Prabodhanm Weekly

Pages

Search

2011 നവംബര്‍ 19

ഭക്ഷണം ഒരു എന്റര്‍ടെയ്ന്‍മെന്റ് ആവുമ്പോള്‍

അബ്ദുല്‍ ഹകീം നദ്‌വി

ഭക്ഷണം മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്താനുള്ള ഉപാധിയാണ്. കുടിക്കാന്‍ വെള്ളമില്ലാതെയും കഴിക്കാന്‍ ഭക്ഷണമില്ലാതെയും മരിച്ചൊടുങ്ങുന്ന മനുഷ്യ ജീവിതങ്ങള്‍ ലോകത്തിന്റെ മുമ്പില്‍ ചോദ്യചിഹ്നമാണ്. സോമാലിയയില്‍ ഭക്ഷണം കിട്ടാതെ വിശന്ന് പൊരിഞ്ഞ് മരിച്ച പിഞ്ചു പൈതങ്ങളുടെ എണ്ണം 30,000 കവിഞ്ഞിരിക്കുന്നു. കെനിയയില്‍ നിന്ന് പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്തിനേറെ നമ്മുടെ കേരളത്തില്‍ പോലും അപൂര്‍വമായിട്ടാണെങ്കിലും പട്ടിണി മരണങ്ങള്‍ വാര്‍ത്തയാകുന്നു. ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം വാര്‍ത്തകള്‍ ഒരു വശത്ത് കേട്ടുകൊണ്ടിരിക്കുമ്പോള്‍, മറുവശത്ത് ഭക്ഷണ ധൂര്‍ത്തിന്റെയും അനാവശ്യ ആഹാര രീതികളുടെയും കെട്ട വാര്‍ത്തകളും ധാരാളമായി നമുക്ക് കേള്‍ക്കേണ്ടിവരുന്നു.
ഈ അടുത്ത് കണ്ട ഒരു ഷോര്‍ട്ട് ഫിലിം, സോമാലിയയിലും ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളിലും ഭക്ഷണമില്ലാതെ മരിച്ചൊടുങ്ങുന്ന പാവങ്ങളുടെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കണ്ണുകള്‍ നനയിക്കുന്നതായിരുന്നു. നഗരത്തിലെ അറിയപ്പെട്ട ഫുഡ് കോര്‍ട്ടില്‍ ഭക്ഷണത്തിന് വരുന്ന രണ്ട് പെണ്‍കുട്ടികള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന്റെ മൂന്നിലൊന്ന് പോലും കഴിക്കാതെ പാഴാക്കിക്കളയുന്നു. പലരും ഒഴിവാക്കിയ ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിക്കാന്‍ വരുന്ന യുവാവ് അവയില്‍ നിന്ന് നല്ലതെല്ലാം ഒരു പ്രത്യേക കവറിലാക്കി വെക്കുകയും ബാക്കിയുള്ളവ മറ്റൊരു വലിയ കവറിലുമാക്കി കൊണ്ടുപോവുകയും ചെയ്യുന്നു. വേസ്റ്റ് ഒഴിവാക്കുന്നിടത്ത് അയാളുടെ വരവും കാത്തിരിക്കുന്ന കുറേ കുട്ടികള്‍ അയാളെ കാണുന്നതോടെ ആര്‍ത്തി പൂണ്ട് വേസ്റ്റിലേക്ക് പാഞ്ഞടുക്കുകയും അതില്‍ നിന്ന് കിട്ടിയതെല്ലാം എടുത്ത് തിന്ന് വിശപ്പടക്കുകയും ചെയ്യുന്നു. പിന്നീട് ഇയാള്‍ വീട്ടിലെത്തുമ്പോള്‍ തന്നെ കാത്തിരിക്കുന്ന ഭാര്യയുടെയും കുട്ടികളുടെയും ഒഴിഞ്ഞ പാത്രത്തിലേക്ക് താന്‍ നേരത്തെ തെരഞ്ഞുവെച്ചിരുന്ന ഭക്ഷണ വേസ്റ്റുകള്‍ നീക്കിവെച്ച് കൊടുക്കുമ്പോള്‍ ആ കുട്ടികളുടെ മുഖത്ത് വിരിയുന്ന സന്തോഷവും ഭാര്യയുടെ കണ്ണിലെ നനവും ആരുടെയും കരളലിയിപ്പിക്കും. പുതിയ ഭക്ഷണ സംസ്‌കാരം തിമിര്‍ത്താടുമ്പോള്‍ ലോകത്തിന്റെ പല കോണുകളിലും നമ്മെ പോലെ വികാര വിചാരങ്ങളുള്ള മനുഷ്യ സമൂഹം അനുഭവിക്കുന്ന ദുരിതക്കയത്തിന്റെ ആഴമളക്കണമെങ്കില്‍ ഇതുപോലുള്ള ഫിലിമുകള്‍ കാണേണ്ട ആവശ്യമൊന്നുമില്ല. ഹോട്ടലുകളുടെ പിറക് വശത്ത് എച്ചില്‍പട്ടികളുമായി വേസ്റ്റുകള്‍ പങ്കുവെക്കുന്നവരുടെ കഥന കഥകള്‍ നമ്മുടെ കേരളത്തിന് പോലും പറയാനുണ്ട്.
വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുക, ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കുക എന്ന സാധാരണ രീതിക്കപ്പുറം ഭക്ഷണവും പാനീയവും മറ്റെന്തൊക്കെയോ ആയിരിക്കുന്നു പുതിയ സാംസ്‌കാരിക പരിസരത്ത്. ഭക്ഷണം വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സാംസ്‌കാരിക നിലവാരം അളക്കുന്ന അളവുകോള്‍ ആണെങ്കില്‍, വളരെ മലീമസവും അപകടകരവുമായ ഭക്ഷണ സംസ്‌കാരമാണ് ഇന്ന് നമുക്കിടയില്‍ നിലനില്‍ക്കുന്നത് എന്ന് പറയേണ്ടിവരും. സാംസ്‌കാരിക കടന്നുകയറ്റം മറ്റു പലതിലുമെന്ന പോലെ നമ്മുടെ അടുക്കളകളിലേക്കും തീന്മേശകളിലേക്കും ഭക്ഷണത്തളികളിലേക്കും എത്തിയിരിക്കുന്നു. പിറന്നു വീഴുന്ന പിഞ്ചു കുഞ്ഞ് മുതല്‍ പല്ലു കൊഴിഞ്ഞ് ചവക്കാനാകാത്ത മുത്തശി-മുത്തശ്ശന്മാരുടെ ഭക്ഷണം വരെ അറിഞ്ഞോ അറിയാതെയോ ഭക്ഷണ ധര്‍മം പൂര്‍ത്തീകരിക്കുന്നതിന് പകരം ആര്‍ത്തി, ധൂര്‍ത്ത്, പൊങ്ങച്ച പ്രകടനം, അഹങ്കാരം, ആഢ്യത തുടങ്ങി തന്‍പോരിമയുടെയും പെരുമ നടിക്കലിന്റെയും അടയാളമായി മാറിയിരിക്കുന്നു. പുതിയ രോഗങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും സമ്മാനിക്കുന്ന ഒരു ഭക്ഷണ സംസ്‌കാരം. പല സാംസ്‌കാരിക വൈകൃതങ്ങളും കേരളത്തിലേക്ക് കടന്നുവന്നത് പ്രവാസത്തിന്റെ ഭാഗമാണെന്നത് പോലെ പുതിയ ഭക്ഷണ സംസ്‌കാരം നമ്മളിലേക്കെത്തുന്നതിലും പ്രവാസത്തിന്റെ പങ്ക് ഒട്ടും കുറവല്ലെന്ന് തോന്നുന്നു.
