Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 02

2966

1437 ദുല്‍ഖഅദ് 30

വികല വായനയുടെ രൂപങ്ങള്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

(പ്രമാണ വായനയുടെ പ്രയോഗ പാഠങ്ങള്‍-2)

ഇസ്‌ലാമിക സമൂഹത്തെ ചിന്താപരമായി വളര്‍ത്തുന്നതിലും ആശയപരമായി വിശാലമാക്കുന്നതിലും പ്രമാണ വായനയിലെ വൈവിധ്യത വലിയ പങ്കു വഹിച്ചിട്ടുണ്ട്. പ്രമാണ വായനയിലെ വൈകല്യങ്ങളാകട്ടെ, ഇസ്‌ലാമിക ചരിത്രത്തെയും വര്‍ത്തമാനത്തെയും സംഘര്‍ഷഭരിതമാക്കുന്നതിനും കാരണമായിട്ടുണ്ട്. വൈവിധ്യതയാണോ വൈകല്യമാണോ കൂടുതല്‍ സംഭവിച്ചത്, അപഥ വായനയുടെ ദുരന്തങ്ങള്‍ എന്തൊക്കെ തുടങ്ങിയ വിഷയങ്ങള്‍ സംവാദാത്മകമാണ്. 

അഹ്‌ലുസ്സുന്നയില്‍പെട്ട അശ്അരിയ്യ, മാതുരീദിയ്യ, സലഫിയ്യ, അഹ്‌ലുസ്സുന്നക്ക് പുറത്തുള്ള മുര്‍ജിഅ, റാഫിള, മുഅ്തസില, ജഹ്മിയ്യ, ബാത്വിനിയ്യ, ഖദ്‌രിയ്യ, ജബ്‌രിയ്യ തുടങ്ങിയ വിശ്വാസ ധാരകളും, ഹനഫി-മാലികി-ശാഫിഈ-ഹമ്പലി-ളാഹിരി തുടങ്ങിയ കര്‍മശാസ്ത്ര സരണികളും രൂപപ്പെട്ടത് പ്രമാണ വായനയിലെ വൈവിധ്യതയോ, വൈരുധ്യമോ കാരണമായിട്ടാണ്. ഈ ധാരകളുടെ ആചാര്യന്മാരായ മഹാപണ്ഡിതന്മാരുടെ സമീപന രീതികളും വായനയുടെ മാനദണ്ഡങ്ങളുമെല്ലാം വ്യത്യസ്തമായിരുന്നുവല്ലോ. അതിലെ ശരിതെറ്റുകളെ കുറിച്ച അന്തിമവിധി അല്ലാഹുവിങ്കലാണ്.

ഇസ്‌ലാമിന്റെ ആദ്യ നൂറ്റാണ്ടില്‍തന്നെ പ്രമാണ വായനയിലെ വൈകല്യങ്ങള്‍ പ്രകടമായിതുടങ്ങിയിരുന്നു. ശ്രേഷ്ഠ സ്വഹാബിമാരും താബിഉകളും ജീവിച്ചിരുന്ന കാലമായിരുന്നല്ലോ അത്. രാഷ്ട്രീയ - സൈനിക നടപടികളിലേക്കു വരെ നീളുന്ന  ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് ഇത് കാരണമായി. അപ്പോള്‍പിന്നെ പതിനാല് നൂറ്റാണ്ടുകള്‍ക്കിപ്പുറം പ്രമാണ വായനയില്‍ എത്രത്തോളം പിഴവുകള്‍ സംഭവിക്കാമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. തെറ്റായ വാദമുഖങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ ഖുര്‍ആനും സുന്നത്തും  തന്നെയാണ് ആധാരമായി അവതരിപ്പിക്കാറുളളത്. പക്ഷേ, അവരുടെ കാഴ്ചപ്പാടുകളും നിലപാടുകളും ഇസ്‌ലാമിന്റെ അന്തസ്സത്തക്ക് വിരുദ്ധമായിരിക്കും. അതിനര്‍ഥം, ഉദ്ധരിക്കപ്പെടുന്ന തെളിവ് ഖുര്‍ആനും സുന്നത്തുമാണോ എന്നതു മാത്രമല്ല പ്രശ്‌നം. ഉദ്ധരിക്കപ്പെടുന്ന പ്രമാണ വാക്യങ്ങളുടെ ആശയവും ഉദ്ദേശ്യവും സന്ദര്‍ഭവും അവര്‍ മനസ്സിലാക്കിയതും അവതരിപ്പിക്കുന്നതും തന്നെയാണോ എന്നതും പ്രധാനമാണ്. അതായത്, ആധാരം ഖുര്‍ആനും സുന്നത്തുമായതുകൊണ്ടു മാത്രം ഒരു വാദം/നിലപാട്  ശരിയാകണമെന്നില്ല.  ആശയരൂപീകരണം നടത്തുന്നതും പ്രയോഗവത്കരിക്കുന്നതും ശരിയായ രീതിയിലായിരിക്കുകയും വേണം. ഇവിടെയാണ് പിഴവുകള്‍ സംഭവിക്കാറുള്ളത്. ചിലര്‍ സദുദ്ദേശ്യപൂര്‍വം വായിച്ചപ്പോള്‍ തെറ്റുകള്‍ പിണഞ്ഞവരായിരിക്കും. ചിലരുടെ വായനതന്നെ ദുരുദ്ദേശ്യത്തോടെയായിരിക്കും.

ത്രിയേകത്വത്തിന് ഖുര്‍ആനില്‍നിന്ന് ഉദ്ധരിക്കപ്പെട്ട തെളിവ് ദുരുദ്ദേശ്യപൂര്‍വമുള്ള പ്രമാണ വ്യാഖ്യാനത്തിന്റെ ഉദാഹരണങ്ങളിലൊന്നാണ്. ''തീര്‍ച്ചയായും ഞങ്ങളാണ് (നഹ്‌നു) ഉദ്‌ബോധനം-ഖുര്‍ആന്‍-അവതരിപ്പിച്ചിട്ടുള്ളത്. തീര്‍ച്ചയായും ഞങ്ങള്‍ (നഹ്‌നു)  തന്നെ അത് സംരക്ഷിക്കുകയും ചെയ്യും.''1 ഈ സൂക്തത്തിലെ 'നഹ്‌നു' എന്ന പദം ബഹുവചനമാണ്. 'ഞങ്ങള്‍' എന്നാണതിനര്‍ഥം. ത്രിയേകത്വ സിദ്ധാന്തപ്രകാരമുള്ള-പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്-ദൈവസങ്കല്‍പമാണ് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത് എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം-എന്ന സ്വഭാവത്തിലാണ് ചിലര്‍ ഈ ആയത്തിനെ തെറ്റായി വ്യാഖ്യാനിച്ചത്. ഈ ആയത്ത് തനിയെ എടുത്ത്, ഭാഷാര്‍ഥം മാത്രം മുന്നില്‍വെച്ച് വായിച്ചാല്‍ തെറ്റായ നിഗമനത്തിലെത്തും. അതാകട്ടെ ഖുര്‍ആനിക വിരുദ്ധമാണെന്നതില്‍ സംശയമൊട്ടുമില്ല. ഭാഷയില്‍, 'ഞങ്ങള്‍' എന്ന ബഹുവചനമായി ഉപയോഗിക്കാറുള്ള 'നഹ്‌നു', ബഹുമാന സൂചകപ്രയോഗം കൂടിയാണ്. 'നാം' എന്നാണ് ഈ ആയത്തില്‍  അതിന്റെ അര്‍ഥം. ഖുര്‍ആന്‍ ത്രിയേകത്വത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്. മറ്റു ആയത്തുകളില്‍നിന്ന് ഇത് വ്യക്തമാണ്.2 ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന അടിസ്ഥാന സിദ്ധാന്തം തന്നെ കലര്‍പ്പില്ലാത്ത ഏകദൈവത്വമാണ്.3 അപ്പോള്‍ 'ഞങ്ങള്‍' എന്ന വായന തീര്‍ത്തും തെറ്റാണെന്നര്‍ഥം. ഭാഷാര്‍ഥം മാത്രം നോക്കി വാക്കുകളെ വായിക്കുക, ഒരു ആയത്ത് മാത്രമെടുത്ത് ആശയരൂപീകരണം നടത്തുകയും വിഷയവുമായി ബന്ധപ്പെട്ട മറ്റു പ്രമാണവാക്യങ്ങള്‍ പരിഗണിക്കാതിരിക്കുകയും ചെയ്യുക, ഖുര്‍ആനിന്റെ മൊത്തം ആശയങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും (മഖാസ്വിദ്) മനസ്സിലാക്കാതിരിക്കുക തുടങ്ങിയവ പ്രമാണ വായനയില്‍ വൈകല്യം സൃഷ്ടിക്കുമെന്ന് ഈ ഉദാഹരണത്തില്‍നിന്ന് വ്യക്തമാകുന്നു.

ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അന്തസ്സത്തക്ക് ചേരാത്ത ആശയങ്ങള്‍ അവയിലെ വാക്യങ്ങളില്‍നിന്ന് മനസ്സിലാക്കുക, സന്ദര്‍ഭങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത പ്രമാണപാഠങ്ങളെ അസ്ഥാനത്ത് ഫിറ്റ് ചെയ്യുക, ഒരു വിഷയത്തിന്റെ നാനാവശങ്ങളും അനുബന്ധവിഷയങ്ങളും പരിഗണിക്കാതെ ഒറ്റപ്പെട്ട പാഠങ്ങളെ കേന്ദ്രീകരിച്ച് ആശയരൂപീകരണം നടത്തുക, സ്വഹാബികളും താബിഉകളും മനസ്സിലാക്കിയതിന് തീര്‍ത്തും വിരുദ്ധമായി മനസ്സിലാക്കുക തുടങ്ങിയവയാണ് വികലമായ പ്രമാണ വായനകൊണ്ട് അര്‍ഥമാക്കുന്നത്. ഒരാളുടെ സംസാരത്തെ അയാള്‍ ഉദ്ദേശിക്കാത്ത അര്‍ഥത്തില്‍ തെറ്റായി മനസ്സിലാക്കുക, ഉദ്ദേശ്യം ശരിയായി മനസ്സിലാക്കിയ ശേഷം അതിനു വിരുദ്ധമായ ഒരാശയം അതില്‍നിന്ന് വ്യാഖ്യാനിച്ചെടുക്കുക എന്നിവ 'സൂഉല്‍ ഫഹ്മി'ന്റെ നിര്‍വചനത്തില്‍പെടുന്നു.4 ഏതര്‍ഥത്തിലാണെങ്കിലും ഇത് പ്രമാണങ്ങളുടെ പാഠങ്ങളുടെ വക്രീകരണമാണ്. വികലവായനയുടെ വക്താക്കള്‍ തങ്ങളുടെ വാദങ്ങളില്‍ പക്ഷപാതപരമായ കാര്‍ക്കശ്യം പുലര്‍ത്തും. അതിനുവേണ്ടി ഖുര്‍ആനും സുന്നത്തും ഉദ്ധരിക്കും. അയാള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാഠങ്ങള്‍ പക്ഷേ പരസ്പരം ചേരുന്നുണ്ടാവില്ല. പാഠവും യാഥാര്‍ഥ്യവും തമ്മില്‍ വലിയ അകല്‍ച്ചയുണ്ടാകും. ആ പാഠങ്ങളെക്കുറിച്ചു നന്നായി ചിന്തിക്കുകയും അവയെ സമന്വയിപ്പിക്കുകയും, ജ്ഞാനികളുടെ വഴി പിന്തുടരുകയും ചെയ്താല്‍ വികലവായനക്കാരുടെ ഭ്രംശമാര്‍ഗങ്ങളില്‍നിന്ന് രക്ഷപ്പെട്ട് നേര്‍വഴി നേടാനാകും.5

പ്രമാണ പാഠങ്ങള്‍ അസ്ഥാനത്ത് ഉദ്ധരിക്കുന്നതാണ് വികലവായനയുടെ മറ്റൊരു ഉദ്ദേശ്യം. ഡോ. യൂസുഫുല്‍ ഖറദാവി പറയുന്നു: ''ശരിയായ സ്ഥാനത്തല്ലാതെ പ്രമാണങ്ങള്‍ ഉദ്ധരിക്കുന്നത് 'സൂഉല്‍ ഫഹ്മി'ന്റെ പ്രകടമായ തെളിവാണ്. ജാഗ്രതയോടെ കരുതിയിരിക്കേണ്ട വലിയൊരു ആപത്താണിത്. ഇങ്ങനെ ഉദ്ധരിക്കപ്പെടുന്ന പാഠം അധികപക്ഷവും ശരിയായിരിക്കും. മറ്റൊരു സന്ദര്‍ഭത്തിലുള്ള ഈ പാഠം അതിനു തികച്ചും വ്യത്യസ്തമായ ഒരു വിഷയത്തിലായിരിക്കും ഉദ്ധരിച്ചിട്ടുണ്ടാവുക. ചിന്താവൈകല്യംകൊണ്ടോ മനസ്സിലാക്കുന്നതിലെ പിഴവുകൊണ്ടോ ഇത് സംഭവിക്കാം. ധൃതിയും സൂക്ഷ്മതക്കുറവുമാണിതിന്റെ പ്രധാന കാരണം. ചിലപ്പോള്‍ ദുരുദ്ദേശ്യവും, മാനസിക അസ്വസ്ഥതകളും ഇതിനു നിമിത്തമാകാം. എന്തായിരുന്നാലും അല്ലാഹുവിന്റെ പേരില്‍ വ്യാജം ചമയ്ക്കുകയാണവര്‍ ചെയ്യുന്നത്.''6 അപര്യാപ്ത വായന (അല്‍ഫഹ്മുല്‍ ഖാസ്വിര്‍) കാരണം, പണ്ഡിതന്മാരില്‍നിന്ന് തെറ്റായ നിലപാടുകള്‍ ഉദ്ധരിക്കുന്നവര്‍ ധാരാളമുണ്ടെന്ന് ഇമാം ഇബ്‌നുല്‍ ഖയ്യിം രേഖപ്പെടുത്തിയിട്ടുണ്ട്.7 ബൗദ്ധിക നിലവാരത്തിലെയും ഗ്രാഹ്യ ശേഷിയിലെയും നിലവാരമില്ലായ്മയും കുടുസ്സും ഉപരിപ്ലവതയും കാരണം ഉണ്ടാകുന്ന വികലവായനകള്‍ കക്ഷിത്വത്തിലേക്കും അതിന്റെ പേരിലുള്ള തരംതാണ വിമര്‍ശനങ്ങളിലേക്കും പരസ്പരം കാഫിറാക്കുന്നതിലേക്കുമൊക്കെ നയിക്കുന്നു. ''അതിവാദമോ, ന്യൂനീകരണമോ (ഗുലുവ്വ്, തഖ്‌സ്വീര്‍) ഇല്ലാതെ നബിചര്യയുടെ ഉദ്ദേശ്യങ്ങള്‍ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഇല്ലാത്ത അര്‍ഥങ്ങള്‍ നബിവചനങ്ങള്‍ക്ക് കെട്ടിവെക്കരുത്, ഉദ്ദേശ്യങ്ങള്‍ വെട്ടിക്കുറക്കുകയുമരുത്. സന്മാര്‍ഗം വിശദീകരിച്ച് നബി പഠിപ്പിച്ച മധ്യമനിലപാട് ഉപേക്ഷിക്കുകയോ അതില്‍നിന്ന് തെറ്റിപ്പോവുകയോ ചെയ്താല്‍ മാര്‍ഗ ഭ്രംശത്തില്‍ അകപ്പെടും. അല്ലാഹുവിന്റെ കിത്താബും നബിയുടെ സുന്നത്തും തെറ്റായി വായിക്കുന്നതാണ് ബിദ്അത്തുകള്‍ക്കും വികല നിലപാടുകള്‍ക്കും കാരണം. അടിസ്ഥാന വിഷയങ്ങളിലും ശാഖാപരമായ കാര്യങ്ങളിലുമൊക്കെ പിഴവു പറ്റുന്നതും അതുകൊണ്ടുതന്നെ''- ഇമാം ഇബ്‌നുല്‍ ഖയ്യിം സൂഉല്‍ ഫഹ്മിന്റെ അപകടങ്ങള്‍ സൂചിപ്പിക്കുന്നു.8 ഖുര്‍ആനിലെ ചില ആയത്തുകളും സുന്നത്തിലെ വാക്കുകളും പൗരാണിക പണ്ഡിതരുടെ  ചില ഉദ്ധരണികളും തെളിവായെടുത്തുകൊണ്ടുതന്നെ ഇസ്‌ലാമിനു നിരക്കാത്ത പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവരെ കാണാം. പൗരാണികരോ സമകാലികരോ ആയ പണ്ഡിതന്മാരില്‍നിന്ന് തങ്ങള്‍ അംഗീകരിക്കുന്നവരെയും തങ്ങള്‍ക്കുവേണ്ടി പക്ഷം പിടിക്കുന്നവരെയും മാത്രം അവര്‍ ഉദ്ധരിക്കും. പ്രമാണപാഠങ്ങള്‍ ശരിയായി മനസ്സിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടിരിക്കും. ഇബ്‌നു അബ്ബാസ് പറഞ്ഞതെത്ര ശരി; 'ഭാവിയില്‍ ചിലര്‍ രംഗത്തുവരും. നാം മനസ്സിലാക്കിയതുപോലെയല്ലാതെ അവര്‍ ഖുര്‍ആന്‍ മസിലാക്കും, അങ്ങനെ അവരതില്‍ ഭിന്നിക്കും. ഭിന്നിച്ചാല്‍ അവര്‍ പരസ്പരം കഴുത്തറുക്കും.'9

 

വികല വായനയുടെ രീതികള്‍

തെറ്റായ പ്രമാണ വായന പലവിധത്തില്‍ സംഭവിക്കാം. അത് മനസ്സിലാക്കിയാല്‍ പ്രമാണ വായനയുടെ ശരിയായ രീതി തിരിച്ചറിയാന്‍ എളുപ്പമാണ്. വായന വികലമായിത്തീരുന്ന ചില വഴികളാണ് ഇനി സൂചിപ്പിക്കുന്നത്: 

 

1. നിരക്ഷര വായന

പ്രത്യക്ഷത്തില്‍ വൈരുധ്യം തോന്നാവുന്ന പ്രയോഗമാണ് നിരക്ഷര  വായന. ഇതിലെ രണ്ടു വാക്കുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നപോലെ! അക്ഷരാഭ്യാസമില്ലാത്തവന്‍ എങ്ങനെ വായിക്കും എന്നു സംശയിക്കാം. ആശയങ്ങള്‍ ഗ്രഹിക്കാത്ത അക്ഷരവായനയാണ് ഇവിടെ നിരക്ഷര വായനയുടെ ഉദ്ദേശ്യം. ഒരു സൂക്തത്തിന്റെ/അധ്യായത്തിന്റെ ആദ്യാവസാനങ്ങള്‍ തമ്മിലും പ്രമാണത്തിലെ വിവിധ വശങ്ങള്‍ തമ്മിലും പരസ്പരം ബന്ധിപ്പിക്കാതെയും, വ്യത്യസ്ത സ്ഥലങ്ങളില്‍ ഉപയോഗിക്കപ്പെട്ട ഒരേ പദത്തെ ചേര്‍ത്തുവെക്കാതെയും, പ്രമാണ വാചകവും സംഭവ ലോകവും തമ്മില്‍ സമന്വയിപ്പിക്കാതെയും മറ്റുമുള്ള വായനകള്‍ നിരക്ഷര വായനയുടെ ഗണത്തില്‍പെടുന്നു. വേദക്കാര്‍ക്കെതിരായ ഖുര്‍ആനിക വിമര്‍ശനത്തിന്റെ പൊരുളിതാണ്; 'അവരിലൊരു കൂട്ടര്‍ വേദവിജ്ഞാനമില്ലാത്ത പാമരന്മാര്‍ (ഉമ്മിയ്യൂന്‍) ആകുന്നു. അടിസ്ഥാനരഹിതമായ വ്യാമോഹങ്ങളേ അവര്‍ക്കുള്ളൂ. കേവലം ഊഹങ്ങള്‍ അനുസരിച്ചാണ് അവര്‍ ചരിക്കുന്നത്.'10 നിരക്ഷരന്‍, പാമരന്‍ എന്നീ രണ്ട് അര്‍ഥങ്ങളും ഭാഷാപരമായും സാന്ദര്‍ഭികമായും 'ഉമ്മിയ്യി'നുണ്ട്. ആശയങ്ങള്‍ ഗ്രഹിക്കാത്ത, വേദസാരം ഉള്‍ക്കൊള്ളാത്ത വായനയാണ് 'അമാനിയ്യി'ന്റെ ഇവിടത്തെ അര്‍ഥം. അതുകൊണ്ടാണ്, അവര്‍ അറിയുന്നില്ല, അവര്‍ വേദവിജ്ഞാനമില്ലാത്തവരാകുന്നു (ലാ യഅ്‌ലമൂന്‍) എന്നുതന്നെ പറഞ്ഞത്. അവര്‍ വേദം വായിക്കുന്നില്ല (ലാ യഖ്‌റഊന്‍) എന്നല്ല, അവര്‍ അറിയുന്നില്ല (ലാ യഅ്‌ലമൂന്‍) എന്ന ഖുര്‍ആനിന്റെ  പ്രയോഗം ശ്രദ്ധേയമാണ്. കേവല പാരായണമാണ് അമാനിയ്യ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ചിലര്‍ സൂചിപ്പിച്ചിട്ടുണ്ട്. ആശയങ്ങള്‍ മനസ്സിലാക്കാത്ത കേവല അക്ഷരവായന, അറിവില്ലായ്മയുടെയും നിരക്ഷരതയുടെയും ഗണത്തിലാണ്  ഖുര്‍ആന്‍ ഉള്‍പ്പെടുത്തിയതെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. ചിലര്‍ക്ക് വേദത്തിന്റെ യാഥാര്‍ഥ്യം അറിയില്ല, അതെന്തിന് അവതരിച്ചതാണെന്നും എന്താണതില്‍ പറയുന്നതെന്നും അവര്‍ മനസ്സിലാക്കുന്നില്ല, അതിനു ശ്രമിക്കുന്നുമില്ല. പുരോഹിതന്മാര്‍ ഓതിക്കൊടുക്കുന്നതെന്തോ, അതു മാത്രമാണവര്‍ക്കറിയുന്നത്. പുരോഹിത വ്യാഖ്യാനങ്ങള്‍ യാഥാര്‍ഥ്യമാണോ, അടിസ്ഥാനമുള്ളതാണോ, വേദതത്ത്വങ്ങളുമായി പൊരുത്തപ്പെടുന്നതാണോ എന്നൊന്നും അവര്‍ ചിന്തിക്കുന്നില്ല. പുരോഹിതന്മാര്‍ പറയുന്നതുതന്നെയാണ് വേദസാരമെന്ന് അവര്‍ വിചാരിക്കുന്നു''11 

 

2. വിഘടിത വായന

നസ്സ്വിനെ ഛിദ്രീകരിച്ചും ഒരു വാചകത്തെത്തന്നെ ഇഴപിരിച്ചും നടത്തുന്നതാണ് വിഘടിത വായന (അല്‍ ഖിറാഅത്തു ദുര്‍രിയ്യ). ചിലപ്പോള്‍ ഒരു വാക്യത്തെതന്നെ വിഘടിപ്പിക്കുന്നതാകാം ഇത്തരം വായന. പ്രമാണ വാക്യത്തിലെ ഒരു പദം വേര്‍പ്പെടുത്തിയെടുത്ത് അര്‍ഥം പറയുകയും ആശയങ്ങള്‍ വ്യാഖ്യാനിക്കുകയും ചെയ്യുക, ശേഷം അടുത്ത പദത്തെയും അവ്വിധം സമീപിക്കുക, അവക്കിടയില്‍ പരസ്പരം ബന്ധിപ്പിക്കാതെയും വാക്കുകളും വാക്യങ്ങളും പരസ്പരം സംയോജിപ്പിക്കാതെയും അര്‍ഥകല്‍പനകള്‍ നടത്തുകയും നിലപാടുകള്‍ രൂപീകരിക്കുകയും ചെയ്യുക- ഇത് വിഘടിത വായനയാണ്. പ്രമാണ ഘടനയിലെ സന്ദര്‍ഭം ആവശ്യപ്പെടുന്ന അര്‍ഥത്തില്‍നിന്ന് ഏറെ അകലെയായിരിക്കും വിഘടിതവായനയിലൂടെ എത്തിപ്പെടുന്ന നിലപാട്. ഓരോ പദത്തിനും ഓരോ ചിന്തയും വ്യാഖ്യാന ലോകവും ഇത്തരം വായന ഉണ്ടാക്കുന്നു. പക്ഷേ, അത് പരസ്പര പൂരകമോ, വേദസാരത്തോട് ചേര്‍ന്നതോ ആകില്ല. ഒറ്റപ്പെട്ട അനേകം ദ്വീപുകള്‍ പ്രമാണത്തിനകത്ത് രൂപപ്പെടുന്നുവെന്നത് വിഘടിതവായനയുടെ ദുരന്തമാണ്. ഒന്നോ, രണ്ടോ ഹദീസ് മാത്രമെടുത്ത് ഒരു നിലപാട് സ്വീകരിക്കുകയും അതേ വിഷയത്തിലും അനുബന്ധ വിഷയങ്ങളിലും വന്ന ഹദീസുകള്‍ പരിഗണിക്കാതിരിക്കുകയും ചെയ്യുക. തെറ്റായ രീതിയില്‍ പ്രമാണത്തെ സമീപിച്ചതുകൊണ്ട്, അവര്‍ ഒരു അര്‍ഥം അതില്‍നിന്ന് ഊരിയെടുക്കുകയാണ് ചെയ്യുന്നത്. ശരിയായി മനസ്സിലാക്കുകയോ, അംഗീകൃത തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ആശയരൂപീകരണം നടത്തുകയോ അല്ല. മാധ്യമങ്ങള്‍(മീഡിയ) 'ഫാസിഖ്' ആണെന്നും അവ വായിക്കരുതെന്നും പറയുന്ന ചിലര്‍ തെളിവുകള്‍ ഉദ്ധരിക്കാറുള്ളത് ഒരു ഖുര്‍ആന്‍ വചനത്തിന്റെ ഒരു കഷ്ണമാണ്; 'സത്യവിശ്വാസികളേ, ഒരു ഫാസിഖ് ഒരു വാര്‍ത്തയുമായി നിങ്ങളുടെ അടുത്തുവന്നാല്‍...'12 ഇതിലെ ഫാസിഖിന്റെ നിര്‍വചനത്തില്‍ ഇന്നത്തെ മീഡിയ ഉള്‍പ്പെടുമെന്നാണ് വാദം! മാധ്യമങ്ങള്‍ ചിലപ്പോള്‍ കള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കാറുണ്ട് എന്നത് ശരിയാണ്. പക്ഷേ, അതേ മാധ്യമങ്ങള്‍ ശരിയായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും നല്ല ഇടപെടലുകള്‍ നടത്തുകയും ചെയ്യാറുണ്ട്. മാധ്യമങ്ങള്‍ ഒരു സംവിധാനമാണ്, നന്മക്കും തിന്മക്കും വേണ്ടി ഉപയോഗപ്പെടുത്താം. മാധ്യമങ്ങള്‍ 'ഫാസിഖാ'ണെന്നു പറഞ്ഞ് നിഷിദ്ധമാക്കുകയല്ല വേണ്ടത്, അവയെ നന്മക്ക് ഉപയോഗിക്കുകയാണ്. ഇനി ചില മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ തന്നെ അവയെ വിശദമായി വായിക്കുകയും സത്യാസത്യങ്ങള്‍ വേര്‍തിരിച്ചെടുക്കുകയുമാണ് വേണ്ടതെന്നതിന് അതേ സൂക്തത്തിന്റെ രണ്ടാം ഭാഗം തന്നെയാണ് തെളിവ്: 'നിങ്ങളതിന്റെ നിജഃസ്ഥിതി സൂക്ഷ്മമായി അന്വേഷിക്കേതാകുന്നു.' നിഷിദ്ധമാക്കുകയല്ല, സൂക്ഷ്മമായി നിരീക്ഷിക്കുകയും സത്യാസത്യങ്ങള്‍ വേര്‍തിരിച്ചെടുക്കുകയും വേണമെന്ന് ഈ ഭാഗം വ്യക്തമാക്കുന്നു. ഒരു ആയത്തിനെ കഷ്ണിച്ചെടുത്ത് വ്യാഖ്യാനിച്ചപ്പോഴുള്ളതിന്റെ നേര്‍വിപരീത അര്‍ഥമാണ് ഒന്നിച്ച് വായിച്ചപ്പോള്‍ ലഭിച്ചത്. വിഘടിതവായനയുടെ അപകടം മനസ്സിലാക്കാവുന്ന ചെറിയൊരു ഉദാഹരണമാണിത്.

 

3. പൈങ്കിളി വായന

  സഗൗരവത്തിലല്ലാത്തതും സഞ്ചയ സ്വഭാവമില്ലാത്തതുമാണ് പൈങ്കിളി വായന. നിര്‍മാണാത്മകമായതൊന്നും പൈങ്കിളി വായന ഉല്‍പാദിപ്പിക്കില്ല. അചേതനമായ അല്‍പസമയം വായനക്കാരന്‍ നസ്സ്വിനോടൊപ്പം ചെലവഴിക്കുന്നു. ചിലപ്പോള്‍ പാരായണം അയാള്‍ ആസ്വദിച്ചേക്കാം. പിന്നീട് ആ വായനാ വൃത്തത്തില്‍നിന്ന് അയാള്‍ പുറത്തുവരുന്നു; അതുവരെ ഒന്നും വായിച്ചിട്ടില്ലെന്നപോലെ! ആശയങ്ങളൊന്നും തങ്ങിനില്‍ക്കാത്ത തുളവീണ ബോധമണ്ഡലമാണ് അയാള്‍ക്കുണ്ടാവുക; വെള്ളം വലിച്ചെടുക്കാത്ത, പുല്ലു മുളക്കാത്ത തരിശുനിലംപോലെ! 'നസ്സ്വ്' അയാളിലൊന്നും ഉല്‍പാദിപ്പിക്കില്ല, കാരണം, അചേതനമായ അയാളുടെ മനസ്സിന് നസ്സ്വിനോട് സംവദിക്കാനുള്ള ശേഷിയില്ല. ചിലര്‍ ഖുര്‍ആനെ സമീപിക്കുന്ന രീതിയെക്കുറിച്ച് നബി(സ) ഇപ്രകാരം പറഞ്ഞിട്ടുണ്ടല്ലോ; 'തൊക്കുഴിക്ക് അപ്പുറം കടക്കാത്ത രീതിയില്‍ അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യും.'13

 

4. അലക്ഷ്യ വായന

പാരമ്പര്യത്തിന്റെ പേരിലോ ചടങ്ങുതീര്‍ക്കാന്‍ വേണ്ടിയോ പ്രത്യേകിച്ച് ഉദ്ദേശ്യലക്ഷ്യങ്ങളൊന്നുമില്ലാതെ നടത്തുന്ന പതിവു വായനയാണിത്! 'എന്റെ പൂര്‍വികര്‍ പ്രമാണങ്ങള്‍ നിവര്‍ത്തിവെച്ച് നീട്ടിച്ചൊല്ലുന്നത് കേട്ടിട്ടുണ്ട്, ഞാനും അവരുടെ പാത പിന്തുടരുന്നു', 'എനിക്ക് ഇന്റര്‍നെറ്റ് സൗകര്യമുണ്ട്, പുസ്തകങ്ങള്‍ കൈവശമുണ്ട്, അതുകൊണ്ട് വായിക്കുന്നു' എന്ന സ്വഭാവത്തിലായിരിക്കും,  എന്തിനു വായിക്കുന്നു എന്നു ചോദിച്ചാല്‍ അവരുടെ മറുപടി! ചൊല്ലിക്കൊണ്ടിരുന്നാല്‍ കിട്ടുന്ന പുണ്യത്തിനപ്പുറം അതിലെ ആശയങ്ങള്‍ ഗ്രഹിക്കണമെന്നോ, തനിക്കുവേണ്ടിയുള്ള ആശയസമാഹാരമാണിതെന്നോ ഉള്ള തിരിച്ചറിവൊന്നും അവര്‍ക്കുണ്ടാകില്ല. അലക്ഷ്യ വായനക്കാരന്‍ നസസ്സ്വിലേക്ക് നോക്കുന്നുണ്ടായിരിക്കും. പക്ഷേ, ഒന്നും കാണുന്നുണ്ടാവില്ല. നോട്ടവും കാഴ്ചയും യഥാര്‍ഥത്തില്‍ പരസ്പരബന്ധിതവും പൂരകവുമാണെങ്കിലും, അലക്ഷ്യവായനക്കാരുടെ വിഷയത്തില്‍ വിഛേദിതമായ രണ്ടു കാര്യങ്ങളായിരിക്കും. അപ്പോള്‍, നോക്കിയാലും അവര്‍ കാണേണ്ടത് കണ്ടുകൊള്ളണം എന്നില്ല. നോട്ടവും (നള്ര്‍) കാഴ്ചയും (ബസ്വര്‍) ഇവിടെ രണ്ടായിത്തീരും. ഖുര്‍ആന്‍, ഹദീസ് വായനയില്‍ പലര്‍ക്കും ഇത് സംഭവിക്കാറുണ്ട് (നള്ര്‍ കേവലം ബാഹ്യകാഴ്ചയും 'ബസ്വര്‍' ഉള്‍ക്കാഴ്ചയുമാണെന്ന വായനയും അര്‍ഥവത്താണ്; അത് മറ്റൊരിടത്ത് വിശകലനം ചെയ്യുന്നുണ്ട്).

 

5. നിഘണ്ടു വായന

     നിഘണ്ടുക്കള്‍ അവലംബിച്ച് പദങ്ങളുടെ പരിഭാഷകള്‍ നോക്കി പ്രമാണങ്ങള്‍ വായിച്ച് നിലപാടുകള്‍ രൂപപ്പെടുത്തുന്നതാണ് നിഘണ്ടുവായന. ഒരു അറബി വാക്കിന് നിഘണ്ടുവില്‍ കൊടുത്തിട്ടുള്ള പല പരിഭാഷകളില്‍നിന്ന് തങ്ങളുടെ നിലപാടിനോട് ഏറ്റവും ചേര്‍ന്ന പരിഭാഷ ഏതാണോ, അത് സ്വീകരിച്ചുകൊണ്ട് പ്രമാണ വാക്യത്തിന് അര്‍ഥം പറയുകയും തദടിസ്ഥാനത്തില്‍ ആശയങ്ങള്‍ രൂപപ്പെടുത്തുകയുമാണ് നിഘണ്ടുവായനയുടെ രീതി. പ്രമാണ വാക്യത്തിന്റെ പശ്ചാത്തലം, ഉദ്ദേശ്യലക്ഷ്യങ്ങള്‍, സന്ദര്‍ഭം, ഇതര വാക്യങ്ങളുമായി ബന്ധപ്പെട്ടുള്ള ആശയതലങ്ങള്‍ തുടങ്ങിയവയൊന്നും പരിഗണിക്കപ്പെടുകയില്ല. 'ഹദീസ്' നിഷേധ പ്രവണതയുള്ള ഖുര്‍ആന്‍മാത്ര വാദക്കാരുടെ ഖുര്‍ആന്‍ വായനയിലാണ് ഈ രീതി കൂടുതല്‍ കണ്ടിട്ടുള്ളത്.

മഹാ നിഘണ്ടുക്കള്‍ മാത്രം മതിയാകില്ല പ്രമാണ വായനക്ക്. പദങ്ങളുടെ അര്‍ഥങ്ങള്‍ മനസ്സിലാക്കാന്‍ നിഘണ്ടുക്കള്‍   തീര്‍ച്ചയായും സഹായകമാകുമെങ്കിലും ഖുര്‍ആനിലെയും സുന്നത്തിലെയും ആശയങ്ങള്‍ മനസ്സിലാക്കാന്‍ അതു പോരാ. നിഘണ്ടുക്കള്‍ അരിച്ചുപെറുക്കി, വാക്കുകളുടെ പരിഭാഷകള്‍ ചികഞ്ഞെടുത്ത്, ഖുര്‍ആനില്‍ ഒരിടത്ത് ഫിറ്റ് ചെയ്ത്, ശേഷം സ്വന്തമായി സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തുന്നവരുണ്ട്. തീര്‍ച്ചയായും, പദങ്ങളുടെ ഇഴകീറിയ പരിശോധനകള്‍ പ്രമാണ വായനയെ ചിന്താപരമായി വികസിപ്പിക്കുമെന്നതില്‍ സംശയമില്ല; നിശ്ചിത നിബന്ധനകള്‍ കൂടി പാലിച്ചുകൊണ്ടാകണമെന്നുമാത്രം. എന്നാല്‍, പ്രമാണവായനയുടെ മറ്റു മാനദണ്ഡള്‍ നിരാകരിക്കപ്പെടുന്നുവെന്നതാണ് 'നിഘണ്ടുവായന'യുടെ പ്രധാന പ്രശ്‌നം. അതുകൊണ്ട്, ഖുര്‍ആനിന്റെ പൊതു ആശയത്തിനും ഇസ്‌ലാമിന്റെ ആത്മാവിനും നിരക്കാത്ത ചില  വാദങ്ങള്‍ ഖുര്‍ആനിന്റേത് എന്നു തോന്നും വിധത്തില്‍ രൂപപ്പെടുന്നു. ഭാഷാ സാഹിത്യകാരന്‍ ഒരു സാധാരണ പത്രവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്താലുള്ള പ്രശ്‌നങ്ങള്‍ ഇതിലും അനുഭവപ്പെടാം.

 

6. തടവറ വായന

വ്യക്തിപരമോ വംശീയമോ സംഘടനാപരമോ കുടുംബപരമോ ദേശീയമോ ഒക്കെയായ സ്വാര്‍ഥ-നിക്ഷിപ്ത താല്‍പര്യങ്ങളുടെ ബന്ധനത്തില്‍നിന്നുകൊണ്ട് നടത്തുന്നതാണ് തടവറ വായന. കക്ഷിത്വങ്ങളുടെ ലോകത്തിരുന്ന് വായിക്കുമ്പോള്‍, പ്രമാണങ്ങള്‍ക്കും ആ കക്ഷിത്വങ്ങളുടെ നിറം നല്‍കപ്പെടും. നേരത്തെ മൂടുറപ്പിച്ചുവെച്ച വാദങ്ങള്‍ക്ക് തെളിവ് കണ്ടെത്താനും തന്റെ ഭാഗം ന്യായീകരിക്കാനുമായിരിക്കും ചിലര്‍ ഇത്തരം വായനകള്‍ നടത്തുന്നുണ്ടാവുക. പ്രമാണവായനയില്‍നിന്ന്, നിലപാടുകള്‍ രൂപപ്പെടുത്തുകയല്ല, രൂപപ്പെടുത്തിയ നിലപാടുകള്‍ക്ക് ന്യായം കണ്ടെത്താനായി പ്രമാണങ്ങളെ വായിക്കുകയാണ് ഇത്തരം വായനയില്‍ സംഭവിക്കുന്നത്. വിശ്വാസ-കര്‍മശാസ്ത്ര മദ്ഹബുകളുടെ, മതസംഘടനകളുടെ, മറ്റു താല്‍പര്യങ്ങളുടെ തടവറയിലായിരിക്കും അവര്‍. മുന്‍ധാരണകളോടെ മാത്രമേ അവര്‍ക്ക് പ്രമാണങ്ങളെ സമീപിക്കാനാകൂ. സ്വതന്ത്രമായ പ്രമാണവായനയുടെ കാറ്റും വെളിച്ചവും അവര്‍ക്കനുഭവിക്കാനാവില്ല. വായനയില്‍ തെളിയുന്ന പല സത്യങ്ങളും അവര്‍ മൂടിവെക്കുകയോ, തന്റേതായ താല്‍പര്യത്തിനുവേണ്ടി ദുര്‍വ്യാഖ്യാനിക്കുകയോ ചെയ്യും. വായനക്കാരന്റെ മനോഘടന, ബൗദ്ധിക നിലവാരം തുടങ്ങിയവക്കനുസരിച്ച് വായനയുടെ ഫലത്തില്‍ മാറ്റം വരും. വായനക്കാരന്റെ  നിലപാടുതന്നെയും വായനയെ പ്രത്യേക ദിശയിലേക്കു നയിക്കും. വായന ആത്മഭാഷണം കൂടിയാകുമ്പോള്‍, അഥവാ നിവര്‍ത്തിവെച്ച പ്രമാണത്തിലൂടെ തന്നോടുതന്നെ സംസാരിക്കുമ്പോള്‍ എഴുതപ്പെട്ടതല്ല, തന്റെ അകത്തുള്ളത് പ്രമാണത്തില്‍നിന്ന് കണ്ടെത്താന്‍, തന്റെ ഇഛക്കും അഭിപ്രായത്തിനും (ഹവാ, റഅ്‌യ്) അനുസരിച്ച് വ്യാഖ്യാനിക്കാന്‍ വായനക്കാരന്‍ ശ്രമിക്കും. ഇത്തരം സന്ദര്‍ഭത്തില്‍ പ്രമാണത്തിന്റെ ലക്ഷ്യവും വായനയുടെ മൂല്യവും നഷ്ടപ്പെട്ടേക്കാം. എന്നാല്‍, ഖുര്‍ആനിലൂടെ അല്ലാഹുവും ഹദീസിലൂടെ പ്രവാചകനും തന്നോട് സംസാരിക്കുകയാണെന്ന് വായനക്കാരന്‍ തിരിച്ചറിയുന്ന ആത്മഭാഷണം ക്രിയാത്മകമാണ്. തന്റെ ഇഛക്കനുസരിച്ച് പ്രമാണത്തെ വായിക്കാനല്ല, പ്രമാണത്തിനനുസരിച്ച്  തന്നെ പരുവപ്പെടുത്താനാണ് ഈ വായന പ്രേരകമാവുക.

ഭൂതകാലത്തിന്റെ തടവറയില്‍ നിന്നുകൊണ്ടുള്ളതാണ് പ്രമാണ വായനയിലെ തെറ്റായ മറ്റൊരു സമീപനം. ഏതൊരു കാലത്തും പ്രമാണങ്ങളെ സമീപിക്കുന്നവരിലൊരു വിഭാഗം, ഇന്നലെയുടെ തടവുകാരാണ്. ഖുര്‍ആന്‍ ഇറങ്ങിയ, മുഹമ്മദ് നബി(സ)യും സ്വഹാബികളും ജീവിച്ച കാലത്തിരുന്നാണ് (അവിടെ മാത്രമിരുന്നാണ്) നൂറ്റാണ്ടുകള്‍ക്കിപ്പുറവും അവര്‍ വായിക്കുന്നതും ചിന്തിക്കുന്നതും പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതും. മുന്‍ഗാമികളായ സച്ചരിതരുടെ (സലഫുസ്സ്വാലിഹ്) പാത പിന്‍പറ്റുകയെന്ന നല്ല സമീപനത്തിന്റെ തെറ്റായ ആവിഷ്‌കാരമാണ് അവരെ ഭൂതകാലത്തിന്റെ തടവറയില്‍ തളച്ചിടുന്നത്. ഇന്നലെ എന്ന ചരിത്രം മാത്രമേ അവര്‍ക്കു മുമ്പിലുണ്ടാകൂ, ഇന്ന് എന്ന യാഥാര്‍ഥ്യത്തെ, അതിന്റെ ഹൃദയത്തുടിപ്പുകളെ അവര്‍ അറിയുന്നില്ല, പരിഗണിക്കുന്നില്ല. ഭൂതകാലം പ്രമാണ വായനയില്‍ ഒരു തടവറയല്ല, അടിത്തറയാണ്. തടവറയായി കണ്ടതാണ്, ഭൂതകാല ഭക്തിയിലധിഷ്ഠിതമായ കേവല അനുകരണമതം രൂപപ്പൊടനുണ്ടായ കാരണം. ഭൂതകാലം എന്ന അടിത്തറയെ നിരാകരിച്ചതാണ് മതയുക്തിവാദത്തിന്റെയും ഭൗതികവാദപരമായ നവീകരണ ചിന്തയുടെയും കാരണം. 

 

കുറിപ്പുകള്‍: 

1. അല്‍ ഹിജ്ര്‍ -9

2. അല്‍ മാഇദ -73, അത്തൗബ- 30

3. അല്‍ ഇഖ്‌ലാസ്വ് അധ്യായം

4. സൂഉല്‍ ഫഹ്മീ ആഫത്തുന്‍ -മുഹമ്മദുബ്‌നു അബ്ദുല്ലാഹിബ്‌നു ഇബ്‌റാഹീമുദ്ദവീശ്, 

5. അല്‍ ഇന്‍ഹിറാഫു ഫീ ഫഹ്മില്‍ ഹദീസിന്നബവി - സാമിഹ് അബ്ദുല്‍ ഇലാഹ് അബ്ദുല്‍ഹാദി, പേജ് -45

6. അല്‍ മുര്‍ജിഇയ്യത്തുല്‍ ഉല്‍യാവില്‍ ഇസ്‌ലാമി ലില്‍ ഖുര്‍ആനി വസ്സുന്ന - ഡോ. യൂസുഫുല്‍ ഖറദാവി, മുഅസ്സത്തുര്‍രിസാല - 277

7. മദാരിജുസ്സാലികീന്‍ - ഇബ്‌നുല്‍ ഖയ്യിം, 2/403

8. അര്‍റൂഹു ഫില്‍ കലാം......ദാറുല്‍ കുതുബില്‍ ഇല്‍മിയ്യ ബൈറൂത്ത്, പേജ് -62

9. അല്‍ ബിദായത്തുന്നിഹായ, ദാറുല്‍ ഫിക്ര്‍ -7/275 

10. അല്‍ബഖറ: 78

11. തഫ്‌സീര്‍ ഇബ്‌നു കസീര്‍, 1/86,8 ഖുര്‍ആന്‍ ബോധനം, ടി.കെ ഉബൈദ്, 1/132,133 

12. അല്‍ഹുജുറാത്ത്

13. സ്വഹീഹ് മുസ്‌ലിം 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 62
എ.വൈ.ആര്‍