Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 09

2967

1437 ദുല്‍ഹജ്ജ് 07

കേവല ജാതിവിരുദ്ധ സമരങ്ങള്‍ കൊണ്ട് മാറ്റം വരില്ല

വി.എം റമീസുദ്ദീന്‍, അസ്ഹറുല്‍ ഉലൂം ആലുവ

ജാതീയതയും വംശീയതയും നൂറ്റാണ്ടുകളായി മനുഷ്യനാഗരികതയെ കാര്‍ന്നുതിന്നുന്നുണ്ട്. ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും ഇതിന്റെ പൈശാചികത പാരമ്യതയിലെത്തുകയുണ്ടായി. മനുഷ്യരെ തട്ടുകളാക്കി അവര്‍ണന്‍-സവര്‍ണന്‍, കറുത്തവന്‍-വെളുത്തവന്‍, കീഴ്ജാതി-മേല്‍ജാതി എന്നിങ്ങനെ തിരിച്ച് വിവേചനവും ഭ്രഷ്ടും കല്‍പ്പിക്കുന്ന നികൃഷ്ടത മിക്ക സമൂഹങ്ങളിലും വിവിധ രൂപങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ സ്ഥിതി ഏറെ ഭീകരമാണ്. ആര്യാധിനിവേശം മുതല്‍ തുടങ്ങിയ ബ്രാഹ്മണ മേധാവിത്വത്തിന്റെ പിന്തുടര്‍ച്ചകള്‍ ഇന്നും നിലനില്‍ക്കുകയാണ്. ജാതിവിവേചനത്തിന്റെ ഇരകള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കുന്നു.

മനുഷ്യസമത്വവും സാമൂഹികനീതിയും വിഭാവനം ചെയ്യുന്ന ആദര്‍ശത്തിന്റെ പിന്‍ബലത്തോടെയല്ലാതെ ജാതിവിവേചനങ്ങളും വംശീയ വേര്‍തിരിവുകളും തുടച്ചുനീക്കുക സാധ്യമല്ല. മനുഷ്യരെയെല്ലാം 'നഫ്‌സുന്‍ വാഹിദ'-ഒരൊറ്റ ആത്മാവ്- എന്ന തത്ത്വത്തില്‍ തുല്യരാക്കുന്ന ദര്‍ശനത്തിനല്ലാതെ മനുഷ്യസമത്വം പ്രായോഗികമാക്കാന്‍ കഴിയില്ല. 'നാം നിങ്ങളില്‍ ഗോത്രങ്ങളെയും വംശങ്ങളെയും സൃഷ്ടിച്ചത് നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാകുന്നു. നിങ്ങളില്‍ ശ്രേഷ്ഠര്‍ ജീവിതവിശുദ്ധിയും സൂക്ഷ്മതയുമുള്ളവര്‍ മാത്രമാകുന്നു' (സൂറഃ അല്‍ഹുജുറാത്ത് 13) എന്ന് പഠിപ്പിക്കുന്ന ദര്‍ശനമാണത്. മനുഷ്യരെയെല്ലാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നും സൃഷ്ടിച്ച ദൈവത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണ്. വെളുത്തവന് കറുത്തവനേക്കാള്‍ പദവിയില്ല, കീഴ്ജാതിക്കാരനേക്കാള്‍ മേല്‍ജാതിക്കാരന് പരിഗണനയില്ല. ശ്രേഷ്ഠതയുടെ അളവുകോല്‍ ജീവിതവിശുദ്ധി മാത്രം എന്ന് പഠിപ്പിച്ചു പ്രവാചകന്‍.

വംശ-ജാതിബോധങ്ങളെ തച്ചുടച്ചുകൊണ്ടുള്ള സമീപനങ്ങള്‍ ഒട്ടുമിക്ക പ്രവാചകന്മാരുടെയും ജീവിതത്തില്‍ കാണാം. മനുഷ്യരെല്ലാം ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമ•ാരാണെന്ന് ഉദ്‌ഘോഷിച്ച മുഹമ്മദ് നബി(സ), സമൂഹം കീഴാളനായി കണ്ട കറുത്ത വര്‍ഗക്കാരന്‍ ബിലാലിനോട് തന്റെ ചുമലില്‍ ചവിട്ടി കഅ്ബയുടെ മുകളില്‍ കയറാന്‍ കല്‍പ്പിച്ചത് സമൂഹത്തിലെ അസമത്വങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ്. ഉന്നത കുലത്തില്‍പെട്ട മോഷ്ടാവിനു വേണ്ടി ശിപാര്‍ശ ചെയ്ത ഉസാമ(റ)യോട് പ്രവാചകന്‍ കോപാകുലനായി. മനുഷ്യരെ വര്‍ണ-വര്‍ഗ സീമകള്‍ക്കതീതമായി വര്‍ഷാവര്‍ഷം ഒരുമിപ്പിക്കുന്ന  ഹജ്ജിന് സമാനമായി മറ്റെന്ത് അനുഷ്ഠാനമാണ് മനുഷ്യ നാഗരികതയിലുള്ളത്?

വംശ-ജാതി വിവേചനം മനുഷ്യമനസ്സുകളില്‍നിന്ന് ഉന്മൂലനം ചെയ്യുക ക്ലേശകരമായ ദൗത്യം തന്നെയാണ്. കേവല ജാതിവിരുദ്ധ സമരങ്ങളും പ്രതിഷേധങ്ങളും കൊണ്ട് മാത്രം മാറ്റം സാധ്യമല്ല. ഓരോരുത്തരുടെയും ഹൃദയത്തില്‍ സംസ്‌കരണം സാധ്യമാവണം. സാഹോദര്യവും സമത്വവുമെല്ലാം സംസ്‌കാരമായി രൂപപ്പെടണം. അതിന് ആദര്‍ശപരമായ അടിത്തറ ഉണ്ടാവണം. ദൈവവും മനുഷ്യനുമായുള്ള വിശുദ്ധ സമ്പര്‍ക്കത്തിലൂടെ മാത്രമേ മനുഷ്യനും മനുഷ്യനും തമ്മിലുള്ള സാഹോദര്യം ഊഷ്മളമാവൂ. ഖുര്‍ആനികാധ്യാപനങ്ങളും പ്രവാചകചര്യയും ഉയര്‍ത്തിപ്പിടിച്ച് ജാതീയതക്കും വംശീയതക്കുമെതിരെ പ്രവര്‍ത്തിക്കാന്‍ ഇസ്‌ലാമിക സമൂഹത്തിന് ബാധ്യതയുണ്ട്.

 

പല വട്ടം വായിച്ചു 
നിസ്‌കാരത്തിന്റെ ആ സൗന്ദര്യം

 

ഹൃദയത്തെ തൊട്ട ലേഖനമായിരുന്നു സമീര്‍ വടുതലയുടെ 'നിസ്‌കാരത്തിന്റെ സൗന്ദര്യം.' പലവട്ടം അത് വായിച്ചു, ജയിലിലെ പരിമിതവൃത്തത്തിലാണെങ്കിലും പലരെയും വായിപ്പിച്ചു. വായനക്കു ശേഷം നിസ്‌കാരത്തിലനുഭവപ്പെട്ട ഭയഭക്തിയുടെ മാറ്റ് / സന്തോഷം ഒന്നു വേറെത്തന്നെയായിരുന്നു. ലേഖനത്തിലെ അവസാന വാചകം ആത്മപരിശോധനക്കുള്ള സൂചകമായി മാറി: 'ത്യാഗങ്ങള്‍ കൊണ്ട് പൂമുഖം വരെ എത്തിയിട്ടും സ്വര്‍ഗം തുറക്കാനാവാതെ മിഴിച്ചുനില്‍ക്കുന്നവന്റെ പരമ നിസ്സഹായതയെ ഏത് അളവുകോല്‍ കൊണ്ടാണ് അളക്കാനാവുക?' ഈ വരികള്‍ ഹൃദയത്തില്‍ കുറിച്ചിട്ടു, മറക്കുമ്പോഴൊക്കെ ആവര്‍ത്തിച്ചോര്‍ക്കാന്‍ ജയിലിലെ ഇടുങ്ങിയ സെല്ലിന്റെ ചുമരില്‍ ഈ വരികള്‍ സ്വന്തം കൈപ്പടയിലെഴുതി പതിച്ചുവെച്ചു. എപ്പോഴും ഉണര്‍ത്താന്‍; മറക്കാതിരിക്കാനും.

 

റാസിഖ് എ. റഹീം

C 2758, സെന്‍ട്രല്‍ ജയില്‍, വിയ്യൂര്‍

 

ഖുര്‍ആനിന്റെ വന്‍കരകള്‍

 

'മലയാളം കണ്ടെത്താത്ത ഖുര്‍ആനിന്റെ വന്‍കരകള്‍' (ലക്കം 2965) എന്ന ഡോ. ജമീല്‍ അഹ്മദിന്റെ ലേഖനം വായിച്ചു. ഖുര്‍ആനെ നെഞ്ചേറ്റുന്നവര്‍ക്ക് അറിവും സന്തോഷവും പകരുന്ന പഠനം. അദ്ദേഹം പറഞ്ഞ രീതിയില്‍ എന്റെ ഒരാത്മസുഹൃത്ത് 'ഖുര്‍ആന്‍ സാരസത്ത' എന്ന പേരില്‍ ഒരു ഗ്രന്ഥം തയാറാക്കിയിട്ടുണ്ട്. പ്രശസ്തമായ പരിഭാഷകളില്‍നിന്ന് സമാഹരിച്ച് കാവ്യാത്മകമായി ഖുര്‍ആന്‍ ആശയങ്ങള്‍ അവതരിപ്പിക്കുന്ന കൃതിയാണത്. ഹ്രസ്വവും അനായാസവുമായ ഖുര്‍ആന്‍ വായന സാധിക്കുന്ന ഒരു സംരംഭം. 'ഖുര്‍ആന്‍ സാരസത്ത' അടുത്തുതന്നെ വെളിച്ചം കാണും. 

മമ്മൂട്ടി കവിയൂര്‍

 

സമുദായ ശരീരം ചിതലരിച്ചുകൊണ്ടിരിക്കുന്നു

 

ഇസ്‌ലാമിലെ സാഹോദര്യത്തെയും സമാധാനത്തെയും പറ്റിയുള്ള ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ 'പരസ്പരം കണ്ടാല്‍ അഭിവാദ്യം പോലും ചെയ്യാതെ മുഖം തിരിച്ചു നടക്കുകയും പുറത്ത് സ്റ്റേജില്‍ സാഹോദര്യത്തെക്കുറിച്ച് വാചാടോപം നടത്തുകയും ചെയ്യുന്നത് വിരോധാഭാസമല്ലേ' എന്ന് ഒരമുസ്‌ലിം സഹോദരന്‍ ചോദിക്കുകയുണ്ടായി. 'ഇസ്‌ലാമില്‍ ജാതിയില്ല എന്ന് നിങ്ങള്‍ പറയുമ്പോഴും ഒരു സുന്നി മുജാഹിദിനെ കണ്ടാല്‍ സലാം ചൊല്ലുമോ, പരസ്പരം വിവാഹബന്ധത്തിലേര്‍പ്പെടുമോ' എന്ന രീതിയില്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ സംഘ്പരിവാര്‍ വക്താവ് ടി.ജി മോഹന്‍ദാസ് പ്രതികരിച്ചിരുന്നു.  ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചാല്‍  സംഘടനാ സങ്കുചിതത്വം സമുദായത്തെ എവിടെയെത്തിച്ചു എന്ന് ഞെട്ടലോടെ നമുക്ക് വിലയിരുത്തേണ്ടിവരും.

മുക്കാല്‍ നൂറ്റാണ്ടായി സ്റ്റേജിലും പേജിലുമായി കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ കലഹിക്കുന്നു. പക്ഷേ, ഇക്കാലമത്രയായിട്ടും തര്‍ക്കവിഷയങ്ങളില്‍ ഒരു തീര്‍പ്പോ, സമീപനത്തില്‍ ഒരയവോ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

ഓരോ സംഘടനാ/ഗ്രൂപ്പ് നേതാവും തങ്ങളുടെ 'സാമ്രാജ്യ'ത്തിന് ഇളക്കം തട്ടാതിരിക്കാന്‍ സംഘടനാ സങ്കുചിതത്വത്തെ കത്തിച്ചുനിര്‍ത്തുമ്പോള്‍ കുടുംബ-സുഹൃദ് ബന്ധങ്ങളില്‍ വരെ അത് സൃഷ്ടിക്കുന്ന വിള്ളലുകള്‍ വലുതാണ്. ചിലയിടങ്ങളില്‍ കൊലപാതകങ്ങള്‍ പോലും നടന്നു. യഥാര്‍ഥ ഇസ്‌ലാം പൊതുസമൂഹത്തിനു മുന്നില്‍ വല്ലാതെ തെറ്റിദ്ധരിക്കപ്പെടുന്നു.

ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിനെതിരെ പ്രത്യക്ഷമായും പരോക്ഷമായും സാംസ്‌കാരിക, വൈജ്ഞാനിക, ഭൗതിക ആക്രമണങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോഴും അഭിനവ നീറോമാരായി സ്വന്തം 'അരമന'കളില്‍ 'വീണ' വായിച്ചു രസിക്കുകയാണ് പല പണ്ഡിതന്മാരും നേതാക്കന്മാരും. ചിലപ്പോഴൊക്കെ സ്വന്തം സഹോദരങ്ങളെ ഒറ്റിക്കൊടുക്കുന്നിടം വരെ സംഘടനാ വിഭാഗീയത ശക്തിപ്പെട്ടു.

സമുദായത്തിലെ വലിയൊരു വിഭാഗം മതവിരുദ്ധതയിലേക്കും അനാചാരങ്ങളിലേക്കും ആഡംബരത്തിലേക്കും സകല ജീര്‍ണതകളിലേക്കും കൂപ്പുകൂത്തിക്കൊണ്ടിരിക്കുന്നത് കാണുമ്പോള്‍, സംഘടനയുടെ സങ്കുചിതവൃത്തത്തില്‍ അഭിരമിക്കാതെ സമുദായ വര്‍ത്തമാനത്തിലേക്ക് കൂടി കണ്ണയക്കണമെന്ന് സംഘടനാ മേധാവികളോട് താഴ്മയോടെ അഭ്യര്‍ഥിക്കുന്നു. ചിതലരിച്ചുകൊണ്ടിരിക്കുന്ന സമുദായ ശരീരത്തെ ചികിത്സക്ക് വിധേയമാക്കാന്‍ ഇനിയും വൈകിയിട്ടില്ല.

ഇസ്മാഈല്‍ പതിയാരക്കര, ബഹ്‌റൈന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 63-64
എ.വൈ.ആര്‍

ഹദീസ്‌

പുണ്യകരമായ ഹജ്ജ്
സുബൈര്‍ കുന്ദമംഗലം