Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 30

2969

1437 ദുല്‍ഹജ്ജ് 28

ബംഗ്ലാദേശ്...... എന്ത് തെറ്റിനാണ് മീര്‍ ഖാസിമിനെ നിങ്ങള്‍ തൂക്കിലേറ്റിയത്?

ഡോ: അലി അല്‍ ഗാമിദി

2016 സെപ്റ്റംബര്‍ 03 ചൊവ്വ, ബംഗ്ലാദേശിലെ മൂന്നാമത്തെ വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ സമുന്നത നേതാക്കളിലൊരാളായ മീര്‍ ഖാസിം തൂക്കിലേറ്റപ്പെട്ട ദിവസം.  ബംഗ്ലാദേശിലെ മുന്‍നിര പത്രത്തിന്റെയും ടി.വി ചാനലിന്റെയും റേഡിയോ നിലയത്തിന്റെയും നടത്തിപ്പുകാരന്‍. ബര്‍മീസ് അഭയാര്‍ഥി ക്യാമ്പിലും ബംഗ്ലാദേശിലെ ബിഹാരി പാകിസ്താനികളുടെ ക്യാമ്പിലും സഹായ ഹസ്തവുമായി ഓടിനടന്ന കര്‍മയോഗി. 

ബംഗ്ലാദേശിലെ അന്താരാഷ്ട്ര യുദ്ധകുറ്റ വിചാരണാ കോടതിയുടെ വ്യാജ വിധിയെ തുടര്‍ന്നായിരുന്നു മീര്‍ ഖാസിമിനെ തൂക്കിക്കൊന്നത്. അന്തര്‍ദേശീയ കോടതിയെന്നു പറയുമ്പോള്‍, ബംഗ്ലാദേശിനു പുറത്തുനിന്നു പേരിനു പോലും ഒരു ന്യായാധിപനില്ലെന്നു മാത്രമല്ല, പ്രതിഭാഗം വക്കീലുമാര്‍ക്ക് അപ്പീല്‍ പോകാനോ കുറ്റാരോപിതരോട് സംസാരിക്കാന്‍ പോലുമോ അവസരം നല്‍കിയിരുന്നുമില്ല. നിരവധി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിച്ചതുപോലെ, ബംഗ്ലാദേശിലെ ഈ കോടതിക്ക് ലോകത്ത് നിലനില്‍ക്കുന്ന വിചാരണാ നടപടിക്രമങ്ങള്‍ പോകട്ടെ, ആ രാജ്യത്തെ കോടതി നിയമങ്ങള്‍ പോലും പാലിക്കാനുള്ള മര്യാദയുണ്ടായിരുന്നില്ല. 

അല്ലെങ്കിലും ഈ വ്യാജ കുറ്റ വിചാരണകളെ അതിന്റെ തുടക്കത്തില്‍തന്നെ എത്രയോ ലോക മനുഷ്യാവകാശ സംഘടനകള്‍ തള്ളിക്കളഞ്ഞതായിരുന്നു. പ്രത്യേകിച്ചും ബംഗ്ലാ സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ വകവരുത്താന്‍ ലക്ഷ്യമിട്ട് അന്യായ അറസ്റ്റും തടങ്കലും തുടര്‍ന്നു കൊണ്ടിരുന്നപ്പോള്‍ എത്രയോ ആളുകള്‍ പ്രതിഷേധിച്ചു. നാല്‍പ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്നത്തെ ബംഗ്ലാദേശിന്റെ പിറവിക്കു കാരണമായ ആഭ്യന്തര യുദ്ധത്തിന്റെ പേരിലാണ് ഈ നേതാക്കളെ മുഴുവന്‍ യുദ്ധ കുറ്റവാളികളായി ആരോപിച്ച് തുറുങ്കിലടച്ചത്.

യു.എന്നിന്റെ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍, ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ദി ബ്രിട്ടീഷ് ഹൗസ് ഓഫ് ലോഡ്‌സ്, അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ ചില അംഗങ്ങള്‍ തുടങ്ങി എത്രയോ മനുഷ്യാവകാശ സംഘടനകള്‍ ബംഗ്ലാദേശില്‍ നടക്കുന്ന ഈ അന്യായ വ്യാജ വിചാരണകളെയും അതിനെ തുടര്‍ന്നുള്ള വധശിക്ഷകളെയും അപലപിച്ചിട്ടുണ്ട്. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം, ബംഗ്ലാദേശ് സര്‍ക്കാര്‍ അത്തരം വിമര്‍ശനങ്ങള്‍ക്ക് ഒരു വിലയും കല്‍പിക്കുന്നില്ല. 

വിചാരണകള്‍ എന്ന പേരില്‍ വ്യാജവിചാരണകള്‍ നടന്നുകൊണ്ടിരിക്കെ ജഡ്ജിമാരും സര്‍ക്കാരും തമ്മില്‍ നടന്ന എത്രയോ കള്ളക്കളികള്‍ പുറം ലോകം കണ്ടു. അത്തരത്തിലൊന്ന് ചീഫ് ജസ്റ്റിസും സര്‍ക്കാര്‍പക്ഷ സീനിയര്‍ അഭിഭാഷകനും തമ്മില്‍ കള്ളവിചാരണക്കു മുമ്പ് നടന്ന കുപ്രസിദ്ധമായ ഒരു ഒത്തുകളിയുടെ സ്‌കൈപ് വഴി നടന്ന ചാറ്റിംഗ് ദ ഇക്കണോമിക്‌സ് മാഗസിന്‍ പുറത്തുവിട്ടിരുന്നു. അത് മീഡിയ ഏറ്റെടുത്തപ്പോള്‍ അയാള്‍ക്ക് ജഡ്ജിസ്ഥാനം ഒഴിയേണ്ടിവന്നു. സമാനമായ മറ്റൊരു സംഭവം, വാദിഭാഗത്തേക്ക് പേരു ചേര്‍ക്കപ്പെട്ട ഒരു സാക്ഷി കോടതിയിലെത്തിയപ്പോള്‍ പ്രതിഭാഗമായി മാറുകയും പിന്നീട് കോടതിയുടെ പുറത്ത് പ്രധാനകവാടത്തില്‍ വെച്ച് അയാളെ ആരോ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ആറു മാസങ്ങള്‍ക്കു ശേഷം ഇന്ത്യയിലെ ജയിലുകളിലൊന്നില്‍ അയാള്‍ പ്രത്യക്ഷപ്പെടുന്നു. കൊന്നുകളയുമെന്നതിനാല്‍ ബംഗ്ലാദേശിലേക്ക് തിരികെ അയക്കരുതെന്ന് അയാള്‍ ഇന്ത്യന്‍ ജയിലധികൃതരോട് അപേക്ഷിക്കുന്നു. ഇങ്ങനെ എത്രയോ കള്ളക്കളികള്‍ വിചാരണയെന്ന പ്രഹസനത്തിനു പിന്നില്‍ നടക്കുന്നു. 

നേരത്തേ സൂചിപ്പിച്ച ആഭ്യന്തരയുദ്ധത്തെ തുടര്‍ന്നാണ് പുതിയ ബംഗ്ലാദേശിന്റെ ഭരണം ശൈഖ് മുജീബുര്‍റഹ്മാന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. പിന്നീട് യുദ്ധത്തടവുകാരായി ഇന്ത്യയില്‍ വെച്ച് പിടിക്കപ്പെട്ട 195 പാകിസ്താന്‍ സൈനികരെ, ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് സംയുക്ത ധാരണയുടെ അടിസ്ഥാനത്തില്‍ വിട്ടയക്കുന്നു. അതിനു ശേഷം ബംഗ്ലാദേശ് സര്‍ക്കാര്‍ ആഭ്യന്തര യുദ്ധകാലത്ത് പാകിസ്താന്‍ സൈന്യവുമായി സഹകരിച്ച ബംഗ്ലാദേശുകാരെ വിചാരണ ചെയ്യന്നതിനുള്ള നിയമ നിര്‍മാണം നടത്തുകയും നിരവധി പേരെ തടവിലാക്കുകയും അതില്‍ കുറേ പേരെ തുടര്‍ വിചാരണ നടത്തുകയും ബാക്കിയുള്ളവര്‍ക്ക് ശൈഖ് മുജീബുര്‍റഹ്മാന്‍ മാപ്പു നല്‍കുകയും ചെയ്തു. ഇങ്ങനെ തടവിലാക്കപ്പെട്ടവരുടെയോ വിചാരണ നേരിട്ടവരുടെയോ പട്ടികയില്‍ മീര്‍ ഖാസിമിന്റെയോ അദ്ദേഹത്തിനു മുമ്പ് തൂക്കിലേറ്റപ്പെട്ടവരുടെയോ പേരുകള്‍ കാണുക സാധ്യമല്ല. 

തന്നെയുമല്ല, ശൈഖ് മുജീബുര്‍റഹ്മാന്‍ ഭരിച്ച 1972 മുതല്‍ 1975 വരെയുള്ള സമയത്ത് ഇപ്പോള്‍ തൂക്കിലേറ്റപ്പെട്ടവര്‍ക്കെതിരെ ഒരു പരാതി പോലും ആരും ആരോപിച്ചിരുന്നുമില്ല. പിന്നെ എങ്ങനെയാണ്, നിലവിലെ ഭരണകൂടം ആഭ്യന്തരയുദ്ധം കഴിഞ്ഞ് 44 വര്‍ഷം പിന്നിടുന്ന ഈ ഘട്ടത്തില്‍ ഒരു പുതിയ പ്രതിപ്പട്ടിക തട്ടിക്കൂട്ടിയതെന്ന് മനസ്സിലാവുന്നില്ല. ബംഗ്ലാദേശില്‍ താല്‍ക്കാലിക സര്‍ക്കാര്‍ നിലനിന്നപ്പോള്‍, ഇപ്പോഴത്തെ ഭരണകൂടം നയിക്കുന്ന നേതാക്കള്‍ തന്നെ ഈ തൂക്കിലേറ്റപ്പെട്ടവരുടെയും അവരുടെ പാര്‍ട്ടിയുടെയും സഹകരണം പലപ്പോഴും തേടിയിട്ടുണ്ട്. വിരോധാഭാസമെന്നേ പറയാന്‍ കഴിയൂ, ഭരണത്തുടര്‍ച്ച കിട്ടിയപ്പോള്‍ മുമ്പുാക്കിയ ധാരണകളും കരാറുകളും മാറ്റിമറിച്ചു. തോന്നിയ പോലെ ഭരണം തുടങ്ങി. 

മീര്‍ ഖാസിം അലിക്കെതിരില്‍ കൊലക്കുറ്റം ആരോപിച്ച് പരാതി കൊടുത്ത വ്യക്തിയോ അദ്ദേഹത്തിന്റെ കുടുംബമോ കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ അത്തരത്തില്‍ ഒരാരോപണവും നടത്തിയിട്ടില്ല. 40 വര്‍ഷം കഴിഞ്ഞ് പരാതിക്കാരുടെ കുടുംബത്തിലെ ഒരു കുട്ടിയെ മീര്‍ ഖാസിം കൊന്നിരുന്നുവെന്ന് ആ കുടുംബത്തിലെ ഒരാള്‍ ആരോപിക്കുമ്പോള്‍ അതു വിശ്വസിക്കാന്‍ ആര്‍ക്കാണ് കഴിയുക? എന്തൊരു വിരോധാഭാസം!

കഴിഞ്ഞ ആഗസ്റ്റില്‍, യു.എന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഒരു സംഘം മീര്‍ ഖാസിമിനെതിരിലുള്ള വധശിക്ഷ റദ്ദു ചെയ്യണമെന്നും പുനര്‍ വിചാരണ നടത്തണമെന്നും പല കുറി ആവശ്യപ്പെട്ടിരുന്നു. വിചാരണക്കിടയില്‍ നടന്ന അനവധി ക്രമക്കേടുകള്‍ പരിഗണിച്ചാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചത്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ഏഷ്യാ ഡയറക്ടര്‍ ബ്രാഡ് ആഡംസും ബംഗ്ലാദേശ് സര്‍ക്കാറിനോട് മീര്‍ ഖാസിമിനെ തൂക്കിലേറ്റരുതെന്ന് ആവശ്യപ്പെട്ടിരുന്നു. 

ബംഗ്ലാദേശിലെ സുഊദി എംബസിയില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു മാസം കഴിഞ്ഞപ്പോഴാണ് ഞാന്‍ മീര്‍ ഖാസിമുമായി ബന്ധപ്പെട്ടുതുടങ്ങിയത്. ഒരിക്കല്‍  മ്യാന്മറിന്റെ അതിര്‍ത്തിക്കടുത്തുള്ള കോക്‌സ് ബസാറിലെ ബര്‍മീസ് അഭയാര്‍ഥി ക്യാമ്പിലേക്ക് മീര്‍ ഖാസിം എന്നെ കൊണ്ടുപോയി. 1986-ലെ ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിനു ശേഷമായിരുന്നു ഞങ്ങളുടെ ആ യാത്ര. മൂന്ന് ദിവസം ഞങ്ങള്‍ അഭയാര്‍ഥികളോടൊത്ത് അവരുടെ ക്യാമ്പില്‍ താമസിച്ചു. കഷ്ടപ്പെടുന്ന ആ അഭയാര്‍ഥികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി ഓടി നടക്കുന്ന മീര്‍ ഖാസിമെന്ന ആ കര്‍മയോഗി ഇന്നും എന്റെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്നു. മുസ്‌ലിം വേള്‍ഡ് ലീഗിന്റെ ബംഗ്ലാദേശ് ഡയറക്ടറായിരുന്നു അദ്ദേഹം അപ്പോള്‍. 

അഭയാര്‍ഥികള്‍ക്കായി തിമിര ശസ്ത്രക്രിയയുടെ ഒരു മെഡിക്കല്‍ ക്യാമ്പ് അദ്ദേഹം ഒരുക്കിയത് ഞാനോര്‍ക്കുന്നു. അര്‍ധരാത്രി വരെ നീണ്ട ആ ക്യാമ്പില്‍ ധാക്കയില്‍നിന്നുള്ള രണ്ടു വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നൂറോളം രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ സാധിച്ചു. ബര്‍മീസ്, ബിഹാരി അഭയാര്‍ഥികള്‍ക്കു വേണ്ടി നിരവധി നേത്ര രോഗ ക്ലിനിക്കുകളും സ്‌കൂളുകളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും അദ്ദേഹം ആരംഭിച്ചു. അവയെല്ലാം കാണാന്‍ അദ്ദേഹം എന്നെയും കൊണ്ടുപോയിരുന്നു. 

മീര്‍ ഖാസിമേ, താങ്കള്‍ക്ക് എന്റെ ഹൃദയം തൊട്ട പ്രാര്‍ഥനകള്‍...... അല്ലാഹു താങ്കളുടെ പരലോക ജീവിതം വിജയപൂരിതമാക്കട്ടെ. സ്വര്‍ഗീയാരാമങ്ങളിലെ ഏറ്റവും ഉന്നത സ്വര്‍ഗം അല്ലാഹു താങ്കള്‍ക്ക്  നല്‍കുമാറാകട്ടെ. 

മീര്‍ ഖാസിം അലിയുടെ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും എന്റെ അനുശോചനങ്ങളും പ്രാര്‍ഥനകളും. ഒപ്പം മീര്‍ ഖാസിമിന്റെ സഹായം പ്രതീക്ഷിച്ചു കഴിയുന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നൂറൂകണക്കിനു വരുന്ന പാവപ്പെട്ട സഹോദരങ്ങള്‍ക്കും....

നമുക്കു പ്രാര്‍ഥിക്കാം; അല്ലാഹുവേ, ഞങ്ങളില്‍നിന്ന് വിട്ടുപിരിഞ്ഞ മീര്‍ ഖാസിമിനു പകരം മറ്റൊരു മീര്‍ ഖാസിമിനെ തന്ന് നീ ഞങ്ങളെ അനുഗ്രഹിക്കേണമേ..... 

 

(ഡോ: അലി അല്‍ ഗാമിദി മുന്‍ സുഊദി നയതന്ത്രജ്ഞനും സൗത്ത് ഈസ്റ്റ് ഏഷ്യാ അഫയേഴ്‌സ് വിദഗ്ധനുമാണ്-സൗദി ഗസറ്റ് 06.08.2016- വിവര്‍ത്തനം: അബൂ ആദില്‍)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 2-3
എ.വൈ.ആര്‍