Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 12

2963

1437 ദുല്‍ഖഅദ് 09

ജാതിഭ്രാന്തിന്റെ ഭീകരത

റഹ്മാന്‍ മധുരക്കുഴി

ഗുജറാത്തിലെ ഗിര്‍ സോംനാഥ് ജില്ലയിലെ ഊന ടൗണിനടുത്ത്, ചത്ത പശുവിന്റെ തോല്‍ ഉരിയാന്‍ ശ്രമിച്ച  ദലിത് യുവാക്കളെ 'ഗോ സംരക്ഷകര്‍' എന്ന് പറയപ്പെടുന്ന ഒരുകൂട്ടം അക്രമികള്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തിനെതിരെ ഗുജറാത്തിലെങ്ങും വന്‍പ്രതിഷേധം ഉയര്‍ന്നുവന്നിരിക്കുകയാണ്. കാലങ്ങളായി സവര്‍ണവിഭാഗത്തില്‍നിന്ന് തങ്ങള്‍ അനുഭവിച്ചുവരുന്ന കൊടിയ പീഡനങ്ങളില്‍ നിരാശരായി 16 ദലിത് യുവാക്കള്‍ ആത്മഹത്യക്ക് ശ്രമിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരിക്കുന്നു. 

പശുവിനെ കൊല്ലുന്നത് നിരോധിച്ച സംസ്ഥാനങ്ങളില്‍ ഗോരക്ഷാ സമിതികള്‍ സമാന്തര പോലീസായി പ്രവര്‍ത്തിക്കുകയാണ്. ബൈക്കുകളില്‍ ലാത്തികളേന്തി കറങ്ങുന്ന ഇവരാണ് ചോദ്യം ചെയ്യുന്നതും ശിക്ഷ നടപ്പാക്കുന്നതും, പിന്നീട് പോലീസിന് 'കുറ്റവാളികളെ' കൈമാറുന്നതും. ഗോ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അധികവും  വി.എച്ച്.പി, ബജ്‌റംഗ്ദള്‍ സംഘടനകളില്‍പെട്ടവരാണത്രെ! ഗോ രക്ഷാ ഏകതാ സമിതി, ഗോ രക്ഷാ സമിതി തുടങ്ങി 200 ഓളം പശു സംരക്ഷണസമിതികളുണ്ട് ഗുജറാത്തില്‍. ഈ പശുസംരക്ഷകര്‍ പൂര്‍ണമായും ദലിത് ശിക്ഷകരാണ്. ദലിത് യുവാക്കളുടെ നേരെ നടന്ന ഈ കൊടിയ അക്രമം വനിതാ പോലീസുകാരുള്‍പ്പെടെ നിയമപാലകര്‍ നോക്കിനില്‍ക്കവെയാണ് നടന്നത്. വിവിധ ദലിത് സംഘടനകളുടെ പ്രതിനിധികളായ എട്ടംഗ വസ്തുതാന്വേഷണസംഘം, പോലീസ് ഗുരുതരമായ കൃത്യവിലോപം നടത്തിയതായി വെളിപ്പെടുത്തുന്നു. 

അക്രമികളായ 'ഗോ രക്ഷാ സംഘങ്ങള്‍' തന്നെയാണ് ദലിതുകള്‍ക്കെതിരെ നടത്തിയ മനുഷ്യത്വരഹിതമായ പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാക്കിനെ തല്ലിക്കൊന്നു, ഝാര്‍ഖണ്ഡില്‍ രണ്ട് മുസ്‌ലിം കാലി കച്ചവടക്കാരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി, രാജസ്ഥാനില്‍ രണ്ട് ദലിത് യുവാക്കളെ ചാണകം തീറ്റിച്ചു... മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.

പി കേന്ദ്രത്തില്‍ അധികാരത്തിലേറിയ ശേഷം മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കും നേരെയുള്ള അക്രമം വര്‍ധിക്കുകയാണ്. ദലിതര്‍ക്ക് നേരെയുള്ള അതിക്രമം ഒരു വര്‍ഷം കൊണ്ട് 19 ശതമാനം വര്‍ധിച്ചു. ശിക്ഷിക്കപ്പെട്ടത് അഞ്ചു ശതമാനം മാത്രം. ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ യഥാര്‍ഥത്തില്‍ തനി തെമ്മാടിക്കൂട്ടമാണെന്നാണ് ഗുജറാത്തിലെ ചീഫ് സെക്രട്ടറി ജി.ആര്‍ ഗ്ലോറിയ തന്നെ പറയുന്നത്. 

സ്വാതന്ത്ര്യത്തിന് ഏഴു പതിറ്റാണ്ടെത്തിയിട്ടും, അവിരാമം തുടരുന്ന ദലിത് പീഡനം എത്രമാത്രം ലജ്ജാവഹം! രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ജന്മഗേഹമായ ഗുജറാത്തിലാണ് ദലിത് പീഡനത്തിന്റെ 'മഹനീയ മാതൃക' അരങ്ങേറുന്നത്. ചത്ത പശു പോലും ദലിതന് അസ്പൃശ്യമാക്കുന്ന സവര്‍ണ പ്രത്യയശാസ്ത്രം എന്തുമാത്രം ക്രൂരവും മനുഷ്യത്വരഹിതവുമാണ്! 

പൊതു കിണറില്‍നിന്ന് വെള്ളമെടുക്കാനും പൊതുനിരത്തിലൂടെ സഞ്ചരിക്കാനും തങ്ങള്‍ വിശ്വസിക്കുന്ന ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനും നല്ല വസ്ത്രങ്ങള്‍ ധരിക്കാനും ഉന്നത ജാതിക്കാരുടെ മക്കള്‍ പോവുന്ന അങ്കണവാടികളില്‍ പഠിക്കാനും കഴിയാതെ അനുദിന ജീവിതത്തിലെ സര്‍വമേഖലകളില്‍നിന്നും അകറ്റിനിര്‍ത്തപ്പെട്ട് ഹൃദയഭേദകമായ പീഡനത്തിന്റെ കയ്പുനീരു കുടിച്ച് ജീവിതം തള്ളിനീക്കുകയാണ്, സവര്‍ണരെ പോലെത്തന്നെ മജ്ജയും മാംസവും ആശയും പ്രതീക്ഷയും സ്വപ്‌നങ്ങളുമുള്ള കോടിക്കണക്കിന് മനുഷ്യമക്കള്‍ നമ്മുടെ നാട്ടില്‍. 'താഴ്ന്ന ജാതി'ക്കാരെന്നു പറഞ്ഞ് അധഃസ്ഥിത സമൂഹത്തെ മനുഷ്യരായി പോലും അംഗീകരിക്കാന്‍ കൂട്ടാക്കാത്ത സവര്‍ണബോധം വെച്ചു

പുലര്‍ത്തുന്നവരില്‍നിന്ന് അവര്‍ക്ക് നീതിയും പരിഗണനയും ലഭിക്കാന്‍ പോവുന്നില്ല. പ്രശ്‌നത്തിന്റെ അടിവേര് പ്രത്യയശാസ്ത്രപരം തന്നെയാണ്. ഈ യാഥാര്‍ഥ്യം ഡോ. അംബേദ്കര്‍ ചൂണ്ടിക്കാണിക്കുന്നതിങ്ങനെ: ''അസമത്വം ലോകത്തെല്ലായിടത്തുമുണ്ട്. അത് ഏറിയകൂറും സ്ഥിതിഗതികളും സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ അതിന് മതത്തിന്റെ പിന്തുണ ഉണ്ടായിട്ടില്ല. ഹിന്ദുക്കളുടെ കാര്യം വ്യത്യസ്തമാണ്. ഹിന്ദു സമൂഹത്തില്‍ അസമത്വമുണ്ടെന്ന് മാത്രമല്ല; ഹിന്ദു സമൂഹത്തിന്റെ ഔദ്യോഗിക സിദ്ധാന്തം തന്നെയാണ് അസമത്വം. ഹിന്ദുക്കള്‍ സമത്വം ആഗ്രഹിക്കുന്നേയില്ല.'' 

'ഹന്തയിജ്ജാതിയെ ഹോമിച്ചൊഴിച്ചാല്‍ നിന്‍ചിന്തിതം സാധിച്ചു രത്‌നഗര്‍ഭേ' എന്ന് മഹാകവി കുമാരനാശാന്‍ വിലപിക്കുന്നതും സൈദ്ധാന്തികജന്യമായ വിട്ടുവീഴ്ച തൊട്ടുതീണ്ടാത്ത ജാതിചിന്തയെക്കുറിച്ചുതന്നെയാണ്. 

 

ആ പരാമര്‍ശങ്ങള്‍ ശരിയല്ല

 

ജലീല്‍ പടന്നയുടെ 'കാസര്‍കോട്ടെ ആ ചെറുപ്പക്കാര്‍ എങ്ങോട്ടാണ് അപ്രത്യക്ഷരായത്' (ലക്കം 8) എന്ന കുറിപ്പിലെ മുജാഹിദ് പ്രസ്ഥാനത്തെക്കുറിച്ചും മുജാഹിദ് ബാലുശ്ശേരിയെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ ശരിയല്ല. വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ താറടിക്കുന്ന രീതിയില്‍ വിലയിരുത്തിയത് ഖേദകരമാണ്. ഇത്തരം എഴുത്തുകള്‍ സംഘ്പരിവാറിന്റെ മുസ്‌ലിംവിരുദ്ധ പ്രചാരണത്തിന് കരുത്തു പകരാനേ ഉപകരിക്കൂ. അന്ധവിശ്വാസങ്ങള്‍ അടിച്ചേല്‍പിച്ചും അനാചാരങ്ങള്‍ പ്രചരിപ്പിച്ചും മുസ്‌ലിംകളെ ജീര്‍ണതയിലേക്ക് നയിച്ചിരുന്നവര്‍ ആത്മീയ ചൂഷണം തുടരുന്നത് സമൂഹത്തിനു മുന്നില്‍ തുറന്നുകാണിച്ച് മുസ്‌ലിം സമുദായത്തെ ഇസ്‌ലാമിന്റെ യഥാര്‍ഥ പാതയിലേക്ക് അടുപ്പിക്കാന്‍ പ്രബോധന മാര്‍ഗത്തില്‍ നിലകൊള്ളുന്നവരെ ആക്ഷേപിക്കുന്നത് ശരിയല്ല.

എം. സിറാജുദ്ദീന്‍ പൂന്തുറ

 

'അടിയന്തരാവസ്ഥയിലെ ആത്മീയ ലോകം'

 

വി.എ കബീര്‍ എഴുതിയ 'അടിയന്തരാവസ്ഥയിലെ ആത്മീയ ലോകം' ആത്മപ്രചോദനം നല്‍കുന്നതാണ്. ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചപ്പോള്‍ ലോക മുസ്‌ലിം വ്യക്തിത്വങ്ങള്‍ അതിലിടപെട്ടതും നിരോധം നീക്കാന്‍ പ്രസിഡന്റ് ഫഖ്‌റുദ്ദീന്‍ അലി അഹ്മദിന് നിവേദനം നല്‍കിയതും പുതിയ അറിവാണ്. മുസ്‌ലിം രാഷ്ട്രങ്ങളിലെ വിദേശമന്ത്രിമാരുടെ ഇസ്തംബൂള്‍ സമ്മേളനത്തിലേക്ക് മുസ്‌ലിം വേള്‍ഡ് ലീഗ് മെമ്മോറാണ്ടം നല്‍കിയതും ഇപ്പോഴാണ് അറിയുന്നത്. അല്‍ബലാഗ് ലേഖകന്റെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഇന്ത്യന്‍ പ്രതിനിധി മുഹമ്മദ് യൂനുസിന്റെ ആവനാഴി ശൂന്യമായതും ആവേശഭരിതമായ ഓര്‍മ തന്നെ.

ഭീകരതയുടെ വിത്തുകള്‍ ഇപ്പോഴും മൗദൂദിചിന്തകളില്‍ തെരയുന്ന കാളകൂടവാഹകര്‍ അതേ ലക്കത്തിലെ 'അന്ദലൂസ്: പ്രകാശം കെടാത്ത വഴിവിളക്ക്' എന്ന യാത്രാവിവരണം വായിക്കേണ്ടതാണ്. മുസ്‌ലിം സ്‌പെയിന്റെ അവസ്ഥയിലേക്ക് ഇന്ത്യന്‍ മുസ്‌ലിംകളെയും ഇവര്‍ വലിച്ചിഴക്കും എന്നുതന്നെയാണ് വര്‍ത്തമാന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

മുഹമ്മദ് കോയ കണ്ണങ്കടവ്

 

'അടിയന്തരാവസ്ഥയിലെ ആത്മീയ ലോക'ത്തിലൂടെ സഞ്ചരിച്ചപ്പോഴാണ് ആ കെട്ട കാലത്തിന്റെ ആഴവും ഭീകരതയും അറിയാനായത്. തികച്ചും അവസരോചിതമാണ് ഈ സ്മരണ. അടിയന്തരാവസ്ഥയുടെ പിന്നാമ്പുറങ്ങളില്‍ അരങ്ങേറിയ അന്തര്‍ നാടകങ്ങള്‍ അതറിയേണ്ടവരെയും അറിയിക്കേണ്ടവരെയും അറിയിക്കാതിരുന്നാല്‍ ഉണ്ടാവുന്ന പൊറുതികേടാണ് പുറംതോട് പൊളിച്ച് നമുക്ക് മുമ്പില്‍ വി.എ കബീര്‍ തുറന്നുവെക്കുന്നത്. ഉര്‍ദുവില്‍ ഒരു ചൊല്ലുണ്ട്; 'സമഝ്‌നാവാലേ കോ ഇശാറാ കാഫി'  മനസ്സിലാകുന്നവര്‍ക്ക് സൂചന തന്നെ ധാരാളം.

മമ്മൂട്ടി കവിയൂര്‍

 

 

 

ഇസ്‌ലാമിന്റെ തെറ്റായ വായനകള്‍

 

'മുസ്‌ലിംകള്‍ ജാഗ്രത്താവേണ്ട സമയം' (മുഖവാക്ക്, ജൂലൈ 22) ശ്രദ്ധേയമായി. ഇസ്‌ലാമിന്റെ തെറ്റായ വായന തീവ്രവാദത്തിന് വളമാകുന്നുണ്ട്. ഇസ്‌ലാം ഒരിക്കലും തീവ്രവാദത്തിന്റെ മതമല്ല, സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും മതമാണത്. തീവ്രവാദം യഥാര്‍ഥ ഇസ്‌ലാമിനെ മനസ്സിലാക്കുന്നതില്‍നിന്ന് ജനങ്ങളെ വിമുഖരാക്കുകയേ ഉള്ളൂ. 

ഏക സിവില്‍കോഡ് മുസ്‌ലിംവിരുദ്ധമെന്ന് വ്യാഖ്യാനിക്കേണ്ടതുണ്ടോ? ഏത് മതത്തിന്റേതായാലും ഏറ്റവും നല്ല നിയമങ്ങള്‍ രാഷ്ട്രത്തിന്റെ നിയമമാക്കുന്നതിനെ എതിര്‍ക്കേണ്ടതുണ്ടോ? ഏകീകൃത സിവില്‍കോഡിലൂടെ ഹൈന്ദവ നിയമങ്ങള്‍ അടിച്ചേല്‍പിക്കുകയാണെന്ന ആശങ്കയില്‍ കാര്യമില്ല. ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ ഹൈന്ദവ നിയമങ്ങള്‍ ഇന്ന് ആരാണ് പിന്തുടരുന്നത്?

വിനോദ്കുമാര്‍ എടച്ചേരി

 

കാമ്പുള്ള ഉള്ളടക്കം

 

ചിലപ്പോള്‍ മാത്രം കൈയില്‍ കിട്ടിയിരുന്ന പ്രബോധനം, ഇപ്പോള്‍ കുറച്ചുകാലമായി സ്ഥിരമായി വായിക്കുന്നു. ഏതെങ്കിലും ഒരു ലേഖനമോ കുറിപ്പോ വായിച്ച് മതിയാക്കാം എന്ന് കരുതുന്ന എന്നെപ്പോലുള്ളവരെ മുഴുവന്‍ വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് വാരികയുടെ ഉള്ളടക്കം. വായനക്കാരെ ചിന്തിപ്പിക്കുന്ന വിഷയങ്ങള്‍ പ്രബോധനത്തിന്റെ പ്രത്യേകതയാണ്.

ടി.വി അബൂബക്കര്‍ ഹാജി എടക്കാട്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 55
എ.വൈ.ആര്‍