Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 02

2966

1437 ദുല്‍ഖഅദ് 30

ദഅ്‌വത്തും മാതൃകാ ജീവിതവും

എ. അബ്ദുസ്സലാം സുല്ലമി

സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളും ആരാധനാ കര്‍മങ്ങളും മറ്റു പുണ്യകര്‍മങ്ങളും അനുഷ്ഠിക്കണമെന്നാണ് ഇസ്‌ലാം മനുഷ്യനോട് ആവശ്യപ്പെടുന്നത്. ഇവ എല്ലാം തന്നെയും ദഅ്‌വത്താണ്. മനുഷ്യര്‍ക്കെല്ലാം മാതൃകയായി മുസ്‌ലിംകള്‍ മാതൃകാ ജീവിതം നയിക്കലാണ് യഥാര്‍ഥ മതപ്രബോധനം. മാതൃകാ ജീവീതം നയിക്കാത്ത ഒരു മുസ്‌ലിം എത്ര നല്ല രീതിയില്‍ ഇസ്‌ലാമിനെ കുറിച്ച് വഅള് പറഞ്ഞാലും അവന്‍ ദഅ്‌വത്ത് നടത്തിയവനല്ല. യഥാര്‍ഥത്തില്‍ അത്തരം പ്രഭാഷകര്‍ ഇസ്‌ലാമിലേക്കുള്ള പ്രവശനം തടയുകയാണ് ചെയ്യുന്നത്. ഇസ്‌ലാമിലേക്ക് പ്രവേശിക്കുന്നവരോട് നീ 'നീ ഇസ്‌ലാമില്‍ പ്രവേശിക്കരുത്' എന്ന് പറയല്‍ മാത്രമല്ല അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ജനങ്ങളെ തടുക്കല്‍. 'മുസ്‌ലിമാണെ'ന്ന് പറയുകയും മുസ്‌ലിമായി ജീവിക്കാതിരിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ഥത്തില്‍ വര്‍ഗീയവാദികളേക്കാള്‍ ഇസ്‌ലാമിക ദഅ്‌വാ രംഗത്ത് തടസ്സം സൃഷ്ടിക്കുന്നത്. ദഅ്‌വത്ത് നിര്‍വഹിക്കാന്‍ സംസാര മികവും പ്രസംഗ കഴിവും ഉണ്ടാവണമെന്നില്ല. മാതൃകാ ജീവിതമാണ് യഥാര്‍ഥ ദഅ്‌വത്ത്. അത്തരം ദഅ്‌വത്തിനെ പ്രതിരോധിക്കാന്‍ ആര്‍ക്കും സാധ്യമല്ല. ഇങ്ങനെ ശരിയായ ദഅ്‌വത്ത് കൊണ്ടാണ് കേരളക്കരയില്‍ ഇസ്‌ലാം പ്രചരിച്ചത്. ആദ്യകാലത്തെ മതപ്രബോധനത്തില്‍ ഇന്ന് കാണുന്ന പോലെ സംവാദവും മണിക്കൂറുകള്‍ നീളുന്ന പ്രസംഗവും സെമിനാറുകളുമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ആരോപിക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. ദഅ്‌വത്ത് നിര്‍വഹണം ഇങ്ങനെയാണെങ്കില്‍ ആരെങ്കിലും അത് തടസ്സപ്പെടുത്തുമോ എന്ന് മുസ്‌ലിംകള്‍ ഒരിക്കലും ഭയപ്പെടേണ്ടതില്ല. ഇസ്‌ലാമിനെ ശരിയായ നിലക്ക് പഠിക്കുകയും മുസ്‌ലിമായി ജീവിക്കാന്‍ നാം തയാറാവുകയും ചെയ്താല്‍ ശരിയായ ദഅ്‌വത്ത് എവിടെയും എക്കാലത്തും നിര്‍വഹിക്കാന്‍ സാധിക്കും. 

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''അപ്രകാരം നാം നിങ്ങളെ ഉത്തമ സമുദായമാക്കി. മനുഷ്യര്‍ക്ക് നിങ്ങള്‍ നന്മക്ക് സാക്ഷികളാകാന്‍ വേണ്ടി'' (അല്‍ ബഖറ 143). ''ദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാന്‍, നിങ്ങള്‍ മനുഷ്യര്‍ക്കും നന്മക്കും സാക്ഷികളാകാന്‍ വേണ്ടിയും'' (അല്‍ ഹജ്ജ് 78). ''നിങ്ങളാണ് ജനങ്ങള്‍ക്കു വേണ്ടി പുറത്തുകൊണ്ടുവരപ്പെട്ട ഉത്തമ സമുദായം'' (ആലു ഇംറാന്‍ 110). 

വചനം കൊണ്ടു ദഅ്‌വത്ത് നടത്തല്‍ നമ്മുടെ ബാധ്യത തന്നെയാണ്; പരസ്യമാക്കാന്‍ സാധ്യമല്ലെങ്കില്‍ രഹസ്യമായിട്ടെങ്കിലും. അത് നാം നിര്‍വഹിക്കണം. ഓരോ മുസ്‌ലിമും നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും വേണം. അല്ലാഹു പറയുന്നു: ''വാക്കാല്‍ ഏറ്റവും നല്ലവനായി അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവനേക്കാള്‍ മറ്റാരുണ്ട്? (ആരുമില്ല). അവന്‍ പുണ്യകര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തു'' (ഫുസ്സ്വിലത്ത് 33). ''നീ പറയുക; ഇതാണ് എന്റെ മാര്‍ഗം (അതായത്) ഞാന്‍ ഉള്‍ക്കാഴ്ചയോടു കൂടി അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു. ഞാനും എന്നെ പിന്തുടര്‍ന്നവനും. അല്ലാഹു പരിശുദ്ധനാണ്. ഞാന്‍ ബഹുദൈവ വിശ്വാസിയുമല്ല'' (യൂസുഫ് 108). ''കാലം തന്നെയാണ് സത്യം. തീര്‍ച്ചയായും മനുഷ്യര്‍ നഷ്ടത്തില്‍ തന്നെയാണ്. വിശ്വസിക്കുകയും പുണ്യകര്‍മം പ്രവര്‍ത്തിക്കുകയും സത്യത്തെ പരസ്പരം ഉപദേശിക്കുകയും ക്ഷമ കൊണ്ട് പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവര്‍ ഒഴികെ'' (അല്‍ അസ്വ്ര്‍ 1-3). സംസാരത്താലും സംഭാഷണത്താലുമുള്ള ദഅ്‌വത്ത് നിര്‍വഹിക്കാനുള്ള അര്‍ഹത നാം സ്വയം ആദ്യമായി നേടിയെടുക്കണം. പ്രവര്‍ത്തിക്കാത്തത് ജനങ്ങളോട് കല്‍പ്പിക്കാന്‍ പാടില്ല. മനുഷ്യരോട് നന്മ കല്‍പിക്കുക, സ്വന്തം കാര്യത്തില്‍ അതിനെ അവഗണിക്കുകയും വിസ്മരിക്കുകയും ചെയ്യുക- ഇത് പാടില്ലാത്തതാണ്. വിശുദ്ധ ഖുര്‍ആന്റെ മൗലിക തത്ത്വവും ഇതാണ്. നബിമാരുടെ ദ്അവത്ത് ഇപ്രകാരമായിരുന്നു: ''അദ്ദേഹം (ശുഐബ്) പറഞ്ഞു: നിങ്ങളോട് വിരോധിക്കുന്നതിന് ഞാന്‍ എതിര്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ല. നന്മയല്ലാതെ ഞാന്‍ ഉദ്ദേശിക്കുന്നില്ല'' (ഹൂദ് 88). ഇപ്രകാരം പറയാന്‍ ഓരോ പ്രബോധകനും സാധിക്കണം. അത്തരക്കാര്‍ക്കേ പ്രഭാഷണവും സംസാരവും വഴി ദഅ്‌വത്ത് നിര്‍വഹിക്കാനാവൂ. മാതൃകാ ജീവിതം നയിക്കാത്തവര്‍ ഇസ്‌ലാമിലേക്ക് ജനങ്ങള്‍ കടന്നുവരുന്നതിനെ തടയുന്നവരാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നതു കാണുക: ''നിങ്ങളുടെ പ്രതിജ്ഞകളെ നിങ്ങള്‍ക്കിടയില്‍ ഒരു ചതിപ്രയോഗമാക്കരുത്. അപ്പോള്‍ ചില കാല്‍പാദങ്ങള്‍ ഉറച്ച ശേഷം പതറുന്നതാണ്. അപ്പോള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്നും നിങ്ങള്‍ തടയുന്നതിന്റെ തിന്മ നിങ്ങള്‍ ആസ്വദിക്കും. നിങ്ങള്‍ക്ക് വമ്പിച്ച ശിക്ഷയുമുണ്ട്'' (അന്നഹ്ല്‍ 94). നമ്മുടെ കരാറില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇരിക്കുന്നവര്‍ നാം കരാര്‍ ലംഘിച്ചാല്‍ നിരാശപ്പെട്ടു പതറുകയും ആത്മഹത്യക്കു വരെ മുതിരുകയും ചെയ്‌തേക്കാം. അപ്പോള്‍ കരാര്‍ ലംഘിച്ച് ആ മനുഷ്യനെ ആത്മഹത്യ ചെയ്യിച്ചതിന്റെ ശിക്ഷ നമുക്ക് ലഭിക്കും. രണ്ടാമതായി പറയുന്നത്, അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് മനുഷ്യരെ തടുത്തതിന്റെ ശിക്ഷയും ലഭിക്കുമെന്നാണ്. വളരെയധികം തത്ത്വങ്ങള്‍ ഈ പ്രസ്താവന ഉള്‍ക്കൊള്ളുന്നു. അതായത് ഒരു അമുസ്‌ലിമുമായി ഒരു മുസ്‌ലിം കരാര്‍ ബന്ധത്തില്‍ ഏര്‍പ്പെട്ടു. ശേഷം അത് ലംഘിക്കുമ്പോള്‍ ഇസ്‌ലാമിനെയും യഥാര്‍ഥ മുസ്‌ലിംകളെയും ആളുകള്‍ തെറ്റിദ്ധരിക്കും. ഇസ്‌ലാം കരാര്‍ലംഘനത്തെ ഗൗരവമായി കാണാത്ത മതമാണെന്നു വിചാരിക്കും. അങ്ങനെ ഇസ്‌ലാമിലേക്ക് വരാന്‍ ഉദ്ദേശിച്ച ആ മനുഷ്യന്‍ ഇസ്‌ലാമിനെ വെറുത്ത് അത് വേന്നെുവെക്കും. അതായത് മാതൃകാ ജീവിതം നയിക്കാത്തവര്‍ ഇസ്‌ലാമിലേക്ക് വരുന്നവരെ ശരിയായ അര്‍ഥത്തില്‍ തടയുകയാണ്. വിശുദ്ധ ഖുര്‍ആന്‍ വീണ്ടും ഉണര്‍ത്തുന്നു: ''അവര്‍ ഒരു വിഭാഗമാണ്. ഭൗതിക ജീവിതത്തെ പരലോകത്തേക്കാള്‍ അവര്‍ ഇഷ്ടപ്പെടുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് അവര്‍ തടുക്കുകയും ചെയ്യുന്നു'' (ഇബ്‌റാഹീം 3). ദുന്‍യാവിനെ പരലോകത്തേക്കാള്‍ സ്‌നേഹിക്കുന്നവരുടെ ജീവിതം ഒരിക്കലും മാതൃകാ ജീവിതമാവുകയില്ല. ഇവരുടെ ജീവിതം കണ്ട് മനുഷ്യര്‍ ദീനിലേക്ക് പ്രവേശിക്കുകയില്ല. 