എന്തിന് ഭക്ഷണം കഴിക്കുന്നു എന്ന ചോദ്യത്തിന്, വിശപ്പകറ്റാന്‍ എന്ന് മറുപടി പറഞ്ഞിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഭക്ഷണം ഒരു എന്റര്‍ടെയ്ന്‍മെന്റായി രൂപാന്തരപ്പെട്ടു. ഒരുവശത്ത് ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ ജീവിതത്തോട് മല്ലിടുന്ന പാവങ്ങള്‍. മറുവശത്ത് തീറ്റയും കുടിയും ഉത്സവമാക്കി മാറ്റുന്ന ഭക്ഷണ പ്രദര്‍ശനങ്ങള്‍. നമ്മുടെ വിവാഹ പാര്‍ട്ടികളും സല്‍ക്കാര മാമാങ്കങ്ങളും ധാര്‍മികതയുടെ എല്ലാ അതിരും വേലിയും തകര്‍ക്കുന്ന ഭക്ഷണ എക്‌സിബിഷനുകളാവുകയാണ്. മരിക്കാന്‍ കിടക്കുന്ന കുഞ്ഞിനരികില്‍ ശവം കൊത്തിത്തിന്നാന്‍ കാത്തിരിക്കുന്ന കഴുകന്റെ ഫോട്ടോ ഇന്നും നാം കണ്ടുകൊണ്ടിരിക്കുന്നു. എന്നിട്ടും നമുക്കെങ്ങനെ ധൂര്‍ത്തന്മാരും ഭക്ഷണ പ്രിയരുമായി കഴിഞ്ഞുകൂടാനാകുന്നു? രണ്ടാളുടെ ഭക്ഷണം മൂന്നാള്‍ക്കും, മൂന്നാളുടേത് നാല് പേര്‍ക്കും കഴിക്കാമെന്ന് പഠിപ്പിച്ച മുത്ത് നബിയുടെ അനുയായികള്‍ ഇന്ന് പത്ത് പേര്‍ പങ്കെടുക്കുന്ന പാര്‍ട്ടിക്ക് നൂറു പേര്‍ക്കുള്ള വിഭവങ്ങള്‍ ഒരുക്കുകയും നൂറു പേര്‍ക്കുള്ള പാര്‍ട്ടി ആയിരങ്ങള്‍ക്കുള്ള ഭക്ഷണ വിഭവങ്ങളുടെ പ്രദര്‍ശന സ്റ്റാളുകളാക്കി മാറ്റുകയും ചെയ്യുന്നു. ഒരു വിഭവം വേണ്ടിടത്ത് പത്തും പതിനഞ്ചും തരം വിഭവങ്ങള്‍. എന്തിനീ ധൂര്‍ത്തെന്ന് വല്ലവരും ചോദിച്ചുപോയാല്‍ അറുപഴഞ്ചനും മൂസാ നബിയുടെ കാലത്ത് ജീവിച്ചു പോകേണ്ടവനും എന്ന ഭാവത്തിലാണ് അവനെ കാണുക.
