Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 12

2963

1437 ദുല്‍ഖഅദ് 09

ഗോമാംസ വിരോധം ഭക്ഷണ മെനുവിന്റെ കുപ്പായമിട്ട ജാതിഭ്രാന്ത്

മുസ്ത്വഫാ തന്‍വീര്‍

ആധുനിക ഇന്ത്യയില്‍ ഗോമാംസവിരോധം ദലിത് ഹിംസയായി ഉറഞ്ഞുതുള്ളുന്നത് കേവല യാദൃഛികതയല്ല. ഗോമാംസ വര്‍ജനത്തിന്റെ മതതത്ത്വശാസ്ത്രം ഭാരതത്തിന്റെ പൊതു പ്രാചീനപാരമ്പര്യമല്ല, മറിച്ച് ചരിത്രത്തിന്റെ ഒഴുക്കില്‍ ഘട്ടം ഘട്ടമായി ചില ജനവിഭാഗങ്ങള്‍ക്കിടയില്‍ മാത്രം രൂപപ്പെട്ടുവന്ന 'ഭക്ഷണ ധാര്‍മികത'യാണ് എന്ന് ഹിന്ദുമതഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പശു ഏറ്റവും വലിയ സമ്പത്തായി കരുതപ്പെട്ടിരുന്ന ഇടയസംസ്‌കൃതിയില്‍ യാഗങ്ങളുടെ കാര്‍മികത്വം വഹിക്കുന്ന ബ്രാഹ്മണര്‍ക്കുള്ള ദക്ഷിണയായി നിശ്ചയിക്കപ്പെട്ടിരുന്നത് പശുക്കള്‍ തന്നെയായിരുന്നു. യാഗങ്ങളോടനുബന്ധിച്ചല്ലാതെയും 'ദേവപ്രീതി' ലക്ഷ്യമാക്കി ബ്രാഹ്മണര്‍ക്ക് വമ്പിച്ച കാലിസമ്പത്ത് ദാനമായി നല്‍കുക അക്കാലത്ത് ഭരണാധികാരികളുടെയും ധനാഢ്യന്മാരുടെയുമെല്ലാം പതിവായിരുന്നു. സാമാന്യജനങ്ങളില്‍ അസൂയ വളര്‍ത്തുംവിധം ഗോസമ്പത്തിനുടമയായിത്തീര്‍ന്ന ബ്രാഹ്മണ പുരോഹിതന്മാരുടെ സ്വത്ത് സംരക്ഷണാര്‍ഥമാണ് ഗോഹത്യാവിരുദ്ധ സൂക്തങ്ങള്‍ ഭാരതത്തില്‍ പിറന്നുവീണത് എന്നാണ് ചില പണ്ഡിതന്മാരുടെ വീക്ഷണം. ബ്രാഹ്മണന്‍ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയായതിനാല്‍ അയാളുടെ പശുക്കളെ കൈയേറ്റം ചെയ്യുന്നത് ദൈവനിന്ദയാണ് എന്ന സിദ്ധാന്തം നിര്‍മിച്ചെടുക്കാനുള്ള മേല്‍ജാതി വ്യഗ്രതയിലാണ് പില്‍ക്കാലത്ത് പ്രബലമായിത്തീര്‍ന്ന ഗോവധവിരോധത്തിന്റെ വേരുകള്‍ ചികയേണ്ടത് എന്ന വീക്ഷണത്തെ തള്ളിക്കളയാനാകില്ല. ബ്രാഹ്മണന് പശുവിനെ ദാനം ചെയ്യുന്നവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ദൈവാനുഗ്രഹങ്ങളെക്കുറിച്ചും ബ്രാഹ്മണന്റെ പശുക്കളോട് അനാദരവ് കാണിക്കുന്നവര്‍ക്കുള്ള ശിക്ഷയെക്കുറിച്ചുമെല്ലാം ഭാരതീയ ഗ്രന്ഥങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്.(1) പശു ദൈവമാണെന്ന ആത്മാര്‍ഥമായ വിചാരത്തില്‍ നിന്നല്ല, പ്രത്യുത ബ്രാഹ്മണ മൃഗമൂലധനം സമൂഹത്തില്‍ സൃഷ്ടിക്കുന്ന സാമ്പത്തിക വൈരുധ്യങ്ങള്‍ അധഃസ്ഥിത ബഹുജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കാതിരിക്കാനുള്ള അധീശവര്‍ഗ ആസൂത്രണത്തില്‍നിന്നാണ് ഗോഹത്യക്കെതിരായ കാമ്പയിന്റെ വേരുകള്‍ പടര്‍ന്നതെങ്കില്‍, അത് പശുമാംസവിരോധത്തിന്റെ 'ജാതി' കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്.  