സത്യനിഷേധികളുടെ സ്വഭാവം വിവരിക്കുന്ന ധാരാളം സൂക്തങ്ങളില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ജനങ്ങളെ അവര്‍ തടുക്കുന്നു എന്നു പറയുന്നത് കാണാം. ഓരോ മുസ്‌ലിമിന്റെയും വിചാരം തങ്ങള്‍ ഈ വിമര്‍ശനത്തിന്റെ പരിധിയില്‍ വരില്ലെന്നാണ്. കാരണം താന്‍ ഇസ്‌ലാമില്‍ പ്രവേശിക്കാന്‍ ഉദ്ദേശിച്ച ഒരു മനുഷ്യനോടും 'നീ ഇസ്‌ലാമില്‍ പ്രവേശിക്കേണ്ടതില്ല' എന്നു പറഞ്ഞിട്ടില്ല. ഈ പ്രവര്‍ത്തനം മാത്രമാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ജനങ്ങളെ തടുക്കല്‍ എന്നാണ് അവര്‍ വിചാരിക്കുന്നത്. 

യഥാര്‍ഥത്തില്‍ ഇസ്‌ലാമിനെ പരസ്യമായി എതിര്‍ക്കുന്ന  എതിരാളികളേക്കാള്‍ ഇസ്‌ലാമില്‍നിന്ന് ജനങ്ങളെ തടയുന്നത് മുസ്‌ലിമാണെന്ന് അവകാശപ്പെട്ട് ഇസ്‌ലാമിക ജീവിതം നയിക്കാത്തവരാണ്. ഇവര്‍ ചിലപ്പോള്‍ വേഷത്തില്‍ മുസ്‌ലിമായിരിക്കും. വിശ്വാസത്തിലും കര്‍മത്തിലും അമുസ്‌ലിമും. ഇന്നത്തേതു പോലെ മതപ്രഭാഷണങ്ങളും സെമിനാറുകളും വിരളമായിരുന്ന കാലത്ത് പോലും കേരളത്തിലടക്കം ജനങ്ങള്‍ സംഘമായി ഇസ്‌ലാമില്‍ പ്രവേശിച്ചിരുന്നു. അക്കാലത്തെ വിശ്വാസികള്‍ മാതൃകാജീവിതമാകുന്ന ദഅ്‌വത്ത് നിര്‍വഹിച്ചതാണ് ഇതിന്റെ കാരണം. 

ഒരു പ്രഭാഷകന് വാചാലതയുണ്ടെങ്കില്‍ വിജ്ഞാനമില്ലെങ്കിലും പ്രസംഗം നടത്താന്‍ പ്രയാസമില്ല. മാതൃകാ ജീവിതം നയിച്ച് ഇസ്‌ലാമിനെ പ്രതിനിധീകരിക്കാനാണ് പ്രയാസം. ബാങ്ക് കേട്ടാല്‍ അഞ്ച് നേരവും പള്ളിയിലേക്ക് ഓടുന്നവന്റെ സാമ്പത്തിക ഇടപാടുകളും പെരുമാറ്റങ്ങളും പലപ്പോഴും ഇസ്‌ലാമികവിരുദ്ധമാണ്. ഈ അനുഭവങ്ങളാണ് അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനോട് മതിപ്പ് കുറക്കുന്നത്. നമസ്‌കാരം അവന്റെ സാമൂഹിക-സാമ്പത്തിക ജീവിതത്തെ മാതൃകാപരമാക്കുമ്പോഴാണ് അതിന്റെ ഗുണമുണ്ടാവുക. താടി മുട്ടുവരെ നീട്ടുന്നതും തുണി മുട്ടുവരെ കയറ്റി ഉടുക്കുന്നതുമാണ് ഇസ്‌ലാമില്‍ മാതൃകാ ജീവിതം നയിക്കല്‍ എന്നാണ് ചില സലഫികളിന്ന് ധരിച്ചിരിക്കുന്നത്. വേഷത്തില്‍ മാത്രമാണവര്‍ ഇസ്‌ലാമിക ജീവിതം കണിശമായി പുലര്‍ത്തുന്നത്. മറ്റ് രംഗങ്ങളില്‍ അവര്‍ ഇസ്‌ലാമിക പാഠങ്ങളെ വിസ്മരിക്കുന്നു. 

'ആദ്യകാല മുസ്‌ലിംകള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് ഹിദായത്ത് ലഭിച്ചു. അതിനാല്‍ അവരുടെ ജീവിതം മാതൃകാപരമായിരുന്നു. എന്നാല്‍ ഇന്നത്തെ സലഫികള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് ഹിദായത്ത് ലഭിച്ചിട്ടില്ല. അതിനാല്‍ അവരുടെ ജീവിതം മാതൃകയല്ല' എന്ന് ഇമാം റശീദ്‌രിദാ തഫ്‌സീര്‍ മനാറില്‍ പറഞ്ഞതാണ് യാഥാര്‍ഥ്യം. ഈ സലഫികള്‍ക്ക് മറ്റു മുസ്‌ലിംകളേക്കാള്‍ സ്വഭാവഗുണത്തിലോ പെരുമാറ്റ മര്യാദയിലോ യാതൊരു പ്രത്യേകതയുമില്ല. പ്രത്യുത, മതത്തെ അതിന്റെ സത്ത ഗ്രഹിക്കാതെ പുറംതോട് മാത്രം ഗ്രഹിച്ചതിനാല്‍ മതത്തെ സങ്കുചിതമായാണവര്‍ മനസ്സിലാക്കിയിരിക്കുന്നത്. 

ബലിപെരുന്നാളിന് രണ്ടും മൂന്നും മൃഗത്തെ ബലിയറുക്കുന്നവനും അമുസ്‌ലിമായ തന്റെ അയല്‍വാസി പട്ടിണി കിടന്നാലും തിരിഞ്ഞുനോക്കുകയില്ല. മരിച്ചവരെ വിളിച്ച് പ്രാര്‍ഥിക്കാത്ത തൗഹീദിന്റെ വക്താവും കരാര്‍ ലംഘനം നടത്തും, കളവ് പറയും, ചതിയും വഞ്ചനയും നടത്തും, കൈക്കൂലിയും പലിശയും വാങ്ങും. ഒരു രംഗത്തും മുസ്‌ലിംകള്‍ ഉത്തമസമുദായത്തിന്റെ വിശേഷണങ്ങള്‍ക്കര്‍ഹരാവുന്നില്ല. അനീതിയും അക്രമവും നിരപരാധികളെ വധിക്കലുമൊക്കെ ഈ സമുദായത്തിന്റെ അടയാളമായി മാറുകയാണ്.  വിശുദ്ധ ഖുര്‍ആന്‍ ചോദിക്കുന്നു: ''എത്ര ചീത്തയാണ് നിങ്ങളുടെ ഈമാന്‍ നിങ്ങളോട് കല്‍പ്പിക്കുന്നത്, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍'' (അല്‍ ബഖറ 93). ജൂതന്മാരോട് അല്ലാഹു ചോദിച്ച ഈ ചോദ്യം അഭിമുഖീകരിക്കാന്‍ ഇന്ന് മുസ്‌ലിംകള്‍ കൂടി ബാധ്യസ്ഥരാണ്. എതിരാളികളോടുള്ള നബി(സ)യുടെ വിട്ടുവീഴ്ച കൊണ്ട് മാത്രം ധാരാളം പേര്‍ ഇസ്‌ലാമിലേക്ക് വരികയുണ്ടായി. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''അല്ലാഹുവില്‍നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍നിന്നും അവര്‍ പിരിഞ്ഞുപോയിക്കളയുമായിരുന്നു'' (ആലു ഇംറാന്‍ 159). ഇന്ന് വല്ല മതപണ്ഡിതന്റെയും മുസ്‌ലിം ഭരണാധികാരിയുടെയും വിട്ടുവീഴ്ചാസ്വഭാവം കണ്ട് ഒരു മനുഷ്യനെങ്കിലും ഇസ്‌ലാമിലേക്ക് വരുമോ? 

അല്ലാഹു വാഗ്ദാനം ചെയ്യുന്നത് ശ്രദ്ധിക്കുക: ''തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് പരമകാരുണികന്‍ (ശത്രുക്കളുടെ മനസ്സില്‍) സ്‌നേഹമുണ്ടാക്കിക്കൊടുക്കുന്നതാണ്'' (മര്‍യം 96). ശരിയായ വിശ്വാസവും സല്‍ക്കര്‍മങ്ങളും മുസ്‌ലിംകള്‍ക്കുണ്ടായാല്‍ അവരുടെ കഠിനശത്രുക്കളുടെ മനസ്സുകളില്‍ പോലും മുസ്‌ലിംകളെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന സ്വഭാവം അല്ലാഹു ഉണ്ടാക്കുമെന്നാണ് ഈ സൂക്തത്തില്‍ പറയുന്നത്. പള്ളിയില്‍ മാത്രം പരിമിതമായ ആരാധനകള്‍ മുസ്‌ലിംകള്‍ അനുഷ്ഠിച്ചതുകൊണ്ട് അമുസ്‌ലിംകള്‍ക്ക് അവരോട് സ്‌നേഹം ഉണ്ടാവുകയില്ല. മതജാതിഭേദമന്യേ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തനവുമാണ് ഇവിടെ സല്‍ക്കര്‍മം കൊണ്ട് വിവക്ഷ. മതസഹിഷ്ണുത പ്രകടമാകുന്ന പ്രവര്‍ത്തനങ്ങളും ഇവിടെ വിവക്ഷിക്കുന്നു. ഇത്തരം സല്‍ക്കര്‍മങ്ങള്‍ കൊണ്ടു മാത്രമേ ജനങ്ങള്‍ക്ക് നമ്മോട് ബഹുമാനവും ആദരവും ഉണ്ടാവുകയുള്ളൂ. ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ ആരും ആട്ടിയോടിക്കുകയില്ല. അങ്ങനെ ഓടിക്കാന്‍ ഉദ്ദേശിച്ചവര്‍ പോലും മുസ്‌ലിംകളായ ചരിത്രമാണുള്ളത്. 

വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു: ''തങ്ങള്‍ മുസ്‌ലിംകളായിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് ചിലപ്പോള്‍ സത്യനിഷേധികള്‍ കൊതിച്ചുപോകും'' (ഹിജര്‍ 2). പരലോകത്തെ കാര്യമല്ല ഇവിടെ വിവരിക്കുന്നത്, ദുന്‍യാവിലെ കാര്യമാണ്.  മുസ്‌ലിംകളുടെ മാതൃകാ ജീവിതം കാണുമ്പോള്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ വരെ ഇടക്ക് മുസ്‌ലിംകളാവാന്‍ ആഗ്രഹിക്കാറുണ്ട്. പക്ഷേ, വംശീതയയും അഹങ്കാരവും ഭൗതിക സുഖങ്ങളും സ്ഥാനമാനങ്ങളോടുള്ള വാഞ്ഛയും അവരെ അതില്‍നിന്ന് പിന്തിരിപ്പിക്കും. മുസ്‌ലിം കുടുംബത്തില്‍ ജനിക്കാതെ പോയതു വലിയ സൗഭാഗ്യമായി എന്നായിരിക്കും ഇന്ന് ഇതര ജനങ്ങള്‍ വിചാരിക്കുക. നമ്മുടെ ജീവിതമാണ് അവരില്‍ ഇങ്ങനെയൊരു വിചാരം ഉണ്ടാക്കിയത്. അതിനാല്‍ പ്രഭാഷണ സെമിനാറുകള്‍ക്കപ്പുറം മാതൃകാ ജീവിതം പുലര്‍ത്തി ഇസ്‌ലാമിനെ യഥാര്‍ഥ രൂപത്തില്‍ പ്രതിനിധീകരിക്കാനും അതുവഴി ഇസ്‌ലാമിക ദഅ്‌വത്ത് നിര്‍വഹിക്കാനും ഓരോ വിശ്വാസിക്കും സാധിക്കേണ്ടതുണ്ട്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 62
എ.വൈ.ആര്‍