Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 23

2968

1437 ദുല്‍ഹജ്ജ് 21

മുസ്‌ലിം എഴുത്തുഭാഷ; പുനരാേലാചനകള്‍ വേണം

ഡോ. ടി.വി മുഹമ്മദലി

ഇസ്‌ലാമിലെ പല സാങ്കേതിക പദങ്ങള്‍ക്കും തത്തുല്യ മലയാള പദങ്ങളില്ല. ഉദാഹരണം സകാത്ത്, ഇബാദത്ത്, തഖ്‌വ തുടങ്ങിയവ. ഇത്തരം പദങ്ങള്‍ക്ക് മലയാളത്തില്‍ ഒന്നിലേറെ പദങ്ങള്‍ ചേര്‍ത്തുപറഞ്ഞ് ആശയം പ്രകടിപ്പിക്കുകയാണ് പതിവ്. എന്നിട്ടും ആശയം കൃത്യമോ പൂര്‍ണമോ ആക്കാന്‍ കഴിയാതെ പലപ്പോഴും തര്‍ജമക്കാരും ലേഖകരും പ്രയാസപ്പെടാറുണ്ട്. ഇത്തരം പദങ്ങള്‍ അവ്വിധം തന്നെ പറയുകയും എഴുതുകയും ചെയ്ത് ഭാഷയില്‍ പദങ്ങള്‍ വര്‍ധിപ്പിക്കുകയാണ് വേണ്ടത്. അങ്ങനെയാണല്ലോ ആമീന്‍, മുന്‍സിഫ്, വക്കീല്‍, മുഫ്തി, അമീര്‍, ദല്ലാള്‍, ദസ്തൂര്‍, ദലീല്‍, ബദല്‍ തുടങ്ങി ഇങ്ക്വിലാബ് വരെ ഒട്ടനവധി അറബ് പദങ്ങള്‍ മലയാള ഭാഷയുടെ ഭാഗമായിത്തീര്‍ന്നത്.

ഈ ഗണത്തില്‍പെടുന്ന പദമാണ് സ്വലാത്ത്. ഇതിന് സമാനമായ മലയാള പദമില്ലല്ലോ. ശബ്ദതാരാവലിയിലും മറ്റും നിസ്‌കാരമെന്ന പദത്തിന് മുസ്‌ലിംകളുടെ പ്രാര്‍ഥന എന്ന് അര്‍ഥം നല്‍കിയിരിക്കുന്നു. 'നമസ്‌കാര'മെന്നാല്‍ വന്ദനം, അഭിവാദ്യം, പ്രഭാതപൂജക്ക് ശേഷം ബ്രാഹ്മണര്‍ക്ക് ഭക്ഷണമൂട്ടല്‍ എന്നൊക്കെ അര്‍ഥമുണ്ട്. 'നിസ്‌കാര'ത്തിനാകട്ടെ മുസ്‌ലിംകളുടെ പ്രാര്‍ഥനയെന്ന ഒരു അര്‍ഥം മാത്രമേ നിഘണ്ടുകളിലുള്ളൂ. അപ്പോള്‍ സ്വലാത്തിനെ വിവക്ഷിക്കാന്‍ 'നമസ്‌കാര'ത്തേക്കാള്‍ നല്ലത് 'നിസ്‌കാരം' തന്നെ. പറഞ്ഞു പറഞ്ഞ് ഭാഷയില്‍ പതിഞ്ഞ പദമാണ് നിസ്‌കാരം. ഭാഷ പദ സമ്പന്നമാകുന്നത് അങ്ങനെയാണല്ലോ.

