Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 23

2968

1437 ദുല്‍ഹജ്ജ് 21

അനാേരാഗ്യകരമായ ചര്‍ച്ചകള്‍ ഒഴിവാക്കുക

''മുസ്‌ലിം യുവാക്കളെ ഭീകരവാദ ചിന്തകളില്‍ കൊണ്ടെത്തിക്കുന്നതിന് ഇന്റര്‍നെറ്റിനെ എന്തിന് പഴിക്കണം? പത്രങ്ങള്‍തന്നെ അത് ചെയ്യുന്നുണ്ടല്ലോ''-ബ്രിട്ടനിലെ ഡെയ്‌ലി മെയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ തലക്കെട്ടാണിത് (2016, ജൂലൈ 6). തുഫൈല്‍ അഹ്മദ് എന്നൊരാളാണ് ലേഖനം എഴുതിയത്. ഇയാള്‍ നേരത്തേ ബി.ബി.സി ഉര്‍ദു സര്‍വീസിലുണ്ടായിരുന്നു. ഇപ്പോള്‍ 'ഇസ്‌ലാമിക വിദഗ്ധന്‍' ആയി പത്രത്താളുകളില്‍ വിലസുന്നു. ഇയാള്‍ എഴുതിക്കൊണ്ടിരിക്കുന്ന ലേഖനങ്ങള്‍ ഇസ്‌ലാമോഫോബിയ പടച്ചുവിടുന്ന ലോബികളെ നന്നായി സുഖിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ഉര്‍ദു പത്രങ്ങളെയാണ് തുഫൈല്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. അവ വായിച്ച് യുവാക്കള്‍ ഭീകരചിന്തകളിലേക്ക് വഴിതെറ്റുന്നു എന്നാണ് ആക്ഷേപം. ലേഖകനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച മില്ലി ഗസറ്റ് എഡിറ്റര്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ പറയുന്നത്, ഇയാള്‍ സയണിസ്റ്റ് പ്രചാരണ ലോബിയായ 'മെംറി'(MEMRI- മിഡില്‍ ഈസ്റ്റ് മീഡിയാ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്)യുടെ ശമ്പളം പറ്റുന്ന ആളാണെന്നാണ്. സുല്‍ത്താന്‍ ശാഹിനെപ്പോലുള്ള 'അറിയപ്പെടുന്ന സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍' വേറെയുമുണ്ട് ലിസ്റ്റില്‍. അവരും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ഉര്‍ദു മീഡിയയെത്തന്നെ.

മദ്‌റസകള്‍ ഭീകരതയുടെ വളര്‍ത്തുകേന്ദ്രങ്ങളാണെന്ന പ്രചാരണം നേരത്തേ നടന്നുവരുന്നുണ്ട്. ഇപ്പോള്‍ ഉര്‍ദു പത്രലോകത്തെയും കരിമ്പട്ടികയില്‍പെടുത്താന്‍ ശ്രമം നടക്കുന്നു. ഇതിനൊക്കെ വല്ല തെളിവുമുണ്ടോ? റോസ്‌നാമ സംഗം എന്ന ഉര്‍ദു പത്രം ബദ്ര്‍ യുദ്ധത്തെക്കുറിച്ച് എഴുതിയ ഒരു ലേഖനമാണ് തുഫൈലിന്റെ പക്കലുള്ള 'തെളിവ്'. ബദ്ര്‍ യുദ്ധം നടന്ന റമദാന്‍ പതിനേഴിനോടനുബന്ധിച്ച് മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ ആ മഹത്തായ ചരിത്രസംഭവത്തെ അനുസ്മരിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുക ലോകത്ത് എല്ലായിടത്തുമുള്ള പതിവാണ്. ഉര്‍ദു പത്രങ്ങളും മലയാള പത്രങ്ങളുമൊക്കെ അത് ചെയ്യാറുണ്ട്. റോസ്‌നാമയില്‍ വന്നതും അതുപോലുള്ള ഒരു പതിവു ലേഖനം മാത്രമാണ്. മുസ്‌ലിം യുവത്വത്തെ റാഡിക്കലൈസ് ചെയ്യുന്ന എന്തെങ്കിലും പരാമര്‍ശങ്ങള്‍ അതിലുള്ളതായി ആരും ചൂണ്ടിക്കാട്ടിയിട്ടില്ല. അത്തരം ലേഖനങ്ങള്‍ ഭീകരതയെ ഉല്‍പാദിപ്പിക്കുന്നുണ്ടെന്ന് വെറുതെ തട്ടിവിടുകയാണ് ലേഖകന്‍.

ഇസ്‌ലാമിക പദാവലികള്‍ക്ക് അത്യന്തം പ്രകോപനപരമായ, തെറ്റായ അര്‍ഥങ്ങള്‍ നല്‍കുകയെന്നതും ഈ 'എക്‌സ്‌പേര്‍ട്ടു'കളുടെ രീതിയാണ്. ഉദാഹരണത്തിന്, നേരത്തേ പരാമര്‍ശിച്ച ഉര്‍ദു ലേഖനത്തില്‍ വന്ന 'ഗനീമത്ത്' എന്ന വാക്കിന് 'അമുസ്‌ലിംകളില്‍നിന്ന് പിടിച്ചെടുക്കുന്ന സ്വത്ത്' എന്നാണ് ഇംഗ്ലീഷില്‍ അര്‍ഥം നല്‍കിയിരിക്കുന്നത്. ലോകത്ത് ഒരു പണ്ഡിതനും ഇങ്ങനെയൊരര്‍ഥം 'ഗനീമത്തി'ന് ഇതുവരെ നല്‍കിയിട്ടില്ല. യുദ്ധത്തില്‍ ശത്രുസൈന്യം ഉപേക്ഷിച്ചുപോകുന്ന സ്വത്താണ് ഗനീമത്ത്. മുസ്‌ലിംകള്‍ തമ്മില്‍ നടക്കുന്ന യുദ്ധങ്ങളിലും (ജമല്‍, സ്വിഫ്ഫീന്‍ പോലുള്ളവ) ഗനീമത്ത് സ്വത്തുക്കള്‍ ഉണ്ടാകും. അന്യമതസ്ഥരുടെ സ്വത്ത് പിടിച്ചെടുക്കല്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ ഉള്ളതാണ് എന്ന തെറ്റിദ്ധാരണ പരത്താന്‍ തന്നെയാണ് ഇത്തരം വികല പരിഭാഷകള്‍ നല്‍കുന്നത്. ബ്രിട്ടനില്‍ പുറത്തിറങ്ങുന്ന പത്രങ്ങളിലാണ് ഇതൊക്കെ അച്ചടിച്ചുവരുന്നത് എന്നതിനാല്‍, നമ്മുടെ നാട്ടിലെ മുഖ്യധാരാ മാധ്യമങ്ങള്‍ അതപ്പടി പകര്‍ത്തിവെക്കുകയും ചെയ്യും.

ചരിത്ര സംഭവങ്ങളെ ഐ.എസുമായി കണ്ണിചേര്‍ക്കാനും ഈ കൂലിയെഴുത്തുകാര്‍ ബദ്ധശ്രദ്ധരാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ശ്രദ്ധേയമായ ഒരേടാണ് 1920-ലെ നിസ്സഹകരണ പ്രസ്ഥാനം. അതിന്റെ ഭാഗമായി ഒരു 'ഹിജ്‌റ പ്രസ്ഥാന'വും ചിലയാളുകള്‍ തുടങ്ങിവെച്ചിരുന്നു. ബ്രിട്ടീഷ് കൊളോണിയല്‍വിരുദ്ധസമരത്തിന് പുതിയൊരു രീതി പരീക്ഷിച്ചതായിരുന്നു. അത്തരം പലായനങ്ങള്‍ (ഹിജ്‌റ) കൊണ്ട് കാര്യമില്ലെന്ന് അതിന്റെ സംഘാടകര്‍ക്ക് ബോധ്യമാവുകയും അവരതില്‍നിന്ന് പിന്‍വാങ്ങുകയും ചെയ്തു. അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്ന ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍,  ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളിലൊരാളായ ശൗക്കത്ത് ഉസ്മാനി തുടങ്ങിയ പ്രമുഖരൊക്കെ പലായകരില്‍ ഉണ്ടായിരുന്നു. അവര്‍ കാബൂള്‍ വരെ പോയി തിരിച്ചുപോരുകയാണുണ്ടായത്. ഇതിനെയാണ്, 'ഖിലാഫത്തിനെ സംരക്ഷിക്കാന്‍ ഇസ്തംബൂളിലേക്കുള്ള ഹിജ്‌റ'യായി കൂലിയെഴുത്തുകാര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത്. യാത്ര ഇസ്തംബൂളിലേക്കായിരുന്നില്ല എന്നതും, ഉസ്മാനിയ്യ ഖിലാഫത്ത് തകരുന്നതിന് നാലു വര്‍ഷം മുമ്പാണ് അത് നടന്നത് എന്നതും ബോധപൂര്‍വം മറച്ചുവെച്ച്, ബഗ്ദാദിലെ ഐ.എസ് 'ഖിലാഫത്തി'നെ സംരക്ഷിക്കാന്‍ ചിലര്‍ നടത്തുന്ന 'ഹിജ്‌റ'യുമായി ഈ ചരിത്രസംഭവത്തെ സമീകരിക്കുന്നു.

ഇങ്ങനെ ഇസ്‌ലാമിക ചരിത്രത്തെയും സമകാലിക സംഭവങ്ങളെയും ഇസ്‌ലാംവിരുദ്ധ പൊതുബോധം സൃഷ്ടിക്കാനുതകുന്ന വിധത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യുമ്പോള്‍ അത്തരക്കാരുടെ കൈയില്‍ വടി കൊടുക്കാതിരിക്കാന്‍ എല്ലാ മുസ്‌ലിം കൂട്ടായ്മകളും ശ്രദ്ധിക്കണം. 'വലാഅ് -ബറാഅ്' (കൈയേല്‍ക്കലും കൈയൊഴിയലും) ചര്‍ച്ചകള്‍ അത്തരത്തിലുള്ളതാണ്. മുസ്‌ലിമേതര വിഭാഗങ്ങളെയും ഏറക്കുറെ എല്ലാ മുസ്‌ലിം കൂട്ടായ്മകളെയും മതദ്രോഹികളും മതഭ്രഷ്ടരും അതിനാല്‍തന്നെ വധാര്‍ഹരുമായി ഐ.എസ് ഭീകരവാദികള്‍ മുദ്രകുത്തുന്നത്, ഇസ്‌ലാമികപ്രമാണമായി പണ്ഡിതന്മാര്‍ എണ്ണിയിട്ടില്ലാത്ത വലാഅ്-ബറാഅ് ആശയത്തെ ദുര്‍വ്യാഖ്യാനം ചെയ്താണ്. മൊത്തം മുസ്‌ലിംകളെയും പ്രതിരോധത്തിലാക്കുന്ന ഇത്തരം അനാരോഗ്യകരമായ ചര്‍ച്ചകള്‍ ഒഴിവാക്കാനുള്ള വിവേകം എല്ലാവരും കാണിക്കണം.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 1
എ.വൈ.ആര്‍