Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 09

2967

1437 ദുല്‍ഹജ്ജ് 07

കണ്ണു പൊട്ടിയ ഒട്ടകം കണക്കെ ഒരു സമുദായം

ഒ.പി അബ്ദുസ്സലാം

ഏറെ കലുഷിതവും ഭീതിദവുമാണ് വര്‍ത്തമാന കാല മുസ്‌ലിം സമൂഹത്തിന്റെ സഞ്ചാരപഥങ്ങള്‍. മാര്‍ഗമേതെന്നോ ലക്ഷ്യമെന്തെന്നോ തിട്ടമില്ലാതെ എങ്ങോട്ടൊക്കെയോ എങ്ങനെയൊക്കെയോ നടക്കുന്ന കണ്ണുപൊട്ടിയ ഒരൊട്ടകത്തോട് സമുദായത്തെ ഉപമിക്കാമെന്ന് തോന്നുന്നു. ചിലപ്പോള്‍ അത് അഗാധഗര്‍ത്തത്തില്‍ ചാടുന്നു. വേറെ ചിലപ്പോള്‍ മറ്റൊരൊട്ടകത്തോടിടിച്ച് മറിഞ്ഞു വീഴുന്നു. മറ്റു ചിലപ്പോള്‍ മാംസഭുക്കുകള്‍ ഒളിഞ്ഞിരുന്ന് നിസ്സഹായനായ ആ ഒട്ടകത്തെ കൊന്നുതിന്നാന്‍ വട്ടംകൂട്ടുന്നു. 

അതിമനോഹരവും അനുപമവുമായ ഒരു രാജപാത നമുക്ക് സഞ്ചരിക്കാനായി വെട്ടിത്തെളിച്ച ശേഷമായിരുന്നല്ലോ അന്ത്യപ്രവാചകന്‍ യാത്രയായത്. യാതൊരു അര്‍ഥശങ്കക്കുമിടമില്ലാത്തവിധം സഞ്ചാരപഥത്തില്‍ മുറുകെ പിടിക്കേണ്ട ആദര്‍ശ സാംസ്‌കാരിക മൂല്യങ്ങളുടെ അന്യൂനമായ ഒരു നിയമാവലിയും (ഖുര്‍ആന്‍) വിശദീകരണത്തിനായി നബിവചനങ്ങളുടെ വിപുലമായ ശേഖരവും (ഹദീസ്) നമുക്ക് ലഭിച്ചത് മഹാ അനുഗ്രഹമാണെന്നതില്‍ സംശയമില്ല. 

എന്നാല്‍ ഖുര്‍ആനികാധ്യാപനങ്ങളും പ്രവാചകന്റെ കാല്‍പാടുകളും അതേപടി ജീവിതത്തില്‍ പകര്‍ത്തിയ അനുഗൃഹീതരും സച്ചരിതരുമായ ആദ്യകാല സൂരികള്‍ മണ്‍മറഞ്ഞ് അധികം കഴിയും മുമ്പ് ഉമ്മത്ത് മുസ്‌ലിമയില്‍ ഭിന്നിപ്പിന്റെയും അസ്വസ്ഥതയുടെയും തീനാമ്പുകള്‍ തലപൊക്കിത്തുടങ്ങി. അത് പയ്യെപ്പയ്യെ കത്തിപ്പടര്‍ന്ന് ഒരു തീഗോളമായി രൂപപ്പെട്ടു. 

