Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 09

2967

1437 ദുല്‍ഹജ്ജ് 07

മറിയക്കുട്ടി പടുപ്പുങ്ങല്‍

എ.പി അബ്ദുല്‍ ഹമീദ്

പട്ടിണിയിലും പരാധീനതയിലും ആരോടും പരിഭവവും പ്രകടിപ്പിക്കാതെ മക്കളെ ഉന്നത നിലയിലെത്തിക്കുന്നതിന് കഠിനാധ്വാനം ചെയ്ത മാതൃകാ വനിതയായിരുന്നു വാണിയമ്പലത്തിനടുത്ത തൊടികപ്പുലത്തെ മറിയക്കുട്ടി താത്ത. മക്കള്‍ക്ക് ഉന്നത ദീനീവിദ്യാഭ്യാസം നല്‍കുന്നതിലും അവരെ പ്രസ്ഥാന മാര്‍ഗത്തില്‍ ചേര്‍ത്തുനിര്‍ത്തുന്നതിലും അവര്‍ വിജയിച്ചു. യാത്രാസൗകര്യങ്ങളും മറ്റും പരിമിതമായിരുന്ന കാലത്ത് മക്കളെ കാസര്‍കോട് ആലിയ കോളേജിലും ശാന്തപുരം ഇസ്‌ലാമിയാ കോളേജിലും വടക്കാങ്ങര അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയിലും പഠനത്തിന് ചേര്‍ത്തു. പട്ടിണിയിലാണെങ്കിലും ഇടക്കിടെ പലഹാരങ്ങളുമായി കുട്ടികള്‍ പഠിക്കുന്ന കോളേജുകളിലേക്ക് അവരെത്തുമായിരുന്നു. അന്നത്തെ ശാന്തപുരം വിദ്യാര്‍ഥികളില്‍ നല്ലൊരു വിഭാഗമാളുകള്‍ക്ക് അവര്‍ ഉമ്മയായിരുന്നു.

മഹല്ലില്‍ ജുമുഅക്ക് പങ്കെടുത്തിരുന്ന മൂന്നോ നാലോ സ്ത്രീകളിലൊരാളായിരുന്നു. സംഘടിത ബലികര്‍മ സംവിധാനം മഹല്ലില്‍ ഇല്ലാത്ത, മുതലാളിമാര്‍ മാത്രം ബലിയറുത്തിരുന്ന കാലത്ത് പരിമിതമായ വരുമാനത്തില്‍നിന്ന് മാറ്റിവെച്ച് ഉരുവിനെ വാങ്ങി അറുത്തിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം പ്രദേശത്ത് ഒരു പള്ളി നിര്‍മിക്കാന്‍ 10 സെന്റ് ഭൂമി വഖ്ഫ് ചെയ്തു.

തന്റെ വീട്ടില്‍ സ്ഥിരമായി ദീനീക്ലാസുകള്‍ നടത്താന്‍ പ്രേരിപ്പിക്കുകയും അതിനു വേണ്ടി പ്രത്യേകം സൗകര്യം വീട്ടില്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. വിദ്യാഭ്യാസത്തോട് സമുദായം പുറംതിരിഞ്ഞുനിന്ന, നവോത്ഥാനത്തിന്റെ വെളിച്ചം എത്താത്ത ഒരു കാലത്തും പ്രസ്ഥാനഘടനയോ സംവിധാനമോ ഇല്ലാതിരുന്ന ഒരു പ്രദേശത്തുമാണ് ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ ദരിദ്ര കുടുംബത്തിലെ ഒരു വനിതക്ക് കഴിഞ്ഞത്.

 

സി.കെ കുഞ്ഞമ്മദ് മാസ്റ്റര്‍ 

 

കവിയും ഗ്രന്ഥകാരനും പണ്ഡിതനും അധ്യാപകനുമായിരുന്നു സി.കെ കുഞ്ഞമ്മദ് മാസ്റ്റര്‍. ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം വടയം പാലക്കൂല്‍ ജുമുഅത്ത് പള്ളിയുടെ സെക്രട്ടറിയും പ്രസിഡന്റുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹല്ല് സംവിധാനം കാര്യക്ഷമമാക്കുന്നതിന് പ്രയത്‌നിച്ചു.

സുദീര്‍ഘമായ അധ്യാപക ജീവിതം, കാസര്‍കോട്ടെ ഒരു ചെറിയ ഇടവേളയൊഴിച്ചാല്‍ പാനൂര്‍ ചെണ്ടയാട് യു.പി സ്‌കൂളിലായിരുന്നു. ചിത്രരചനയിലും മികവ് പ്രകടിപ്പിച്ചു. ഒട്ടേറെ കവിതകളും ചെറുകഥകളും രചിച്ചിട്ടുണ്ട്. അറബി സാഹിത്യത്തില്‍ കഴിവുണ്ടായിരുന്ന സി.കെക്ക് ഖുര്‍ആനിലും ഹദീസിലും അവഗാഹമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് 10 സ്വഹാബികള്‍ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. വടയം പ്രദേശത്തിന്റെ സാമൂഹിക-സാംസ്‌കാരിക ചരിത്രം പ്രതിപാദിക്കുന്ന ഗ്രന്ഥം എഴുതിക്കൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ വേര്‍പാട്. 

ജാതി-മത-രാഷ്ട്രീയ-സംഘടനാ വ്യത്യാസങ്ങള്‍ക്കതീതമായി ആത്മാര്‍ഥമായി സ്‌നേഹം പങ്കുവെക്കാന്‍ അദ്ദേഹം കാണിച്ച മാതൃക അനുകരണീയമാണ്. ജീവിതകാലം മുഴുവന്‍ സുന്നിധാരയില്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത അദ്ദേഹം മറ്റു മുസ്‌ലിം സംഘടനകളെ അംഗീകരിക്കാനും സഹകരിക്കാനും വൈമനസ്യം കാണിച്ചില്ല. വടയം ജുമുഅത്ത് പള്ളി പ്രസിഡന്റായിരിക്കെത്തന്നെ മക്കാ മസ്ജിദില്‍ നടക്കുന്ന ഉത്തരേന്ത്യന്‍ സഹോദരങ്ങളുടെ മതപഠന ക്ലാസിന്റെ ഭക്ഷണചെലവില്‍ പങ്കാളിത്തം വഹിക്കാന്‍ സ്വമേധയാ മുന്നോട്ടുവന്നു. ഇസ്‌ലാമിക പ്രസ്ഥാനവുമായി അദ്ദേഹത്തിന്റെ ബന്ധം '70കളില്‍ തുടങ്ങിയതാണ്. അടിയന്തരാവസ്ഥക്ക് തൊട്ടുമുമ്പായി അഖിലേന്ത്യാ അമീര്‍ മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബ് കുറ്റിയാടി ഇസ്‌ലാമിയാ കോളേജില്‍ വന്നപ്പോള്‍ ആ സദസ്സില്‍ സി.കെയുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധി അനുഭവിച്ച കാലത്തും സൗകര്യങ്ങള്‍ കൈവന്നപ്പോഴും ലളിത ജീവിതം നയിക്കാന്‍ സി.കെക്ക് സാധിച്ചു. 

എ.ടി അബ്ദുല്ലത്വീഫ്

 

ഒ.കെ യൂസുഫ്

ഇടുക്കി ജില്ലയിലെ കാഞ്ഞിരപ്പള്ളി പെരുവന്താനം ഒളിക്കല്‍ പുരയിടം ഒ.കെ യൂസുഫ് സാഹിബ് ആഗസ്റ്റ് 7-ന് അല്ലാഹുവിങ്കലേക്ക് യാത്രയായി. 73  വയസ്സായിരുന്നു. ദീര്‍ഘകാലം ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക അമീറായിരുന്നു; ഒപ്പം കാഞ്ഞിരപ്പള്ളി നൂറുല്‍ ഹുദാ സ്‌കൂള്‍ അധ്യാപകനും. ഹൈറേഞ്ചിന്റെ കവാടമായ പെരുവന്താനത്ത് ഇസ്‌ലാമിക് സെന്റര്‍ സ്ഥാപിക്കാന്‍ തന്റെ കുടുംബസ്വത്തില്‍നിന്ന് സ്ഥലം വഖ്ഫായി നല്‍കുകയും സെന്റര്‍ പണിയുന്നതിനായി അഹോരാത്രം അധ്വാനിക്കുകയും ചെയ്തു. സെന്ററിന്റെ പ്രഥമ പ്രസിഡന്റായിരുന്നു അദ്ദേഹം. ഇസ്‌ലാമിക് സെന്ററിനു കീഴില്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ സ്ഥാപിക്കുകയും അവിടെ ദിര്‍ഘകാലം സ്വദ്ര്‍ മുഅല്ലിമായി  സേവനമനുഷ്ഠിക്കുകയും ചെയ്തു. രോഗാവസ്ഥയോട് പൊരുതുമ്പോഴും മദ്‌റസയുടെ കാര്യം നിരന്തരം അന്വേഷിക്കുമായിരുന്നു. ഒരു മകനും 3  പെണ്‍മക്കളുമാണുള്ളത്. 

ഇര്‍ശാദ് ഖാദര്‍, പെരുവന്താനം


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 63-64
എ.വൈ.ആര്‍

ഹദീസ്‌

പുണ്യകരമായ ഹജ്ജ്
സുബൈര്‍ കുന്ദമംഗലം