Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 30

2969

1437 ദുല്‍ഹജ്ജ് 28

ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍

അശ്‌റഫ് കീഴുപറമ്പ്

ഒരു ക്രിസ്ത്യന്‍ യുവതി അമേരിക്കയിലെ ഒരു ഇസ്‌ലാമിക് സെന്ററിലേക്ക് കയറിച്ചെന്നു. വിവാഹിതയാണ്. കുട്ടികളുണ്ട്. ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചിട്ടുണ്ട്. ഇസ്‌ലാം സ്വീകരിക്കണമെന്ന ആഗ്രഹവുമായി വന്നിരിക്കുകയാണ്. നിങ്ങളുടെ ഭര്‍ത്താവ് ഇസ്‌ലാം സ്വീകരിക്കാന്‍ തയാറായിട്ടുണ്ടോ എന്ന് ഇസ്‌ലാമിക് സെന്ററിന്റെ ഭാരവാഹികള്‍ ആരാഞ്ഞു. ഇല്ലെന്ന് മറുപടി പറഞ്ഞപ്പോള്‍, ഭര്‍ത്താവിനെ വിവാഹമോചനം ചെയ്തു മാത്രമേ ഇസ്‌ലാം സ്വീകരിക്കാനാവൂ എന്ന് ഭാരവാഹികള്‍ കര്‍ശനമായി പറഞ്ഞു. കുട്ടികളുടെ സംരക്ഷണ ഉത്തരവാദിത്തവും അവര്‍ കൈയൊഴിക്കേണ്ടിവരും. 'വേദക്കാരിയായ സ്ത്രീയെ മുസ്‌ലിം പുരുഷന് വിവാഹം ചെയ്യാം; എന്നാല്‍ മുസ്‌ലിമായ സ്ത്രീയെ വേദക്കാരനായ പുരുഷന് വിവാഹം ചെയ്യാന്‍ അനുവാദമില്ല.' പരമ്പരാഗത ഫിഖ്ഹിലെ ഈ സര്‍വാംഗീകൃത തത്ത്വപ്രകാരമാണ് ഭാരവാഹികള്‍ ഫത്‌വ നല്‍കിയത്. അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. പക്ഷേ, ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് പാശ്ചാത്യരുടേതു പോലുള്ള ലിബറല്‍ സമൂഹങ്ങളില്‍ അത്തരം നിലപാടുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ ദൂരവ്യാപകമായിരിക്കും. ഭര്‍ത്താവിനെയും മക്കളെയും കൈയൊഴിച്ചാല്‍ മാത്രമേ ഇസ്‌ലാമിലേക്ക് പ്രവേശനമുള്ളൂ എന്നു വന്നാല്‍ എത്ര വനിതകള്‍ അതിന് തയാറാകും? ഇസ്‌ലാം തന്നെ ശരിയെന്ന് നല്ല ബോധ്യമുള്ളവര്‍ പോലും മാറിനില്‍ക്കാന്‍ അത് ഇടവരുത്തുകയില്ലേ?

ഇത്തരം കാര്‍ക്കശ്യങ്ങളാണ് യൂറോപ്പിലും അമേരിക്കയിലും യൂറോപ്യന്‍ ഫത്‌വാ കൗണ്‍സില്‍ (European Council for Fatwa and Research)  പോലുള്ള വേദികള്‍ രൂപവത്കരിക്കാന്‍ ആധുനിക പണ്ഡിതന്മാര്‍ക്ക് പ്രേരണയായത്. ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളിലൊന്നായ ഇസ്‌ലാമിക പ്രബോധനവുമായി ബന്ധിപ്പിച്ച്, ഇസ്‌ലാം സ്വീകരിക്കാനാഗ്രഹിക്കുന്നവരെ പ്രയാസപ്പെടുത്തരുതെന്ന നിലപാടിലാണ് അത്തരം സമിതികള്‍ എത്തിച്ചേര്‍ന്നത്. മേല്‍ പ്രശ്‌നത്തില്‍ ഫത്‌വാ കൗണ്‍സിലിന്റെ നിലപാട് ഇതാണ്: ഭര്‍ത്താവ് മുസ്‌ലിമായിട്ടില്ലെങ്കിലും ഭാര്യക്ക് ഇസ്‌ലാം സ്വീകരിക്കുന്നതില്‍ തടസ്സമില്ല. ഭര്‍ത്താവിനെ സത്യം ബോധ്യപ്പെടുത്താന്‍ അവള്‍ ശ്രമിച്ചുകൊണ്ടിരിക്കണം. തന്റെ മാര്‍ഗം അദ്ദേഹം സ്വീകരിക്കുമെന്ന് അവള്‍ക്ക് പ്രതീക്ഷയുണ്ടെങ്കില്‍ എത്ര കാലവും ഈ നില തുടരാം; പക്ഷേ, ഈ കാലയളവില്‍ അവര്‍ തമ്മില്‍ ശാരീരിക ബന്ധങ്ങളൊന്നും ഉണ്ടാവരുതെന്ന് മാത്രം. ഇബ്‌നു തൈമിയ്യയും ശിഷ്യന്‍ ഇബ്‌നുല്‍ ഖയ്യിമും ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.1 പാശ്ചാത്യ ലോകത്ത് ജീവിക്കുന്ന മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ പരമ്പരാഗത മദ്ഹബുകളെ കൈയൊഴിഞ്ഞ് ഈ അഭിപ്രായം സ്വീകരിക്കുന്നതാവും ഉചിതം.

ന്യൂനപക്ഷ മുസ്‌ലിം സമൂഹങ്ങള്‍ അഭിമുഖീകരിക്കുന്ന ഇത്തരം ഒട്ടനവധി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന പഠനശാഖയാണ് ഫിഖ്ഹുല്‍ അഖല്ലിയ്യാത്ത്. 'ന്യൂനപക്ഷം' എന്നാണ് അഖല്ലിയ്യത്തിന്റെ അര്‍ഥം. മതന്യൂനപക്ഷങ്ങള്‍ക്ക് മാത്രമല്ല ഈ പ്രയോഗം യോജിക്കുക. ചില നാടുകളിലത് വംശീയ ന്യൂനപക്ഷമായിരിക്കും. അള്‍ജീരിയയിലെയും മൊറോക്കോയിലെയും ബര്‍ബറുകള്‍, ഇറാനിലെയും ഇറാഖിലെയും തുര്‍ക്കിയിലെയും സിറിയയിലെയും കുര്‍ദുകള്‍ എന്നിവര്‍ വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് ഉദാഹരണമാണ്. കനഡയില്‍ ഫ്രഞ്ച് സംസാരിക്കുന്നവര്‍ അവിടത്തെ ഭാഷാ ന്യൂനപക്ഷമായാണ് പരിഗണിക്കപ്പെട്ടുപോരുന്നത്. എന്നാല്‍, ഇന്ന് പ്രചാരത്തിലുള്ള ഫിഖ്ഹുല്‍ അഖല്ലിയ്യാത്തില്‍ വംശീയമോ ഭാഷാപരമോ ആയ ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാവുന്നില്ല. മതന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രമാണ് അത് കൈകാര്യം ചെയ്യുന്നത്. സ്വത്വവുമായും പാരമ്പര്യവുമായും ആഴത്തില്‍ ബന്ധപ്പെട്ടത് മതവും ആദര്‍ശവുമാണ് എന്നതാണതിന് കാരണം.

ന്യൂനപക്ഷ ഫിഖ്ഹിനെക്കുറിച്ച് താത്ത്വികവും പ്രായോഗികവുമായ പല സംശയങ്ങളും ഉന്നയിക്കപ്പെടാറുണ്ട്. ഇസ്‌ലാമില്‍ ഭൂരിപക്ഷവും ന്യൂനപക്ഷവുമുണ്ടോ എന്നാണൊരു സംശയം. ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും ദൈവവിധികള്‍ പരമാവധി പിന്തുടരാന്‍ ഇരുകൂട്ടരും ബാധ്യസ്ഥരാണ്. ഒരു ആദര്‍ശ സമൂഹമെന്ന നിലക്ക് മുസ്‌ലിംകള്‍ ന്യൂനപക്ഷമാവുന്നത് ഇസ്‌ലാം ഒരു ന്യൂനതയോ പോരായ്മയോ ആയി കാണുന്നേയില്ല. വ്യക്തിയുടെയും സമൂഹത്തിന്റെയും സ്വഭാവ(Quality)മാണ്  പ്രധാനം; ആള്‍ബല(Quantity)മല്ല. എത്രയെത്ര ചെറു സംഘങ്ങള്‍ വന്‍ സംഘങ്ങളെ തുരത്തിയോടിച്ചിട്ടുണ്ട് എന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നുണ്ടല്ലോ. 'നിങ്ങളില്‍ ക്ഷമാലുക്കളായ ഇരുപത് പേരുണ്ടെങ്കില്‍ ഇരുന്നൂറ് പേരെ അതിജയിക്കാം' (അല്‍ അന്‍ഫാല്‍ 65) എന്നും പറയുന്നു. സൈനിക വിജയം മാത്രമായി ഇതിനെ വ്യാഖ്യാനിച്ചൊതുക്കരുത്. ശക്തിയും കഴിവുകളുമാര്‍ജിച്ച് ഏത് രംഗത്തും വിജയക്കൊടി പാറിക്കാം എന്നാണതിന്റെ പൊരുള്‍. മുസ്‌ലിമേതര വിഭാഗങ്ങള്‍ക്ക് കൂടി ബാധകമായ പൊതു തത്ത്വമാണിത്. ജൂതസമൂഹത്തെ ഉദാഹരണമായെടുക്കാം. ഇസ്രയേലിലൊഴിച്ച് മറ്റെല്ലായിടത്തും അവര്‍ എണ്ണത്തില്‍ വളരെ ചെറിയ ന്യൂനപക്ഷമാണ്, അമേരിക്കയില്‍ പോലും. എന്നാല്‍ ലോക രാഷ്ട്രീയത്തെയും മീഡിയയെയും സമ്പദ്ഘടനയെയും നിയന്ത്രിക്കുന്നത് ജൂതലോബികളാണെന്നത് തര്‍ക്കമറ്റ കാര്യം. എണ്ണത്തില്‍ കുറവ് ദൗര്‍ബല്യമായോ പോരായ്മയായോ അവര്‍ക്ക് അനുഭവപ്പെടുന്നുമില്ല. ഭൂരിപക്ഷമല്ലാതിരുന്നിട്ടും രാഷ്ട്രങ്ങളെയും ജനസമൂഹങ്ങളെയും നയിച്ച ചരിത്രം മുസ്‌ലിംകള്‍ക്കും ധാരാളം പറയാനുണ്ട്.

ഇതൊക്കെ ശരി തന്നെ. ആര്‍ജവവും സമര്‍പ്പണ മനഃസ്ഥിതിയുമുള്ള സമൂഹങ്ങള്‍ക്ക് ആളെണ്ണക്കുറവ് വലിയൊരു പ്രശ്‌നമല്ലായിരിക്കാം. എന്നാല്‍, ചരിത്രപരവും മറ്റുമായ കാരണങ്ങളാല്‍ ദുര്‍ബലരാക്കപ്പെട്ട ഒരു ജനസമൂഹം ന്യൂനപക്ഷം കൂടിയാണെങ്കില്‍ അവരുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ശ്രദ്ധയും പരിഗണനയും അര്‍ഹിക്കുന്നു. ദുര്‍ബലാവസ്ഥ ഇളവുകള്‍ക്ക് അവരെ അര്‍ഹരാക്കുന്നു. ആരോഗ്യമുള്ളവന് ഇല്ലാത്ത ഇളവുകള്‍ രോഗിക്ക് ഉണ്ടല്ലോ. നാട്ടില്‍ താമസിക്കുന്നവന് ഇല്ലാത്ത പല ഇളവുകളും യാത്രക്കാരനുണ്ട്. സമ്പന്നനെയും ദരിദ്രനെയും ഒരേ നിലയിലല്ലല്ലോ കാണുന്നത്. സ്വാഭീഷ്ടപ്രകാരം ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ളവനും അഭിപ്രായ സ്വാതന്ത്ര്യം തടയപ്പെട്ട് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ജീവിക്കേണ്ടിവരുന്നവന്നും ഒരേ വിധിയല്ലല്ലോ ശരീഅത്തില്‍. വിലക്കപ്പെട്ടത് പോലും നിര്‍ബന്ധിതാവസ്ഥയില്‍ അനുവദനീയമാവുന്ന സന്ദര്‍ഭങ്ങളുണ്ട്. ജീവന്‍ രക്ഷിക്കാന്‍ മറ്റൊന്നും കിട്ടിയില്ലെങ്കില്‍ പന്നിയിറച്ചി തിന്നുക, മദ്യം കുടിക്കുക പോലുള്ളവ. ഇത്തരം നിര്‍ബന്ധിത സാഹചര്യങ്ങളെ വ്യക്തിയില്‍ മാത്രമായി പരിമിതപ്പെടുത്തുന്നു എന്നതാണ് പരമ്പരാഗത ഫിഖ്ഹിന്റെ വലിയൊരു പോരായ്മ.

യഥാര്‍ഥത്തില്‍ നിര്‍ബന്ധിതാവസ്ഥകളില്‍ ചെന്നു പെടുന്നത് വ്യക്തിയേക്കാളുപരി സമൂഹങ്ങളാണ്. കൂടുതല്‍ ഇളവുകള്‍ അര്‍ഹിക്കുന്നതും വ്യക്തികളല്ല, സമൂഹങ്ങളാണ്. പലപ്പോഴും ഭൂരിപക്ഷം വരുന്ന മുസ്‌ലിമേതര വിഭാഗങ്ങള്‍ക്ക് നടുവില്‍ ജീവിക്കേണ്ടിവരുന്ന മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ പലവിധ നിര്‍ബന്ധിതാവസ്ഥകളിലൂടെയാണ് കടന്നുപോകുന്നത്. അതിനാല്‍ നിര്‍ബന്ധിതാവസ്ഥയില്‍ വ്യക്തിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും ഇളവുകളും സമൂഹങ്ങള്‍ക്കും ലഭിക്കേണ്ടതുണ്ട്. ഈയൊരു നിലപാടുതറയിലാണ് ന്യൂനപക്ഷ ഫിഖ്ഹിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. മുസ്‌ലിംകള്‍ ന്യൂനപക്ഷമായ നാടുകളില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളേക്കാള്‍ എത്രയോ ഗുരുതരമല്ലേ മുസ്‌ലിംകള്‍ ഭൂരിപക്ഷമായ പല നാടുകളിലും അവര്‍ നേരിടുന്നത് എന്ന എതിര്‍വാദങ്ങളൊന്നും ഇവിടെ പ്രസക്തമല്ല. മറ്റൊരു തലത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ ഇതുമായി കൂട്ടിക്കെട്ടുന്നത് ഉചിതമല്ല.

കാലവും ദേശവും ജനസമൂഹങ്ങളുടെ സ്വഭാവവുമൊക്കെ മാറുന്ന മുറക്ക് ഫത്‌വകളും മാറും എന്ന ഫിഖ്ഹീ തത്ത്വത്തെക്കുറിച്ച് നാം നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്. ആ തത്ത്വം പ്രയോഗവത്കരിച്ചുകൊണ്ടേ ന്യൂനപക്ഷങ്ങളുടെ ഫിഖ്ഹിനെ വികസിപ്പിച്ചുകൊണ്ടുവരാനാവൂ. മുസ്‌ലിംകള്‍ ബഹുഭൂരിപക്ഷമുള്ള ഒരു പ്രദേശത്തെ പണ്ഡിതന്മാര്‍ നല്‍കുന്ന മതവിധികള്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷമായ ഒരു പ്രദേശത്ത് അതേപടി സ്വീകരിക്കുന്നത് പലപ്പോഴും ആ സമൂഹത്തെയും ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കാനിടയുണ്ട്. അതിനാലാണ്, ന്യൂനപക്ഷ പ്രശ്‌നങ്ങളെ മാത്രം കൈകാര്യം ചെയ്യുന്ന യൂറോപ്യന്‍ ഫത്‌വാ സമിതി പോലുള്ള വേദികള്‍ രൂപവത്കരിക്കേണ്ടിവന്നത്. ഡോ. യൂസുഫുല്‍ ഖറദാവി എഴുതിയതുപോലെ, ഏതൊരു സമൂഹത്തിലെ പണ്ഡിതനും ഒരു ഡോക്ടറുടെ റോളിലാണ്.2 ഡോക്ടര്‍ രോഗിയെ പരിശോധിക്കുക മാത്രമല്ല, രോഗചരിത്രം അയാളോടും ബന്ധുക്കളോടും ചോദിച്ചറിയുകയും ചെയ്യും. രോഗം നിര്‍ണയിച്ചു കഴിഞ്ഞാലുടന്‍ മരുന്ന് എഴുതിക്കൊടുക്കുകയല്ല ചെയ്യുന്നത്. അയാള്‍ക്ക് മറ്റു രോഗങ്ങള്‍ ഉണ്ടെങ്കില്‍ അതുകൂടി പരിഗണിച്ച ശേഷമേ ചികിത്സ ആരംഭിക്കൂ. രോഗം ഒന്നാണെങ്കിലും വിവിധ ചികിത്സാ രീതികളായിരിക്കും ഓരോ രോഗിയിലും പരീക്ഷിക്കുക എന്നര്‍ഥം.

സംഭവലോകത്തെയും അതില്‍ ജീവിക്കുന്ന ജനവിഭാഗങ്ങളെയും അടുത്തറിയുക എന്നത് വളരെ പ്രധാനമാണ്. 'ഫിഖ്ഹുല്‍ വാഖിഅ്' എന്നാണ് ആ വിജ്ഞാനശാഖ അറിയപ്പെടുന്നത്. മുന്‍കാല പണ്ഡിതന്മാര്‍ ഊന്നിപ്പറഞ്ഞിട്ടുള്ള കാര്യവുമാണത്. ഇമാം ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു: ''മുഫ്തിയോ ഖാദിയോ ഭരണാധികാരിയോ ആരാവട്ടെ, അയാള്‍ക്ക് രണ്ട് തരത്തിലുള്ള ഗ്രാഹ്യം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. സംഭവലോകത്തെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് ഒന്നാമത്തേത്. ഈ സംഭവലോകത്ത് നടപ്പാക്കേണ്ട, അല്ലാഹുവും അവന്റെ ദൂതനും നല്‍കിയ നിയമങ്ങളെക്കുറിച്ച് സൂക്ഷ്മജ്ഞാനം ഉണ്ടായിരിക്കുക എന്നതാണ് രണ്ടാമത്തേത്.''3 

 

ഫിഖ്ഹുല്‍ അഖല്ലിയ്യാത്തിന്റെ ചരിത്രം

കൂടിവന്നാല്‍ നല്‍പത് വര്‍ഷത്തെ ചരിത്രമേ ഈ പഠനശാഖക്കുള്ളൂ. ഇതു സംബന്ധമായ ചര്‍ച്ചകള്‍ ഹിജ്‌റ പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ആരംഭിച്ചിരുന്നുവെങ്കിലും, പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി മാത്രം പ്രത്യേകം സമിതികള്‍ നിലവില്‍വന്നത്. മുന്‍കാലങ്ങളിലും മുസ്‌ലിംകള്‍ ന്യൂനപക്ഷമായ സമൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അന്നൊന്നും അതൊരു പഠനശാഖയായി വികസിച്ചിരുന്നില്ല. രണ്ടാം ലോകയുദ്ധാനന്തരം യൂറോപ്പിന്റെ പുനര്‍നിര്‍മാണത്തിനായി ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നെന്ന പോലെ തുര്‍ക്കി, മൊറോക്കോ, തുനീഷ്യ, അള്‍ജീരിയ തുടങ്ങിയ മുസ്‌ലിം നാടുകളില്‍നിന്നും തൊഴിലാളികളെ കൊണ്ടുവരികയും കാലക്രമത്തില്‍ യൂറോപ്യന്‍ സമൂഹങ്ങള്‍ക്കകത്ത് അവര്‍ ന്യൂനപക്ഷമായി രൂപപ്പെടുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഉയര്‍ന്നുവന്ന സ്വത്വപ്രതിസന്ധി അടക്കമുള്ള പ്രശ്‌നങ്ങളാണ് ഈ പഠനശാഖയെ സാധ്യമാക്കിയത് എന്നു പറയാം. ശൈശവദശയിലുള്ള ഈ പാശ്ചാത്യ മുസ്‌ലിം സമൂഹങ്ങളുമായി നിത്യസമ്പര്‍ക്കം പുലര്‍ത്തിയിരുന്ന യൂസുഫുല്‍ ഖറദാവി, ത്വാഹാ ജാബിര്‍ അല്‍വാനി (1935-2016) തുടങ്ങിയ പണ്ഡിതന്മാര്‍ ഇതിന് ദിശാബോധം നല്‍കുകയും ചെയ്തു.

കുറഞ്ഞ കാലയളവിനുള്ളില്‍ ഒട്ടനവധി പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട് പാശ്ചാത്യ മുസ്‌ലിം ന്യൂനപക്ഷ സമൂഹങ്ങള്‍. മുസ്‌ലിം നാടുകളില്‍നിന്നുള്ള ആദ്യകാല കുടിയേറ്റക്കാരില്‍ അധികവും അവിദഗ്ധ തൊഴിലാളികളായിരുന്നു. തൊഴില്‍ കരാര്‍ അവസാനിച്ചുകഴിഞ്ഞാല്‍ നാട്ടിലേക്ക് തിരിച്ചുപോകാനാണ് അവര്‍ പ്ലാനിട്ടിരുന്നത്. യൂറോപ്പിലെ ജീവിതം അവര്‍ അനുഭവിച്ചതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്‍പിക്കാത്ത അരാജകജീവിതം അവരെ ആശങ്കയിലാഴ്ത്തി. പണ്ഡിതന്മാര്‍ ഇതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുമിരുന്നു. സ്വത്വവും ഇസ്‌ലാമിക പാരമ്പര്യവും മുറുകെപ്പിടിക്കാന്‍ മുഖ്യധാരയുമായി അകന്നുകഴിയുന്നതാണ് നല്ലതെന്ന് അവര്‍ ഉപദേശിച്ചു. അതിനാല്‍ കുടിയേറ്റക്കാരുടെ ആദ്യ തലമുറ യൂറോപ്യന്‍ മുഖ്യധാരയില്‍നിന്ന് വേറിട്ട് ഒറ്റപ്പെട്ട തുരുത്തുകളില്‍ കഴിഞ്ഞുകൂടുകയായിരുന്നു. കരാര്‍ ജോലി അവസാനിച്ചുകഴിഞ്ഞാല്‍ നാട്ടിലേക്ക് തിരിച്ചുപോകണമെന്ന് ആഗ്രഹിച്ചവര്‍ ആ ആഗ്രഹം ഉപേക്ഷിച്ച് യൂറോപ്പില്‍തന്നെ സ്ഥിരതാമസമാക്കുകയാണുണ്ടായത്. അവരുടെ രണ്ടും മൂന്നും തലമുറകള്‍ വിദ്യാസമ്പന്നരായിരുന്നു. അതോടൊപ്പം, തൊഴിലന്വേഷകരായി വിദ്യാസമ്പന്നരായ ധാരാളം മുസ്‌ലിം ചെറുപ്പക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് യൂറോപ്പിലും അമേരിക്കയിലും എത്തിക്കൊണ്ടിരുന്നു. പ്രവാസത്തിന്റെ രണ്ടാം ഘട്ടമാണിത്. ഈ ഘട്ടത്തിന്റെ സവിശേഷത ഒറ്റപ്പെട്ട തുരുത്തുകളില്‍ ഒതുങ്ങിക്കൂടിയിരുന്ന മുസ്‌ലിം ജീവിതം അമേരിക്കന്‍ -യൂറോപ്യന്‍ മുഖ്യധാരയുടെ എല്ലാ മേഖലകളിലേക്കും കടന്നുചെല്ലാന്‍ തുടങ്ങി എന്നതാണ്. തെരഞ്ഞെടുപ്പുകളിലും മറ്റും അവര്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്നു. വരാനിരിക്കുന്ന മൂന്നാം ഘട്ടം രാഷ്ട്രീയ ശാക്തീകരണത്തിന്റേതായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. അതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഒരു പാകിസ്താന്‍ വംശജന്‍ ലണ്ടന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടത് ഉദാഹരണം. ആബിദ് ആര്‍. ഖുറൈശി എന്നൊരാളെ അമേരിക്കന്‍ പ്രസിഡന്റ് ജില്ലാ കോടതി ജഡ്ജിയായി നാമനിര്‍ദേശം ചെയ്തത് മറ്റൊരു സൂചനയായി എടുക്കാം.

ഈ മൂന്ന് ഘട്ടങ്ങളിലും പാശ്ചാത്യ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം, മുഖ്യധാരയെ അടക്കിഭരിക്കുന്ന നവലിബറല്‍ ജീവിതരീതികളുമായി ഒത്തുപോകാന്‍ കഴിയുന്നില്ല എന്നതാണ്. മുഖ്യന്യൂനപക്ഷമായി മാറിക്കഴിഞ്ഞ മുസ്‌ലിംകള്‍ക്കാകട്ടെ ഒറ്റപ്പെട്ട ജീവിതം ഇനി സാധ്യവുമല്ല. പലതരം നിര്‍ബന്ധിതാവസ്ഥകള്‍ അവര്‍ക്ക് മുന്നിലുണ്ട്. ചിലതൊക്കെ അംഗീകരിച്ചില്ലെങ്കില്‍ അതിജീവനം വരെ അസാധ്യമാവും. ഉദാഹരണത്തിന് കുറഞ്ഞ വരുമാനക്കാരായ ആളുകള്‍ പാശ്ചാത്യ നാടുകളില്‍ വീട് നിര്‍മിക്കുന്നത് സാധാരണ ബാങ്കുകള്‍ വഴിയാണ്. അതേ സാധ്യമാവൂ. ഇടപാടുകളാകട്ടെ പലിശസഹിതവുമായിരിക്കും. മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍ വീട് സ്വന്തമാക്കാന്‍ ഈ വഴി സ്വീകരിക്കാം എന്നാണ് പണ്ഡിതന്മാര്‍ നല്‍കുന്ന ഫത്‌വ. മറ്റൊരു ഉദാഹരണം: മാതാപിതാക്കള്‍ അവിശ്വാസികളെങ്കില്‍ അവരുടെ സ്വത്ത് അനന്തരമെടുക്കരുത് എന്നത് പരമ്പരാഗത ഫിഖ്ഹില്‍ സ്ഥിരപ്രതിഷ്ഠ നേടിയതാണ്. പാശ്ചാത്യ സമൂഹങ്ങളില്‍നിന്ന് ദിനംപ്രതി നിരവധിയാളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവരുന്ന സാഹചര്യത്തില്‍, ഇത് നടപ്പാക്കിയാല്‍ അവര്‍ക്ക് ലഭിക്കുമായിരുന്ന വലിയ തുക നഷ്ടമാവും. അതവരുടെ അതിജീവനത്തെ മാത്രമല്ല, ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കും. ഈ വിഷയം ആഴത്തില്‍ പഠിച്ചപ്പോള്‍, മാതാപിതാക്കള്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ (മുഹാരിബ്) ആണെങ്കില്‍ മാത്രമാണ് ഈ വിധി ബാധകമാവുക എന്നാണ് പണ്ഡിതന്മാര്‍ കണ്ടെത്തിയിരിക്കുന്നത്.


പരിമിതികള്‍

ഫിഖ്ഹിന്റെ മറ്റു നവീന ശാഖകളില്‍നിന്ന് ഭിന്നമായി, യൂറോപ്പിലെയും അമേരിക്കയിലെയും മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സവിശേഷ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി വളര്‍ന്നുവന്നതാണ് നിലവിലുള്ള ഫിഖ്ഹുല്‍ അഖല്ലിയാത്ത്. യൂറോപ്പിലും അമേരിക്കയിലും കാര്യമായ വേരുകളില്ലാത്ത ആ സമൂഹങ്ങള്‍ നിര്‍മത-ഭൗതിക സംസ്‌കാരത്തില്‍ ലയിച്ചുപോകുമോ എന്ന ഭീതിയില്‍നിന്നാണ് ഒരു ചെറുത്തുനില്‍പു പോലെ ആ ശാഖ രൂപപ്പെടുന്നത്. അതിന്റെ നിയോഗം അത് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു എന്നതും ആഹ്ലാദകരമാണ്. എന്നാല്‍, ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് മൊത്തം മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ എണ്ണം 500 മില്യന്‍ വരും. അതായത് മൊത്തം മുസ്‌ലിം ജനസംഖ്യയുടെ മൂന്നിലൊന്ന്. ഇതില്‍ യൂറോപ്പിലും അമേരിക്കയിലുമുള്ള മുസ്‌ലിം ജനസംഖ്യ 40 മില്യനില്‍ കൂടാനിടയില്ല. ബാക്കി 460 മില്യന്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളും മറ്റു ഭൂവിഭാഗങ്ങളിലാണ്. തീര്‍ത്തും വ്യത്യസ്തമായ ചരിത്രവും സാമൂഹിക സാഹചര്യങ്ങളുമാണ് അവര്‍ക്കുള്ളത്. അവര്‍ക്കും ധാരാളം പ്രശ്‌നങ്ങളുണ്ടെങ്കിലും അവ യൂറോ-അമേരിക്കന്‍ പ്രതിസന്ധികളില്‍നിന്ന് വ്യത്യസ്തമാണ്. അപ്പോള്‍ ഓരോ മേഖലയിലെയും ന്യൂനപക്ഷങ്ങള്‍ക്ക് സവിശേഷമായ ഫിഖ്ഹുല്‍ അഖല്ലിയാത്ത് രൂപപ്പെടേണ്ടിയിരിക്കുന്നു. എങ്കിലേ അവരവരുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയൂ. വിഷയത്തില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ള കൃതികള്‍ യൂറോ-അമേരിക്കന്‍ കേന്ദ്രിതമായതിനാല്‍, അവയെ ഈ വിഷയത്തില്‍ പൊതു മാനദണ്ഡമാക്കാന്‍ കഴിയില്ല എന്നര്‍ഥം.

ഉദാഹരണത്തിന്, ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന് യൂറോപ്പിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുമായി സമാനതകള്‍ വളരെ കുറവാണ്. 150 മില്യനിലധികമുണ്ട് ഇന്ത്യന്‍ മുസ്‌ലിംകള്‍. അറേബ്യയില്‍ ഇസ്‌ലാം പ്രചാരം നേടിയ കാലത്തു തന്നെ അതിന്റെ സന്ദേശം ഇവിടെയും എത്തിയിരുന്നു. നൂറ്റാണ്ടുകളോളം മുസ്‌ലിം രാജാക്കന്മാരാണ് ഇന്ത്യ ഭരിച്ചത്. മുസ്‌ലിം സംസ്‌കാരവും പൈതൃകവും ഇന്ത്യന്‍ ദേശീയതയുടെ അവിഭാജ്യഘടകമാണ്. ടൂറിസ്റ്റുകള്‍ സന്ദര്‍ശിക്കുന്ന മിക്ക ചരിത്ര സ്മാരകങ്ങളും മുസ്‌ലിം ഭരണാധികാരികള്‍ നിര്‍മിച്ചതാണ്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലും അവര്‍ നിര്‍ണായക പങ്കുവഹിച്ചു. ഇതൊക്കെ ഉള്ളതോടൊപ്പം ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ അവര്‍ നിരന്തരം വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നു. ഇതെല്ലാം മുന്നില്‍ വെച്ചു വേണം, മുസ്‌ലിംകളുടെ സ്വത്വസംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള അതിജീവനത്തിന്റെ വഴികളന്വേഷിക്കാന്‍. നിര്‍ഭാഗ്യവശാല്‍, ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ടുള്ള അത്തരം ആഴമുള്ള പഠനങ്ങളൊന്നും ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഫിഖ്ഹുല്‍ അഖല്ലിയ്യാത്ത് പഠനശാഖയില്‍ അത്തരം ഗവേഷണങ്ങള്‍ വലിയ മുതല്‍ക്കൂട്ടായിരിക്കും. 

(അവസാനിച്ചു)

1. ഇബ്‌നുല്‍ ഖയ്യിം- അഹ്കാമു അഹ്‌ലിസ്സിമ്മഃ 1/317

2. ഡോ. യൂസുഫുല്‍ ഖറദാവി- ഫീ ഫിഖ്ഹില്‍ അഖല്ലിയ്യാത്തില്‍ മുസ്‌ലിമ, പേജ് 44

3. ഇബ്‌നുല്‍ ഖയ്യിം: ഇഅ്‌ലാമുല്‍ മുവഖിഈന്‍ 1/87


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 2-3
എ.വൈ.ആര്‍