Prabodhanm Weekly

Pages

Search

2011 നവംബര്‍ 19

കീഴാള-സ്വത്വരാഷ്ട്രീയം: പാഠങ്ങളും പാഠ പരിമിതിയും

സമദ് കുന്നക്കാവ്

സമകാലിക മുസ്‌ലിം രാഷ്ട്രീയം മലബാര്‍ സമരം വായിക്കുമ്പോള്‍ - 5

മലബാര്‍ സമരം സമീപകാലത്ത് ഒരു വ്യാവഹാരിക സംജ്ഞയാക്കി സജീവമാക്കിയത് കീഴാള-സ്വത്വരാഷ്ട്രീയ പഠനങ്ങളാണെന്നതില്‍ സംശയമില്ല. ദേശീയവാദ -മാര്‍ക്‌സിസ്റ്റ് ചരിത്ര വിജ്ഞാനീയങ്ങളെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് നവ ചരിത്രവാദത്തിന്റെ സാങ്കേതിക പദാവലികള്‍ ഉപയോഗിച്ചുകൊണ്ട്  രചനകളില്‍ ഏര്‍പ്പെട്ട കീഴാള ചരിത്ര രചനാപദ്ധതി മലബാര്‍ സമരത്തില്‍ അടങ്ങിയ മതത്തിന്റെ ചിന്താധാരകളെ തികവോടെ അടയാളപ്പെടുത്തുന്നതില്‍ വിജയിച്ചു എന്നു പൂര്‍ണമായും പറയുക സാധ്യമല്ല. കീഴാളര്‍ സ്വന്തം നിലക്കും വരേണ്യ നേതൃത്വത്തിനോട് കലഹിച്ചുകൊണ്ടും കൊളോണിയലിസത്തെ അഭിമുഖീകരിച്ചതിന്റെ ചരിത്രങ്ങളാണ് കീഴാള ചരിത്രരചന വിഭാവനം ചെയ്തത്. കീഴാള രചനാവാദത്തിന്റെ സൈദ്ധാന്തികനായ രണജിത് ഗുഹ കീഴാള പ്രക്ഷോഭങ്ങളെ അടയാളപ്പെടുത്തുന്നതും വിശകലനം ചെയ്യുന്നതും നിഷേധം (negation), ഐക്യദാര്‍ഢ്യം (solidarity, പ്രദേശപരത (territoriality) എന്നീ മൂന്ന് പരികല്‍പനകളുടെ അടിത്തറയിലാണ്. ജന്മിമാരോടുള്ള തുറന്ന കലഹവും ആജ്ഞകള്‍ നിഷേധിക്കലും നികുതി നിഷേധിക്കലും കീഴാള കര്‍ഷകനെ അക്കാര്യം ബോധവത്കരിക്കലും മലബാറില്‍ സംഭവിച്ചിട്ടുണ്ട്. പ്രക്ഷോഭങ്ങളുടെ ഭാഗമായുള്ള സംഘടിക്കലും ദൃശ്യ-ശ്രാവ്യ ഉപകരണങ്ങളിലൂടെയുള്ള ഒരുക്കങ്ങളും എല്ലാം ചേര്‍ന്ന് നിഷേധം, ഐക്യദാര്‍ഢ്യം എന്നീ സവിശേഷതകളെ ശരിവെക്കുന്നുണ്ട്. എന്നാല്‍ കലാപത്തെ പ്രദേശപരതയില്‍ കെട്ടിയിടുന്നതോടെ ഇസ്‌ലാമിന്റെ സാര്‍വദേശീയമായ സമരവീര്യം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.
മലബാര്‍ കലാപത്തിന് നെടുനായകത്വം നല്‍കിയ സമുദായ നേതാക്കള്‍ പ്രദേശത്തിന്റെ ഇത്തിരിവട്ടത്തില്‍ ഒതുങ്ങിക്കൂടിയവരായിരുന്നില്ല. മലബാര്‍ സമരചരിത്രത്തിലെ അദ്വിതീയസ്ഥാനം വഹിക്കുന്ന സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ രാഷ്ട്രീയ വീക്ഷണം 'പാന്‍ ഇസ്‌ലാമിസ'ത്തില്‍ നിന്ന് പിറവികൊണ്ടതായിരുന്നു. മക്കയില്‍ അഞ്ചുവര്‍ഷത്തെ വിദ്യാഭ്യാസ പരിശീലനവും കഴിഞ്ഞ് ഇസ്‌ലാമിക ലോകത്തിന്റെ കിതപ്പും കുതിപ്പുമെല്ലാം ഹൃദയത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് 1849-ല്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ മലബാറില്‍ തിരിച്ചെത്തി മാപ്പിള കര്‍ഷകരുടെ ആത്മീയ നേതൃത്വത്തിലേക്ക് അവരോധിക്കപ്പെടുന്നത് എന്നത് ഇതിനെ ബലപ്പെടുത്തുന്നുണ്ട്. 1852-ല്‍ അറേബ്യയിലേക്ക് നാടുകടത്തപ്പെട്ടതിനു ശേഷം ഉസ്മാനിസുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന്റെ ഭരണത്തിനു കീഴില്‍ ജമാലുദ്ദീന്‍ അഫ്ഗാനിയും സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളും ഉന്നത സ്ഥാനം വഹിച്ചുവെന്നതും ഇവിടെ കൂട്ടി വായിക്കപ്പെടേണ്ടതാണ്.
