Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 12

2963

1437 ദുല്‍ഖഅദ് 09

പ്രയോജനമെടുക്കലും ഉപദ്രവം തടയലും

അശ്‌റഫ് കീഴുപറമ്പ്

ഇസ്‌ലാമിലെ ഏതൊരു നിയമവും ഏതെങ്കിലുമൊരു പ്രയോജനം സിദ്ധിക്കുന്നതിനോ ഏതെങ്കിലുമൊരു ഉപദ്രവത്തെ തടയുന്നതിനോ ആയിരിക്കും.1 പ്രയോജനങ്ങളും ഉപദ്രവങ്ങളും എന്തൊക്കെയെന്ന് ചിലപ്പോള്‍ പ്രമാണ പാഠങ്ങളില്‍ വിശദീകരിച്ചിട്ടുണ്ടാവും; ചിലപ്പോള്‍ വിശദീകരിച്ചിട്ടുണ്ടാവില്ല. വിശദീകരിക്കപ്പെട്ടിട്ടില്ലാത്തവ ഇസ്‌ലാമിക നിയമവ്യവസ്ഥയുടെ അടിസ്ഥാന തത്ത്വങ്ങള്‍ മുന്‍നിര്‍ത്തിയുള്ള അന്വേഷണത്തിലൂടെയും ഗവേഷണത്തിലൂടെയും കണ്ടെത്താനും കഴിയും. ഇജ്തിഹാദിന്റെ സുപ്രധാനമായ ഒരു തലമാണിത്. മഖാസ്വിദുശ്ശരീഅയിലെ അന്വേഷണങ്ങളത്രയും ഈയൊരു കേന്ദ്രബിന്ദുവിനെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്.

സര്‍വ പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും ഉടമസ്ഥനുമാണ് അല്ലാഹു. അവനാണ് കാലാകാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി മനുഷ്യകുലത്തിന് ദിവ്യസന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുന്നത്. ഈ ദിവ്യസന്ദേശങ്ങളില്‍ ചെയ്യണമെന്നും ചെയ്യരുതെന്നും പറയുന്ന രണ്ടിനം കാര്യങ്ങളാണ് മുഖ്യമായും ഉണ്ടാവുക. താന്‍ ചെയ്യണമെന്ന് പറഞ്ഞ കാര്യം ഒരാള്‍ ചെയ്തതുകൊണ്ടോ, വിലക്കിയ കാര്യത്തില്‍നിന്ന് അയാള്‍ വിട്ടുനിന്നതുകൊണ്ടോ അല്ലാഹുവിന് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. സൃഷ്ടികളുടെ ധിക്കാരവും അനുസരണയുമൊന്നും അല്ലാഹുവിന്റെ ശക്തിവിശേഷങ്ങളെയോ അധികാര വ്യവസ്ഥയെയോ ബാധിക്കുന്നില്ല. നിയമാവിഷ്‌കാരത്തില്‍ നിയമദാതാവിന് താല്‍പര്യങ്ങളില്ലെങ്കില്‍, ആര്‍ക്കാണോ നിയമം നല്‍കപ്പെടുന്നത് അവരുടെ താല്‍പര്യങ്ങള്‍ മാത്രമാവും അതില്‍ ദീക്ഷിച്ചിട്ടുണ്ടാവുക. അപ്പോള്‍ അല്ലാഹു ഒരു കാര്യം ചെയ്യണമെന്ന് കല്‍പിച്ചിട്ടുണ്ടെങ്കില്‍ അത് അല്ലാഹുവിന് വേണ്ടിയല്ല, മനുഷ്യന് വേണ്ടിയാണ്. മനുഷ്യന്റെ താല്‍പര്യങ്ങള്‍ മാത്രമാണ് അവിടെ സംരക്ഷിക്കപ്പെടുന്നത്. എന്തെങ്കിലും കാര്യങ്ങള്‍ വിലക്കിയിട്ടുണ്ടെങ്കില്‍ അതും മനുഷ്യന്റെ നന്മ മുന്‍നിര്‍ത്തി മാത്രമായിരിക്കും. പ്രമുഖ മഖാസ്വിദീ പണ്ഡിതനായ ഇസ്സുദ്ദീനുബ്‌നു അബ്ദിസ്സലാം എഴുതുന്നു:

''പ്രയോജനം, ഉപദ്രവം എന്നിവ ഇഹലോകത്തേക്കെന്ന പോലെ പരലോകത്തേക്കും ബാധകമാണ്. മനുഷ്യ കര്‍മങ്ങള്‍ ദൈവേഛ പ്രകാരമാണെങ്കില്‍ പരലോകത്ത് തക്കതായ പ്രതിഫലമുണ്ട്; ശിക്ഷയില്‍നിന്ന് രക്ഷ നേടുകയും ചെയ്യാം. ഇതാണ് പരലോകത്ത് ലഭിക്കുന്ന പ്രയോജനങ്ങള്‍ (മസ്വാലിഹ്). ഈ പ്രതിഫലം നഷ്ടപ്പെടുകയും ശിക്ഷ ലഭിക്കുകയും ചെയ്താലോ അത് പരലോകത്ത് ലഭിക്കുന്ന ഉപദ്രവങ്ങള്‍/ തിന്മകള്‍ (മഫാസിദ്). ഇനി, ഇഹലോകത്തെ പ്രയോജനങ്ങള്‍. 'അത്യാവശ്യങ്ങള്‍', 'ആവശ്യങ്ങള്‍', 'അലങ്കാരങ്ങള്‍' എന്നിങ്ങനെ മാനവിക താല്‍പര്യങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ടല്ലോ. ഇവ നേടിയെടുക്കുമ്പോഴാണ് ഇഹലോകത്തെ പ്രയോജനങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നത്. ഇപ്പറഞ്ഞതിന് നേര്‍വിപരീതമാണ് സംഭവിക്കുന്നതെങ്കില്‍ അതൊക്കെയും മനുഷ്യന് ഉപദ്രവങ്ങളായി മാറും.'2

ഇതു സംബന്ധമായി ഇമാം ഗസാലിയുടെ നിരീക്ഷണം നാം നേരത്തേ ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം എഴുതുന്നു: ''മതം, ജീവന്‍, ബുദ്ധി, കുലം, ധനം എന്നീ മനുഷ്യ ജീവിതത്തിലെ അഞ്ച് അത്യാവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടലാണ് 'മസ്വാലിഹ്'. ഇവയെ നഷ്ടപ്പെടുത്തിക്കളയുന്നതൊക്കെ മഫാസിദ്''. ഈ തിന്മകളെ ചെറുക്കലും അപ്പോള്‍ മസ്വാലിഹിന്റെ ഭാഗമായി വരുന്നു. ഇമാം റാസി തന്റെ അല്‍ മഹ്‌സ്വൂല്‍ എന്ന കൃതിയില്‍ ഈ രണ്ട് സംജ്ഞകളുടെ നിര്‍വചനത്തിന് കുറേക്കൂടി തത്ത്വചിന്താപരമായ മാനങ്ങള്‍ നല്‍കുന്നു:  ''മാനവിക താല്‍പര്യം സംരക്ഷിക്കപ്പെടുന്നത് ആസ്വാദനം (ലദ്ദത്ത്) ഉണ്ടാകുമ്പോഴോ അതിലേക്ക് വഴിതെളിക്കുമ്പോഴോ ആണ്. തിന്മ/ഉപദ്രവം ഏതും വേദന(അലം)ആണ്; അല്ലെങ്കില്‍ വേദനയിലേക്ക് നയിക്കുന്നത്.'' ഇവിടെ 'ആസ്വാദനം', 'വേദന' എന്നീ വാക്കുകളെക്കുറിച്ച് ചില സംശയങ്ങള്‍ ഉയരുക സ്വാഭാവികമാണ്. ആസ്വാദനങ്ങള്‍ എന്ന് പറയുമ്പോള്‍ പലപ്പോഴും ശാരീരിക ആസ്വാദനങ്ങളാണ് ഉദ്ദേശിക്കപ്പെടുക. യുദ്ധം, ഹജ്ജിലെയും നോമ്പിലെയും ശാരീരിക ക്ലേശങ്ങള്‍ പോലുള്ളവ 'വേദന'യും നല്‍കുന്നില്ലേ? നമ്മുടെ കാലത്ത് ഈ രണ്ട് വാക്കുകള്‍ക്കും അര്‍ഥശോഷണം സംഭവിച്ചതാണ് പ്രശ്‌നം. മനുഷ്യന്റെ ഏറ്റവും സമുന്നതമായ ആസ്വാദനങ്ങളെക്കുറിച്ചുകൂടിയാണ് ഇമാം റാസി ഇവിടെ സൂചിപ്പിക്കുന്നത്. സ്വര്‍ഗാഭിലാഷമാണ് മനുഷ്യന്റെ ഏറ്റവും സമുന്നതമായ ആസ്വാദനം. പ്രാര്‍ഥനയും ദൈവസ്മരണയുമൊക്കെ അപ്പോള്‍ സമുന്നത ആസ്വാദനങ്ങളായി മാറും. 'വേദന' കേവലം ശാരീരിക പ്രയാസങ്ങളല്ല; എല്ലാ തലങ്ങളിലും മനുഷ്യന് സംഭവിക്കുന്ന ദുരന്തമാണ്. ഹജ്ജിലെയും നോമ്പിലെയും ജിഹാദിലെയുമൊക്കെ ശാരീരിക ക്ലേശങ്ങള്‍ വരെ വിശ്വാസികള്‍ ആസ്വാദനത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുകയാണല്ലോ ചെയ്യുക.

താല്‍പര്യങ്ങള്‍/പ്രയോജനങ്ങള്‍ എന്നു പറയുമ്പോള്‍ കേവല ഭൗതിക താല്‍പര്യങ്ങളോ പ്രയോജനങ്ങളോ അല്ല ഉദ്ദേശിക്കുന്നത്. ഭക്ഷണം, വീട്, പാര്‍പ്പിടം, ആരോഗ്യം, വാഹനം തുടങ്ങി ഒട്ടേറെ ഭൗതിക താല്‍പര്യങ്ങളുണ്ട്. അവ കണ്ടെത്താന്‍ പ്രയാസമില്ല. ഭൗതിക സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ അവ സാക്ഷാത്കരിക്കുകയും ചെയ്യാം. ഇസ്‌ലാം വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടുമുണ്ട് ഇക്കാര്യങ്ങള്‍ക്ക്. പക്ഷേ അവക്കൊക്കെയും ആധാരമായി നില്‍ക്കുന്ന ധാര്‍മികമായ ചില മൗലിക താല്‍പര്യങ്ങളുണ്ട്. വിശകലനങ്ങളില്‍ ചിലപ്പോഴൊക്കെയും അവ അവഗണിക്കപ്പെടാറുമുണ്ട്. സകാത്തും മറ്റു ദാനധര്‍മങ്ങളും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് എന്ന് നാം പറയാറുണ്ടെങ്കിലും, അതിനേക്കാള്‍ പ്രധാനമായ ചില കാര്യങ്ങളാണ് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത് എന്നു കാണാം. 

'അവരുടെ മനസ്സിനെ സംസ്‌കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന ദാനധര്‍മം' എന്നാണ് ഖുര്‍ആന്റെ പ്രഖ്യാപനം (അത്തൗബ 103). നമസ്‌കാരത്തിന്റെ പ്രയോജനമായി 'അത് തിന്മകളില്‍നിന്നും മ്ലേഛതകളില്‍നിന്നും തടയുന്നു' (അല്‍അന്‍കബൂത്ത് 45) എന്ന വിശദീകരണം ഖുര്‍ആന്റേതു തന്നെയാണെങ്കിലും, അതേ സൂക്തത്തിന്റെ ഒടുവില്‍ പറയുന്ന 'ദൈവസ്മരണയത്രെ ഏറ്റവും വലുത്' എന്ന ഭാഗം നാം വിട്ടുകളയുന്നു. കള്ള് ഹറാമാക്കിയതിനെക്കുറിച്ച് പറയുമ്പോള്‍, അത് മനുഷ്യനെ മദോന്മത്തനാക്കുകയും അവന്റെ വിശേഷബുദ്ധി നശിപ്പിക്കുകയും ശരീരത്തെ തന്നെ തകര്‍ക്കുകയും ചെയ്യും എന്നാണ് നാം വിശദീകരിക്കുക. അത് വളരെ ശരിയാണുതാനും. പക്ഷേ, ഖുര്‍ആന്‍ മദ്യത്തിന്റെ ഏറ്റവും വലിയ തിന്മയായി കാണുന്നത്, അത് നിങ്ങള്‍ക്കിടയില്‍ പകയും ശത്രുതയും വര്‍ധിപ്പിക്കുമെന്നതും ദൈവസ്മരണയില്‍നിന്ന് നിങ്ങളെ തടയുമെന്നതും ആണ് (അല്‍മാഇദ 91). പ്രയോജനങ്ങള്‍ കേവലം ഭൗതിക പ്രയോജനങ്ങളായി ചുരുക്കിക്കാണുന്നതിനെതിരെ പണ്ഡിതന്മാര്‍ ശക്തമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്‌ലാമിന്റെ നിയമവിധികളില്‍ താല്‍പര്യങ്ങള്‍ തിരക്കുന്നവര്‍ അവയെ ശരീരത്തിന്റേതും സ്വത്തിന്റേതുമാക്കി പരിമിതപ്പെടുത്തരുതെന്ന് ഇമാം ഇബ്‌നു തൈമിയ്യ.3

 

താല്‍പര്യങ്ങള്‍ മൂന്ന് വിധം

താല്‍പര്യങ്ങള്‍/പ്രയോജനങ്ങള്‍ മൂന്ന് വിധമാണെന്ന് പണ്ഡിതന്മാര്‍. പരിഗണിക്കപ്പെട്ടത്, റദ്ദാക്കപ്പെട്ടത്, സ്വതന്ത്രമാക്കിവിട്ടത്4 എന്നിങ്ങനെ. മനുഷ്യ സമൂഹത്തിന്റെ വിജയത്തിന് സഹായകമാകുന്ന ഏതെങ്കിലും താല്‍പര്യങ്ങളെ പ്രമാണങ്ങളില്‍ എടുത്തു പറഞ്ഞിട്ടുണ്ടെങ്കില്‍ അതാണ് 'പരിഗണിക്കപ്പെട്ടത്.' കച്ചവടം അനുവദനീയമാക്കി (2:275) എന്നും സകാത്ത് നല്‍കൂ(2:43) എന്നും ഖുര്‍ആന്‍ പറയുന്നത് കച്ചവടവും സകാത്തും മനുഷ്യന്റെ എല്ലാ അര്‍ഥത്തിലുമുള്ള വളര്‍ച്ചക്ക് പ്രയോജനപ്പെടുന്നതുകൊണ്ടാണ്. പ്രയോജനങ്ങളുണ്ട്; ഉപദ്രവങ്ങളുമുണ്ട്. പക്ഷേ, ഉപദ്രവങ്ങളാണ് കൂടുതല്‍. എങ്കില്‍ അക്കാര്യങ്ങളിലടങ്ങിയ താല്‍പര്യങ്ങളെ റദ്ദ് ചെയ്ത് അവ നിഷിദ്ധമാണെന്ന് ഖുര്‍ആനും ഹദീസും പ്രഖ്യാപിക്കും. മദ്യത്തിലും ചൂതാട്ടത്തിലും ചില്ലറ പ്രയോജനങ്ങള്‍ ഉള്ളതായി ഖുര്‍ആന്‍തന്നെ പ്രഖ്യാപിക്കുന്നുണ്ടല്ലോ (2:219). പക്ഷേ, അവയുടെ തിന്മകള്‍ അതിമാരകങ്ങളാണ്. അതിനാല്‍ ചില്ലറ പ്രയോജനങ്ങള്‍ വകവെക്കാതെ മദ്യപാനത്തിനും ചൂതാട്ടത്തിനും വിലക്കേര്‍പ്പെടുത്തുന്നു. ഇതാണ് 'റദ്ദാക്കപ്പെട്ട താല്‍പര്യങ്ങള്‍.'

ഫിഖ്ഹുല്‍ മഖാസ്വിദിന്റെ ഒരു സുപ്രധാന പഠനമേഖലയാണ് 'സ്വതന്ത്രമാക്കിവിട്ട താല്‍പര്യങ്ങള്‍.' ചെയ്യണമെന്നോ ചെയ്യേണ്ടെന്നോ പ്രമാണങ്ങളില്‍ വന്നിട്ടില്ലാത്ത കാര്യങ്ങളാണിത്. സ്വതന്ത്രമായ അന്വേഷണത്തിലൂടെ പണ്ഡിതന്മാരും ഗവേഷകന്മാരും ഇക്കാര്യങ്ങളില്‍ ഒരു തീരുമാനത്തിലെത്തുകയാണ് വേണ്ടത്. പ്രമാണപാഠങ്ങള്‍ പരിമിതമാണ്. സംഭവങ്ങള്‍ അനുനിമിഷം പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇവയോരോന്നും പേരെടുത്തു പറയുക ഏതൊരു പ്രമാണ ഗ്രന്ഥത്തിന്റെയും പരിധിക്ക് പുറത്തായിരിക്കും. അങ്ങനെ പേരെടുത്തു പറയേണ്ട കാര്യവുമില്ല. ഇസ്‌ലാമിക നിയമസംഹിതയുടെ സമുന്നത ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സംഭവങ്ങളെയും പ്രവണതകളെയും പഠനവിധേയമാക്കിയാല്‍ അവ പ്രയോജനങ്ങളുടെ ഗണത്തിലാണോ ഉപദ്രവങ്ങളുടെ ഗണത്തിലാണോ പെടുക എന്ന് തിരിച്ചറിയാം. പരിധി വെക്കാനാവാത്തവിധം അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്നതിനാലാണ് ഇതിന് 'മുര്‍സല' എന്ന വിശേഷണം ചേര്‍ക്കുന്നത്.

 

ഗുണദോഷങ്ങള്‍ എങ്ങനെ തിരിച്ചറിയാം?

ഒരു കാര്യം നന്മയാണോ തിന്മയാണോ എന്ന് മനുഷ്യബുദ്ധിക്ക് തിരിച്ചറിയാനാവുമോ? 'തഹ്‌സീന്‍ വ തഖ്ബീഹ്' എന്ന പേരില്‍ നൂറ്റാണ്ടുകളായി തലനാരിഴ കീറിയുള്ള ചര്‍ച്ചകള്‍ ഈ മേഖലയില്‍ നടന്നുവരുന്നുണ്ട്. പലതും ആത്യന്തികവാദങ്ങളും ബൗദ്ധികമോ ആധ്യാത്മികമോ ആയ വികാസത്തിന് ഒട്ടും പ്രയോജനപ്പെടാത്തതുമാണ്. മൂന്ന് വീക്ഷണങ്ങളാണ് ഇക്കാര്യത്തില്‍ പ്രബലം. ഒന്ന്: നന്മയും തിന്മയും അവയുടെ പ്രകൃതത്തില്‍തന്നെ അങ്ങനെയാണ്. മനുഷ്യബുദ്ധിക്ക് അവ രണ്ടും വിവേചിച്ചറിയാനാവും. അക്കാര്യങ്ങള്‍ വിശദീകരിക്കുക മാത്രമാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ ചെയ്യുന്നത്. ഒരു സമൂഹത്തിന് സ്വയംതന്നെ നന്മതിന്മകള്‍ വേര്‍തിരിച്ചറിയാന്‍ കഴിയുമെന്നതിനാല്‍ പ്രവാചകന്റെ സന്ദേശം എത്തിയില്ലെങ്കില്‍ പോലും ആ സമൂഹം ശിക്ഷാര്‍ഹരാകും എന്ന് വാദിക്കുന്നവര്‍ വരെ അക്കൂട്ടത്തിലുണ്ട്. മുഅ്തസിലഃ, കറാമിയ്യ, റാഫിളഃ, സൈദിയ്യ പോലുള്ള പല വിഭാഗങ്ങളും ഈ ആശയക്കാരായിരുന്നു. ആധുനിക മുസ്‌ലിം സമൂഹത്തില്‍ വ്യവസ്ഥാപിതമായ നിലയില്‍ ഇവര്‍ക്ക് പിന്തുടര്‍ച്ചയുണ്ടെന്ന് പറയാനാവില്ല. പ്രവാചകന്മാരെ അയച്ചിട്ടല്ലാതെ നാമൊരു സമൂഹത്തെയും ശിക്ഷിക്കുകയില്ല തുടങ്ങിയ വ്യക്തമായ പ്രമാണപാഠങ്ങള്‍ക്ക് വിരുദ്ധമാകയാലാവാം ആ വാദം ഏറ്റെടുക്കാന്‍ ആളുകളില്ലാതെ പോയത്. 

രണ്ട്: നന്മയും തിന്മയും നിര്‍ണയിക്കുന്നതില്‍ മനുഷ്യബുദ്ധിക്ക് യാതൊരു പങ്കുമില്ല. ഒരു കാര്യം നന്മയാകുന്നത് പ്രമാണങ്ങളില്‍ അങ്ങനെ പറഞ്ഞതുകൊണ്ട്; തിന്മയാകുന്നതും അങ്ങനെത്തന്നെ. അശ്അരീ ചിന്താധാര ഈ അഭിപ്രായത്തെയാണ് പിന്തുണക്കുന്നത്. മഖാസ്വിദീ ഇമാമുമാരായ ജുവൈനിയും ശാത്വിബിയുമൊക്കെ ഈ വീക്ഷണക്കാരാണെങ്കിലും, ഈ വീക്ഷണത്തിന്റെ ആത്യന്തികതയെയും പരിമിതിയെയും പല രീതിയില്‍ അവര്‍ മറികടക്കുന്നുണ്ട്. മൂന്ന്: മേല്‍പ്പറഞ്ഞ രണ്ട് രീതികളെയും നിരാകരിച്ചുകൊണ്ട്, നന്മതിന്മകളെ വ്യവഛേദിച്ച് മനസ്സിലാക്കാനുള്ള ബുദ്ധിയുടെ കഴിവിനെ അംഗീകരിക്കുന്നു. അതേസമയം അടിസ്ഥാന മാനദണ്ഡം എപ്പോഴും ദൈവപ്രോക്തമായ ശരീഅത്ത് ആയിരിക്കുകയും വേണം. നീതി നന്മയാണെന്നും അതിക്രമം തിന്മയാണെന്നും ഏത് മനുഷ്യബുദ്ധിക്കും തിരിച്ചറിയാം. പക്ഷേ, നീതിസങ്കല്‍പവും അതിക്രമത്തെക്കുറിച്ച കാഴ്ചപ്പാടും ഓരോരുത്തരിലും ഓരോ തരത്തിലായിരിക്കും. വൈരുധ്യത്തിന്റെ തലം വരെ അത് ചെന്നെത്തും. അപ്പോള്‍, നീതിയെയും അതിക്രമത്തെയുമൊക്കെ നിര്‍വചിക്കേണ്ടതും അവയുടെ സംസ്ഥാപന-വിപാടന രീതികള്‍ ആവിഷ്‌കരിക്കേണ്ടതും പ്രമാണ പാഠങ്ങള്‍ തന്നെയാണ്. ഇമാം ഇബ്‌നു തൈമിയ്യ ഈ വീക്ഷണക്കാരനാണ്.

ഈ അഭിപ്രായങ്ങളില്‍നിന്ന് ഖുര്‍ആനിനോടും സുന്നത്തിനോടും കൂടുതല്‍ അടുത്തുനില്‍ക്കുന്ന ഭാഗങ്ങള്‍ സ്വാംശീകരിച്ച പുതിയൊരു രീതിശാസ്ത്രമാണ് നവീന മഖാസ്വിദീ പണ്ഡിതര്‍ ഉരുത്തിരിച്ചെടുത്തിട്ടുള്ളത്. ഇത്തരം കാര്യങ്ങളില്‍ മുമ്പത്തെപ്പോലെ ശാഠ്യങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരും കുറവാണ്. ഇതു സംബന്ധമായി ഇന്നും ഗവേഷകര്‍ക്ക് കൂടുതല്‍ വെളിച്ചം നല്‍കുന്നത് ഇമാം ശാത്വിബിയുടെ മുവാഫഖാത്ത് തന്നെ. താല്‍പര്യങ്ങള്‍ ഭൗതികതലത്തിലേക്ക് പരിമിതപ്പെട്ടുപോകുന്നതിനെക്കുറിച്ച് അദ്ദേഹം നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്:

''വരാന്‍പോകുന്ന പരലോക ജീവിതത്തിനു വേണ്ടിയുള്ള തയാറെടുപ്പുകള്‍ ഇഹലോക ജീവിതത്തില്‍ എങ്ങനെയൊക്കെ നടത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിലാവണം ഒരു കാര്യം പ്രയോജനകരമോ ഉപദ്രവകരമോ എന്ന് തീരുമാനിക്കാന്‍. ഒരാള്‍ തന്റെ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി നടത്തുന്ന ശ്രമമോ ആ മാര്‍ഗത്തില്‍ വരുന്ന തടസ്സങ്ങള്‍ തട്ടിനീക്കലോ ഒന്നുമല്ല ഇവിടെ വിഷയം. കാരണം ശരീഅത്ത് ആവിഷ്‌കൃതമായിരിക്കുന്നതുതന്നെ മനുഷ്യനെ അവന്റെ സ്വാര്‍ഥ താല്‍പര്യങ്ങളില്‍നിന്നും മോഹങ്ങളില്‍നിന്നും മോചിപ്പിച്ച് ദൈവത്തിന് മാത്രം വിധേയപ്പെടുന്നവനാക്കി മാറ്റാനാണ്. 'ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്താണ് സത്യം തീരുമാനിക്കപ്പെടുന്നതെങ്കില്‍ ആകാശഭൂമികളും അവയിലുള്ള ജീവിതങ്ങളുമഖിലം കുഴപ്പത്തിലും നാശത്തിലുമകപ്പെടുമായിരുന്നു' (23:71) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. വിശുദ്ധ വേദം എപ്പോഴും ഈ ഉയര്‍ന്ന തലത്തില്‍നിന്നാണ് കാര്യങ്ങളെ കാണുന്നത്. വ്യക്തിയുടെയല്ല, സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ക്കാണ് അവിടെ പ്രാധാന്യവും പ്രാമുഖ്യവും. അവരുടെ ആധ്യാത്മികവും ഭൗതികവുമായ നിലനില്‍പിന്റെ അടിസ്ഥാനമാണിത്. ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ എന്ത് എന്നത് അവിടെ വിഷയമേ അല്ല.''5

(തുടരും)

 

കുറിപ്പുകള്‍

1. സാങ്കേതിക ഭാഷയില്‍ 'ജല്‍ബുല്‍ മന്‍ഫഅ, ദര്‍ഉല്‍ മഫ്‌സദ'

2. ഇബ്‌നു അബ്ദിസ്സലാം- ഖവാഇദുല്‍ അഹ്കാം 2/72

3. ഇബ്‌നു തൈമിയ്യ- മജ്മൗഉല്‍ ഫതാവാ 32/233

4. യഥാക്രമം മസ്വാലിഹ് മുഅ്തബറഃ, മുല്‍ഗാഃ, മുര്‍സലഃ

5. ശാത്വിബി- മുവാഫഖാത്ത് 2/37,38


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 55
എ.വൈ.ആര്‍