Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 02

2966

1437 ദുല്‍ഖഅദ് 30

ലക്ഷ്യങ്ങളെ സാമൂഹികതയുമായി കണ്ണിചേര്‍ക്കുമ്പോള്‍

അശ്‌റഫ് കീഴുപറമ്പ്

മതം, ജീവന്‍, ബുദ്ധി/ധിഷണ, കുലം, ധനം എന്നീ അഞ്ച് അനിവാര്യതകളില്‍ കേന്ദ്രീകരിച്ചാണ് മഖാസ്വിദീ ചിന്തകള്‍ക്ക് വളര്‍ച്ചയും വികാസവും ഉണ്ടായിട്ടുള്ളത്. ഈ ഓരോ സംജ്ഞക്കും അതത് കാലക്കാര്‍ തങ്ങളുടേതായ വ്യാഖ്യാനങ്ങളും വിപുലനങ്ങളും നല്‍കിയിട്ടുണ്ട്. മതം എന്നു പറയുമ്പോള്‍ മതവിശ്വാസവും അനുഷ്ഠാനങ്ങളും കൊണ്ടുനടക്കാനുള്ള സ്വാതന്ത്ര്യം മാത്രമല്ല ഉദ്ദേശിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മുഴുവന്‍ അവകാശങ്ങളും അതിന്റെ പരിധിയില്‍ വരുമെന്ന് ആധുനിക മഖാസ്വിദീ പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ അഞ്ച് സംജ്ഞകളെ എത്രയൊക്കെ വിപുലീകരിച്ചാലും ഇവയൊക്കെയും മുഖ്യമായും ഒരാളുടെ വ്യക്തിപരമായ അവകാശങ്ങളുമായി ബന്ധപ്പെട്ടതാണെന്നു കാണാം. അതിനാല്‍ സാമൂഹികതക്ക് വേണ്ടത്ര പ്രാധാന്യവും പ്രാമുഖ്യവും ലഭിക്കാതെ വരിക സ്വാഭാവികം. ''ചില ശരീഅഃ ലക്ഷ്യങ്ങള്‍ക്ക്, വേണ്ട പരിഗണന ലഭിച്ചിട്ടില്ലെന്ന് ഞാന്‍ കരുതുന്നു. സമൂഹവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളാണവ. പരമ്പരാഗതമായി നാം പറഞ്ഞുപോരുന്ന കാര്യങ്ങളെയെല്ലാം വ്യക്തിയുടെ മതം, ജീവന്‍, ധിഷണ, കുലം, ധനം എന്നിവയുമായാണ് ബന്ധപ്പെടുത്താറുള്ളത്. സ്വാതന്ത്ര്യം, സമത്വം, നീതി തുടങ്ങിയ പൊതു മൂല്യങ്ങളും അനിവാര്യതകളില്‍ ഉള്‍പ്പെടേണ്ടതല്ലേ. ഈ വിഷയത്തില്‍ പുനരാലോചനകള്‍ വേണം.''- ഡോ. യൂസുഫുല്‍ ഖറദാവിയുടേതാണ് ഈ അഭിപ്രായം.

അക്കാര്യം അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: ''ശര്‍ഈ താല്‍പര്യങ്ങളുടെ സമഗ്രതയാണ് ഇവിടെ വെളിപ്പെടുന്നത്. നിരീശ്വരവാദികള്‍ വാദിക്കുന്നതു പോലെ താല്‍പര്യങ്ങള്‍ കേവലം ഭൗതികതയില്‍ ഒതുങ്ങിപ്പോകരുത്. അസ്തിത്വവാദികളും മറ്റും പറയുന്നതുപോലെ, അവ വ്യക്തിപരതയില്‍ കുടുങ്ങിക്കിടക്കാനും പാടില്ല. മാര്‍ക്‌സിസ്റ്റ്-സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ വിഭാവനം ചെയ്യുന്നതുപോലെ വെറും സാമൂഹിക താല്‍പര്യങ്ങളായി ചുരുങ്ങിപ്പോവുകയുമരുത്. ഇപ്പോള്‍ പല ഭാഗങ്ങളില്‍നിന്നും ഉയരുന്ന വംശീയവും കേവല ദേശീയവുമായ താല്‍പര്യങ്ങള്‍ക്കു വേണ്ടിയുള്ള മുറവിളിയും നമുക്ക് അംഗീകരിക്കാനാവില്ല. താല്‍പര്യങ്ങളുടെ സമഗ്രത എന്നതുകൊണ്ട് നാമുദ്ദേശിക്കുന്നത്, അത് ദീനിനെയും ദുന്‍യാവിനെയും, പദാര്‍ഥത്തെയും ആത്മാവിനെയും ചേര്‍ത്ത് യോജിപ്പിച്ചിരിക്കണം എന്നാണ്. വ്യക്തിക്കും സമൂഹത്തിനുമിടയില്‍ സന്തുലനം സാധ്യമാവണം. വ്യക്തി താല്‍പര്യത്തെയെന്ന പോലെ പൊതു താല്‍പര്യത്തെയും പരിഗണിച്ചിരിക്കണം. ഇപ്പോഴത്തെ തലമുറയെ മാത്രമല്ല വരാന്‍ പോകുന്ന തലമുറകളെയും കണക്കിലെടുക്കണം.''1 നീതി, സാഹോദര്യം, പരസ്പര സഹകരണം, സ്വാതന്ത്ര്യം, അന്തസ്സ് (കറാമഃ) എന്നീ പൊതു മൂല്യങ്ങളില്‍ പ്രത്യേകം ഊന്നല്‍ കൊടുക്കണമെന്നും പിന്നീട് അദ്ദേഹം എഴുതുന്നുണ്ട്.

ശൈഖ് മുഹമ്മദുല്‍ ഗസ്സാലിക്കും ഇതേ അഭിപ്രായമാണുള്ളത്. ശരീഅത്തിലെ മുന്‍ഗണനകളെക്കുറിച്ച് നടന്ന ഒരു സെമിനാറില്‍ അദ്ദേഹം പറഞ്ഞു: ''അഞ്ച് അടിസ്ഥാന തത്ത്വങ്ങളില്‍ വിപുലനം അത്യാവശ്യമായിരിക്കുന്നു. പതിനാല് നൂറ്റാണ്ട് കാലത്തെ നമ്മുടെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാവണം അത്. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി ഏകാധിപത്യവും ദുഷിച്ച ഭരണവും കൈപ്പേറിയ അനുഭവങ്ങളാണ് നമുക്ക് നല്‍കിക്കൊണ്ടിരുന്നത്. അതിനാല്‍ സ്വാതന്ത്ര്യവും നീതിയും നേരത്തേയുള്ള പഞ്ചതത്ത്വങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കേിയിരിക്കുന്നു. പ്രവാചക നിയോഗത്തിന്റെ ലക്ഷ്യങ്ങളിലൊന്നായി നീതിയുടെ സംസ്ഥാപനം ഖുര്‍ആന്‍ എടുത്തു പറയുന്നുമുണ്ടല്ലോ (57:25).''2

പുതിയ കാലത്ത് ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളുടെ പ്രയോഗം എങ്ങനെ എന്നതിനെക്കുറിച്ച് നമുക്ക് പല ഉള്‍ക്കാഴ്ചകളും നല്‍കുന്ന നിരവധി കൃതികളുണ്ട്. പഞ്ചതത്ത്വങ്ങളെ പുതിയ കാലത്തിന്റെ ഭാഷയിലും ശൈലിയിലുമാണ് അവ അവതരിപ്പിക്കുന്നത്.

ജീവന്റെ സംരക്ഷണം: ശരീരത്തിന്റെ സംരക്ഷണം. ശരീരം പൂര്‍ണമായോ ഭാഗികമായോ നശിക്കുന്നത് തടയുക. അതിക്രമങ്ങളില്‍നിന്ന് പൂര്‍ണ സുരക്ഷ. മറ്റുള്ളവരെ ശാരീരികമായി ആക്രമിക്കാതിരിക്കുന്നതും ഇതിന്റെ ഭാഗമാണ്. ശരീരത്തിന് ആവശ്യമായ ഭക്ഷണം, പാനീയം, വസ്ത്രം, വീട് പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കുക. പകര്‍ച്ചവ്യാധികള്‍ തടയുക. വെള്ളപ്പൊക്കം, തീപ്പിടിത്തം, വാഹനാപകടങ്ങള്‍ തുടങ്ങിയ ദുരന്തങ്ങളില്‍പെടുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കുക. മനുഷ്യന്റെ ശരീരത്തിനെന്ന പോലെ ആത്മാവിനും തുല്യ പ്രധാന്യമുള്ളതുകൊണ്ട്, അവന്റെ അന്തസ്സും അഭിമാനവും സംരക്ഷിക്കാനുള്ള യത്‌നങ്ങളും ഇതിന്റെ ഭാഗമായി വരും...

ബുദ്ധിയുടെ സംരക്ഷണം: ധൈഷണികത എന്നത് ഒരു പ്രവൃത്തിയാണ്; മനുഷ്യന്റെ അവയവമല്ല. തലച്ചോറും പഞ്ചേന്ദ്രിയങ്ങളുമൊക്കെയാണ് അതിനെ പ്രവര്‍ത്തിപ്പിക്കുന്നത്. ഈ അവയവങ്ങളുടെ സംരക്ഷണമാണ് ബുദ്ധിയുടെ സംരക്ഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മയക്കുമരുന്നുകളില്‍നിന്നും മാനസിക രോഗങ്ങളില്‍നിന്നും വൈകാരിക വിക്ഷ്ബുധതകളില്‍നിന്നും സമ്മര്‍ദങ്ങളില്‍നിന്നും ഈ അവയവങ്ങള്‍ക്ക് സംരക്ഷണം നല്‍കണം. ധിഷണ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെങ്കില്‍ അറിവും പരിശീലനവും നല്‍കണം. വിദ്യാലയങ്ങളും അക്കാദമിക കേന്ദ്രങ്ങളുമൊക്കെ സ്ഥാപിക്കുന്നത് ധിഷണയെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും ആവശ്യമാണല്ലോ. അപ്പോള്‍ ജ്ഞാനാന്വേഷണങ്ങളുടെ മഹാലോകം തന്നെ ഈ സംജ്ഞക്കു കീഴില്‍ വരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണവും ഇതില്‍പെടും.

മതത്തിന്റെ സംരക്ഷണം: പുതിയ കാലത്ത് മതം (ദീന്‍) എന്നല്ല മതബോധം (തദയ്യുന്‍) എന്നാണ് പ്രയോഗിക്കാറുള്ളത്. കേവല മതമോ വ്യക്തിയുടെ മതമോ മാത്രമല്ല ഉദ്ദേശിക്കുന്നത്. മുസ്‌ലിം സമൂഹത്തിന്റെ മതം, പൊതുമനുഷ്യ സമൂഹത്തിന്റെ മതം എന്നീ വിശാലമായ അര്‍ഥങ്ങളിലും അത് പ്രയോഗിക്കാറുണ്ട്. ഏതു മതവും സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാ മനുഷ്യര്‍ക്കുമുണ്ട്. അക്കാര്യത്തില്‍ നിര്‍ബന്ധമോ സമ്മര്‍ദമോ ഉണ്ടാകാവതല്ല. മതത്തിന്റെ അനുഷ്ഠാനങ്ങളും ചിഹ്നങ്ങളും സംരക്ഷിക്കപ്പെടുകയും വേണം.

അഭിമാന സംരക്ഷണം: ഏഷണി, പരദൂഷണം, കുത്തുവാക്ക് പറയല്‍ തുടങ്ങിയവയൊക്കെ ഇസ്‌ലാം കര്‍ശനമായി നിരോധിച്ചത് ഓരോ വ്യക്തിയുടെയും അഭിമാനവും അന്തസ്സും സംരക്ഷിക്കാനാണ്. ഇന്ന് പല നാടുകളിലും പൗരന്മാരുടെ അന്തസ്സിനും അഭിമാനത്തിനും ഒരു വിലയുമില്ലെന്ന് വന്നിരിക്കുന്നു. അതൊരു സാമൂഹിക വിപത്താണ്. നീതിയും സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കപ്പെടുമ്പോഴാണ് മനുഷ്യന്‍ ചവിട്ടി മെതിക്കപ്പെടുന്നത്. ജാതിയുടെയും വംശത്തിന്റെയും പേരിലുള്ള വിവേചനങ്ങളും മനുഷ്യന്റെ അഭിമാനബോധത്തെയും അന്തസ്സിനെയും പിച്ചിച്ചീന്തിക്കൊണ്ടിരിക്കുമ്പോള്‍, ഫിഖ്ഹുല്‍ മഖാസ്വിദിന്റെ  അടിസ്ഥാനങ്ങളിലൊന്നായ ഇക്കാര്യം കൂടുതല്‍ ഊന്നിപ്പറയേണ്ടിയിരിക്കുന്നു.

ധനത്തിന്റെ സംരക്ഷണം: ഇസ്‌ലാമിക ശരീഅത്തിന്റെ ആശയപരിസരത്തുനിന്ന് വികസിച്ചു വന്ന ഇസ്‌ലാമിക ബാങ്കിംഗ് പോലുള്ള മുഴുവന്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും ഉള്‍ക്കൊള്ളുന്ന സംജ്ഞയായി അത് വികാസം പ്രാപിച്ചിരിക്കുന്നു. വ്യക്തിയുടെ മാത്രമല്ല, കുടുംബത്തിന്റെയും സമൂഹത്തിന്റെയും സ്വത്ത് സംരക്ഷിക്കപ്പെടണം. എല്ലാവിധ സാമ്പത്തിക ചൂഷണങ്ങളെയും ചെറുക്കണം. വ്യക്തിയുടെ ഉപജീവനം എന്ന പരമ്പരാഗത പരികല്‍പനയില്‍നിന്ന് മുന്നോട്ടു പോയി, 'ഭൂമിയുടെ പരിപോഷണം' (ഇമാറതുല്‍ അര്‍ദ്) എന്ന സമഗ്രമായ വികസന സങ്കല്‍പത്തില്‍ എത്തിച്ചേരണം.

ജമാലുദ്ദീന്‍ അത്വിയ്യ തന്റെ 'നഹ്‌വ തഫ്ഈലി മഖാസ്വിദിശ്ശരീഅ' എന്ന കൃതിയില്‍ ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടേണ്ടത് നാല് തലങ്ങളിലാണെന്ന് പറയുന്നു. വ്യക്തി, കുടുംബം, മുസ്‌ലിം സമൂഹം, പൊതു സമൂഹം എന്നിങ്ങനെ. ക്ലാസ്സിക്കല്‍ കൃതികളില്‍ സാധാരണ വ്യക്തിയെ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടക്കാറുള്ളത്. കുടുംബത്തില്‍ ഈ മൂല്യങ്ങളുടെ പ്രയോഗവത്കരണം എങ്ങനെ എന്നത് പ്രാധാന്യപൂര്‍വം ചര്‍ച്ച ചെയ്യപ്പെടണം. പഞ്ചതത്ത്വങ്ങളിലൊന്നായ 'കുലത്തിന്റെ/ വംശത്തിന്റെ സംരക്ഷണം' എന്നതിനെ കുടുംബ സംവിധാനത്തെ മുന്‍നിര്‍ത്തി നമുക്ക് വികസിപ്പിക്കാവുന്നതാണ്. സ്ത്രീ-പുരുഷ ബന്ധത്തിന്റെ സ്വഭാവം, കുടുംബത്തിന്റെ സംവിധാനം, സ്വവര്‍ഗ ലൈംഗികത പോലുള്ള അധാര്‍മിക വൃത്തികള്‍ കൈയൊഴിയല്‍ തുടങ്ങി കുടുംബവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടും. മൂന്നാമത്തെ തലത്തില്‍ മുസ്‌ലിം സമൂഹത്തെക്കുറിച്ച ചിന്തകളും ആലോചനകളുമാണ് നടക്കേണ്ടത്. രാഷ്ട്രമുള്‍പ്പെടെയുള്ള (മുന്‍ കാലങ്ങളില്‍ ഖിലാഫത്ത്) മുസ്‌ലിം സമൂഹത്തിന്റെ സംവിധാനങ്ങള്‍ സംരക്ഷിക്കുകയാണ് ആദ്യ ചുമതല. രാഷ്ട്രം കൊച്ചു കൊച്ചു നാട്ടുരാജ്യങ്ങളായി ചിതറുന്നത് അനുവദിച്ചുകൂടാ. ആഭ്യന്തരവും വൈദേശികവുമായ ഭീഷണികളെ പ്രതിരോധിച്ച് സുരക്ഷ ഉറപ്പാക്കുക, നീതി നടപ്പില്‍ വരുത്തുക, മുസ്‌ലിം കൂട്ടായ്മകള്‍ തമ്മില്‍ ഐക്യവും പരസ്പര സഹകരണവും ഉറപ്പുവരുത്തുക, സമുദായത്തിന്റെ വൈജ്ഞാനിക ധിഷണയെ സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യുക, സവിശേഷമായ വികസന സംസ്‌കാരം വളര്‍ത്തിയെടുക്കുകയും സമുദായത്തിന്റെ സമ്പത്ത് പരിരക്ഷിക്കുകയും ചെയ്യുക തുടങ്ങി ഒട്ടുവളരെ വിഷയങ്ങള്‍ മൂന്നാമത്തെ തലത്തില്‍ ചര്‍ച്ചക്ക് വരും. നാലാമത്തെ തലത്തില്‍ എല്ലാ മനുഷ്യരെയും ബാധിക്കുന്ന വിഷയങ്ങളാണ് ഉണ്ടാവുക. എല്ലാവരും ആദ്യ മനുഷ്യനായ ആദമില്‍നിന്ന് എന്ന അടിസ്ഥാനത്തില്‍ എല്ലാവരുമായും സൗഹൃദങ്ങള്‍ സ്ഥാപിക്കാനും അങ്ങനെ സഹകരണത്തിന് വഴിയൊരുക്കാനും കഴിയണം. എല്ലാ പൗരന്മാര്‍ക്കും നീതിയും മൗലികാവകാശങ്ങളും ലഭ്യമാക്കുക, ഒരു വിശ്വദര്‍ശനമെന്ന നിലക്ക് ഇസ്‌ലാമിക പ്രബോധനത്തിനും പ്രചാരണത്തിനും സംവിധാനങ്ങളുണ്ടാക്കുക തുടങ്ങിയ കാര്യങ്ങള്‍ നാലാമത്തെ തലത്തിലാണ് ചര്‍ച്ചയാവുക.

 

പരിസ്ഥിതിയുടെ ഫിഖ്ഹുല്‍ മഖാസ്വിദ്

ആകാശഭൂമികളെയും സൂര്യചന്ദ്രന്മാരെയും രാപ്പകലുകളെയുമൊക്കെ മനുഷ്യന് വിധേയപ്പെടുത്തിക്കൊടുത്തതായി ഖുര്‍ആന്‍ പറയുന്നുണ്ട് (45:13,31:20, 14:33). 'നാം ഭൂമിയെ വിസ്തൃതമാക്കി. അതില്‍ പര്‍വതങ്ങള്‍ സ്ഥാപിച്ചു; പിന്നെ നിശ്ചിതമായ തോതില്‍ എല്ലാമതില്‍ മുളപ്പിച്ചു. നിങ്ങള്‍ക്കും നിങ്ങള്‍ ഭക്ഷണം കൊടുക്കേണ്ടതില്ലാത്തവക്കും നാമതില്‍ ഉപജീവന മാര്‍ഗങ്ങളുണ്ടാക്കുകയും ചെയ്തു' (15:19,20) എന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയില്‍ ദൈവത്തിന്റെ പ്രാതിനിധ്യം (ഖിലാഫത്ത്) നിര്‍വഹിക്കുക എന്ന തന്റെ ജീവിത ദൗത്യം സാക്ഷാത്കരിക്കണമെങ്കില്‍ ഈ പ്രകൃതി സംവിധാനങ്ങളെ പരിരക്ഷിക്കേണ്ടതുണ്ട്. ഇന്നത്തെ ഭാഷയില്‍ ഇതൊക്കെയും പാരിസ്ഥിതിക സുരക്ഷയും സന്തുലനവും നിലനിര്‍ത്താനുള്ള നിര്‍ദേശങ്ങളാണ്. ഖുര്‍ആനില്‍ പലയിടങ്ങളിലായി വന്നിട്ടുള്ള മനോഹരമായ പ്രകൃതി വര്‍ണനകള്‍ ഇതോടൊപ്പം ചേര്‍ത്തുവെച്ചാല്‍ ചിത്രം കുറേക്കൂടി തെളിമയാര്‍ന്നുവരും.  ഒരു മഹാ പാരിസ്ഥിതിക ദുരന്തത്തിന്റെ വക്കത്താണ് ലോകം. ദൈവത്തിന്റെ പ്രാതിനിധ്യ നിര്‍വഹണം മാത്രമല്ല, മനുഷ്യന്റെ നിലനില്‍പ്പു തന്നെ അപകടപ്പെടുത്തുന്ന തരത്തില്‍ പരിസ്ഥിതി മലിനീകരണം സര്‍വസീമകളും ലംഘിച്ചിരിക്കുന്നു.3

പഴയകാല മഖാസ്വിദീ കൃതികളില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചര്‍ച്ചയായിട്ടില്ല എന്നത് ശരിതന്നെ. വ്യാവസായിക വിപ്ലവം നടക്കുന്നതിനു മുമ്പ് തത്ത്വചിന്തയിലോ സാമൂഹിക ശാസ്ത്രങ്ങളിലോ ഇങ്ങനെയൊരു വിഷയം തന്നെ കടന്നുവരുന്നില്ലല്ലോ. പ്രശ്‌നമുണ്ടെങ്കിലല്ലേ അത് ചര്‍ച്ചചെയ്യപ്പെടൂ. ആ ന്യായം വെച്ച് നമുക്കിത് കണ്ടില്ലെന്നു നടിക്കാനാവില്ല. നല്ല നിലയില്‍ സംവിധാനിക്കപ്പെട്ട ഭൂമിയെ നിങ്ങള്‍ കുഴപ്പത്തിലാക്കരുത് (7:56), തിന്നുകയും കുടിക്കുകയും ചെയ്യാം, പക്ഷേ ഭൂമിയില്‍ അതിക്രമമരുത് (2:60), ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുത്, കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല (28:77) തുടങ്ങിയ ഖുര്‍ആനിക സൂക്തങ്ങളുടെ മഖാസ്വിദീ വായന (ഇസ്തിഖ്‌റാഅ്) നടത്തിയാല്‍, പരിസ്ഥിതി സംരക്ഷണമെന്ന പൊതു തത്ത്വത്തില്‍ നാം എത്തിച്ചേരാതിരിക്കില്ല.4

 

(തുടരും)

 

1. ഖറദാവി- മദ്ഖലുന്‍ ലി ദിറാസത്തിശ്ശരീഅഃ, പേജ് 62

2. സെമിനാര്‍- അല്‍ ഔലവിയ്യാത്തുശ്ശര്‍ഇയ്യ, പേജ് 13,14

3. മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് അല്‍ഗോര്‍ എഴുതിയ Earth in the Balance(1992) പോലുള്ള കൃതികളില്‍ വരാന്‍ പോകുന്ന ദുരന്തത്തിന്റെ സൂക്ഷ്മ വിവരണമുണ്ട്.

4. ഇതു സംബന്ധമായി കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. അബ്ദുല്‍ മജീദ് നജ്ജാറിന്റെ 'മഖാസ്വിദുശ്ശരീഅഃ ബി അബ്ആദിന്‍ ജദീദഃ, 'ഖദായല്‍ ബീഅഃ മിന്‍ മന്‍ളൂരിന്‍ ഇസ്‌ലാമി' എന്നീ കൃതികള്‍ കാണുക.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 62
എ.വൈ.ആര്‍