മലബാര്‍ സമരത്തില്‍ മാത്രമല്ല, അതിനു മുമ്പുള്ള പോര്‍ച്ചുഗല്‍ വിരുദ്ധ പോരാട്ടങ്ങളിലും സാര്‍വദേശീയാര്‍ഥത്തിലുള്ള ഇസ്‌ലാമിന്റെ ഐക്യപ്പെടല്‍ സാധ്യമാവുന്നുണ്ട്. പറങ്കികള്‍ക്കെതിരായ യുദ്ധങ്ങള്‍ക്ക് സഹായം അഭ്യര്‍ഥിച്ചുകൊണ്ട് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഇന്ത്യക്കകത്തും പുറത്തുമുള്ള മുസ്‌ലിം സുല്‍ത്താന്മാര്‍ക്ക് കത്തുകളയച്ചതിന്റെയും അപേക്ഷ സ്വീകരിക്കാത്ത സുല്‍ത്താന്മാരെ ഭര്‍ത്സിക്കുന്നതിന്റെയും തെളിവുകള്‍ വേണ്ടുവോളമുണ്ട് (മഖ്ദൂം 1995:35). തുഹ്ഫത്തുല്‍ മുജാഹിദീന്‍ രചിച്ചത് അറബിഭാഷയിലാണെന്നതുതന്നെ ഈ സാര്‍വദേശീയതക്ക് തെളിവാണ്. ഖാദി മുഹമ്മദ് ഫത്ഹുല്‍ മുബീനില്‍ മുസ്‌ലിം ഭരണാധികാരികളില്‍ നിന്ന് വ്യത്യസ്തമായി സാമൂതിരിയുടെ ധീരതയെയും വൈഭവത്തെയും എടുത്തുദ്ധരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല (മുഹമ്മദ് 1996:75).
ഇത്തരത്തില്‍ വിശകലന വിധേയമാക്കിയാല്‍ സമകാലിക കീഴാളപഠനങ്ങളുടെ ആന്തരികമായ ധൈഷണിക പരിമിതി വെളിവാക്കപ്പെടും. ഇന്ത്യന്‍ ദേശീയതയുടെ വരേണ്യ വ്യവഹാരങ്ങളെ പോറലേല്‍പിക്കാന്‍ കീഴാളപഠനങ്ങള്‍ക്ക് സാധിക്കുന്നുണ്ടെങ്കിലും കര്‍ഷക-തൊഴിലാളി-ഗോത്ര വര്‍ഗ വിഭാഗങ്ങള്‍ നടത്തിയ പ്രക്ഷോഭങ്ങളുടെ സ്വതന്ത്രവും വ്യതിരിക്തവുമായ സാന്നിധ്യം ദേശീയതയില്‍ സ്ഥാപിക്കുക എന്ന കേവലവും അതേസമയം പ്രധാനവുമായ ലക്ഷ്യത്തില്‍ അത് പരിമിതപ്പെട്ടുപോകുന്നുണ്ട്. സവര്‍ണവും വരേണ്യവുമായ നേതൃത്വങ്ങളും ആശയങ്ങളും കൂട്ടിനില്ലാതെ പ്രാദേശിക വൈവിധ്യങ്ങളുടെ സമ്മേളിക്കലിലൂടെ സംഭവിച്ച കീഴാള പ്രക്ഷോഭങ്ങളെന്ന് മലബാര്‍സമരത്തെ സ്ഥാപിച്ചെടുക്കുമ്പോള്‍ അവിടെ മാപ്പിളമാരുടെ വിശ്വാസവും ആദര്‍ശ പിന്‍ബലവും അസന്നിഹിതമാക്കപ്പെടുന്നു. പകരം 'മലബാര്‍ മാപ്പിള' എന്ന കേവലമായ പ്രദേശപരതയിലേക്ക് അത് ചുരുക്കിക്കൂട്ടപ്പെടുന്നു.