 ബി.സി. അഞ്ചാം നൂറ്റാണ്ട് മുതലുണ്ടായ ബുദ്ധമതതത്ത്വങ്ങളുടെ വ്യാപനം ഗോവധവിരോധത്തിന്റേതായ ഒരു മനഃശാസ്ത്രം ഭാരതത്തില്‍ രൂപപ്പെടുത്തിയെടുത്തതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നു വ്യക്തമാണ്. എന്നാല്‍, പശു ദൈവമായതിനാല്‍ പശുവിനെയറുത്തുകൂടാ എന്ന ആധുനിക സവര്‍ണ നിലപാടായിരുന്നില്ല ബുദ്ധപ്രബോധനങ്ങളിലെ ഗോവധവിരുദ്ധവാദങ്ങളുടെ അന്തസ്സത്ത. യജ്ഞപീഠത്തില്‍ അനാവശ്യമായി പശുക്കളെ കൊന്നുകൂട്ടലാണ് മതമെന്ന് വരുത്തിത്തീര്‍ത്ത അക്കാലത്തെ ഹിന്ദു പൗരോഹിത്യത്തോടുള്ള യുക്തിസഹമായ കലാപമായിരുന്നു ബുദ്ധന്റെ മൃഗവധ നിരുത്സാഹപ്പെടുത്തലുകള്‍. പശുക്കള്‍ക്ക് പ്രാചീന ഭാരതത്തിലുണ്ടായിരുന്ന സാമ്പത്തിക പ്രാധാന്യംകൂടി കണക്കിലെടുക്കുമ്പോള്‍ ഒരുപകാരവുമില്ലാതെ അവയെ കൂട്ടക്കശാപ്പ് നടത്താന്‍ ആത്മീയതയുടെ കൊടി നാട്ടിയവര്‍ക്കെതിരെ ഏത് സാമൂഹിക പരിഷ്‌കര്‍ത്താവിനുമുണ്ടാകുന്ന വികാരവിക്ഷുബ്ധതയാണ് ബുദ്ധന്റെ വര്‍ത്തമാനങ്ങളില്‍ കാണാന്‍ കഴിയുന്നത്. യാഗശാലയില്‍നിന്ന് ചാലിട്ടൊഴുകുന്ന രക്തമാണ് മോക്ഷത്തിന്റെ വഴിവെട്ടുന്നത് എന്ന വികൃതഭാവനക്കെതിരെ നടന്ന ബൗദ്ധികസമരം അകപ്പെട്ടുപോയ ആത്യന്തികതകള്‍ മാത്രമാണ് ബുദ്ധമത ഗ്രന്ഥങ്ങളിലെ അഹിംസാ പ്രസ്താവനകള്‍. 

യജ്ഞങ്ങള്‍ക്കൊരുങ്ങിയവരെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രീബുദ്ധന്‍ നടത്തിയ സംവാദ സംഭാഷണങ്ങളുടെ കഥകള്‍കൊണ്ട് സമൃദ്ധമാണ് ബൗദ്ധപാരമ്പര്യം. എന്നാല്‍ മാംസം ഒരു ഭക്ഷണം എന്ന നിലയില്‍ ബുദ്ധശിഷ്യന്മാരില്‍നിന്ന് അന്യം നിന്നുപോയിരുന്നില്ലെന്ന് വ്യക്തമാക്കുന്ന ചരിത്രരേഖകളുണ്ട്. സാക്ഷാല്‍ ശ്രീബുദ്ധന്‍ തന്നെ മാംസഭക്ഷണം ഉപയോഗിച്ചിരുന്നുവെന്ന് ചില സംഭവങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ബുദ്ധമതഗ്രന്ഥങ്ങളില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന യജ്ഞ/മൃഗവധ വിരുദ്ധ ഉദ്ധരണികള്‍, പില്‍ക്കാലത്ത് പല ബൗദ്ധസമൂഹങ്ങളെയും നിഷ്ഠാപൂര്‍വമുള്ള തീവ്ര സസ്യാഹാരക്രമത്തിലേക്ക് നയിച്ചു എന്നത് സത്യമാണ്. സസ്യാഹാരവ്രതമുള്ള ജനങ്ങളെ ഭാരതത്തില്‍ സൃഷ്ടിച്ചെടുത്തതില്‍, മതസ്ഥാപകന്‍ നേര്‍ക്കുനേരെ അതുദ്ദേശിച്ചിരുന്നില്ലെങ്കിലും, ബുദ്ധമതത്തിന് ചരിത്രപരമായ പങ്കുണ്ടെന്ന് പറയാം. എന്നാല്‍ ബുദ്ധ ആശ്രമങ്ങളില്‍പോലും ഇത് ഏകശിലാരൂപമുള്ള കഠിന നിലപാടൊന്നുമായിരുന്നില്ല. ഹീനയാനക്കാരും മഹായാനക്കാരുമായി ബൗദ്ധര്‍ പിളര്‍ന്നുമാറിയപ്പോള്‍ മഹായാനക്കാര്‍ സസ്യാഹാരനിഷ്‌കര്‍ഷയില്‍ തീവ്രവാദികളായി മാറുകയും തങ്ങള്‍ക്കനുകൂലമായി ബുദ്ധനെ വ്യാഖ്യാനിക്കാനൊരുമ്പെടുകയും ചെയ്തു. അവര്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ള ബുദ്ധന്‍ തന്നെയാണോ ചരിത്രത്തില്‍ ജീവിച്ചിട്ടുള്ള യഥാര്‍ഥ ബുദ്ധന്‍ എന്ന കാര്യം തീര്‍ത്തും സംശയാസ്പദമാണ്. 

ഇതിനെല്ലാം ശേഷവും വിവിധ പ്രദേശങ്ങളില്‍ ബുദ്ധമതസമൂഹങ്ങള്‍ മാംസാഹാരികളായിത്തന്നെ തുടര്‍ന്നു എന്ന കാര്യം സാമൂഹിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മഹായാന വിഭാഗക്കാര്‍ തന്നെയായ ടിബറ്റിലെ താന്ത്രിക ബുദ്ധമതക്കാര്‍ പശുവിനെയും ചെമ്മരിയാടിനെയും പന്നിയെയും കോഴിയെയുമെല്ലാം ഇപ്പോഴും നിര്‍ബാധം ഭക്ഷണമാക്കുന്നുണ്ട്.(2) തനിക്ക് മാംസമുപേക്ഷിക്കാന്‍ ശരീരപ്രകൃതിയും കാലാവസ്ഥയും വെച്ച് കഴിയില്ലെന്ന ബുദ്ധ ആത്മീയ നേതാവ് ദലൈലാമയുടെ പ്രസ്താവന തന്നെ, പൂര്‍ണമായ സസ്യാഹാരനിഷ്ഠ ബൗദ്ധോപദേശങ്ങളുടെ ഒരു വ്യാഖ്യാനം മാത്രമാണെന്ന് സ്പഷ്ടമാക്കുന്നുണ്ട്. 

അധീശ മതബോധത്തിനെതിരെ അതിശക്തമായി യുദ്ധം ചെയ്ത ശ്രീബുദ്ധന്റെ നിലപാടുകള്‍ അതേ മതത്തിന്റെ പില്‍ക്കാല ആഹാരശാഠ്യങ്ങള്‍ക്ക് സൈദ്ധാന്തിക പരിസരമൊരുക്കിയത് ഇന്ത്യാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിരോധാഭാസങ്ങളിലൊന്നാണ്. ബുദ്ധന്റെ ആശയകലാപം വൈദിക ഹിന്ദുമതത്തിന്റെ സാമൂഹികകാണ്ഡമായ ജാതിവ്യവസ്ഥക്കും കര്‍മകാണ്ഡമായ യജ്ഞസംസ്‌കാരത്തിനുമെതിരെയായിരുന്നു.  ഋഗ്വേദ ഹിന്ദുമതത്തിന്റെ ആചാരസത്തയായിരുന്ന മൃഗബലിയാഗങ്ങള്‍ക്കെതിരില്‍ ജനവികാരമുണര്‍ത്താന്‍ ബുദ്ധനെപ്പോലൊരു 'മതനിഷേധി' ഉന്നയിച്ച ന്യായങ്ങളെത്തന്നെ കൂട്ടുപിടിച്ചുകൊണ്ട് പില്‍ക്കാല ഹിന്ദുമതത്തെ പുനര്‍നിര്‍വചിച്ച പൗരോഹിത്യകൗശലം അനന്യസാധാരണമാണ്. മേല്‍ജാതിക്കാരന്റെ പശുവിന് സംരക്ഷണ കവചമൊരുക്കാന്‍ വേണ്ടി നല്‍കപ്പെട്ട പശുസംരക്ഷണ ഉദ്‌ബോധനങ്ങളും പശുവിനെ യജ്ഞപീഠത്തിന്റെ ക്രൂരതയില്‍നിന്ന് രക്ഷിക്കാന്‍ ബുദ്ധന്‍ നടത്തിയ ആഹ്വാനങ്ങളും ഒരുക്കിവെച്ച മണ്ണില്‍ ഗോമാതാ സങ്കല്‍പത്തെ സമര്‍ഥമായി നട്ടുനനച്ചു വളര്‍ത്തുകയാണ് കൃഷ്ണപൂജകര്‍ ചെയ്തത്. ബുദ്ധന്റെ പോരാട്ടങ്ങളുടെ ആത്മാവായിരുന്ന ജാതിവിരുദ്ധതയെ ഈ ഏറ്റെടുക്കല്‍ പ്രക്രിയക്കിടയില്‍ സമര്‍ഥമായി കഴുത്തുഞെരിച്ചു കൊല്ലാന്‍ ജാതിമേധാവിത്വത്തിനു സാധിച്ചു എന്നതാണ് ഇന്ത്യാ ചരിത്രത്തിലെ ഭീകരമായ ദുരന്തങ്ങളിലൊന്ന്. ജാതിവിരുദ്ധനായിരുന്ന ബുദ്ധനെ സ്തുതിച്ച് വേരുപിടിക്കാന്‍ ശ്രമിച്ച സവര്‍ണ ഗോമാംസവിരോധം, ജാതിസംരക്ഷണത്തിന്റെ പുതിയ മാര്‍ഗങ്ങളാണ് ഭാരതത്തില്‍ തുറന്നത് എന്ന വസ്തുത വിശകലനമര്‍ഹിക്കുന്നുണ്ട്. 

ആധുനിക ഇന്ത്യയില്‍ അവര്‍ണ സമരങ്ങളുടെ ധൈഷണിക ന്യൂക്ലിയസ് ആയി വര്‍ത്തിച്ച ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കര്‍, ബുദ്ധ അഹിംസയെ ഹിന്ദുമേല്‍തട്ട് സ്വാംശീകരിച്ചതിന്റെ ജാതിരാഷ്ട്രീയം കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്. യജ്ഞങ്ങളുടെ ഭീകരത സാധാരണക്കാരനുവരെ അനുഭവവേദ്യമായിരുന്ന പ്രാചീന ഭാരതത്തില്‍ ബുദ്ധനുമുന്നില്‍ സംവാദങ്ങളില്‍ പിടിച്ചുനില്‍ക്കുക വൈദിക പൗരോഹിത്യത്തിന് ദുസ്സാധ്യമായിരുന്നു എന്നാണ് അംബേദ്കര്‍ ചൂണ്ടിക്കാണിക്കുന്നത്. പതറാതിരിക്കാന്‍ അവര്‍ ബുദ്ധനേക്കാള്‍ വലിയ ഗോഹത്യാവിരോധികളായി മാറുകയായിരുന്നു. യാഗത്തിനുവേണ്ടിയുള്ള ഗോവധത്തിനെതിരായ ആശയസമരത്തിന് ലഭിച്ച ജനപിന്തുണയെ ഹൈജാക്ക് ചെയ്യാന്‍ ഭക്ഷണത്തിനുവേണ്ടിയടക്കമുള്ള സകല മൃഗമാംസ ഉപഭോഗവും നിര്‍ത്തിവെക്കുന്നതായി അധീശവര്‍ഗം പ്രഖ്യാപിക്കുകയായിരുന്നു. തീന്‍മേശയിലെ ഇറച്ചിയുടെ അസാന്നിധ്യത്തെ ജാതീയമായ പരിശുദ്ധിയുടെ സൂചകമായി പില്‍ക്കാലത്ത് വരേണ്യവര്‍ഗം വളരെ സമര്‍ഥമായി സ്ഥാപിച്ചെടുത്തു. മൃഗമാംസത്തോടുള്ള അകലം ജീവിതവിശുദ്ധിയുടെ അളവുകോലായി ഇന്ത്യയില്‍ മാറുന്നതങ്ങനെയാണ്. 

എല്ലാതരം മൃഗമാംസങ്ങളില്‍നിന്നും അകന്നുനില്‍ക്കാനുള്ള മേല്‍ജാതിക്കാരന്റെ സന്നദ്ധത, ഉയര്‍ന്ന ആത്മീയശക്തിയുടെ പ്രതീകമായി പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ പശു ദൈവമായതിനാല്‍ പശുവിറച്ചിയില്‍നിന്ന് വിട്ടുനില്‍ക്കല്‍ മേലാളരല്ലാത്തവര്‍ക്കും നിര്‍ബന്ധമാണ് എന്നായിരുന്നു പുതിയ മതവിധി. തദടിസ്ഥാനത്തിലാണ് നോണ്‍വെജ്  മെനുവില്‍നിന്ന് ബീഫിനെ വെട്ടിമാറ്റാന്‍ ബ്രാഹ്മണേതര സവര്‍ണവിഭാഗങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ടത്. എന്നാല്‍ ബഹുഭൂരിപക്ഷം ഇന്ത്യക്കാരും-അവര്‍ണ ബഹുജനങ്ങള്‍-ബീഫ് അടക്കമുള്ള ഭക്ഷ്യയോഗ്യമായ എല്ലാതരം മാംസവും ഉപയോഗിക്കുന്നത് തുടര്‍ന്നു; അവര്‍ അതിന്റെ പേരില്‍മാത്രം അശുദ്ധരും അപരിഷ്‌കൃതരുമായി മുദ്രകുത്തപ്പെട്ടു! ഇപ്രകാരം അവര്‍ണന്നും സവര്‍ണന്നുമിടയിലെ വ്യത്യാസങ്ങളിലൊന്ന് തീന്‍മേശയിലെ ബീഫിന്റെ സാന്നിധ്യമായി നിര്‍ണയിച്ചുകൊണ്ടാണ് ജാതിഭ്രാന്ത് ഭക്ഷണമെനുവിന്റെ കുപ്പായമിട്ടത് എന്നാണ് അംബേദ്കര്‍ സമര്‍ഥിക്കുന്നത്.(3) 

എന്തിന് അവര്‍ണരോട് തൊട്ടുകൂടായ്മയും തീണ്ടലുമെന്ന ചോദ്യത്തിന് ഇന്ത്യയില്‍ മുഴങ്ങിയ ഒരു മറുപടി അവര്‍ ബീഫ് കഴിക്കുന്നു എന്നതുതന്നെയായിരുന്നു. പശുവിനോടുള്ള ബഹുമാനത്തിന്റെ പേരില്‍ മനുഷ്യരെ പീഡിപ്പിക്കുന്ന വൈചിത്ര്യത്തിലാണ് ബുദ്ധകാലാനന്തരം വരേണ്യവര്‍ഗം ചെന്നെത്തിയതെന്ന് ചുരുക്കം. ബീഫ് കഴിക്കാതിരുന്നത് മഹത്വമായി വ്യാഖ്യാനിച്ചെടുക്കുകയും പ്രസ്തുത 'മഹത്വ'ത്തിന്റെ ബലത്തില്‍ അനേകായിരം അവര്‍ണരെ ചവിട്ടിമെതിക്കുകയും ചെയ്യുന്ന സൃഗാലബുദ്ധിയെ മാനവികതയോട് കൂറുള്ള ആര്‍ക്കെങ്കിലും ആദരിക്കാനാകുമോ? വിവേകാനന്ദനുപോലും, ഭക്ഷണമെനു വഴി മഹാനാകുന്ന ഈ മതേന്ദ്രജാലം വേണ്ടത്ര ബോധിച്ചിരുന്നില്ല എന്നുവേണം അനുമാനിക്കാന്‍. അദ്ദേഹം എഴുതി: ''പശുക്കള്‍ മാംസം തിന്നുന്നില്ല. ആടുകളുമില്ല. അതുകൊണ്ടവ മഹായോഗികളും അഹിംസകരുമാണോ? ഏതെങ്കിലും ഒരു ഭക്ഷ്യം വര്‍ജിക്കാന്‍ ഏത് വിഡ്ഢിക്കും കഴിയും. അതുകൊണ്ട് അയാള്‍ക്ക് സസ്യഭുക്കുകളായ മൃഗത്തിനുള്ളതിനേക്കാളേറെ യോഗ്യതക്കവകാശമില്ല.''(4) വിവേകാനന്ദന്റെ പടം പ്രൊപഗണ്ടക്കുപയോഗിക്കുന്നവര്‍, അദ്ദേഹത്തിന്റെ സമ്പൂര്‍ണ കൃതികള്‍ ഒരാവൃത്തി വായിച്ചുനോക്കാനെങ്കിലും സന്നദ്ധരാകുമോ?

ഗോമാംസ നിരാകരണം വരേണ്യവര്‍ഗക്കാര്‍ക്കിടയില്‍ പ്രബലമായിത്തീര്‍ന്നതിന്റെ സൂചനകള്‍ ഒന്നാം സഹസ്രാബ്ദത്തിന്റെ ഉത്തരാര്‍ധം മുതല്‍ ധര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍നിന്ന് കണ്ടെടുക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ നിരോധനത്തിന്റെ തീവ്രതയില്‍ അവ അവ്യക്തതകള്‍ അവശേഷിപ്പിക്കുന്നുമുണ്ട്. ധര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ അനുശാസിക്കപ്പെടുംവിധം സവര്‍ണ സാമൂഹികജീവിതം സമ്പൂര്‍ണമായി ഇക്കാലഘട്ടത്തില്‍ ബീഫ്മുക്തമായി എന്നുപറയാന്‍ സമാന്തര ചരിത്രരേഖകള്‍ അനുവദിക്കുന്നുമില്ല. ബീഫ് വിരുദ്ധമായ മതവികാരങ്ങള്‍ സവര്‍ണ ഹിന്ദുക്കള്‍ക്കിടയില്‍ നാമ്പെടുത്തുതുടങ്ങിയ പരിവര്‍ത്തനഘട്ടത്തിന്റെ സാഹിത്യപ്രതിഫലനങ്ങളായി ധര്‍മശാസ്ത്രഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങളെ കാണുകയായിരിക്കും ശരിയായ സമീപനം. മനുസ്മൃതി വളരെ വ്യക്തമായിത്തന്നെ ബ്രാഹ്മണര്‍ക്ക് മാംസഭക്ഷണം വിലക്കുന്നുണ്ട്. ഇതര ജാതിക്കാരുടെ കാര്യത്തില്‍ ഇത്തരമൊരു നിരോധനം മനു പുറപ്പെടുവിക്കുന്നില്ല. ഒരിടത്ത് 'മാംസം ഭക്ഷിക്കുന്നതില്‍ തകരാറൊന്നുമില്ല' എന്ന് സ്മൃതികാരന്‍ പറയുന്നുണ്ടുതാനും (5:55). എന്നാല്‍ പശുവിനെ ഉപദ്രവിക്കുന്നതും (4:162) കൊല്ലുന്നതും (11:60) കുറ്റകൃത്യങ്ങളായിത്തന്നെ മനുസ്മൃതി പ്രഖ്യാപിക്കുന്നു.(5) സ്മൃതികാലമാകുമ്പോഴേക്കും ഏറക്കുറെ വ്യക്തമായിത്തീരുന്ന ബീഫ്‌വിമുഖതക്ക് അംബേദ്കര്‍ ആരോപിക്കുന്നതുപോലെ ജാതീയമായ അടിയൊഴുക്കുകള്‍ തന്നെയാണുണ്ടായിരുന്നത് എന്ന് മറ്റു സ്മൃതിഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 

പശുവിറച്ചി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് അധമത്വത്തിന്റെ ലക്ഷണമായി പ്രഖ്യാപിച്ച് അവര്‍ണന് സാമൂഹ്യ ഭ്രഷ്ട് കല്‍പിക്കുകയാണ് പല സ്മൃതിപ്രസ്താവനകളും ചെയ്യുന്നത്. പശുവിനെ കൊല്ലുന്നവന്‍ തൊട്ടുകൂടാത്തവനാണെന്നും അവനോട് സംസാരിക്കുന്നതുപോലും പാപം വരുത്തുമെന്നുമാണ് വ്യാസസ്മൃതി (1:12) വിശദീകരിക്കുന്നത്. ബീഫോ ചണ്ഡാളന്‍ നല്‍കിയ ഭക്ഷണമോ കഴിച്ചുപോയാല്‍ ബ്രാഹ്മണന്‍ പ്രായശ്ചിത്തം ചെയ്യണമെന്നാണ് പരാശരസ്മൃതിയുടെ വിധി. ഗോഹത്യ നടത്തുകയും ആ പാപം മറച്ചുവെക്കുകയും ചെയ്യുന്നവന്‍ ഏറ്റവും മോശമായ നരകത്തിലേക്കാണ് പോകുന്നതെന്നും സ്മൃതി പറയുന്നു (തക . ക, കത. 612). മ്ലേഛന്മാരോ ചണ്ഡാളരോ മാംസഭുക്കുകളോ ഒരു ബ്രാഹ്മണനെ ഗോഹത്യക്ക് നിര്‍ബന്ധിച്ചാല്‍ അയാള്‍ ചെയ്യേണ്ട പ്രായശ്ചിത്തങ്ങളെക്കുറിച്ചാണ് ദേവലസ്മൃതി (17) സംസാരിക്കുന്നത്.(6) ഗോവധത്തെയും ഗോമാംസത്തെയും വളരെ സമര്‍ഥമായി പരാമൃഷ്ട സ്മൃതിപ്രസ്താവങ്ങള്‍ ജാതീയമായ അധമത്വവുമായി ഇഴചേര്‍ത്തിരിക്കുകയാണ്. 

(എം.എസ്.എം കേരളയുടെ 

പ്രസിഡന്റാണ് ലേഖകന്‍)

കുറിപ്പുകള്‍:

1. D.N Jha, The Myth of the Holy Cow (New Delhi: Navayana Publishing, 2009), pp. 38-9.

2. Ibid, pp 63-70.

3. Dr. Ambedkar, "The Untouchables: Who were they and why they became Untouchables' (1948)  In Dr. Babasaheb Ambedkar Writings and Speeches (Government of Maharasthra, 1990), Chapters 10-14.

4. വിവേകാനന്ദ സാഹിത്യസര്‍വസ്വം (തൃശൂര്‍: ശ്രീരാമകൃഷ്ണമഠം, 1997).
5. Frank J. Korom, "Holy Cow ! The Apotheosis of Zebu, or Why the Cow is Sacred in Hinduism" Asian Folklore Studies, Vol. 59, No. 2 (2000), pp. 181-203.
6. Dha, op. cit, pp. 114-5.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 55
എ.വൈ.ആര്‍