മലയാള ഭാഷ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷ്മത അനിവാര്യമാണ്. ബഹുദൈവത്വപരമായ വിശ്വാസങ്ങളും ഐതിഹ്യങ്ങളും നിറഞ്ഞ സാംസ്‌കാരിക പശ്ചാത്തലത്തില്‍നിന്ന് ഉയിര്‍ക്കൊണ്ടതാണല്ലോ മലയാളം. അതിലെ കതിരും പതിരും ചികഞ്ഞില്ലെങ്കില്‍ പിണയാവുന്ന അബദ്ധങ്ങള്‍ ചില്ലറയല്ല. മിക്കവാറും നമ്മുടെ എഴുത്തുകാരും പത്രപ്രവര്‍ത്തകരും ഭാഷയിലെ അനിസ്‌ലാമികത ശ്രദ്ധിക്കാറില്ല. നിരവധി മുസ്‌ലിം പത്രങ്ങളുണ്ടിന്ന് മലയാളത്തില്‍. ഇവയൊക്കെ ഭാഷ കൈകാര്യം ചെയ്യുന്നത് പൊതുധാരയെ പിന്‍പറ്റിയാണ്. അതുകൊണ്ടാണ് മിത്താണോ അന്ധവിശ്വാസമാണോ എന്നൊന്നും നോക്കാതെ 'ശാപമോക്ഷ'വും 'ശനിദശ'യും വാര്‍ത്തകള്‍ക്ക് തലക്കെട്ടുകളാകുന്നത്. വിശ്വാസപരമായ ശരിതെറ്റുകളെ വ്യവഛേദിക്കാതെ യേശു'ദേവനും' ശ്രീനാരായണഗുരു'ദേവനും' ഗുരുവായൂ'രപ്പനു'മൊക്കെ കടന്നുവരുന്നതും. സഭ്യേതരമാണോ എന്നാലോചിക്കാതെയല്ലേ എല്ലാം 'താറുമാറാ'കുന്നതും? 'ലൈംഗിക തൊഴിലാളി' പ്രയോഗം അസാന്മാര്‍ഗികതയെ മഹത്വപ്പെടുത്തുകയാണെന്നത് ഓര്‍ക്കാതെ പോവുകയും ചെയ്യുന്നു.

തീര്‍ച്ചയായും മുസ്‌ലിം പത്ര/എഴുത്തു ഭാഷ രൂപപ്പെട്ടുവരേണ്ടതുണ്ട്. പണ്ഡിതന്മാരും എഴുത്തുകാരും കൂട്ടായി യത്‌നിച്ച് സൃഷ്ടിച്ചെടുക്കേണ്ടതാണിത്. 1981-ല്‍ കേരള പ്രസ് അക്കാദമി പത്രഭാഷയെപ്പറ്റി തലയെടുപ്പുള്ള പത്രപ്രവര്‍ത്തകരെയും പണ്ഡിതന്മാരെയും പങ്കെടുപ്പിച്ച് സെമിനാര്‍ നടത്തുകയുണ്ടായി. വിലപ്പെട്ട പ്രബന്ധങ്ങള്‍ അതില്‍ അവതരിപ്പിക്കപ്പെട്ടു. മലയാള പത്രലോകത്തിന് അതൊരു മാര്‍ഗരേഖയാവുകയും ചെയ്തു. മുസ്‌ലിം എഴുത്തുഭാഷയും ടെര്‍മിനോളജിയും രൂപപ്പെടുത്തുന്നതില്‍ ഇതേ മാതൃക പിന്‍പറ്റാവുന്നതാണ്.


ചൂഷകരായ മനുഷ്യരാണ് പ്രതിക്കൂട്ടിലുള്ളത്

 

മായിന്‍കുട്ടി അത്തോടിന്റെ ഒരു കുറിപ്പ് (ആഗസ്റ്റ് 19 ലക്കം 12) വായിക്കാനിടയായി. 'സന്തുലനത്തിന്റെ സുവിശേഷം' എന്ന ലേഖനത്തിലെ(ജൂലൈ 22) ഒരു പരാമര്‍ശത്തെക്കുറിച്ച് സംശയമുന്നയിച്ചതായി കണ്ടു. 'നിര്‍ജീവങ്ങളും നിര്‍ദോഷികളുമായ കളിമണ്‍ പ്രതിമകളും കല്‍വിഗ്രഹങ്ങളും അല്ലാഹുവിന്റെ അധികാരത്തില്‍ എന്തു ഇടപെടലാണ് നടത്തുന്നത് എന്ന് ചിന്തിക്കാവുന്നതാണ്' എന്നതിന്റെ പൊരുള്‍ മനസ്സിലാവുന്നില്ലെന്ന്. യഥാര്‍ഥത്തില്‍ പ്രതിമകള്‍ക്കും വിഗ്രഹങ്ങള്‍ക്കും സ്വന്തമായി ഒന്നിനും കഴിവില്ലെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, അവയെ സംരക്ഷിക്കുന്ന, ആ പ്രതിമകളെ ഉപയോഗിച്ച് അല്ലാഹുവിന്റെ പരമാധികാരത്തില്‍ കൈകടത്തലുകള്‍ നടത്തുന്ന മനുഷ്യരാണ് അല്ലാഹുവിന്റെ പരമാധികാരത്തില്‍ ഇടപെടലുകള്‍ നടത്തുന്നത്. മനുഷ്യവിഗ്രഹത്തെ ഉപയോഗിക്കുന്നവര്‍ക്ക് കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. അവരാണ് മനുഷ്യവിരുദ്ധമായ, പ്രകൃതിവിരുദ്ധമായ, ദൈവിക മൂല്യങ്ങള്‍ക്ക് ഒട്ടും വിലകല്‍പിക്കാത്ത നിയമങ്ങളും വിധികളും സൃഷ്ടിക്കുന്നത്. 'പ്രതിമ'കളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാണ് മനുഷ്യരെ മനുഷ്യാടിമത്തത്തിലേക്ക് നയിക്കുന്നത്. ലോകത്ത് ഒരു വിഗ്രഹവും മനുഷ്യരെ തന്നിലേക്ക് ക്ഷണിക്കുന്നില്ല. ക്ഷണിക്കുന്നത് ചൂഷകരായ മനുഷ്യരാണ്. അതുകൊണ്ട് നിര്‍ദോഷികളായ വിഗ്രഹങ്ങളെ വെറുതെ വിട്ട് അല്ലാഹുവിന്റെ പരമാധികാരം കവര്‍ന്നെടുക്കുന്ന ദോഷികളായ മനുഷ്യരെയാണ് എതിരിടേണ്ടത്.

 

എ.വി അബ്ദുര്‍റസാഖ്, തിരുവ്ര

 

ബാങ്കുവിളി ക്രമീകരിക്കേണ്ടതുണ്ട് 

 

മുസ്‌ലിം പള്ളികളില്‍നിന്നുയരുന്ന ബാങ്കുവിളിയുമായി ബന്ധപ്പെട്ട് ചില പത്രങ്ങളില്‍ വരുന്ന അഭിപ്രായങ്ങളോട് യോജിക്കാനാവില്ല. നമസ്‌കാര സമയം  അറിയിക്കാനാണ് ബാങ്ക് നിശ്ചയിച്ചിട്ടുള്ളത്. ആധുനിക സൗകര്യങ്ങള്‍ എത്രതന്നെ ഉപയോഗിച്ചാലും അതൊന്നും ബാങ്ക് പോലെ ഉപകാരപ്രദമോ പ്രായോഗികമോ അല്ല. ഒന്നോ രണ്ടോ മിനിറ്റ് മാത്രം നീളുന്ന പന്ത്രണ്ട് ചെറുവരികള്‍ ഉള്‍ക്കൊള്ളുന്ന മഹദ് വചനങ്ങളാണ് അദാന്‍, അഥവാ ബാങ്ക്. ദൈവസ്‌തോത്രവും പ്രകീര്‍ത്തനവുമാണ് ബാങ്കിന്റെ അന്തസ്സത്ത. സ്രഷ്ടാവിന്റെ മുന്നില്‍ ശിരസ്സ് നമിക്കാനും അതുവഴി ജീവിതവിജയം നേടാനുമുള്ള ക്ഷണവും ആഹ്വാനവുമാണത്. പരമത വിദ്വേഷമോ വര്‍ഗീയ വിഭാഗീയതയോ അതിന്റെ അജണ്ടയല്ല.

പ്രവാചകന്റെയും അനുചരന്മാരുടെയും കാലത്ത് കുന്നിന്‍മുകളിലും ഉയര്‍ന്ന സ്ഥലങ്ങളിലും കയറിനിന്നാണ് ബാങ്ക് വിളിച്ചിരുന്നത്. ആളുകള്‍ ബാങ്ക് കേള്‍ക്കാനും നമസ്‌കാര സമയമായിട്ടുണ്ടെന്ന് അറിയാനുമാണ് അപ്രകാരം ചെയ്തിരുന്നത്. ഉച്ചഭാഷിണി പ്രചാരം നേടിയതോടെ ബാങ്കുവിളിക്കും അത് ഉപയോഗിച്ചു തുടങ്ങി. നമ്മുടെ നാട്ടില്‍ ഈ അടുത്ത കാലത്ത് മാത്രമാണ് ബാങ്കിനെക്കുറിച്ച അസ്വാരസ്യങ്ങളും അപസ്വരങ്ങളും ഉയരാന്‍ തുടങ്ങിയത്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സ്‌നേഹപരവതാനി വിരിച്ച് സ്വീകരിച്ച ഇവിടത്തെ ഹൈന്ദവരും മറ്റു മതസ്ഥരും ബാങ്കുവിളി ഇഷ്ടപ്പെട്ടു. പാടത്തും പറമ്പത്തും പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് പുലര്‍ച്ചെ ഉറക്കം വിട്ടെഴുന്നേല്‍ക്കാന്‍ ബാങ്ക് സഹായകമായി. ഉച്ചക്കും വൈകീട്ടും സന്ധ്യാനേരത്തും രാത്രിയും കേള്‍ക്കുന്ന ബാങ്ക് അവരുടെ ജീവിതം ചിട്ടപ്പെടുത്തി. ശ്രുതിമധുരമായ ബാങ്കൊലി അവരെ ഒട്ടും അലോസരപ്പെടുത്തിയില്ല.

കാലം മാറി. മുസ്‌ലിം സംഘടനകള്‍ പെരുകി. ഒരു കൊച്ചു പ്രദേശത്തു തന്നെ മൂന്നും നാലും പടുകൂറ്റന്‍ പള്ളികള്‍! അവിടെയാകട്ടെ നമസ്‌കരിക്കാന്‍ ആളുകള്‍ നന്നെ കുറവ്. എന്നിട്ടും പുതിയ പള്ളികള്‍ ഉയര്‍ന്നുവരുന്നു. അവിടെ നിന്നെല്ലാം ഒരേ സമയം ബാങ്ക് കേള്‍ക്കുന്നു. അരോചകവും വിരസവുമായ, താളമോ സംഗീതമോ ഇല്ലാത്ത ഈ ബാങ്കൊലികള്‍ പൊതുജനം സഹിക്കുകയല്ലാതെ മറ്റെന്ത് ചെയ്യും? ഒരു പ്രദേശത്ത് ഒരു പള്ളിയില്‍നിന്ന് മാത്രം ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് മതിയാകില്ലേ? ജുമുഅ ഉള്‍പ്പെടെയുള്ള നമസ്‌കാരങ്ങള്‍ക്ക് ഈ രീതി അവലംബിക്കുകയാണെങ്കില്‍ ബാങ്കിന്റെ പേരില്‍ ഉണ്ടായേക്കാവുന്ന ശബ്ദമലിനീകരണവും വിവാദവും ഇല്ലാതാക്കാം. ഉച്ചഭാഷിണി ഉപയോഗത്തിന് ഓരോ പള്ളിക്കും നിശ്ചിത കാലാവധി നിര്‍ണയിച്ചുകൊടുത്താല്‍ പള്ളിക്കമ്മിറ്റികള്‍ക്കും മത സംഘടനകള്‍ക്കും അത് ആശ്വാസമാവുകയും ചെയ്യും.

പാതിരാ മതപ്രഭാഷണങ്ങളും പാതിരാ ദിക്ര്‍ ഹല്‍ഖകളും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു. കാലത്ത് എഴുന്നേറ്റ് ജോലിക്ക് പോവുന്ന പതിവുരീതി തെറ്റിയതുകൊണ്ടാണ് സ്വുബ്ഹ് ബാങ്ക് പ്രതിക്കൂട്ടിലായത്. പുലര്‍ച്ചെയുള്ള ബാങ്ക് മുസ്‌ലിംകളല്ലാത്തവര്‍ക്ക് അലോസരമുണ്ടാക്കുകയും അവരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നുമുണ്ടെങ്കില്‍ അക്കാര്യം പരിഗണിക്കാന്‍ മുസ്‌ലിം സമൂഹം ബാധ്യസ്ഥരാണ്. 

ജനജീവിതം സ്തംഭിപ്പിക്കുന്ന ഹര്‍ത്താലും ബന്ദും, മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന പ്രകടനങ്ങളും ധര്‍ണകളും പൊതു പരിപാടികളും ഘോഷയാത്രകളും വെടിക്കെട്ട് പരിപാടികളും നടക്കുന്ന ഒരു നാട്ടില്‍ രണ്ട് മിനിറ്റ് വീതം ദിനേന പത്ത് മിനിറ്റിലൊതുങ്ങുന്ന ബാങ്കു വിളി അസഹ്യമാണെന്ന പ്രചാരണം ദുരുദ്ദേശ്യപരമാണെന്ന് സന്ദേഹിച്ചുകൂടേ? എങ്കിലും രാജ്യനിവാസികള്‍ക്ക് മാതൃകയാവേണ്ട മുസ്‌ലിംകള്‍ ബാങ്കിന്റെ വിഷയത്തില്‍ പുനരാലോചന നടത്തുകയും ഒന്നിലധികം പള്ളികളില്‍നിന്ന് ഒരേസമയം ഉച്ചഭാഷിണി വഴിയുള്ള ബാങ്ക് വേണ്ടെന്നു വെക്കുകയുമാണ് കരണീയം.

സുബൈര്‍ കുന്ദമംഗലം

 

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 1
എ.വൈ.ആര്‍