നാലാം ഖലീഫ അലി(റ)യുടെ കാലത്തുണ്ടായ ചില രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് യഥാസമയം ദീര്‍ഘവീക്ഷണത്തോടെ പരിഹരിക്കാനാവാതെ പോയതോടെയാണ് പ്രശ്‌നം രൂക്ഷമായത്. അബ്ദുല്‍മലിക് എന്ന ഭരണാധികാരിയുടെ കാലത്തുണ്ടായ അത്യധികം വേദനാജനകമായ സംഭവങ്ങളെ ഓര്‍ത്ത് മഹാനായ ഉമറുബ്‌നു അബ്ദില്‍ അസീസ് ദുഃഖാര്‍ദ്രഭാവത്തോടെ വിലപിക്കുന്നത് ചരിത്രകാരനായ ഇബ്‌നുല്‍ അസീര്‍ ഉദ്ധരിക്കുന്നുണ്ട്: 'ഇറാഖില്‍ ഹജ്ജാജ്, ശാമില്‍ വലീദ്, ഈജിപ്തില്‍ ഖുറര്‍ത്തുബ്‌നു ശുറൈഖ്, മദീനയില്‍ ഉസ്മാനുബ്‌നു ഹയ്യാന്‍, മക്കയില്‍ ഖാലിദുബ്‌നു അബ്ദില്ലാഹില്‍ ഖുസരി. നാഥാ, രാജ്യത്താകെ നാശവും അരാജകത്വവും അക്രമവും വ്യാപിച്ചുകഴിഞ്ഞു. നീ ഇതില്‍നിന്ന് ഞങ്ങള്‍ക്ക് മോചനവും ആശ്വാസവും നല്‍കേണമേ നാഥാ!' ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ വേപഥുപൂണ്ട വാക്കുകള്‍ ഇവിടെ ഓര്‍ത്തത് മിക്ക മുസ്‌ലിം രാജ്യങ്ങളിലെയും ബേജാറും ദുഃഖവുമുണ്ടാക്കുന്ന കറുത്ത ചിത്രം മനസ്സില്‍ തെളിഞ്ഞതുകൊണ്ടാണ്. 

ഏതാണ്ടെല്ലാ മുസ്‌ലിം രാഷ്ട്രങ്ങളും ഇന്ന് അശാന്തിയുടെയും നില്‍ക്കപ്പൊറുതിയില്ലായ്മയുടെയും നെരിപ്പോടിലാണ്. ഇറാഖ്, സിറിയ, യമന്‍, ഫലസ്തീന്‍, ബഹ്‌റൈന്‍, ഈജിപ്ത്, ലിബിയ, സോമാലിയ, ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങി ഏഷ്യയിലും ആഫ്രിക്കയിലുമുള്ള നിരവധി മുസ്‌ലിം രാഷ്ട്രങ്ങള്‍ അസമാധാനത്തിന്റെയും അശാന്തിയുടെയും മുള്‍മുനയിലാണ്. അതിനിടയില്‍ നമുക്ക് പ്രത്യാശയുടെ വെള്ളിവെളിച്ചം പ്രസരിപ്പിച്ചുതന്ന തുര്‍ക്കിയും ഓര്‍ക്കാപ്പുറത്ത് ഉപജാപങ്ങള്‍ക്കിരയായി. 

വിപല്‍സന്ധിയുടെ അഴിമുഖത്തേക്ക് അതിദ്രുതം അടുത്തുകൊണ്ടിരിക്കുന്ന സമുദായത്തിന് ഈ ദുര്‍ഗതി എങ്ങനെ വന്നുപെട്ടു? അടിസ്ഥാനപരമായി ഒരു സമൂഹത്തിന്റെ നിലനില്‍പിനും വളര്‍ച്ചക്കും ആധാരമായി കണക്കാക്കപ്പെടുന്ന മുഖ്യഘടകങ്ങള്‍ നമ്മുടെ കൈയിലുണ്ടല്ലോ. സമഗ്രവും ചൈതന്യവത്തുമായ ഒരാദര്‍ശം, ഉയര്‍ച്ചയുടെ അടിസ്ഥന ഘടകമായ ആള്‍ബലം, വേണ്ടത്ര അച്ചടക്കത്തോടെ കൈകാര്യം ചെയ്യപ്പെടുന്നില്ലെങ്കിലും മെച്ചപ്പെട്ട സാമ്പത്തിക ഭദ്രത, തന്ത്രപ്രധാന മേഖലകളിലെ മുസ്‌ലിം രാജ്യങ്ങളുടെ കിടപ്പ്.... ഇങ്ങനെ എണ്ണിയാല്‍ ഏറെ അനുകൂല ഘടകങ്ങളുണ്ടായിട്ടും കഷ്ടിച്ച് ഒരു കുഴിയില്‍നിന്ന് വല്ല വിധേനയും കയറുമ്പോഴേക്കും വേറെ മൂന്ന് കുഴികള്‍ വീഴാന്‍ പാകത്തില്‍ നമുക്കായി തയാറാക്കപ്പെടുന്നു. ഇതിന്റെ കാരണം പരതുമ്പോള്‍ പലരെയും നമുക്ക് പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടിവരും. 

മനുഷ്യന്റെ തലയില്‍ കുറഞ്ഞൊന്നു കൊണ്ടും തൃപ്തിപ്പെടാത്ത കൊടും ഭീകരവാദി കൂട്ടം തന്നെ ഒന്നാം പ്രതി. ലക്ഷ്യപ്രാപ്തിക്കായി ചോരച്ചാല്‍ തെരഞ്ഞെടുത്ത ഐ.എസ് പോലുള്ള ഭീകരക്കൂട്ടം മനുഷ്യത്വത്തെയും മറ്റെല്ലാ മൂല്യങ്ങളെയും എന്നോ മൊഴിചൊല്ലിയിരിക്കുന്നു. പക്ഷേ, ഇവര്‍ അല്‍പം വൈകിപോലും ലക്ഷ്യം പുല്‍കില്ല. കാരണം മനുഷ്യത്വപരവും സുതാര്യവുമായ ഒരു ലക്ഷ്യമോ സര്‍ഗാത്മകമായ ഒരു പോളിസിയോ അവര്‍ക്കില്ല. ദുര്‍ബലമായ താഴ്‌വേരുകള്‍ മാത്രമുള്ള ഭീകരര്‍ക്ക് അധികനാള്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് ഗതകാലചരിത്രം നമ്മോടു പറയുന്നു. ഇപ്പോള്‍തന്നെ അവര്‍ക്കിടയില്‍ ഭിന്നിപ്പ് തലപൊക്കിയെന്നും ചില പോക്കറ്റുകളില്‍ തമ്മില്‍തല്ല് തുടങ്ങിയെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 

ഇസ്‌ലാമിക സംസ്‌കൃതിക്കും അതിന്റെ യശസ്സിനും ആഴത്തില്‍ പരിക്കേല്‍പ്പിച്ച ഭരണകൂട ഭീകരതയാണ് രണ്ടാം പ്രതി. ഒരു നിലക്ക് പറഞ്ഞാല്‍ പ്രതിക്ക് കടന്നുവരാന്‍ പാലമിട്ടുകൊടുത്തത് ഈ ഭരണകൂട ഭീകരതയാണ്. ഈജിപ്തിലും മറ്റും അവിഹിതമാര്‍ഗങ്ങളിലുടെ ഭരണം പിടിച്ചവര്‍ പൗരന്മാരുടെ മൗലികാവകാശം കുഴിച്ചുമൂടുകയും ജനാധിപത്യമൂല്യങ്ങള്‍ കാറ്റില്‍ പറത്തുകയും സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയും ചെയ്തു. പ്രതിഷേധിച്ച നിരപരാധികളായ ആയിരങ്ങളെ തുറുങ്കിലടച്ച് ക്രൂരമായി പീഡിപ്പിക്കുന്നു. പലരെയും തൂക്കിലേറ്റി. 

