Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 30

2969

1437 ദുല്‍ഹജ്ജ് 28

സലഫി വ്യതിയാനത്തിന്റെ പ്രഭവകേന്ദ്രം

മുജീബ്

''......ഗള്‍ഫ് സലഫിസം എന്ന വിവക്ഷയില്‍ വരുന്ന എല്ലാ നവസലഫിധാരകളും (ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും) ഇന്ത്യയെപ്പോലെയുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ അനാരോഗ്യ പ്രവണതകള്‍ക്ക് ഇടയാക്കുന്നുണ്ട്. സുഊദി, യമന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഗള്‍ഫ് സലഫിസത്തിന്റെ രാഷ്ട്രീയ, സാമൂഹിക നിലപാടുകള്‍, വിവിധ മത വിശ്വാസികള്‍ സഹോദരതുല്യതയോടെ ജീവിക്കുന്ന ഇന്ത്യ പോലെയുള്ള ഒരു രാജ്യത്തിന് അനുപേക്ഷണീയമല്ല. അതില്‍ യമന്‍ സലഫിസം മാത്രമല്ല പ്രതിക്കൂട്ടിലുള്ളത്.... നവ സലഫി വാദങ്ങള്‍ ഓരോന്നും പരിശോധിച്ചാല്‍ അവ ചെന്നെത്തുന്നത് ഇന്ത്യയില്‍ മുസ്‌ലിമിന് ജീവിതമേ സാധ്യമല്ല എന്ന തീര്‍പ്പിലേക്കാണ്. ഇവിടത്തെ വ്യവസ്ഥകളെ അംഗീകരിച്ച് ജീവിക്കുന്നവര്‍ വിശ്വാസത്തോട് നീതി പുലര്‍ത്താത്തവരും സലഫി ധാരക്കു പുറത്തുമാണെന്ന് നവ സലഫിസം പഠിപ്പിക്കുന്നു... ഗള്‍ഫ് സലഫികള്‍ സലഫി രീതിശാസ്ത്രം എന്ന പേരില്‍ അവതരിപ്പിക്കുന്നത് പ്രമാണത്തിന്റെ തെറ്റായ വായനകളാണ്. ആ വ്യാഖ്യാനങ്ങളൊക്കെത്തന്നെയും ഇസ്‌ലാമിന്റെ സൗന്ദര്യാത്മകതയെ നിരാകരിക്കുന്നതും സാമൂഹിക മുന്നേറ്റങ്ങളില്‍നിന്ന് പിറകോട്ട് വലിക്കുന്നതുമാണ്. ഹദീസ് നിരൂപണ ശാസ്ത്രത്തിന്റെ ഭാഗമായി ദുര്‍ബലവും സ്വീകാര്യവുമായ ഹദീസുകളെ വേര്‍തിരിക്കുന്ന അല്‍ജര്‍ഹുവത്തഅ്ദീല്‍, ബിദ്അത്തുകള്‍ അനുഷ്ഠിക്കുന്നവരെ അകറ്റിനിര്‍ത്താന്‍ ആവശ്യപ്പെടുന്ന ഹജ്‌റുല്‍ മുബ്ത്തദിഅ്, വിശ്വാസികളോടും അല്ലാത്തവരോടും വര്‍ത്തിക്കേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്ന അല്‍ വലാഉ വല്‍ ബറാഅ് എന്നീ മൂന്ന് കാര്യങ്ങളാണ് സലഫി മന്‍ഹജിന്റെ അടിസ്ഥാന താല്‍പര്യങ്ങളെന്ന് അവര്‍ തന്നെ പറയുന്നു... അല്‍ വലാഅ് എന്നാല്‍ അല്ലാഹുവിന്റെ പേരിലുള്ള സ്‌നേഹബന്ധങ്ങളും അല്‍ ബറാഅ് എന്നാല്‍ അവിശ്വാസികളോടുള്ള ബന്ധങ്ങളുമാണ് വിവക്ഷിക്കുന്നത്. 'അവിശ്വാസികളോടുള്ള ബന്ധം' എന്നതിനേക്കാള്‍ അതില്‍നിന്ന് എങ്ങനെയൊക്കെ മാറിനില്‍ക്കണം എന്നാണ് ഇതില്‍ ആലോചിക്കുന്നത്. അല്‍ ബറാഅ് എന്ന വാക്കിനര്‍ഥം തന്നെ മാറിനില്‍ക്കല്‍, മുക്തമാക്കല്‍ എന്നൊക്കെയാണ്... സുഊദി പണ്ഡിതനായ ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ അല്‍ വലാഉ വല്‍ ബറാഇന്റെ നിയമങ്ങള്‍ പാലിക്കാത്തവരുടെ പത്ത് സ്വഭാവങ്ങള്‍, പ്രത്യേകതകള്‍ എണ്ണിപ്പറയുന്നുണ്ട്. അവിശ്വാസികള്‍ക്കിടയില്‍ താമസിക്കല്‍, തങ്ങളുടെ ദീനിനെ സംരക്ഷിക്കുന്നതിനു വേണ്ടി മുസ്‌ലിം രാജ്യത്തേക്ക് പലായനം ചെയ്യാതിരിക്കല്‍, ക്രിസ്തു വര്‍ഷം അഥവാ ഇംഗ്ലീഷ് കലണ്ടര്‍ ഉപയോഗിച്ചുള്ള തീയതി കുറിക്കല്‍, ഇസ്‌ലാമികമല്ലാത്ത ആഘോഷങ്ങള്‍ക്ക് ആശംസയര്‍പ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഒരാളിലുണ്ടെങ്കില്‍ അയാളില്‍ വിശ്വാസത്തിന്റെ ഭാഗമായുള്ള അല്‍ വലാഉ വല്‍ ബറാഅ് അവശേഷിക്കുന്നില്ല. അവര്‍ സലഫിധാരയില്‍നിന്നും പുറത്തുപോയിരിക്കുന്നു എന്നാണ് ശൈഖ് ഫൗസാന്‍ വിശദീകരിക്കുന്നത്. അമുസ്‌ലിംകളെ 'സഹോദരാ' എന്ന് അഭിസംബോധന ചെയ്യുന്നത് നിഷിദ്ധമാണെന്നാണ് ശൈഖ് സ്വാലിഹ് അല്‍ ഉസൈമീന്‍ നല്‍കുന്ന ഫത്‌വ. അതുകൊണ്ടുതന്നെ 'എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോദരന്മാരാണെ'ന്ന സാധാരണ ഗതിയില്‍ പറയുന്ന പ്രയോഗങ്ങള്‍ക്കു പോലും ഇവര്‍ക്ക് അരോചകമാണ്. സര്‍ക്കാര്‍ ജോലി സ്വീകരിക്കാനോ മിശ്രവിദ്യാഭ്യാസം അനുസരിച്ച് പഠനം നടത്താനോ പാടുള്ളതല്ല.''

തങ്ങളുടെ ലോക നേതൃത്വങ്ങളെ പോലെ പതിറ്റാണ്ടുകള്‍ കൊണ്ടു നടക്കുകയും സകല മുജാഹിദ് വിഭാഗങ്ങളുടെയും സമ്മേളനങ്ങളില്‍ വിശിഷ്ടാതിഥികളാവുകയും ചെയ്തിരുന്ന സുഊദി സലഫി നേതൃത്വങ്ങളെക്കുറിച്ചും, മൊത്തം അറബുനാടുകളിലുള്ള സലഫിസത്തെക്കുറിച്ചുമുള്ള ഈ 'പുതിയ' വെളിപാടുകള്‍ മുജാഹിദ് മടവൂര്‍ വിഭാഗം പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയില്‍നിന്നുള്ളതാണ് (തീവ്രവാദം: മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദര്‍ശവും നിലപാടും. ലഘുലേഖ-07, 2015-2017 പ്രസിദ്ധീകരണം. ദഅ്‌വ വിംഗ്, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, മര്‍കസുദ്ദഅ്‌വ). മുജീബിന്റെ പ്രതികരണം?

 

സത്താര്‍ കൊളപ്പുറം

 

ഉ: നോ കമന്റ്.

 

ഹിന്ദുക്കള്‍ ന്യൂനപക്ഷമാവുന്നത് എന്തുകൊണ്ട് ?


'ഇന്ത്യയില്‍ കീഴ്ജാതിക്കാര്‍ അപര മതങ്ങളിലേക്ക് മാറാന്‍ പ്രേരിതരായതില്‍ എല്ലാ കാലത്തും മുഖ്യ പങ്കുവഹിച്ചത് മേല്‍ജാതിക്കാര്‍ അനുവര്‍ത്തിച്ച ജാതീയ ഹിംസയാണ്. മര്‍ദനത്തില്‍നിന്നും നീചമായ സാമൂഹിക വിവേചനത്തില്‍നിന്നും മോചനം തേടിയാണ് പലരും ഇസ്‌ലാമിലേക്കും ക്രിസ്തു മതത്തിലേക്കും ബുദ്ധമതത്തിലേക്കുമെല്ലാം മാറിയത്. 1981-ല്‍ തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്ത് ദലിതര്‍ ഇസ്‌ലാമിലേക്ക് കൂട്ട മതപരിവര്‍ത്തനം നടത്തിയതിനു പിന്നിലുണ്ടായിരുന്നതും സവര്‍ണ പ്രഭുക്കളുടെ പീഡനം തന്നെ. ആ കാപാലികത്വം ഇന്നത്തെ രീതിയില്‍ തുടര്‍ന്നാല്‍ ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമാകാന്‍ ഒരു നൂറ്റാണ്ട് തികച്ചു വേണ്ടിവരില്ല'' (ഹമീദ് ചേന്ദമംഗല്ലൂര്‍, 'ഇങ്ങനെ പോയാല്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും', സമകാലിക മലയാളം വാരിക, 2016 ആഗസ്റ്റ് 29). പ്രതികരണം?

 

പി.വി ഉമര്‍കോയ, കല്ലായി, കോഴിക്കോട്

 

ഉ: നോ കമന്റ്.

 

ദര്‍ഗയിലെ സ്ത്രീപ്രവേശം

 

'പ്രശസ്തമായ ഹാജി അലി ദര്‍ഗയിലെ ഖബ്‌റിടത്തില്‍ സ്ത്രീകള്‍ക്കും പ്രവേശാവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. ഖബ്‌റിടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശം നിഷേധിച്ചതിനെതിരെ സന്നദ്ധ സംഘടനയായ ഭാരതീയ മുസ്‌ലിം മഹിള ആന്ദോളന്‍ (ബി.എം.എം.എ) നല്‍കിയ പൊതു താല്‍പര്യ ഹരജിയില്‍ ജസ്റ്റിസുമാരായ ജി.എം. കനാറഡ, രേവധി മോഹി തെദെരെ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. സ്ത്രീകള്‍ അന്യപുരുഷന്റെ ഖബ്‌റിടം ദര്‍ശിക്കുന്നത് ഇസ്‌ലാമില്‍ പാപമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധത്തെ ഹാജി അലി ദര്‍ഗ ട്രസ്റ്റ് ന്യായീകരിച്ചത്. സ്ത്രീകള്‍ക്ക് പ്രവേശം നിരോധിക്കുന്നത് മൗലികാവകാശത്തിന്റെ നിഷേധമാണെന്ന് കോടതി പറഞ്ഞു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കേണ്ട ബാധ്യത ട്രസ്റ്റിനും സര്‍ക്കാറിനുമുണ്ടെന്നും വ്യക്തമാക്കി. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ട്രസ്റ്റിന് ഒന്നര മാസത്തെ സമയം അനുവദിച്ച കോടതി അതുവരെ വിധി നടപ്പാക്കരുതെന്ന് നിര്‍ദേശിച്ചു'' (മാധ്യമം 27-08-2016)

പി.വി.സി മുഹമ്മദ്, പൊന്നാനി

ഉ: സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കണമെന്നത് നബിയുടെ അലംഘനീയ ശാസനയാണ്. നബി(സ)യുടെ സ്വന്തം ആരാധനാലയമായ മദീനയിലെ മസ്ജിദുന്നബവിയില്‍ സ്വപുത്രിമാര്‍ക്കും ഭാര്യമാര്‍ക്കും മറ്റെല്ലാ സ്ത്രീകള്‍ക്കും അദ്ദേഹം പ്രവേശം അനുവദിച്ചിരുന്നു. അവര്‍ക്കായി ഒരു പ്രത്യേക വാതില്‍തന്നെ ഏര്‍പ്പെടുത്തിയിരുന്നു. അന്നുമുതല്‍ ഇന്നുവരെ മസ്ജിദുന്നബവിയിലും മക്കയിലെ മസ്ജിദുല്‍ ഹറാമിലും മൂന്നാമത്തെ പുണ്യഗേഹമായ ഖുദ്‌സിലെ മസ്ജിദുല്‍ അഖ്‌സ്വായിലും സ്ത്രീകള്‍ക്ക് പ്രവേശമുണ്ട്. ഇവ മൂന്നിനേക്കാളും പവിത്രമായ ഒരു സുന്നി മസ്ജിദും ലോകത്തില്ല. ഇക്കാര്യത്തെച്ചൊല്ലി ഇക്കാലത്ത് സ്ത്രീകള്‍ കോടതിയില്‍ പോവേണ്ടതുമില്ല. അല്ലാഹുവും റസൂലും നല്‍കിയ അവകാശം നേടിയെടുക്കാനുള്ള നിശ്ചയദാര്‍ഢ്യമാണ് പ്രകടിപ്പിക്കേണ്ടത്.

എന്നാല്‍, ദര്‍ഗകള്‍ ഇസ്‌ലാമിന്റെ നിര്‍മിതികളല്ല. മറ്റു മതസ്ഥരെ അനുകരിച്ച് പില്‍ക്കാലത്ത് സ്ഥാപിച്ചെടുത്ത സന്യാസിമഠങ്ങളോ 'ആത്മീയ' ഗേഹങ്ങളോ ആണ്. ദര്‍ഗകളില്‍ പുരുഷന്മാര്‍ തന്നെ പോവേണ്ടതില്ല. പിന്നെയല്ലേ സ്ത്രീകള്‍! വിശ്വാസ ചൂഷണത്തിന്റെ ഹീന കേന്ദ്രങ്ങളാണ് മിക്ക ദര്‍ഗകളും; ശിര്‍ക്ക്-ബിദ്അത്തുകളുടെ വ്യാപാര സ്ഥാപനങ്ങളും. കോടതിവിധി അനുകൂലമായാലും ഇല്ലെങ്കിലും പുരുഷന്മാരോ സ്ത്രീകളോ ഒരു ദര്‍ഗയിലും പോവാതിരുന്നാല്‍ മതവും ധനവും മാനവും രക്ഷിക്കാം. വ്യാജ സിദ്ധന്മാര്‍ ആപ്പീസ് പൂട്ടി പോവുകയും ചെയ്യും.  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 2-3
എ.വൈ.ആര്‍