുകളോട് യോജിക്കാത്തവര്‍ക്കെല്ലാം ഭ്രഷ്ട് കല്‍പിക്കുകയും അനുയായികളെ വൈരനിര്യാതന ബുദ്ധിയോടെ ഇടപെടാന്‍ പ്രേരിപ്പിക്കുന്ന ശൈലിയില്‍ സ്റ്റേജുകളിലും പേജുകളിലും നിരന്തരം വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്താല്‍ താല്‍ക്കാലിക നേട്ടങ്ങളുണ്ടാകാം, ആവേശമുണര്‍ത്താനും കൈയടി നേടാനും കഴിഞ്ഞേക്കാം. 

മനുഷ്യനിര്‍മിതമായ ഒരു സംഘടനയും വിമര്‍ശനത്തിനതീതമല്ല. ഗുണകാംക്ഷയോടെയുള്ള, സൃഷ്ടിപരമായ വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണാനുള്ള വിശാലതയാണ് നേതാക്കളിലും അനുയായികളിലും ഉണ്ടാവേണ്ടത്. അത്തരം നിലപാടുകള്‍ ഇല്ലാത്തതുകൊണ്ടാണ് നിസ്സാരമായ അഭിപ്രായ വ്യത്യാസങ്ങള്‍ പിളര്‍പ്പിലേക്കും തെരുവു യുദ്ധങ്ങളിലേക്കും നയിക്കുന്നത്. 'ഇസ്‌ലാം സമാധാനത്തിന്റെ മതം' എന്ന കാമ്പയിന്‍ യോഗങ്ങളില്‍ പോലും ഇന്നലെവരെ സഹകരിച്ചും ഒരുമിച്ചു പ്രവര്‍ത്തിച്ചും കഴിഞ്ഞവര്‍ക്കെതിരെ വിദ്വേഷത്തിന്റെ വിഷം തുപ്പുകയും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ യഥാര്‍ഥ സത്തയെ വികലമാക്കി സംഘര്‍ഷങ്ങള്‍  സൃഷ്ടിക്കുകയും നിയമപാലകരുടെ ഇടപെടല്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നത് പതിവുകാഴ്ചയാകുന്നത് അതുകൊണ്ടാണ്. നൈര്‍മല്യവും ഉദ്ദേശ്യ ശുദ്ധിയും കൊണ്ടല്ലാതെ, ബാഹ്യപ്രകടനങ്ങളും ചിഹ്നങ്ങളും കൊണ്ടു മാത്രം ഒരു സംസ്‌കാരവും രൂപപ്പെടുത്താനോ വളര്‍ത്താനോ കഴിയുകയില്ല. സ്വന്തം സംഘടനയിലെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ എതിര്‍ സംഘടനയുടെ പതിറ്റാണ്ടുകള്‍ മുമ്പുള്ള നയനിലപാടുകള്‍ മാന്തിയെടുത്തും അക്കാലത്തെ ലേഖനങ്ങളിലെ വരികള്‍ തലയും വാലും മുറിച്ചും അണികളെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതെല്ലാം തങ്ങളെ തന്നെ തിരിഞ്ഞുകൊത്തുമെന്ന കാവ്യനീതിയാണിപ്പോള്‍ പുലരുന്നത്. 

ഓരോ നേതാവിനും ഓരോ നിലപാടും ആശയവും എന്ന സ്ഥിതിയിലാണിപ്പോള്‍ പല സംഘടനകളും. പിളര്‍ന്നുണ്ടാകുന്ന ഓരോ ഗ്രൂപ്പിനും സ്വന്തമായി ആദര്‍ശം ചമയ്ക്കാനും എതിര്‍ഗ്രൂപ്പുകള്‍ക്ക് മറുപടി കൊടുക്കാനും സമ്പത്തും സമയവും അധ്വാനവും ചെലവഴിക്കേണ്ട അവസ്ഥ! 

കെ.എ ജബ്ബാര്‍, അല്‍ഖോബാര്‍

 

സങ്കുചിതത്വത്തില്‍നിന്ന് മുക്തമാവണം ആത്മീയ വായനകള്‍

 

ആത്മീയത വീണ്ടും  ചര്‍ച്ചാവിഷയമായിരിക്കുന്നു.  സങ്കുചിത മതചിന്തകളില്‍നിന്നും കുടുസ്സായ പ്രത്യയശാസ്ത്രസങ്കല്‍പങ്ങളില്‍നിന്നും വന്ന നിര്‍വചനങ്ങളാണ് ആത്മീയതയെ എന്നും വിവാദവത്കരിക്കുന്നത്. ആത്മീയ ജീവിതം മനുഷ്യന് ഒഴിച്ചുകൂടാനാവാത്തതാണ്. എല്ലാ മനുഷ്യരിലും ആത്മീയ ത്വരയുടെ അംശം കണ്ടെത്താന്‍ സാധിക്കും. സാധാരണ ഭൗതികതയോട് ചേര്‍ത്തുകെട്ടിയാണ് ആത്മീയതയെ പലരും നിര്‍വചിക്കാറ്. ഭൗതികത എന്നാല്‍ 'ഉള്ള' കാര്യങ്ങള്‍ എന്നും അതിന്റെ നേര്‍പ്രതിലോമപരമായ അവസ്ഥയെ ആത്മീയത എന്നും വിളിച്ചുപോ

രുന്നു. ഈയൊരു സങ്കല്‍പത്തെയാണ് ആദ്യം പൊളിച്ചെഴുതേണ്ടത്.  'ഉള്ള' കാര്യങ്ങളെയാണ് ഭൗതികത എന്ന് വിളിക്കുന്നതെങ്കില്‍ ആ 'ഉള്ള' കാര്യങ്ങളെ ആഴത്തില്‍ അനുഭവിക്കുന്നതാണ് ആത്മീയത. ഈയൊരു നിര്‍വചനത്തില്‍നിന്നുകൊണ്ട് വിഷയത്തെ സമീപിക്കണം. 'ആത്മീയതാ' ചര്‍ച്ചയുടെ മറ്റൊരു പോരായ്മ അത് മതവിശ്വാസവുമായി ചേര്‍ത്തുകെട്ടുന്നു എന്നുള്ളതാണ്. ആത്മീയത ഒരനുഭൂതിയാണ്. മതസ്വത്വത്തിനെന്നപോലെ മതേതര സ്വത്വത്തിനും മതരഹിതസ്വത്വത്തിനും ആ അനുഭൂതി മരീചികയല്ല. 

മുകളിലെ നിര്‍വചനം ആധാരമാക്കി വിശദീകരിക്കുമ്പോള്‍ മനുഷ്യജീവിതത്തിലെ വ്യത്യസ്ത മേഖലകളേ ആത്മീയതയുടെ പരിസരത്ത് കൊണ്ടുവരാന്‍ സാധിക്കും. ഒരു വിശ്വാസിക്ക് താന്‍ വിശ്വസിക്കുന്നതിനെ യുക്തിഭദ്രമാക്കുന്നതിലൂടെ ആത്മീയതയുടെ പുത്തനുണര്‍വ് ലഭിക്കുന്നു. ദൈവത്തെ വിശ്വസിക്കുന്നതും ദൈവത്തെ യുക്തി വെച്ച് ബോധ്യപ്പെട്ട് വിശ്വസിക്കുന്നതും തമ്മില്‍ വ്യക്തമായ അന്തരമുണ്ട്. നാം ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ഓരോ വസ്തുവിനെയും വസ്തുതയെയും ബോധവും ബോധ്യവും വെച്ച് അനുഭവിക്കുന്നതിനാണ് ആത്മീയത എന്ന് പറയുന്നത്. ശ്രവണമാധുര്യം നല്‍കുന്ന സംഗീതം പോലും ആത്മീയാനുഭൂതിയുടെ ഭാഗമാണ്. 'സംഗീതം ആത്മാവിന്റെ ഭക്ഷണമെ'ന്ന് റൂമി. 

വായന അതിന്റെ തീവ്രഘട്ടത്തില്‍ അനുഭൂതിയായി മാറുന്നു. ചില കഥകളെയും കവിതകളെയും മറ്റും വായിക്കുക എന്നതിലുപരി അനുഭവിക്കാന്‍ നമുക്ക് സാധിക്കാറുണ്ട്.   'ഉള്ള'കാര്യങ്ങള്‍ എന്നത് കേവലം ഖര വസ്തുക്കള്‍ മാത്രമല്ല, നമ്മുടെ ഇന്ദ്രിയങ്ങള്‍ വെച്ച് ബോധ്യപ്പെടുന്നതൊക്കെയും 'ഉള്ള' കാര്യങ്ങളില്‍ പെടും. പലപ്പോഴും ഖര വസ്തുക്കളേക്കാള്‍ നമ്മളെ സ്വാധീനിക്കുക സ്‌നേഹം, സങ്കടം, സന്തോഷം പോലുളള വൈകാരികാനുഭൂതികളാണ്. ആത്മീയതയെ മതപക്ഷ നിര്‍വചനങ്ങളില്‍ ഒതുക്കി നി

ര്‍ത്തുന്നതുകൊണ്ടാണ് അതിന്റെ വിശാലത മനസ്സിലാവാതെ പോവുന്നത്. ഏതെങ്കിലും മതത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ ആധാരത്തില്‍ നിര്‍വചിക്കുന്ന ആത്മീയത സങ്കുചിതത്വത്തില്‍നിന്ന് മുക്തമാവില്ല.

ആതിഖ് ഹനീഫ്

 

മിണ്ടരുത് , തലപോകും!

 

'ഉന്നതരോട് അരുതെന്ന് പറയാനുള്ള കരുത്ത് സംരക്ഷിക്കപ്പെടണം'  സ്ഥാനമൊഴിഞ്ഞ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റേതാണ് ഈ വാക്കുകള്‍. കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളിലെ ഉന്നതരോട് ചില സന്ദര്‍ഭങ്ങളില്‍ അരുത് എന്ന് കണിശ നിലപാട് സ്വീകരിക്കേണ്ടിവരും എന്നും അദ്ദേഹം പറഞ്ഞു (മാധ്യമം 04.09.2016).

ഉന്നതരോട് 'നോ' പറഞ്ഞാല്‍ ജോലി തെറിക്കുന്ന അനുഭവം പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. ചിലപ്പോള്‍ ഏതെങ്കിലും എവറസ്റ്റിലേക്ക് സ്ഥലം മാറ്റിയാവും അധികാരികള്‍ പകരം വീട്ടുക. സത്യം പുറത്തുകൊണ്ടുവന്നാല്‍ തലപോകുന്ന അനുഭവവുമുണ്ടാകാം. കുറ്റവാളികളെ പിടികൂടുന്ന പോലീസുദ്യോഗസ്ഥരെ രാഷ്ട്രീയക്കാര്‍ ഇടപെട്ട് തെക്കുനിന്ന് വടക്കോട്ട് പന്തുതട്ടുന്നത് കേരളീയര്‍ക്ക് സുപരിചിതമായ കാഴ്ചയാണ്.

യോഗത്തിനിടെ ഉറങ്ങിപ്പോയതിന് തലപോയ വാര്‍ത്ത കമ്യൂണിസ്റ്റ് സ്വര്‍ഗത്തില്‍നിന്ന് വന്നു (മനോരമ 1-9-2016). ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ അധ്യക്ഷനായ യോഗത്തില്‍ വിദ്യാഭ്യാസ-ഉപപ്രധാനമന്ത്രി കിം ജോങ് ജീന്‍ ഉറങ്ങിപ്പോയി. അതീവ ഗുരുതരമായ കുറ്റം! അങ്ങനെ സുഖിക്കേണ്ട മോനേ എന്ന് കിം ഉന്‍. ജീനിനെ വെടിവെച്ചുകൊന്നു! മുമ്പും അനേകം പേരെ കിം ഉന്‍ യമപുരിക്കയച്ചിട്ടുണ്ട്. എണ്ണം അറിയില്ല. കിമ്മിന്റെ ഏകാധിപത്യം സഹിക്കാതെ നാടുവിട്ട പ്രമുഖരുമുണ്ട്. സോവിയറ്റ് റഷ്യയില്‍ സ്റ്റാലിന്റെ മുന്നില്‍ ആരും വായ തുറന്നിരുന്നില്ല. വായ തുറന്നവരെ യമപുരിക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നു.

അത്യന്താധുനിക യുഗത്തിലെ സംസ്‌കാരസമ്പന്നരുടെ ക്രൂരതയെയും അസഹിഷ്ണുതയെയും കുറിച്ച് വായിച്ചപ്പോള്‍ മനസ്സ് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കപ്പുറത്തെ ചരിത്രത്തിലേക്ക് ഓടിപ്പോയി. അവിടെ ഭരണാധികാരിയായ ഖലീഫാ ഉമറിനെ ചോദ്യം ചെയ്യുന്നു ഒരു സാധാരണക്കാരി. 'എല്ലാവര്‍ക്കും ഒരു കഷ്ണം തുണി കിട്ടിയപ്പോള്‍ ഉമറിന് കുപ്പായം തുന്നാന്‍ എവിടെനിന്ന് രണ്ടു കഷ്ണം തുണികിട്ടി എന്നറിഞ്ഞിട്ടുമതി മിമ്പറിലെ പ്രസംഗം' എന്ന് സ്ത്രീ ഉമറിനെ വെല്ലുവിളിക്കുന്നു. മകനു കിട്ടിയ തുണി കൂട്ടിച്ചേര്‍ത്താണ് താന്‍ കുപ്പായം തുന്നിയതെന്ന് ഭരണാധികാരിയുടെ ശാന്തമായ മറുപടി. എന്തൊരു നീതിബോധം! എതിര്‍വാക്കു മിണ്ടിയാല്‍, രസിക്കാത്ത സത്യങ്ങള്‍ വിളിച്ചുപറഞ്ഞാല്‍, കുറ്റവാളികളെ പിടികൂടിയാല്‍, നീതി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പ്രജകളുടെ തലതെറിപ്പിക്കുന്ന 'വിദ്യാസമ്പന്നരും' 'സംസ്‌കാരസമ്പന്നരു'മായ ആധുനിക ഏകാധിപതികളെവിടെ! ലോകചരിത്രത്തില്‍ നീതിയുടെ പ്രതിരൂപമായി തിളങ്ങിനില്‍ക്കുന്ന മഹാനായ ഉമറെവിടെ!

കെ.പി ഇസ്മാഈല്‍ ,കണ്ണൂര്‍


തിരുത്ത്

കഴിഞ്ഞ ലക്കത്തില്‍ (2969) പ്രസിദ്ധീകരിച്ച 'പരിഷ്‌കരണത്തിന്റെ രണ്ടു ധാരകള്‍' എന്ന ലേഖനം മദ്രാസ് ഐ.ഐ.ടിയില്‍ ഗവേഷക വിദ്യാര്‍ഥിയായ എം.കെ മുഹമ്മദ് നസീഫ് എഴുതിയതാണ്. ലേഖകന്റെ പേര് തെറ്റായി പ്രസിദ്ധീകരിച്ചതില്‍ ഖേദിക്കുന്നു. 
-എഡിറ്റര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 4-6
എ.വൈ.ആര്‍