Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 30

2969

1437 ദുല്‍ഹജ്ജ് 28

മുഹമ്മദലി എന്ന പ്രതിഭാസം

ടി.കെ ഇബ്‌റാഹീം

മത-വര്‍ണ ഭേദമില്ലാതെ മാനവരാശിയെ ഒന്നടങ്കം ആശ്ലേഷിച്ച പ്രതിഭാസമായിരുന്നു മുഹമ്മദലി ക്ലേ. ലോകത്ത് ആ നാമം-മുഹമ്മദലി ക്ലേ/ കാഷ്യസ് ക്ലേ-കേള്‍ക്കാത്ത എത്ര പേരുണ്ടാവും! ഈ നൂറ്റാണ്ടില്‍ ജീവിച്ചു മരിച്ചുപോയ പ്രസിദ്ധ ഇസ്‌ലാമിക നവോത്ഥന നേതാക്കളെയും-സഈദ് നൂര്‍സി, ശകീബ് അര്‍സലാന്‍, സയ്യിദ് ഖുത്വ്ബ്, ഹസനുല്‍ ബന്നാ, മൗലാനാ മൗദൂദി തുടങ്ങിയവര്‍-കവച്ചുവെക്കുന്ന പ്രശസ്തിയാണ് മുഹമ്മദലി ആര്‍ജിച്ചത്. അതിനു കാരണം മുന്‍ചൊന്ന ഇസ്‌ലാമിക നവോത്ഥാന നേതാക്കള്‍ ഇസ്‌ലാമിക ചക്രവാളത്തില്‍ കറങ്ങുന്നവരായിരുന്നു എന്നതാണ്. മുസ്‌ലിംകള്‍ മാത്രമായിരുന്നു അവരെ അറിഞ്ഞിരുന്നതും ആദരിച്ചിരുന്നതും (ഏറിയ കൂറും). എന്നാല്‍ മുഹമ്മദലി മതങ്ങളുടെ മതിലുകള്‍ പൊളിച്ച് ലോകനഭസ്സില്‍ വിരാജിച്ചു. അതിനു കാരണം അദ്ദേഹത്തിന്റെ സ്‌പെഷ്യലൈസേഷന്‍ സ്‌പോര്‍ട്‌സ് ആയിരുന്നു എന്നതാണ്; മതമീമാംസയോ രാഷ്ട്രമീമാംസയോ തത്ത്വശാസ്ത്രമോ ആയിരുന്നില്ല. സ്‌പോര്‍ട്‌സിന് മത-വര്‍ണ-ഭാഷാ ഭേദമില്ല, ദേശീയ അതിരുകളില്ല. അതിന്റെ പ്രദര്‍ശനരംഗം ലോകമാണ്. ആ ലോകത്താണ് മുഹമ്മദലി വിരാജിച്ചത്.  

സര്‍വതന്ത്ര സ്വാതന്ത്ര്യത്തിന്റെയും കേവല ഭൗതികതയുടെയും ഈറ്റില്ലമായ ഹോളിവുഡില്‍ മുഹമ്മദലി സ്ഥാനം പിടിച്ചു-അതും ആയിരക്കണക്കിന് കലാകാരന്മാരെ (മുമ്പ് പുരസ്‌കാരം ലഭിച്ച) പിന്നിലാക്കിക്കൊണ്ട്-'ഹോളിവുഡ് വാക്ഓഫ് ഫെയ്മി'ല്‍ അദ്ദേഹം നിത്യമുദ്ര പതിച്ചു. നക്ഷത്രാകൃതിയിലുള്ള വെങ്കലത്തില്‍ പേരുകള്‍ കൊത്തി രണ്ടു കിലോമീറ്ററോളം നീളമുള്ള ഇടനാഴിയില്‍ നിലത്ത് പതിക്കുന്നതാണ് ഹോളിവുഡ് വാക് ഓഫ് ഫെയിം എന്ന ഈ ആദരം. ഇതുവരെ 2500-ഓളം കലാകാരന്മാരുടെ പേരുകള്‍ ചേര്‍ക്കപ്പെട്ട വിശാലമായ ആ ഇടനാഴിയില്‍ മുഹമ്മദലിയുടെ പേരും ചേര്‍ക്കാന്‍ തീരുമാനിക്കപ്പെട്ടത് 2002-ലാണ്. ടെലിവിഷന്‍-റേഡിയോ-ചലച്ചിത്ര-നാടക കലാരംഗത്തുള്ളവര്‍ക്ക് മാത്രം കിട്ടുന്ന ഈ ആദരം ലഭിക്കുന്ന ആദ്യ കായിക താരം കൂടിയാണ് മുഹമ്മദലി. ബോക്‌സിംഗിനെ ഒരു ലൈവ് പെര്‍ഫോമന്‍സിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് മുഹമ്മദലിയെ ആ സ്ഥാനത്തേക്ക് സംഘാടകര്‍ പരിഗണിച്ചത്. എന്നാല്‍ ഒരാള്‍ക്കും ലഭിക്കാത്ത മറ്റൊരാദരവ് കൂടി മുഹമ്മദലിക്ക് ലഭ്യമായി. അത് അദ്ദേഹത്തിന്റെ നിലപാടിന്നുകൂടിയുള്ള അംഗീകാരമായിരുന്നു. 

