Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 12

2963

1437 ദുല്‍ഖഅദ് 09

ഒരു സമര്‍പ്പിത സംഘം പിറക്കുന്നു

കെ.കെ ഇബ്‌റാഹീം മാഞ്ഞാലി

1989-'93 കാലയളവില്‍ ജമാഅത്തിന്റെ അമീറായി പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ ചുമതലയേറ്റു. ആ ചതുര്‍വര്‍ഷത്തെ പോളിസി-പ്രോഗ്രാമില്‍ സേവനപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് ഒരു പ്രത്യേക വിംഗ് രൂപീകരിക്കുമെന്ന് എഴുതിയിരുന്നു. അതിനായി എന്നെയും എറണാകുളം ജില്ലയിലെ പ്രവര്‍ത്തകനായ അല്ലാ ബക്ഷ്, പട്ടാമ്പി ടി.സി മുഹമ്മദുണ്ണി എന്നിവരെ അമീര്‍ ചുമതലപ്പെടുത്തി. അങ്ങനെ ആ സന്നദ്ധ സംഘത്തിന്റെ ഘടന രൂപപ്പെടുത്താന്‍ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ നേതൃത്വത്തില്‍ അല്ലാ ബക്ഷ് ഹാജിയും ടി.സി മുഹമ്മദുണ്ണിയും ഞാനും പല തവണ യോഗം ചേര്‍ന്നു. ഇന്റര്‍വ്യൂ നടത്തി വളന്റിയര്‍മാരെ തെരഞ്ഞെടുക്കാന്‍ ധാരണയായി. അതിനായി പ്രത്യേക ഫോമും മറ്റും ഈ മൂന്നംഗ സംഘം തയാറാക്കി അമീറിന്റെ അനുമതി വാങ്ങി. സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ചായിരുന്നു ഇന്റര്‍വ്യൂ. സെന്‍ട്രല്‍, നോര്‍ത്ത്, സതേണ്‍ സോണുകള്‍. ഞങ്ങള്‍ മൂന്ന് പേരും ഓരോ സ്ഥലത്തിന്റെയും ഇന്റര്‍വ്യൂ ചുമതലയേറ്റെടുത്തു. പല തവണകളായി അഞ്ച് മാസമെടുത്താണ് ഇന്റര്‍വ്യൂ പൂര്‍ത്തീകരിച്ചത്. 1991 ഫെബ്രുവരിയില്‍ ആരംഭിച്ച ഇന്റര്‍വ്യൂ 1991 സെപ്റ്റംബറോടെ പൂര്‍ത്തീകരിച്ച് 127 പേരുടെ അന്തിമ ലിസ്റ്റ് അമീര്‍ സിദ്ദീഖ് ഹസന്‍ സാഹിബിന് കൈമാറി.  

ഈ സംഘത്തെ ഏതെല്ലാം രംഗത്ത് ഉപയോഗപ്പെടുത്താമെന്നും അവര്‍ക്ക് നല്‍കേണ്ട ട്രെയ്‌നിംഗിന്റെ രൂപത്തെ പറ്റിയുമായിരുന്നു പിന്നീടുള്ള ചര്‍ച്ച. ഇതിനായി പലതവണ യോഗം ചേര്‍ന്നു. ശാന്തപുരം കോളേജില്‍ രണ്ട് ദിവസം അവരെ ഒരുമിച്ചുകൂട്ടി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. അതിനു മുമ്പ് സംഘടനാ സ്‌ട്രെക്ചറിലും ഉത്തരവാദിത്ത വിഭജനത്തിലും ധാരണയിലെത്തി. അതുപ്രകാരം അമീര്‍ സിദ്ദീഖ് ഹസന്‍ സാഹിബ് ഈ ടീമിന്റെ ജനറല്‍ ക്യാപ്റ്റനും അല്ലാ ബക്ഷ് ജനറല്‍ കണ്‍വീനറുമായി. ശാന്തപുരം ക്യാമ്പിനോട് അനുബന്ധിച്ച യോഗത്തിലാണ് ഈ സംഘം കഞണ (ഐഡിയല്‍ റിലീഫ് വിംഗ്) എന്ന പേര് സ്വീകരിക്കുന്നത്. 1992 മെയ് 20, 21 ദിവസങ്ങളിലായി ശാന്തപുരത്ത് നടന്ന ദ്വിദിന ക്യാമ്പില്‍ ഈ പേരും ജനറല്‍ ക്യാപ്റ്റനെയും ജനറല്‍ കണ്‍വീനറെയും പ്രഖ്യാപിച്ചു. ക്യാമ്പില്‍ ആമുഖ പ്രഭാഷണം നടത്തിയത് സിദ്ദീഖ് ഹസന്‍ സാഹിബായിരുന്നു. 'സമ്പൂര്‍ണ സമര്‍പ്പണമാണ് ഈ ടീമില്‍നിന്ന് പ്രസ്ഥാനം ആഗ്രഹിക്കുന്നത്. അതിന് എന്തെങ്കിലും തടസ്സമുള്ളവര്‍ക്ക് നാളത്തെ പരിപാടിയില്‍ പങ്കെടുക്കാതെ ഇന്നു തന്നെ പോകാന്‍ അനുവാദമുണ്ട്. ഈ ക്യാമ്പ് കഴിഞ്ഞാല്‍ ഒഴികഴിവ് സ്വീകരിക്കുന്നതല്ല' എന്ന് പ്രഖ്യാപിച്ചു. 114 പേരാണ് ശാന്തപുരം ക്യാമ്പ് കഴിയുമ്പോള്‍ വളന്റിയര്‍മാരായി ഉണ്ടായിരുന്നത്. കെ.സി അബ്ദുല്ല മൗലവി, കെ.ടി അബ്ദുര്‍റഹീം സാഹിബ്, കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ് എന്നിവരായിരുന്നു ശാന്തപുരത്തെ ദ്വിദിന ക്യാമ്പില്‍ പങ്കെടുത്ത് സംസാരിച്ചത്. വസ്വിയ്യത്ത് എഴുതിവെക്കുക, മരണത്തെ കുറിച്ച് എപ്പോഴും ഓര്‍ക്കുക, എപ്പോള്‍ വിളിച്ചാലും പുറപ്പെടാന്‍ വിധം സജ്ജമാവുക-വളന്റിയര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ ചിലതാണിത്. ക്യാമ്പില്‍ വളന്റിയര്‍മാരെ പല വകുപ്പുകളായി തിരിക്കുകയും ഓരോ വിഭാഗത്തിനും കണ്‍വീനര്‍മാരെ നിശ്ചയിക്കുകയും പ്രാദേശികമായി അവര്‍ സജീവരാകേണ്ട സേവന മേഖലകള്‍ നിര്‍ണയിച്ചുകൊടുക്കുകയും ചെയ്തു. 

1992 ഒക്‌ടോബറില്‍ തെക്കന്‍ കേരളത്തില്‍ വന്‍ നാശനഷ്ടങ്ങളും അനവധി മരണങ്ങളും വിതച്ച ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലയിലെ പല പ്രദേശങ്ങള്‍ക്കും പുറംലോകവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടു. ഗതാഗതം താറുമാറായി. അനവധി വീടുകള്‍ നശിച്ചു. പല ഗ്രാമങ്ങളും വെള്ളം കയറി മറ്റ് പ്രദേശങ്ങളില്‍നിന്ന് ഒറ്റപ്പെട്ടു. ഈ സന്ദര്‍ഭത്തില്‍ കഞണവിന്റെ 80 അംഗ വളന്റിയര്‍ സംഘം ദുരന്ത സ്ഥലത്തെത്തി. അവരെ മൂന്ന് ജില്ലകളിലായി വിഭജിച്ചു. വെള്ളമിറങ്ങി സ്ഥിതി നിയന്ത്രണവിധേയമാകുന്നതുവരെ മൂന്ന് ദിവസം കഞണ വളന്റിയര്‍മാര്‍ ദുരന്തപ്രദേശങ്ങളില്‍ കര്‍മനിരതരായി. സര്‍ക്കാര്‍  സംവിധാനങ്ങള്‍ക്കൊപ്പം ഗതാഗതം പുനഃസ്ഥാപിക്കാനും പുനരധിവാസ ക്യാമ്പുകളില്‍ ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യാനുമെല്ലാം അവര്‍ മുന്‍പന്തിയില്‍ നിന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത പ്രദേശങ്ങളില്‍ സാഹസികമായി കടന്നുചെന്ന് അവിടങ്ങളില്‍ കുടുങ്ങിയവര്‍ക്ക് അടിസ്ഥാനാവശ്യങ്ങള്‍ എത്തിക്കാനും അവര്‍ക്ക് സാധിച്ചു. 

തെക്കന്‍ ജില്ലകളിലെ ഉരുള്‍പൊട്ടല്‍ മേഖലയിലെ ഈ രക്ഷാപ്രവര്‍ത്തനങ്ങളാണ് കഞണന്റെ ആദ്യ സേവനപ്രവര്‍ത്തനം. പിന്നീട് എല്ലാ ദുരന്തമുഖങ്ങളിലും കഞണ സജീവ സാന്നിധ്യമായി. കേരളവും കടന്ന് ഉത്തരേന്ത്യയിലും പിന്നീട് രാജ്യാതിര്‍ത്തി ഭേദിച്ച് നേപ്പാളിലും കഞണന്റെ വളന്റിയര്‍മാര്‍ സേവനനിരതരായി. കഴിഞ്ഞ 24 വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് നടന്ന ഒട്ടുമിക്ക ദുരന്തങ്ങളിലും കലാപപ്രദേശങ്ങളിലും പുനരധിവാസ-രക്ഷാപ്രവര്‍ത്തനങ്ങളുമായി പലവിധത്തിലും രൂപത്തിലും കഞണ സജീവമായിട്ടുണ്ട്. 1996-ല്‍ എന്‍.ജി.ഒ ആയി രജിസ്റ്റര്‍ ചെയ്തതോടെ സര്‍ക്കാര്‍ അംഗീകാരത്തോടെ തന്നെ ഏതു ദുരന്തമേഖലയിലും രക്ഷാപ്രവര്‍ത്തനം നടത്താനുള്ള അനുവാദവും കഞണന് ലഭിച്ചു. 

സര്‍വവും ദൈവമാര്‍ഗത്തില്‍ സമര്‍പ്പിച്ച കഞണ വളന്റിയര്‍മാരാകട്ടെ പട്ടാളം പോലും പ്രവേശിക്കാന്‍ മടിച്ചുനിന്ന ദുരന്തപ്രദേശങ്ങളില്‍ വരെ ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തി തങ്ങളുടെ ആത്മസമര്‍പ്പണം തെളിയിക്കുകയും ചെയ്തു. 'എന്തിനും സമര്‍പ്പിതമായ ഒരു സംഘമുണ്ടാവണം' എന്ന കെ.സി അബ്ദുല്ല മൗലവിയുടെ ആഗ്രഹം കഞണ വിലൂടെ പൂവണിഞ്ഞിരിക്കുന്നുവെന്ന് അതിന്റെ തുടക്കകാലം മുതല്‍ ആ സംഘത്തോടൊപ്പമുള്ള ഈയുള്ളവന് ഉറപ്പിച്ചു പറയാനാകും.  

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 55
എ.വൈ.ആര്‍