ഉത്തര കൊളോണിയല്‍ പഠനങ്ങളുടെ ഭാഗമെന്ന നിലക്ക് ആധുനികോത്തര കാലത്ത് വികസിച്ചുവന്നിട്ടുള്ള സ്വത്വ രാഷ്ട്രീയ പഠനങ്ങളും മലബാര്‍ സമരത്തെ നവീനമായി പ്രോജ്വലിപ്പിക്കുന്നുണ്ട്. വ്യവഹാര മണ്ഡലത്തില്‍ മലബാറിനൊരു ഇടം നേടിക്കൊടുക്കാന്‍ ഈ ധാരക്ക് സാധിച്ചു എന്നത് ശരിവെക്കുമ്പോള്‍ തന്നെ പരിമിതിയും നാം അവഗണിച്ചുകൂടാ. മാത്രമല്ല, ഫലത്തില്‍ സ്വത്വരാഷ്ട്രീയവാദം ഫോക്‌ലോര്‍ പഠനങ്ങള്‍ക്ക് സംഭവിച്ച അതിവൈകാരികമായ പാളിച്ചകളെ ഓര്‍മപ്പെടുത്തുന്നതുമാണ്. ആധുനികതയുടെ പ്രഛന്ന വേഷമണിഞ്ഞ് കടന്നുവന്ന കൊളോണിയലിസം മൂന്നാം ലോകരാജ്യങ്ങളുടെ ഭൂതകാലത്തെയും പാരമ്പര്യത്തെയും തിരസ്‌കരിച്ചുകൊണ്ടാണ് സ്വയം നിവര്‍ന്നുനിന്നത് എന്നതാണ് ഫോക്‌ലോര്‍ വാദം. മൂന്നാം ലോക നിവാസികളെ രണ്ടാംകിടക്കാരും അധമവര്‍ഗക്കാരുമായി മുദ്രചാര്‍ത്തുന്ന പ്രബുദ്ധത മുന്‍വിധികള്‍ കൊളോണിയല്‍ ആധുനികതയുടെ വക്താക്കള്‍ പുലര്‍ത്തിപ്പോന്നു എന്ന ഫോക്‌ലോര്‍ വിമര്‍ശനം ചരിത്രപരമായി ശരിയാകുമ്പോള്‍ തന്നെ പ്രസ്തുത വാദം ആത്യന്തികമായി മറ്റൊരറ്റത്തേക്ക് നീങ്ങുന്നതും സൈദ്ധാന്തികമായി അപകടകരമാണ്. അഥവാ, കൊളോണിയല്‍ ആധുനികതക്ക് മുമ്പുള്ള ദേശീയ ഭൂതകാലം അങ്ങേയറ്റം സുവര്‍ണയുഗമായി രുന്നുവെന്നും അത്തരം ആദര്‍ശാത്മക സമൂഹത്തെ ഉന്മൂലനം ചെയ്തത് ആധുനികതയാണെന്നുമാണ് ഈ വാദം. പ്രതിലോമപരമായ ഭൂതകാലത്തെ കൂടി പൂര്‍വകാല നന്മകളോടൊപ്പം പീഠവത്കരിച്ചുകൊണ്ടുള്ള ഇത്തരം പഠനങ്ങള്‍ പാരമ്പര്യങ്ങളിലും സംസ്‌കാരങ്ങളിലുമുള്ള ജീര്‍ണതകള മറച്ചുപിടിക്കുകയാണ് ചെയ്യുന്നത്. ഫലത്തില്‍ ഉത്തര കൊളോണിയല്‍ പഠനങ്ങള്‍ തിരികൊളുത്തുന്ന പാശ്ചാത്യ വിരുദ്ധതാ വാദം പുനരുദ്ധാനവാദമായി പരിണമിക്കുന്നു. ഇതിലൂടെ ആധുനികത അങ്ങേയറ്റം അപകടകാരിയും അതിനു മുമ്പുള്ള സകല സാഹിത്യങ്ങളും പാരമ്പര്യങ്ങളും വിശുദ്ധി കൈവരിക്കുകയും ചെയ്യുന്നു. സ്വത്വരാഷ്ട്രീയ പഠനക്കാര്‍ ഏറ്റെടുത്ത മലബാര്‍ സമര പാരമ്പര്യത്തെ ഉപയോഗപ്പെടുത്തി കേരളത്തിലെ മുസ്‌ലിം വിഭാഗത്തിലെ യാഥാസ്ഥിതിക പക്ഷം സമീപകാലങ്ങളില്‍ നടത്തിയ 'സാംസ്‌കാരിക സാമ്രാജ്യത്വം വിസമ്മതിക്കുക' കാമ്പയിനുകളുടെ (അ)രാഷ്ട്രീയം ഇതായിരുന്നു. മലബാര്‍ സമരത്തിലെ രാഷ്ട്രീയമായ ഉള്ളടക്കം തിരസ്‌കരിക്കപ്പെടുകയും അക്കാലത്തിന്റെ ഭാഷകളും സാഹിത്യങ്ങളും പരമപ്രാധാന്യം കൈവരിക്കുകയും ചെയ്തു (സംസ്‌കാര പഠനങ്ങളുടെ ഭാഗമായി മാപ്പിള കലകളുടെയുംസാഹിത്യങ്ങളുടെയും ചരിത്രവും പ്രസക്തിയും അന്വേഷിക്കുന്ന പുതിയ പഠനങ്ങളെ ഈ ലേഖകന്‍ ഒട്ടും വിലകുറച്ച് കാണുന്നില്ല. തര്‍ക്കം, പാരമ്പര്യങ്ങളെ വിവേചനരഹിതമായി ഏറ്റെടുക്കുന്ന വിഷയത്തിലാണ്). സ്വത്വരാഷ്ട്രീയ പഠനങ്ങള്‍ മലബാറിന്റെ ഭൂതകാല പ്രകീര്‍ത്തനങ്ങള്‍ക്ക് മെഗാഫോണായി വര്‍ത്തിച്ചു എന്ന് ചുരുക്കം.
രാഷ്ട്രീയവും സാമൂഹികവുമായ അനേകം ഉള്ളടരുകളുള്ള ഒരു ചരിത്ര സഞ്ചയത്തെ സ്വത്വരാഷ്ട്രീയമെന്ന ലളിതയുക്തിയില്‍ പെടുത്തുമ്പോഴുണ്ടാകുന്ന അപൂര്‍ണതയും നിസ്സാരമല്ല. സാമുദായികവാദത്തിലേക്ക് വാതില്‍ തുറന്നുകൊടുക്കുന്ന സ്വത്വരാഷ്ട്രീയം പുതിയ കാലത്താകട്ടെ സമുദായ-രാഷ്ട്രീയ നേതാക്കള്‍ക്ക് എല്ലാതരം സാംസ്‌കാരിക ജീര്‍ണതകളെയും മറച്ചുപിടിക്കാനുള്ള ഒരു കവചമായും രൂപാന്തരപ്പെടുന്നു. മുസ്‌ലിം രാഷ്ട്രീയത്തെ സംബന്ധിച്ചേടത്തോളം സ്വത്വരാഷ്ട്രീയം സാമൂഹിക മണ്ഡലത്തിലെ വിശാലമായ ഒരു ഇടം നഷ്ടപ്പെടുത്തുന്നുമുണ്ട്. സ്വത്വ രാഷ്ട്രീയമെന്ന ചതുരംഗപലകയിലെ അനേകം കള്ളികളിലൊന്നില്‍ ഇസ്‌ലാമിക രാഷ്ട്രീയത്തെ ഒതുക്കി വെക്കാന്‍ ഇത് കാരണമാകുന്നു. അതാകട്ടെ ആധുനികത പാര്‍ശ്വവത്കരിച്ച ഇതര സ്വത്വങ്ങളുടെ അരികും ചേര്‍ന്ന് നില്‍ക്കാവുന്ന, കേവല സ്വത്വവാദബഹളങ്ങളിലൊന്നായി ഇസ്‌ലാമിന്റെ സമരാഹ്വാനങ്ങളെ പരിമിതപ്പെടുത്തുന്നു. അത്തരം ന്യൂനീകരണ ശ്രമങ്ങളാകട്ടെ സമകാലിക നാഗരികതയെ മുന്നില്‍ നിന്ന് നയിക്കുക എന്ന മുസ്‌ലിം രാഷ്ട്രീയത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്.
ദേശീയതയുടെ സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന വ്യത്യസ്ത സ്വത്വങ്ങളില്‍ മുസ്‌ലിംകളും ഉണ്ട് എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ഇതര വിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയൊരു സാമൂഹിക സംഘാടകത്വത്തിന്റെ ചരിത്രം ഇസ്‌ലാമിനുണ്ട്. ദലിതുകള്‍, ആദിവാസികള്‍, പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ തുടങ്ങി ഇതര സ്വത്വങ്ങളൊന്നും തന്നെ ദേശീയതയുടെ സ്മരണകള്‍ പേറുന്നവരല്ല. അതിനാല്‍ ദേശീയമായും ജാതീയമായും ഒട്ടേറെ ദൗര്‍ബല്യങ്ങള്‍ അനുഭവിക്കുന്ന ദലിത്-ആദിവാസി സമൂഹങ്ങളെ എങ്ങനെ വരുതിയിലാക്കാം എന്ന സമീക്ഷകളാണ് മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ ഏറ്റെടുത്തിരുന്നത്. തലക്കല്‍ ചന്തുവിനെ പഴശ്ശിരാജാവുമായി ഇണക്കി ചേര്‍ത്തും ശബരിയെ ശ്രീരാമനുമായി പ്രണയബന്ധിതമാക്കിയും അയ്യന്‍കാളിയെയും നാരായണഗുരുവിനെയും വിശാല ഹിന്ദു പ്ലാറ്റ്‌ഫോമില്‍ ലയിപ്പിച്ചുകൊണ്ടുമുള്ള രചനാ കൗശലങ്ങളിലൂടെ സംഘ്പരിവാറിന് ഒരു പരിധിവരെ ഇതില്‍ വിജയിക്കാന്‍ സാധിച്ചു. കീഴാള സമൂഹങ്ങളെ കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ മാര്‍ക്‌സിസം കാലോചിതമായി നവീകരിക്കപ്പെടണം എന്ന് ഇടതുപക്ഷ ധാരക്കകത്തുള്ള പല സൈദ്ധാന്തികരും സമീപ കാലത്തായി പറയാന്‍ തുടങ്ങിയതും സംഘാടകശേഷിയില്ലാത്ത കീഴാള സ്വത്വങ്ങളെ തനിക്കാക്കാമെന്നുള്ള പ്രത്യാശയിലാണ്. ഇസ്‌ലാമിനെയും സ്വത്വബഹുത്വ(Multiple Identity)മെന്ന പരികല്‍പനയില്‍ ഉള്‍പ്പെടുത്തി വരുതിയിലാക്കാനുള്ള ബൗദ്ധികമായ ശ്രമങ്ങള്‍ കമ്യൂണിസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. 1939-ല്‍ കെ. ദാമോദരന്റെ നേതൃത്വത്തില്‍ പൊന്നാനിയിലെ ബീഡിക്കമ്പനി സമരത്തില്‍ മുഴങ്ങിയ മുദ്രാവാക്യം
അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍
ഇന്‍ക്വിലാബ് സിന്ദാബാദ്
ജോലി വിയര്‍പ്പുകള്‍ വറ്റുംമുമ്പ്
കൂലികൊടുക്കണമെന്നരുള്‍ ചെയ്‌തോന്‍
കൊല്ലാക്കൊലകളെതിര്‍ക്കും നബി
സല്ലല്ലാഹു അലൈവ സല്ലാം
എന്നായിരുന്നു എന്നും, ഇത് കീഴാള ആധുനികത മുന്നോട്ടുവെച്ച ബഹുത്വപരമായ സ്വത്വത്തിന്റെ ദര്‍ശനമാണെന്നും, ഈ സ്വത്വത്തെ ഏക സ്വത്വത്തിലേക്ക് ചുരുക്കുകയാണ് ദേശ-രാഷ്ട്ര ആധുനികതയെന്നും പി. പവിത്രന്‍ സൂചിപ്പിക്കുന്നുണ്ട് (പവിത്രന്‍ 2005:28). ഈ വാദമനുസരിച്ച് ഇസ്‌ലാമിന് ലഭ്യമാവുന്ന പരമാവധി സ്‌പേയ്‌സ് വിമോചന ദൈവശാസ്ത്രത്തിന്റേതാണ്. സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ: മലബാര്‍ സമരത്തെ വിശകലനം ചെയ്തുകൊണ്ട് ഇടതുപക്ഷത്തെ സ്വത്വരാഷ്ട്രീയ സൈദ്ധാന്തികന്‍ പി.കെ പോക്കറും എത്തിച്ചേരുന്നത് ഈയൊരു വഴിത്താരയിലാണ്. ചൂഷണത്തിനും ഭരണകൂടത്തിനും അനുകൂലമായി മതത്തെ വ്യാഖ്യാനിക്കുന്നതിനു പകരം പീഡിതരും ചൂഷിതരുമായ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നീതി ലഭിക്കുന്ന രീതിയില്‍ വ്യാഖ്യാനിക്കുമ്പോഴാണ് വിമോചന ദൈവശാസ്ത്രം ഉയര്‍ന്നുവരുന്നതെന്നും, പോളോ ഫ്രയര്‍ മുതല്‍ ഫാദര്‍ പൗലോസ് മാര്‍ പൗലോസ് വരെയുള്ള ക്രിസ്ത്യന്‍ മതപുരോഹിതര്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ വികസിപ്പിച്ച വിമോചന ദൈവശാസ്ത്രത്തിന്റെ തുടക്കം മമ്പുറം ഫസല്‍ പൂക്കോയ തങ്ങളുടെ ചിന്തകളില്‍ തെളിഞ്ഞു കാണാം എന്നും അദ്ദേഹം എഴുതുന്നുണ്ട് (പോക്കര്‍ 2006:75). എന്നാല്‍ ഒരു ക്രൈസ്തവ വിമോചന ദൈവശാസ്ത്രം രൂപം കൊണ്ടതുപോലെ ഇസ്‌ലാമിനകത്തു നിന്ന് ഒരു വിമോചന ദൈവശാസ്ത്രം വളര്‍ത്തിയെടുക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. വലിയൊരു വിമോചനാത്മകമായ ആശയക്കനം ഇസ്‌ലാമികത്തുണ്ടെന്നതു തന്നെ ഇതിന്റെ പ്രധാനമായ കാരണം.
കീഴാളര്‍ക്കും സ്ത്രീകള്‍ക്കും ഉപാധികളോടെ സ്വത്വവാദങ്ങള്‍ അനുവദിക്കുമെന്ന് പറയുന്ന പല ഇടതുപക്ഷ സൈദ്ധാന്തികരും ഇസ്‌ലാമിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയാറാവുന്നില്ല. സ്വത്വരാഷ്ട്രീയം ഇന്ന് ലോകമെമ്പാടും കേരളത്തിലും കൈവരിച്ച ഏറ്റവും അപകടകരമായ മാനം മതാത്മക സ്വത്വത്തെ മുന്‍നിര്‍ത്തിയുള്ള സാമൂഹിക സംഘാടകത്ത്വമാണെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നതിന്റെ (സുനില്‍ 2010: 49) കാരണം ഈ ഇസ്‌ലാംഭയമാണ്. ആധുനികത പടച്ചുവിട്ട അപരങ്ങളെല്ലാം ദൃശ്യവത്കരിക്കപ്പെടുകയും അഭിവാദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന മാറിയ ലോകത്ത് ഇസ്‌ലാം സ്വന്തം നിറക്കൂട്ടില്‍ ഭൗതികവിമോചനം സ്വപ്നം കാണുന്നു എന്ന ദുഃഖസത്യമാണ് ഇവിടെ സുനിലിനെ പോലുള്ളവര്‍ക്ക് പനിയും വിറയലും സൃഷ്ടിക്കുന്നത്. ഒരര്‍ഥത്തില്‍ ഇസ്‌ലാമിന്റെ സാമൂഹികതക്കുള്ള അംഗീകാരം കൂടിയാണ് ഇത്. ഇസ്‌ലാമിന്റെ വിമോചനപരമായ അകക്കാമ്പിനെ ഇവര്‍ ഭയപ്പെടുന്നു എന്നതിന്റെ തെളിവ്. വ്യത്യസ്ത സ്വത്വങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് വര്‍ഗ കാഴ്ചപ്പാട് നവീകരിക്കാന്‍ ഇടതുപക്ഷം ശ്രമിച്ചെങ്കിലും അതിന്റെ ഫലം പരാജയമായിരുന്നു എന്നത് സമീപകാല ചരിത്രം. എന്നാല്‍ ഇത്തരം കീഴാള സ്വത്വങ്ങളോട് താദാത്മ്യപ്പെട്ടുകൊണ്ടും ഇണക്കിച്ചേര്‍ത്തുകൊണ്ടും മാറിവരുന്ന കാലത്തോട് സൂക്ഷ്മമായി പ്രതികരിക്കാന്‍ പാകത്തില്‍ വികസിക്കാനും പരിഷ്‌കരിക്കാനുമുള്ള ഇസ്‌ലാമിന്റെ ജൈവികമായ ശേഷി അതിനെ നവസാമൂഹിക പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ആവേശമാക്കി മാറ്റിയിരിക്കുന്നു.
ഉപസംഹാരം
ദേശീയ പ്രസ്ഥാനം, സാഹിത്യം, മാര്‍ക്‌സിസ്റ്റ് ചരിത്ര രചന, കീഴാള-സ്വത്വരാഷ്ട്രീയം തുടങ്ങി പ്രചുര പ്രചാരത്തിലുള്ള ആശയാവലികളെ സംസ്‌കാര വിമര്‍ശനത്തിന്റെ പക്ഷത്തുനിന്ന് ഇഴകീറി പരിശോധിച്ചുകൊണ്ടുള്ള ഈ പഠനം സമര്‍പ്പിക്കുന്ന വസ്തുത സാരാംശത്തില്‍ ഇതാണ്. കൊളോണിയല്‍ ആധുനികതയുടെ പാശ്ചാത്യന്‍ സന്ദര്‍ഭത്തില്‍ നിന്നു തുടങ്ങി അധിനിവിഷ്ട ഇന്ത്യന്‍ പരിസരങ്ങളില്‍ വരെ വേരോടി നില്‍ക്കുന്ന 'ഇസ്‌ലാം മതഭ്രാന്തി'ന്റെ കാരണം ആദര്‍ശപരമായ അതിന്റെ സവിശേഷതയാണ്. ദേശീയ പ്രസ്ഥാനവും അതിന്റെ ആശയ പ്രചാരകരായ ചരിത്രകാരന്മാരും സാഹിത്യപ്രഭൃതിമാരും ഇസ്‌ലാമിനെ അപരസ്ഥാനത്ത് പ്രതിഷ്ഠിച്ചതിന്റെ മൗലിക കാരണവും ഇതുതന്നെ. വേറിട്ടൊരു വായനക്ക് ശ്രമിച്ച ഇടതുപക്ഷ ചരിത്രപാഠങ്ങളും ചരിത്രപരമായി പില്‍ക്കാലത്ത് വഴിമാറി ചവിട്ടുന്നത് ശാക്തികമായി തങ്ങളെ മറികടക്കുന്ന ഇസ്‌ലാമിക രാഷ്ട്രീയത്തെ ഭയപ്പെട്ടുകൊണ്ടാണ്. കൊളോണിയല്‍ വിരുദ്ധത, ആധുനികതാ വിമര്‍ശനം, മുസ്‌ലിം -കീഴാള ലയനം തുടങ്ങിയ ആശയങ്ങളുടെ തികവാര്‍ന്ന സമന്വയ രൂപമായിരുന്നു മലബാര്‍ സമരം. അതിനാല്‍ മലബാര്‍ സമര ചരിത്രത്തിലെ ഇസ്‌ലാമിന്റെ ഇത്തരം സാമൂഹിക പ്രതിനിധാനത്തെ ധൈഷണികമായി വികസിപ്പിച്ചെടുത്തുകൊണ്ട് സമകാലിക രാഷ്ട്രീയ മണ്ഡലത്തില്‍ സ്വന്തം പരിസരം കണ്ടെത്താനാകണം ഇസ്‌ലാമിക പ്രസ്ഥാനം ശ്രമിക്കേണ്ടത്. ദേശീയാധുനികതയുടെ സവര്‍ണവും കീഴാള വിരുദ്ധവുമായ പൗരസങ്കല്‍പം കൈയൊഴിഞ്ഞ ദലിതുകള്‍, ആദിവാസികള്‍, സ്ത്രീകള്‍, പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ എന്നീ വിഭാഗങ്ങളുടെ സമരമുഖം വികസിപ്പിച്ചെടുക്കുക എന്നതായിരിക്കണം വിമോചകമായ രാഷ്ട്രീയ ഇടപെടലിന്റെ സമകാലിക ദൗത്യം. തീര്‍ച്ചയായും ഇത്തരമൊരു ഇടപെടല്‍ കേവലമായ സ്വത്വ രാഷ്ട്രീയമെന്ന് നാം തെറ്റിദ്ധരിക്കാനും പാടില്ല. ആധുനികതയുടെ ബൃഹതാഖ്യാനങ്ങളെ സര്‍ഗാത്മകമായി വെല്ലുവിളിക്കാനുള്ള ഉത്തരാധുനികതയുടെയും സ്വത്വരാഷ്ട്രീയത്തിന്റെയും ആര്‍ജവങ്ങളെ ഇസ്‌ലാമിക പ്രസ്ഥാനം വിലമതിച്ചു കാണേണ്ടതുണ്ട്. അതിന്റെ ഭാഗമെന്നോണം ഉത്തരാധുനികത ശാക്തീകരിച്ച മുഴുവന്‍ ഐഡന്റിറ്റികളെയും സമരോത്സുകമാക്കുന്ന വിഷയത്തില്‍ ക്രിയാത്മക പങ്കാളിത്തം വഹിക്കുകയും വേണം. എന്നാല്‍ മുഴുവന്‍ പീഡിത സമൂഹങ്ങളെയും അഭിവാദ്യം ചെയ്യാനും അവരുടെ വിമോചനം ലക്ഷ്യമാക്കാനുമുള്ള ചരിത്രത്തിലെ ഇസ്‌ലാമിന്റെ സംഘാടക ശേഷി കണ്ടെടുത്ത് ഇസ്‌ലാമിനെ പുനര്‍നിര്‍വചിക്കാനും പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങളായി അത് പുരോഗമിക്കേണ്ടതുണ്ട്. തീര്‍ച്ചയായും മലബാര്‍ സമര പാരായണത്തിലൂടെ സമകാലിക മുസ്‌ലിം രാഷ്ട്രീയം എത്തിച്ചേരേണ്ട ഭൂമികയും അതാണ്.
അവസാനിച്ചു.
samadkunnakkavu@gmail.com

ഗ്രന്ഥസൂചിക
അജയ് ശേഖര്‍ (ഡോ), 2009. സംസ്‌കാരം, പ്രതിനിധാനം, പ്രതിരോധം: സംസ്‌കാര രാഷ്ട്രീയത്തിലേക്കുള്ള കുറിപ്പുകള്‍. ഫേബിയന്‍ ബുക്‌സ്, മാവേലിക്കര
അനില്‍ കുമാര്‍, ടി.കെ, 2004. മലയാള സാഹിത്യത്തിലെ കീഴാള പരിപ്രേക്ഷ്യം. കേരള സാഹിത്യ അക്കാദമി, തൃശൂര്‍
അന്‍സാരി, എം.ടി, 2008. മലബാര്‍: ദേശീയതയുടെ ഇട-പാടുകള്‍, ചരിത്ര-സാഹിത്യപാഠങ്ങള്‍. ഡി.സി ബുക്‌സ്, കോട്ടയം
ഇ.എം.എസ് നമ്പൂതിരിപ്പാട്, 1990. തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍. കേരള സാഹിത്യ അക്കാദമി, തൃശൂര്‍
ഇ.എം.എസ്. നമ്പൂതിരിപ്പാട്, 1996. മലബാര്‍ സമരവും പുന്നപ്ര വയലാറും. ബോധനം ത്രൈമാസിക, വാള്യം 2, ലക്കം 3, കോഴിക്കോട്
കരീം, സി.കെ (ഡോ.) 1995. 'ആശാന്റെ ദുരവസ്ഥ'. ബോധനം ത്രൈമാസിക, വാള്യം 1, ലക്കം 2, കോഴിക്കോട്
കുമാരനാശാന്‍, 1982. കുമാരനാശാന്റെ ഗദ്യലേഖനങ്ങള്‍, എന്‍.കെ ദാമോദരന്‍ (സമ്പാദകന്‍). കുമാരനാശാന്‍ സ്മാരക കമ്മിറ്റി, തോന്നയ്ക്കല്‍
കുമാരനാശാന്‍, 1981. ദുരവസ്ഥ. ദേവി ബുക്സ്റ്റാള്‍, കൊടുങ്ങല്ലൂര്‍
കൊച്ച്, കെ.കെ, 2010. 'കുമാരനാശാന്റെ വ്യാജ വിപ്ലവങ്ങള്‍.' മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 88, ലക്കം 18, കോഴിക്കോട്
ഖാദി മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ്, 1996. ഫത്ഹുല്‍ മുബീന്‍. പ്രഫ. മങ്കട അബ്ദുല്‍ അസീസ് (പരിഭാഷ). അല്‍ഹുദ ബുക്സ്റ്റാള്‍, കോഴിക്കോട്
ഗംഗാധരന്‍, എം, 2011. 'മലബാര്‍ കലാപം ആഘോഷിക്കരുത്.' മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 89, ലക്കം 18, കോഴിക്കോട്
ഗംഗാധരന്‍, എം, 2009. മലബാര്‍ കലാപം: 1921-22. ഡി.സി ബുക്‌സ്, കോട്ടയം
ജോര്‍ജ്, കെ.എം, (ഡോ.) 1991. അന്വേഷണങ്ങള്‍ പഠനങ്ങള്‍. ഡി.സി ബുക്‌സ്, കോട്ടയം
നാരായണന്‍, എം.ജി.എസ്, 2011. കോഴിക്കോട്: ചരിത്രത്തില്‍ നിന്ന് ചില ഏടുകള്‍. പ്രതീക്ഷ ബുക്‌സ്, കോഴിക്കോട്
പണിക്കര്‍, കെ.എന്‍, 2004. മലബാര്‍ കലാപം: പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ. ഡി.സി ബുക്‌സ്, കോട്ടയം
പവിത്രന്‍, പി, 2002. ആശാന്‍ കവിത: ആധുനികാനന്തര പാഠങ്ങള്‍. സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ്, തിരുവനന്തപുരം
പവിത്രന്‍, പി, 2007. 'മാപ്പിളമാരുടെ ഭാവശുദ്ധി', ഭാഷാപോഷിണി മാസിക, പുസ്തകം 31, ലക്കം 7, കോട്ടയം
പവിത്രന്‍, പി, 2005. 'വിജയന്റെ യാത്രകള്‍.' മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 83, ലക്കം 6, കോഴിക്കോട്
പോക്കര്‍ പി.കെ (ഡോ), 2006. 'മമ്പുറം ഫസല്‍ പൂക്കോയ തങ്ങള്‍: സാമ്പ്രദായിക ബുദ്ധിജീവികളിലെ അധിനിവേശ വിരുദ്ധ മാതൃക.' ഡോ. കെ.കെ.എന്‍ കുറുപ്പ്, ഡോ. പി.കെ പോക്കര്‍ (എഡിറ്റര്‍മാര്‍). മമ്പുറം സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍. ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം
പ്രദീപന്‍ പാമ്പിരിക്കുന്ന്, 2007. 'വീണപൂവിലെ അവര്‍ണ ഭീതികള്‍.' മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 85, ലക്കം 32, കോഴിക്കോട്
ബാബുരാജ്, കെ.കെ, 2008. മറ്റൊരു ജീവിതം സാധ്യമാണ്. സബ്ജക്റ്റ് ആന്റ് ലാന്‍ഗേജ് പ്രസ്, കോട്ടയം
ബാലകൃഷ്ണന്‍, പി.കെ, 1979. കാവ്യകല കുമാരനാശാനിലൂടെ. നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം
ബാലകൃഷ്ണന്‍, പി.കെ, 1996. ടിപ്പുസുല്‍ത്താന്‍. അല്‍ഹുദാ ബുക്സ്റ്റാള്‍, കോഴിക്കോട്
മേനോന്‍, എം.പി.എസ് (പ്രഫ), 1994. മലബാര്‍ സമരം: എം.പി നാരായണമേനോനും സഹപ്രവര്‍ത്തകരും. ഐ.പി.എച്ച് കോഴിക്കോട്
രഘു, ജെ, 2008. ദേശരാഷ്ട്രവും ഹിന്ദുകൊളോണിയലിസവും. സബജ്കറ്റ് ആന്റ് ലാന്‍ഗേജ് പ്രസ്, കോട്ടയം
രാജീവന്‍, ബി, 2009. വാക്കുകളും വസ്തുക്കളും. ഡി.സി ബുക്‌സ്, കോട്ടയം
രാമചന്ദ്രന്‍ ജി.പി, 2010. 'മുസ്‌ലിം ഭീതിയും ലൗജിഹാദും: വള്ളത്തോള്‍ മുതല്‍ വെള്ളാപ്പള്ളിവരെ.' സമദ് കുന്നക്കാവ് (എഡിറ്റര്‍), അപരവത്കരണത്തിന്റെ മതവും ജാതിയും. പ്രതീക്ഷ ബുക്‌സ്, കോഴിക്കോട്
വള്ളത്തോള്‍, 2003. സാഹിത്യമഞ്ജരി. ഡി.സി ബുക്‌സ്, കോട്ടയം
ലീലാവതി, എം (ഡോ). 2002, മലയാള കവിത സാഹിത്യ ചരിത്രം. കേരള സാഹിത്യ അക്കാദമി, തൃശൂര്‍
സജിദ്, എന്‍.എസ്, 2011, (എഡിറ്റര്‍). മലബാര്‍ കലാപത്തിന്റെ ആഹ്വാനം. പ്രോഗ്രസ് പബ്ലിക്കേഷന്‍, കോഴിക്കോട്
സുനില്‍ പി. ഇളയിടം, 2006. 'ബ്രാഹ്മണ്യം, ദേശീയത, ഇടതുപക്ഷം: ചില വര്‍ത്തമാന വിചാരങ്ങള്‍.' മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 84, ലക്കം 34, കോഴിക്കോട്
സുനില്‍ പി. ഇളയിടം, 2010. 'സ്വത്വരാഷ്ട്രീയവും മാര്‍ക്‌സിസവും.' സമകാലിക മലയാളം വാരിക, പുസ്തകം 14, ലക്കം 8, കലൂര്‍
സൈനുദ്ദീന്‍ മഖ്ദൂം, 2003. തുഹ്ഫത്തുല്‍ മുജാഹിദീന്‍. സി. ഹംസ (പരിഭാഷ), അല്‍ഹുദാ ബുക്സ്റ്റാള്‍, കോഴിക്കോട്
ശങ്കരന്‍, തായാട്ട്, 2000. ആശാന്‍: നവോത്ഥാനത്തിന്റെ കവി. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം,
ശങ്കരന്‍, തായാട്ട്, 1981. തെരഞ്ഞെടുത്ത സാഹിത്യ പ്രബന്ധങ്ങള്‍. നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം
ശ്രീരാമന്‍, സി.വി, 2000. 'സാമൂഹ്യവിപ്ലവവും സാഹിത്യവും: മലയാളത്തിലെ ആദ്യകാലാനുഭവങ്ങള്‍.' എം.എന്‍ വിജയന്‍ (ജന. എഡിറ്റര്‍), നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം 1901-2000, വാള്യം രണ്ട്. കേരള സാഹിത്യ അക്കാദമി, തൃശൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം