Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 12

2963

1437 ദുല്‍ഖഅദ് 09

തീവ്രവാദത്തിന്റെ വേരുകള്‍ മൗദൂദിചിന്തയില്‍?

മുജീബ്

''ആധുനിക മുസ്‌ലിം യുവാക്കളില്‍ പടര്‍ന്നു കയറിയ തീവ്രവാദത്തിന്റെ വേരുകള്‍ ഊര്‍ജം വലിച്ചെടുക്കുന്ന മണ്ണ് പ്രധാനമായും മൗദൂദിചിന്തകളാണ്. ഇസ്‌ലാമിക ഭരണത്തിന്റെ ചരിത്ര പശ്ചാത്തലത്തില്‍നിന്നുകൊണ്ട് സാധ്യമെങ്കില്‍ ലോകത്തെയാകെ ഇസ്‌ലാമിക രാഷ്ട്രമായി പുനഃസ്ഥാപിക്കുകയാണ് വിശ്വാസിയുടെ ധര്‍മമെന്ന് വാദിക്കുകയാണ് അദ്ദേഹം'' (ചാവേറുകളുടെ മണ്ണും മനസ്സും, സി.ടി അബ്ദുര്‍റഹീം, സുപ്രഭാതം ദിനപത്രം). ഈ ചിന്ത മൗദൂദി സാഹിബിന്റെ മസ്തിഷ്‌കത്തില്‍ ഉടലെടുത്തതാണോ? അതോ പ്രവാചകന്‍(സ) പഠിപ്പിച്ചതാണോ?

അബ്ദുര്‍റസ്സാഖ് മുന്നിയൂര്‍

 

അപകടകരമോ വിനാശകരമോ ആയ എല്ലാറ്റിന്റെയും വേരുകള്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി(1903-1979)യുടെ ചിന്തകളില്‍ കണ്ടെത്താന്‍ നോമ്പുനോറ്റിരിക്കുന്ന ചിലര്‍ കേരളത്തിലുണ്ടെന്നത് പുതിയ സംഭവമല്ല. ഇസ്‌ലാമിക രാഷ്ട്രീയ സങ്കല്‍പം മൗദൂദിയുടെ ആശയമാണെന്നും അതുതന്നെയാണ് മുസ്‌ലിം ലോകത്തെ വഴിതെറ്റിച്ചതെന്നും സ്ഥാപിക്കാന്‍ അതിസാഹസികമായി മുസ്‌ലിം മതേതരവാദികളും മതവാദികളും നടത്തുന്ന ശ്രമം സാമാന്യബുദ്ധിയെ പരിഹസിക്കുന്നതാണ്. മാത്രമല്ല, ഒടുവിലത്തെ സംഭവവികാസങ്ങള്‍ അവര്‍ക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നതും.

മറ്റെല്ലാ മതങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും കാര്യത്തിലെന്ന പോലെ ഇസ്‌ലാമിലും വിവിധതരം തീവ്രവാദബാധ പ്രവാചകന്റെ കാലഘട്ടത്തിനു ശേഷം തന്നെ തുടങ്ങിയതായി ചരിത്രം വ്യക്തമാക്കുന്നു. രാഷ്ട്രീയമായി ഖിലാഫത്തിന്റെ കുടുംബവാഴ്ചയിലേക്കുള്ള വ്യതിയാനത്തോടെ ഖവാരിജുകള്‍ (റിബലുകള്‍) ആണ് അതിന് തുടക്കമിട്ടതെങ്കില്‍ ആത്മീയമായി സൂഫിസത്തിന്റെ കടന്നുവരവാണ് ഇസ്‌ലാമിന്റെ ആത്മീയ-ഭൗതിക സന്തുലിതത്വത്തെ തകിടം മറിച്ചത്. ഇനില്‍ ഹുക്മു ഇല്ലാലില്ലാഹ് (അധികാരം അല്ലാഹുവിന് മാത്രം) എന്ന ഖുര്‍ആന്‍ സൂക്തത്തെ അന്യഥാ വ്യാഖ്യാനിച്ചുകൊണ്ട് ഖവാരിജുകള്‍ ഖിലാഫത്തിനെതിരെ ആയുധമെടുത്തു പോരാടുകയായിരുന്നെങ്കില്‍ അബ്ബാസിയാ കാലഘട്ടത്തില്‍ ഗ്രീക്ക്-ഭാരതീയ ദര്‍ശനങ്ങളില്‍നിന്ന് ഊര്‍ജം സംഭരിച്ച സൂഫിസം അദൈ്വതവാദമടക്കം ഇസ്‌ലാമിക തത്ത്വചിന്തയിലേക്ക് കടത്തിക്കൊണ്ടുവരികയായിരുന്നു. ഹല്ലാജിന്റെ വധശിക്ഷയിലേക്ക് നയിച്ച ചിന്താ വ്യതിയാനവും 'ഹല്ലാജെ കൊല്ലുംനാള്‍ അന്ന് ഞാനുണ്ടെങ്കില്‍' എന്ന് തുടങ്ങുന്ന ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി പാടിയതായി ആരോപിക്കപ്പെടുന്ന മുഹ്‌യിദ്ദീന്‍ മാലയുമെല്ലാം ആത്മീയ തീവ്രവാദത്തിന്റെ ഉദാഹരണങ്ങളാണ്.

ആത്മീയതയും മതവും സാമൂഹികതയും രാഷ്ട്രീയവുമെല്ലാം തികച്ചും സമതുലിതമായി സമ്മേളിച്ച പ്രകൃതിപരമായ ദൈവിക സന്മാര്‍ഗമാണ് ഇസ്‌ലാമെന്ന് വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും സച്ചരിതരായ ഖലീഫമാരുടെ പ്രായോഗിക മാതൃകയും മനസ്സിലാക്കിയവര്‍ക്കറിയാം. അതില്‍ ഒരു തരത്തിലുള്ള തീവ്രവാദത്തിനും ഒരു സ്ഥാനവുമില്ല. ഭയത്തില്‍നിന്നും ദുഃഖത്തില്‍നിന്നും മോചനത്തിനായി ആദമിന്റെ സന്തതികള്‍ക്ക് സ്രഷ്ടാവ് നല്‍കിയ സന്മാര്‍ഗത്തില്‍ ഭീകരത ആരോപിക്കാനും ഒരു ന്യായവുമില്ല. എന്നിട്ടും ഇസ്‌ലാമിന്റെ പേരില്‍ തീവ്രവാദമോ ഭീകരതയോ ആരോപിക്കപ്പെടുന്നുവെങ്കില്‍ അതിനുത്തരവാദികള്‍ ഒന്നാമതായി മുസ്‌ലംകളെന്നവകാശപ്പെടുന്നവര്‍ തന്നെ. 

ആയിനത്തില്‍ 1920-കളില്‍ മലബാറില്‍ ഖിലാഫത്തെന്ന പേരില്‍ സ്ഥാപിക്കപ്പെട്ട സാമുദായിക രാഷ്ട്രീയ സംവിധാനത്തെക്കുറിച്ച് ചിന്തിക്കുക. 1903-ല്‍ ജനിച്ച സയ്യിദ് മൗദൂദി, പതിനെട്ടാം വയസ്സില്‍ കേവലം ഒരു പത്രപ്രവര്‍ത്തകനായി ജീവിതമാരംഭിച്ച കാലഘട്ടത്തില്‍ ഇങ്ങിവിടെ മലബാറിന്റെ ഒരു മൂലയില്‍ ആരംഭിച്ച 'ഖിലാഫത്തി'ന്റെ വേരുകള്‍ അദ്ദേഹത്തിന്റെ പില്‍ക്കാല ചിന്തയില്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന വിഡ്ഢിത്തം ഏതായാലും ആര്‍ക്കും ഉണ്ടാവുകയില്ലെന്ന് കരുതുക! ഇസ്‌ലാമിക ഖിലാഫത്തിന്റെ യഥാര്‍ഥ സ്വഭാവവും മാതൃകയും എന്തെന്ന് പഠിക്കാന്‍ മൗദൂദിയെ പ്രേരിപ്പിച്ചത് തന്നെ 1921-ല്‍ ഇന്ത്യയില്‍ നടന്ന ഖിലാഫത്ത് പ്രക്ഷോഭമാണെന്ന് അദ്ദേഹം ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി 1941-ല്‍ രൂപവത്കരിക്കുന്നതിന് മുമ്പും പിമ്പുമായി മൗദൂദി എഴുതിയ നിരവധി ഗ്രന്ഥങ്ങളില്‍ ഇസ്‌ലാമിക രാഷ്ട്രീയ വ്യവസ്ഥയുടെ കൃത്യവും വ്യക്തവുമായ രൂപരേഖ അവതരിപ്പിച്ചത് ലോക ഭാഷകളില്‍ പ്രസിദ്ധീകൃതമായ മൗദൂദി കൃതികളില്‍ ആര്‍ക്കും വായിക്കാനാവും. അതിലൊന്നിലും ഒരു വിധത്തിലുമുള്ള തീവ്രവാദത്തിന്റെ കണികപോലുമില്ല. മാത്രമല്ല, സായുധ വിപ്ലവത്തിന്റെയും ബലപ്രയോഗത്തിന്റെയും മാര്‍ഗങ്ങളെ അദ്ദേഹം പാടെ തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നതും.

സലഫിസത്തില്‍നിന്നാണ് ഐ.എസിന്റെ ഉത്ഭവം എന്ന് ലോക മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളുമെല്ലാം ചൂണ്ടിക്കാട്ടുന്നതാണ്. സലഫിസ്റ്റ് ഗ്രൂപ്പുകള്‍ ഒന്നടങ്കം മൗദൂദിയെ തിരസ്‌കരിക്കുന്നവരും അദ്ദേഹത്തിന്റെ ചിന്തകളെ നിരാകരിക്കുന്നവരുമാണു താനും. കേരളത്തില്‍ തന്നെ ഏത് സലഫി ഗ്രൂപ്പാണ് മൗദൂദിയെ അംഗീകരിക്കുന്നവര്‍! എന്നല്ല ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ സൂഫി, ബറേല്‍വി, ദയൂബന്ദി, അഹ്‌ലെ ഹദീസ്, സലഫി, തബ്‌ലീഗ് ജമാഅത്ത് വിഭാഗങ്ങളിലൊന്നും മൗദൂദിയുടെയോ ജമാഅത്തെ ഇസ്‌ലാമിയുടെയോ വിചാരധാര പങ്കിടുന്നില്ലെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്! അവശേഷിക്കുന്നത് രണ്ടോ മൂന്നോ ശതമാനം മാത്രം വരുന്ന ജമാഅത്തെ ഇസ്‌ലാമിക്കാരാണ്. അവരില്‍ ഒരാള്‍ പോലും ഐ.എസിലേക്കോ അല്‍ഖാഇദയിലേക്കോ ആകര്‍ഷിക്കപ്പെട്ടതായി പരാതിയോ വാര്‍ത്തയോ ഇല്ലതാനും. എന്നിട്ടും മുസ്‌ലിം യുവാക്കളില്‍ തീവ്രവാദത്തിന്റെ ഊര്‍ജം പടര്‍ന്നത് മൗദൂദിചിന്തകളില്‍നിന്നാണെന്ന കണ്ടുപിടിത്തം സ്വന്തം മസ്തിഷ്‌കത്തിന്റെ വൈകല്യമാവാനേ തരമുള്ളൂ. 

 

കേരള സലഫി പ്രസ്ഥാനത്തിലെ പ്രതിസന്ധി

 

''ആദര്‍ശ വ്യതിയാനം ആരോപിച്ച് സംഘടനയുടെ യുവ വിഭാഗമായ ഐ.എസ്.എമ്മിനെ പിരിച്ചുവിട്ട് രൂപവത്കൃതമായ അഡ്‌ഹോക്ക് കമ്മിറ്റിയില്‍ പെട്ടവരാണ് നവ സലഫിസത്തിന്റെ പേരില്‍ ആത്മീയ തീവ്രവാദത്തില്‍ എത്തിപ്പെട്ടത്. ജനാധിപത്യ മതേതര ഭരണകൂടം നിലനില്‍ക്കുന്ന ഇന്ത്യയെയും കേരളത്തെയും ദാറുല്‍ ഹര്‍ബോ(ശത്രു രാജ്യം) ദാറുല്‍ കുഫ്‌റോ(നിഷേധികളുടെ രാജ്യം) ആയി കണ്ട് പലായനം ചെയ്യുന്നത് വിഡ്ഢിത്തമാണ്. കേരളത്തില്‍നിന്ന് കാണാതായവര്‍ പോയതായി സംശയിക്കുന്നത് സലഫി ആശയധാരയുള്ള സുഊദി അറേബ്യയിലേക്കോ ഖത്തറിലേക്കോ അല്ല. യാഥാസ്ഥിക സംഘടനകളും മതരാഷ്ട്ര സംഘടനകളും ബന്ധം പുലര്‍ത്തുന്ന ഇറാന്‍, യമന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലേക്കാണ്. ആഗോളതലത്തില്‍ നടക്കുന്ന എല്ലാവിധ തീവ്രവാദ-ഭീകരവാദ പ്രവര്‍ത്തനങ്ങളെയും സലഫി സംഘടകളുമായി ബന്ധപ്പെടുത്തുന്ന സാമ്രാജ്യത്വ അജണ്ട അതേപടി പ്രചരിപ്പിക്കുകയാണ് യാഥാസ്ഥിതിക സംഘടനകളും ചില മാധ്യമങ്ങളും'' (മര്‍കസുദ്ദഅ്‌വ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നദ്‌വത്തുല്‍ മുജാഹിദീന്‍ ജനറല്‍ സെക്രട്ടറി എം. സലാഹുദ്ദീന്‍ മദനി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയ കാര്യങ്ങളാണിവ- വിവിധ മലയാള പത്രങ്ങള്‍ 21-7-2016). മുജീബിന്റെ പ്രതികരണം?

പി.വി ഉമ്മര്‍ കോയ, പന്നിയങ്കര

 

ശിര്‍ക്ക്-ബിദ്അത്തുകള്‍ക്കെതിരെ പൊരുതാനും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഉന്മൂലനം ചെയ്യാനും 1920-കളില്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഇസ്‌ലാഹി പ്രസ്ഥാനമാണ് പിന്നീട് മുജാഹിദുകളെന്നും സലഫികളെന്നും അറിയപ്പെട്ടുതുടങ്ങിയത്. വിശുദ്ധ ഖുര്‍ആനിനെയും സുന്നത്തിനെയും മാത്രം പ്രമാണങ്ങളായി അംഗീകരിക്കുന്ന മുജാഹിദുകള്‍ പൊതുവെ മദ്ഹബുകളെ നിരാകരിക്കുന്നവരാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(ക്രി. 1263-1328), ശൈഖ് മുഹമ്മദു ബ്‌നു അബ്ദുല്‍ വഹാബ്(1703-1791), ശൈഖ് മുഹമ്മദ് അബ്ദു (1849-1905), ശൈഖ് റശീദ് രിദാ(1865-1935) തുടങ്ങിയ പരിഷ്‌കര്‍ത്താക്കളുടെ ചിന്തകളാണ് കേരള മുസ്‌ലിം പരിഷ്‌കരണ പ്രസ്ഥാനത്തിനും പ്രചോദനമായതെന്ന് സാമാന്യമായി പറയാം. ഈ പണ്ഡിതന്മാര്‍ക്കിടയില്‍ ഒരു കാര്യത്തിലും ഭിന്ന വീക്ഷണങ്ങളുണ്ടായിരുന്നില്ല എന്ന് ധരിക്കരുത്. പല കാര്യങ്ങളിലും ഭിന്നാഭിപ്രായമുള്ളവര്‍ അവരിലുണ്ടായിരുന്നു. എങ്കിലും വിശ്വാസ കാര്യങ്ങളിലും ശരീഅത്തിലും മൂലപ്രമാണങ്ങളാവേണ്ടത് ഖുര്‍ആനും നബിചര്യയുമാണെന്നും ഉലമാഇന്റെ വീക്ഷണങ്ങളെ തഖ്‌ലീദ് ചെയ്യുന്നത് ശരിയല്ലെന്നും നടേ പറഞ്ഞവരെല്ലാം അംഗീകരിച്ചിരുന്നു. ഇജ്തിഹാദിന്റെ വാതില്‍ മദ്ഹബ് ഇമാമുകളുടെ കാലഘട്ടത്തോടെ അവസാനിച്ചു എന്ന യാഥാസ്ഥിതിക തീര്‍പ്പിനോടും അവര്‍ യോജിച്ചില്ല. നവംനവങ്ങളായ പ്രശ്‌നങ്ങളെ മൂലപ്രമാണങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കാനും പരിഹാരം തേടാനും വഴിതുറന്ന ഈ ചിന്താധാര പുരോഗമനപരവും കാലത്തോടൊപ്പം ചലിക്കാന്‍ ഇസ്‌ലാമിനെ പര്യാപ്തമാക്കുന്നതുമാണെന്നത് വസ്തുതയാണ്. അതുപോലെ ഖുര്‍ആനിലും പ്രമാണയോഗ്യമായ ഹദീസുകളിലും ഒരു തെളിവുമില്ലാത്ത പണ്ഡിതാഭിപ്രായങ്ങള്‍ക്ക് അപ്രമാദിത്വം കല്‍പിക്കുന്ന സാമ്പ്രദായിക മനോഭാവത്തില്‍ മാറ്റം വരുത്താനും ഇസ്‌ലാഹി പ്രസ്ഥാനത്തിന് കഴിഞ്ഞു. തദ്ഫലമായി കേരളീയ മുസ്‌ലിം സമൂഹത്തില്‍ ചിന്താപരവും കര്‍മപരവുമായ പരിവര്‍ത്തനം വലിയ അളവില്‍ യാഥാര്‍ഥ്യമായിത്തീരുകയും ചെയ്തു.

എന്നാല്‍, ഇസ്‌ലാമിന്റെ സാമൂഹിക, രാഷ്ട്രീയ ദര്‍ശനങ്ങളെ പാടെ അവഗണിച്ചുകൊണ്ട് മുസ്‌ലിമിന് ഏത് മതേതര സോഷ്യലിസ്റ്റ്, ക്യാപിറ്റലിസ്റ്റ് പ്രസ്ഥാനത്തിലും ചെന്ന് പ്രവര്‍ത്തിക്കുന്നതില്‍ തടസ്സമില്ലെന്നുള്ള കേരള ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാട് ആഗോള സലഫി കാഴ്ചപ്പാടുകളോട് വിയോജിക്കുന്നതായിരുന്നു. സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമി ഇന്ത്യാ ഉപഭൂഖണ്ഡത്തിലെന്നപോലെ കേരളത്തിലും രംഗപ്രവേശം ചെയ്തപ്പോള്‍ പുരോഗമനേഛുക്കളായ പണ്ഡിതന്മാര്‍ ഉള്‍പ്പെടെ ഗണ്യമായ വിഭാഗം ഇസ്‌ലാഹി പ്രവര്‍ത്തകര്‍ അതിന്റെ പിന്നില്‍ അണിനിരന്നു. ഇബാദത്ത്, ഇലാഹ്, റബ്ബ്, ത്വാഗൂത്ത് തുടങ്ങിയ ഖുര്‍ആനിലെ ചില സാങ്കേതിക സംജ്ഞകളില്‍ കയറിപ്പിടിച്ച് ജമാഅത്തെ ഇസ്‌ലാമിക്ക് തെറ്റു പറ്റിയെന്ന് സ്ഥാപിക്കാന്‍ ഇസ്‌ലാഹി പണ്ഡിതന്മാരും സംഘടനകളും ശ്രമം നടത്തിയെങ്കിലും പ്രാമാണികമായും യുക്തിഭദ്രമായും തങ്ങളുടെ വാദഗതികള്‍ തെളിയിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഈ ആശയപ്രതിസന്ധി പരിഹരിക്കാനാണ് മുജാഹിദുകള്‍ അഥവാ സലഫികള്‍ തീവ്ര മതേതരവാദികളുടെ പിന്തുണയോടെ ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ മതരാഷ്ട്രവാദം ആരോപിക്കാന്‍ ഉദ്യുക്തരായത്. അതേസമയം സുഊദി സലഫികള്‍ അവരുടെ ഈ വാദഗതികളോട് വിയോജിക്കുന്നുവെന്ന് വ്യക്തമായിട്ടും ഗള്‍ഫ് സലഫികളുമായുള്ള ബന്ധം അവര്‍ തുടരുകയും ചെയ്തു. മൂലപ്രമാണങ്ങളിലെ ടെക്സ്റ്റുകളുടെ അന്തസ്സത്തയോ പശ്ചാത്തലമോ ഗ്രഹിക്കാതെയും കണക്കിലെടുക്കാതെയും ഒരുതരം അക്ഷരപൂജ നടത്തുക എന്ന സലഫിസത്തിന്റെ മൗലിക ദൗര്‍ബല്യവും കൂടിയായപ്പോള്‍ കേരള സലഫികള്‍ ചിന്താപരവും സംഘടനാപരവുമായ ശൈഥില്യത്തിന് വിധേയരായി. അവരില്‍ ചിലര്‍ മിതത്വത്തിന്റെ പരിധിയില്‍ ഒതുങ്ങിയപ്പോള്‍ ചിലര്‍ തീവ്രതയിലേക്ക് എടുത്തെറിയപ്പെട്ടു. അങ്ങനെ വഴിപിഴപ്പിക്കപ്പെട്ടവരാണ് യമനിലേക്കുള്ള ഹിജ്‌റയിലേക്കും ആടുമേക്കല്‍ സിദ്ധാന്തത്തിലേക്കും മറ്റും ആകര്‍ഷിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. എന്നാല്‍ കേരളത്തിലെ സലഫികള്‍ പൊതുവെ ഇത്തരം ആത്യന്തിക ചിന്തകളെ നിരാകരിക്കുന്നവരാണ്. അത്രയും നല്ലത്. അപ്പോഴും, ഇല്ലാത്ത മതരാഷ്ട്രവാദം ആരോപിച്ച് ഇസ്‌ലാമിക പ്രസ്ഥാനത്തെ പ്രതിക്കൂട്ടിലാക്കാന്‍ അവര്‍ വൃഥാശ്രമം നടത്തുന്നത് സഹതാപാര്‍ഹമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ സമഗ്രവും സമാധാനപൂര്‍ണവും എന്നാല്‍ പ്രാമാണികവുമായ ഇസ്‌ലാമിക കാഴ്ചപ്പാടിനെ ചുരുങ്ങിയ പക്ഷം അന്ധമായി എതിര്‍ക്കാതിരിക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ വര്‍ത്തമാനകാല ഛിദ്രതയില്‍നിന്നും ശൈഥില്യത്തില്‍നിന്നും സലഫികള്‍ വലിയ അളവില്‍ രക്ഷപ്പെട്ടേനെ. ലോകത്തെവിടെയായാലും മാനവികതയും സാമൂഹികനീതിയും ധാര്‍മികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശമാണ് ഇസ്‌ലാം എന്ന പ്രാഥമിക തത്ത്വം ആത്മാര്‍ഥതയുള്ള ഒരു വിശ്വാസിക്കും ചോദ്യം ചെയ്യാനാവില്ല. അതിനാല്‍തന്നെ അയാള്‍ തീവ്രവാദിയുമാവില്ല. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 55
എ.വൈ.ആര്‍