Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 02

2966

1437 ദുല്‍ഖഅദ് 30

മറക്കരുത് ആ ദേശാഭിമാനിെയ

പി.പി ഹമീദ് തിരുവനന്തപുരം

ഇരുപത്തിയാറുകാരനായ ആ യുവാവ് 1943 സെപ്റ്റംബര്‍ 9-ന് തന്റെ പിതാവിന് എഴുതിയ യാത്രാമൊഴി:

''എന്റെ പ്രിയപ്പെട്ട വാപ്പാ,

ഏതാണ്ട് രണ്ടു മാസങ്ങള്‍ക്കുമുമ്പ് ഈ കത്തയക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ എന്റെ ഹൃദയം അന്നതിനെ മറ്റു ചില കാരണങ്ങളാല്‍ തടഞ്ഞുനിര്‍ത്തി. ഇപ്പോള്‍ ഞാന്‍ വീണ്ടും പ്രേരിതനായി... പ്രിയപ്പെട്ട വാപ്പാ, ഈ അതികഠിനമായ വാര്‍ത്ത നിങ്ങളെ അതിദാരുണമാംവിധം ദുഃഖിപ്പിക്കുമെന്നെനിക്കറിയാം..... ഞാന്‍ എന്നെന്നേക്കുമായി നിങ്ങളെ വിട്ടുപിരിയുന്നു. നാളെ രാവിലെ ആറു മണിക്ക് മുമ്പായിരിക്കും എന്റെ എളിയ മരണം....ധൈര്യപ്പെടുക. ഞാന്‍ എത്രത്തോളം സന്തോഷത്തോടും സമാധാനത്തോടും കൂടി മരിച്ചെന്നു നിങ്ങള്‍ ഒരവസരത്തില്‍ ചില ദൃക്‌സാക്ഷികളില്‍നിന്ന് അറിയാന്‍ ഇടയാകുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ സന്തോഷിക്കാതിരിക്കില്ല. തീര്‍ച്ചയായും അഭിമാനിക്കുക തന്നെ ചെയ്യും. ഞാന്‍ നിര്‍ത്തട്ടെ.

അസ്സലാമു അലൈകും

മണിമുഴക്കം മരണദിനത്തിന്റെ മണിമുഴക്കം. മധുരം.... വരുന്നു ഞാന്‍...''

തിരുവനന്തപുരത്തിനടുത്തുള്ള വക്കം എന്ന ഗ്രാമത്തിലെ ഒരു സാധാരണ മുസ്‌ലിം കുടുംബത്തില്‍ 1917-ല്‍ ജനിച്ച ഖാദര്‍. മെട്രിക്കുലേഷന്‍ ജയിച്ചശേഷം മലായിലേക്ക് പോയി. അവിടെ വെച്ചാണ് സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷ്‌നല്‍ ആര്‍മി(കചഅ)യില്‍ ചേരുന്നത്. ഗുസ്തിയിലും കവിതയിലും രാഷ്ട്രീയത്തിലും തല്‍പരനായിരുന്ന ആ യുവാവ് മഹത്തായ ഒരു ലക്ഷ്യത്തിലേക്ക് യുവസഹജമായ രണോത്സുകതയോടെ ആകര്‍ഷിക്കപ്പെടുന്നത് തികച്ചും സ്വാഭാവികം. ഒരു സുപ്രധാന സമരദൗത്യവുമായി ഇന്ത്യയിലേക്ക് തിരിച്ച ഖാദര്‍ ഉള്‍പ്പെട്ട സംഘത്തെ ബ്രിട്ടീഷ് സേന കോഴിക്കോട്ടു വെച്ച് പിടികൂടി. 1943 സെപ്റ്റംബര്‍ 10-ന് മദിരാശിയില്‍ ആ ധീരദേശാഭിമാനി തൂക്കിലേറ്റപ്പെട്ടു.

അണയാത്ത തീപ്പന്തമായി ജ്വലിച്ചു നില്‍ക്കേണ്ട ആ യുവസേനാനിയെ ഇന്ന് ആരോര്‍ക്കുന്നു? 'സ്വദേശാഭിമാനി' പത്രം സ്ഥാപിച്ച വക്കം മൗലവിക്കും പത്രാധിപരായിരുന്ന രാമകൃഷ്ണപിള്ളക്കും തലസ്ഥാനത്തും മറ്റും സ്മാരകങ്ങളുണ്ട്. വക്കം മൗലവിയുടെ മകനും സാഹിത്യകാരനുമായിരുന്ന അബ്ദുല്‍ഖാദര്‍ 'വക്കം അബ്ദുല്‍ഖാദറാ'ണെന്നു ധരിക്കുന്നവരും കുറവല്ല!

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഭഗത് സിംഗിനും രാജ്ഗുരുവിനും സുഖ്‌ദേവിനും സമശീര്‍ഷനായ ആ ധീര ദേശാഭിമാനിയെ, വക്കം ഖാദറിനെ വിസ്മരിക്കുന്നത് നന്ദികേടല്ലേ? നാടിനു വേണ്ടി വീരമൃത്യു വരിച്ച ആ രക്തസാക്ഷിക്കു ഉചിതമായ  സ്മാരകമെവിടെയാണ്? നമ്മുടെ ചരിത്രബോധത്തിന് എന്തുപറ്റി? എന്തുകൊണ്ട് ആ പോരാളി തമസ്‌കരിക്കപ്പെടുന്നു?

 

'നിസ്‌കാരം' തന്നെ നല്ലത്

 

നമസ്‌കാരം' ലോപിച്ചുണ്ടായതാണ് 'നിസ്‌കാര'മെന്ന നിഗമനം (കത്തുകള്‍, ലക്കം 2964) ശരിയല്ല. നിഘണ്ടുക്കളില്‍ മുസ്‌ലിംകളുടെ പ്രാര്‍ഥനാരൂപമായി നിസ്‌കാരം സ്ഥലം പിടിച്ചിട്ടുമുണ്ട് (അസ്സീസി നിഘണ്ടു, പേജ് 493, അഭിനവ മലയാളം നിഘണ്ടു, ഭാഗം 2 പേജ് 93- സി. മാധവന്‍ പിള്ള). നമസ്‌കാരം-അതായത് വന്ദനം, പ്രണമിക്കല്‍- സൃഷ്ടികള്‍ തമ്മിലാണ്. നിസ്‌കാരമാകട്ടെ അല്ലാഹു മുസ്‌ലിംകളോട് നിര്‍ദേശിച്ച പ്രാര്‍ഥനാക്രമമാണ്. അത് സ്രഷ്ടാവിന്റെ മുന്നില്‍ മാത്രമുള്ള കീഴ്‌വണക്കമാണ്. ഇതുപോലെ സമാനമായ പല പദപ്രയോഗങ്ങളുമുണ്ട്. അവയെല്ലാം തമസ്‌കരിക്കപ്പെട്ടു. 'നിസ്‌കാര'മെങ്കിലും ചില വൃത്തങ്ങളില്‍ ബാക്കിയായി. 'നിസ്‌കാര'ത്തിന്റെ സൗന്ദര്യമെങ്കിലും അല്‍പകാലം കൂടി നിലനില്‍ക്കട്ടെ.

മുസ്‌ലിംകളടക്കം എഴുതുകയും പറയുകയും ചെയ്യുന്ന വേറൊരു പദമുണ്ട്- മാലാഖ. ക്രിസ്ത്യാനികളുടെ സങ്കല്‍പത്തിലെ സ്വര്‍ഗപുത്രികളാണ് മാലാഖമാര്‍. അത് അല്ലാഹുവിന്റെ പ്രത്യേക സൃഷ്ടികളായ മലക്കുകള്‍ക്ക് പകരമാകില്ല. മലക്കുകള്‍ സ്രഷ്ടാവിന്റെ ആജ്ഞകള്‍ നടപ്പിലാക്കുന്നവരാണ്.

 

സി.ടി ബശീര്‍

 

ഉറുമ്പുകള്‍ പറയുന്നത്

 

അലസന്മാരുടെ മനസ്സ് പിശാചിന്റെ പണിപ്പുരയാണെന്ന് ആപ്തവാക്യം. ബൈബിള്‍ വാക്യം ശ്രദ്ധേയമാണ്: 'അലസനായ മനുഷ്യാ, നീ ഉറുമ്പിന്റെ അടുക്കല്‍ ചെല്ലുക. അതിന്റെ വഴികള്‍ സൂക്ഷിച്ചു മനസ്സിലാക്കുക. അങ്ങനെ ജ്ഞാനം പ്രാപിക്കുക.'

വിസ്മയകരമാണ് ഉറുമ്പുകളുടെ ജീവിതം. കൗതുകകരമാണ് അവയുടെ പെരുമാറ്റരീതികള്‍. അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്ന ഉറുമ്പുകള്‍ വഴിയില്‍ എതിരെ വരുന്ന കൂട്ടുകാരനോട് സ്വകാര്യം പറയുന്നതു കാണാം. ചെറിയ ആഹാര സാധനങ്ങള്‍ ഒറ്റക്ക് ചുമന്നുകൊുപോകുന്ന ഇവര്‍ വലിയവ നാലു ഭാഗത്തു നിന്നും കൂട്ടത്തോടെ ഉന്തിയും വലിച്ചും കൂട്ടിലേക്ക് കൊണ്ടുപോകുന്ന കാഴ്ച അത്യന്തം കൗതുകകരമാണ്.

ഉറുമ്പുകളുടെ തിരക്കുപിടിച്ച ജീവിതം മനുഷ്യന് അതുല്യമായ പ്രചോദനം നല്‍കുന്നു. ഉറുമ്പുകളെപ്പോലെ നിസ്സാരന്മാരും എന്നാല്‍ അങ്ങേയറ്റം ഉത്സാഹശീലരുമായ ജീവിവര്‍ഗം വേറെയുണ്ടോ എന്ന് സംശയമാണ്. സംഘടിത ജീവിതത്തിന്റെ അതുല്യമാതൃകയാണ് ഉറുമ്പുകളുടേത്.

അലസതയെ ഖുര്‍ആന്‍ നിരാകരിക്കുന്നു. ഊര്‍ജദായകമായ നിര്‍ദേശങ്ങളാണ് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്. നിരന്തരമായി കര്‍മം ചെയ്യുക എന്നാണ് ഖുര്‍ആന്റെ ആഹ്വാനം. 'ഒരു ജോലിയില്‍നിന്ന് വിരമിച്ചാല്‍ അടുത്തതില്‍ പ്രവേശിക്കുക' (94: 7). ജോലി മനുഷ്യന് ഉത്തരവാദിത്തവും ഉത്സാഹവും പ്രതീക്ഷയും ലക്ഷ്യബോധവും നല്‍കുന്നു. ജോലിയില്‍നിന്ന് വിരമിച്ചാല്‍ ദൈവസ്മരണയില്‍ മുഴുകുക എന്നും അര്‍ഥമുണ്ട്. അതായത് മനസ്സ് ശൂന്യമായ അവസ്ഥ ഉണ്ടാകരുത്. ജോലിയുടെ തിരക്കിലും ദൈവസ്മരണയുടെ തണലിലുമായിരിക്കണം ജീവിതയാത്ര.

 

കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

 

അന്ദലൂസിന്റെ പാഠം

 

എണ്ണൂറ് കൊല്ലം മുസ്‌ലിംകള്‍ ഭരിച്ച സ്‌പെയിനിനെക്കുറിച്ച ശരിയായ വിവരങ്ങള്‍ തേടിയുള്ള അന്വേഷണത്തിനിടയിലാണ് ബദീഉസ്സമാന്റെ യാത്രാ വിവരണം പ്രബോധനത്തില്‍ വായിച്ചത്.

മഹത്തായ ഒരു സംസ്‌കാരത്തെയും ജനസമൂഹത്തെ തന്നെയും ആയുധവും അധികാരവും ഉപയോഗിച്ച് എങ്ങനെ നശിപ്പിച്ചു എന്നതിന്റെ മികച്ച ഉദാഹരണമാണ് സ്‌പെയിന്‍. ആ വിലാപകാവ്യത്തിലെ കരയുന്ന മിമ്പറുകളും ദുഃഖം തളം കെട്ടിനില്‍ക്കുന്ന മിഹ്‌റാബും കണ്ണീരോടുകൂടിയല്ലാതെ വായിക്കാനാവില്ല. 

അന്ദലൂസ് കേവലമൊരു മുസ്‌ലിം നൊസ്റ്റാള്‍ജിയയല്ല; ദൈവപ്രോക്ത വിശ്വാസവും ജീവിത സംസ്‌കാരവും നെഞ്ചേറ്റിയവര്‍ എങ്ങനെ നേതൃപദവിയിലെത്തി എന്നതിന്റെ അനുഭവ സാക്ഷ്യമാണ് എന്ന് ലേഖകന്‍ എഴുതുമ്പോള്‍ വര്‍ത്തമാനകാല മുസ്‌ലിം സമൂഹത്തിന് ഒട്ടേറെ പഠിക്കാനും പകര്‍ത്താനുമുണ്ടതില്‍. 

മുഹമ്മദ് കോയ കണ്ണങ്കടവ്‌


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 62
എ.വൈ.ആര്‍