ഈയൊരു പശ്ചാത്തലത്തില്‍ നേരത്തേതന്നെ ഒരു കാരണത്തിനു കാത്തിരുന്ന, ഇസ്‌ലാമിന്റെ സംസ്‌കാരം ഉള്‍ക്കൊണ്ടിട്ടില്ലാത്ത ഒരു വിഭാഗം സന്ദര്‍ഭം മുതലെടുത്ത് തീവ്രവാദ ഗ്രൂപ്പുകളിലേക്ക് ചേക്കേറി. ഭരണകൂട ഭീകരത ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അരങ്ങേറിയ മറ്റു ചില രാഷ്ട്രങ്ങളിലും ഏറ്റക്കുറവുകളോടെയാണെങ്കിലും ഇതുതന്നെ സംഭവിച്ചു. മുസ്‌ലിം രാഷ്ട്രങ്ങളുടെ-സാമാന്യവല്‍ക്കരിക്കുകയല്ല-അവസ്ഥ കൂടുതല്‍ കലുഷമാകാനുള്ള മുഖ്യകാരണങ്ങളിലൊന്ന് ഈ ഭരണകൂട ഭീകരതയാണ്. 

മുമ്പേ തന്നെ വലിയ വലിയ പ്രയാസങ്ങളുടെ കത്രികപ്പൂട്ടിലകപ്പെട്ട മുസ്‌ലിം സമുദായം, മേല്‍പറഞ്ഞ രണ്ടു ഭീകരതകള്‍ വലയം ചെയ്തതോടെ ആര്‍ക്കും എപ്പോഴും എന്തും ചെയ്യാമെന്ന അവസ്ഥയിലാണ്. ചോദിക്കാനോ പ്രതികരിക്കാനോ ആരുമില്ല. മുമ്പ് ഫലസ്ത്വീന്‍ വിലയ്ക്കു വാങ്ങാന്‍ ചെന്നപ്പോള്‍ സയണിസ്റ്റുകളെ ആട്ടിയോടിച്ച സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് ഇന്നില്ല. ഫലസ്തീന്‍ പ്രശ്‌നത്തില്‍ അമേരിക്ക ഇടഞ്ഞപ്പോള്‍ ഒരു തുള്ളി പെട്രോള്‍ പോലും അമേരിക്കയിലേക്കയക്കില്ലെന്ന് പറഞ്ഞ് അമേരിക്കയെ വിറപ്പിച്ച ഫൈസല്‍ രാജാവും ഇപ്പോഴില്ല. 

1924-ല്‍ ഖിലാഫത്ത് തകര്‍ന്നപ്പോള്‍ ദുഃഖപരവശരായ അന്നത്തെ നേതാക്കള്‍ ഖുദ്‌സിലും കൈറോവിലും മക്കയിലും മാറിമാറി യോഗം ചേരുകയും വിഷയം പ്രാധാന്യപൂര്‍വം ചര്‍ച്ച ചെയ്യുകയെങ്കിലും ചെയ്തിരുന്നു. ഇന്ന് പല ബ്ലോക്കുകളും ചേരികളുമായി പിരിഞ്ഞ് പരസ്പരം മാനസിക ഐക്യമില്ലാതെ കഴിയുന്ന മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് ധൈര്യപൂര്‍വം അമേരിക്കക്കോ റഷ്യക്കോ എതിരെ കൂട്ടായ ഒരു പ്രസ്താവന പോലും ഇറക്കാനാവുന്നില്ല. ദിശാബോധം നഷ്ടപ്പെട്ട മുസ്‌ലിം നേതൃത്വം ഈയൊരു പരുവത്തിലെത്തിയതുകൊണ്ടാണ് സമുദായത്തെ കണ്ണുപൊട്ടിയ ഒട്ടകത്തോട് ഉപമിക്കേണ്ടിവന്നത്.

 


 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 63-64
എ.വൈ.ആര്‍

ഹദീസ്‌

പുണ്യകരമായ ഹജ്ജ്
സുബൈര്‍ കുന്ദമംഗലം