നബിതിരുമേനി അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കഴിഞ്ഞത് ഭക്ഷണം കഴിക്കാന്‍ വകയില്ലാത്തത് കൊണ്ടായിരുന്നില്ല. നബിയുടെ ജീവിതവും ഭക്ഷണ രീതികളും നമ്മുടെ ഭക്ഷണ സംസ്‌കാരവും തമ്മില്‍ എന്തു മാത്രം അന്തരം നിലനില്‍ക്കുന്നു എന്നത് ഇന്ന് ഏറെ ചിന്തനീയമാണ്. നബിതിരുമേനിയുടെ വീട്ടിലെ അടുക്കളയില്‍ പല ദിവസങ്ങളിലും തീ പുകഞ്ഞിരുന്നില്ല എന്ന് അറിയാത്തവരല്ല മുസ്‌ലിം സമൂഹം. ജീവിതത്തില്‍ മിതത്വം ശീലമാക്കണമെന്ന് കര്‍ശനമായി കല്‍പിക്കുന്ന നബിയുടെ അനുയായികള്‍ തന്നെയാണ് വിവാഹ സല്‍ക്കാരത്തിന്റെയും ബെര്‍ത്ത് ഡേ പാര്‍ട്ടികളുടെയും മറ്റും പേരില്‍ ഫുഡ് എക്‌സിബിഷനുകള്‍ കെങ്കേമമായി നടത്തിക്കൊണ്ടിരിക്കുന്നത്. കുത്തിയൊലിക്കുന്ന നദിയില്‍ നിന്ന് വുദൂ എടുക്കുകയാണെങ്കില്‍ പോലും ഒരു തുള്ളി വെള്ളം പോലും പാഴാക്കരുതെന്ന് പഠിപ്പിച്ച തിരുവചനങ്ങള്‍ നമുക്ക് യാതൊരു അസ്വസ്ഥതയുമുണ്ടാക്കുന്നില്ല. ഭക്ഷണം പാഴാക്കിക്കളയുന്നതിനെതിരെയുള്ള കനത്ത താക്കീതുകളും മുസ്‌ലിം സമൂഹം നിഷ്‌കരുണം തള്ളിക്കളയുന്നു. നാം വേസ്റ്റായി തള്ളുന്ന ഭക്ഷണം മതിയാകും ലോകത്തിന്റെ മുഴുവന്‍ പട്ടിണി മാറ്റാന്‍. അത്രമാത്രം ഭക്ഷണം അനാവശ്യമായി കുപ്പത്തൊട്ടിയിലേക്ക് ഓരോ ദിവസവും നാം തള്ളിവിടുന്നുണ്ട്.
ഒരു വശത്ത് ധൂര്‍ത്തും ദുര്‍വ്യയവും വില്ലനാകുമ്പോള്‍ തന്നെ, മറുവശത്ത് അതിനേക്കാള്‍ ഭയാനകമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന വില്ലന്‍ ഭക്ഷണവിഭവങ്ങളും നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറുന്നു. ടിന്‍ ഫുഡുകളും സോഫ്റ്റ് ഡ്രിങ്കുകളും ബേബി ഫുഡുകളുമില്ലാതെ കഴിയാനാകാത്ത വിധം അവ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഫാസ്റ്റ് ഫുഡ് സെന്ററുകളിലും ഫുഡ് കോര്‍ട്ടുകളിലും പോയി ഭക്ഷണം കഴിച്ചില്ലെങ്കില്‍, അവിടെയുള്ള ഭക്ഷണ മെനുവിനെക്കുറിച്ച് ധാരണയില്ലെങ്കില്‍ അതൊരു കുറച്ചിലും അപരാധവുമായി കാണുന്ന തരത്തിലാണ് നമ്മുടെ ചിന്താഗതി. വൈദ്യശാസ്ത്രം വികസിക്കുമ്പോഴും പല വിചിത്രമായ രോഗങ്ങളും നമ്മിലേക്ക് കടന്നുവരുന്നത് നമ്മുടെ ഭോഗാസക്തി കാരണമാണ്. ഭക്ഷണ-ലൈംഗിക ഭോഗാസക്തികള്‍ ഇന്ന് മനുഷ്യനെ പ്രതിവിധികളില്ലാത്ത രോഗങ്ങളുടെ അടിമകളാക്കി മാറ്റിയിരിക്കുന്നു. പണ്ട് ആളുകള്‍ ഭക്ഷണം കിട്ടാതെ പട്ടിണി കിടന്ന് മരിക്കേണ്ടിവന്നുവെങ്കില്‍, ഇന്ന് ഭക്ഷണം കഴിച്ച് രോഗിയായി മാറുകയും അവസാനം വിഭവ സമൃദ്ധമായ ഭക്ഷണങ്ങള്‍ തന്റെ മുമ്പില്‍ നിരന്നിരിക്കുമ്പോഴും ഒരു തുള്ളി വെള്ളം പോലും ഇറക്കാനാകാത്ത വിധം പരലോകം പൂകേണ്ടിവരികയും ചെയ്യുന്ന ദാരുണാവസ്ഥയില്‍ എത്തുകയും ചെയ്തിരിക്കുന്നു.
പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള ഭൂപ്രകൃതി കൊണ്ട് അനുഗ്രഹീതമാണ് കേരളം. പക്ഷേ, രോഗികളുടെ എണ്ണം ക്രമാതീതമായി പെരുകുകയാണ്. ഗ്രാമാന്തരങ്ങളില്‍ പോലും ആതുര കച്ചവടക്കാരുടെ കോണ്‍ക്രീറ്റ് കാടുകള്‍ ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അതിന്റെ തോത് മറ്റു പ്രദേശങ്ങളിലേതിനേക്കാള്‍ കൂടുതലാണ്. മള്‍ട്ടി സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികള്‍ മുസ്‌ലിം സമൂഹം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലാണ് കൂടുതലായി ഉയര്‍ന്നു പൊങ്ങിക്കൊണ്ടിരിക്കുന്നത്. എന്നല്ല, മുസ്‌ലിംകള്‍ താരതമ്യേന കുറവുള്ള മറ്റു പ്രദേശങ്ങളിലെ ആശുപത്രികളിലും മുസ്‌ലിംസമൂഹത്തിന്റെ അനുപാതം ഞെട്ടിക്കുന്നതാണ്. വൈദ്യശാസ്ത്രത്തിന്റെ പുരോഗതി രോഗങ്ങള്‍ ഇല്ലാതാക്കുന്നതിലും ആശുപത്രികളുടെ എണ്ണം കുറക്കുന്നതിനുമാണ് കാരണമാവേണ്ടത്. പക്ഷേ, സംഭവിക്കുന്നത് മറിച്ചാണ്. പുതിയ പുതിയ രോഗങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. മരുന്ന് കഴിക്കുന്നവരുടെയും ആശുപത്രി സന്ദര്‍ശകരുടെയും എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ കാരണങ്ങള്‍ പലതാണെങ്കിലും നമ്മുടെ ഭക്ഷണ സംസ്‌കാരം ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ടെന്ന് പറയാതിരിക്കാനാവില്ല. ഷുഗറും കൊളസ്‌ട്രോളുമില്ലാത്തവര്‍ ഇന്ന് എത്ര പേര്‍ കാണും? പ്രവാസികള്‍ക്കിടയില്‍ സര്‍വേ നടത്തിയാല്‍ 75 ശതമാനം പേരും ഇത്തരം ഭക്ഷണ സംബന്ധമായ രോഗങ്ങളുടെ അടിമകളാണ്. ഭക്ഷണം കഴിച്ച് രോഗികളാകേണ്ടുന്ന ഗതികേട് നാം കേരളക്കാരെ പോലെ മറ്റാര്‍ക്കുമുണ്ടാകുമെന്ന് തോന്നുന്നില്ല. ഭക്ഷണം ജീവന്‍ നിലനിര്‍ത്താനുള്ളതാണെന്നും അത് എന്റര്‍ടെയിന്‍മെന്റിന്റെ ഭാഗമല്ലെന്നുമുള്ള ഇസ്‌ലാമിക കാഴ്ചപ്പാട് നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക മാത്രമാണ് ഇതിന്റെ പരിഹാരം. നാം അഭിമാനപൂര്‍വം ഉയര്‍ത്തിക്കാണിച്ചിരുന്ന കേരള മോഡല്‍ നമ്മുടെ ആരോഗ്യത്തിന്റെ മേന്മയുടെ കൂടി ഭാഗമായിരുന്നു. എന്നാല്‍ നമ്മുടെ പ്രകൃതിക്കിണങ്ങാത്ത, അന്യരുടെ ആഹാര രീതികള്‍ അപ്പടി കോപ്പിയടിക്കാന്‍ നാം കാണിച്ച അമിത്സോഹം ലോകാരോഗ്യ പട്ടികയില്‍ നമ്മുടെ വിഹിതം കണ്ടമാനം വര്‍ധിപ്പിക്കുകയാണ് ചെയ്തത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം