Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 05

2962

1437 ദുല്‍ഖഅദ് 02

നിസ്‌കാരത്തിന്റെ സൗന്ദര്യം

സമീര്‍ വടുതല

''ആ നിസ്‌കാരത്തിന്റെ അഴകും ദൈര്‍ഘ്യവും വര്‍ണിക്കാന്‍ എനിക്ക് വാക്കുകളില്ല'' പ്രിയ നബിയുടെ നിസ്‌കാരത്തെപ്പറ്റി പ്രിയതമ ആഇശ(റ) പറഞ്ഞതാണിത്. നിശയുടെ നിശ്ശബ്ദ യാമങ്ങളില്‍ കണ്ണീരില്‍ കുതിര്‍ന്നും കാലില്‍ നീരു കെട്ടുവോളം നിന്നും നിര്‍വഹിക്കുകയായിരുന്ന ആ നിസ്‌കാരങ്ങള്‍ക്ക് എന്തൊരഴകായിരുന്നു! താന്‍ അതിന് സാക്ഷിയായിരുന്നല്ലോ. നിര്‍ത്തത്തിലെ ധ്യാനപൂര്‍ണമായ ഖുര്‍ആന്‍ പാരായണം നീണ്ടുനീണ്ടു പോകുമായിരുന്നു. അത്രതന്നെ നേരം നമിക്കുമ്പോഴും പ്രണമിക്കുമ്പോഴും (റുകൂഅ്-സുജൂദുകളില്‍) എടുക്കുമായിരുന്നു. നിസ്‌കാരത്തില്‍ അവിടുന്ന് വല്ലാത്ത ആനന്ദനിര്‍വൃതി അനുഭവിച്ചിരുന്നു. 'എന്റെ കണ്‍കുളിര്‍മ നിസ്‌കാരത്തിലാ'ണെന്ന തിരുമൊഴിയോര്‍ക്കുക.  ബാങ്കിന് നേരമായാല്‍ 'ബിലാലേ, ഞങ്ങളെ സന്തോഷിപ്പിക്കൂ' എന്നായിരുന്നു പ്രിയ നബി പറയാറുണ്ടായിരുന്നത്. കരയിലേക്ക് പിടിച്ചിട്ട മത്സ്യം വെള്ളത്തിലേക്കെന്ന പോലെ, നിസ്‌കാരത്തിലേക്ക് നിരന്തരം ആ ജീവിതം ഉന്മുഖമായിക്കൊണ്ടിരുന്നു. അന്ത്യവേളയില്‍ പോലും പതിഞ്ഞ സ്വരത്തില്‍ അവിടുന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നത് 'നിസ്‌കാരത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം' എന്നായിരുന്നു. അത് ഉമ്മത്തിനോടുള്ള മുത്ത് നബിയുടെ ഹൃദയസ്പൃക്കായ വസ്വിയ്യത്തായിരുന്നു. ആ വാക്കുകള്‍ സമുദായം നെഞ്ചേറ്റിയെന്നത് നേര്. പക്ഷേ, കര്‍മശാസ്ത്ര കാര്‍ക്കശ്യങ്ങള്‍ക്കപ്പുറം സമുദായ ജീവിതത്തില്‍ നിസ്‌കാരത്തിന്റെ സൗന്ദര്യാനുഭവങ്ങള്‍ നിറയുന്നുണ്ടോ?

 

ദിക്‌റിന്റെ സൗന്ദര്യം

ദൈവസ്മരണയത്രെ നിസ്‌കാരത്തിന്റെ ലക്ഷ്യം (ഖുര്‍ആന്‍ 20:14). മാനവ ജീവിതത്തിന് മാരിവില്ലഴക് നല്‍കുന്നത് ഈ ദൈവസ്മരണയാണ്. അത് വിശ്വാസിയുടെ കര്‍മധര്‍മങ്ങളെ ശരിപ്പെടുത്തുന്നു. ആത്മീയമായ അവബോധത്താല്‍ അനുനിമിഷം സ്ഫുടം ചെയ്‌തെടുക്കുന്നു. ഓരോ ചുവടുവെപ്പും സൂക്ഷ്മതയോടെയെന്ന് ഉറപ്പുവരുത്തുന്നു. അരുതായ്മകളില്‍നിന്നകലെ നിലയുറപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. വൈകാരിക വേലിയേറ്റങ്ങളില്‍ ആടിയുലയാതെ കാക്കുന്നു. അകര്‍മണ്യതയുടെ അലസ ശയ്യകളില്‍നിന്ന് മോചിപ്പിക്കുന്നു. കാമനകളുടെ മേച്ചില്‍പുറങ്ങളില്‍ കയറൂരിവിട്ട കഴുതയെപ്പോലെ അലയുന്നതില്‍നിന്ന് തടയുന്നു. ഓരോ ഇടവേളയിലും കൈവിട്ടുപോകുന്ന മനസ്സിനെ നിരന്തരം നാഥനിലേക്ക് അടുപ്പിച്ചുനിര്‍ത്തുന്നു. ചുരുക്കത്തില്‍ ഇരുട്ടിലേക്കിറങ്ങുന്നവന്റെ കൈയില്‍ കിട്ടിയ ടോര്‍ച്ച് ലൈറ്റ് പോലെയാണ് നിസ്‌കാരം. 'വിളക്ക് കൈയിലുള്ളവനീ വിശ്വം മുഴുവന്‍ ദീപമയം'.

 

സമയജാഗ്രതയുടെ സൗന്ദര്യം

സമയനഷ്ടം മരണത്തേക്കാള്‍ ഭയാനകമാണെന്ന് ജുനൈദുല്‍ ബഗ്ദാദി ഉണര്‍ത്തിയിട്ടുണ്ട്. നിസ്‌കാരം വിശ്വാസികള്‍ക്ക് സമയനിര്‍ണിതമായ നിര്‍ബന്ധ കര്‍മമാണ് (ഖുര്‍ആന്‍ 4:103). ആ സമയങ്ങളാവട്ടെ ദൈവനിര്‍ണിതവും. അതില്‍ യുക്തിയും സൗന്ദര്യവുമുണ്ട്. ഓരോ നിര്‍ബന്ധ നിസ്‌കാരവും പ്രപഞ്ച പ്രതിഭാസങ്ങളുടെ ദൈവസങ്കീര്‍ത്തന സമയങ്ങളോട് യോജിച്ചുവരുന്നുവത്രെ. നിസ്‌കരിക്കുന്നവന്‍ അതിനോട് ചേര്‍ന്നു നില്‍ക്കുന്നു. വിശ്വത്തോട് വിശ്വാസിയുടെ താദാത്മ്യപ്പെടല്‍! സ്രഷ്ടാവിന്റെ മുമ്പിലെ പ്രപഞ്ച പ്രണാമത്തിന്റെ സൗന്ദര്യപൂരം!!

നിസ്‌കാരസമയം തെറ്റുന്നത് പ്രവാചകന് അങ്ങേയറ്റം അസഹ്യമായിരുന്നു. കാരുണ്യമായിരുന്ന അവിടുത്തെ നാവില്‍നിന്ന് ശാപദ്യോതകമായ വാക്കുകള്‍ പുറപ്പെട്ടത് ആ ജീവിതത്തിലെ അപൂര്‍വത്തില്‍ അപൂര്‍വമായ അനുഭവമായിരുന്നു. ഒരിക്കല്‍ തന്റെ അസ്വ്ര്‍ നിസ്‌കാരം വൈകിപ്പിച്ച ശത്രുക്കള്‍ക്കെതിരിലാണത് സംഭവിച്ചത്. തന്റെ ഒരു മഗ്‌രിബ് നിസ്‌കാരം പിന്തിപ്പോയതില്‍ പശ്ചാത്താപവിവശനായ ഉമര്‍(റ) പ്രായശ്ചിത്തമായി ഒരടിമയെ മോചിപ്പിച്ച സംഭവമുണ്ട്. ഖലീഫാ ഉമര്‍ ശത്രുവിന്റെ കഠാര പ്രയോഗത്താല്‍ പിടഞ്ഞുവീണതും ഒരു പ്രഭാത നിസ്‌കാരത്തിലായിരുന്നു. ചോരയില്‍ കുളിച്ച് കിടക്കുമ്പോഴും മുറിഞ്ഞുപോയ നിസ്‌കാരത്തെക്കുറിച്ച് ഉമര്‍ ചോദിച്ചുകൊണ്ടിരുന്നുവത്രെ. നിസ്‌കാര സമയമാകുമ്പോള്‍ അലിയ്യുബ്‌നു അബീത്വാലിബിന്റെ ശരീരമാകെ വിറകൊള്ളുമായിരുന്നു. 'അമാനത്തിന് നേരമായി' എന്ന ആത്മഗതത്തോടെ എല്ലാം നിര്‍ത്തിവെച്ച് നിസ്‌കാരത്തിനായി എഴുന്നേല്‍ക്കുകയും ചെയ്യും. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ തടവുപുള്ളിയായിരിക്കെ എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅ നേരമാകുമ്പോള്‍ വെപ്രാളത്തോടെ ജയില്‍ കവാടം വരെ ഓടിയെത്തുമായിരുന്നത്രെ. 'സമയമായാല്‍ ദൈവസ്മരണയിലേക്ക് കുതിക്കണം' എന്ന ഖുര്‍ആന്‍ വചനമായിരുന്നു ഇമാമിനെ തടവറയിലും ഓടിച്ചുക്കൊണ്ടിരുന്നത്.

 

സംഭാഷണത്തിന്റെ സൗന്ദര്യം

ഉള്ളില്‍ പ്രിയമുള്ള രണ്ട് പേര്‍ ഉള്ള് തുറക്കുമ്പോള്‍ സംവേദനാനുഭൂതിയുടെ വലിയ വാതായനങ്ങളാണ് തുറക്കപ്പെടുന്നത്. ഹൃദയങ്ങള്‍ പങ്കുവെക്കുന്നതിന്റെ ആനന്ദമെന്തെന്ന് അവരറിയുന്നു. സമയാതിര്‍ത്തികള്‍ കടന്നും ആ സംഭാഷണം നീണ്ടുനീണ്ടുപോകുന്നു. അത് സീനാ മലയിലെ മൂസാ പ്രവാചകന്റെ ദൈവസംഭാഷണത്തെ ഓര്‍മിപ്പിക്കുന്നു. വിശ്വാസികളുടെ യഥാര്‍ഥ സ്‌നേഹഭാജനം ദൈവമത്രെ (ഖുര്‍ആന്‍ 2:165). നിസ്‌കാരമാകട്ടെ, സ്‌നേഹഭാജനമായ നാഥനോടുള്ള ദാസന്റെ സ്വകാര്യ ഭാഷണവും. 'ദ്വിഭാഷിയില്ലാതെ നിന്റെ നാഥനോട് തുറന്നുസംസാരിക്കാനായി നിസ്‌കരിക്കൂ' എന്നാണ് ബക്‌റുബ്‌നു അബ്ദുല്ലയുടെ ആഹ്വാനം. എന്നാല്‍, നിസ്‌കാരത്തിലെ സംഭാഷണം അതീവ സൂക്ഷ്മതയോടും ശ്രദ്ധാപൂര്‍വവും നിര്‍വഹിക്കുന്നതത്രെ. അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹിയുടെ ഭാഷയില്‍, ദാസന്‍ തന്റെ ഓരോ വാക്കും രത്‌നവ്യാപാരിയുടെ കരുതലോടെയാണ് നാഥന്റെ മുമ്പില്‍ പെറുക്കിവെക്കുന്നത്. സംഭാഷണമാകട്ടെ, ഏകപക്ഷീയമല്ല. ദാസന്റെ ഓരോ വാക്കിനും തല്‍സമയ പ്രതികരണമുണ്ടെന്ന് ഖുദ്‌സിയായ ഹദീസിലൂടെ അറിയിക്കപ്പെട്ടിരിക്കുന്നു. ദൈവവും ദാസനും തമ്മിലുള്ള ഈ ആശയ വിനിമയത്തിന്റെ പാരമ്യമത്രെ ദാസന്റെ സാഷ്ടാംഗ പ്രണാമം (സുജൂദ്). 'അടിമ തന്റെ നാഥനോട് ഏറ്റവും അടുത്തെത്തുന്ന സന്ദര്‍ഭം' എന്നാണ് പ്രവാചകന്‍ സുജൂദിനെ അടയാളപ്പെടുത്തിയത്. ദൈവസാമീപ്യത്തിന് ഏറ്റവും റേഞ്ച് കിട്ടുന്ന ഈ വേളയില്‍ പ്രാര്‍ഥനകള്‍ അധികരിപ്പിക്കാനും അവിടുന്ന് നിര്‍ദേശിച്ചിട്ടുണ്ട്.് ബദ്‌റിലുള്‍പ്പെടെ സന്ദിഗ്ധ ഘട്ടങ്ങളിലെല്ലാം സുജൂദിനെ പ്രിയനബി ആയുധമാക്കിയതോര്‍ക്കുക. സാഷ്ടാംഗ പ്രണാമത്തില്‍ വീണ അവിടുത്തെ കണ്ണ് നിറഞ്ഞപ്പോള്‍, മണ്ണ് നനഞ്ഞപ്പോള്‍, വിണ്ണില്‍നിന്ന് ഭൂമിയിലേക്ക് ദിവ്യസഹായങ്ങള്‍ പ്രവഹിച്ചുകൊണ്ടിരുന്നു- സുജൂദിന്റെ അപാര സാധ്യതകളെ വെളിപ്പെടുത്തുന്ന ചരിത്രമാണിത്.

 

അവധാനതയുടെ സൗന്ദര്യം

'മെല്ലെ തിന്നാല്‍ രുചിയറിയാം' എന്ന പോലെ അവബോധത്തോടെ നിര്‍വഹിച്ചാല്‍ നിസ്‌കാരത്തിന്റെ മധു നുകരാം. അവബോധത്തിലേക്കുയര്‍ത്താന്‍ അവധാനത വേണം. അവധാനത ദൈവികമാണെന്നും അനാവശ്യ ധൃതി പൈശാചികമാണെന്നും ധൃതി കൂട്ടുന്നതില്‍ പുണ്യമില്ലെന്നുമാണ് പ്രവാചക പാഠം. റുകൂഉം സുജൂദും പൂര്‍ണതയില്‍ നിര്‍വഹിക്കാത്തവന്‍ 'നിസ്‌കാരക്കള്ള'നാണെന്നും മോഷ്ടാക്കളില്‍ മോശപ്പെട്ടവനാണെന്നും നബിമൊഴിയുണ്ട്. നിസ്‌കാരത്തിലെ ഓരോ കര്‍മത്തിലും 'അടങ്ങിപ്പാര്‍ക്കണം' എന്നാണ് കര്‍മശാസ്ത്രം. സച്ചരിതരായ നമ്മുടെ മുന്‍ഗാമികളുടെ നിസ്‌കാരം അവധാനതയിലും അവബോധത്തിലും മുന്നിട്ടുനിന്നു. ജ്ഞാനിയായ ഹാത്വിമുല്‍ അസ്വമ്മ് ഒരിക്കല്‍ തന്റെ നിസ്‌കാരത്തെ വര്‍ണിച്ചത് നോക്കൂ: ''സമയമായാല്‍ പൂര്‍ണതയോടെ വുദൂവെടുത്ത് നിസ്‌കാര സ്ഥലത്ത് ഞാന്‍ ഹാജരാകും. പിന്നീട് എന്റെ അവയവങ്ങളെല്ലാം ശാന്തമാകുന്നതുവരെ അല്‍പനേരം വിശ്രമിക്കും, ശേഷം നിസ്‌കാരത്തിനായി എഴുന്നേല്‍ക്കും. അന്നേരം, കഅ്ബ എന്റെ കണ്‍പുരികങ്ങള്‍ക്കിടയില്‍ വന്ന് നില്‍ക്കുന്നതായി ഞാന്‍ സങ്കല്‍പിക്കും. സ്വര്‍ഗം എന്റെ വലതു ഭാഗത്തും നരകം എന്റെ ഇടതു ഭാഗത്തും സ്ഥിതി ചെയ്യുന്നതായി ഞാന്‍ കരുതും. നരകത്തിന് കുറുകെയുള്ള പാലത്തിലാണ് ഞാന്‍ ചവിട്ടിനില്‍ക്കുന്നത്. എന്റെ പിന്നില്‍ മരണത്തിന്റെ മാലാഖ ജീവന്‍ പിടികൂടുന്നതിനു വേണ്ടി കാത്തുനില്‍ക്കുന്നതായി ഞാന്‍ കാണും! എന്റെ അവസാനത്തെ നിസ്‌കാരമാണിതെന്ന് ഞാന്‍ വിശ്വസിക്കും. ഇപ്രകാരം വര്‍ധിച്ച ഭയത്തോടും പ്രത്യാശയോടും കൂടിയാണ് ഞാന്‍ ഓരോ നിസ്‌കാരവും നിര്‍വഹിക്കാറുള്ളത്. എങ്കിലും എന്റെ നിസ്‌കാരങ്ങള്‍ നാഥന്‍ യഥാവിധി സ്വീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന ആശങ്കയിലാണ് ഞാന്‍...''

 

ഏകാഗ്രതയുടെ സൗന്ദര്യം

അശ്രദ്ധഹൃദയങ്ങളില്‍നിന്നുയരുന്ന പ്രാര്‍ഥനക്കുത്തരമില്ലെന്നാണ് നബിപാഠം. തന്റെ മുമ്പില്‍ നിന്ന് ചിത്രപ്പണികളുള്ള മുസ്വല്ല എടുത്തുമാറ്റാന്‍ കല്‍പിച്ചപ്പോള്‍ പ്രിയനബി, നിസ്‌കാരത്തില്‍ പുലര്‍ത്തേണ്ട ഏകാഗ്രതക്ക് അടിവരയിടുകയായിരുന്നു. നാഥനോടുള്ള സംഭാഷണത്തിന് തടസ്സമാകുന്നതൊന്നും അവിടുന്ന് അനുവദിച്ചിരുന്നില്ല. എന്നാല്‍ നിസ്‌കാരത്തിലും അന്യചിന്തകളാല്‍ ആക്രമിക്കപ്പെടാതിരിക്കാന്‍ ആരാധകന്‍ ജാഗ്രത പുലര്‍ത്തിയേ പറ്റൂ. എന്തെന്നാല്‍ ഇമാം റാസി ചൂണ്ടിക്കാട്ടിയ പോലെ, നമ്മുടെ ഹൃദയങ്ങള്‍ തൂവല്‍ പോലെയാണ്. അതിനെ ചലിപ്പിക്കാന്‍ ചെറുകാറ്റുകള്‍ മതിയാകും. മനസ്സിനെ അടക്കിനിര്‍ത്തിയില്ലെങ്കില്‍ സംഭോഗ ചിന്തകള്‍ വരെ നിസ്‌കാരക്കാരനെ പിടികൂടാമെന്ന് ഇമാം ഗസാലിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രവാചക സഖാക്കള്‍ നിസ്‌കാരത്തില്‍ ശ്രദ്ധ തെറ്റുന്നതിനെ ഗൗരവത്തില്‍ കണ്ടിരുന്നു. സ്വന്തം തോട്ടത്തില്‍ നിസ്‌കരിക്കവെ, ഒരു മണിപ്രാവ് തന്റെ ഏകാഗ്രത തകര്‍ത്തതില്‍ മനംനൊന്ത അബൂത്വല്‍ഹ, നിസ്‌കാരശേഷം ആ തോട്ടം തന്നെ ദാനം ചെയ്തു. 'തന്റെ അപ്പുറത്തും ഇപ്പുറത്തും നില്‍ക്കുന്നതാരെന്ന് ഒരാള്‍ മനഃപൂര്‍വമറിയുന്നുവെങ്കില്‍ അയാള്‍ക്ക് നിസ്‌കാരമില്ല' എന്ന് പറഞ്ഞപ്പോള്‍, ജ്ഞാനിയായ മുആദുബ്‌നു ജബല്‍ വിഷയത്തിന്റെ ഗൗരവം എടുത്തുകാട്ടുകയായിരുന്നു. മുസ്‌ലിമുബ്‌നു യസാര്‍ ബസ്വറയിലെ പള്ളിയുടെ ഒരു ഭാഗം തകര്‍ന്നുവീണിട്ടും നിസ്‌കാരത്തില്‍നിന്ന് വിരമിക്കുവോളമറിഞ്ഞില്ലെന്ന് വരുമ്പോള്‍, നിസ്‌കാരക്കാരന്റെ ഹൃദയസാന്നിധ്യം നമ്മുടെ മുമ്പില്‍ തെളിഞ്ഞുവരുന്നു.

 

സദ്ഗുണങ്ങളുടെ സൗന്ദര്യം

ശുദ്ധ ജലമൊഴുകുന്ന പുഴയോരത്ത് പാര്‍ക്കുന്ന ഒരാള്‍, ദിനേന അഞ്ചു നേരം അതില്‍ വൃത്തിയായി കുളിച്ചാലെന്ന പോലെയാണ് നിസ്‌കരിക്കുന്നവനെന്ന് പറയുമ്പോള്‍, ലോക ഗുരുവായ പ്രിയനബി, ഉപമയുടെ വെളിച്ചം കൊണ്ട് നിസ്‌കാരത്തെ നിര്‍വചിക്കുകയായിരുന്നു. അഴുക്കുകളകറ്റി ജീവിതത്തെ ശുദ്ധി ചെയ്‌തെടുക്കുന്നു നിസ്‌കാരം. ധാര്‍മിക ധീരതയാണ് നിസ്‌കാരത്തിന്റെ മറ്റൊരു ഉപഹാരം. നിസ്‌കരിക്കുന്നവന്‍ നിര്‍ഭയനും ധീരനുമായി വളരുന്നു. മദ്‌യന്‍ ജനതയിലെ പണമാഫിയയുടെ മുമ്പില്‍ നിസ്സങ്കോചം പൊരുതി നിന്നപ്പോള്‍, ശുഐബ് നബിയോട് അവര്‍ ചോദിച്ചത്; 'നിന്റെ നിസ്‌കാരമാണോ ഈ ചങ്കൂറ്റത്തിന്റെ രഹസ്യം' എന്നായിരുന്നു (ഖുര്‍ആന്‍ 11:87). നിസ്‌കരിക്കുന്നവന്റെ ആത്മശക്തി എതിരാളികള്‍ പോലും തിരിച്ചറിഞ്ഞ ചരിത്ര സന്ദര്‍ഭങ്ങളിലൊന്നായിരുന്നു അത്. മുഗള്‍ ചക്രവര്‍ത്തിയെ തലകുനിച്ച് വന്ദിക്കണമെന്ന രാജകല്‍പന വന്നപ്പോള്‍ 'സ്രഷ്ടാവിന്റെ മുമ്പില്‍ മാത്രം കുനിയുന്ന ശിരസ്സാണിത്' എന്ന് നിര്‍ഭയം തുറന്നടിച്ച് ആഗ്രയിലെ ജയിലിലേക്ക് നിസ്സംഗം നടന്നുപോയ ശൈഖ് അഹ്മദ് സര്‍ഹിന്ദിയെ ഓര്‍ക്കാം. ദൈവശത്രുക്കളോട് ജീവന് യാചിക്കുന്ന ഒത്തുതീര്‍പ്പിലൊപ്പിടാന്‍, നിസ്‌കാരത്തിന്റെ തശഹ്ഹുദിലുയര്‍ത്തുന്ന തന്റെ കൈവിരല്‍ വളയില്ലെന്ന് നിലപാടെടുത്ത, തന്റേടത്തിന്റെ നട്ടെല്ലായിത്തീര്‍ന്ന ശഹീദ് സയ്യിദ് ഖുത്വ്ബിനെയും ഓര്‍ക്കാം. തന്നെ ഭയപ്പെടുത്താന്‍ ശ്രമിച്ച ദൈവശത്രുക്കളോട്, 'എങ്ങനെയാണ് കൂട്ടരേ പേടിക്കുന്നത്' എന്ന് നിഷ്‌കളങ്കമായി ചോദിച്ച ഇബ്‌റാഹീം പ്രവാചകന്റെ സരണിയിലെ നിസ്‌കാരക്കാരായിരുന്നു ഇവരെല്ലാം...

മനസ്സിന്റെ ശാന്തിയും സന്തുലനവുമത്രെ നിസ്‌കാരത്തിന്റെ കൊതിപ്പിക്കുന്ന മറ്റൊരു കനി. നിസ്‌കാരത്തിന്റെ ലക്ഷ്യമായി നിര്‍ണയിക്കപ്പെട്ട ദൈവസ്മരണയാണ് മനഃശാന്തിയുടെ ഉറവിടം (ഖുര്‍ആന്‍ 13:28). മനുഷ്യപ്രകൃതിയുടെ ഭാഗമായ അക്ഷമ, വെപ്രാളം, സങ്കുചിതത്വം എന്നീ ദുര്‍ബലതകളെയും നിസ്‌കാരത്തില്‍ നിത്യനിഷ്ഠ പുലര്‍ത്തുന്നവര്‍ അതിജീവിക്കുമെന്നും (ഖുര്‍ആന്‍ 70:19-23) അവര്‍ ആത്മശക്തിയും വചനശക്തിയും കൈവരിക്കുമെന്നും (ഖുര്‍ആന്‍ 73:6) ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കര്‍മപ്രചോദനമത്രെ നിസ്‌കാരത്തിന്റെ മറ്റൊരു സമ്മാനം. നിസ്‌കരിക്കുന്നവന്‍ കര്‍മോത്സുകനായി ജീവിക്കുന്നു. അവന് നിശ്ചലത വയ്യ. നിസ്‌കാരത്തിലും ജീവിതത്തിലും. 'ഇയ്യാക നഅ്ബുദു വഇയ്യാക നസ്തഈന്റെ' ചടുലതാളവും ചലനാത്മകതയും അവന്റെ ജീവിതം തന്നെയായി മാറുന്നു. നിസ്‌കാരത്തിന്റെ അടിവേരില്‍നിന്ന് സുകൃതങ്ങള്‍ മുളപൊട്ടുന്നു. അത് ചെടിയും പൂവും പൂങ്കാവനവുമായി ജീവിതത്തെ സര്‍ഗാത്മകമാക്കുന്നു. സദ്ഗുണങ്ങളെയെല്ലാം നിസ്‌കാരത്തിന്റെ തുടര്‍ച്ചകളായി ഖുര്‍ആന്‍ ചിത്രീകരിച്ചിട്ടുണ്ട്. ഉദാ: ഖുര്‍ആന്‍ 23:1-11, 70:22-35. ''പ്രിയ മകനേ, നിസ്‌കരിക്കുക! നന്മ കല്‍പിക്കുക! തിന്മ വിലക്കുക! വഴിയില്‍ വിപത്തുകള്‍ വന്നാലും ഉറച്ചുനില്‍ക്കുക'' (31:17) എന്നാണ് ഖുര്‍ആന്റെ ആഹ്വാനം.

 

ദൈവരക്ഷയുടെ സൗന്ദര്യം

നിസ്‌കാരം അഭയ തീരമത്രെ. ദുരന്തവര്‍ഷങ്ങളില്‍ അത് നിവര്‍ത്തിപ്പിടിച്ച കുടയായി മാറുന്നു. നിസ്സഹായനായ മനുഷ്യന് രക്ഷാകവചമായിത്തീരുന്നു. അന്തരീക്ഷത്തിന്റെ ഭാവപ്പകര്‍ച്ചകള്‍ കാണുമ്പോള്‍ പ്രിയനബി നിസ്‌കാരതീരത്തണയുമായിരുന്നു. കെ.സി അബ്ദുല്ല മൗലവിയുടെ വാക്കുകളില്‍, 'പിടിക്കാന്‍ വരുന്ന കുറുക്കനെ കാണുമ്പോള്‍ കൂട്ടിലെ കോഴികള്‍ കൂട്ട നിലവിളി നടത്തുന്നു. റാഞ്ചാന്‍ വരുന്ന കാക്കയെ കാണുമ്പോള്‍ കോഴിക്കുഞ്ഞുങ്ങള്‍ തള്ളയുടെ ചിറകിനുളളിലേക്ക് ഓടിയൊളിക്കുന്നു. കടിക്കുന്ന നായയെ കണ്ട കുട്ടി അമ്മയുടെ നേരെ നിലവിളിച്ചോടുന്നു. ആകാശവിപത്തുകളുടെ സൂചന ലഭിക്കുമ്പോള്‍ പ്രവാചകന്‍ നിസ്‌കാരത്തിലേക്കോടി, നാഥനെ അഭയം പ്രാപിക്കുന്നു.'

മുസ്‌ലിം സൈന്യങ്ങള്‍ യുദ്ധഭൂമികളില്‍ പോലും കൃത്യതയോടെ നിസ്‌കാരം നിര്‍വഹിച്ചിരുന്നു. ഖലീഫാ ഉമര്‍, തന്റെ ഗവര്‍ണര്‍മാര്‍ക്ക് നിസ്‌കാരത്തെപ്പറ്റി ഗൗരവം നിറഞ്ഞ കത്തുകളെഴുതാറുണ്ടായിരുന്നു. നബിശിഷ്യനായ ഖുബൈബിന്റെ അന്ത്യാഭിലാഷം പോലും രണ്ട് റക്അത്ത് നിസ്‌കാരമായിരുന്നു. നാഥനോടുള്ള ഹൃദയ സംവേദനം തന്റെ അന്ത്യനിമിഷങ്ങളെ മധുരാനുഭൂതിയാക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചിരിക്കണം. സഈദുബ്‌നുല്‍ മുസയ്യിബ് നീണ്ട നാല് പതിറ്റാണ്ട് മറ്റൊരാളുടെ കാല്‍പാദം കാണാതെ നിസ്‌കരിച്ചുവത്രെ. എന്തെന്നാല്‍, നിസ്‌കാരത്തില്‍ എന്നും അദ്ദേഹം ഒന്നാമത്തെ അണിയില്‍ തന്നെയായിരുന്നു! നിസ്‌കാരത്തിന്റെ മഹത്വമാണ് ഇറാഖിന്റെ അധികാരത്തേക്കാള്‍ താനിഷ്ടപ്പെടുന്നതെന്ന് പറഞ്ഞത് മഅ്മൂനിബ്‌നു മിഹ്‌റാന്‍. കേംബ്രിഡ്ജിലെ പഠനകാലത്തും അല്ലാമാ ഇഖ്ബാല്‍ നിസ്‌കാരത്തില്‍ അതീവ ശ്രദ്ധാലുവായിരുന്നു. ഈ ചരിത്രങ്ങളത്രയും നിസ്‌കാരത്തെ നിസ്സാരീകരിക്കുന്ന നമ്മുടെ വ്യാജ മതബോധത്തിന്റെ തലമണ്ടയില്‍ വീഴുന്ന പ്രഹരങ്ങളത്രെ. അതിനാല്‍ നിസ്‌കാരത്തിന്റെ കാര്യത്തില്‍ നമുക്ക് ജാഗ്രത പുലര്‍ത്താം. സ്വര്‍ഗം തുറക്കുന്ന താക്കോലാണ് നിസ്‌കാരമെന്ന സത്യം വ്യാപകമായി തിരിച്ചറിയപ്പെടട്ടെ! ത്യാഗങ്ങള്‍ കൊണ്ട് പൂമുഖം വരെ എത്തിയിട്ടും സ്വര്‍ഗം തുറക്കാനാവാതെ മിഴിച്ച് നില്‍ക്കുന്നവന്റെ പരമ നിസ്സഹായതയെ ഏത് അളവുകോല് കൊണ്ടാണ് അളക്കാനാവുക?  


Comments

Other Post

ഹദീസ്‌

ജനസേവനത്തിലാണ് പാരത്രിക വിജയം
അബൂദര്‍റ് എടയൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 51-54
എ.വൈ.ആര്‍