Prabodhanm Weekly

Pages

Search

2011 നവംബര്‍ 19

അബ്ദുര്‍റഹ്മാന്‍ സാഹിബ് രാഷ്ട്രീയ ജീവിതത്തിന്റെ കിഴക്കും പടിഞ്ഞാറും

കെ.ടി ഹുസൈന്‍

വീരപുത്രന്‍ എന്ന സിനിമക്ക് എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും പി.ടി കുഞ്ഞുമുഹമ്മദ് ഒരു കാര്യത്തില്‍ വിജയിച്ചിരിക്കുന്നു. കേരളം കണ്ട സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവായ മുഹമ്മദ് അബ്ദുര്‍റഹ്മാനെ ഒരിക്കല്‍ കൂടി സജീവ ചര്‍ച്ചാ വിഷയമാക്കുന്നതില്‍. ഒരു കൊള്ളിമീന്‍ കണക്കെ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെടുകയും സര്‍വദിക്കിലും ഉജ്വലമായ ശോഭപരത്തി ക്ഷണ നേരംകൊണ്ട് കത്തിത്തീരുകയും ചെയ്ത വീരപുത്രന്റെ ജീവിതവും രാഷ്ട്രീയവും സമകാലിക കേരളം നിരന്തരം ഓര്‍ക്കുകയും പഠിക്കുകയും ചെയ്യേണ്ടതാണ്. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ നിസ്സംശയം മഹാനായിരുന്നു. പക്ഷേ; ആ മഹത്വം ആരും അദ്ദേഹത്തില്‍ അടിച്ചേല്‍പിച്ചതായിരുന്നില്ല. നിലപാടുകളില്‍ ഉറച്ച് നിന്നു കൊണ്ട് അദ്ദേഹം പൊരുതി നേടിയെടുത്തതാണ്. വിജയങ്ങളുമായിരുന്നില്ല പലപ്പോഴും ആ മഹത്വത്തിന് നിദാനം. വിജയികള്‍ മഹാന്മാരായി കൊണ്ടാടപ്പെടുകയും പരാജിതര്‍ വിസ്മൃതിയിലാണ്ട് പോവുകയും ചെയ്യുക എന്ന പതിവ് രീതികള്‍ക്കും വീരപുത്രന്‍ അപവാദമായിരുന്നു. കാല്‍നൂറ്റാണ്ടുകാലത്തെ തന്റെ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അബ്ദുര്‍റഹ്മാന്‍ പലരോടും പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ, ആ പരാജയങ്ങള്‍ ഓരോന്നും പല വിജയങ്ങളേക്കാളും മഹത്തരവും വിധിനിര്‍ണായകവുമായിരുന്നു. ക്ഷണികമായ വിജയങ്ങളേക്കാളും മഹത്തായ പരാജയങ്ങളാണ് ചരിത്രത്തിന്റെ ഗതിനിര്‍ണയിച്ചിട്ടുള്ളത് എന്ന് ഏതോ തത്ത്വജ്ഞാനി പറഞ്ഞത് മുഹമ്മദ് അബ്ദുര്‍റഹ്മാന്റെ കാര്യത്തില്‍ അക്ഷരം പ്രതി ശരിയായിരുന്നു.
രാഷ്ട്രീയത്തിലെ പ്രഖ്യാപിത ശത്രുക്കള്‍ മാത്രമല്ല അബ്ദുര്‍റഹ്മാനെ പരാജയപ്പെടുത്തിയിട്ടുള്ളത്. രാഷ്ട്രീയത്തിലെ സ്വന്തക്കാരും മിത്രങ്ങളും സഹകാരികളും അദ്ദേഹത്തെ പരാജയപ്പെടുത്തിയിട്ടുണ്ട്. അതായിരുന്നുതാനും കൂടുതല്‍ മാരകം. കാരണം വീരപുത്രന്റെ പ്രഖ്യാപിത ശത്രുക്കള്‍ അന്നത്തെ മുസ്ലിം ലീഗായിരുന്നു. അവര്‍ അദ്ദേഹത്തെ കല്ലെറിഞ്ഞിട്ടുണ്ട്, ഭര്‍ത്സിച്ചിട്ടുണ്ട്. അവര്‍ക്ക് വേണ്ടി ചില മതപണ്ഡിതര്‍ അദ്ദേഹത്തെ കാഫിറെന്നു പോലും വിളിച്ചിട്ടുണ്ട്. എതിര്‍പ്പിന്റെ രീതിയെ ധാര്‍മികമായി ഒരു നിലക്കും ന്യായീകരിക്കാനാവില്ലെങ്കിലും അബ്ദുര്‍റഹ്മാനോടുള്ള മുസ്ലിം ലീഗിന്റെ എതിര്‍പ്പും ശത്രുതയും എന്തൊക്കെ പറഞ്ഞാലും ഒരു നിലപാടിന്റെ പേരിലായിരുന്നു. ആ നിലപാട് ശരിയായിരുന്നില്ല എന്ന് ഇപ്പോള്‍ നമുക്ക് പറയാം. സ്വതന്ത്രപൂര്‍വ ഇന്ത്യയിലെ മുസ്ലിം ലീഗിന്റെ രാഷ്ട്രീയത്തെ കേവലം പാകിസ്താന്‍ വാദമായി മാത്രം ചുരുക്കി കാണുന്നതും ശരിയല്ല. പല രീതിയിലുള്ള സമ്മര്‍ദം കാരണം ലീഗ് രാഷ്ട്രീയത്തിന് അവസാനം വന്ന ഒരു പരിണതി മാത്രമായിരുന്നു പാകിസ്താന്‍ വാദം. അതില്‍ മുസ്ലിം ലീഗോ ഒരു ജിന്നയോ മാത്രമല്ല പ്രതികള്‍. തൊട്ട് കാണിക്കാവുന്ന വേറെയും ധാരാളം പ്രതികളുണ്ട്. അവരധികവും അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ പാളയത്തില്‍ തന്നെയായിരുന്നു. വിഭജനത്തെ ഒരു ചരിത്ര യാഥാര്‍ഥ്യമായി അംഗീകരിക്കുന്നതിന് പകരം സ്വാതന്ത്യ്രാനന്തര ഇന്ത്യയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം അതാണ് എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കണമെന്നത് ചിലരുടെ ഒളിയജണ്ടയുടെ ഭാഗമാണെന്ന് കൂടി മനസ്സിലാക്കുന്നത് നല്ലതാണ്.
പറഞ്ഞു വന്നത് അബ്ദുര്‍റഹ്മാനോടുള്ള ലീഗിന്റെ ശത്രുതക്കാധാരമായ നിലപാടിനെ കുറിച്ചാണ്. അത് പറഞ്ഞത് പോലെ പാകിസ്താന്‍ വാദത്തിലേക്ക് വഴിമാറിപോയെങ്കിലും കോണ്‍ഗ്രസ് ദേശീയതയില്‍ ഒളിപ്പിച്ചു വെച്ച സങ്കുചിത സവര്‍ണ ദേശീയതയെ പ്രതിരോധിക്കാന്‍ ന്യൂനപക്ഷത്തിന്റെ തനത് രാഷ്ട്രീയ പ്രതിനിധാനം കൂടിയേ തീരൂ എന്നതായിരുന്നു.
അബ്ദുര്‍റഹ്മാനെ പരാജയപ്പെടുത്താന്‍ കിണഞ്ഞു ശ്രമിച്ച മറ്റൊരു കൂട്ടര്‍ അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നു. ലീഗിനെ പോലെ പരസ്യമായി പറയാവുന്ന ഒരു നിലപാടിന്റെയും പേരിലായിരുന്നില്ല അത്. എന്നാലാകട്ടെ അവര്‍ക്കു നിലപാടുണ്ടായിരുന്നുതാനും. മുസ്ലിം ലീഗിനെ സൃഷ്ടിച്ച കോണ്‍ഗ്രസുകാരില്‍ ചിലരുടെ ജീവ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന മുസ്ലിം വിരോധവും അബ്ദുര്‍റഹ്മാനെ പോലെ അഭിമാനിയായ ഒരു മുസ്ലിമിനെ സഹിക്കാന്‍ കഴിയാത്ത അവരുടെ സവര്‍ണ ബോധമായിരുന്നു. പുറത്ത് പറയാന്‍ കൊള്ളാത്ത ആ നിലപാടിന്റെ അടിസ്ഥാനം, എല്ലാ ഇന്ത്യക്കാരെയും ഉള്‍ക്കൊള്ളുന്ന മഹത്തായ ദേശീയപ്രസ്ഥാനം എന്നാണ് അവകാശവാദമെങ്കിലും കോണ്‍ഗ്രസ് എല്ലാകാലത്തും ആത്മാര്‍ഥമായി ഉള്‍ക്കൊണ്ടിട്ടുള്ളത് മതപരവും സാംസ്കാരികവുമായ സ്വന്തം സ്വത്വം കാണാമറയത്ത് നിര്‍ത്തിയ മുസ്ലിമിനെ മാത്രമാണ്. പിറന്ന സമുദായത്തോട് അബദ്ധത്തില്‍ പോലും കൂറ് കാണിക്കാതിരിക്കുകയും തരം കിട്ടുമ്പോഴൊക്കെ അവരുടെ പള്ളക്കും നാഭിക്കും തൊഴിക്കുകയും  ചെയ്തിട്ടുള്ള എം.സി ചഗ്ളയും ഹമീദുദ്ദീന്‍ ദല്‍വായിയും മുതല്‍ നമ്മുടെ ആര്യാടന്‍ മുഹമ്മദ് വരെയുള്ളവര്‍, 'ദേശീയ മുസ്ലിം' എന്ന വിളിപ്പേര് കേള്‍ക്കുമ്പോഴേക്ക് ആത്മരതിയനുഭവിക്കുകയും കോള്‍മയിര്‍ കൊള്ളുകയും ചെയ്യുന്ന ഇവരാണ് എക്കാലത്തും ദേശീയപ്രസ്ഥാനത്തിന്റെ ഇഷ്ടതോഴന്മാര്‍. തന്റെ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനത്തിന് ഇസ്ലാമികാദര്‍ശത്തില്‍നിന്നും അനുഷ്ഠാനങ്ങളില്‍ നിന്നും ഊര്‍ജം സംഭരിക്കുകയും എവിടെയും എപ്പോഴും ഞാനൊരു മുസ്ലിമാണ് എന്ന് അഭിമാനത്തോടെ വെട്ടിത്തുറന്ന് പറയുകയും ചെയ്ത മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ നടേ പറഞ്ഞവരെ പോലെയുള്ള ദേശീയ മുസ്ലിം ആയിരുന്നില്ല. ഹിന്ദുവിനെയും മുസ്ലിമിനെയും മതമുള്ളവനെയും ഇല്ലാത്തവനെയും സവര്‍ണനെയും അവര്‍ണനെയും എല്ലാം ചേര്‍ത്ത് നിര്‍ത്തികൊണ്ടു പൊതുലക്ഷ്യത്തിന് വേണ്ടി ഒരുമിച്ചു പൊരുതുമ്പോഴും പിറന്ന സമുദായത്തിന്റെയും മറ്റ് അവശവിഭാഗത്തിന്റെയും ന്യായമായ അവകാശത്തിനും മാന്യമായ നിലനില്‍പിനും വേണ്ടി ശബ്ദിക്കുന്നത് തന്റെ ദേശീയബോധത്തിന് കളങ്കം ചാര്‍ത്തുമെന്ന യാതൊരാശങ്കയും മുഹമ്മദ് അബ്ദുര്‍റഹ്മാനുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിലെ സവര്‍ണലോബി അദ്ദേഹത്തിന് തീകിടക്ക സമ്മാനിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
അവര്‍ അദ്ദേഹത്തെ മുസ്ലിം വര്‍ഗീയവാദി എന്ന് വിളിച്ചു. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ഒളിഞ്ഞും തെളിഞ്ഞും ചരട് വലിച്ചു. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച് ചെയര്‍മാനാകുമെന്ന് വന്നപ്പോള്‍ അദ്ദേഹത്തെ ചെയര്‍മാനാക്കിയാല്‍ മുനിസിപ്പല്‍ ഓഫീസില്‍ മാപ്പിളമാര്‍ നിറയും എന്ന് പരസ്യമായി പറഞ്ഞ് ഭയപ്പെടുത്തി അത് തടഞ്ഞു. അബ്ദുര്‍റഹ്മാനോടൊപ്പം കൌണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവാണ് അബ്ദുര്‍റഹ്മാനെതിരെ വര്‍ഗീയ വൈരം ഇളക്കി വിടുന്ന ഈ പ്രസ്താവന നടത്തിയത്. മദ്രാസ് അസംബ്ളിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ മന്ത്രിയാക്കാതിരിക്കാനും ഇക്കൂട്ടര്‍ ശ്രമിച്ചു. എല്ലാ എതിര്‍പ്പുകളെയും ഭേദിച്ച് കൊണ്ട് കെ.പി.സി.സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തെ നിശ്ചലനും നിഷ്ക്രിയനുമാക്കാന്‍ പതിനെട്ടടവും പയറ്റി.
അബ്ദുര്‍റഹ്മാന്റെ സഹപ്രവര്‍ത്തകരില്‍ പലരുടെയും പൊതു പ്രവര്‍ത്തനം ഒഴിവുകാല വിനോദം മാത്രമായപ്പോള്‍ അദ്ദേഹത്തിന്റേത് നിരന്തരമായ സമരത്തിന്റേതായിരുന്നു. അദ്ദേഹത്തിന് സമരം ജീവിതവും ജീവിതം സമരവുമായിരുന്നുവെന്ന് പറയുന്നതായിരിക്കും ശരി. കാല്‍നൂറ്റാണ്ട് കാലത്തെ സമരതീക്ഷ്ണമായ ഈ ജീവിതത്തിനിടയില്‍ 9 വര്‍ഷക്കാലം അദ്ദേഹം തടവറയിലും കഴിച്ചുകൂട്ടി. ഖിലാഫത്ത് നിസ്സഹകരണ പ്രക്ഷോഭം, വൈക്കം സത്യഗ്രഹം, ഉപ്പു സത്യഗ്രഹം, അന്തമാന്‍ സ്കീമിനെതിരായ പ്രക്ഷോഭം മാപ്പിള ഔട്ട് റേജസ് ആക്ടിനെതിരായ പ്രക്ഷോഭം സൈമണ്‍ കമീഷന്‍ ബഹിഷ്കരണം, ഹിച്ച്കോക്ക് പ്രതിമാ വിരുദ്ധ സമരം, മമ്പുറം സ്വത്താവകാശ പ്രക്ഷോഭം തുടങ്ങി സ്വാതന്ത്യ്ര സമരത്തിന്റെ ഭാഗമായി നടന്ന നിരവധി പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു. സാഹിബ് ഇങ്ങനെ സമരമുഖത്തും ജയിലറകളിലും കഴിച്ചുകൂട്ടിയ നാളുകളില്‍ കോണ്‍ഗ്രസിന്റെ വലിയ നേതാക്കളായി അറിയപ്പെട്ട പലരും നാട്ടിലും വിദേശത്തും കോടതി മുറികളില്‍ കോട്ടും ഗൌണുമണിഞ്ഞ് തങ്ങളുടെ ഭാവിജീവിതം ഭദ്രമാക്കുകയായിരുന്നു.
സമാധാനപരമായ സ്വാതന്ത്യ്ര സമരത്തിന്റെ വക്താവായിരുന്നു മുഹമ്മദ് അബ്ദുര്‍റഹ്മാന്‍. പക്ഷേ, അത് അദ്ദേഹം ഭീരുവായതുകൊണ്ടോ അഹിംസയെ പ്രത്യയശാസ്ത്രമായി കരുതാന്‍ മാത്രം ഗാന്ധിയന്‍ മൌലികവാദിയായതു കൊണ്ടോ ആയിരുന്നില്ല. വിശാലമായ അര്‍ഥത്തില്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ ഗാന്ധിയനേ ആയിരുന്നില്ല. രാഷ്ട്രീയ ജനാധിപത്യത്തോടൊപ്പം സാമ്പത്തിക ജനാധിപത്യത്തിന്റെ കൂടി വക്താവായിരുന്നു അദ്ദേഹം. ഗാന്ധിയന്മാരുടെ സ്വപ്നത്തില്‍പോലും അതുണ്ടായിരുന്നില്ല. ഗാന്ധിജിയോട് പോരടിച്ചുനിന്ന നേതാജി സുഭാഷ് ചന്ദ്രബോസിനോടായിരുന്നു അദ്ദേഹത്തിന്റെ അനുഭാവം. ഗാന്ധിജിയുടെ നോമിനിയെ തോല്‍പിച്ച സുഭാഷ് ചന്ദ്രബോസിനെ കോണ്‍ഗ്രസ് പ്രസിഡന്റാക്കുന്നതില്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്രകാരം ഗാന്ധിഭക്തനോ ഒരിക്കലും തിരിച്ചടിച്ചു കൂടെന്ന മൌലികവാദിയോ അല്ലാതിരുന്നിട്ടും അദ്ദേഹം അഹിംസയില്‍ ഉറച്ച് നിന്നു. അതിന് കാരണം അദ്ദേഹം പ്രായോഗികവാദിയായിരുന്നു എന്നതാണ്. ആധുനിക ആയുധ സജ്ജീകരണങ്ങളും സുശിശ്ചിതമായ പട്ടാളവും പോലീസും ഉള്ള ബ്രിട്ടീഷ് ഗവണ്‍മെന്റിനെ സായുധ സമരത്തിലൂടെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ ജനതക്ക് കഴിയില്ല എന്ന തിരിച്ചറിവാണ് അദ്ദേഹത്തെ അഹിംസയുടെ വക്താവാക്കിയത്. അതുകൊണ്ടുതന്നെ ഖിലാഫത്ത് സമരം സായുധ സമരങ്ങളിലേക്ക് വഴിമാറുന്നത് തടയാന്‍ അദ്ദേഹം അത്യധ്വാനം ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ്സിലെ തന്റെ സഹപ്രവര്‍ത്തകരെ പോലെ മലബാര്‍ സമരത്തെ തള്ളിപ്പറയാന്‍ തയാറായില്ലെന്ന് മാത്രമല്ല, മലബാര്‍ സമരത്തിന്റെ കെടുതികള്‍ക്കിരയായവരെ പുനരധിവസിപ്പിക്കാന്‍ ബഹുമുഖമായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആദ്യ അറസ്റ് പോലും ഇതിന്റെ പേരിലായിരുന്നു. ലഹള ബാധിത പ്രദേശങ്ങളിലെ ദുരിതങ്ങളെയും പോലീസ് നരനായാട്ടിനെയും കുറിച്ച് ദേശീയ പത്രങ്ങളില്‍ അദ്ദേഹമെഴുതിയ ലേഖനമാണ് അദ്ദേഹത്തെ അറസ്റ് ചെയ്ത് ജയിലിലടക്കാന്‍ അധികൃതര്‍ ആയുധമാക്കിയത്. കേരളത്തിലെ ആദ്യ അനാഥാലയമായ കോഴിക്കോട് വെള്ളിമാട്കുന്നിലെ ജെ.ഡി.റ്റി ഇസ്ലാം സ്ഥാപിതമായതിന്റെ പിറകിലും അബ്ദുര്‍റഹ്മാന്റെ പ്രേരണയുണ്ടായിരുന്നു. ലഹള അനാഥമാക്കിയവരെ പുനരധിവസിപ്പിക്കുകയായിരുന്നു ജെ.ഡി.റ്റിയുടെ സ്ഥാപിത ലക്ഷ്യം.
മുഹമ്മദ് അബ്ദുര്‍റഹ്മാന്റെ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും നിറഞ്ഞുനിന്ന മതബോധമാണ് അദ്ദേഹത്തെ പഠിക്കുമ്പോള്‍ ശ്രദ്ധേയമായി വരുന്ന ഒരു കാര്യം. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതമെന്ന പോലെ പൊതുജീവിതവും മതാത്മകമായിരുന്നു. പൊതുജീവിതത്തിലെ മതം പ്രത്യേകിച്ച് ഇസ്ലാം അപകടകരവും വിഭാഗീയതയുമായി മുദ്ര കുത്തപ്പെട്ട കാലത്ത് തന്റെ പൊതുജീവിതത്തിലെ മതാത്മകത യാതൊരപകര്‍ഷതയും ഇല്ലാതെ എവിടെയും വെളിപ്പെടുത്താന്‍ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായില്ല.  ജീവിതത്തിലെന്ന പോലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലും അല്‍അമീന്റെ മുഖ പ്രസംഗങ്ങളിലും അത് തെളിഞ്ഞുകാണാമായിരുന്നു. അഹിംസയിലൂന്നി പ്രവര്‍ത്തിക്കുമ്പോഴും രാജ്യത്തിനും മതത്തിനും വേണ്ടി മരിക്കുക എന്നത് ഒരു സ്വപ്നമായി ജീവിതത്തിലുടനീളം അദ്ദേഹം കൊണ്ടുനടന്നു. മലബാര്‍ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ തൂക്കിക്കൊന്ന  ഖിലാഫത്ത് നേതാവ് താനൂരിലെ കുഞ്ഞി ഖാദറിനെ സൂചിപ്പിച്ച് കൊണ്ട് അദ്ദേഹത്തേക്കാള്‍ മുമ്പ് നിന്നെയാണ് തൂക്കിക്കൊല്ലേണ്ടിയിരുന്നത് എന്ന് പറഞ്ഞ ഇംഗ്ളീഷുകാരനായ പട്ടാള ഓഫീസറോട് അബ്ദുര്‍റഹ്മാന്റെ മറുപടി ഇപ്രകാരമായിരുന്നു: "കുഞ്ഞി ഖാദറിനെ പോലെ എന്നെയും തൂക്കിക്കൊന്നിരുന്നുവെങ്കില്‍ ഞാനൊരു ഭാഗ്യവാനാകുമായിരുന്നു. ജന്മനാടിനും മതത്തിനും വേണ്ടി രക്തസാക്ഷിയായതിന്റെ കൃതജ്ഞത എനിക്കുണ്ടാകുമായിരുന്നു.'' അബ്ദുര്‍റഹ്മാന്‍ തല്ലിച്ചതക്കപ്പെട്ട ഉപ്പുസത്യഗ്രഹത്തെക്കുറിച്ച് അല്‍അമീനില്‍ എഴുതിയ മുഖപ്രസംഗത്തിന്റെ തലക്കെട്ട് 'ജിഹാദുല്‍ അക്ബര്‍' എന്നായിരുന്നു. 'അല്ലയോ സത്യവിശ്വാസികളേ, നിങ്ങളുടെ ഉറ്റബന്ധുക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ നിങ്ങള്‍ക്കു തന്നെയോ ദോഷകരമായിരുന്നാലും നീതിപാലിച്ച് നിങ്ങള്‍ ദൈവത്തില്‍ സാക്ഷ്യം വഹിക്കുന്നവരായിരിപ്പിന്‍' എന്ന ഖുര്‍ആന്‍ സൂക്തമായിരുന്നു എല്ലാ ലക്കം അല്‍അമീന്‍ പത്രത്തിന്റെയും തലവാചകം. ഇതിലൂടെ തന്റേത് ഒരു മുസ്ലിം പത്രമായി ചുരുങ്ങിപ്പോകുമെന്ന ഭീതിയൊന്നും അബ്ദുര്‍റഹ്മാനുണ്ടായിരുന്നില്ല. നിര്‍ത്തുന്നത് വരെ ഇതേ പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ഗോപാല പിള്ളയായിരുന്നു എന്നു കൂടി ഓര്‍ക്കണം.
എന്റെ രാജ്യം എന്റെ ജനത എന്നതോടൊപ്പം എന്റെ സമുദായം എന്നതും അബ്ദുര്‍റഹ്മാന്റെ മുഖ്യ പരിഗണനാ വിഷയമായിരുന്നു. അതിലൂടെ ദേശീയബോധമില്ലാത്തവരും മാനവികവിരുദ്ധനും എന്ന് താന്‍ മുദ്രകുത്തപ്പെടും എന്ന ഭീതിയൊന്നും അദ്ദേഹത്തെ അലട്ടിയില്ല. പൂക്കോട്ടൂരില്‍ ലഹള നടക്കുന്നതായി അറിഞ്ഞപ്പോള്‍ അത് തടയാന്‍ അവിടേക്ക് തന്നോടൊപ്പം കോണ്‍ഗ്രസ് നേതാവായ ഗോപാല മേനോനെ കൂടി പറഞ്ഞയക്കണമെന്ന തന്റെ അഭ്യര്‍ഥന കെ.പി കേശവമേനോന്‍ നിരസിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: "വെടി കൊണ്ട് വീഴുന്നത് മാപ്പിളമാരാണ്, നിങ്ങള്‍ വരുന്നുണ്ടോ ഞാനിതാ പോകുന്നു.''
മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടും സമുദായ പരിഷ്കരണത്തിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞിരുന്നു. കേരള മുസ്ലിം ഐക്യസംഘത്തിന്റെ സമുദായ പരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍ സാഹിബ് സജീവ പങ്കാളിയായിരുന്നു. എന്നാല്‍ സംഘത്തിന്റെ അരാഷ്ട്രീയ നിലപാട് അദ്ദേഹത്തിന് ഒട്ടും ദഹിച്ചിരുന്നില്ല. സമുദായ പരിഷ്കരണമെന്നാല്‍ എങ്ങനെയും സമുദായത്തിന് സാമ്പത്തിക പുരോഗതി ഉണ്ടാക്കലാണെന്ന് തെറ്റിദ്ധരിച്ച ഐക്യ സംഘത്തിലെ ചില മോഡേണിസ്റുകള്‍ പലിശാധിഷ്ഠിതമായ ഒരു മുസ്ലിം ബാങ്ക് സ്ഥാപിക്കാന്‍ തുനിഞ്ഞപ്പോള്‍ ഇസ്ലാമിക മൂല്യങ്ങളില്‍ അണുഅളവ് വിട്ടുവീഴ്ച ചെയ്യാന്‍ ഒരുക്കമല്ലാതിരുന്ന അബ്ദുര്‍റഹ്മാന്‍ അതിനെ ചെറുത്ത് തോല്‍പിച്ചു. തങ്ങളുടെ നിര്‍ദിഷ്ട പലിശാധിഷ്ഠിത ബാങ്കിന് അനുകൂലമായി കെ.എം മൌലവിയില്‍ നിന്ന് ഒരു മതവിധി  പോലും അതിന്റെ വക്താക്കള്‍ സമ്പാദിച്ചിരുന്നു. ബാങ്കിനെതിരായ മുഹമ്മദ് അബ്ദുര്‍റഹ്മാന്റെ ഈ നിലപാടാണ് ഐക്യസംഘത്തിന്റെ തകര്‍ച്ചക്ക് തന്നെ കാരണമായിത്തീര്‍ന്നത്.
കേരള ജമാഅത്തെ ഇസ്ലാമിയുടെ പ്രഥമ അമീറായിരുന്ന ഹാജി സാഹിബുമായി വിശദമായ ഒരു കൂടിക്കാഴ്ചക്ക് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ താല്‍പര്യമെടുക്കുകയും കൊടിയത്തൂരിലെ തന്റെ പ്രസംഗ പരിപാടിക്ക് ശേഷം അതിന്റെ സമയവും സ്ഥലവും തീരുമാനിക്കാമെന്ന് ഇരുവരും ധാരണയാവുകയും ചെയ്തിട്ടുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ കൊടിയത്തൂരിലെ പരിപാടി നടന്ന അതേ ദിവസം തന്നെ അദ്ദേഹത്തിന്റെ ആകസ്മിക അന്ത്യം സംഭവിച്ചതിനാല്‍ ഒരു കാലഘട്ടത്തിലെ രണ്ട് മഹാ വ്യക്തികള്‍ തമ്മിലുള്ള ആ കൂടിക്കാഴ്ച നടക്കാതെ പോയി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം