Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 19

2964

1437 ദുല്‍ഖഅദ് 16

സ്ത്രീയുടെ കിനാവുകള്‍

ജാസിമുല്‍ മുത്വവ്വ

പുരുഷന്‍ തന്നെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് സ്ത്രീ പരാതിപ്പെടുന്നത് എന്തുകൊണ്ടാണ്? പുരുഷന്‍ സ്ത്രീയെ പരിഗണിക്കുന്നില്ലെന്നും ആവശ്യമായ ശ്രദ്ധ നല്‍കുന്നില്ലെന്നും പറയുന്നതില്‍ ശരിയുണ്ടോ? പരിഗണന, ശ്രദ്ധ എന്നീ പദങ്ങള്‍ക്ക് സ്ത്രീയുടെ നിഘണ്ടുവില്‍ പ്രത്യേക അര്‍ഥവും നിര്‍വചനവുമുണ്ടോ? സ്ത്രീയുടെ ഉദ്ദേശ്യം പുരുഷന് തിരിയുന്നുണ്ടോ? അതോ പുരുഷവീക്ഷണം സ്ത്രീയുടേതില്‍നിന്ന് ഭിന്നമാണോ? സ്ത്രീ പുരുഷന് പ്രത്യേക പരിഗണനയും ശ്രദ്ധയും നല്‍കുമ്പോള്‍ തനിക്കും അതേ അളവില്‍ അവ തിരിച്ചുകിട്ടണമെന്ന് അവള്‍ പ്രതീക്ഷിക്കുന്നുണ്ടോ?

ഞാന്‍ കൈകാര്യം ചെയ്യേണ്ടിവന്ന നിരവധി കേസുകളും എന്റെയടുത്ത് വന്ന അനേകം പരാതികളും പഠിച്ചപ്പോള്‍, പരിഗണന, ശ്രദ്ധ എന്നീ വാക്കുകള്‍ക്ക് സ്ത്രീ നല്‍കുന്ന വിവക്ഷയെക്കുറിച്ച് എനിക്കൊരു രൂപം ഉരുത്തിരിഞ്ഞുകിട്ടി. പതിമൂന്ന് പരികല്‍പനകളാണ് സ്ത്രീയുടെ വായില്‍നിന്ന് വീണത്. അവ പുരുഷന്‍ അറിഞ്ഞ് പെരുമാറിയാല്‍ സ്ത്രീക്ക് പിന്നെ പരിഗണിക്കുന്നില്ല, ശ്രദ്ധിക്കുന്നില്ല എന്ന പരാതി ഉണ്ടാവില്ലെന്നാണ് എനിക്ക് തോന്നുന്നത്.

ഒന്ന്: ഞാന്‍ അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ അദ്ദേഹം എന്നെ നോക്കുന്നുവെന്നിരിക്കട്ടെ. അപ്പോള്‍ ഞാന്‍ കരുതും എന്റെ ഭര്‍ത്താവ് എന്നെ പരിഗണിക്കുന്നുവെന്ന്.

രണ്ട്: ഞാന്‍ ഏതെങ്കിലും വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ എന്നോട്, 'നീ പറയുന്ന കാര്യം ഭോഷ്‌കാണ്, അതോര്‍ത്ത് നീ ദുഃഖിക്കേണ്ട' എന്ന് പറയാതിരിക്കുന്ന ഭര്‍ത്താവ്.

മൂന്ന്: ദിവസവും ഒരു നിര്‍ണിത സമയം എനിക്കായി നീക്കിവെക്കണം. അല്ലെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസം ഞങ്ങള്‍ക്ക് തനിച്ച് പുറത്തുപോയി സമയം ചെലവിടാന്‍ കഴിയണം.

നാല്: രാവിലെയും വൈകുന്നേരവും എന്നോടൊപ്പം വേണം. ഇടക്കിടെ മൊബൈല്‍ ഫോണില്‍ എനിക്ക് മെസേജ് അയച്ചുകൊണ്ടിരിക്കണം.

അഞ്ച്: എന്റെ വസ്ത്രം, എന്റെ സൗന്ദര്യം, ഭര്‍ത്താവിന് വേണ്ടി ഞാന്‍ അനുഷ്ഠിക്കുന്ന ത്യാഗവും ചെയ്യുന്ന സേവനവും, അദ്ദേഹത്തിന്റെ മാതാപിതാക്കളെ ഞാന്‍ പരിചരിക്കുന്നത് അങ്ങനെ എല്ലാറ്റിനെയും പ്രശംസിക്കണം.

ആറ്: കിടപ്പറയില്‍ എന്നെ തൊട്ടുരുമ്മി കിടക്കണം. എന്റെ കൈ തലോടണം, സ്‌നേഹസ്പര്‍ശം എനിക്കനുഭവപ്പെടണം.

ഏഴ്: എന്നെ ആരെങ്കിലും അവഹേളിക്കുകയോ പരിഹസിക്കുകയോ ചെയ്താല്‍ എനിക്കുവേണ്ടി പ്രതിരോധിക്കണം.

എട്ട്: അദ്ദേഹത്തിന് എന്നില്‍ പ്രത്യേക താല്‍പര്യമുണ്ടെന്ന് എനിക്ക് തോന്നണം. എന്റെ സ്ത്രീത്വത്തെ അദ്ദേഹം വാഴ്ത്തണം.

ഒമ്പത്: അദ്ദേഹത്തിന്റെ കണ്ണില്‍ നിസ്സാരമായ കൊച്ചു കൊച്ചു കാര്യങ്ങളാണെങ്കിലും ഞാന്‍ വിശദീകരിച്ചു പറയുമ്പോള്‍ അത് ശ്രദ്ധാപൂര്‍വം കേള്‍ക്കണം.

പത്ത്: നിര്‍ണായക സന്ദര്‍ഭങ്ങളില്‍ എന്നില്‍നിന്ന് ഓടിയൊളിക്കാതെ എന്നോടൊപ്പം നില്‍ക്കുന്നവനാണെന്നും എനിക്ക് ആശ്രയിക്കാന്‍ പറ്റുന്നവനാണെന്നും ബോധ്യപ്പെടണം.

പതിനൊന്ന്: ഞാന്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രധാന ഘടകമാണെന്ന് തുറന്നു പറയണം. വിദൂരത്തായാലും എന്നെക്കുറിച്ചുള്ള ഓര്‍മയും വിചാരവും ഉണ്ടെന്ന് എനിക്ക് തോന്നണം. 

പന്ത്രണ്ട്: ദിവസവും എന്തെങ്കിലും ഒരു സമ്മാനമോ മാസത്തില്‍ ഒരു ഉപഹാരമോ എനിക്ക് നല്‍കണം.

പതിമൂന്ന്: എന്നെ സംരക്ഷിക്കാന്‍ മുമ്പില്‍തന്നെ ഉണ്ടാവണം. ആവശ്യമായ വേളകളില്‍ എന്നോടൊപ്പം നില്‍ക്കണം.

പരിഗണനയെന്നാല്‍ സ്ത്രീയുടെ ദൃഷ്ടിയില്‍ സംസാരം, സ്പര്‍ശം, ഉപഹാരം, സമയം ചെലവിടല്‍, മനസ്സ് പങ്കിടല്‍ തുടങ്ങിയ വൈകാരിക വിഷയങ്ങളാണ്. അവള്‍ക്ക് ചെലവിന് നല്‍കുക, വീട്, ഭക്ഷണം, ഭൃത്യ, ഒഴിവുകാലങ്ങളില്‍ വിനോദയാത്ര തുടങ്ങിയ ഭൗതികാവശ്യങ്ങളൊന്നും അവളുടെ നിര്‍വചനത്തിലും സങ്കല്‍പത്തിലും വന്നതേയില്ല എന്നോര്‍ക്കണം. അപ്പോള്‍ പ്രസക്തമായ ചോദ്യം: പരിഗണന, ശ്രദ്ധ എന്നീ പദങ്ങള്‍ക്ക് സ്ത്രീയുടെ നിഘണ്ടുവിലുള്ള അര്‍ഥം അറിഞ്ഞ് പെരുമാറുന്നവരാണോ പുരുഷന്മാര്‍? ദൈനംദിന ജീവിതച്ചെലവുകള്‍ നിവര്‍ത്തിച്ചുകൊടുക്കുകയും കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുക എന്ന പരമ്പരാഗത സങ്കല്‍പത്തിന്റെ തടവുകാരാണോ ഇപ്പോഴും ഭര്‍ത്താക്കന്മാര്‍?

ജീവിതത്തിന്റെ ഭൗതികാവശ്യങ്ങളൊക്കെ ഭംഗിയായി നിറവേറ്റിക്കൊടുത്തിട്ടും തന്നെ പറ്റി പരാതി പറയുന്ന സ്ത്രീസ്വഭാവത്തില്‍ ഭര്‍ത്താവിന് അതിശയം തോന്നുന്ന പശ്ചാത്തലം ഇതാണ്. വൈകാരികവശത്തിന് ഊന്നല്‍ നല്‍കാതെ ഭൗതികവശത്തിന് പ്രാധാന്യം കൊടുത്താല്‍ സ്ത്രീയുടെ അസ്വസ്ഥതയും അങ്കലാപ്പും വിഷാദഭാവവും കൂടുകയേയുള്ളൂ. സ്ത്രീക്ക് പുരുഷന്‍ വൈകാരിക പിന്തുണ നല്‍കുമ്പോള്‍ അവള്‍ക്ക് ആത്മവിശ്വാസവും സമാധാനവും മനഃശാന്തിയും വര്‍ധിക്കും. അതോടെ അവളുടെ സ്‌നേഹം ഇരട്ടിയാവും. കുടുംബത്തോടും വീടിനോടുമുള്ള അവളുടെ ആത്മാര്‍ഥതക്കും അര്‍പ്പണമനസ്സിനും പിന്നെ അതിരുകളുണ്ടാവില്ല.

സ്ത്രീക്ക് വേണ്ടത് എന്നും എപ്പോഴും അവളെ ഗൗനിക്കുകയും അവളെ ലാളിക്കുകയും ഓമനിക്കുകയും ചെയ്യുന്ന പുരുഷനെയാണ്. രസകരമായ ഒരു സംഭവം ഞാനോര്‍ക്കുന്നു. പിതാവിന്റെ ലാളനയും കൊഞ്ചിക്കലുമെല്ലാം വീണ്ടും കൊതിച്ച് ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം തേടിയെത്തിയ സ്ത്രീയുടെ കഥയാണത്. ശ്രദ്ധയും പരിഗണനയും സ്ത്രീഹൃദയത്തിലേക്ക് കടന്നുചെല്ലാനുള്ള താക്കോലാണ്. ദാമ്പത്യ വഞ്ചന മിക്കതും സംഭവിക്കുന്നത് ഈ മാര്‍ഗേണയാണ്. ധനാഢ്യനായ സമൂഹത്തില്‍ പേരും പ്രശസ്തിയുമുള്ള ഭര്‍ത്താവിനെ വഞ്ചിച്ച സ്ത്രീയെ എനിക്കറിയാം. തൊഴിലൊന്നുമില്ലാത്ത ഒരു പാവം യുവാവായിരുന്നു അവളുടെ ഹൃദയത്തില്‍ കടന്നുകൂടിയത്. കാരണം ആ യുവാവ് അവളെ കൂടുതല്‍ പരിഗണിച്ച് അവളുടെ വര്‍ത്തമാനങ്ങള്‍ക്കെല്ലാം ചെവി കൊടുക്കുമായിരുന്നു. നമ്മുടെ നിരീക്ഷണങ്ങള്‍ക്ക് നബിവചനം അടിവരയിടുന്നു: ''സ്ത്രീകളോട് നിങ്ങള്‍ ഉത്തമമായ വിധത്തില്‍ പെരുമാറണമെന്ന് ഞാന്‍ ഉപദേശിക്കുന്നു.'' ഇങ്ങനെ ഒരു ഉപദേശം നബി(സ) നല്‍കാന്‍ കാരണം, സ്ത്രീപ്രകൃതി അറിഞ്ഞതുകൊണ്ടാണ്. പ്രത്യേക പരിഗണനയും പ്രത്യേക ശ്രദ്ധയും പ്രത്യേക ലാളനയും പ്രത്യേക പെരുമാറ്റവും ആവശ്യമായ സൃഷ്ടിയാണ് സ്ത്രീ. നബി(സ) ഭാര്യമാരോടും പെണ്‍കുട്ടികളോടും സ്ത്രീകളോടും എങ്ങനെയാണ് അനുവര്‍ത്തിച്ചത് എന്ന ചരിത്രം പഠിച്ചാല്‍ ഈ വസ്തുത ബോധ്യപ്പെടും. 'നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ തന്റെ കുടുംബത്തോട് ഏറ്റവും ഉത്തമമായ വിധത്തില്‍ വര്‍ത്തിച്ചവനാണ്. ഞാന്‍ എന്റെ കുടുംബത്തോട് ഏറ്റവും ഉത്തമമായ വിധത്തില്‍ ഇടപെടുന്ന വ്യക്തിയാണ്.' തന്നെ പരിഗണിക്കുകയും തന്നെ ഗൗനിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന പുരുഷന് ആയുസ്സ് മുഴുവന്‍ നല്‍കാന്‍ സ്ത്രീ സന്നദ്ധയായിരിക്കും. അവളെ സ്‌നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്ന പുരുഷന് അവള്‍ കരള്‍ പറിച്ചുകൊടുക്കും, ജീവിതം പകുത്തുനല്‍കും.  

വിവ: പി.കെ ജമാല്‍ 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 56-58
എ.വൈ.ആര്‍