Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 23

2968

1437 ദുല്‍ഹജ്ജ് 21

താല്‍പര്യങ്ങളെയും അരുതായ്മകളെയും തുലനപ്പെടുത്തുമ്പോള്‍

അശ്‌റഫ് കീഴുപറമ്പ്

മുന്‍ഗണന (ഔലവിയ്യത്ത്) പോലെ പ്രധാനമാണ് തുലനപ്പെടുത്തലും (മുവാസനഃ). നവീന ഫിഖ്ഹിന്റെ ഈ രണ്ട് ധാരകളും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. എന്താണ് ഫിഖ്ഹുല്‍ മുവാസനഃ? ഇസ്സുദ്ദീനുബ്‌നു അബ്ദിസ്സലാം, അല്‍ ജുവൈനി, ഗസാലി, ഇബ്‌നു തൈമിയ്യ പോലുള്ള പ്രഗത്ഭരായ പൂര്‍വിക പണ്ഡിതന്മാര്‍ തന്നെ അത് വിശദീകരിച്ചിട്ടുണ്ടെങ്കിലും, ഒരു സ്വതന്ത്ര ഫിഖ്ഹീ ശാഖ എന്ന നിലയില്‍ അത് വികാസം കൈവരിക്കുന്നത് ഈയടുത്ത കാലത്താണ്. സമകാലിക പ്രശ്‌നങ്ങളുമായി ബന്ധിപ്പിച്ച് അതിന് സവിശേഷമായ ഒരിടം ഉണ്ടാക്കിക്കൊടുത്തത് ഡോ. യൂസുഫുല്‍ ഖറദാവിയാണ്. 'ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മുന്‍ഗണനാക്രമം' എന്ന പുസ്തകത്തില്‍ ഈ ഫിഖ്ഹീ ശാഖയുടെ സാധ്യതകളെ അദ്ദേഹം പരിശോധിക്കുന്നുണ്ട്. പല കാരണങ്ങളാല്‍ സ്തംഭവനാവസ്ഥയിലായ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളെ ഉണര്‍ത്താനും ചലിപ്പിക്കാനും സാധ്യമാകുമെന്നതിനാല്‍ ങമരൃീ എശൂവ എന്ന വിശേഷണവും ഫിഖ്ഹുല്‍ മുവാസനഃ ആര്‍ജിച്ചിരിക്കുന്നു.

ശരീഅത്തിന്റെ ആത്യന്തിക ലക്ഷ്യം അരുതായ്മകള്‍ തടയുകയും വ്യക്തിയുടെയും സമൂഹത്തിന്റെയും ഇഹ-പര താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയുമാണല്ലോ. പക്ഷേ, ചില സന്ദര്‍ഭങ്ങളില്‍ ഈ രണ്ട് ലക്ഷ്യങ്ങള്‍- അരുതായ്മകള്‍ തടയുക, താല്‍പര്യങ്ങള്‍ സംരക്ഷിക്കുക- നിര്‍ണയിക്കലും നടപ്പാക്കലും അത്ര എളുപ്പമായിരിക്കില്ല. പ്രായോഗികമായി പലതരം സങ്കീര്‍ണതകള്‍ വന്നുപെടും. ഒരു താല്‍പര്യം സംരക്ഷിക്കണമെങ്കില്‍ ചിലപ്പോള്‍ മറ്റൊരു താല്‍പര്യം ബലികഴിക്കേണ്ടിവരും. അല്ലെങ്കില്‍ ഏറ്റവും അടിയന്തരമായ ഒരു താല്‍പര്യം സംരക്ഷിക്കണമെങ്കില്‍ എന്തെങ്കിലും ഒരു അരുതായ്മ ചെയ്യുകയല്ലാതെ നിവൃത്തിയില്ല എന്നു വന്നേക്കാം. പുതിയ കാലത്തെ നമ്മുടെ ജീവിതത്തില്‍ ഇതുപോലുള്ള സങ്കീര്‍ണതകള്‍ വളരെക്കൂടുതലാണു താനും. ഇത്തരം സന്ദര്‍ഭങ്ങളില്‍, മുന്നില്‍ വന്നിട്ടുള്ള വിവിധ ഓപ്ഷനുകളെ, ബദലുകളെ താരതമ്യം ചെയ്യുകയും പരസ്പരം തുലനപ്പെടുത്തുകയും, സന്ദര്‍ഭവും ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളും മുന്നില്‍ വെച്ച് ഒരു ഓപ്ഷന്‍ തെരഞ്ഞെടുക്കുകയും ചെയ്യാന്‍ നമ്മെ പ്രാപ്തമാക്കുന്ന വിജ്ഞാനശാഖയാണ് ഫിഖ്ഹുല്‍ മുവാസനഃ എന്ന് സാമാന്യമായി പറയാം.

ഇസ്‌ലാമികമല്ലാത്ത ചുറ്റുപാടുകളില്‍ ജീവിക്കുന്ന മുസ്‌ലിം സമൂഹങ്ങള്‍ മുവാസന എന്ന പരികല്‍പന ഉള്‍ക്കൊള്ളുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്തില്ലെങ്കില്‍ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ഖറദാവി മുന്നറിയിപ്പ് നല്‍കുന്നുണ്ട്: ''ഫിഖ്ഹുല്‍ മുവാസന നാം പ്രയോഗവത്കരിച്ചില്ലെങ്കില്‍ നന്മയുടെയും അനുഗ്രഹത്തിന്റെയും പല വാതിലുകളായിരിക്കും നാം നമുക്ക് മുമ്പാകെ കൊട്ടിയടക്കുന്നത്. അങ്ങനെ നിരാകരണത്തിന്റെ ഒരു തത്ത്വശാസ്ത്രം നാം ഉണ്ടാക്കിയെടുക്കും. എന്തു കാര്യം വന്നാലും പാടില്ല എന്നായിരിക്കും ഉത്തരം. പ്രശ്‌നങ്ങളെയും പ്രതിയോഗികളെയും നേരിടേണ്ടിവരുമ്പോള്‍ ഒഴിഞ്ഞുമാറാനും സ്വന്തമായി തുരുത്തുകള്‍ നിര്‍മിച്ച് അതില്‍ ഒതുങ്ങിക്കൂടാനും ഇതൊരു നിമിത്തമായിത്തീരും. ചിന്തയും ആലോചനയും ഇജ്തിഹാദും ആവശ്യമുള്ള ഒരു നിര്‍ദേശം ഉയര്‍ന്നുവരുമ്പോള്‍, 'പാടില്ല', 'ഹറാം' എന്നൊക്കെ പറയാന്‍ അത്തരക്കാര്‍ക്ക് വളരെ എളുപ്പവുമാണ്. എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം ഫിഖ്ഹുല്‍ മുവാസന പ്രയോഗിക്കുകയാണെങ്കില്‍, ദീര്‍ഘകാലാടിസ്ഥാനത്തിലും ഹ്രസ്വകാലാടിസ്ഥാനത്തിലും വ്യക്തിക്കും സമൂഹത്തിനും ഉണ്ടാകാവുന്ന നേട്ടകോട്ടങ്ങള്‍ തുലനം ചെയ്ത് ഒരു സുചിന്തിത തീരുമാനത്തില്‍ എത്തുകയാണെങ്കില്‍, അതായിരിക്കും അരുതായ്മകളെ തടുക്കുന്നതിനും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള മികച്ച വഴി.''1

 

മൂന്ന് സന്ദര്‍ഭങ്ങള്‍

മുഖ്യമായും മൂന്ന് സന്ദര്‍ഭങ്ങളിലാണ് ഫിഖ്ഹുല്‍ മുവാസന ആവശ്യമായി വരിക. ഒന്ന്: രണ്ട് താല്‍പര്യങ്ങള്‍ ഒന്നിച്ചുവരിക, രണ്ടും ഒന്നിച്ചു സാക്ഷാത്കരിക്കാന്‍ നിവൃത്തിയില്ലാതെ വരിക. ഒന്ന് ബലികൊടുത്തേ മറ്റേത് സാക്ഷാത്കരിക്കാനാകൂ. അപ്പോള്‍ ഇരു താല്‍പര്യങ്ങളെയും തുലനം ചെയ്ത് നോക്കണം. അടിയന്തര പ്രാധാന്യമുള്ളത് ഏതാണെന്ന് അപ്പോള്‍ നിശ്ചയിക്കാനാകും. അത് തെരഞ്ഞെടുക്കുക.2

രണ്ട്: രണ്ട് അരുതായ്മകളാണ് വന്നുപെട്ടിരിക്കുന്നത്. ഒരു അരുതായ്മയെ തടുക്കണമെങ്കില്‍ മറ്റേ അരുതായ്മ ചെയ്യേണ്ടിവരും. അത്തരം സന്ദര്‍ഭങ്ങളില്‍ ഇരു അരുതായ്മകളെയും തുലനം ചെയ്ത് ഏറ്റവും അപകടകരമായത് ഏത് എന്ന് നിശ്ചയിക്കുകയും അതിനെ തടുക്കാന്‍ അപകടം കുറഞ്ഞതിനെ സ്വീകരിക്കുകയും ചെയ്യുക. ''തിന്മകളും വേണ്ടാതീനങ്ങളും മാത്രമാണ് ഉള്ളതെങ്കില്‍ സാധ്യമാവുന്ന പക്ഷം അവയെ ഒന്നടങ്കം തടുക്കുക തന്നെയാണ് വേണ്ടത്. എല്ലാം തടുക്കാന്‍ സാധ്യമല്ലെങ്കില്‍ ഏറ്റവും മോശമായതും നിന്ദ്യമായതും ആദ്യം തടയണം.''3

മൂന്ന്: താല്‍പര്യങ്ങളും അരുതായ്മകളും ഒന്നിച്ചു വരികയും അവ പ രസ്പരം വിരുദ്ധമായിരിക്കുകയും ചെയ്യുക. അരുതായ്മകളെ തടുക്കുകയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയുമാണ് സാധാരണ ഗതിയില്‍ ഒരു വിശ്വാസി ചെയ്യേണ്ടത്. പക്ഷേ, ചിലപ്പോഴെങ്കിലും ഇവ രണ്ടും വേര്‍പിരിക്കാനാവാത്ത വിധം കെട്ടുപിണഞ്ഞാണ് വരിക. അതായത്, താല്‍പര്യം സംരക്ഷിക്കണമെങ്കില്‍ ഒരു അരുതായ്മ ചെയ്യേണ്ടതായിവരും; അല്ലെങ്കില്‍ അരുതായ്മകളെ തടുക്കാന്‍ ചില താല്‍പര്യങ്ങള്‍ കൈയൊഴിയേണ്ടതായി വരും. ഇവിടെയും ഏത് ഓപ്ഷന്‍ സ്വീകരിച്ചാലാണ് അത് വ്യക്തിക്കും സമൂഹത്തിനും കൂടുതല്‍ ഉപകാരപ്രദം എന്ന് നോക്കിയാണ് ഒരു തീരുമാനത്തില്‍ എത്തുന്നത്. ഇരു ഓപ്ഷനുകള്‍ക്കും തുല്യ പ്രാധാന്യമാണുള്ളത് എന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നതെങ്കില്‍, താല്‍പര്യ സംരക്ഷണത്തേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് അരുതായ്മകളെ തടയുന്നതിനാണ്. അത് ഫിഖ്ഹിലെ അംഗീകൃത തത്ത്വമാണ്.

ഒട്ടേറെ സാധ്യതകള്‍ ഉള്ളതോടൊപ്പം തന്നെ നിരവധി അപകടങ്ങളും പതിയിരിക്കുന്ന മേഖലയാണിതെന്ന ബോധവും വേണം. ഇസ്‌ലാമിക പ്രമാണങ്ങളിലും മഖാസ്വിദുശ്ശരീഅഃ പോലുള്ള വൈജ്ഞാനിക ശാഖകളിലും ആഴത്തില്‍ അറിവ് നേടിയിട്ടില്ലാത്തവര്‍ ഈ മേഖലയില്‍ കൈവെക്കുന്നത് സൂക്ഷിച്ചു വേണം. വഴിതെറ്റാനും അബദ്ധനിഗമനങ്ങളിലെത്തിച്ചേരാനുമുള്ള സാധ്യതകള്‍ വളരെക്കൂടുതലാണ്.

ഇനി, മേല്‍പ്പറഞ്ഞ മൂന്നിനങ്ങളിലും ഇസ്‌ലാമിക പ്രമാണങ്ങള്‍ എന്ത് നിലപാടെടുക്കുന്നു എന്ന് നോക്കാം.

 

താല്‍പര്യങ്ങള്‍/അരുതായ്മകള്‍ ഒന്നിച്ചുവരുമ്പോള്‍

രണ്ട് താല്‍പര്യങ്ങള്‍ ഒന്നിച്ചു വരികയും അതിലൊന്ന് തെരഞ്ഞെടുക്കുകയും പ്രാധാന്യം നല്‍കുകയും ചെയ്തതിന് വിശുദ്ധ ഖുര്‍ആനില്‍ ധാരാളം തെളിവുകളുണ്ട്. രണ്ട് സന്ദര്‍ഭങ്ങള്‍ മാത്രം ഇവിടെ എടുത്തെഴുതാം.

* ''ഹാജിമാര്‍ക്ക് വെള്ളം കൊടുക്കുന്നതും വിശുദ്ധ പള്ളി പരിപാലിക്കുന്നതും, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുകയും ചെയ്യുന്നവനെ (അവന്റെ പ്രവൃത്തി) പോലെ നിങ്ങള്‍ ആക്കുകയാണോ? അല്ലാഹുവിങ്കല്‍ അവര്‍ തുല്യരല്ല... സത്യത്തില്‍ വിശ്വസിക്കുകയും സ്വദേശം വിടുകയും ധനം കൊണ്ടും ശരീരം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുകയും ചെയ്തവര്‍ അല്ലാഹുവിന്റെ അടുക്കല്‍ മഹത്തായ പദവിയുള്ളവരാണ്'' (അത്തൗബ 19,20). ഹാജിമാര്‍ക്ക് സേവനം ചെയ്യുന്നതും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നതും ഒരുപോലെയല്ല എന്നാണിവിടെ പറഞ്ഞിരിക്കുന്നത്. എത്രയോ പദവി ഉയര്‍ന്നതാണ് ദൈവമാര്‍ഗത്തില്‍ ജീവനും ധനവും ത്യജിച്ചുള്ള പോരാട്ടം. അതാണ് വിശ്വാസി തെരഞ്ഞെടുക്കേണ്ടത് എന്ന് ഉദ്‌ബോധിപ്പിക്കുകയാണ്. രണ്ടും ഇസ്‌ലാമിന്റെ തന്നെ താല്‍പര്യങ്ങളാണെങ്കിലും, ഒന്നിന് മുന്‍ഗണനയും പ്രാധാന്യവും നല്‍കാന്‍ കല്‍പിക്കുന്നു. ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരു രാത്രി യുദ്ധസന്നാഹവുമായി കഴിച്ചുകൂട്ടുന്നതാണ് ലൈലത്തുല്‍ ഖദ്‌റില്‍ ഹജറുല്‍ അസ്‌വദിന്റെ അടുത്ത് രാത്രിനമസ്‌കാരം നിര്‍വഹിക്കുന്നതിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത്'' എന്ന അബൂഹുറയ്‌റ(റ)യുടെ വാക്യം ഇവിടെ ഓര്‍ക്കാം (വിശദാംശങ്ങള്‍ ഇബ്‌നു തൈമിയ്യയുടെ മജ്മൂഉല്‍ ഫതാവാ (28/6-3)യില്‍ കാണാം).

* ''ഒരു നബിക്കും (ശത്രുക്കളായ) ബന്ധനസ്ഥരുണ്ടാകുന്നത് ഭൂഷണമല്ല; അദ്ദേഹത്തിന് ഭൂമിയില്‍ ശക്തി കൈവരുംവരെ. നിങ്ങള്‍ ഐഹിക വിഭവങ്ങള്‍ ഉദ്ദേശിക്കുന്നു; അല്ലാഹുവാകട്ടെ പരലോകത്തെ ഉദ്ദേശിക്കുന്നു'' (അല്‍ അന്‍ഫാല്‍ 67). ബദ്ര്‍ യുദ്ധത്തെക്കുറിച്ച് വന്ന പരാമര്‍ശമാണിത്. യുദ്ധത്തില്‍ വിജയിച്ച മുസ്‌ലിംകള്‍ ശത്രുസൈനികരെ ബന്ദികളായി പിടിച്ചിരുന്നു. ഇവരുടെ കാര്യത്തില്‍ രണ്ടാലൊരു ഓപ്ഷനാണുള്ളത്. ഒന്നുകില്‍ മോചനദ്രവ്യം വാങ്ങി വിട്ടയക്കുക, അല്ലെങ്കില്‍ കൊന്നുകളയുക. മോചനദ്രവ്യം വാങ്ങി വിട്ടയക്കാനാണ് നബിയും അനുയായികളും തീരുമാനിച്ചത്. ഇതിനെ വിമര്‍ശിക്കുകയാണ് ഖുര്‍ആന്‍. വിശ്വാസികളെ ഏത് നിലക്കും ഉന്മൂലനം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടവരെ വിട്ടയക്കുന്നത് ശത്രുക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്യുക. അരക്ഷിതാവസ്ഥയില്‍ കഴിയുന്ന മുസ്‌ലിം സമൂഹത്തിന് അത് ഭാവിയില്‍ കൂടുതല്‍ അപകടം ചെയ്യും. അതേസമയം, വലിയ തുക മോചനമൂല്യമായി ലഭിക്കുമെന്നതിനാല്‍ വിശ്വാസിസമൂഹത്തിന്റെ സാമ്പത്തിക പരാധീനതകള്‍ക്ക് വലിയൊരളവില്‍ പരിഹാരമാകുമെന്ന ഗുണം രണ്ടാമത്തെ ഓപ്ഷനുണ്ട്. പക്ഷേ, അത്തരം ഒരു സന്ദിഗ്ധ ഘട്ടത്തില്‍ ഭൗതിക താല്‍പര്യങ്ങളല്ല, ആദര്‍ശ താല്‍പര്യങ്ങളാണ് തെരഞ്ഞെടുക്കേണ്ടതെന്ന പാഠമാണ് ഇവിടെ നല്‍കുന്നത്.

'ജമാഅത്ത് നമസ്‌കാരം ഒറ്റക്കുള്ള നമസ്‌കാരത്തേക്കാള്‍ ഇരുപത്തിയേഴിരട്ടി പുണ്യമുള്ളതാണ്' (ബുഖാരി), 'ഒരു രാത്രിയും പകലും സൈനികസേവനം ചെയ്യുന്നത് ഒരു മാസം മുഴുവന്‍ നോമ്പുനോല്‍ക്കുന്നതിനേക്കാളും നിന്ന് നമസ്‌കരിക്കുന്നതിനേക്കാളും ഉത്തമമാണ്' (മുസ്‌ലിം), 'നിങ്ങളില്‍ ഒരാളുടെ ദൈവമാര്‍ഗ സമരത്തിലെ നില്‍പ് സ്വന്തം വീട്ടില്‍ വെച്ച് എഴുപത് വര്‍ഷം നമസ്‌കരിക്കുന്നതിനേക്കാള്‍ ഉത്കൃഷ്ടമാണ്' (തിര്‍മിദി) തുടങ്ങിയ നബിവചനങ്ങളിലും താല്‍പര്യങ്ങള്‍ ഒന്നിച്ചുവരുമ്പോള്‍ ഏത് തെരഞ്ഞെടുക്കണം എന്നതിന് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.

രണ്ടാമത്തെ ഇനമായ രണ്ട് അരുതായ്മകള്‍ ഒന്നിച്ച് വരുന്നതിനും ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കുന്നതിനും ഖുര്‍ആനില്‍ സൂചനകളുണ്ട്. ''ആദരണീയ മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെക്കുറിച്ച് അവര്‍ താങ്കളോട് ചോദിക്കുന്നു. പറയുക: അതില്‍ യുദ്ധം ചെയ്യുന്നത് വലിയ കുറ്റമാണ്. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ആളുകളെ തടയുന്നതും അവനെയും പുണ്യ മസ്ജിദിനെയും നിഷേധിക്കുന്നതും അല്ലാഹുവിന്റെ ആളുകളെ അതില്‍നിന്ന് പുറത്താക്കുന്നതും ഏറ്റവും വലിയ കുറ്റമാകുന്നു. കുഴപ്പം കൊലയേക്കാള്‍ വലുതാണ്'' (അല്‍ബഖറ 217). പവിത്രമാസത്തില്‍ യുദ്ധം ചെയ്യുന്നത് വലിയ കുറ്റമാണെന്ന് പറയുന്ന ഖുര്‍ആന്‍ തന്നെ, വിശുദ്ധ ഭൂമിയില്‍നിന്ന് വിശ്വാസികളെ തടയുന്ന ശത്രുക്കളുടെ നടപടി അതിനേക്കാള്‍ വലിയ കുറ്റമാണെന്നും കുഴപ്പം ക്ഷണിച്ചുവരുത്തുന്നതാണെന്നും വ്യക്തമാക്കുന്നു. യുദ്ധം ചെയ്യുന്നതും വിശ്വാസികളെ തടഞ്ഞ് കുഴപ്പമുണ്ടാക്കലും രണ്ടും കുറ്റങ്ങള്‍ തന്നെ. പക്ഷേ, അവ ഒരേ തരത്തിലല്ല. വിശ്വാസികളെ തടഞ്ഞ് കുഴപ്പമുണ്ടാക്കാനാണ് ശത്രുക്കളുടെ നീക്കമെങ്കില്‍ അതിനെതിരെ യുദ്ധം ചെയ്യുന്നത് അനുവദനീയമാകുമെന്നര്‍ഥം. രണ്ട് കുറ്റങ്ങളില്‍ അപകടം കുറഞ്ഞത് തെരഞ്ഞെടുക്കുക എന്ന രീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.

അല്‍കഹ്ഫ് അധ്യായത്തില്‍ (സൂക്തം 79) പാവങ്ങളുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ കേട് വരുത്തുന്ന ഖിദ്ര്‍ എന്ന പുണ്യപുരുഷന്‍, തന്റെ ചെയ്തിയെ മൂസാ നബി(അ)യോട് ന്യായീകരിക്കുന്നത് ഇങ്ങനെയാണ്: ഈ കപ്പല്‍ മുന്നോട്ട് പോയാല്‍ അപകടമാണ്. അവിടെ ഒരു രാജാവ് കപ്പല്‍ കൊള്ളയടിക്കാനായി കാത്തിരിക്കുന്നുണ്ട്. കപ്പല്‍ ഓട്ടയാക്കിയാല്‍ യാത്ര തുടരാനാവില്ലല്ലോ. അങ്ങനെ കപ്പല്‍ കൊള്ളക്കാരില്‍നിന്ന് രക്ഷപ്പെടും. ഇവിടെ, കപ്പല്‍ ഓട്ടയാക്കുക എന്നത് അതിന്റെ ഉടമസ്ഥനോട് ചെയ്യുന്ന അക്രമം തന്നെയാണ്. പക്ഷേ, അങ്ങനെ ചെയ്യുന്നത്, അതിനേക്കാള്‍ വലിയ ഒരു അതിക്രമത്തില്‍നിന്ന് കപ്പലിനെ രക്ഷപ്പെടുത്താനാണ്.

മൂസാ പ്രവാചകന്‍ ദിവ്യസന്ദേശം സ്വീകരിക്കാനായി സീനാ പര്‍വതത്തിലേക്ക് പോയപ്പോള്‍ ഇസ്രാഈല്യരുടെ ചുമതല സഹോദരന്‍ ഹാറൂനെയാണ് ഏല്‍പിച്ചിരുന്നത്. തിരിച്ചുവരുമ്പോള്‍ മൂസാ(അ) കാണുന്നത്, തന്റെ ജനത പശുക്കുട്ടിയെ ആരാധിക്കുന്നതാണ്. എന്തുകൊണ്ടിത് തടഞ്ഞില്ല എന്ന് അദ്ദേഹം കോപിഷ്ടനായി തന്റെ സഹോദരനോട് ചോദിക്കുമ്പോള്‍, അങ്ങനെ തടയാന്‍ തുനിഞ്ഞാല്‍ അത് ഇസ്രാഈല്യരെ ഭിന്നിപ്പിക്കുമോ എന്ന് താന്‍ ഭയന്നു എന്നാണ് ഹാറൂന്‍ മറുപടി പറയുന്നത്. ബഹുദൈവാരാധനയും ശൈഥില്യവും ഒരുപോലെ തിന്മകള്‍ തന്നെ. ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല ഹാറൂനിന്. തെരഞ്ഞെടുപ്പ് ശരിയായോ എന്നത് മറ്റൊരു കാര്യം.

ഹദീസുകളിലും ഇതുപോലുള്ള ധാരാളം സംഭവങ്ങള്‍ കാണാം. ഒരിക്കല്‍ ഒരു ഗ്രാമീണ അറബി വന്ന് നബി(സ)യും അനുചരന്മാരും ഇരിക്കുന്ന പള്ളിയില്‍ മൂത്രമൊഴിക്കാന്‍ തുടങ്ങി. തടയാന്‍ തുനിഞ്ഞ അനുചരന്മാരോട് നബി(സ) പറഞ്ഞു: 'അദ്ദേഹത്തെ വിട്ടേക്കൂ. മൂത്രമൊഴിച്ചുതീരട്ടെ. തുടര്‍ന്ന് ഒരു പാത്രം വെള്ളം കൊണ്ടുവരാന്‍ നബി(സ) നിര്‍ദേശിച്ചു; മൂത്രിച്ച സ്ഥലത്ത് വെള്ളം ഒഴിക്കാനും. അനുയായികള്‍ക്ക് ഒരു ഉപദേശവും നല്‍കി: ആളുകള്‍ക്ക് എളുപ്പമാക്കി കൊടുക്കണം; അവരെ പ്രയാസപ്പെടുത്തരുത്. ഇതിനു വേണ്ടിയാണ് നിങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.' രണ്ട് തിന്മകള്‍ തമ്മിലുള്ള തുലനമാണ് ഈ സംഭവത്തില്‍ നാം കാണുക. പള്ളിയില്‍ മൂത്രമൊഴിക്കുക എന്നത് തിന്മയാണ്. പക്ഷേ പള്ളിയില്‍ മൂത്രമൊഴിക്കാന്‍ പാടില്ല എന്ന് അറിയാത്ത ശുദ്ധനായ ഒരു ഗ്രാമീണനെ ഭയപ്പെടുത്തുന്നതും അതു കാരണം അയാളില്‍ ദീനിനോട് വെറുപ്പ് ജനിപ്പിക്കുന്നതും അതിനേക്കാള്‍ വലിയ തിന്മയാണ്.4

ഭിന്നവിരുദ്ധങ്ങളായ താല്‍പര്യങ്ങളെയും അരുതായ്മകളെയും തുലനം ചെയ്യുന്നതാണ് മൂന്നാമത്തെ ഇനം. ഒരിക്കല്‍ പ്രവാചകന്‍ തന്റെ പത്‌നി ആഇശ(റ)യോട് പറഞ്ഞു: ''ഓ, ആഇശാ! നിന്റെ സമൂഹം ജാഹിലീ വിശ്വാസാചാരങ്ങളില്‍നിന്ന് ഈയടുത്ത് ഇസ്‌ലാമിലേക്ക് വന്നവരായിരുന്നില്ലെങ്കില്‍, ഞാന്‍ ഇപ്പോഴുള്ള കഅ്ബ പൊളിക്കുകയും വിട്ടുപോയതൊക്കെ അതിലേക്ക് കൂട്ടിച്ചേര്‍ക്കുകയും തറ നിരപ്പാക്കുകയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓരോ വാതില്‍ വീതം വെക്കുകയും അങ്ങനെ ഇബ്‌റാഹീം പ്രവാചകനിട്ട അടിത്തറയില്‍ അതിനെ പുതുക്കിപ്പണിയുകയും ചെയ്‌തേനെ.'' മക്കാ വിജയത്തിനു ശേഷമാണ് നബി(സ) ഇത് പറയുന്നത്. താന്‍ ഉദ്ദേശിച്ച രീതിയില്‍ കഅ്ബ പുതുക്കിപ്പണിയാന്‍ തടസ്സങ്ങളേതുമില്ല. ഇബ്‌റാഹീം(അ) ഇട്ട അതേ അടിത്തറയില്‍ തന്നെ കഅ്ബ പുനര്‍നിര്‍മിക്കുക എന്നതാണ് ഇസ്‌ലാമിന്റെ താല്‍പര്യവും. പക്ഷേ, ആ താല്‍പര്യത്തേക്കാള്‍ വലിയ അപകടം അതുമൂലം വന്നുചേരുമോ എന്ന് പ്രവാചകന്‍ ആശങ്കിച്ചു. കഅ്ബയുമായി ആഴത്തില്‍ വൈകാരിക ബന്ധമുള്ളവരാണ് ഖുറൈശികള്‍. അവരില്‍നിന്ന് പുതുതായി ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് നബി(സ)യുടെ സദുദ്ദേശ്യം ബോധ്യപ്പെടണമെന്നില്ല. അവരതിന്റെ പേരില്‍ ഇസ്‌ലാമില്‍നിന്ന് പുറത്തുപോവുകയും ജനങ്ങളെ ഇളക്കിവിടുകയും ചെയ്‌തേക്കാം. ചെയ്യേണ്ട ഒരു കാര്യം അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതം ഓര്‍ത്ത് മാറ്റിവെക്കുകയാണ് ഇവിടെ.

തന്റെ പത്‌നി ആഇശ(റ)ക്കെതിരെ അപവാദ പ്രചാരണം നടത്തിയ കപടന്മാരെ വധിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ നബി(സ) അത് നിരാകരിക്കുകയാണ് ചെയ്തത്. 'മുഹമ്മദ് സ്വന്തം അനുയായികളെ കൊല്ലുകയാണെന്ന് ജനം പറഞ്ഞു നടക്കും' എന്നാണ് അതിന് കാരണമായി പ്രവാചകന്‍ പറഞ്ഞത്. മുസ്‌ലിംകളെ വഞ്ചിക്കുകയും തരം കിട്ടുമ്പോഴൊക്കെ ശത്രുക്കള്‍ക്ക് ഒറ്റുകൊടുക്കുകയും നബിപത്‌നിമാരെപ്പറ്റി പോലും അപവാദം പ്രചരിപ്പിച്ച് മാരക വിഷം തുപ്പുകയും ചെയ്യുന്നവരെ മാതൃകാപരമായി കൈകാര്യം ചെയ്യണമെന്നുതന്നെയാണ് പൊതു താല്‍പര്യം. പക്ഷേ, കപടന്മാര്‍ പുറമേക്ക് മുസ്‌ലിം സമൂഹത്തിന്റെ ഭാഗമാണ്. അവര്‍ ചെയ്യുന്ന നീചവൃത്തികളൊന്നും പുറം ലോകം അറിയുന്നില്ല. അവര്‍ക്കെതിരെ നടപടിയെടുത്താല്‍ പ്രവാചകന്‍ സ്വന്തം അനുയായികളെ കൊന്നുതീര്‍ക്കുകയാണെന്ന പ്രചാരണവുമായി ശത്രുക്കള്‍ രംഗത്തിറങ്ങും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ദോഷം ചെയ്യും. അതുകൊണ്ട് കപടന്മാരെ ശിക്ഷിക്കുകയെന്ന പൊതുതാല്‍പര്യം പ്രവാചകന്‍ വേണ്ടെന്നുവെക്കുകയായിരുന്നു.

ഈ മൂന്ന് തരത്തിലുള്ള തുലനപ്പെടുത്തലുകള്‍ക്കും ചരിത്രത്തിലും ധാരാളം ഉദാഹരണങ്ങളുണ്ട്. സര്‍വാംഗീകൃതമായ ഒരു സദ്പ്രവൃത്തി കാലവും സാഹചര്യവും പരിഗണിച്ച് ചിലപ്പോഴും മറ്റൊരു സന്ദര്‍ഭത്തിലേക്ക് മാറ്റിവെക്കേണ്ടിവരും. രണ്ടാം ഉമര്‍ എന്ന പേരില്‍ വിശ്രുതനായ ഭരണാധികാരി ഉമറുബ്‌നു അബ്ദുല്‍ അസീസിന്റെ മകന്‍ അബ്ദുല്‍ മലിക് ധീരനും ദൃഢചിത്തനും ദൈവഭക്തനുമായ യുവാവായിരുന്നു. ഒരിക്കല്‍ അദ്ദേഹം പിതാവിനോട് ചോദിച്ചു: ''ശരീഅത്ത് നിയമങ്ങള്‍ എന്തുകൊണ്ട് അങ്ങേക്ക് കണിശമായി ഒട്ടും കാലതാമസമില്ലാതെ നടപ്പാക്കിക്കൂടാ? ദൈവം നിശ്ചയിച്ച വഴിയിലാണല്ലോ നാമുള്ളത്. ലോകം മുഴുവന്‍ എതിര്‍ത്താലും നാമത് ശ്രദ്ധിക്കേണ്ട കാര്യമെന്ത്?'' സകലതരം ജീര്‍ണതകളും ഒറ്റയടിക്ക് ഇല്ലാതാക്കണമെന്ന് മകന്‍ ആഗ്രഹിക്കുന്നു. പക്ഷേ, വിവേകമതിയായ പിതാവ് മകനെ ഉപദേശിച്ചത് ഇങ്ങനെ: ''ധൃതിപ്പെട്ട് നാം കാര്യങ്ങള്‍ ചെയ്തുകൂടാ. അല്ലാഹു ഖുര്‍ആനില്‍ രണ്ടു തവണ മദ്യത്തിന്റെ ദൂഷ്യങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. മൂന്നാം തവണയാണ് അത് നിരോധിച്ചത്. ഒറ്റയടിക്ക് കാര്യങ്ങള്‍ ചെയ്താല്‍ ജനത്തിനത് സ്വീകാര്യമാവണമെന്നില്ല.'' പ്രവാചകവിയോഗത്തിനു ശേഷമുള്ള ഒന്നാമത്തെ പ്രധാന സംഭവം തന്നെ മുവാസനക്ക് തെളിവാണ്. രണ്ട് കാര്യങ്ങളാണ് അടിയന്തരമായി ചെയ്യേണ്ടതായി മുസ്‌ലിംകള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നത്. ഒന്ന്, പ്രവാചകന്റെ പിന്‍ഗാമി(ഖലീഫ)യെ തെരഞ്ഞെടുക്കുക. രണ്ട്, പ്രവാചകന്റെ ജനാസ ഖബ്‌റടക്കുക. പിന്‍ഗാമിയെ തെരഞ്ഞെടുക്കലാണ് ആദ്യം ചെയ്യേണ്ടതെന്ന തീര്‍പ്പില്‍ സ്വഹാബികള്‍ എത്തുകയായിരുന്നു. ഏതെങ്കിലുമൊരു സ്വഹാബി ഇക്കാര്യത്തില്‍ എതിരഭിപ്രായം പറഞ്ഞതായി അറിയില്ല. ഇസ്‌ലാമിക സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും നിലനില്‍പും സുരക്ഷിതത്വവും ഉറപ്പുവരുത്തുക എന്നതുതന്നെയാണ് പരമപ്രധാനം. അതിനാലാണ് ജനാസ മറമാടുന്നത് പിന്‍ഗാമിയെ തെരഞ്ഞെടുത്ത ശേഷമായത്.

സംഘടന, സമൂഹം, രാഷ്ട്രം തുടങ്ങിയ പൊതു മണ്ഡലവുമായി ബന്ധപ്പെട്ട തലങ്ങളിലാണ് ഫിഖ്ഹുല്‍ മുവാസന കൂടുതലായി ചര്‍ച്ച ചെയ്യപ്പെടേണ്ടത്. സമൂഹങ്ങള്‍ക്കോ രാഷ്ട്രങ്ങള്‍ക്കോ ഇന്ന് ഒറ്റക്കോ ഒറ്റപ്പെട്ടോ നിലകൊള്ളാനാവില്ല. എല്ലാം പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്നു. പലതരം ആഗോള രാഷ്ട്രീയ സാമ്പത്തിക സ്ഥാപനങ്ങള്‍ അവയെ കൂട്ടിയിണക്കുന്നു. ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് മുതലാളിത്ത രാജ്യങ്ങളാണ്. വന്‍തോതില്‍ അവ രാഷ്ട്രങ്ങളെ ചൂഷണം ചെയ്യുന്നുമുണ്ട്. എന്ന് കരുതി ഈ സ്ഥാപനങ്ങളുമായി ബന്ധം ഒറ്റയടിക്ക് വിഛേദിച്ചാല്‍ അത് രാഷ്ട്രത്തിന്റെ എല്ലാ മേഖലകളിലും കനത്ത ആഘാതമായിരിക്കും. ഒരു സ്ട്രാറ്റജി രൂപപ്പെടുത്തുകയും രാഷ്ട്രത്തിന്റെ മൊത്തം വികസനത്തിന് തടസ്സമുണ്ടാക്കാത്ത വിധം നിലപാടുകള്‍ സ്വീകരിക്കുകയുമാണ് വേണ്ടത്. പലിശ സഹിത ബാങ്കുകളുടെ ചട്ടക്കൂടില്‍ പ്രവര്‍ത്തിക്കേണ്ടിവരുന്ന പലിശരഹിത ബാങ്കുകള്‍ക്കും നിലനില്‍ക്കണമെങ്കില്‍ ഫിഖ്ഹുല്‍ മുവാസനയുടെ സഹായം തേടിയേ മതിയാവൂ.

 

(തുടരും)

1. ഖറദാവി- ഔലവിയ്യാതുല്‍ ഹറകതില്‍ ഇസ്‌ലാമിയ്യ ഫില്‍ മര്‍ഹലതില്‍ ഖാദിമഃ, പേജ് 32

2. ഇബ്‌നു അബ്ദിസ്സലാം- ഖവാഇദുല്‍ അഹ്കാം, പേജ് 88

3. അതേ പുസ്തകം, പേജ് 88

4. മുസ്‌ലിം ഉദ്ധരിച്ച ഈ ഹദീസിന് ശറഹുമുസ്‌ലിമില്‍ നവവി നല്‍കുന്ന വ്യാഖ്യാനം കാണുക (3:246)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 1
എ.വൈ.ആര്‍