Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 02

2966

1437 ദുല്‍ഖഅദ് 30

സി.പി.എം ബാവ

വി.കെ സെയ്തലവി, കോര്‍മ്മന്‍ കടപ്പുറം

ജമാഅത്തെ ഇസ്‌ലാമി താനൂര്‍ ഘടകം അധ്യക്ഷനായിരുന്നു സി.പി.എം ബാവ സാഹിബ് (67). താനൂരില്‍, പ്രത്യേകിച്ച് തീരപ്രദേശങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മേല്‍വിലാസമായിരുന്ന അദ്ദേഹം ഏറെ കാലം സലാലയിലായിരുന്നു. പതിനഞ്ച് വര്‍ഷമായി നാട്ടില്‍ സ്ഥിര താമസമാക്കിയിട്ട്. 

പ്രസന്നവദനനായി ഏവരെയും അഭിമുഖീകരിക്കുന്ന അദ്ദേഹം എളിമയുടെയും വിനയത്തിന്റെയും മാതൃകയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനരംഗങ്ങളില്‍ നിറഞ്ഞുനിന്നു. ആര്‍ക്കും ഏത് സമയവും പ്രാപ്യമാവുന്ന വ്യക്തിത്വമായിരുന്നു. 

സംഘടനാരംഗത്ത് വിശാല വീക്ഷണവും കാഴ്ചപ്പാടും പുലര്‍ത്തിയ അദ്ദേഹത്തിന്റ സ്‌നേഹ സൗഹൃദങ്ങള്‍ അതിരുകള്‍ ഭേദിച്ച് പരന്നൊഴുകി. താനൂര്‍ 'ഹസ്തം' ചാരിറ്റബ്ള്‍ ട്രസ്റ്റ് സെക്രട്ടറി കൂടിയായ അദ്ദേഹം പാവപ്പെട്ടവര്‍ക്ക് തൊഴിലുപകരണങ്ങളും, നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും, ആശുപത്രികള്‍ക്ക് ചികില്‍സാ ഉപകരണങ്ങളും നല്‍കി സേവന രംഗത്ത് എന്നും മുന്‍പന്തിയിലായിരുന്നു.

കോര്‍മ്മന്‍ കടപ്പുറം ദഅ്‌വ മസ്ജിദില്‍ എട്ടു വര്‍ഷമായി ഖത്വീബായിരുന്നു. കടക്കെണിയില്‍ പെട്ടവര്‍ക്ക് ആശ്വാസമേകിയും തീരവാസികളുടെ ആവലാതികളും ആകുലതകളും ഇറക്കിവെക്കുന്ന അത്താണിയായും അദ്ദേഹം നിലകൊണ്ടു. 

വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡണ്ട്, താനൂര്‍ ഇസ്‌ലാമിക് സെന്റര്‍ ട്രസ്റ്റ് ചെയര്‍മാന്‍, കേരള മദ്യ നിരോധന സമിതി ജില്ലാകമ്മിറ്റി അംഗം എന്നീ ചുമതലകള്‍ വഹിച്ചുകൊണ്ടിരിക്കെയാണ് ബാവ സാഹിബ് വിടപറഞ്ഞത്.  

 

കണ്ട്യോത്ത് മൊയ്തീന്‍ മാസ്റ്റര്‍

ശിവപുരം കരിയാത്തന്‍കാവിലെ കണ്ട്യോത്ത് മൊയ്തീന്‍ മാസ്റ്റര്‍ ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാന ചരിത്രത്തില്‍ അനുസ്മരിക്കപ്പെടേണ്ട വ്യക്തിയാണ്. അദ്ദേഹവും സഹോദരന്‍ പ്രഫ. അഹ്മദ് കുട്ടി ശിവപുരവും ഫാറൂഖ് കോളേജ് വിദ്യാര്‍ഥികളായിരിക്കെ അവിടെയുള്ള വിദ്യാര്‍ഥി ഹല്‍ഖാ പ്രവര്‍ത്തകരായിരുന്നു പൂവ്വഞ്ചേരി മുഹമ്മദ്, പി.കെ കുഞ്ഞാലിക്കുട്ടി, ശൈഖ് മുഹമ്മദ് കാരകുന്ന്, കെ.പി കമാലുദ്ദീന്‍ തുടങ്ങിയവര്‍. അന്ന് ജമാഅത്തെ ഇസ്‌ലാമിക്ക് വിദ്യാര്‍ഥി സംഘടനയുണ്ടായിരുന്നില്ല. ഒരു ഇസ്‌ലാമിക വിദ്യാര്‍ഥി സംഘടനയുടെ ആവശ്യകത സംബന്ധിച്ച് 1969 ഒക്‌ടോബര്‍ 11-ലെ പ്രബോധനത്തില്‍ മൊയ്തീന്‍ കോയ മാസ്റ്റര്‍ കുറിപ്പെഴുതുകയും അതിനനുകൂലമായി ധാരാളം പ്രതികരണങ്ങള്‍ വരികയും ചെയ്തു.  തുടര്‍ന്ന്, കേരള ജമാഅത്തിന്റെ അറിവോടെ 1970 ഒക്‌ടോബറില്‍ ഐഡിയല്‍ സ്റ്റുഡന്റ്‌സ് ലീഗ് രൂപീകരിക്കപ്പെട്ടു.  1975-ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ തുടര്‍ന്ന് ജമാഅത്ത് നിരോധിക്കപ്പെടുകയും ഐ.എസ്.എല്‍ പിരിച്ചുവിടുകയും ചെയ്തു. 

മൊയ്തീന്‍ മാസ്റ്ററുടെ പിതാവ് പകൃ ഹാജിക്ക് ലീഗ് നേതാക്കളായ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ആ ബന്ധത്തിലൂടെ പിന്നീട് അദ്ദേഹം മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായി മാറി. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം മത-സാമൂഹിക പ്രവര്‍ത്തനങ്ങളിലും മൊയ്തീന്‍ മാസ്റ്റര്‍ വ്യാപൃതനായിരുന്നു. ആദ്യകാലത്ത് പ്രദേശത്തെ സുന്നി ജുമുഅത്ത് പള്ളി സെക്രട്ടറിയായിരിക്കെ അദ്ദേഹവും സഹോദരന്‍ പ്രഫ. അഹ്മദ് കുട്ടി സാഹിബും നടപ്പില്‍ വരുത്തിയ സംഘടിത സകാത്ത്, ഫിത്വ്ര്‍ സകാത്ത് വിതരണം ഇന്നും നിലനില്‍ക്കുന്നു. സ്ഥലത്തെ സുന്നി മദ്‌റസ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് വനിതാ സമ്മേളനം നടത്തുകയും അതില്‍ ഖമറുന്നിസ അന്‍വര്‍, അഡ്വ. നൂര്‍ബിനാ റശീദ്, പി.വി റഹ്മാബി എന്നിവരെ പങ്കെടുപ്പിക്കുകയും ചെയ്തു. ശിവപുരം ഇസ്‌ലാമിയാ കോളേജ് സ്ഥാപക കമ്മിറ്റി മെമ്പര്‍, കരിയാത്തന്‍കാവ് മുജാഹിദ് പള്ളി സ്ഥാപക പ്രസിഡന്റ്, ബാലുശ്ശേരിമുക്ക് മസ്ജിദ് തഖ്‌വ സ്ഥാപക മെമ്പര്‍, ശിവപുരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിട നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പുല്ലങ്ങോട്ട് കുടിവെള്ള പദ്ധതിക്ക് സൗജന്യമായി സ്ഥലം നല്‍കി. വായന പ്രിയനായ അദ്ദേഹം പ്രബോധനം, മാധ്യമം എന്നിവയുടെ സ്ഥിരം വായനക്കാരനായിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നര്‍മത്തില്‍ പൊതിഞ്ഞ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്ക് സ്ഥാനമില്ലാതിരുന്ന തന്റെ ഗ്രാമത്തില്‍നിന്ന് ഏതാനും വിദ്യാര്‍ഥികളെ മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി സ്ഥാപനങ്ങളില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു. 

എം.കെ അബ്ദുര്‍റഹ്മാന്‍ ശിവപുരം

സി.കെ ഉമ്മര്‍ മൗലവി

നാലു പതിറ്റാണ്ടായി അധ്യാപന, സേവനരംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു തിരൂര്‍ക്കാട് സി.കെ ഉമ്മര്‍ മൗലവി. 

ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി. ആരിഫലി തുടങ്ങി നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ ശിഷ്യഗണത്തിലുണ്ട്. വലമ്പൂര്‍ സ്വദേശിയായ മൗലവി 1960 കളില്‍ വിദ്യാര്‍ഥിയായാണ് തിരൂര്‍ക്കാട്ടെത്തിയത്. അല്‍ മദ്‌റസത്തുല്‍ ഇലാഹിയ്യ(ഇപ്പോഴത്തെ ഇലാഹിയ്യ കോളേജ്)യില്‍ പാര്‍ട് ടൈം അധ്യാപകനായിരുന്നു. എട്ട് വര്‍ഷം മുമ്പ് രോഗശയ്യയിലാവുന്നതുവരെയും അദ്ദേഹം ഈ ജോലിയിലായിരുന്നു. ഹിന്ദി, ഉര്‍ദുഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്ന മൗലവി കോളേജില്‍ ഹിന്ദി അധ്യാപകനായിരുന്നു. തിരൂര്‍ക്കാട് പ്രാദേശിക ജമാഅത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്നും അടുത്തകാലത്താണ് അദ്ദേഹം ഒഴിവായത്. ഇടപാടുകളിലെ സൂക്ഷ്മത, പ്രാസ്ഥാനിക അച്ചടക്കം എന്നിവയില്‍ അദ്ദേഹം മാതൃകയായിരുന്നു. 

എഴുന്നേല്‍ക്കാനും ഇരിക്കാനും കഴിവുള്ളപ്പോഴെല്ലാം ജമാഅത്തംഗങ്ങളുടെ യോഗത്തിനും ജുമുഅക്കും വടിയുടെ സഹായത്തോടെ അദ്ദേഹം പങ്കെടുക്കുമായിരുന്നു. ഭാര്യ ഫാത്വിമ തിരൂര്‍ക്കാട്. മക്കള്‍: ബശീര്‍, ത്വാഹിര്‍, നസീറ, ശബീബ. 

ടി. അബ്ദുര്‍റഹ്മാന്‍, തിരൂര്‍ക്കാട്‌


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 62
എ.വൈ.ആര്‍