Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 05

2962

1437 ദുല്‍ഖഅദ് 02

അരാഷ്ട്രീയവത്കരണത്തിന്റെ ആത്മീയ വഴികള്‍

അബ്ദുല്‍ ഹകീം നദ്‌വി

മനുഷ്യന്റെ നൈസര്‍ഗിക വാസനകളും ചോദനകളും വരെ മാര്‍ക്കറ്റ് ചെയ്യുക എന്നത് ആഗോളവല്‍ക്കരണ കാലത്തെ  മുതലാളിത്ത വിപണന തന്ത്രമാണ്. മനുഷ്യന്റെ നൈസര്‍ഗിക വാസനകളില്‍ പ്രധാനമായ ആത്മീയത ഇന്ന് കമ്പോളത്തിലെ ഏറ്റവും വിലപിടിപ്പുള്ള കമ്മോഡിറ്റിയായി പരിണമിച്ചത് അതുകൊണ്ടാണ്. നാട്ടിന്‍പുറത്തെ തരികിട സിദ്ധന്മാരും സന്യാസികളുമായിരുന്നു പഴയകാല ആത്മീയ തട്ടിപ്പിന്റെ പ്രണേതാക്കളെങ്കില്‍ ഇന്ന് സ്ഥിതി അങ്ങനെയല്ല. ഹൈടെക് സംവിധാനങ്ങളോടെ ആധുനിക മാധ്യമ - പരസ്യ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വന്‍ പ്രചാരണങ്ങള്‍ അഴിച്ചുവിട്ട് കോടികളെറിഞ്ഞ് ശതകോടികള്‍ സമ്പാദിക്കുന്ന വന്‍ കോര്‍പ്പറേറ്റുകളെ പോലും അത്ഭുതപ്പെടുത്തുന്ന ബിസിനസ് സാമ്രാജ്യങ്ങളായി പല ആത്മീയ കേന്ദ്രങ്ങളും വളര്‍ന്നുകഴിഞ്ഞു. 

 

ആത്മീയതയുടെ കമ്പോള സാധ്യതകള്‍

ആത്മീയ വിപണിക്ക് അനുകൂലമായ എല്ലാ സാഹചര്യങ്ങളും ഇന്ന് ആഗോളതലത്തില്‍തന്നെ നിലനില്‍ക്കുന്നുണ്ട്. മതത്തിലേക്കും ആത്മീയതയിലേക്കുമുള്ള തിരിഞ്ഞുനടത്തം ഭൗതികതയില്‍ അഭിരമിക്കുന്ന മുതലാളിത്ത രാജ്യങ്ങളിലും ദൈവനിരാസത്തിന്റെയും മതവിരുദ്ധതയുടെയും സ്വര്‍ഗരാജ്യങ്ങളായിരുന്ന കമ്യൂണിസ്റ്റ് നാടുകളിലും വരെ ഇന്ന് സര്‍വസാധാരണമാണ്. മതത്തോടും ആത്മീയതയോടും പടവെട്ടുന്നത് പാഴ്‌വേലയാണെന്നും അത് തിരിച്ചടികള്‍ മാത്രമേ സമ്മാനിക്കൂ എന്നുമുള്ള തിരിച്ചറിവ് ലോകത്തെവിടെയും പൊതുവെ നിലനില്‍ക്കുന്നുണ്ട്. കമ്യൂണിസ്റ്റ് രാജ്യമായി ഇന്നും അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്ന ചൈനയുടെ ഭരണഘടനയില്‍ വരെ മതം കടന്നുവരുന്നത് അത്തരം ഒരു സാഹചര്യത്തിലാണ്.

ആവശ്യമുള്ളതും ഇല്ലാത്തതുമായ എന്തും ആകര്‍ഷകമായി പൊതിഞ്ഞ് വിപണിയിലിറക്കുക, മാധ്യമങ്ങള്‍ വഴി പരസ്യക്കൊടുങ്കാറ്റ് അഴിച്ചുവിട്ട് വന്‍ ലാഭം കൊയ്യുക എന്നതാണ് ആധുനിക സമ്പദ്ഘടനയുടെയും വിപണി സംസ്‌കാരത്തിന്റെയും ഏക ലക്ഷ്യം. മതം, ആത്മീയത, വിദ്യാഭ്യാസം, സംസ്‌കാരം, ആരോഗ്യം മുതല്‍ വെള്ളവും വായുവും വരെ കമ്പോളത്തിലെ വില്‍പന വസ്തുക്കളായി മാറുന്നത് ഇത്തരമൊരു പശ്ചാത്തലത്തിലാണ്. ഒരു ബ്രാന്റ് നെയിം ഉണ്ടാക്കുകയും അത് ജനമനസ്സില്‍ ലഹരിയായും മാസ്മരിക തരംഗമായും നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ആധുനിക മാര്‍ക്കറ്റിംഗ് തന്ത്രത്തിന്റെ സവിശേഷത. ഈ ബ്രാന്റ് നെയിം നിര്‍മിച്ചെടുക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും കോടികള്‍ ചെലവഴിക്കാന്‍ ഒരു മടിയുമുണ്ടാകില്ല. അതില്‍ വിജയിച്ചാല്‍ പിന്നെ പ്രസ്തുത ഉല്‍പ്പന്നത്തിന്റെ പിന്നാലെ ആവശ്യക്കാരും അല്ലാത്തവരും കമഴ്ന്നടിച്ച് വീണുകൊള്ളും. ഉത്തരാധുനിക കാലത്തെ കള്‍ട്ടുകളും ആള്‍ദൈവങ്ങളും ആത്മീയ വിപണിയില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത് ഇതേ തന്ത്രമാണ്. ഓരോ കള്‍ട്ടും ആള്‍ദൈവവും അവരവരുടേതായ ചില പ്രത്യേക ബ്രാന്റുകള്‍ നിര്‍മിച്ചെടുക്കുന്നതിലും അവ പരമാവധി പ്രചരിപ്പിക്കുന്നതിലും അതീവ ശ്രദ്ധാലുക്കളാണ്. മതാധ്യാപനങ്ങളോട് ഏറ്റുമുട്ടുന്നതോ പ്രവാചക പാരമ്പര്യങ്ങള്‍ക്ക് നിരക്കാത്തതോ ആയ അനുഷ്ഠാന കലകളും ആത്മീയ ആചാരങ്ങളുമാണ് ഇത്തരക്കാര്‍ പടച്ചുണ്ടാക്കുന്ന ബ്രാന്റുകള്‍. ഇത്തരം ബ്രാന്റുകള്‍ വിശ്വാസികളുടെ ഹൃദയങ്ങളില്‍ കുടിയിരുത്തുന്നതിനായി ഏതറ്റം വരെ പോകാനും ഏതടവുകള്‍ പ്രയോഗിക്കാനും ഇക്കൂട്ടര്‍ക്ക് മടിയുണ്ടാകില്ല. മതജാതിഭേദമന്യേ എല്ലാ വിഭാഗത്തിലും ഇത്തരം ആള്‍ദൈവങ്ങളും കള്‍ട്ടുകളും മതവിശ്വാസത്തിന്റെയും ആത്മീയതയുടെയും തണലില്‍ തഴച്ചു വളര്‍ന്നുകൊണ്ടിരിക്കുകയാണ്. 

ആത്മീയതയുടെ വാണിജ്യ സാധ്യതകള്‍ തിരിച്ചറിഞ്ഞവര്‍ പുതിയ വിശ്വാസ രീതികളും അനുഷ്ഠാന മുറകളും മതത്തിന്റെ മേലാപ്പ് ചാര്‍ത്തി ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം ചരിത്രത്തിന്റെ ചില പ്രത്യേക ഘട്ടത്തില്‍ രൂപംകൊണ്ട ആത്മീയ സരണികള്‍ക്ക് പുതിയ മുഖാവരണങ്ങളും മേക്കപ്പും നല്‍കി ആധുനികതയുടെ മേമ്പൊടി ചാര്‍ത്തി ആത്മീയതയുടെ ഉപഭോക്താക്കളെ വലവീശിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. ശ്രീശ്രീ രവിശങ്കറുടെ ജീവനകല അതില്‍ ഏറ്റവും കൂടുതല്‍ പ്രചാരം സിദ്ധിക്കുകയും ആത്മീയ മാര്‍ക്കറ്റില്‍ മതജാതി ഭിന്നതകള്‍ക്കതീതമായി പ്രചാരം ലഭിക്കുകയും ചെയ്ത അനുഷ്ഠാന കലയാണ്. അമേരിക്കയിലെ ഫ്രിജോഫ് ഷുവോണും ഓഷോ രജനീഷും മുതല്‍ സായിബാബയും അമൃതാനന്ദമയിയും വരെ പലതരം ആരാധനകളും അനുഷ്ഠാനങ്ങളും ആത്മീയതയുടെ പേരില്‍ രൂപപ്പെടുത്തുകയും ജനങ്ങളെ കബളിപ്പിച്ച് വന്‍ലാഭം നേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. അമ്മയുടെയും ശ്രീശ്രീയുടെയും ബാബയുടെയും പട്ടികയില്‍ മുസ്‌ലിം സമുദായത്തിലെ ചില കള്‍ട്ടുകളും ബിംബങ്ങളും സ്ഥാനം നേടാന്‍ തുടങ്ങിയിട്ട് നാളുകളായി. അമൃതാനന്ദമയിക്കും സായിബാബക്കും ലഭിച്ച ആഗോള-ദേശീയ പദവികള്‍ നേടിയെടുക്കാന്‍ കേരളത്തിലെ മുസ്‌ലിം ആത്മീയ കള്‍ട്ടുകളില്‍ ചിലര്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്.  ദല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര സൂഫീ സമ്മേളനത്തില്‍ നാമത് കണ്ടതാണ്. 

സാംസ്‌കാരിക പ്രബുദ്ധതക്കും സാമൂഹിക അവബോധത്തിനും പുകള്‍പെറ്റ മലയാള നാട്ടില്‍  ആള്‍ദൈവങ്ങളും കള്‍ട്ടുകളും ആത്മീയ പ്രഘോഷകരും നിറഞ്ഞൊഴുകുകയാണ്. ഇനിയും ആ പട്ടികയിലേക്ക് കടന്നുവരാനുള്ളവരുടെ വരി വളരെ നീളമുള്ളതാണു താനും. കേരളത്തില്‍ ജന്മംകൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങളുടെ കഠിന പ്രയത്‌നങ്ങളുടെ ഫലമായും അതുവഴിയുണ്ടായ ചിന്താപരവും ബൗദ്ധികവുമായ വികാസത്തെ തുടര്‍ന്നും കൂമ്പടഞ്ഞുപോയ പ്രാചീന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആധുനിക മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തി വിറ്റഴിക്കാനാണ് നവ ആത്മീയ പ്രസ്ഥാനങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അരാഷ്ട്രീയതയുടെ ആള്‍ രൂപങ്ങളായി വികസിക്കുന്ന ഇത്തരം കള്‍ട്ടുകളെയും ആള്‍ദൈവങ്ങളെയും വേണ്ടതിലധികം പ്രൊമോട്ട് ചെയ്യാന്‍ ഭരണകൂടം കാണിക്കുന്ന അമിതോത്സാഹം ആത്മീയതയുടെ തട്ടിപ്പുകേന്ദ്രങ്ങളെ വളര്‍ത്തി വലുതാക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. മാസങ്ങള്‍ക്കു മുമ്പ് നടന്ന രവിശങ്കറുടെ ആത്മീയ സാംസ്‌കാരിക സംഗമത്തിലും തുടര്‍ന്ന് ദല്‍ഹിയില്‍ തന്നെ നടന്ന അന്താരാഷ്ട്ര സൂഫി സമ്മേളനത്തിലും മുഖ്യ ആകര്‍ഷകമായി ഇരുകൂട്ടരും ഉയര്‍ത്തിക്കാട്ടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യമായിരുന്നു. ആഗോള ഭീകരതക്കെതിരെ സൂഫി ഇസ്‌ലാമിനെ പ്രചരിപ്പിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര സൂഫി സമ്മേളനത്തിലെ തന്റെ പ്രഭാഷണം മോദി അവസാനിപ്പിച്ചത്. ഇതിനെല്ലാം പുറമെ ഒരുതരം മത സമന്വയവും സര്‍വമത സത്യവാദവും മതസൗഹാര്‍ദവും ഇവര്‍ ഉയര്‍ത്തിവിടുന്നത് കാരണം ലഭിക്കുന്ന കപടമായ മതേതര പ്രതിഛായയുടെ തണലിലാണ് ഇവയത്രയും വളരുന്നത്. ഭജനകള്‍, ജീവനകല, കരിസ്മാറ്റിക് ധ്യാന കേന്ദ്രങ്ങള്‍, സ്വലാത്ത് സമ്മേളനങ്ങള്‍, തിരുകേശ സംഗമങ്ങള്‍ തുടങ്ങി പ്രാര്‍ഥനാ സമ്മേളനങ്ങള്‍ വരെ ആത്മീയ തട്ടിപ്പുകളായി ചുരുങ്ങുകയാണ്.

ആള്‍ദൈവങ്ങള്‍ക്കും കള്‍ട്ടുകള്‍ക്കും വിദേശ ഫണ്ടുകള്‍ തട്ടും മുട്ടുമില്ലാതെ ലഭിക്കാന്‍ വേണ്ടതെല്ലാം ഭരണകൂടങ്ങള്‍ തന്നെ സജ്ജീകരിക്കുന്നുണ്ട്. ചെറുകിട കച്ചവടക്കാര്‍ ബിസിനസ് പിടിച്ചുനിര്‍ത്താന്‍ കാണിക്കുന്ന ചെറിയ ക്രമീകരണങ്ങള്‍ പോലും വന്‍ നികുതിവെട്ടിപ്പുകളായി ചിത്രീകരിച്ച് പരിശോധനയും നടപടിയുമായിറങ്ങുന്ന ഒരു ഉദ്യോഗസ്ഥനെയും ഭയപ്പെടാതെ എത്ര വേണമെങ്കിലും, എങ്ങനെ വേണമെങ്കിലും സമ്പാദിക്കാന്‍ ആത്മീയ വ്യാപാരികള്‍ക്ക് സാധിക്കും. ആത്മീയത തൊട്ടാല്‍ പൊള്ളുന്ന മതവികാരമാണെന്നും അതിനെതിരെ തിരിയുന്നത് ഏടാകൂടമായിരിക്കുമെന്നുമാണ് രാഷ്ട്രീയ-ഉദ്യോഗസ്ഥ വൃന്ദം കരുതുന്നത്. ആത്മീയ വാണിഭക്കാരുടെ വിദേശ യാത്രകള്‍ക്ക് ഗ്രീന്‍ ചാനല്‍ തന്നെ തുറന്നുകൊടുക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ എല്ലാ നിഗൂഢതകളും ഒളിപ്പിച്ചു കടത്താന്‍ ഇത്തരക്കാര്‍ക്ക് നിഷ്പ്രയാസം സാധിക്കുന്നു. ചോദ്യം ചെയ്യാന്‍ വകുപ്പില്ലാത്ത സുരക്ഷിത വലയങ്ങളാണ് ഇവര്‍ക്കു വേണ്ടി രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്‍ ഒരുക്കി വെച്ചിരിക്കുന്നത്.

വിവിധ പേരുകളിലും വ്യത്യസ്ത ശൈലികളിലുമാണ് ആത്മീയ വാണിഭം പൊടിപൊടിക്കുന്നത്. ശാന്തി ശുശ്രൂഷ, വചന പ്രഘോഷണം, ആത്മീയ സദസ്സ്, ഖുര്‍ആന്‍ തെറാപ്പി, സ്വലാത്ത് മജ്‌ലിസ്, ദിക്ര്‍ ഹല്‍ഖ തുടങ്ങി വിവിധ മതവിഭാഗങ്ങള്‍ നടത്തുന്ന ആത്മീയ സദസ്സുകളിലധികവും തട്ടിപ്പിന്റെ ഹോള്‍സെയില്‍ കേന്ദ്രങ്ങളായി മാറുകയാണ്. കൂടോത്രം, ജപിച്ചുകെട്ടല്‍, കണ്ണേറ് പരിഹാരം, ഊത്ത്, വീശല്‍ തുടങ്ങി പാരമ്പര്യ തട്ടിപ്പ് കേസുകള്‍ മുതല്‍ വന്‍ തട്ടിപ്പുകള്‍ വരെ ഇന്ന് ആത്മീയ വ്യവഹാരങ്ങളിലെ സ്ഥിരം അജണ്ടകളായിരിക്കുന്നു. രോഗശാന്തി, സന്താന സൗഭാഗ്യം, മാനസികോല്ലാസം, വിവാഹ സൗഭാഗ്യം, ഉന്നത ജോലി തുടങ്ങിയ ഭൗതിക വാഗ്ദാനങ്ങളാണ് ആത്മീയ കേന്ദ്രങ്ങള്‍ നല്‍കാറുള്ളത്. ഇത്തരം ആത്മീയ പാക്കേജുകള്‍ക്കെല്ലാം നിര്‍ണിതമോ അല്ലാത്തതോ ആയ ഫീസ് ഉണ്ടായിരിക്കും. രവിശങ്കറുടെ ജീവനകല മുതല്‍ ഖലീല്‍ തങ്ങളുടെ പരീക്ഷാ കിറ്റ് വരെ ഈ ഗണത്തിലെ തട്ടിപ്പുകളാണ്. വലംപിരി ശംഖും ആകര്‍ഷണ രത്‌നവും മാസ്മരിക വിളക്കും മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന ആത്മീയ വാണിഭത്തില്‍ മന്ത്രിച്ചൂതിയ പേനയും ജപിച്ച മാലയും സേവിക്കാനായി പ്രത്യേക നെയ്യും ഉള്‍പ്പെടുന്ന എക്‌സാം കിറ്റ് എളുപ്പത്തില്‍ ചെലവാകുമെന്ന് ആത്മീയ തട്ടിപ്പുകാര്‍ക്ക് അറിയാം. മനുഷ്യരുടെ നിസ്സഹായാവസ്ഥ എത്ര സമര്‍ഥമായാണ് ഇക്കൂട്ടര്‍ ചൂഷണം ചെയ്യുന്നത്!

തിരുദൂതരുടേതെന്ന വ്യാജേന തിരുകേശം, അബൂദബിയിലെ അഹ്മദ് ഖസ്‌റജിയും മുംബൈയിലെ ജാലിയന്‍വാലയും നല്‍കിയതെന്നു പറഞ്ഞ് എഴുന്നള്ളിച്ചതിനു പിന്നാലെ വന്‍ വിവാദം ആളിക്കത്തിയിട്ടും പിറകോട്ട് പോകാതെ അതില്‍ അള്ളിപ്പിടിച്ച വിഭാഗത്തിന്റെ താല്‍പര്യം പ്രവാചക സ്‌നേഹമല്ലെന്നും തിരുശേഷിപ്പുകള്‍ ഏറ്റവും നല്ല ആത്മീയ പ്രൊഡക്ടായി ഉപയോഗിക്കാമെന്ന തിരിച്ചറിവ് മാത്രമാണെന്നും എല്ലാവര്‍ക്കുമറിയാം. അവരുടെ തന്നെ കൂടെ നിന്നിരുന്ന പലരും അത് പരസ്യമായി വിളിച്ചുപറയുകയും ചെയ്തിട്ടുണ്ട്. തിരുകേശം കത്തിച്ചും നിഴല്‍ നോക്കിയും സനദ് പറഞ്ഞും ആധികാരികത തെളിയിക്കാനുള്ള മുറവിളി മറുപക്ഷത്തുള്ളവര്‍ തൊണ്ടകീറുമാറുച്ചത്തില്‍ മുഴക്കുന്നതിനിടയിലും തിരുദൂതരുടേതെന്ന വ്യാജേന പാനപാത്രവുമായി ഇക്കൂട്ടര്‍ രംഗത്തുവന്നത് ഞെട്ടലുളവാക്കുന്നതായിരുന്നു. പിഞ്ഞാണ തട്ടിപ്പുമായും ഇവര്‍ രംഗപ്രവേശം ചെയ്യുകയുണ്ടായി. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ച മഖാമു ഇബ്‌റാഹീമിനേക്കാള്‍ പവിത്രതയും വിശുദ്ധിയും തന്റെ കൈവശമുള്ള പാനപാത്രത്തിനാണെന്ന കാന്തപുരം മുസ്‌ലിയാരുടെ പ്രസ്താവന വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇബ്‌റാഹീം മഖാം ഇബ്‌റാഹീം പ്രവാചകന്‍ ചവിട്ടിനിന്ന സ്ഥലമാണെന്നും തന്റെ കൈവശമുള്ള പാനപാത്രം മുത്ത് നബിയുടെ ചുണ്ട് സ്പര്‍ശിച്ചതാണെന്നുമായിരുന്നു ഈ അപകടകരമായ പ്രസ്താവനയുടെ ന്യായമായി ഉന്നയിച്ചത്. അധിനിവേശവിരുദ്ധ പോരാട്ടത്തിലേര്‍പ്പെട്ട ആയിരക്കണക്കിന് മുസ്‌ലിംകളെ ഇസ്രയേലിന്റെയും റഷ്യയുടെയും സഹായത്തോടെ കൂട്ടക്കശാപ്പ് ചെയ്ത ചെച്‌നിയന്‍ ഭരണാധികാരി റമദാന്‍ കദിറോവാണ് ഈ പാനപാത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചതെന്നു കൂടി ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. അഹ്മദ് ഖസ്‌റജി കൊടുത്ത ഈ പാനപാത്രത്തില്‍ ഇസ്രയേലിന്റെ ഔദ്യോഗിക ചിഹ്നമായ ആറു കോണുകളുള്ള നക്ഷത്രമുണ്ടായതില്‍ (ദാവീദിന്റെ നക്ഷത്രം) ഒട്ടും അത്ഭുതപ്പെടാനുമില്ല. ഭാവിയില്‍ മുത്ത് നബിയുടേതെന്ന വ്യാജേന വടിയും വിരിയും ഭരണിയും കുപ്പിയും ഗ്ലാസുമൊക്കെയായി ഇവര്‍ പ്രത്യക്ഷപ്പെട്ടാലും അത്ഭുതപ്പെടാനില്ല.

ഒരു മത സംഘടന എന്നതിനപ്പുറം കോര്‍പ്പറേറ്റുകളെ പോലും അതിശയിപ്പിക്കുന്ന ആത്മീയതയുടെ മള്‍ട്ടിനാഷ്‌നല്‍ ബ്രാന്റുകള്‍ വിറ്റഴിക്കുന്ന വന്‍ ബിസിനസ് സംരംഭമായി ഈ വിഭാഗം പരിണമിച്ചിരിക്കുന്നു. ഇവര്‍ വിറ്റഴിക്കുന്ന പ്രൊഡക്ട് പരമ്പരാഗത മാര്‍ക്കറ്റുകള്‍ക്ക് ഒട്ടും പരിചയമില്ലാത്ത ഉല്‍പന്നമാണെന്നു മാത്രം. ആത്മീയത എന്നും കച്ചവടവത്കരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്രമാത്രം വിപണന സാധ്യതയുള്ള ഉല്‍പന്നമാണ് ആത്മീയതയെന്ന് മാലോകരെ ബോധ്യപ്പെടുത്തിയത് ഇക്കൂട്ടര്‍തന്നെ. മലപ്പുറം മേല്‍മുറിയില്‍ എല്ലാ റമദാനിലും ഇരുപത്തിയേഴാം രാവില്‍ നടന്നുവരാറുള്ള സ്വലാത്ത് സമ്മേളനത്തിന്റെ വാര്‍ത്ത ഏറ്റവുമൊടുവില്‍ മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ ബിസിനസ് കോളത്തില്‍ വന്നത് യാദൃഛികമാകാനിടയില്ല! 

റമദാന്‍ ഇരുപത്തിയേഴാം രാവില്‍ മലപ്പുറത്ത് സ്വലാത്ത് സമ്മേളനം നടക്കാറു്. കഴിഞ്ഞ റമദാനില്‍ അതിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയ ലാഇലാഹ ഇല്ലല്ലാഹ് എന്ന മഹദ് വചനവും അനുബന്ധ ദിക്‌റുകളും സ്വലാത്തും ദുആകളും വികൃതവും പ്രാകൃതവുമായി തലയാട്ടിയും മുടിയാട്ടിയും നെഞ്ചത്തടിച്ചും ചൊല്ലിക്കൊണ്ടിരുന്നു! ലളിതമായി പറഞ്ഞാല്‍ ഇതിലൂടെ ഇവര്‍ പരിശുദ്ധ ദീനുല്‍ ഇസ്‌ലാമിനെ പരിഹസിക്കുകയാണ് ചെയ്യുന്നത്. ഒടുവില്‍ അതുവരെ ചൊല്ലിയ ദിക്‌റിനും സ്വലാത്തിനും നൂറ് രൂപ വില നിശ്ചയിച്ച് ഒരു തേന്‍കുപ്പിയും നല്‍കി പാവം വിശ്വാസികളെ വിഡ്ഢിവേഷം കെട്ടിക്കുന്ന മതനേതൃത്വം എങ്ങോട്ടാണ് ഈ സാധു ജനങ്ങളെ നയിക്കുന്നതെന്ന് ഗൗരവപൂര്‍വം ആലോചിക്കേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ ശിഫയുണ്ടെന്ന് പറഞ്ഞ തേനും ദിക്‌റും സ്വലാത്തും എല്ലാം കൂടി ചേര്‍ത്ത് നടത്തുന്ന ഈ ആത്മീയ വ്യാപാരത്തിന് ഓരോ വര്‍ഷം കഴിയുംതോറും പത്രാസും പൊലിമയും വര്‍ധിക്കുകയാണ്. 

ഇതിനെല്ലാം പുറമെ മദീനയിലേക്ക് സ്വലാത്ത് കയറ്റുമതി ചെയ്യുന്ന തമാശകള്‍ വരെ നടക്കുന്നുണ്ട്. കോടിക്കണക്കിന് സ്വലാത്തുകള്‍ മദീനയിലേക്ക് കയറ്റിയയച്ച് പ്രവാചക സ്‌നേഹം പ്രകടിപ്പിക്കാന്‍  അനുയായികളെ പ്രേരിപ്പിക്കുന്ന നോട്ടീസുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയ വഴിയും തെരുവോരങ്ങളില്‍ ഒട്ടിച്ചും വ്യാപകമായി ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നുണ്ട്. അതിനെ പരിഹസിക്കുന്ന സോഷ്യല്‍ മീഡിയാ ചര്‍ച്ചകളും ട്രോളുകളും ഇപ്പോഴും നിലച്ചിട്ടില്ല. വിശ്വാസികളെ കബളിപ്പിച്ചും ആത്മീയ ബോധത്തെ ചൂഷണം ചെയ്തും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനുള്ള കുറുക്കുവഴികളാണ് ഇതെല്ലാമെന്ന് തിരിച്ചറിയാത്ത പാവങ്ങള്‍ ഇവര്‍ ഒരുക്കുന്ന അപകടക്കെണിയില്‍ അകപ്പെടുകയാണ്.

 

എ.പി ഗ്രൂപ്പിന്റെ രാഷ്ട്രീയം

സമസ്ത പിളര്‍ന്ന് എ.പി ഗ്രൂപ്പ് ഉണ്ടായ നാള്‍ മുതല്‍ കേരളത്തിന്റെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇവര്‍ കടന്നുവരാറുണ്ട്. മതവും രാഷ്ട്രീയവും രണ്ടാണെന്നും അതിനാല്‍ തന്നെ തങ്ങള്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും നാഴികക്ക് നാല്‍പതു വട്ടം ആണയിടുമ്പോഴും രാഷ്ട്രീയമാണ് കാന്തപുരത്തിന്റെയും അനുയായികളുടെയും എക്കാലത്തെയും വിവാദ വിഷയം. സമസ്ത പിളരാനുണ്ടായ കാരണം അടിസ്ഥാനപരമായി രാഷ്ട്രീയമായിരുന്നു. അതിനാലാണ് പിളര്‍ന്ന നാള്‍മുതല്‍ ലീഗ്‌വിരുദ്ധ രാഷ്ട്രീയ പക്ഷത്ത് കാന്തപുരം നിലകൊണ്ടത്. ലീഗ്‌വിരുദ്ധ രാഷ്ട്രീയം എന്നത് നയമായി സ്വീകരിച്ചതിനാല്‍ തന്നെ ഇടതുപക്ഷത്തോടൊപ്പം നിന്നതാണ് കാന്തപുരത്തിന്റെ രാഷ്ട്രീയ ചരിത്രം. കാന്തപുരം മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തിന്റെ പ്രത്യക്ഷ ചിത്രം ഇങ്ങനെയൊക്കെയാണ്. എന്നാല്‍ അടിമുടി ദുരൂഹതകള്‍ നിറഞ്ഞതാണ് ഇദ്ദേഹത്തിന്റെയും ഗ്രൂപ്പിന്റെയും പ്രായോഗിക രാഷ്ട്രീയം.

സംഘ് പരിവാര്‍ രാഷ്ട്രീയത്തെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണക്കുന്ന പരാമര്‍ശങ്ങള്‍ പലപ്പോഴായി കാന്തപുരം തന്നെ നടത്താറുള്ളതാണ്. ഈ കഴിഞ്ഞ ജൂണില്‍ ദുബൈയിലെ ഖലീജ് ടൈംസ് ലേഖകന്‍ അശ്വനികുമാര്‍ കാന്തപുരവുമായി നടത്തിയ അഭിമുഖത്തില്‍ ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരം: ''ഞാനങ്ങനെ കരുതുന്നില്ല. സമൂഹത്തിലെ ഒരു വിഭാഗം മാത്രമാണ് അത്തരത്തില്‍ ചിന്തിക്കുന്നത്. മറ്റു രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെയധികം സമാധാനപൂര്‍ണമായ അന്തരീക്ഷമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഒരു പുതിയ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ മറ്റുള്ളവര്‍ അതിനു നേരെ വിരല്‍ചൂണ്ടുന്നത് സ്വാഭാവികമാണ്. അത്തരം കാര്യങ്ങള്‍ സാധാരണയായി സംഭവിക്കുന്നതാണ്. എല്ലാറ്റിലുമുപരി സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ.'' ഇതിന് മുമ്പും മോദിയെയും സംഘ് പരിവാര്‍ രാഷ്ട്രീയത്തെയും നേര്‍ക്കുനേരെയും പാത്തും പതുങ്ങിയും പുകഴ്ത്തുകയും ന്യായീകരിക്കുകയും ചെയ്യുന്ന പ്രസ്താവനകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ചേകന്നൂര്‍ മൗലവി തിരോധാനത്തിനു ശേഷം വാജ്‌പേയിയുടെ നേതൃത്വത്തില്‍ പ്രഥമ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയ അന്ന് മുതല്‍ ഈ മൃദു ബി.ജെ.പി രാഷ്ട്രീയ നയം ഈ വിഭാഗം പിന്തുടര്‍ന്നു വരുന്നതായി കാണാം. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്റെ ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് മോദിയെ പുകഴ്ത്തി കാന്തപുരം മാലോകരെ ഞെട്ടിച്ചു കളഞ്ഞത്. എന്തോ വലിയ അപകടത്തില്‍നിന്ന് രക്ഷപ്പെടുത്തിയതിന്റെ ഉപകാര സ്മരണയോ ഏതോ വലിയ കുരുക്കഴിച്ചു കൊടുത്തതിന്റെ നന്ദിപ്രകാശനമോ ഭാവിയില്‍ ലഭിക്കാന്‍ പോകുന്ന ആനുകൂല്യങ്ങള്‍ സ്വപ്നം കണ്ടുകൊണ്ടോ ആയിരുന്നു ഈ മദ്ഹ് പറയലെന്ന് അന്ന് പലരും അടക്കം പറഞ്ഞിരുന്നു. കോര്‍പ്പറേറ്റ് ആള്‍ദൈവങ്ങളും കള്‍ട്ടുകളുമായി വര്‍ഗീയ ഫാഷിസ്റ്റുകള്‍ വെച്ചുപുലര്‍ത്തുന്ന ബന്ധം എക്കാലത്തും കുപ്രസിദ്ധമാണ്. ആ പട്ടികയില്‍ കേരളത്തില്‍നിന്നുള്ള 'മുസ്‌ലിം ആത്മീയ നേതാക്കന്മാ'രുടെ പേരുകളും കടന്നുവരുന്നതിന്റെ നേര്‍ക്കുനേരെയുള്ള തെളിവുകളാണ് ഇതെല്ലാം. ആത്മീയ വ്യാപാരവും വര്‍ഗീയതയും ഒരു കുടക്കീഴില്‍ ഒന്നിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഭയാനകമായിരിക്കും.

ഡോ. സാകിര്‍ നായിക്, ഏതാനും കുടുംബങ്ങളുടെ തിരോധാനം എന്നിവയുമായി ബന്ധപ്പെട്ടുണ്ടായ സമകാലിക വിവാദങ്ങളില്‍ കാന്ത

പുരം അനുയായികളില്‍ പലരുടെയും നിലപാട് അത്യന്തം പ്രതിലോമപരമാണ്. എല്ലാ മുസ്‌ലിം സംഘടനകളും ഒരുമിച്ചുനിന്നപ്പോള്‍ വേറിട്ടുനിന്ന് സാകിര്‍ നായികിനെയും സലഫിധാരകളെ ഒന്നടങ്കവും ഒറ്റുകൊടുക്കുന്ന സമീപനമാണ് അവര്‍ സ്വീകരിച്ചത്. ഈ രാഷ്ട്രീയം തിരിച്ചറിയപ്പെടേതു്.

 

ഗ്രൂപ്പ് വഴക്കുകളുടെ ഘോഷയാത്രകള്‍

വഴക്കും വക്കാണവും സംഘടനാ പ്രവര്‍ത്തനത്തിന്റെ അനിവാര്യതയായി മാറുംവിധമുള്ള പ്രവര്‍ത്തനങ്ങളാണ് ഇക്കൂട്ടര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പള്ളികള്‍ അടച്ചുപൂട്ടുന്നതും മദ്‌റസാ കെട്ടിടങ്ങളുടെ നടുവില്‍ മതില്‍ പണിയുന്നതും പിളര്‍പ്പിന്റെ ഒന്നാം നാള്‍ മുതല്‍ ആരംഭിച്ചതാണ്. കൊലപാതകങ്ങളില്‍ വരെ കലാശിച്ച ചരിത്രവും വര്‍ത്തമാനവുമാണ് ഗ്രൂപ്പ് വഴക്കുകളുടെ അനന്തര ഫലം. മണ്ണാര്‍ക്കാട് കല്ലാംകുഴി കൊലപാതകവും മഞ്ചേരി എളങ്കൂര്‍ മഞ്ഞപ്പറ്റ അത്താണിക്കല്‍ കൊലപാതകവും ഇവയില്‍ ചിലതു മാത്രം. പള്ളികളും മദ്‌റസകളും ചുട്ടെരിക്കപ്പെട്ട സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പാറാട് എന്ന സ്ഥലത്ത് ബോംബുണ്ടാക്കുന്നതിനിടയില്‍ പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്കേറ്റ സംഭവവും ഇരു ഗ്രൂപ്പുകളും തമ്മിലെ തര്‍ക്കങ്ങളുടെ പേരിലായിരുന്നു.

പള്ളിത്തര്‍ക്കങ്ങള്‍ മുമ്പത്തേക്കാേളറെ രൂക്ഷമാവുകയാണിന്ന്. കഴിഞ്ഞ മാസം മാത്രം പള്ളി പിടിച്ചെടുക്കല്‍ ശ്രമങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ പൂട്ടിയിടേണ്ടിവന്നത് രണ്ട് പള്ളികളാണ്. മലപ്പുറം വാഴയൂര്‍ പള്ളി അടച്ചുപൂട്ടിയ അതേ മാസമാണ് ഇതേ പഞ്ചായത്തില്‍ മൂളപ്പറമ്പില്‍ പള്ളിയുടെ പേരിലുണ്ടായ സംഘര്‍ഷങ്ങളുടെ പേരില്‍ കുത്തേറ്റ് മൂന്നു പേരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കേണ്ടിവന്നത്. തച്ചണ്ണ, പരുത്തിക്കോട്, മുടിക്കോട് പ്രദേശങ്ങളിലെ പള്ളികളിലും രൂക്ഷമായ തര്‍ക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കൈയേറ്റങ്ങളുടെയും പിടിച്ചടക്കലിന്റെയും പേരിലാണ് ഈ തര്‍ക്കങ്ങളെല്ലാം ഉണ്ടാകുന്നത്.

മനുഷ്യജീവിതത്തെ നനവും നന്മയും നിറഞ്ഞതാക്കി മാറ്റുന്നതാണ് യഥാര്‍ഥ ആത്മീയത. മനുഷ്യനില്‍ അര്‍പ്പിതമായ സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ പാകമാക്കുന്ന പ്രക്രിയ കൂടിയാണിത്. രചനാത്മകമായ സാമൂഹിക നിര്‍മിതിക്ക് യഥാര്‍ഥ ആത്മീയത അനിവാര്യവുമാണ്. മനുഷ്യജീവിതത്തിന്റെ സമൂലമായ വിജയമാണ് അതിന്റെ ആത്യന്തിക ലക്ഷ്യം. സാമ്പത്തിക- സാമൂഹിക- കുടുംബ- രാഷ്ട്രീയ രംഗങ്ങളിലെ തിന്മകളില്‍നിന്ന് കൈപിടിച്ചുയര്‍ത്തി നന്മയുടെ ഉന്നതങ്ങളിലേക്ക് എത്തിക്കുകയാണ് യഥാര്‍ഥ ആത്മീയത കൊണ്ട് സംഭവിക്കേണ്ടത്. അതിന് തടസ്സമാകുന്ന കപട ആത്മീയതയുടെ കോമരംതുള്ളലുകള്‍ തിരിച്ചറിയാന്‍ വിശ്വാസികള്‍ക്കാവുക എന്നതു തന്നെയാണ് ആത്മീയ വാണിഭക്കാരുടെ വലയത്തില്‍നിന്ന് കുതറി രക്ഷപ്പെടാനുള്ള ഏക പോംവഴി. 


Comments

Other Post

ഹദീസ്‌

ജനസേവനത്തിലാണ് പാരത്രിക വിജയം
അബൂദര്‍റ് എടയൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 51-54
എ.വൈ.ആര്‍