മറ്റു പ്രശസ്തരുടെ പേരുകളെല്ലാം തറയില്‍ പാകിയപ്പോള്‍ മുഹമ്മദലിയുടെ പേര് ഉല്ലേഖനം ചെയ്യപ്പെട്ട താമ്ര നക്ഷത്രം ചുമരിലാണ് അധികൃതര്‍ പതിച്ചത്. 'എന്നെ ആദരിക്കാത്ത ആളുകള്‍ അതില്‍ ചവിട്ടി നടന്നുപോകുംവിധം എന്റെ പേര് നിങ്ങള്‍ നിലത്തു പതിക്കരുത്. കാരണം എന്റെ പേര് ഞങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന പ്രവാചകന്‍ മുഹമ്മദി(സ)ന്റേതാണ്.'' വാക് ഓഫ് ഫെയിമിന്റെ ചരിത്രത്തില്‍ ആദ്യമായി (ഒരുപക്ഷേ അവസാനത്തേതുമാകാം) സകല പേരുകളും തറയില്‍ പതിക്കപ്പെട്ടിരിക്കെ മുഹമ്മദലിയുടെ പേര് മാത്രം കൊഡാക് തിയേറ്ററിന്റെ ചുമരില്‍ തൂക്കിയിട്ടിരിക്കുകയാണ്. 

മുഹമ്മദലി പ്രതിഭാസത്തെ വിശദീകരിക്കുക ഈ ലേഖനത്തിന്റെ ഉദ്ദേശ്യമല്ല. അതിനു ഗ്രന്ഥങ്ങള്‍ വേണ്ടിവരും. എന്തായിരുന്നു ആ വ്യക്തിത്വത്തിന്റെ പ്രത്യേകത? ഒരുനിലക്ക് മഹാവിനീതന്‍, ദൈവഭക്തന്‍, മതപ്രബോധകന്‍.. മറുവശത്ത് മുഴുലോകത്തെയും വെല്ലുവിളിക്കുന്ന മഹാരഥന്‍. ദിഗന്തങ്ങള്‍ നടുങ്ങുന്ന ഗര്‍ജനം. 

ഇസ്‌ലാമിന്റെ മഹത്വവും മുസ്‌ലിമായതിലുള്ള അഭിമാനവും ഉയര്‍ത്തിപ്പിടിക്കാന്‍ കിട്ടിയ ഒരവസരവും അദ്ദേഹം പാഴാക്കിയില്ല. കാനഡയിലെ മോണ്‍ട്രിയാലില്‍ (ടൊറന്റോയില്‍നിന്ന് 450 കിലോമീറ്റര്‍ അകലെ) ഒരു ഗ്രൂപ്പ് അദ്ദേഹത്തെ പണപ്പിരിവ് പരിപാടിക്ക് ക്ഷണിച്ചു. ഉന്നതതാരങ്ങളെ വരുത്തി ഫണ്ട് റൈസിംഗ് നടത്തുക അമേരിക്കയില്‍ പതിവാണ്. മോണ്‍ട്രിയാല്‍ സംഘാടകര്‍ ലക്ഷങ്ങള്‍ അടിച്ചുവാരാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ മുഹമ്മദലിയെ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ പ്രഭാഷണം ബോക്‌സിംഗ് രംഗത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ വിവരിക്കുന്നതാകുമെന്ന് അവര്‍ ന്യായമായും പ്രതീക്ഷിച്ചു. പക്ഷേ മുഹമ്മദലി തന്റെ പ്രഭാഷണ വിഷയം പാടേ മാറ്റി. ഇസ്‌ലാമും ഇസ്‌ലാമിക പ്രബോധനവുമായി മാറി അത്. അതോടെ സംഘാടകര്‍ പരമ കഷ്ടത്തിലായി. ഹാളിന്റെ വാടകക്ക് കൊടുത്ത പണം പോലും അവര്‍ക്ക് ലഭിച്ചിരിക്കാനിടയില്ല. അതാണ് മുഹമ്മദലി. ആരുടെ ഇംഗിതങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും അദ്ദേഹം വഴങ്ങില്ല. 

അമേരിക്കയിലെ വര്‍ണവിവേചനത്തിനും അസമത്വത്തിനുമെതിരെയുള്ള ശക്തമായ ജിഹ്വയായിരുന്നു മുഹമ്മദലി. മാര്‍ട്ടിന്‍ ലൂതര്‍ കിംഗിനു ശേഷമുള്ള ഏറ്റവും ശക്തമായ ജിഹ്വ. നീണ്ട ഗീര്‍വാണങ്ങള്‍ അദ്ദേഹം നടത്തിയില്ല. അദ്ദേഹത്തിന്റെ ഹ്രസ്വവാക്കുകള്‍ മനുഷ്യമനസ്സുകളെ ആകര്‍ഷിച്ചു; അവരെ ആവേശം കൊള്ളിച്ചു. 

അദ്ദേഹത്തിന്റെ ജനാസ അമേരിക്കയുടെ മാറിലൂടെ പതിനായിരങ്ങള്‍ ഇരുവശത്തും ചേര്‍ന്നുനിന്നുകൊണ്ട് നീങ്ങിയപ്പോള്‍ അമേരിക്കന്‍ ഭൂഖണ്ഡം പ്രകമ്പനം കൊണ്ടിരിക്കണം. ദുഷ്ടന്മാര്‍ ഭൂലോകം വിടുമ്പോള്‍ ആകാശവും ഭൂമിയും സന്തോഷിക്കുന്നു. ഫറോവയുടെ തിരോധാനത്തെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞു: ''ആകാശമോ ഭൂമിയോ അവര്‍ക്കു വേണ്ടി കരഞ്ഞില്ല'' (44:39). അതേയവസരം, സത്യവിശ്വാസി ലോകത്തെ വേര്‍പിരിയുമ്പോള്‍ ഭൂമിയും ആകാശവും കരയും, മാലാഖമാര്‍ അവരെ ആശീര്‍വദിക്കും. 

അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും പ്രശസ്ത കൊമേഡിയനുമായ ഡിക് ഗ്രിഗറി മുഹമ്മദലിയെ കുറിച്ച് പറഞ്ഞു: 'അലി തന്നില്‍ കുത്തിവെച്ചിരിക്കുന്നത് ദൈവബോധമാണ്. നിങ്ങള്‍ അലിയെ കാണുമ്പോഴൊക്കെ ചിലപ്പോള്‍ മത്സരത്തിന്റെ അവസാനത്തില്‍ അല്ലെങ്കില്‍ എന്തെങ്കിലും സംസാരിക്കുന്നതിനു മുമ്പ് അദ്ദേഹം ദൈവത്തെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നത് കാണാം. അലി തന്നില്‍ മതവും വിശ്വാസവും കുത്തിവെച്ചിരിക്കുകയാണ്. ഒന്നുകൂടി പറയാം, ഭൂമിക്ക് പുറമെനിന്ന് അന്യഗ്രഹജീവികള്‍ ഭൂമിയില്‍ വന്നാല്‍ ആരെയെങ്കിലും കാട്ടിക്കൊടുക്കാനുണ്ടെങ്കില്‍, മനുഷ്യന്റെ ശാരീരിക ശേഷിയും ഭക്തിയും മാന്യതയും സ്‌നേഹവും കാരുണ്യവും നര്‍മവും എല്ലാം ഒത്തുചേര്‍ന്ന ഒരാളെയാണ് നമുക്ക് കാണിച്ചുകൊടുക്കാനുള്ളത്. അത് മുഹമ്മദലിയാണ്.'' 

 

പാഠങ്ങള്‍, മാതൃകകള്‍

മുഹമ്മദലി നമ്മെ എന്നന്നേക്കുമായി വിട്ടുപോയി. നമുക്കിനി ചെയ്യാനുള്ളത്, അദ്ദേഹം നല്‍കിയ പാഠങ്ങള്‍, മാതൃകകള്‍, മൂല്യങ്ങള്‍, തത്ത്വങ്ങള്‍, ആദര്‍ശങ്ങള്‍, ആശയങ്ങള്‍ എല്ലാം കാത്തുസൂക്ഷിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയുമാണ്. 

 

1. വിശ്വാസം, ദൃഢനിശ്ചയം 

മുഹമ്മദലി അല്ലാഹുവില്‍ വിശ്വസിക്കുക മാത്രമല്ല, ആ വിശ്വാസം അദ്ദേഹത്തെ കരുത്തനും എന്തും നേരിടാന്‍ ശക്തനുമാക്കി. പരാജയം വിജയത്തിന്റെ ചവിട്ടുപടിയാക്കി മാറ്റി. അദ്ദേഹം പറഞ്ഞു:  "I never thought of losing, but none that it has happened, the only thing is to do it right: That is my obligation to all the people who believe in me. We all have to take defeats in life." 

മറ്റൊരിക്കല്‍ അദ്ദേഹം പറഞ്ഞു:"Impossible is not a fact. It is an openion. Impossible is not a declaration. It is dare. Impossible is potential. Impossible is temporary. Impossible is nothing." 

അദ്ദേഹം തന്റെ ജീവിതത്തില്‍ സാധ്യമല്ലാത്ത ഒന്നും കണ്ടില്ല. ഒരു ദൃഢ സത്യവിശ്വാസിയുടെ മഹനീയ മാതൃക. മറ്റൊരിക്കല്‍ അദ്ദേഹം പറഞ്ഞു: "Impossible is just a big word thrown around by small men who find it easier to live in the world they have been given than to explore the power they have to change it." 

ലോകക്രമത്തെ മാറ്റാന്‍ വെമ്പുന്ന ഏത് പരിഷ്‌കര്‍ത്താവിനും ഉദ്ധാരകനും സാധാരണ ഇസ്‌ലാമിക പ്രവര്‍ത്തകനും അനുകരണീയമായ മാതൃക. 

 

2. പ്രബോധന വാഞ്ഛ

മുഹമ്മദലിയുടെ പ്രബോധന വാഞ്ഛയുടെ ഒരു മാതൃക മോണ്‍ട്രിയാലില്‍ സംഭവിച്ചത് മുകളില്‍ കൊടുത്തിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ പ്രഖ്യാപനം കാണുക: 

"I’d settle for being remembered only as a great boxing champion who became a leader and champion of his people." 

ഒരു പ്രബോധകന്, ഇസ്‌ലാമിക പ്രവര്‍ത്തകന് ഇതിലും പ്രചോദകവും ഉത്തേജകവുമായ ഒരു മാതൃകയുണ്ടോ? 

 

3. നിതാന്ത കര്‍മോത്സുകത

മുഹമ്മദലി നിതാന്ത കര്‍മോത്സുകനായിരുന്നു. പാര്‍കിന്‍സണ്‍സ് രോഗവുമായി മല്ലടിക്കുമ്പോള്‍ പോലും അദ്ദേഹം തന്റെ ഉത്സുകതയും കര്‍മാവേശവും വിശ്വാസദാര്‍ഢ്യവും വിട്ടില്ല. 

മരണത്തിന്റെ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപിനെതിരെ അദ്ദേഹം നടത്തിയ ഗര്‍ജനം ഇങ്ങനെയായിരുന്നു: 

'ഞാനൊരു മുസ്‌ലിമാണ്. പാരീസിലോ ലോകത്ത് മറ്റെവിടെയെങ്കിലുമോ നിരപരാധികളായ മനുഷ്യരെ കൊല്ലുന്നതുമായി ഇസ്‌ലാമിന് ഒരു ബന്ധവുമില്ല. തങ്ങളുടെ വ്യക്തിതാല്‍പര്യങ്ങള്‍ക്കു വേണ്ടി ഇസ്‌ലാമിനെ ഉപയോഗിക്കുന്നവര്‍ക്കെതിരില്‍ നാം മുസ്‌ലിംകള്‍ നിലകൊള്ളേണ്ടതുണ്ട്. ........................ ഇസ്‌ലാമിന്റെ പേരു പറഞ്ഞ് കൊലനടത്തുന്നവര്‍ ഇസ്‌ലാമിനെ കുറിച്ച് ജനമനസ്സുകളില്‍ തെറ്റായ ചിത്രം നല്‍കുകയാണ്.'' 

മുഹമ്മദലിയുടെ കര്‍മവീര്യവും നിതാന്തോത്സുകതയും സാധാരണ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, പ്രസ്ഥാനനായകന്മാര്‍ക്ക് കൂടി മാതൃകയാണ്. അമ്പതു വയസ്സാവുമ്പോഴേക്കും വാര്‍ധക്യം എടുത്തണിഞ്ഞ് 'ഇനി യുവാക്കളേറ്റെടുക്കട്ടെ' എന്ന് പറയുന്ന നേതാക്കളുണ്ട്. യഥാര്‍ഥത്തില്‍ വാര്‍ധക്യം അവരുടെ ശരീരത്തിലല്ല, മനസ്സിലാണ്. 74 വയസ്സായപ്പോഴും അദ്ദേഹത്തിന്റെ നിഘണ്ടുവില്‍ വാര്‍ധക്യമുണ്ടായിരുന്നില്ല, യുവത്വം മാത്രമേ ഉണ്ടായിരുന്നുളളൂ. 

 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 2-3
എ.വൈ.ആര്‍