Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 05

2962

1437 ദുല്‍ഖഅദ് 02

പശു രാഷ്ട്രീയവും മാനവിക രാഷ്ട്രീയവും

എല്ലാറ്റിനും ഒരു പരിധിയുണ്ട്, ആ പരിധി വിട്ടാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും, സ്വന്തത്തെ തന്നെ അത് തിരിഞ്ഞു കൊത്തും എന്ന് പറയാറുണ്ട്. അത്തരമൊരു അവസ്ഥയിലാണ് രാജ്യത്തെ പശുരാഷ്ട്രീയം എത്തിനില്‍ക്കുന്നത്. ആദ്യം മുസ്‌ലിംകളായിരുന്നു പശുരാഷ്ട്രീയത്തിന്റെ ഇരകള്‍. അതിന്റെ പേരിലാണ് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ ഒരുപറ്റം അക്രമികള്‍ അടിച്ചുകൊന്നത്. അതിനു ശേഷം മുസ്‌ലിം സമുദായത്തില്‍നിന്ന് നാലു പേര്‍ക്കെങ്കിലും പശുരാഷ്ട്രീയത്തിന്റെ പേരില്‍ ജീവഹാനി നേരിട്ടുണ്ട്. അക്രമികള്‍ക്കെതിരെ നടപടികളെടുക്കാതെ കാഴ്ച കണ്ട് രസിച്ചുകൊണ്ടിരുന്ന ഭരണാധികാരികള്‍ പശുരാഷ്ട്രീയം ദലിതുകള്‍ക്കു നേരെ തിരിഞ്ഞപ്പോള്‍ ശരിക്കും അങ്കലാപ്പിലായിരിക്കുകയാണ്. കൊല്ലപ്പെടാത്ത പശുവിന്റെ പേരില്‍ മുസ്‌ലിംകള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയോ മൃദുവായി പ്രതികരിച്ചെന്ന് വരുത്തുകയോ ചെയ്ത സകല കക്ഷികളും, ചത്ത പശുവിന്റെ തൊലിയുരിഞ്ഞതിന്റെ പേരില്‍ ദലിത് യുവാക്കളെ ഗുജറാത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച വീഡിയോ വൈറലായപ്പോള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളെയും സ്തംഭിപ്പിക്കുക തന്നെ ചെയ്തു. ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി രാജ്യസഭയില്‍ ചൂണ്ടിക്കാട്ടിയ ഒരു യാഥാര്‍ഥ്യമുണ്ട്. പശുവിന്റെ പേരില്‍ ആദ്യം മുസ്‌ലിംകള്‍ക്കെതിരെ അക്രമമുണ്ടായപ്പോള്‍ കാര്യമായ നടപടികളൊന്നുമുണ്ടായില്ല. അക്രമികള്‍ക്കത് പ്രോത്സാഹനവും പ്രചോദനവുമായി. ഇത്തരം അക്രമിസംഘങ്ങളാണ് ഇപ്പോള്‍ ദലിതുകള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

നിരവധി ദലിത് നേതാക്കളെയും ഗോത്ര പ്രമുഖരെയും ഒപ്പം നിര്‍ത്തുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. ഗുജറാത്തിലെ ദലിത് പീഡന സംഭവം പുറത്തുവന്നതോടെ ദലിത് വിരുദ്ധ കക്ഷിയാണ് ബി.ജെ.പി എന്ന പൊതുബോധം ശക്തിപ്പെടുകയാണ്. ഗുജറാത്തില്‍ ദലിത് സംഘടനകള്‍ നടത്തിവരുന്ന പ്രക്ഷോഭം ശമിച്ചിട്ടില്ല. ചത്ത പശുക്കളെ ഇനി കൈകൊണ്ട് തൊടില്ല എന്നാണവര്‍ പറയുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് പത്ത് ദലിതുകളെങ്കിലും ആത്മഹത്യാ ശ്രമം നടത്തുകയുണ്ടായി. ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ പീഡനത്തിനിരയായവരെ സന്ദര്‍ശിച്ചതും സഹായധനം നല്‍കിയതുമൊന്നും അവരുടെ രോഷം തണുപ്പിച്ചിട്ടില്ല. പട്ടേല്‍ സമുദായം നേരത്തേ തന്നെ പ്രക്ഷോഭത്തിന്റെ പാതയിലാണ്. ഈ രണ്ട് വിഭാഗങ്ങളും അകന്നുപോയാല്‍ ബി.ജെ.പിയുടെ വിജയസാധ്യതകളെ അത് അട്ടിമറിച്ചുകൂടായ്കയില്ല.

ഇവിടെ ഒരു ചോദ്യമുയരുന്നുണ്ട്. ദലിത് പീഡനത്തില്‍ സംഘ്പരിവാറിന് ഇത്രയധികം ഉത്കണ്ഠയുണ്ടെങ്കില്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരക്ഷരം ഉരിയാടാത്തത്? പ്രസ്താവനകള്‍ നടത്തുന്നത് മുഴുവന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. പ്രധാനമന്ത്രിക്ക് സംഭവത്തില്‍ അതിയായ ഖേദമുണ്ടെന്ന് പറയുന്നതും അദ്ദേഹം തന്നെ. എങ്ങനെ വ്യാഖ്യാനിക്കും ഈ മൗനത്തെ? സ്വതന്ത്ര ബുദ്ധിജീവികള്‍ക്കെതിരെ അതിക്രമം നടന്നുകൊണ്ടിരുന്നപ്പോഴും മൗനത്തിലായിരുന്നല്ലോ അദ്ദേഹം. ഇതൊരു തരത്തിലുള്ള കുറ്റസമ്മതമാണ്. താല്‍ക്കാലികമായ തെരഞ്ഞെടുപ്പുലാഭങ്ങള്‍ക്കു വേണ്ടി തങ്ങള്‍ തന്നെ അഴിച്ചുവിട്ട ദുര്‍ഭൂതങ്ങളാണ് ഇവയെന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ട്. ജനത്തിനും അത് അറിയാം. മൗനത്തിന്റെ വത്മീകത്തിലൊളിക്കുകയല്ലാതെ അപ്പോള്‍ പിന്നെ വേറെ വഴിയില്ല.

ഈ ഇരട്ടത്താപ്പും കാപട്യവും ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ കുത്തകയല്ല. ദീര്‍ഘകാലം കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോഴും രാജ്യത്തെ ദലിതുകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കുറഞ്ഞിരുന്നുവെന്ന് പറയാന്‍ കഴിയുമോ? അപ്പോള്‍ ഏതെങ്കിലും കക്ഷി അധികാരത്തില്‍ വരുന്നതോ അധികാരത്തില്‍നിന്ന് പോകുന്നതോ അല്ല പ്രശ്‌നം. ദലിതുകളെ തങ്ങളെപ്പോലെ തുല്യാവകാശവും പദവിയുമുള്ള മനുഷ്യരായി കാണാന്‍ സകല അധികാര കേന്ദ്രങ്ങളിലും പിടിമുറുക്കിയ ഉയര്‍ന്ന ജാതിക്കാര്‍ തയാറാവുന്നില്ല എന്നതാണ് യഥാര്‍ഥ പ്രശ്‌നം. ജാതിവിവേചനങ്ങള്‍ക്കെതിരെ ഒട്ടേറെ നിയമങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. സംവരണത്തിലൂടെ അവരെ അധികാര കേന്ദ്രങ്ങളിലെത്തിക്കാനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദലിത് വിഭാഗത്തില്‍പെടുന്നവര്‍ പ്രസിഡന്റും സ്പീക്കറും ഉപപ്രധാനമന്ത്രിയും വരെ ആയിട്ടുണ്ട്. പക്ഷേ, ദലിതര്‍ക്ക് ഇന്നും ഉയര്‍ന്ന ജാതിക്കാരുടെ ക്ഷേത്രങ്ങളില്‍ പ്രവേശനമില്ല. അവരുടെ കിണറുകളില്‍നിന്ന് വെള്ളമെടുക്കാന്‍ അനുവാദമില്ല.

ഈ കൊടിയ ജാതിവിവേചനവും മനുഷ്യത്വവിരുദ്ധതയുമാണ് പലതരത്തിലുള്ള ദലിത് പീഡനങ്ങളായി നമ്മുടെയും നമ്മുടെ നാടിന്റെയും യശസ്സ് കളങ്കപ്പെടുത്തുന്നത്. കേന്ദ്രവും ഗുജറാത്തും ഭരിക്കുന്ന കക്ഷി ഇത്തരം ജാതിവിവേചനങ്ങളെ എതിര്‍ക്കുന്നില്ലെന്നു മാത്രമല്ല, അതൊക്കെ പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി കാണുന്നുമുണ്ട്. മനോഭാവമാണ് ആദ്യം മാറേണ്ടത്. എല്ലാ മനുഷ്യരും ഒരേ മാതാപിതാക്കളുടെ സന്താന പരമ്പരകളാണെന്നും അതിനാല്‍തന്നെ തുല്യാവകാശികളുമാണെന്ന സമത്വചിന്തക്കേ ജാതിചിന്തയെ ചെറുക്കാനാവൂ. മത, ജാതി വിവേചനങ്ങളെ ഊട്ടിയുറപ്പിക്കാനും സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിടാനും സമീപകാല ഇന്ത്യന്‍ ചരിത്രത്തിലേക്ക് ഒളിച്ചുകടത്തപ്പെട്ട ഒന്നാണ് പശുരാഷ്ട്രീയം. അതിന്റെ വക്താക്കള്‍ക്കും പ്രചാരകര്‍ക്കും ദലിതുകളുടെയോ ന്യൂനപക്ഷങ്ങളുടെയോ മറ്റു പിന്നാക്ക വിഭാഗങ്ങളുടെയോ സംരക്ഷണം ഏറ്റെടുക്കാനാവില്ല. വിവേചനത്തിന്റെ പശുരാഷ്ട്രീയത്തിനു പകരം സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മാനവിക രാഷ്ട്രീയം ഏറ്റെടുക്കാന്‍ ആര് തയാറുണ്ട് എന്നതാണ് ഉയര്‍ന്നുവരുന്ന സുപ്രധാനമായ ചോദ്യം. 


Comments

Other Post

ഹദീസ്‌

ജനസേവനത്തിലാണ് പാരത്രിക വിജയം
അബൂദര്‍റ് എടയൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 51-54
എ.വൈ.ആര്‍