Prabodhanm Weekly

Pages

Search

2016 ജൂലൈ 29

2961

1437 ശവ്വാല്‍ 24

പൂര്‍വകാല പണ്ഡിതന്മാരുടെ സാക്ഷ്യം

അശ്‌റഫ് കീഴുപറമ്പ്

ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളെക്കുറിച്ച പഠനശാഖ(ഫിഖ്ഹുല്‍ മാഖാസ്വിദ്)ക്ക് മാലികീ മദ്ഹബുമായുള്ള നാഭീനാള ബന്ധം ഒട്ടും യാദൃഛികമല്ല. ഫിഖ്ഹുല്‍ മഖാസ്വിദിന് ആദ്യമായി ഒരു സമഗ്ര രൂപരേഖ തയാറാക്കിയ ഇമാം ശാത്വിബി മുതല്‍ ഇരുപതാം നൂറ്റാണ്ടില്‍ ആ ജ്ഞാനശാഖയുടെ മഹാ ഗുരുവായി അറിയപ്പെട്ട മുഹമ്മദുബ്‌നു ആശൂര്‍ വരെയുള്ളവര്‍ മാലികീ മദ്ഹബിലൂടെ സഞ്ചരിച്ചവരാണ്. മാലികീ മദ്ഹബിന് മേധാവിത്വമുള്ള മൊറോക്കോ, തുനീഷ്യ, അള്‍ജീരിയ തുടങ്ങിയ വടക്കനാഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഇന്നും മഖാസ്വിദീ പഠനങ്ങള്‍ കൂടുതലായി നടക്കുന്നത്. ജീവിച്ചിരിക്കുന്ന മഖാസ്വിദീ പണ്ഡിതരില്‍ പ്രമുഖനാണ് മൊറോക്കോക്കാരനായ അഹ്മദ് റയ്‌സൂനി.

തുടക്കം മുതലേ മാലികീ മദ്ഹബില്‍ മഖാസ്വിദീ പഠനങ്ങള്‍ക്ക് പ്രാമാണിക പിന്‍ബലം ലഭിക്കാന്‍ പല കാരണങ്ങളുണ്ട്. മദ്ഹബിന്റെ ഇമാമായ മാലികുബ്‌നു അനസ് (ഹി. 93-179) അനന്തരമെടുത്ത പൈതൃകം തന്നെ അതില്‍ പ്രധാനം. ഇമാം മാലിക് ജനിച്ചതും വളര്‍ന്നതും വിദ്യ പകര്‍ന്നു നല്‍കിയതുമെല്ലാം പ്രവാചക നഗരിയായ മദീനയിലാണ്. പ്രവാചകാനുയായികളില്‍ പല പ്രമുഖരും ജീവിതാന്ത്യം വരെ കഴിച്ചുകൂട്ടിയതും ഈ വിശുദ്ധ നഗരിയില്‍തന്നെ. അതിനാല്‍ മദീനാ നിവാസികളുടെ ഇസ്‌ലാമിക ജീവിതം മാലികീ മദ്ഹബിന്റെ ആധാരശിലകളിലൊന്നായി മാറിയതില്‍ അത്ഭുതമില്ല. പ്രവാചകാനുയായികള്‍ മദീനയില്‍ മാത്രമല്ല, മറ്റു പല നഗരങ്ങളിലും ജീവിച്ചിട്ടുണ്ടെന്നും അവരുടെ ജീവിത മാതൃകകള്‍ എന്തുകൊണ്ട് മാലികികള്‍ സ്വീകരിക്കുന്നില്ല എന്നും വിമര്‍ശകര്‍ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും, ആദ്യകാല ഫിഖ്ഹിന്റെ വികാസത്തിന് മദീനയോളം കടപ്പെട്ട മറ്റൊരു നഗരമുണ്ടായിരുന്നില്ലെന്നത് വസ്തുതയാണ്. ഇന്ത്യന്‍ പണ്ഡിതനായ ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി അക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഫിഖ്ഹിന് പുതുമാനങ്ങളും ചൈതന്യവും നല്‍കിയത് രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബാണെന്ന് നേരത്തേ വിശദീകരിച്ചിരുന്നു. പിന്‍തലമുറ (താബിഈ)യെ പ്രചോദിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അങ്ങനെയാണ് മദീനയില്‍ 'ഏഴംഗ പണ്ഡിത സംഘം' ഉയര്‍ന്നുവരുന്നത്. സഈദുബ്‌നുല്‍ മുസയ്യബ്, ഉര്‍വതുബ്‌നു സുബൈര്‍, ഖാസിമുബ്‌നു മുഹമ്മദുബ്‌നു അബീബക്ര്‍ സിദ്ദീഖ്, ഉബൈദുല്ലാഹിബ്‌നു അബ്ദുല്ലാഹിബ്‌നു ഉത്ബ, ഖാരിജബ്‌നു സിയാദ്, സുലൈമാനുബ്‌നു യസാര്‍, സാലിമുബ്‌നു അബ്ദില്ലാഹിബ്‌നു ഉമര്‍ എന്നിവരാണവര്‍. ഇവരുടെ ശിഷ്യരാണ് ഇബ്‌നു ശിഹാബ് സുഹരി, യഹ്‌യബ്‌നു സഈദ് അല്‍ അന്‍സ്വാരി, സൈദുബ്‌നു അസ്‌ലം, നാഫിഅ്, റബീഅതു റഅ്‌യ്, അബുസ്സിനാദ് എന്നിവര്‍. ഉമറുബ്‌നുല്‍ ഖത്ത്വാബില്‍നിന്ന് തുടങ്ങി ഈ പണ്ഡിത പരമ്പരകള്‍ വഴി കൈമാറ്റം ചെയ്യപ്പെട്ട വിവരങ്ങളും അന്വേഷണ മാതൃകകളുമെല്ലാം ഒടുവില്‍ എത്തിച്ചേരുന്നത് മാലികുബ്‌നു അനസ് എന്ന മദ്ഹബിന്റെ ഇമാമിലാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, മഖാസ്വിദീ അന്വേഷണങ്ങളുടെ സുവര്‍ണ യുഗമായ ഉമറിന്റെ ഭരണകാലത്തെ വൈജ്ഞാനികാനുഭവങ്ങള്‍ കൂടുതല്‍ സ്വായത്തമാക്കിയത് മാലികീ മദ്ഹബാണ്.

മാലികീ മദ്ഹബിന്റെ 'അല്‍ മസ്വാലിഹുല്‍ മുര്‍സല' എന്ന പരികല്‍പനയില്‍ ഉമറിയന്‍ അന്വേഷണ മാതൃകയുടെ പ്രതിഫലനമാണ് നാം കാണുന്നത്. 'പരിധിവെക്കാത്ത മാനവിക താല്‍പര്യങ്ങള്‍' എന്ന് നമുക്ക് ഈ സംജ്ഞയെ പരിഭാഷപ്പെടുത്താം. ഏതാണ്ട് ഇതേ അര്‍ഥത്തില്‍ ഹനഫീ മദ്ഹബില്‍ 'ഇസ്തിഹ്‌സാന്‍' എന്നൊരു സംജ്ഞയുണ്ടെങ്കിലും, അത് വ്യക്തമായി നിര്‍വചിക്കപ്പെടുകയോ ആ മദ്ഹബിന്റെ മൂലശിലകളിലൊന്നായി മാറുകയോ ചെയ്തിരുന്നില്ല. ഏതൊരു ദൈവിക നിയമത്തിലും മാനവിക നന്മയും താല്‍പര്യങ്ങളും സംരക്ഷിച്ചിരിക്കുമെന്ന 'അല്‍ മസ്വാലിഹുല്‍ മുര്‍സല'യുടെ ആശയപ്രപഞ്ചമാണ് മഖാസ്വിദീ പഠനങ്ങളുടെ വികാസത്തിന് വലിയൊരളവില്‍ കാരണമായതെന്നും കണ്ടെത്താവുന്നതാണ.്

