Prabodhanm Weekly

Pages

Search

2011 നവംബര്‍ 19

ഏത് രാമായണം?

ജമീല്‍ അഹ്മദ്

തൊള്ളായിരത്തി എണ്‍പത്തിയാറിലെ ഞായര്‍ പുലരികള്‍ രാമായണകാലമായിരുന്ന ഇന്ത്യയെ ഓര്‍ക്കുന്നുണ്ടോ?
രാവിലെ മദ്‌റസ വിട്ടാല്‍ നേരെ രാമായണത്തിലേക്ക് ഓടിപ്പോയിരുന്ന അക്കാലം എന്റെ സുഗതസ്മരണയാണ്. രാമാനന്ദ് സാഗറിന്റെ രാമായണം മെഗാസീരിയല്‍ ഇന്ത്യയിലെ ടെലിവിഷന്‍ സംസ്‌കാരത്തിന് മാത്രമല്ല; അനിമേഷന്‍, ഗ്രാഫിക്‌സ് തുടങ്ങിയ പുത്തന്‍ ടെക്‌നോളജി സിനിമകളുടെ ഇന്ത്യന്‍ വിപ്ലവത്തിന് പോലും കാരണമായി. ദശമുഖരാവണനും ഹനുമദ് സമുദ്രലംഘനവും ദിവ്യായുധങ്ങളില്‍ നിന്ന് തീ പടരുന്നതും എടുക്കുമ്പോള്‍ ഒന്നും തൊടുക്കുമ്പോള്‍ ആയിരവുമാകുന്ന ശരവേഗങ്ങളും വിസ്മയക്കണ്ണുകളോടെ ഇന്ത്യ കണ്ടുനിന്ന കാലം. അമര്‍ ചിത്രകഥയിലും അമ്പിളിയമ്മാവന്‍ മാസികയിലും വായിച്ച കഥാപാത്രങ്ങള്‍ ഉര്‍ദു കലരാത്ത ഹിന്ദി സംസാരിച്ചുകൊണ്ട് മലപ്പുറത്തെ ഫ്രൈസര്‍ഹാള്‍ ക്ലബ്ബിലെ പൊതു ടീവിയിലൂടെ എനിക്കുമുന്നില്‍ വന്നുനിന്ന കാലം. കടലാസുകിരീടം ധരിച്ച്, ഈര്‍ക്കില്‍ ധനുസ്സുകളുമായി രാമ-രാവണ യുദ്ധം കളിക്കുന്ന ഒഴിവുദിവസങ്ങള്‍ അങ്ങനെ ഞങ്ങള്‍ക്കുമുണ്ടായി.
ഇന്ത്യ മുഴുവനും ആ കളി ഏറ്റുപിടിച്ചുവെന്ന് മുതിര്‍ന്നപ്പോഴാണ് മനസ്സിലായത്. രാമന്‍ ജനിച്ച അയോധ്യ 'തര്‍ക്കഭൂമി'യാണെന്നും ഒരു സീരിയലും അതിലെ കഥയും ചില രാഷ്ട്രീയ കല്‍പനകളും ഏതാനും ഏക്കര്‍ ഭൂമിയുടെ പേരില്‍ ഇന്ത്യയില്‍ ചോരപ്പുഴ ഒഴുക്കുമെന്നും ഞങ്ങള്‍, മലപ്പുറത്തെ മാപ്പിളക്കുട്ടികള്‍ക്ക് അറിയില്ലല്ലോ. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രാമന്‍ ഗാന്ധിജിയുടെ ഖദര്‍ സഞ്ചിയില്‍ നിന്ന് സംഘ്പരിവാറിന്റെ കാവിക്കീശയിലേക്ക് കൂടുമാറി. രാമായണം വോട്ടായി മാറി. ഇതാ ഇപ്പോഴും ഇന്ത്യയിലെ സവര്‍ണ രാഷ്ട്രീയം രാമായണത്തെ വിട്ടു കളിക്കുന്നില്ല. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ദല്‍ഹി യൂനിവേഴ്‌സിറ്റിയിലെ ചരിത്രവിഭാഗത്തില്‍ ഒരു പാഠപുസ്തകവുമായി ബന്ധപ്പെട്ട് പുകഞ്ഞുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍.
എ.കെ രാമാനുജന്‍ എന്ന പ്രസിദ്ധ ഇന്ത്യന്‍ എഴുത്തുകാരന്റെ 'മുന്നൂറു രാമായണങ്ങള്‍' (Three Hundred Ramay-anas: Five Examples and Three Thoughts on Translation) എന്ന ലേഖനം പഠിപ്പിക്കുന്നതിനെതിരെ ആദ്യം രംഗത്തെത്തിയത് ബി.ജെ.പിയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പിയാണ്. സിലബസ്സില്‍ നിന്ന് അത് പിന്‍വലിക്കണമെന്ന് അവര്‍ സമരം ചെയ്തു. കേട്ടപാതി കേള്‍ക്കാത്ത പാതി, ബോര്‍ഡ് ഓഫ് സ്റ്റഡീസ് അതങ്ങ് പിന്‍വലിക്കുകയും ചെയ്തു. രാമായണത്തിന്റെ വ്യത്യസ്ത പാഠങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് സംഘ്പരിവാര്‍ ബുദ്ധിജീവികള്‍ തുടര്‍ന്ന് പ്രസ്താവിച്ചത്. മാത്രമല്ല, അല്‍പംകൂടി മുന്നോട്ടു കടന്ന് ആ ലേഖനം ഉള്‍പെട്ട 'ബഹുവിധ രാമായണങ്ങള്‍' (Many  Ramayanas) എന്ന പുസ്തകംതന്നെ പിന്‍വലിക്കണമെന്ന് അവര്‍ പ്രസാധകരായ ഓക്‌സ്ഫഡിനോട് ആവശ്യപ്പെട്ടിരിക്കുന്നു. പ്രസാധകര്‍ അത് തത്ത്വത്തില്‍ അംഗീകരിച്ചുവെന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത. സംസ്‌കൃതത്തില്‍ രചിക്കപ്പെട്ട വാല്‍മീകി രാമായണവും അതിന്റെ പദാനുപദ തര്‍ജമകളും മാത്രമേ യഥാര്‍ഥ രാമായണമായി അംഗീകരീക്കാവൂ എന്നാണ് ഹിന്ദുസംഘടനകളുടെ ഉറച്ച നിലപാട്. ആ നിലപാട് രാമായണത്തെക്കുറിച്ചും അതിന്റെ ആയിരത്തില്‍പരം കൊല്ലങ്ങള്‍ക്കുശേഷവുമുള്ള അതിജീവനത്തെക്കുറിച്ചും ചില ചിന്തകള്‍ ഉയര്‍ത്തുന്നുണ്ട്. അതാകട്ടെ ഇന്ത്യയിലെ സവര്‍ണ ബുദ്ധിജീവികള്‍ മുന്നോട്ടുവെക്കുന്ന ഏകശിലാത്മകവും രൗദ്രവുമായ വംശീയ ഹിന്ദുത്വത്തിനെതിരെ നിലക്കൊള്ളുന്നതാണ്.
മനുഷ്യ ജീവിതത്തിന്റെ ഏറ്റവും സാരവത്തായ സൂചനകളായി രാമായണം പല കോലത്തില്‍ ഇന്ത്യന്‍ വായനക്കാരില്‍ നിറഞ്ഞിരിക്കുന്നു. ഒരു ശരാശരി ഇന്ത്യക്കാരന്റെ ധാര്‍മിക സങ്കടങ്ങളാണ് ആ ബൃഹദാഖ്യാനം. ഇന്നും അതേ സങ്കടങ്ങളാണ് അവനെ വേട്ടയാടുന്നത്. രാമന്റെ അയനം (യാത്ര) എന്നത്രെ രാമായണത്തിനുള്ള ഒരര്‍ഥം. കൊള്ളക്കാരനായ കാട്ടാളനില്‍ നിന്ന് രുധിതാനുസാരി(സങ്കടത്തെ തുടരുന്നവന്‍)യായ ഋഷിയിലേക്കുള്ള വാല്‍മീകിയുടെ യാത്രയുടെ സാധൂകരണംകൂടിയാണ് രാമായണം. വിചിത്രമായ കഥാവഴികളുള്ള ഒരു എപ്പിക്. ലോകസാഹിത്യത്തിലെത്തന്നെ അപൂര്‍വ മാതൃക. ഇന്നും നൂറ്റാണ്ടുകളുടെ പഴക്കമുള്ള വിദൂര ഗ്രാമങ്ങളില്‍ വരെ രാമനും സീതയും രാമായണവുമുണ്ട് എന്ന ചരിത്രസത്യംതന്നെ ഭാരതത്തില്‍ ആ കഥക്കുള്ള സ്ഥാനവും വ്യാപനവും ശരിവെക്കുന്നു. ഓരോ നാട്ടുകാരും അത് സ്വന്തം കഥയായി പാടിയുണര്‍ത്തി. നാടന്‍പാട്ടും നാടകവും കവിതയും നോവലും സിനിമയും സീരിയലുമായി അത് ഇന്ത്യക്കാരന്റെ അനുഭവമണ്ഡലത്തില്‍ വ്യാപിച്ചുനിന്നു. ഇന്ത്യയുമായി സഹോദരബന്ധങ്ങളുണ്ടായിരുന്ന പാകിസ്താന്‍, ശ്രീലങ്ക, ടിബറ്റ്, ജാവ, ഇന്തോനേഷ്യ, ചൈന, മാലി തുടങ്ങിയ രാജ്യങ്ങളിലും രാമായണം പ്രധാന പാരമ്പര്യ കഥതന്നെയാണ്.
നമ്മുടെ നാട്ടിലെ ഗുണ്ടര്‍ട്ട് സായിപ്പിനെപ്പോലെ ഹിന്ദിഭാഷയിലെ യൂറോപ്യന്‍ പണ്ഡിതനാണ് ഫാദര്‍ കാമില്‍ ബുല്‍ക്കെ (1909 -1982). ഒരു ജെസ്യൂട്ട് മിഷനറിയായിരുന്ന അദ്ദേഹമാണ് രാമായണത്തിന്റെ ആഖ്യാനഭേദങ്ങളെക്കുറിച്ച് ആദ്യമായി അന്വേഷിക്കുന്ന ചരിത്രപണ്ഡിതനും. 'രാമകഥ - ഉല്‍പത്തിയും വികാസവും' എന്ന ഗവേഷണ പ്രബന്ധത്തിന് അലഹബാദ് യൂനിവേഴിസിറ്റി അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. വാല്‍മീകി രാമായണവുമായി ഇന്ത്യയിലെയും പരിസരങ്ങളിലെയും അനവധിയനവധി രാമായണാഖ്യാനങ്ങളിലുള്ള കനപ്പെട്ട വ്യത്യാസങ്ങള്‍ അദ്ദേഹം പുറത്തുകൊണ്ടുവന്നു. ഉദാഹരണത്തിന്, വിഭീഷണനും  ത്രിജടയും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി വാല്‍മീകി രാമായണത്തിലില്ല. എന്നാല്‍ തമിഴിലെ കമ്പരാമായണത്തില്‍ അവള്‍ വിഭീഷണ പുത്രിയാണ്. വേറെ ചില രാമായണങ്ങളില്‍ വിഭീഷണ പത്‌നിയാണ് ത്രിജട. മറ്റു ചിലതിലോ വിഭീഷണന്റെ സഹോദരിയും! സീത രാവണന്റെ മകളാണെന്ന വിവരണമുള്ള നാടന്‍ പാട്ടുകള്‍ മലയാളത്തില്‍ പോലുമുണ്ട്. തികച്ചും വ്യത്യസ്തമായ കഥാപാത്ര ബന്ധങ്ങളുള്ള രാമായണമാണ് ബുദ്ധമതത്തിലും ജൈനമതത്തിലും പ്രചാരത്തിലുള്ളത്. ഇവിടെ സ്വാഭാവികമായും ഒരു രാമായണാസ്വാദകന്റെ ചോദ്യം, ഏതാണ് യഥാര്‍ഥ രാമായണം എന്നുതന്നെയാണ്.
ഇന്ത്യയിലെന്നല്ല, ലോകത്തിലെത്തന്നെ ആദ്യ കൃതിയാണ് രാമായണം എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. ആദികവിയെന്ന് വാല്‍മീകിയെ അവര്‍ വാഴ്ത്തുന്നു. രാമന്റെ സമകാലികന്‍ തന്നെയാണ് ആദികവിയും. രാമായണത്തിലെ പ്രധാന കഥാപാത്രവുമാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വാമൊഴിയിലൂടെ പ്രചാരത്തിലുണ്ടായ രാമായണ കഥകള്‍ വാല്‍മീകി സമാഹരിച്ചെടുത്തതാണെന്ന അഭിപ്രായത്തിനാണ് ഗവേഷകര്‍ മുന്‍ഗണന നല്‍കുന്നത്. വാല്‍മീകി എഴുതിയ രാമായണം പാട്ട് രാമപുത്രന്മാരായ  ലവനും കുശനും അച്ഛന്റെ സന്നിധിയില്‍ പാടുന്നുവെന്നാണല്ലോ ഉത്തരരാമായണത്തില്‍ തന്നെയുള്ള കഥ. നാടൊട്ടുക്കും പാടിനടന്ന പാട്ടുകാര്‍ ചേര്‍ത്തും മാറ്റിയും ചുരുക്കിയും വികസിച്ച രാമായണമാണ് ഇന്ത്യയുടെ യഥാര്‍ഥ രാമായണം. ഇന്ന് ലഭ്യമായ വാല്‍മീകി രാമായണം പിന്നീട് കൂട്ടിച്ചേര്‍ത്ത പലതും ഉള്‍ക്കൊണ്ടതാണെന്ന കാര്യത്തില്‍ ബഹൂഭൂരിപക്ഷം പണ്ഡിതര്‍ക്കും അഭിപ്രായാന്തരമില്ല എന്നതും ഓര്‍ക്കുക. വാല്‍മീകീരാമായണത്തിനു തന്നെ മൂന്നു വ്യത്യസ്ത പാഠങ്ങളുണ്ട്. മറാട്ടാപാഠം ബംഗാള്‍ പാഠത്തില്‍നിന്ന് മൂന്നിലൊന്ന് വ്യത്യസ്തമാണ്. കാശ്മീര്‍ പാഠമാണ് അത്യുത്തര ഹിന്ദുസ്ഥാനില്‍ പ്രചാരത്തിലുള്ളത്.
മാത്രമല്ല വേറെയും രാമായണങ്ങളുണ്ട്. വസിഷ്ഠരാമായണം (ജ്ഞാനവാസിഷ്ഠം),  സീതാവിജയം, അത്ഭുതരാമായണം തുടങ്ങിയ രാമായണങ്ങള്‍ രചിച്ചതും വാല്‍മീകിയാണെത്രെ. അത്ഭുതരാമായണത്തില്‍ രാവണനെ കൊല്ലുന്നത് സീതയാണ്. തമിഴ്‌നാട്ടില്‍ പലയിടത്തും രാവണനെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍പോലുമുണ്ട്. വാല്‍മീകി സംസ്‌കൃത രാമായണം രചിക്കുന്നതിനുമുമ്പ് പ്രാകൃതഭാഷയില്‍ പ്രചരിക്കപ്പെട്ട നാടോടിക്കഥകളായിരുന്നു രാമായണത്തിന്റെ പൂര്‍വരൂപമെന്നും വാദമുണ്ട്. ഇവയെ മാത്രമല്ല, ഭാരതത്തിന്റെ മുക്കിലും മൂലയിലും പ്രചാരത്തിലുള്ള നൂറുകണക്കിന് രാമായണ കഥകളെ മുഴുവന്‍ താരതമ്യ പഠനത്തിന് വിധേയമാക്കുന്ന പഠനമാണ് രാമാനുജന്‍ തന്റെ പ്രബന്ധത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അതാകട്ടെ, വെറും രാമകഥയിലെ വ്യത്യസ്തതകളെ മാത്രം പഠിക്കുന്ന രചനയല്ല, മറിച്ച് പുരാണകഥാ വിവര്‍ത്തനത്തിന്റെ രീതിശാസ്ത്രം പരിശോധിക്കുന്ന ഒരു ഭാഷാശാസ്ത്ര പഠനമാണ്. അത് ഇന്ത്യയിലെ ഹിന്ദുമത വിശ്വാസത്തെ ഹനിക്കുന്നുവെന്നാണ് സംഘ്പരിവാര്‍ ആരോപിക്കുന്നത്.
രണ്ടായിരത്തിയഞ്ഞൂറ് കൊല്ലം മുമ്പ് രചിക്കപ്പെട്ട, ഇരുപത്തിനാലായിരം സംസ്‌കൃത ശ്ലോകങ്ങളുള്ള വാല്‍മീകി രാമായണം വള്ളത്തോള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാത്രമാണ്, അതും അപൂര്‍ണമായി. അതുവരെ കേരളം കണ്ടെത്തിയ നൂറുകണക്കിന് മലയാള രാമായണങ്ങളുണ്ട്. രാമചരിതവും എഴുത്തച്ഛനും മുതല്‍  കുമാരനാശാന്‍ വരെയുള്ളവര്‍ കണ്ടെത്തിയ രാമായണങ്ങളാണ് മലയാളിയുടെ സാഹിത്യസമ്പത്തിന്റെ കനപ്പെട്ട നിധികളായി കൊണ്ടാടപ്പെടുന്നത്. ഇന്ത്യന്‍ സംസ്‌കാരംപോലെ വിഭിന്നവും വിരുദ്ധവുമാണ് രാമായണപാഠങ്ങളും. സംസ്‌കാരങ്ങളുടെ ഈ സംഗമഭൂമിയില്‍ ഒരേയൊരു സവര്‍ണ സംസ്‌കാരം മാത്രം മതി എന്നു വാദിക്കുന്നതു പോലെത്തന്നെ അപകടകരമാണ് ഒരേയൊരു സംസ്‌കൃതരാമായണം മതി എന്ന് വാദിക്കുന്നതും. അതിനാല്‍ സംഘ്പരിവാര്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത് വെറുമൊരു ലേഖനത്തെയല്ല, ഇന്ത്യയുടെ മഹത്തായ ഒരു ആഖ്യാന പാരമ്പര്യത്തെയാണ്. ആ നിരോധനം പ്രാബല്യത്തിലാകുമ്പോള്‍ കമ്പറും എഴുത്തച്ഛനും മാത്രമല്ല, കുഞ്ചന്‍ നമ്പ്യാരും കുമാരനാശാനും രാമാനന്ദ് സാഗറും നിരോധിക്കപ്പെടും.
പിന്‍വാതില്‍ - കേരളത്തിലെ പരിവാര്‍ സംഘടനകള്‍ രണ്ടു ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടിയിരിക്കുന്നു.
1. കര്‍ക്കിട മാസത്തില്‍ ഹൈന്ദവ ഗൃഹങ്ങളില്‍ നിത്യപാരായണം നടത്തുന്ന അധ്യാത്മരാമായണം കിളിപ്പാട്ടും വാല്‍മീകീ രാമായണവും പല കല്‍പനകളിലും വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്.  അപ്പേരില്‍ എഴുത്തച്ഛന്റെ അധ്യാത്മരാമായണം ഉപേക്ഷിക്കാന്‍ കേരളസമൂഹത്തോട്  ആവശ്യപ്പെടുമോ?
2. കുമാരനാശാന്റെ മാസ്റ്റര്‍പീസ് രചനയായ 'ചിന്താവിഷ്ടയായ സീത' യില്‍ രാമനെ അങ്ങേയറ്റം വിമര്‍ശിക്കുന്ന ശ്ലോകങ്ങളുണ്ട്.  മലയാള സാഹിത്യ സിലബസ്സില്‍ നിന്ന് ആ കൃതി പിന്‍വലിക്കാന്‍ എ.ബി.വി.പിയെ സര്‍വകലാശാലകള്‍ക്കുമുമ്പില്‍ അണിനിരത്തുമോ?
jameelahmednk@gmail.com
9895 437056

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം