Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 30

2969

1437 ദുല്‍ഹജ്ജ് 28

പൊലിഞ്ഞ ജീവനുകള്‍ കഥപറയുമ്പോള്‍

പി.എ നാസിമുദ്ദീന്‍

'നിയമം ഒരു എട്ടുകാലി വലയാണ്. ചെറുപ്രാണികള്‍ മാത്രം അതില്‍ കുരുങ്ങുന്നു. വണ്ടുകളും കടന്നലുകളും അത് പൊളിച്ച് പുറത്തുകടക്കുന്നു' നീതിന്യായ വ്യവസ്ഥയെ പറ്റി ഒരു ചിന്തകന്‍ പറഞ്ഞ ഈ വാക്കുകള്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നാം ജീവിക്കുന്ന ഇന്ത്യക്കും ഏറെ യോജിക്കുന്നുവെന്ന് കൃത്യമായ തെളിവുകളിലൂടെ സ്ഥാപിക്കുന്ന പുസ്തകമാണ്, മനുഷ്യാവകാശ പ്രവര്‍ത്തകയും അക്കാദമിഷ്യനുമായ മനീഷാ സേഥിയുടെ ഗമളസമ ഘമിറ: ജൃലഷൗറശരല, ഘമം മിറ ഇീൗിലേൃ ഠലൃൃീശൊ ശി കിറശമ. 2014 ല്‍ പ്രസിദ്ധീകരിച്ച ഇതിന്റെ മലയാള പരിഭാഷ  ഇപ്പോള്‍ 'പ്രതീക്ഷാ ബുക്‌സ് കോഴിക്കോട്' പുറത്തിറക്കിയിരിക്കുന്നു. 

ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന നീതിയുടെ മൂല്യങ്ങള്‍ കാറ്റില്‍ പറത്തിയ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ പിന്നാമ്പുറങ്ങള്‍ പുറത്തുകൊണ്ടുവരാനും 'ഭീകരവാദ'ത്തെക്കുറിച്ച മുന്‍ധാരണകള്‍ പരിശോധിക്കാനുമാണ് ഈ കൃതിയില്‍ ശ്രമിക്കുന്നത്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഭീകരാക്രമണങ്ങളെ പ്രതിരോധിക്കാനെന്ന പേരില്‍ സുരക്ഷാ ഉപകരണങ്ങളുടെ വ്യവസായം ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് കമ്പനികള്‍ എങ്ങനെ പൊടിപൊടിക്കുന്നു എന്നതു സംബന്ധിച്ച പഠനവും ഇതിലുണ്ട്. 

മനുഷ്യാവകാശങ്ങളുടെയും ജനാധിപത്യത്തിന്റെയും സുവര്‍ണയുഗത്തിലാണ് നാം ജീവിക്കുന്നതെന്ന് ലിബറല്‍ മാധ്യമങ്ങളും മറ്റു ഭരണകൂട ഏജന്‍സികളും നിരന്തരം വിളിച്ചുപറയുന്നു. അതേസമയം ദേശീയതയെയോ രാജ്യസംബന്ധിയായ മറ്റേതെങ്കിലും വിഷയങ്ങളെയോ സംബന്ധിച്ച് ഒരു തുറന്ന ചര്‍ച്ച നടത്തിയാല്‍, അതുമായി ബന്ധപ്പെട്ടുവരുന്ന സോഷ്യല്‍ മീഡിയാ പോസ്റ്റുകളില്‍ കമന്റിട്ടാല്‍ രാജ്യദ്രോഹിയെന്ന് വിളിച്ച് ഭരണകൂടത്തിന്റെ ഭീകരഹസ്തങ്ങള്‍ നീണ്ടുവരുന്നതിനെക്കുറിച്ചും മനീഷാ സേഥി അപഗ്രഥിക്കുന്നു. 

2005 മുതല്‍ വിവിധ ഇന്ത്യന്‍ നഗരങ്ങളിലും ആരാധനാലയങ്ങളിലുമൊക്കെ നടന്ന ബോംബ് സ്‌ഫോടനങ്ങളെക്കുറിച്ച് ഭീകര വിരുദ്ധ സെല്ലുകളും എന്‍.ഐ.എയും മറ്റും നടത്തിക്കൊണ്ടിരുന്ന കേസുകളുടെ പിന്നാമ്പുറങ്ങളിലേക്കുള്ള സൂക്ഷ്മ സഞ്ചാരവുമാണ് ഈ കൃതി. 

ആഭ്യന്തര വകുപ്പും അന്വേഷണ ഏജന്‍സികളും പുറത്തുവിടുന്ന പ്രസ് റിലീസുകളെ ആശ്രയിക്കാതെ എഫ്.ഐ.ആര്‍, ഇതര പോലീസ് ഡോക്യുമെന്റുകള്‍, സാക്ഷിമൊഴികള്‍, കോടതിയുത്തരവുകള്‍, അന്വേഷണ കമീഷനുകളുടെ റിപ്പോര്‍ട്ടുകള്‍, വിവരാവകാശ പ്രകാരം കിട്ടിയ വസ്തുതകള്‍ എന്നിവയെയൊക്കെ നിഷ്‌കര്‍ഷമായി പഠിച്ച് അവയിലെ വൈരുധ്യങ്ങളും അസംബന്ധങ്ങളും സേഥി പുറത്തെടുക്കുന്നു. 

പത്രത്താളുകളില്‍ നിത്യേന വിളമ്പുന്ന ഭീകരവാദ കഥകളില്‍ മിക്കതും  നിരപരാധികളായ ചെറുപ്പക്കാരെ വീടുകളില്‍നിന്നോ വിദ്യാലയങ്ങളില്‍നിന്നോ 'പൊക്കു'കയും അവര്‍ ചിന്തിക്കുക പോലും ചെയ്യാത്ത കുറ്റങ്ങള്‍ അവരുടെ മേല്‍ ചുമത്തുകയും ചെയ്യുന്ന ഭീകര പ്രക്രിയയാണ്. ഇങ്ങനെ വ്യാജ ഏറ്റമുട്ടലുകളിലും തടവറകളിലും ഹോമിക്കപ്പെട്ട ന്യൂനപക്ഷ സമുദായത്തില്‍പെട്ടവരും അല്ലാത്തവരുമായ നിരപരാധികളുടെ രക്തവും കണ്ണീരും കൊണ്ട് ഈ പുസ്തകത്താളുകള്‍ കുതിര്‍ന്നിട്ടുണ്ട്. 

1995-ല്‍ പഞ്ചാബില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെന്ന പേരില്‍ ആയിരങ്ങള്‍ ശ്മശാനങ്ങളില്‍ ചാരമാക്കപ്പെട്ട ദാരുണ സംഭവങ്ങളുടെ ചുരുളഴിക്കാന്‍ ജസ്വന്ത് സിംഗ് ഖല്‍റ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നടത്തിയ ധീരമായ ശ്രമങ്ങളുടെയും തുടര്‍ന്നുണ്ടായ അയാളുടെ രക്തസാക്ഷിത്വത്തിന്റെയും യഥാസ്ഥിതി സേഥി പരിശോധിക്കുന്നുണ്ട്. കെ.പി.എസ് ഗില്‍ എന്ന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചിലപ്പോള്‍ തീവ്രവാദികളെയും, മറ്റു ചിലപ്പോള്‍ ഒരിക്കല്‍ പോലും ആയുധമെടുത്തിട്ടില്ലാത്ത അവരുടെ സഹപാഠികളെയും ബന്ധുക്കളെയും ഗ്രാമങ്ങളിലോ വയലുകളിലോ വെച്ച് വേട്ടയാടിക്കൊന്ന സംഭവങ്ങള്‍. എത്രപേര്‍ മരണപ്പെട്ടു എന്നറിയാന്‍ ശ്മശാനങ്ങളില്‍ ചിതകൊളുത്തുന്ന മരമുട്ടികളുടെ ഗവണ്‍മെന്റ് റിക്കോര്‍ഡ്‌സ് അന്വേഷിച്ചു നടന്ന ജസ്വന്ത് സിംഗിനും അവസാനം ഇതേ ഗതിവന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു ദിവസം വാനില്‍ വന്ന് അയാളെ വലിച്ചിഴച്ചുകൊണ്ടുപോയി. പിന്നീട് അയാളെ ആരും കണ്ടിട്ടില്ല. ഇതേ രീതിയില്‍ ആന്ധ്രയിലും മറ്റും നടന്ന പോലീസ് ഭീകരതയെക്കുറിച്ചും ഗ്രന്ഥകാരി പരാമര്‍ശിക്കുന്നുണ്ട്. 

ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട ഭരണകൂടവും പോലീസും അവരുടെ അന്തകരായിത്തീരുന്ന വൈപരീത്യം ഒട്ടേറെ കേസ് റെക്കാര്‍ഡുകളുടെയും അതിനെ പിന്തുടര്‍ന്ന് നടത്തിയ സൂക്ഷ്മാന്വേഷണങ്ങളുടെയും ബലത്തില്‍ അവര്‍ അവതരിപ്പിക്കുന്നു. ഗുലാം യസ്ദാനി, മുഹമ്മദ് സര്‍വര്‍ക്കര്‍, ഖാലിദ് മുജാഹിദ്, ഹകീം താരിഖ് എന്നിങ്ങനെ താഴെക്കിടയില്‍നിന്ന് വിദ്യാഭ്യാസം നേടി ഉയര്‍ന്നുവന്നവരും പാവപ്പെട്ട മദ്‌റസാധ്യാപകരുമടക്കമുള്ളവര്‍ ഇന്ത്യന്‍ മുജാഹിദീന്‍ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിക്കുന്ന ദുരൂഹനിര്‍മിതിയിലേക്ക് എങ്ങനെ കണ്ണിചേര്‍ക്കപ്പെട്ടുവെന്നും അവരുടെ ജീവിതം എങ്ങനെ ഹോമിക്കപ്പെട്ടുവെന്നുമുള്ള പുസ്തകത്തിലെ വിവരങ്ങള്‍ ആയിരക്കണക്കിന് ചെറുപ്പക്കാര്‍ അനുഭവിക്കുന്ന ഭീതിതാവസ്ഥയെ അനാവരണം ചെയ്യുന്നു.

കെട്ടിച്ചമക്കപ്പെട്ട ഇത്തരം കേസുകളുടെ ഒരു കൂമ്പാരം തന്നെ ഈ പുസ്തകത്തിലുണ്ട്. ടാഡ, പോട്ട, യു.എ.പി.എ തുടങ്ങിയ നിയമങ്ങള്‍ക്ക് പൗരന്മാരുടെ ജീവിക്കാനുള്ള അവകാശങ്ങളെ കവരാനേ കഴിഞ്ഞിട്ടുള്ളൂ. വ്യാജ കേസുകളും  നിയമവിരുദ്ധ തടവുകളും നീണ്ട തടങ്കല്‍ജീവിതവുമാണ് അവ പലര്‍ക്കും നല്‍കിയത്. ഈ കരിനിയമങ്ങള്‍ ഏതെങ്കിലും തരത്തില്‍ കുറ്റകൃത്യങ്ങളെ തടയാന്‍ പര്യാപ്തമായിട്ടില്ലെന്ന് സേഥി കൃത്യമായ കണക്കുകളോടെ സമര്‍ഥിക്കുന്നു. 76,036 പേര്‍ ടാഡക്കു കീഴില്‍ അറസ്റ്റിലായപ്പോള്‍ അതില്‍ ഒരു ശതമാനം മാത്രമേ ശിക്ഷിക്കപ്പെട്ടുള്ളൂ. പിന്നീട് പ്രാബല്യത്തില്‍ വന്ന പോട്ട പ്രകാരം 1031 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും വെറും 13 പേരെയാണ് ശിക്ഷിച്ചത്. യു.എ.പി.എ ചുമത്തപ്പെട്ട അറസ്റ്റുകളുടെ കണക്കുകള്‍ ഇനിയും ക്രോഡീകരിക്കപ്പെട്ടിട്ടില്ല.  

2008-ല്‍ ദല്‍ഹിയിലെ ബട്‌ല നഗറില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ തുടര്‍ന്നാണ് അതിന്റെ സത്യാവസ്ഥ അറിയാന്‍ ജാമിഅ മില്ലിയ്യയിലെ മനീഷാ സേഥി എന്ന സോഷ്യോളജി അധ്യാപിക രംഗത്തുവന്നത്. കലാലയത്തിലെ നിഷ്‌കളങ്കരായ വിദ്യാര്‍ഥികളുടെ കൊലപാതകം 'ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍' എന്ന കൂട്ടായ്മ രൂപീകരിക്കാന്‍ നിമിത്തമായി. തുടര്‍ന്ന് നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കും കൃത്യമായ അന്വേഷണങ്ങള്‍ക്കുമൊടുവില്‍, അവര്‍ എത്തിച്ചേര്‍ന്ന നടുക്കുന്ന കണ്ടെത്തലുകള്‍ക്ക് പ്രവചനാത്മകതയുണ്ടായിരുന്നെന്ന് പിന്നീട്  നടന്ന മലേഗാവ്, മക്കാ മസ്ജിദ് സ്‌ഫോടനങ്ങളുടെ അന്വേഷണവും തീവ്രഹിന്ദുത്വ സംഘടകള്‍ക്ക് അവയില്‍ പങ്കുണ്ടെന്ന കണ്ടെണ്ടത്തലും തെളിയിച്ചു. 

മലേഗാവ് സ്‌ഫോടനം നടത്തിയത് മുസ്‌ലിം തീവ്രവാദികളാണെന്നും, അത് ഹിന്ദു തീവ്രവാദികളാണെന്ന് വരുത്തിത്തീര്‍ത്ത്  വര്‍ഗീയ കലാപമുണ്ടാക്കാനുള്ള അവരുടെ കുത്സിത ശ്രമമായിരുന്നുവെന്നുമായിരുന്നു സ്‌ഫോടനത്തെക്കുറിച്ചുള്ള അധികൃതഭാഷ്യം. സിമി എന്ന നിരോധിത സംഘടനയില്‍ കുറ്റം ചാര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് നൂറുല്‍ ഹുദാ എന്ന വനിതയടക്കം ഒട്ടേറെ മുസ്‌ലിം ചെറുപ്പക്കാര്‍ അറസ്റ്റിലായി. കൊടിയ പീഡനങ്ങള്‍ക്ക് വിധേയരായി. അവരുടെ കുറ്റസമ്മതമൊഴികളും പാകിസ്താന്‍ ഭീകരവാദികളുമായുള്ള ബന്ധങ്ങളും നിരത്തിയുള്ള അന്വേഷണ ഏജന്‍സികളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പ്രസിദ്ധീകരിച്ചു. 2200 പേജ് വരുന്ന കുറ്റപത്രവും തൊണ്ടിസാധനങ്ങളും ബോംബ് ആക്രമണ ആസൂത്രണത്തിന്റെ ഗ്രാഫുകളും മറ്റും ഹാജറാക്കുകയും ജനങ്ങള്‍ക്ക് ഒരു പ്രത്യേക മതവിഭാഗത്തോട് സ്പര്‍ധയുണ്ടാക്കുന്ന വിധം ഈ 'ഡോക്യുമെന്റു'കളെ ഉപയോഗിക്കുകയും ചെയ്തു. 

എന്നാല്‍ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ചില അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത്തരം കൃത്രിമ തെളിവുകളിലെ വിള്ളലുകള്‍ പുറത്തു കൊണ്ടുവന്നു. പിന്നീട് അന്വേഷണത്തിന്റെ മുന തീവ്രഹിന്ദുത്വ സംഘടനകള്‍ക്കു നേരെ തിരിയുന്നതാണ് കണ്ടത്. തുടര്‍ന്ന് അറസ്റ്റിലായ അസീമാനന്ദ എന്ന സന്യാസി ജയിലില്‍വെച്ച്, നിഷ്‌കളങ്കനായ ഒരു മുസ്‌ലിംയുവാവിന്റെ ഹൃദയഭേദകമായ അവസ്ഥ കണ്ട് മനസ്സാക്ഷിയുടെ സമ്മര്‍ദത്താല്‍ സ്‌ഫോടനത്തിനു പിന്നിലെ എല്ലാ രഹസ്യങ്ങളും തുറന്നുപറയുകയും തുടര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിക്കെഴുതിയ അദ്ദേഹത്തിന്റെ കുറ്റസമ്മത കത്ത് തെഹല്‍ക്കയടക്കമുള്ള മാധ്യമങ്ങള്‍ അതീവ പ്രധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. 

എവിടെ സ്‌ഫോടനമുണ്ടായാലും മുസ്‌ലിം ഭീകരവാദികള്‍ എന്ന പേരില്‍ പ്രസ് റിലീസ് പുറത്തുവിടുന്ന കേസന്വേഷകര്‍ക്കും അതിനനുസൃതമായി എരിവു ചേര്‍ത്ത് അച്ചുനിരത്തുന്ന മാധ്യമങ്ങള്‍ക്കുമുള്ള പ്രഹരമായിരുന്നു അസീമാനന്ദയുടെ ഏറ്റുപറച്ചില്‍. തുടര്‍ന്ന് അറസ്റ്റിലായ പ്രജ്ഞാ സിംഗ് എന്ന സന്യാസിനിയുടെ ഹിംസാത്മക മുഖവും രാഷ്ട്രീയ സ്വയം സേവക് സംഘ് പ്രവര്‍ത്തകരിലേക്കു വരെ നീളുന്ന അന്വേഷണത്തിന്റെ കണ്ണികളും മനീഷാ സേഥി ഉന്നയിച്ച സന്ദേഹങ്ങള്‍ക്കുള്ള വൈകിവന്ന ഉത്തരങ്ങളായിരുന്നു. 

ഇത്തരം നൃശംസതകള്‍ക്കെതിരെ മനുഷ്യസ്‌നേഹികളായ ഒട്ടേറെ സാമൂഹിക പ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളും രംഗത്തുണ്ട്. അവരില്‍ എന്തുകൊണ്ടും ശ്ലാഘിക്കപ്പെടേണ്ട നാമമാണ് മനീഷ സേഥി. ഉയര്‍ന്ന ജീവിതാവസ്ഥയും മറ്റു സുരക്ഷിത സൗകര്യങ്ങളും ഉണ്ടായിട്ടും സ്വന്തത്തെ അപകട സാധ്യതയില്‍ പെടുത്തിതന്നെ സത്യത്തിനും നീതിക്കും വേണ്ടി അവര്‍  നിലകൊള്ളുന്നു എന്നത് ഇരുട്ടിന്റെ ശക്തികള്‍ക്ക് ഇനിയും കെടുത്തിക്കളയാനാകാത്ത നന്മയുടെ കിരണങ്ങളില്‍ പ്രതീക്ഷ നല്‍കുന്നു. 

ഈ പുസ്തകത്തിന് അവര്‍ പേരിട്ടിരിക്കുന്നത് കാഫ്കാ ലാന്റ് (Kafka Land) എന്നാണ്. പോയ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജീവിച്ച ഫ്രാന്‍സ് കാഫ്കാ എന്ന അനശ്വര എഴുത്തുകാരന്റെ സൃഷ്ടികളില്‍ അസംബന്ധവും വിരോധാഭാസവുമൊക്കെ മനുഷ്യജീവിതത്തെ എങ്ങനെ പിടികൂടുന്നുവെന്ന് ആവിഷ്‌കരിക്കുന്നു. അദ്ദേഹത്തിന്റെ 'ട്രയ്ല്‍' എന്ന പ്രശസ്ത നോവലിലെ 'കെ' എന്ന കഥാപാത്രം ഒരു തെറ്റും ചെയ്യാതെ ജീവിതാന്ത്യം വരെ വിചാരണ ചെയ്യപ്പെടുകയും അവസാനം വധിക്കപ്പെടുകയും ചെയ്യുന്നു. സമകാലിക സാമൂഹിക ജീവിതവും ഇത്തരമൊരവസ്ഥയിലൂടെയാണോ കടന്നുപോകുന്നത് എന്ന് ഏവരും ഉത്കണ്ഠപ്പെടുന്ന സന്ദര്‍ഭത്തിലാണ് സേഥിയുടെ പുസ്തകം പുറത്തിറങ്ങുന്നത്. അധീശവര്‍ഗ ക്രൂരതകളെയും കുതന്ത്രങ്ങളെയും കുറിച്ച അന്വേഷണോത്സുക വായനക്കാര്‍ക്ക് ഏറ്റവും ആവശ്യമാണ് ഈ പുസ്തകം. 

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 2-3
എ.വൈ.ആര്‍