ഇതിനര്‍ഥം മാലികീ മദ്ഹബിന്റെ മാത്രം സംഭാവനയാണ് ഫിഖ്ഹുല്‍ മഖാസ്വിദ് എന്നല്ല. ആ പഠനശാഖയില്‍ മാലികീ മദ്ഹബിനുള്ള പ്രാമുഖ്യം ഊന്നിപ്പറഞ്ഞുവെന്നേയുള്ളൂ. മറ്റു മൂന്ന് മദ്ഹബുകളില്‍പെട്ട ഇമാമുമാരും ശീഈ മദ്ഹബുകളിലെ പണ്ഡിതന്മാരും ഒരു മദ്ഹബിലും പെടാത്തവരുമൊക്കെ മഖാസ്വിദീ പഠനങ്ങള്‍ക്ക് തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയിട്ടുള്ളതായി ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയും. മഖാസ്വിദീ പഠനശാഖ മുസ്‌ലിം സമൂഹത്തിന്റെ പൊതു പൈതൃകമാണെന്ന് സാരം.

 

മഖാസ്വിദ് പഠനങ്ങളുടെ ചരിത്രം 

ഹകീം തിര്‍മിദി

ഹിജ്‌റ നാലാം നൂറ്റാണ്ടില്‍ ജീവിച്ച ഹകീം തിര്‍മിദിയാണ് മഖാസ്വിദ് പഠനങ്ങളുടെ ആദ്യകാല വക്താക്കളില്‍ ഒരാള്‍. അദ്ദേഹം നിയമജ്ഞന്‍ (ഫഖീഹ്/ഉസ്വൂലി) ആയിരുന്നില്ല, പേര് സൂചിപ്പിക്കുന്നതുപോലെ തത്ത്വജ്ഞാനി(ഹകീം) ആയിരുന്നു. സമുന്നത ലക്ഷ്യങ്ങള്‍ക്ക് മഖാസ്വിദ് എന്ന് പ്രയോഗിച്ച ആദ്യ പണ്ഡിതന്മാരില്‍ ഒരാള്‍ കൂടിയാണ്. അദ്ദേഹം നമസ്‌കാരത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ ശീര്‍ഷകം തന്നെ 'അസ്സ്വലാതു വ മഖാസ്വിദുഹാ' (നമസ്‌കാരവും അതിന്റെ ലക്ഷ്യങ്ങളും) എന്നാണ്. അദ്ദേഹം എഴുതുന്നു: ''ദൈവത്തെ സ്മരിക്കുമ്പോള്‍ ഹൃദയം പുതുക്കപ്പെടുകയും തരളിതമാവുകയും ചെയ്യുന്നു. ഒരാള്‍ തന്റെ ദേഹേഛകളെയാണ് സ്മരിക്കുന്നതെങ്കില്‍ അയാളുടെ ഹൃദയം കഠിനമാവുകയും വരണ്ടുണങ്ങുകയും ചെയ്യുന്നു. ഹൃദയത്തെ ഒരു മരത്തോട് ഉപമിക്കാം. മരം അതിന്റെ പച്ചപ്പും പശിമയും നിലനിര്‍ത്തുന്നത് വെള്ളം വലിച്ചെടുത്താണ്. ദേഹേഛകളെ മാത്രം പൂജിക്കുന്ന ഹൃദയം വെള്ളം തടയപ്പെട്ട മരത്തെപ്പോലെയാണ്. വെള്ളമില്ലെങ്കില്‍ മരത്തിന്റെ വേരുകളും പിന്നെ കൊമ്പുകളും വരണ്ടുണങ്ങും. ഉണങ്ങിയ കൊമ്പുകള്‍ നീ താഴേക്ക് വലിച്ചടുപ്പിച്ചാല്‍ അവ വഴക്കത്തോടെ താണുവരില്ല; അവ പൊട്ടിപ്പോകും. അത്തരമൊരു മരം ഒന്നിനും കൊള്ളില്ല, അടുപ്പില്‍ തീകൂട്ടാനല്ലാതെ. ദൈവസ്മരണയില്ലാത്ത ഹൃദയവും ഇമ്മട്ടില്‍ ഉണങ്ങി ശുഷ്‌കിച്ചുപോകും. ദൈവാജ്ഞകള്‍ക്ക് വഴങ്ങാനാവാത്ത വിധം മനുഷ്യഹൃദയം ഉണങ്ങിയ കമ്പുകള്‍ പോലെ ആയിത്തീരും. വളക്കാന്‍ ശ്രമിച്ചാല്‍ പൊട്ടിപ്പോകും. ഉണങ്ങിയ മരത്തെപ്പോലെ ഈ മനുഷ്യനെയും ഒന്നിനും കൊള്ളില്ല, നരകാഗ്നിക്ക് ഇന്ധനമാകാം എന്നല്ലാതെ.''1

ഖിബ്‌ലയെ അഭിമുഖീകരിക്കുമ്പോള്‍ നമസ്‌കാരക്കാരന്‍ മറ്റെല്ലാറ്റില്‍നിന്നും മുഖം തിരിക്കുകയാണ്, 'അല്ലാഹു അക്ബര്‍' എന്ന് പറയുമ്പോള്‍ തന്റെ അഹന്തയെ കൈവെടിയുകയാണ്, ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ദൈവവുമായി താന്‍ ചെയ്ത കരാര്‍ പുതുക്കുകയും ഓര്‍മിക്കുകയുമാണ് എന്നിങ്ങനെ നമസ്‌കാരത്തിലെ ഓരോ അനക്കത്തെയും ഒതുക്കത്തെയും അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഹകീം തിര്‍മിദി വിശദീകരിക്കുന്നുണ്ട്. ഹജ്ജിന്റെ പൊരുളുകള്‍ ഇതേ മാതൃകയില്‍ അന്വേഷിക്കുന്ന 'അല്‍ ഹജ്ജു വ അസ്‌റാറുഹു' എന്ന കൃതിയും രചിച്ചിട്ടുണ്ട്. ഇലല്‍, ഇലലുശ്ശരീഅഃ, ഇലലുല്‍ ഉബൂദിയ്യ എന്നീ വിവിധ പേരുകളില്‍ പരാമര്‍ശിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ഒരു പുസ്തകത്തില്‍നിന്നുള്ള ഉദ്ധരണികള്‍ പലരും തങ്ങളുടെ കൃതികളില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട് (ഈ പുസ്തകം കണ്ടുകിട്ടിയിട്ടില്ല). ഇസ്‌ലാമിക നിയമ സംഹിതയുടെ യുക്തിയും പൊരുളുമാണ് ഇതിലദ്ദേഹം അന്വേഷിക്കുന്നത്.

 

അബൂബക്ര്‍ ഖഫ്ഫാല്‍ അശ്ശാശി (മ. ഹി. 365)

ശാഫിഈ മദ്ഹബിലെ പ്രമുഖ ഇമാമുമാരില്‍ ഒരാളാണ്. ഖഫ്ഫാല്‍ കബീര്‍ എന്ന പേരിലും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ രണ്ട് പ്രധാന കൃതികളാണ് ഉസ്വൂലുല്‍ ഫിഖ്ഹ് (ഫിഖ്ഹ് നിര്‍ധാരണ തത്ത്വങ്ങള്‍), മഹാസിനുശ്ശരീഅഃ (ശരീഅത്തിന്റെ സൗന്ദര്യങ്ങള്‍) എന്നിവ. രണ്ടാമത് പറഞ്ഞ കൃതിയിലാണ് ഇസ്‌ലാമിക നിയമങ്ങളുടെ പൊരുളുകള്‍ ചര്‍ച്ച ചെയ്യുന്നത്. ശുദ്ധി, നമസ്‌കാരം, ജമാഅത്ത് നമസ്‌കാരം, വിവിധയിനം കച്ചവടങ്ങള്‍ തുടങ്ങി ക്രിമിനല്‍ നിയമങ്ങള്‍ വരെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഈ പുസ്തകത്തില്‍ ഓരോ ശീര്‍ഷകത്തിനും ഒടുവില്‍ നിയമത്തിന്റെ പൊരുളുകളിലേക്കും കാരണങ്ങളിലേക്കുമുള്ള ഒട്ടേറെ സൂചനകള്‍ കാണാം.

 

അല്‍ ബാഖില്ലാനി (മ. ഹി. 403)

ഹി. നാലാം നൂറ്റാണ്ടിലെ പരിഷ്‌കര്‍ത്താക്കളിലൊരാളായ ബാഖില്ലാനിയുടെ ബൃഹദ് രചനയാണ് അത്തഖ്‌രീബു വല്‍ ഇര്‍ശാദ് ഫീ തര്‍തീബി ത്വുറുഖില്‍ ഇജ്തിഹാദ്. ഫിഖ്ഹിന്റെ അടിസ്ഥാന തത്ത്വങ്ങളാണ് ഇതില്‍ പ്രതിപാദിക്കുന്നത്. ആദ്യമായി ഫിഖ്ഹീ നിര്‍ധാരണ തത്ത്വങ്ങള്‍ ആവിഷ്‌കരിച്ച ഇമാം ശാഫിഈയുടെ രീതികളെ ദൈവശാസ്ത്രവുമായി ബന്ധിപ്പിച്ച് വളരെയേറെ വികസിപ്പിച്ചിട്ടുണ്ട് ബാഖില്ലാനി.

 

ഇമാം ഗസാലി (മ.ഹി. 505)

ഇമാം ഗസാലിയുടെ മഖാസ്വിദ് പഠനങ്ങള്‍ വികസിക്കുന്നത് തന്റെ ഗുരുവായ ഇമാം ജുവൈനിയുടെ ആശയങ്ങള്‍ കേന്ദ്രീകരിച്ചാണ് (നാല് പ്രമുഖ മഖാസ്വിദ് ഇമാമുമാരില്‍ ഒരാളായ ജുവൈനി എന്ന ഇമാമുല്‍ ഹറമൈനിയെക്കുറിച്ച് പിന്നീട് വരുന്നുണ്ട്). ഗസാലിയുടെ ശിഫാഉല്‍ ഗലീല്‍, അല്‍ മുസ്ത്വസ്വ്ഫാ മിന്‍ ഇല്‍മില്‍ ഉസ്വൂല്‍ എന്നീ രണ്ട് കൃതികളിലാണ് ഈ വിഷയം കാര്യമായി ചര്‍ച്ച ചെയ്യുന്നത്. മസ്‌ലകുല്‍ മുനാസബഃ (അുുൃീുൃശമലേില ൈഅുുൃീമരവ) എന്ന സവിശേഷമായ ഒരു പഠനരീതി അദ്ദേഹം ആവിഷ്‌കരിക്കുന്നുണ്ട്. ഓരോ സന്ദര്‍ഭത്തിലും സമുചിതമായത് നിര്‍ധാരണം ചെയ്‌തെടുക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. ഇസ്തിദ്‌ലാല്‍, മസ്വ്‌ലഹ, മഖാസ്വിദ് എന്നിവയുടെ ഏകദേശം അതേ അര്‍ഥം തന്നെ.

 

ഇബ്‌നുതൈമിയ്യ (മ. ഹി. 728)

ഇസ്‌ലാമിക നിയമങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ചും പൊരുളുകളെക്കുറിച്ചും ധാരാളമായി ഉപന്യസിച്ച പണ്ഡിതനാണ് ഇബ്‌നുതൈമിയ്യയും അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യനായ ഇബ്‌നുല്‍ ഖയ്യിമും (മ. ഹി 751). ഉപദ്രവങ്ങള്‍ തടയുക, നന്മകള്‍ സ്വാംശീകരിക്കുക എന്ന അടിസ്ഥാനത്തില്‍ ഊന്നിയാണ് ഇബ്‌നുതൈമിയ്യയുടെ മഖാസ്വിദ് വിശകലനങ്ങള്‍ വികസിക്കുന്നത്. രണ്ട് തിന്മകളില്‍ ഏതെങ്കിലുമൊന്ന് ചെയ്യാന്‍ നിര്‍ബന്ധിതമാവുന്ന സാഹചര്യങ്ങളില്‍ അപകടം കുറഞ്ഞത് തെരഞ്ഞെടുക്കണം. ഇബ്‌നുല്‍ ഖയ്യിമിന്റെ ആ പ്രശസ്ത വചനങ്ങള്‍ ഇവിടെ ഓര്‍ക്കാം: ''വിവേകത്തിലും, ഇഹത്തിലും പരത്തിലുമുള്ള മനുഷ്യന്റെ ക്ഷേമത്തിലും പണിതുയര്‍ത്തപ്പെട്ടതാണ് ഇസ്‌ലാമിക ശരീഅത്ത്. അത് മുഴുവന്‍ നീതിയാണ്. അത് മുഴുവന്‍ കാരുണ്യമാണ്. അത് മുഴുവന്‍ മാനവിക താല്‍പര്യങ്ങളാണ്, വിവേകമാണ്. ഏതൊരു കാര്യം നീതിവിട്ട് അതിക്രമത്തിലേക്ക്, കാരുണ്യം വിട്ട് ക്രൂരതയിലേക്ക്, മനുഷ്യനന്മയില്‍നിന്ന് ജീര്‍ണതയിലേക്ക്, വിവേകത്തില്‍നിന്ന് അവിവേകത്തിലേക്ക് വഴിതെറ്റിയോ അവിടെ ശരീഅത്ത് അപ്രത്യക്ഷമാവുന്നു; ശരീഅത്താണെന്ന വ്യാഖ്യാനം എത്രയൊക്കെ ഉണ്ടായാലും ശരി.''2. ഏതൊരു മഖാസ്വിദ് പഠനത്തിന്റെയും പ്രമാണവാക്യമാണ് ഈ ഉദ്ധരണി.

 

ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി (മ. ഹി. 1176)

ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളെക്കുറിച്ച് നിരവധി സൂചനകളുണ്ട് ഇന്ത്യന്‍ പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ ശാഹ് വലിയ്യുല്ലാഹിയുടെ രചനകളില്‍. മുഗള ഭരണത്തിന്റെ അസ്തമയ കാലത്ത് ജീവിക്കേണ്ടിവന്ന ഈ പണ്ഡിതന്റെ രചനകളില്‍ മുസ്‌ലിം സമൂഹത്തിന്റെ ഭാവിയെക്കുറിച്ച ആകുലതകള്‍ കാണാം. സൈന്യത്തെ ശക്തിപ്പെടുത്താനും അതിര്‍ത്തികള്‍ സംരക്ഷിക്കാനും ഭരണാധികാരികളെ ഉപദേശിക്കുന്ന അദ്ദേഹം റോഡ് നിര്‍മിച്ചും നദികള്‍ക്കു മീതെ പാലങ്ങള്‍ പണിതും ജനക്ഷേമം ഉറപ്പുവരുത്തണമെന്ന് അവരെ ഉണര്‍ത്തുന്നുണ്ട്. തന്റെ മാസ്റ്റര്‍ പീസായ ഹുജ്ജത്തുല്ലാഹില്‍ ബാലിഗയില്‍ അദ്ദേഹം എഴുതുന്നു: ''ഏതൊരു നിയമവിധി നടപ്പാക്കാന്‍ തുനിയുമ്പോഴും രണ്ട് മാനദണ്ഡങ്ങള്‍ മുമ്പിലുണ്ടാവണം. ഒന്ന് ഏറ്റവും ഉയര്‍ന്നത്, മറ്റേത് ഏറ്റവും താഴ്ന്നത്. ഒന്നാമത്തേതില്‍ ലക്ഷ്യങ്ങള്‍ അവയുടെ പൂര്‍ണതയില്‍  സാക്ഷാത്കരിക്കപ്പെടുമ്പോള്‍, രണ്ടാമത്തെ മാനദണ്ഡമനുസരിച്ച് ചെയ്യുന്ന പ്രവൃത്തി എല്ലാ സാധ്യതകളും കണക്കിലെടുത്തുകൊണ്ടുള്ളതാകണം.''3

ഫിഖ്ഹ് കൂടുതല്‍ വ്യക്തികേന്ദ്രീകൃതമായി ചുരുങ്ങിക്കൊണ്ടിരുന്നപ്പോള്‍ അതിന്റെ സാമൂഹിക പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു അദ്ദേഹം. 'പൊതുജനത്തിന്റെ ഭാഷയിലാണ് ഇസ്‌ലാമിക നിയമങ്ങള്‍ അവതീര്‍ണമായിട്ടുള്ളത്'4 എന്നാണ് അദ്ദേഹമതിന് ന്യായമായി പറയുന്നത്. 'നിരക്ഷരതക്ക് മേലാണ് ശരീഅത്ത് വെക്കപ്പെട്ടിട്ടുള്ളത്' എന്ന ഇമാം ശാത്വിബി5യുടെ അഭിപ്രായത്തോട് സമാനമാണിത്. സാധാരണക്കാരിലെ നിരക്ഷരര്‍ക്കു വരെ മനസ്സിലാവുന്ന രീതിയിലാണ് ഖുര്‍ആന്‍ അവതരിച്ചിട്ടുള്ളത് എന്നും അതുകൊണ്ടാണ് നബിയുടെ കാലത്ത് ഭൂരിപക്ഷവും നിരക്ഷരരായ ഒരു സമൂഹത്തിന് അതിനെ നെഞ്ചേറ്റാന്‍ കഴിഞ്ഞതെന്നും ശാത്വിബി പറയുന്നു.

അബൂമന്‍സ്വൂര്‍ അല്‍ മാതുരീദി (മ. ഹി 333), അബൂബക്ര്‍ അല്‍ അബ്ഹരി (മ. ഹി 375), ഫഖ്‌റുദ്ദീന്‍ റാസി (മ. ഹി 606), സൈഫുദ്ദീന്‍ അല്‍ ആമദി (മ. ഹി 631), ഇബ്‌നുല്‍ ഹാജിബ് (മ. ഹി 640), അല്‍ ബൈളാവി (മ. ഹി 685), അല്‍ അസ്‌നവി (മ. ഹി 722), ഇബ്‌നുസ്സുബ്കി (മ. ഹി 772), അത്ത്വൂഫി (മ. ഹി 716), അല്‍ ഖര്‍റാഫി (മ. ഹി 684) തുടങ്ങി ഒട്ടേറെ മഹാ പണ്ഡിതന്മാര്‍ പല രൂപത്തില്‍ നിയമങ്ങളുടെ പൊരുളുകളെക്കുറിച്ച് വിസ്തരിച്ചെഴുതിയിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രത്തില്‍ എക്കാലത്തും ഫിഖ്ഹുല്‍ മഖാസ്വിദ് മുഖ്യധാരയില്‍ തന്നെ ഉണ്ടായിരുന്നു എന്നര്‍ഥം.

 

(തുടരും)

1. അല്‍ ഹകീം അത്തിര്‍മിദി-അസ്സ്വലാതു വ മഖാസ്വിദുഹാ, പേജ് 9,10

2. ഇബ്‌നുല്‍ ഖയ്യിം- ഇഅ്‌ലാമുല്‍ മുവഖിഈന്‍ 3/11

3. ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി- ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1/95

4. അതേ പുസ്തകം 1/305

5. ശാത്വിബി- അല്‍ മുവാഫഖാത്ത് 2/70

 

 

Comments

Other Post

ഹദീസ്‌

ഭൗതികാസക്തിയും ആത്മീയ തീവ്രതയും
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 47-50
എ.വൈ.ആര്‍